ആകെ പേജ്‌കാഴ്‌ചകള്‍

2012, ഫെബ്രുവരി 17, വെള്ളിയാഴ്ച

ശിംലയിലേക്കൊരു തീവണ്ടിയാത്ര

ഈയിടെ ശിംലയിലേക്കൊരു ഹ്രസ്വമായ യാത്ര വേണ്ടി വന്നു। അതിനെക്കുറിച്ചാണീ കുത്തിക്കുറിക്കലുകൾ. നമ്മൾ മലയാളികൾ സിംല എന്നാണ് പറയുന്നതെങ്കിലും ഹിന്ദിക്കാർ എഴുതുന്നത് വായിച്ചാൽ അത് ശിംല എന്നേ ആകൂ. അതുകൊണ്ടാണ് ഞാൻ ശിംല എന്നെഴുതിയത്.

നോയ്‌ഡയിലെ സിറ്റി സെന്ററിൽ നിന്ന് മെട്രോ ട്രെയിനിൽ കയറുമ്പോൾ അത്യാവശ്യം ചന്തി വച്ചിരിക്കാനുള്ള സീറ്റ് കിട്ടുകയുണ്ടായി. വണ്ടി അവിടെ നിന്നാണ് പുറപ്പെടുന്നത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീടങ്ങോട്ട് ഓരോ സ്റ്റേഷൻ കഴിയും തോറും വണ്ടിയിലെ തിരക്ക് ക്രമാതീതമായി കൂടിക്കൂടി വന്നു. ഒടുവിൽ മെട്രോ ട്രെയ്‌ൻ "രാജീവ് ചൗക്ക്"-ൽ എത്തുമ്പോൾ ഉള്ള വണ്ടിയിലെ തിരക്ക് അതിൽ യാത്ര ചെയ്തവർക്ക് മാത്രമേ അറിയൂ. രാജീവ് ചൗക്കിൽ ഇറങ്ങാൻ പാകത്തിൽ ഞാൻ എങ്ങനെ യൊക്കെയോ വാതിലിന്റെ അടുത്ത് വന്നു നിന്നു. ബാക്കിയൊക്കെ യാത്രക്കാർ ചെയ്തുകൊള്ളും. വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവരുടെ അവഗണനാതീതമായ തള്ളിൽ ഞാൻ തനിയേ പ്ലാറ്റ്ഫോമിലെത്തി. പിന്നീട് ചാന്ദ്നി ചൗക്കിലേക്കുള്ള മെട്രോ ട്രെയ്‌നിനായി ഞാൻ കാത്തു നിന്നു. അങ്ങനെ നിൽക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മുക്കിനായിരിക്കും ഹിന്ദിക്കാർ ചൗക്കെന്നു പറയുന്നതെന്ന് ഞാൻ ഊഹിച്ചു. " രാജീവ് ചൗക്ക് " ഒരു ജംഗ്ഷനാണ്. അപ്പോൾ ചൗക്കെന്നാൽ ജങ്ക്ഷനാകാനേ തരമുള്ളു. അതിനെയായിരിക്കും ഹിന്ദിക്കാർ അപ്പോൾ ചൗക്കെന്നു പറയുന്നത്. അമ്പലംമുക്ക്, പള്ളിമുക്ക് എന്നൊക്കെയാണല്ലോ തിരുവനന്തപുരത്തുകാർ ജംഗ്ഷന് പറയുന്നത്. അപ്പോൾ ഹിന്ദിക്കാരുടെ ചൗക്കായിരിക്കും തിരുവനന്തപുരത്തെത്തിയപ്പോൾ മുക്കായി മാറിയത്.

മുക്കും ചൗക്കും തമ്മിലുള്ള സാമ്യവും സാദൃശ്യവും ആലോചിച്ചു നിൽക്കുമ്പോൾ എനിക്ക് പോകേണ്ട വണ്ടി എത്തി. അപ്പോഴും ഞാനൊന്നും ചെയ്തില്ല. യാത്രക്കാരുടെ അവഗണിക്കാനാവാത്ത തള്ളിൽ ഞാൻ തനിയേ വണ്ടിയുടെ ഉള്ളിലെത്തി. ഇരിക്കാൻ പോയിട്ട് നേരാംവണ്ണം നിൽക്കാനുള്ള സ്ഥലം പോലും അതിനകത്തില്ലായിരുന്നു. വണ്ടി പുറപ്പെടുമ്പോൾ എന്റെ തൊട്ടു പുറകിൽ ഒരു തടിച്ച യുവതിയാണ് നിന്നിരുന്നത്. അവളുടെ വണ്ണവും വലിപ്പവും എത്രയെന്ന് ആ തിരക്കിലൂടെ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. വണ്ടിയിലാണെങ്കിൽ പൂഴി വീഴാൻ പോലും സ്ഥലമില്ല. വണ്ടിയുടെ നേരിയ ചലനം പോലും ഞങ്ങളുടെ ശരീരങ്ങളെ സ്പർശിപ്പിച്ചു കൊണ്ടിരുന്നു. ഓരോ തവണ വണ്ടി കുലുങ്ങുമ്പോഴും അവളുടെ ഉയർന്നു നിൽക്കുന്ന അമ്മിഞ്ഞകൾ എന്റെ ദേഹത്ത് അമർന്നു കൊണ്ടിരുന്നു. അപ്പോൾ കുഷ്യനിട്ട ബെഡ്ഡിൽ കയ്യമർത്തുമ്പോഴുള്ള ഒരു സുഖം ശരീരത്തിൽ എനിയ്ക്കനുഭവപ്പെട്ടു. അപ്പോൾ തന്നെ എന്റെ സദാചാരബോധവും എന്നിൽ ഓടിയെത്തി. മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും വയ്യ എന്നു പറയാറില്ലേ? അതുപോലുള്ള ഒരവസ്ഥയായിരുന്നു എനിക്കപ്പോൾ. എന്തായാലും മധുരം കയ്പിനെ തോൽപ്പിക്കുക തന്നെ ചെയ്തു. ഞാൻ കുറച്ചുകൂടി അവളോട് ചേർന്നു നിന്നു. അങ്ങനെ നിൽക്കുമ്പോൾ " അഗലാ സ്റ്റേഷൻ ചാവടി ബസാർ ഹെ " എന്ന് മെട്രോയിൽ അറിയിപ്പുണ്ടായി. ചാവടി ചൗക്ക് എന്നാണെങ്കിൽ ശ്രീകാര്യത്തെ ചാവടിമുക്കിന്റെ തനിയാവർത്തനമായേനേ ഈ സ്റ്റേഷന്റെ പേര് എന്നെന്റെ മനസ്സപ്പോൾ പറഞ്ഞു.

ചാന്ദ്നീ ചൗക്കിൽ വണ്ടിയിറങ്ങിയ ഞാൻ നേരേ പഴയ ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി. മൊബൈലിന്റെ ബാറ്ററിയിൽ ചാർജ് തീരേയില്ല. അതൊന്ന് ചാർജ് ചെയ്യണം. ഞാൻ നേരേ ഉച്ചശ്രേണീപ്രതീക്ഷാലയം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിലൂടേ നടന്നു. പ്രതീക്ഷിച്ച തിരക്ക് പ്രതീക്ഷാലയത്തിൽ കണ്ടില്ല. ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നതു പോലെ വെയ്റ്റിങ്ങ് റൂമിലെ ചാർജിങ്ങ് പോയന്റിനു ചുറ്റും ആളുകൾ മൊബൈലുമായി കൂടി നിൽക്കുന്നത് സാധാരണമാണെങ്കിലും ഇന്ന് പ്ലഗ് പോയന്റെല്ലാം വെറുതെ കിടക്കുകയായിരുന്നു. മൊബൈൽ ചാർജ് ചെയ്തുകൊണ്ട് ഞാനവിടെ ഇരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നവരെയെല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിപ്പായി.

ഞാൻ ചുറ്റും നോക്കി. മരം കോച്ചുന്ന തണുപ്പല്ലേ? എല്ലാവരും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചോ ശരീരമാസകലം മൂടിപ്പുതച്ചോ കൂനിക്കൂടി ഇരിപ്പാണ്. എല്ലാവരുടെ കയ്യിലും മൊബൈലുണ്ട്. ചിലർ സംസാരിക്കുകയാണെങ്കിൽ മറ്റു ചിലർ ചെവിയിൽ ഓരോ കുന്ത്രാണ്ടം തിരുകി വച്ച് പാട്ടു കേക്കുകയാണ്. ഒരാളിന്റെ കയ്യിലും ഒരു ബുക്കോ വാരികയോ കണ്ടില്ല. പണ്ടൊക്കെ ആണെങ്കിൽ യാത്രക്കാരുടെ കയ്യിലൊക്കെ എന്തെങ്കിലുമൊക്കെ വായിക്കാൻ കാണുമായിരുന്നു. ബുക്കിന്റെ പ്രചാരമൊക്കെ കുറഞ്ഞു വരികയാണ്. ബ്ലോഗിന്റെ കാലമല്ലേ? വായനക്കാരൊക്കെ എഴുത്തുകാർ ആയതൊകൊണ്ടായിരിക്കും ഇപ്പോൾ ആരുടെ കയ്യിലും ബുക്കൊന്നും കാണാത്തത്! പക്ഷേ, ആർക്കും ബുക്കൊന്നും ഇല്ലെന്നു പറയുന്നത് അത്രയ്ക്കങ്ങട് ശരിയല്ല. ഫെയ്‌സ്ബുക്കെന്താ ബുക്കല്ലേ? ഫെയ്‌സ്ബുക്കില്ലാത്ത ഒരു പൗരനെ കാണാനിന്നാകുമോ? അങ്ങനെ വരുമ്പോൾ ബുക്കിന്റെ പ്രചാരം കൂടുക തന്നെയാണ്; ങാ, കൂടട്ടെ.

എന്റെ കയ്യിലും ബുക്കൊന്നുമില്ലല്ലോ! കണ്ണുകൾക്ക് വിശ്രമിക്കാനോ ആശ്വസിക്കാനോ പറ്റുന്ന തരത്തിലുള്ള പെണ്മണികളെ എങ്ങും കണ്ടില്ല. പിന്നെ ഞാൻ വേറെ എന്തു ചെയ്യാനാണ്? വെയ്റ്റിങ്ങ് റൂമിലിരിക്കുന്ന ഓരോരുത്തരേയും ഞാൻ വീണ്ടും ശ്രദ്ധിച്ചു. അപ്പോൾ എന്റെ ശ്രദ്ധ ആകർഷിച്ചത് മൂക്കിൽ വിരലിട്ട് കറക്കുന്ന ഒരു വിദ്വാനെയാണ്. ആദ്യം വിരൽ മൂക്കിലിട്ട് കറക്കുകയും പിന്നീട് അത് കയ്യിലിട്ട് കറക്കുകയും വീണ്ടും വിരൽ മൂക്കിലേക്ക് കയറ്റുകയും ചെയ്യുന്ന പ്രക്രിയ അയാൾ തുടർന്നുകൊണ്ടേ ഇരുന്നു.

കൂടെ യാത്ര ചെയ്യേണ്ട സഹപ്രവർത്തകൻ എന്താണ് എത്താത്തത് എന്ന് ഞാൻ സംശയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ പുറപ്പെടാൻ വൈകിയിരിക്കുന്നു എന്നും സമയത്ത് സ്റ്റേഷനിലെത്തുമോ എന്ന് സംശയമുണ്ടെന്നും അയാൾ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. അയാൾ വന്നില്ലെങ്കിലും എനിയ്ക്ക് പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാൽ ഞാൻ വണ്ടി വരാനുള്ള സമയവും നോക്കി അവിടെ ഇരിപ്പായി. അപ്പോൾ " ആപ് കീ യാത്രാ സഫൽ, സുഖദ് ഏവം മംഗൾമയ് ഹോ " എന്ന സന്ദേശം പ്ലാറ്റ്ഫോമിലെ ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു. " സഫലയും സുഗതയും മംഗളമയിയും താങ്കളെ യാത്രയിൽ അകമ്പടി സേവിക്കട്ടെ " എന്നായിരിക്കും അതിന്റെ അർത്ഥമെന്ന് ഥോഡാ ഥോഡാ മാത്രം ഹിന്ദി അറിയാവുന്ന ഞാൻ ഊഹിച്ചു. അപ്പോഴാണ് തീവണ്ടിയിലെ 2-ടയർ എ.സി. കമ്പാർട്ട്മെന്റിൽ ആണല്ലോ യാത്ര ചെയ്യുന്നത് എന്ന കാര്യം ഞാൻ ഓർത്തത്. അവിടെ വിശാലമായ നാലു ബർത്തുകളാണ് ഉള്ളത് എന്നും എന്റെ സഹപ്രവർത്തകന് വണ്ടി കിട്ടാതെ വരികയാണെങ്കിൽ ഈ നാലു സീറ്റുകളിൽ ഞാനും എന്നെ അകമ്പടി സേവിക്കുന്ന സുഗതയും സഫലയും മംഗളമയിയും ആയിരിക്കും കിടക്കുക എന്നും ഞാനറിഞ്ഞു. ആ അറിവ് എന്റെ മനസ്സിൽ അളവില്ലാത്ത കുളിരാണ് കോരിയിട്ടത്. ആ അറിവ് എന്നെ ഹർഷോന്മാദ പുളകിതനാക്കി. അപ്പോൾ ഞാനാ രാത്രി സമയത്ത് വെയ്റ്റിങ്ങ് റൂമിലിരുന്ന് എന്തെല്ലാം പകൽക്കിനാവുകൾ കണ്ടെന്നോ!!

ഞാനും മൂന്നു യുവതികളും മാത്രമായി ഒരു രാത്രി മുഴുവൻ ഒരു കൂപ്പെയിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിച്ചപ്പോഴുണ്ടായ ഉത്സാഹം പക്ഷേ ബലൂണിലെ കാറ്റു പോകുന്ന പോലെയാണ് എന്നിൽ നിന്നും നഷ്ടമായത്. ഞാൻ പകൽക്കിനാവ് കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കുതിച്ചും കിതച്ചും എങ്ങനെയൊക്കെയോ എന്റെ സഹപ്രവർത്തകൻ സ്റ്റേഷനിലെത്തി എന്നതു തന്നെ അതിനു കാരണം.

മൊബൈലിൽ ആവശ്യത്തിനു ചാർജായപ്പോഴേക്കും ഞാനാ വെയ്റ്റിങ്ങ് റൂമിലിരുന്ന് മുഷിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ പതുക്കെ വണ്ടി വരാനുള്ള പ്ലാറ്റ്ഫോമിലേക്ക് നടന്നു. പ്ലാറ്റ്ഫോമിൽ ഒരു വണ്ടി അനാഥമായി കിടപ്പുണ്ട്. മുമ്പെപ്പോഴോ വന്നതാണ് ഡൽഹിയിൽ യാത്ര അവസാനിപ്പിച്ച ആ വണ്ടി. യാത്രക്കാർ എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു. അത് മാറ്റി ഇട്ടിട്ട് വേണം എനിയ്ക്ക് പോകാനുള്ള വണ്ടിയ്ക്ക് വരാൻ. ഒഴിഞ്ഞു കിടന്ന വണ്ടി അകലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ മുന്നിൽ ഒഴിഞ്ഞ പാളങ്ങൾ ദൃശ്യമായി. വണ്ടി വരാൻ ധാരാളം സമയമുണ്ട്. അതുകൊണ്ടായിരിക്കും പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ വലിയ തിരക്കു കണ്ടില്ല. ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഞാൻ വെറുതേ നടന്നു. റെയിൽ പാളങ്ങൾക്കിടയിൽ അങ്ങോളമിങ്ങോളം മനുഷ്യമലം കുമിഞ്ഞു കിടക്കുന്നത് ആ മങ്ങിയ വെളിച്ചത്തിലും ഞാൻ കണ്ടു. അപ്പോൾ വീശിയടിച്ച ചെറുകാറ്റിൽ മനുഷ്യമലത്തിന്റെ ദുസ്സഹമായ നാറ്റം എനിയ്ക്കനുഭവപ്പെട്ടു. ഞാൻ വേഗം വെയ്‌റ്റിങ്ങ് റൂമിലേക്കു തന്നെ വന്നിരുന്നു.

സ്റ്റേഷനുകളുടെ അടുത്ത് എത്തുമ്പോൾ തീവണ്ടിയിലെ കക്കൂസുകൾ ഉപയോഗിക്കരുത് എന്നൊരു നിർദ്ദേശം തീവണ്ടിയിൽ എഴുതി വയ്ക്കാറുണ്ടെങ്കിലും ആരും തന്നെ ആ നിർദ്ദേശം പാലിക്കാറില്ല. അതുകൊണ്ടാണല്ലോ സ്റ്റേഷൻ പരിസരം ഇങ്ങനെ വൃത്തികേടാകുന്നത് എന്നു ഞാൻ ഓർത്തു. പാളം ചാടിക്കടക്കുന്നവർ ഈ വൃത്തികേടുകൾ ചവിട്ടിയാണ് പ്ലാറ്റ്ഫോമിലെത്തുന്നത്. ആ പ്ലാറ്റ്ഫോമിലൂടെയാണ് ചെറുപ്പക്കാർ തങ്ങളുടെ വില കൂടിയ പെട്ടിയും ഉരുട്ടി നടന്നു പോകുന്നത്. ആ പെട്ടി പിന്നെ വീട്ടിലെ സ്വീകരണ മുറിയിലും എത്തും. ചുരുക്കത്തിൽ റെയില്പാളത്തിലെ വൃത്തികേടുകൾ കുറഞ്ഞ അളവിലാണെങ്കിലും വീട്ടിനകത്തു വരെ എത്തുകയാണ് എന്നോർത്തപ്പോൾ എനിക്കോക്കാനം വന്നു. ഇനി രാവിലെയാകുമ്പോൾ റെയിൽവേയിലെ കൂലിത്തൊഴിലാളി ഈ വൃത്തികേടെല്ലാം വലിയ ഹോസ് പൈപ്പിലെ വെള്ളം ചീറ്റി വൃത്തിയാക്കും. അതിനായി എത്ര വെള്ളമാണ് ചെലവാക്കുന്നതെന്ന് റെയിൽവേക്കു പോലും അറിയില്ലായിരിക്കും. പ്ലെയിനിലെപ്പോലെ ഈ വൃത്തികേടുകളെല്ലാം കക്കൂസിൽ ശേഖരിച്ച് ഒരു സ്ഥലത്ത് കളഞ്ഞിരുന്നെങ്കിൽ സ്റ്റേഷൻ പരിസരം എത്ര വൃത്തിയായി കിടന്നേനെ! ഈ വൃത്തികേടുകളെല്ലാം വിജനമായ സ്ഥലത്ത് ഒരു ബയോഗാസ് പ്ലാന്റ് സ്ഥാപിച്ച് അതിലിട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ചിരുന്നെങ്കിൽ നാടിന് വൃത്തിയും നഗരത്തിന് വെളിച്ചവും കൈ വന്നേനെ. പക്ഷേ ഇതൊക്കെ ആരോട് പറയാൻ. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്രദവും ലാഭകരവും ആകുമെങ്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ അസംസ്കൃത വസ്തുവിനു വേണ്ടി അതിന്റെ നടത്തിപ്പുകാർ നാടെങ്ങും നെട്ടോട്ടമോടാനും ഇടയായേനെ. അങ്ങനെയെങ്കിൽ മലവിസർജ്ജനം എന്ന വാക്ക് മലോത്പ്പാദനം എന്ന വാക്കിന് വഴി മാറാനും ഇടയായേനെ. ഞാനിങ്ങനെയൊകെ ചിന്തിച്ചുകൊണ്ടിരിക്കേ എനിയ്ക്ക് പോകേണ്ട വണ്ടി പ്ലാറ്റ്ഫോമിൽ വരികയും ഞാനതിൽ കേറി ഇരിക്കുകയും ചെയ്തു. അതിൽ ആളുകൾ കുറവായിരുന്നു. റിസർവ്വ് ചെയ്യാൻ ശ്രമിക്കുമ്പോൾ സീറ്റ് എല്ലാം വെയ്റ്റിങ്ങ് ലിസ്റ്റാണെങ്കിലും വണ്ടിയിലെ സീറ്റെല്ലാം ഒഴിഞ്ഞു കിടന്നു. എന്റെ കൂപ്പെയിൽ ഞാനും സഹപ്രവർത്തകനും മാത്രമേ ഉണ്ടായിരുന്നുള്ളു. സുഗതയും സുഭഗയും കൂട്ടിന് വന്നില്ലെങ്കിലും അവർ താങ്കളെ അകമ്പടി സേവിക്കട്ടെ എന്ന് റെയിൽവേ അപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സീറ്റിലിരിക്കുമ്പോൾ മൂത്രമൊഴിച്ചാലോ എന്നൊരു തോന്നൽ. ഞാൻ വണ്ടിയിലെ ടോയ്‌ലെറ്റിൽ കയറി. 2-ടയർ എ.സി ആയതുകൊണ്ടും അതിൽ അറ്റന്റന്റ് ഉള്ളതു കൊണ്ടും അത് വൃത്തിയായി കിടപ്പുണ്ട്. പക്ഷേ സാധാ 3-ടയറിലെ ടോയ്‌ലെറ്റ് ഇങ്ങനെയാവില്ല. അതിന്റെ ചുമരിലൊക്കെ നമ്മുടെ സംസ്ക്കാരം വിളിച്ചോതുന്ന തരത്തിലുള്ള ചിത്രങ്ങളും എഴുത്തുകളും കുത്തിവരകളും ഒക്കെ കാണും. അത് നാറുന്നും ഉണ്ടാകും. ആണുങ്ങൾക്ക് അതൊന്നും വലിയ കുഴപ്പമില്ല. നിന്ന് മൂത്രമൊഴിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാം. പെണ്ണുങ്ങളുടെ കാര്യമാണ് കഷ്ടം. അവർ ഈ നാറുന്ന, വൃത്തി കെട്ട ടോയ്‌ലെറ്റിലിരുന്ന് എങ്ങനെ കാര്യം സാധിക്കും? ഓരോ കമ്പാർട്ട്മെന്റിലും പെണ്ണുങ്ങൾക്ക് മാത്രമായി ഒരു ടോയ്‌ലെറ്റ് വേണമെന്ന് എന്താണീ പെണ്ണുങ്ങളൊന്നും ആവശ്യപ്പെടാത്തതാവോ? ജീവന് രക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നും ചെയ്യാത്ത റെയിൽവേയോട് ഇമ്മാതിരി നിസ്സാര ആവശ്യങ്ങൾ ചോദിക്കേണ്ടെന്ന് ഒരുപക്ഷേ അവർ തീർച്ചയാക്കിക്കാണും. ഇതെല്ലാം ആലോചിച്ചുകൊണ്ട് ഞാനെന്റെ മൂത്രസഞ്ചി കാലിയാക്കി എന്റെ ബർത്തിലേക്ക് തിരിച്ചു പോന്നു.

വണ്ടി പുറപ്പെടുമ്പോൾ റെയിൽവേ ഞങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെ ശുഭയാത്ര നേർന്നത് എന്നെ അന്ധാളിപ്പിച്ചെങ്കിലും അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളതു കൊണ്ട് ഞാൻ സമാധാനിച്ചിരുന്നു. ഇന്ത്യയിലെ തീവണ്ടികളല്ലേ? എപ്പോൾ അത് മറിയുമെന്ന് ദൈവത്തിനു പോലും അറിയില്ലല്ലോ! അതുകൊണ്ടായിരിക്കാം അവർ ഞങ്ങൾക്ക് ഞങ്ങളുടെ അവസാനത്തെ യാത്ര നേർന്നത്. ശുഭം എന്നാൽ അവസാനം എന്നല്ലാതെ മറ്റെന്താണ്? പണ്ടത്തെ സുബ്രഹ്മണ്യം സിനിമകളിൽ അത് തീരുമ്പോൾ "ശുഭം" എന്നെഴുതിക്കാണിക്കുന്നതൊരു പതിവായിരുന്നു. സിനിമ അവസാനിച്ചു എന്നാണവർ അതു കൊണ്ടുദ്ദേശിക്കുന്നത്. എന്തായാലും ശുഭത്തിന് മറ്റർത്ഥങ്ങളും ഉണ്ടെന്ന എന്റെ അറിവ് എന്നെ സമാധാനിപ്പിച്ചു. ആ സമാധാനത്തിൽ ഞാൻ വണ്ടിയിൽ കിടന്നുടങ്ങി.

വണ്ടി കാൽക്കയിലെത്തുമ്പോൾ മണി നാലു കഴിയുന്നതേ ഉള്ളു. ശിംലയിലേക്ക് വൈകാതെ ഒരു വണ്ടിയുണ്ടെന്ന വിവരം കേട്ട ഞങ്ങൾ ഉടനെ ഓരോ സാധാ ടിക്കറ്റെടുത്തു. പക്ഷേ റിസർവ്വേഷൻ ഉണ്ടെങ്കിലേ അതിനകത്ത് കയറാൻ പറ്റൂ. റിസർവ്വേഷൻ ഫുള്ളായിരുന്നെങ്കിലും 50 രൂപ വച്ച് ടിടിഇക്ക് കൊടുത്തപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അതിനകത്ത് സീറ്റ് കിട്ടി. ഞങ്ങൾക്ക് മാത്രമല്ല മറ്റു പലർക്കും ആ മാത്രയിൽ സീറ്റ് കിട്ടുകയുണ്ടായി. പണം കാണുമ്പോൾ സീറ്റുണ്ടാകുക എന്നത് റെയിൽവേയുടെ ഒരു മന്ത്രസിദ്ധിയാകാനാണിട.

കാൽക്കയിൽ നിന്ന് ശിംലയിലേക്ക് ശിവാലിക് എക്സ്പ്രസ് പുറപ്പെട്ടത് രാവിലെ അഞ്ചര മണിയ്ക്കാണ്। അതൊരു ടോയ് ട്രെയിനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. 18 പേർക്കിരിക്കാവുന്ന ചെറിയ കമ്പാർട്ട്മെന്റ്. വണ്ടിയിൽ അതുപോലത്തെ അഞ്ചെട്ട് കമ്പാർട്ട്മെന്റുകൾ കാണും. മീറ്റർ ഗേജ് ട്രെയിൻ! വണ്ടിയിൽ കയറുമ്പോൾ മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും ടോയ്‌ലെറ്റൊന്നും കണ്ടില്ല. ചെറിയ നോവലിനെ നോവലെറ്റ് എന്നു പറയുന്നതുപോലെ ചെറിയ ടോയ് ട്രെയിനിനെ ടോയ്‌ലെറ്റ് ട്രെയിനെന്നു പറയുമായിരിക്കുമെന്നും പേരിൽ ടോയ്‌ലെറ്റ് ഉള്ള സ്ഥിതിക്ക് അതിന്റെ ഉള്ളിൽ ടോയ്‌ലെറ്റ് ഉണ്ടായിരിക്കാനിടയില്ലെന്നും ഞാനൂഹിച്ചു. എന്തായാലും യാത്രക്കാരെല്ലാം യഥാസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ ചെറിയൊരു ടോയ്‌ലെറ്റ് അതിലുള്ളതായി എനിക്ക് മനസ്സിലായി.

ഹിമാലയത്തിലൂടെ കുന്നുകളും കുണ്ടുകളും താണ്ടിയാണ് വണ്ടിയുടെ പോക്ക്. പക്ഷേ പുറത്തേക്ക് നോക്കിയാൽ ഒന്നും കാണുമായിരുന്നില്ല. എങ്ങും ഇരുട്ടായിരുന്നു. രാവിലെ 7 മണി കഴിഞ്ഞേ സൂര്യനുദിക്കൂ എന്നതു തന്നെ കാരണം. രമണീയവും ആകർഷകവും ആയ പ്രകൃതിയിലൂടെ, അതൊന്നും കാണാതെയുള്ള യാത്ര, കൂരിരുട്ടത്ത് താനാഗ്രഹിച്ച സുന്ദരിയോടൊത്ത് ശയിക്കുന്നതു പോലെ ആണെന്നെനിയ്ക്ക് തോന്നി. കാണുന്നില്ലെങ്കിൽ പിന്നെ സുന്ദരിയും വിരൂപയും തമ്മിലെന്തു വ്യത്യാസം? ഇരുട്ടിലെന്ത് സൗന്ദര്യം? സൗന്ദര്യത്തേയും വൈരൂപ്യത്തേയും വേർതിരിച്ചു കാണാനുണ്ടോ ഇരുട്ടിനാവുന്നു? പുറത്തേക്ക് നോക്കിയാൽ എങ്ങും ഇരുട്ടായതിനാൽ ഞാൻ ഉറങ്ങാൻ പാകത്തിൽ സീറ്റിൽ കണ്ണടച്ചിരുന്നു. അല്ലെങ്കിലും മൂന്നാലാഴ്ച ഹിമാലയം നടന്നു കണ്ട എനിയ്ക്ക് ശിംലയിലേക്കുള്ള തീവണ്ടിയാത്രയിൽ ഉത്സാഹമൊന്നും തോന്നിയില്ല. ആ ഇരിപ്പിൽ ഞാനറിയാതെ ഉറങ്ങിപ്പോയി.

ഏതാണ്ട് പത്തരയായപ്പോൾ വണ്ടി ശിംലയിലെത്തി. അതോടു കൂടി ശിംലയിലേക്കുള്ള എന്റെ യാത്ര അവസാനിക്കുകയും ചെയ്തു. പകൽ മുഴുവൻ ഔദ്യോഗികമായ തിരക്കായിരുന്നു. രാത്രിയിൽ ഡൽഹിക്ക് തിരിച്ചു പോന്നതാവട്ടെ, എഛ്. ആർ.ടി.സി. യുടെ ആന പോലത്തെ വോൾവോ ബസ്സിലും ആയിരുന്നു.

2012, ജനുവരി 26, വ്യാഴാഴ്ച

മനുഷ്യരായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

ഹിന്ദി ഭാഷയിൽ ചിഡിയാ എന്ന വാക്കിന് പക്ഷി എന്നാണല്ലോ അർത്ഥം. അപ്പോൾ ചിഡിയാഘർ എന്ന വാക്കിന് പക്ഷിക്കൂട്, പക്ഷി സങ്കേതം എന്നൊക്കെ ആയിരിക്കും അർത്ഥം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിന്റെ അർത്ഥം മൃഗശാല എന്നാണ്. മൃഗശാലയിൽ പക്ഷികളും മൃഗങ്ങളും മാത്രമല്ല പാമ്പ്, ആമ തുടങ്ങിയ ഉരഗജീവികളും ജലജന്യജീവികളും ഒക്കെ കാണും. എന്തിന്? ചിലപ്പോൾ മൃഗശാലയിലെ മരങ്ങളിൽ വരെ അവയുടെ പേരും ചരിതങ്ങളും എഴുതി വച്ചിരിക്കും. മരങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർ വായിച്ചോട്ടെ എന്നായിരിക്കും അധികൃതർ കരുതുന്നത്. ആകപ്പാടെ നോക്കിയാൽ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങൾക്കും മൃഗശാലയിൽ സ്ഥാനമുണ്ടെന്നു ചുരുക്കം. പക്ഷികളെ മാത്രമല്ലാതെ മനുഷ്യനൊഴികെയുള്ള സകല ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതു കൊണ്ടാകും മൃഗശാലയെ സൂചിപ്പിക്കാൻ ഹിന്ദിക്കാർ ചിഡിയാഘർ എന്ന വാക്ക് ഉപയോഗിച്ചത്. ഇതു തന്നെയാണ് മലയാളത്തിന്റേയും കാര്യം. നമ്മൾ മൃഗശാല എന്നാണ് പറയുന്നതെങ്കിലും അതിനകത്ത് മയിലും വേഴാമ്പലും നീർക്കുതിരയും മലമ്പാമ്പും ആമയും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ മലയാളികൾ മൃഗം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നതും മനുഷ്യനൊഴികെയുള്ള സകലമാന ജീവജാലങ്ങളെയും ആണ്.

പക്ഷേ, ഒന്ന് നമുക്കറിയാം; ശാസ്ത്രവും ശാസ്ത്രകാരന്മാരും മനുഷ്യരെ മൃഗങ്ങളിൽ നിന്നും വേറിട്ട് കാണുന്നില്ല. ഭാഷാപണ്ഡിതർക്കുള്ള അറിവും കഴിവുമൊന്നും ശാസ്ത്രകാരന്മാർക്കില്ലല്ലോ. ശാസ്ത്രകാരന്മാർക്ക് എന്തെങ്കിലും മനസ്സിലാക്കണമെങ്കിലും വിശ്വസിക്കണമെങ്കിലും നേരിട്ടു കാണുകയോ തെളിവു കിട്ടുകയോ ഒക്കെ വേണം. കിട്ടിയ തെളിവു വച്ചു നോക്കുമ്പോൾ അവർക്ക് മനുഷ്യർ മൃഗങ്ങളെപ്പോലെയാണ്. അവർ കാണുന്നത് മൃഗവും മനുഷ്യനും തീറ്റ തിന്നുന്നതും ഇണ ചേരുന്നതും ഉറങ്ങുന്നതുമാണ്. അതുകൊണ്ടാണല്ലോ പശുവിനേയും പൂച്ചയേയും മനുഷ്യനേയും അവർ സസ്തനിയായി കണ്ട് ഒരേ വർഗ്ഗത്തിൽ പെടുത്തിയത്! ദൈവത്തെ നേരിട്ടു കാണാത്തതുകൊണ്ടും ദൈവം ഉള്ളതിനു തെളിവു കിട്ടാത്തതുകൊണ്ടും ആണല്ലോ അവർ ദൈവത്തിൽ വിശ്വസിക്കാത്തത്. എന്നു വച്ച് എല്ലാ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളാണെന്നു പറയാനുള്ള വിവരമൊന്നും എനിക്കില്ല. അങ്ങനെ വരുമ്പോൾ ശാസ്ത്രജ്ഞന്മാരിലും രണ്ടു തരക്കാരുണ്ടെന്നു വരുന്നു. പക്ഷേ അതു സാരമില്ല, അഴിമതിക്കാരിൽ വരെ രണ്ടു തരമില്ലേ? ആണ്ടിമുത്തു രാജമാരെപ്പോലെ ശരിക്കും അഴിമതി ചെയ്യുന്നവരും ചിദംബരത്തെപ്പോലെ അഴിമതി ഉദ്ദേശിക്കാത്തവരും!

പക്ഷേ ഭാഷാപണ്ഡിതർ ശാസ്ത്രജ്ഞന്മാരെപ്പോലെയല്ല! അവർക്ക് ഭാവനയുണ്ട്. കല്പനയ്ക്കുള്ള ശേഷിയുണ്ട്. സ്വപ്നം കാണാനുള്ള കഴിവുണ്ട്. നേരിട്ടു കാണാതേയും തെളിവില്ലാതെയും കാര്യങ്ങളെ കാര്യങ്ങളായിക്കാണാനുള്ള കഴിവുണ്ട്. അതുകൊണ്ടൊക്കെയാണല്ലോ അവർ മനുഷ്യരെ ഈ പക്ഷി, മൃഗം എന്നൊക്കെയുള്ള കൂട്ടത്തിൽ പെടുത്താതിരുന്നത്. അല്ലായിരുന്നെങ്കിൽ അവർ മൃഗശാലക്ക് ജീവശാല എന്നോ മനുഷ്യ-ജന്തുഘർ എന്നോ പേരു നൽകിയേനെ.

എന്തായിരിക്കാം ഭാഷാപണ്ഡിതർ മനുഷ്യരെ ഈ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ച് കാണാൻ കാരണം? ശാസ്ത്രജ്ഞന്മാർക്കില്ലാത്ത കഴിവുകൾ അവർക്കുണ്ടെന്നതു തന്നെ. മനുഷ്യന്റെ സവിശേഷമായ കഴിവുകൾ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും തെളിയിക്കാനായിട്ടില്ല. അസൂയ, കുശുമ്പ്, ആർത്തി തുടങ്ങി മനുഷ്യനു മാത്രമായി അവകാശപ്പെടാവുന്ന കഴിവുകൾ തെളിയിക്കാൻ ശാസ്ത്രജ്ഞന്മാർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ അസൂയ, കുശുമ്പ് എന്നിവ തങ്ങൾക്ക് അനുഭവവേദ്യമായതുകൊണ്ടാണല്ലോ ഭാഷാപണ്ഡിതർ ഈ മാതിരി വാക്കുകൾക്ക് ജന്മം നൽകിയത്. ഇതൊക്കെയാണ് വിശേഷബുദ്ധി എന്നറിയാവുന്ന ഭാഷാപണ്ഡിതൻ മനുഷ്യരെ എത്ര എളുപ്പത്തിലാണ് ഉരഗപക്ഷിമൃഗങ്ങളിൽ നിന്നും വേർതിരിച്ചത്. അതുകൊണ്ടല്ലേ മൃഗങ്ങൾക്ക് ബുദ്ധിയില്ലെന്നും മനുഷ്യന് വിശേഷബുദ്ധിയുണ്ടെന്നും നമ്മൾ പ്രഖ്യാപിച്ചു കളഞ്ഞത്. അസൂയ, കുശുമ്പ്, ആർത്തി, കുത്തിത്തിരിപ്പ്, ധനസമ്പാദനം, പരിസരമലിനീകരണം തുടങ്ങിയവ മനുഷ്യനു മാത്രമുള്ളതുകൊണ്ടാകാം മനുഷ്യനെ വിശേഷബുദ്ധിയുള്ളജീവിയായി പരിഗണിച്ചത് എന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നു.

മനുഷ്യൻ വിശേഷബുദ്ധിയുള്ള ജീവിയാണെന്നു വച്ച് എല്ലാ മനുഷ്യർക്കും അസൂയ, കുശുമ്പ്, കുത്തിത്തിരിപ്പ് തുടങ്ങിയ സവിശേഷതകൾ ഉണ്ടെന്ന് അർഥമാക്കിക്കളയരുത്. അവിടേയും ശാസ്ത്രജ്ഞന്മാരിലും അഴിമതിക്കാരിലും ഉള്ളതുപോലെ രണ്ടു തരമുണ്ട്. ഇമ്മാതിരി സ്വഭാവമുള്ള എന്നെപ്പോലെയുള്ളവരാണ് ഒരു കൂട്ടർ. കഴിവുള്ളവരെ കുറിച്ച് അസൂയപ്പെട്ടും മറ്റുള്ളവരിൽ കുത്തിത്തിരിപ്പു നടത്തിയും കുശുമ്പ് കാട്ടിയും ഞങ്ങൾ അങ്ങനെ ജീവിക്കുന്നു. ഇനി വേറൊരു കൂട്ടരുണ്ട്. സുകുമാർ അഴീക്കോട്, ജി. മാധവൻ നായർ, എം. പി. വീരേന്ദ്രകുമാർ തുടങ്ങി സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള ബുദ്ധിജീവികളും ധിഷണാശാലികളും ദാർശനികരും ചിന്തകന്മാരുമായ മാതൃകാവ്യക്തിത്വങ്ങളാണ് അവർ. അവരുടേയൊക്കെ ബുദ്ധിപരമായ വ്യാപാരങ്ങൾ എന്റേതിൽ നിന്നും എത്രയോ ഉന്നതമാണ്. അതുകൊണ്ട് അവരെയൊക്കെ മഹത്‌വ്യക്തിയായി ഞാൻ പരിഗണിച്ചു.

പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോട് ഒരു സ്ത്രീയെ പ്രേമിച്ചിരുന്നുവെന്നും അവരുടെ വീട്ടിൽ പോയി പെണ്ണു കണ്ടുവെന്നും കല്യാണം കഴിക്കാൻ വാക്കു കൊടുത്തുവെന്നും പിന്നീടതിൽ നിന്ന് മാറിയെന്നും പിന്നീട് അവിവാഹിതനായാണ് ജീവിച്ചതെന്നും മറ്റും. അപ്പോഴാണ് ഇതും മാതൃകാവ്യക്തികളുടെ വ്യാപാരങ്ങളിൽ പെടുമെന്ന് എനിയ്ക്ക് മനസ്സിലായത്. ശരിയാണ്, ഞാനിതൊന്നും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ഏഴാം ക്ലാസു മുതൽ ജോലിസ്ഥലം വരെ എത്രയോ പെൺകുട്ടികളെ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും 'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ‌കിടാവേ' എന്നു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അത്തരം മോഹങ്ങളെല്ലാം മെയിൻറോഡിലെ വൺവേ ട്രാഫിക്ക് പോലെ ആയിത്തീരുകയായിരുന്നു. കൊടുത്ത വാക്ക് തിരിച്ചെടുക്കാനാകാത്തതുകൊണ്ട് ഒന്നിലധികം പെണ്ണുകാണലുകളും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അവിവാഹിതനായി ജീവിച്ച് ജീവിതം രാഷ്ട്രത്തിനായി സമർപ്പിക്കാനും ആയിട്ടില്ല.

ഇനിയും പിന്നീടാണറിയുന്നത് സുകുമാർ അഴീക്കോടും വീരേന്ദ്രകുമാറും വലിയ കൂട്ടായിരുന്നുവെന്നും അവർ പിന്നീട് തെറ്റിയെന്നും പിന്നീട് സുഹൃത്തുക്കളാരൊക്കെയോ കൂടി അവരുടെ സൗഹൃദം വിളക്കിച്ചേർത്തൂ എന്നും മറ്റും. ഞാനാണെങ്കിൽ ആരോടും കൂട്ടു കൂടാനും പോയിട്ടില്ല അഥവാ തെറ്റിപ്പിരിഞ്ഞാൽ പിന്നെ വിളക്കിച്ചേർക്കാനും പോയിട്ടില്ല. അപ്പോൾ ഇമ്മാതിരി കൂട്ടം കൂടലുകളും പിന്നീടുള്ള തെറ്റിപ്പിരിയലുകളും മാതൃകാ വ്യക്തിത്വങ്ങളുടെ ഭാഗമാകാനേ തരമുള്ളു. മാത്രമോ സുകുമാർ അഴീക്കോട് മോഹൻ ലാലിനെതിരെ കേസു കൊടുത്തെന്നും പിന്നീട് അത് പിൻവലിച്ചെന്നും പത്രത്തിൽ കണ്ടു. ഇതൊക്കെയായപ്പോൾ മഹാത്മാക്കൾ എങ്ങനെയിരിക്കും എന്നൊരു ധാരണ എന്നിലുണ്ടായിക്കഴിഞ്ഞിരുന്നു.

പിന്നീടാണ് ജി. മാധവൻ നായർക്കെതിരെ ഗവണ്മെന്റ് നടപടിയെടുത്ത വാർത്ത പത്രത്തിൽ വന്നത്. കെ. ജി. ബാലകൃഷ്ണനെപ്പോലെയുള്ളവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത ഗവണ്മെന്റ് മാധവൻ നായർക്കെതിരെ നടപടി എടുത്തത് തികച്ചു ഔചിത്യം തന്നെ. അതെന്തായാലും അപ്പോൾ അദ്ദേഹത്തിന്റെ രോഷം മുഴുവൻ രാധാകൃഷ്ണനോടായിരുന്നു. രാധാകൃഷ്ണന്റെ രഹസ്യ അജണ്ടയാണ് ഈ നടപടിയെന്നും രാധാകൃഷ്ണന് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു കളഞ്ഞു. ഇതേ മാധവൻ നായരാണ് രാധാകൃഷ്ണന് തന്റെ ചെങ്കോലും കിരീടവും കൈമാറിയത് എന്നതും നമുക്കറിയാം. അപ്പോൾ അദ്ദേഹത്തിനും ഉണ്ടായിരുന്നുവോ രഹസ്യ അജണ്ട? തന്റെ പിൻഗാമിക്ക് സാറ്റലൈറ്റും ട്രാൻസ്പോണ്ടറും അറിയില്ലെന്നും ഐ എസ് ആർ ഓ കുളം തോണ്ടാൻ അങ്ങനത്തെ ആളെ ഏൽപ്പിക്കുന്നത് ആണ് തന്റെ മഹത്വം നില നിർത്താൻ നല്ലത് എന്നും അദ്ദേഹം വിശ്വസിച്ചിരിക്കാം എന്ന് ഞാൻ കരുതിയാൽ അതെന്റെ കുശുമ്പും കുത്തിത്തിരിപ്പും ആയേ സമൂഹം കണക്കാക്കൂ എന്നെനിക്കറിയാം. പക്ഷേ പാവം രാധാകൃഷ്ണൻ, സമൂഹത്തിന്റെ മുന്നിൽ അദ്ദേഹത്തിന്റെ ഇമേജാണ് പോയത്. ടെക്‌നോളജി അറിയാത്ത ചെയർമാൻ. ചിന്തകന്മാരും ബുദ്ധിശാലികളും എങ്ങനെയിരിക്കും എന്ന് അങ്ങനെ മാധവൻ നായർ നമുക്കു കാട്ടിത്തന്നു. പത്മഭൂഷണും പത്മവിഭൂഷണും കിട്ടിയ, ഇന്ത്യക്ക് വേണ്ടി സ്വന്തമായി വിമാനം ഡിസൈൻ ചെയ്ത് ഭാരതരത്നം വരെ വാങ്ങാമായിരുന്ന മാധവൻ നായരെപ്പോലെ ഉള്ളവർ ഇങ്ങനെയൊക്കെ പറയുമ്പോൾ തീർച്ചയായും അവർ സമൂഹത്തിന് അനുകരണീയര് തന്നെ. വെറുതെയല്ല ഈ കാലത്തിനെ കലികാലം എന്നു പറയുന്നത്.

മനുഷ്യന്മാരായാൽ ഇങ്ങനെയൊക്കെത്തന്നെ വേണം. വിശേഷബുദ്ധി എന്നു പറഞ്ഞ് മനുഷ്യനെ പക്ഷിമൃഗാദികളിൽ നിന്ന് വേർതിരിച്ചവർക്ക് നമോവാകം.

2011, ഒക്ടോബര്‍ 24, തിങ്കളാഴ്ച

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം!!!!!!!!

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന മന്ത്രിയുടെ പ്രസ്താവന ദീപിക ഡോട്ട് കോമിൽ വായിച്ചപ്പോൾ പത്രക്കാർക്ക് തെറ്റിയതാകും എന്നാണ് ഞാൻ കരുതിയത്. സംശയ നിവാരണത്തിനായി ഞാൻ ഉടൻ തന്നെ മനോരമ ഓൺലൈനിൽ പ്രസ്തുത വാർത്തയ്ക്കായി പരതി. എനിയ്ക്ക് തെറ്റിയില്ല; പ്രസ്തുതവാർത്ത അവിടേയും ഉണ്ടായിരുന്നു. എനിയ്ക്കു മാത്രമല്ല, ദീപിക ഡോട്ട് കോമിനും തെറ്റിയില്ല; അവരും വാർത്ത ശരിയായിത്തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെ കർശനമായി ശിക്ഷിക്കാൻ തന്നെയാണ് ഗവണ്മെന്റിന്റെ പുറപ്പാട്. രണ്ട് വാർത്തകളും ഞാനിവിടെ കൊടുക്കുന്നുണ്ട്. മാതൃഭൂമിയിലും കണ്ടു ഈ വാർത്ത പിന്നീട്.


ശിക്ഷിക്കാനുദ്ദേശിക്കുന്നത് എന്നെപ്പോലെയുള്ള ചുരുക്കം ചിലരെ ആയിരിക്കും എന്ന് വാർത്ത കണ്ടപ്പഴേ എനിയ്ക്ക് മനസ്സിലായി. കാരണം എന്തെന്നല്ലേ? പറയാം.

ഞാൻ മിക്കവാറും നടക്കുകയാണ് പതിവ്. ബസ്സിന് പൈസ കൊടുക്കാനില്ലാഞ്ഞിട്ടല്ല; നടന്നാണ് ചെറുപ്പത്തിൽ ശീലിച്ചിട്ടുള്ളത്; അതു തന്നെ കാരണം. മുമ്പ് കുറേ കാലം ഒരു സ്കൂട്ടറുണ്ടായിരുന്നു; ഇപ്പോൾ കാറാണ്; എന്നാലും യാത്ര ഒറ്റയ്ക്കാണെങ്കിൽ, ദൂരം കുറച്ച് കിലോമീറ്ററേ ഉള്ളുവെങ്കിൽ കാൽനട തന്നെയാണ് ഇപ്പോഴും പത്ഥ്യം; ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ? അങ്ങനെ കാൽനടയായി പോകുമ്പോൾ ഭൂമിയ്ക്ക് ഹിതമായാണ്, പ്രകൃതിക്ക് അനുസൃതമായാണ് ഞാൻ ജീവിക്കുന്നത് എന്ന ഒരു ധാരണ എനിയ്ക്ക് ഉണ്ടാകും. ആ ധാരണ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ധാരണയാണ്. വളരെയധികം തൃപ്തി തരുന്ന ഒരു ധാരണ. ആളുകൾ എന്നെ പിശുക്കൻ, ദരിദ്രവാസി എന്നൊക്കെ വിളിക്കുന്നുണ്ടാകാം. വിളിക്കട്ടെ, ഭാര്യയ്ക്കും വീട്ടുകാർക്കുമൊക്കെ അതൊരു കുറച്ചിലാണെങ്കിലും ഞാനതൊന്നും അത്ര കാര്യമാക്കാറില്ല. പൊള്ളുന്ന വെയിലിൽ വിയർത്തൊലിച്ച് അങ്ങനെ നടക്കുമ്പോൾ ചിലപ്പോൾ തോന്നും വഴിയിലെ പീടികയിൽ നിന്ന് കുറച്ച് വെള്ളം വാങ്ങി കുടിച്ചാലോ എന്ന്. കൊക്കോകോള, പാക്കേജ്‌ഡ് ഡ്രിങ്കിങ്ങ് വാട്ടർ എന്നൊക്കെയുള്ള ആധുനികന്മാരോട് വലിയ പ്രതിപത്തി ഇല്ലാത്തതുകൊണ്ട് പിന്നെത്തോന്നും വെള്ളം വേണ്ട, രണ്ട് പഴമാകട്ടെ എന്ന്. അങ്ങനെ അടുത്ത് കണ്ട കടയിൽ നിന്ന് ഒരു നേന്ത്രപ്പഴമോ രണ്ട് പച്ചപ്പഴമോ വാങ്ങിത്തിന്നു കഴിയുമ്പോൾ തീർച്ചയായും എന്റെ കയ്യിൽ അതിന്റെ തൊലി ബാക്കിയാകും.

നോക്കൂ, ഞാൻ പീടികയിൽ കയറിയത് പഴം തിന്നാനല്ലേ? വിശപ്പ് അല്ലെങ്കിൽ ദാഹം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ലക്ഷ്യമേ എനിക്കപ്പോഴുള്ളു. അല്ലാതെ പഴത്തൊലി എന്തു ചെയ്യണം എന്നത് എന്റെ ലക്ഷ്യമേ അല്ലായിരിക്കും. അപ്പോൾ ഞാൻ എന്തു ചെയ്യും? പഴത്തൊലി ലക്ഷ്യമില്ലാതെ, മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ അലക്ഷ്യമായി, അവിടെ റോഡിനടുത്തെവിടെയെങ്കിലും ഇടും. കൂടുതൽ പറയണോ, പഴത്തൊലി മാലിന്യമാണ്, റോഡ് പൊതുസ്ഥലമാണ്, ഞാൻ ചെയ്തത് മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് നിക്ഷേപിക്കലുമാണ്. ഇനി കൂടുതലെന്തു വേണം? നിയമം നടപ്പാക്കുകയേ വേണ്ടൂ. അടുത്ത ദിവസം പത്രത്തിൽ വാർത്ത വരും; മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് ആൾരൂപനെതിരെ നടപടി എടുത്തിരിക്കുന്നു എന്ന്. എങ്ങനെയുണ്ട്? ഇതുപോലെയുള്ള സദാചാരവിരുദ്ധന്മാർ വേറേയും കാണാതിരിക്കില്ലല്ലോ? അവരുടെയും ഗതി എന്റേതു തന്നെ!

ഇനി വേറേ ചില കൂട്ടരുണ്ട്. അവർ കോഴിയെ കൊന്ന് അതിന്റെ തൂവലും പൂടയും കാലും മറ്റും മറ്റും ഒരു ചാക്കിൽ കെട്ടും. പലപ്പോഴും പ്ലാസ്റ്റിക് കവറാകാനും മതി. പ്ലാസ്റ്റിക് കവറല്ലേ ഇപ്പോൾ എല്ലാവർക്കും പത്ഥ്യം? ഇനി ഇപ്പോൾ ചാക്കിനകത്ത് കോഴിയുടെ അവശിഷ്ടങ്ങൾ തന്നെ ആവണമെന്നില്ല. ചിലപ്പോൾ വീട്ടിലെ അടുക്കളയിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ നാറുന്ന അവശിഷ്ടങ്ങളാകാം, സൗകര്യം പ്രദാനം ചെയ്ത ശേഷം ഉപയോഗശൂന്യമായിത്തീർന്ന സാനിറ്ററി നാപ്കിനാകാം, വീട്ടിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാകാം, മാടുകളെ അറുത്ത കടയിലെ അവശിഷ്ടങ്ങളാകാം, അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലുമാകാം. ഈ വിദ്വാന്മാർ എന്തു ചെയ്യുമെന്നോ? അവർ ഈ അവശിഷ്ടങ്ങളെല്ലാം പൊതിഞ്ഞു കെട്ടി കയ്യിൽ വച്ച് സ്കൂട്ടറിലോ കാറിലോ മറ്റോ പുറപ്പെടും. പുറപ്പെടുമ്പോൾ അവർക്ക് വ്യക്തമായ ലക്ഷ്യമുണ്ട്; എവിടേയ്ക്കാണ് പോകുന്നതെന്ന്! എന്തിനാണ് പോകുന്നതെന്ന്! ആർക്കും പറയാനാകില്ല അവർ ലക്ഷ്യമില്ലാത്തവരാണെന്നോ അലക്ഷ്യമായി പോകുകയാണെന്നോ.

ഊഹിക്കാവുന്നതേയുള്ളു അവർ എവിടേക്കാണ് പോകുന്നതെന്ന്. ഭാരതപ്പുഴ ആയിരിക്കും അവരുടെ ലക്ഷ്യം. ഭംഗിയുള്ള കുറ്റിപ്പുറം പാലം, അതല്ലെങ്കിൽ തിരൂരിലെ താഴേപ്പാലം, ഇനി അതുമല്ലെങ്കിൽ അതുപോലെ മറ്റൊരു പാലം.... പാലത്തിനാണോ നാട്ടിൽ പഞ്ഞം? പാലത്തിനടിയിൽ ഒരു പുഴയും പുഴയിൽ അല്പം വെള്ളവും ഉണ്ടാകണമെന്നേ ഇവർക്കൊക്കെ ഒരു ശാഠ്യം ഉണ്ടാവുള്ളു. അതിനവരെ കുറ്റം പറയണ്ട കാര്യമൊട്ടില്ല താനും. എന്നിട്ടോ? പാലത്തിന്റെ ഒത്ത നടുക്കെത്തുമ്പോൾ ഈ ചാക്കെടുത്ത് ഒരൊറ്റ ഏറാണ്; പുഴയിലേയ്ക്ക്. സ്വസ്തം; സുഖം... നമ്മുടെ വീടും പരിസരവും അതല്ലെങ്കിൽ കടയും പരിസരവും തികച്ചും ശുചികരം.. പുഴയിലെ ചാക്കിനെ കുറിച്ച് വേവലാതിപ്പെടാനൊന്നുമില്ല. അതങ്ങ് ഒലിച്ചു പോയിക്കോളും. അല്ലെങ്കിലും എത്ര ശവങ്ങളാ ഈ പുഴയിലൊക്കെ പൊന്തുന്നത്. അതാലോചിക്കുമ്പോൾ ഈ ചാക്കൊന്നും അത്ര സാരമുള്ളതല്ല. ഇതിന് മന്ത്രിയെയോ പോലീസിനേയോ നിയമത്തേയോ ഒട്ടു പേടിക്കുകയും വേണ്ട. കാരണം അലക്ഷ്യമായിട്ടല്ലല്ലോ ഈ മാലിന്യക്കൂമ്പാരം പുഴയിലേക്കെറിഞ്ഞത്. ലക്ഷ്യം തെറ്റാതെയാണ്, തികഞ്ഞ ബോദ്ധ്യത്തോടെയാണ് അത് പുഴയിലേക്കിട്ടിട്ടുള്ളത്. പിന്നെ ആരെ എന്തിന് പേടിക്കണം. അലക്ഷ്യമായി ഇടുമ്പോഴല്ലേ നിയമത്തേയും മന്ത്രിയേയും പേടിക്കേണ്ടതുള്ളൂ? മന്ത്രിക്കും അറിയാം ഇതൊക്കെ നമ്മുടെ വോട്ടർമാരാണെന്നും അവർ ഇതൊക്കെ പുഴയിലേക്കിടുന്നത് അലക്ഷ്യമായിട്ടല്ലെന്നും. നമ്മുടെ നാട്ടുകാരെ നോക്കേണ്ടത് മന്ത്രിയുടേ കൂടി ഉത്തരവാദിത്തമല്ലേ? അപ്പോൾ നമുക്ക് പേടിക്കാനൊന്നുമില്ല. ഇനി അഥവാ പോലീസിനും മന്ത്രിക്കും വല്ലവരേയും പിടിക്കണമെന്നുണ്ടെങ്കിൽ അവർ അവിടെ പുഴക്കരയിൽ നിൽക്കട്ടെ; പാലത്തിന്മേലൂടെ പഴം തിന്ന് നടന്ന് അലക്ഷ്യവും അശ്രദ്ധവുമായി തൊലി താഴേക്കിടുമ്പോൾ പുഴയിൽ വീഴുന്ന നേരത്ത് അവർക്ക് നിയമം പ്രയോഗിക്കാൻ കുറച്ച് ആൾരൂപന്മാരെ കിട്ടാതിരിക്കില്ല, തീർച്ച.

ഗവണ്മെന്റായാൽ ഇങ്ങനെത്തന്നെ വേണം. മാലിന്യങ്ങൾ മന:പൂർവ്വം വലിച്ചെറിയുന്നതൊന്നും ഒരു പ്രശ്നമല്ല. അലക്ഷ്യമായി വലിച്ചെറിയുമ്പോഴേ അതൊരു സാമൂഹികപ്രശ്നം ആകുന്നുള്ളു. അത്തരക്കാരെ നമ്മൾ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. എന്തൊരാശ്വാസം!

2011, ഒക്ടോബര്‍ 9, ഞായറാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 24

ബസ് കാളിനദിയുടെ കരയിലൂടെ ഓടിക്കൊണ്ടിരുന്നു. കുറേ ഓടിയപ്പോൾ ഐ.ടി.ബി.പിക്കാർ ഞങ്ങളെ മൈത്രിയിലെ അവരുടെ ക്യാമ്പിലേയ്ക്ക് ആനയിച്ചു. അവിടെ പതിവു പോലെ വിഭവസമൃദ്ധമായ ചായ കിട്ടി. ചായ കുടിയ്ക്കുമ്പോൾ അവർ അവിടെ ഒരു വീഡിയോ പ്രദർശിപ്പിച്ചിരുന്നു. അത് ഞങ്ങളുടെ യാത്രയിൽ പലയിടത്തും വച്ച് അവർ റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. കൂടെയുള്ള പലരും അതിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മുഖമൊന്നും ഞാനതിൽ കണ്ടില്ല. അവർ വീഡിയോ എടുത്ത കാര്യം തന്നെ അത് കണ്ടപ്പോഴാണ് ഞാനറിഞ്ഞത്. പിന്നീട് യാത്രയിലെ അനുഭവങ്ങളും ഞങ്ങളുടെ നിർദ്ദേശങ്ങളും മറ്റും എഴുതി അറിയിക്കാൻ കുറേ പേപ്പറുകൾ (ഫീഡ്ബാക്ക് ഫോം) തന്നു. എല്ലാവരും എന്തൊക്കെയോ എഴുതിക്കൊടുത്തു. ഞാനും. പലരും അവരുടെ അനുഭവങ്ങൾ പ്രസംഗരൂപേണ അവിടെ അവതരിപ്പിച്ചു. കൈലാസത്തിലേക്ക് പോകുമ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോ ഞങ്ങൾ ഓരോരുത്തർക്കായി അവർ തന്നു. ആ ഗ്രൂപ്പ് ഫോട്ടോ ഇവിടെ കൊടുക്കുന്നുണ്ട്.

2011-ലെ കൈലാസമാനസസരോവർ യാത്രയിലെ ആറാമത്തെ ബാച്ച് (അവലംബം: ഐടിബിപി)

മൈത്രിയിൽ വച്ച് ഞങ്ങളുടെ ഗ്രൂപ്പിന്റെ വകയായി കുറച്ചു പണം ഗ്രൂപ്പ് ലീഡർ ഐടിബിപിക്കാർക്ക് നൽകി. അതിന്റെ യുക്തി എനിയ്ക്കൊട്ടും മനസ്സിലായില്ല. ആരോടു ചോദിച്ചിട്ടാണാവോ അവരങ്ങനെ ചെയ്തത്? സത്യത്തിൽ ഈ പണം കൊടുക്കേണ്ടിയിരുന്നത് കാത്ഗോഡം മുതൽ ധാർച്ചുല വരെയും തിരിച്ചും ഞങ്ങളുടെ ബസ്സോടിച്ച ഡ്രൈവർമാർക്കായിരുന്നു. അപകടമായ വഴികളിലൂടേ ബസ്സോടിച്ച് യാതൊരപകടവും കൂടാതെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ച അവരായിരുന്നു ആ പണത്തിന് കൂടുതൽ അർഹർ. അത് ഞാൻ ഒരു നേതാവിനോട് പറഞ്ഞിരുന്നതും ആണ്.

യാത്ര വീണ്ടും തുടർന്നു. ബസ് പല സ്ഥലത്തും യാത്രക്കരുടെ സൗകര്യാർത്ഥം നിർത്തി ഇട്ടു എന്നല്ലാതെ അപ്പോഴത്തെ കാര്യങ്ങളൊന്നും ഇപ്പോൾ എന്റെ ഓർമ്മയിൽ ഇല്ല. പിന്നീട് മണിക്കൂറുകളോളം യാത്ര ചെയ്ത് ബസ് പാതളഭുവനേശ്വർ എന്നു പേരുള്ള സ്ഥലത്ത് എത്തിച്ചേർന്നു. ഈ സ്ഥലത്ത് അതിപുരാതനമായ ഒരു ഗുഹാക്ഷേത്രമുണ്ട്. പുരാവസ്തുവകുപ്പിന്റെ പ്രത്യേകസംരക്ഷണയിലാണ് ഈ ഗുഹ ഇപ്പോൾ. ഹൈന്ദവപുരാണങ്ങളിൽ അഗാധമായ വിശ്വാസവും ഭക്തിയും ഉള്ളവർ അവശ്യം കണ്ടിരിക്കേണ്ടതാണ് ഈ ഗുഹ. ശേഷനാഗം, ബ്രഹ്മാവിന്റെ അരയന്നം, ഐരാവതം, ശിവന്റെ ജട, വിശ്വകർമ്മാവ്, കല്പവൃക്ഷം, സപ്തർഷി മണ്ഡലം എന്നിങ്ങനെ പലതും അവിടത്തെ പൂജാരി ഗുഹയിലെ പാറയിൽ നമ്മൾക്ക് കാണിച്ചു തരും. ഭക്തിയും വിശ്വാസവും ഉള്ളവർക്ക് അതെല്ലാം തൊഴുത് നമസ്കരിച്ച് അനുഗൃഹീതരാകാം. അല്ലാത്തവർക്ക് അതെല്ലാം കണ്ടു രസിക്കുകയും ആകാം.

റോഡിൽ നിന്നും ഏതാണ്ട് അരകിലോമീറ്റർ അകലെയാണ് ഈ ഗുഹാമുഖം. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു സംക്ഷിപ്തവിവരണം ഗുഹയ്ക്ക് പുറത്ത് ചുമരിൽ എഴുതി വച്ചിട്ടുണ്ട്. അതിങ്ങനെയാണ്. ത്രേതായുഗത്തിൽ ഋതുപർണ്ണനും ദ്വാപരയുഗത്തിൽ പാണ്ഡവരും കലിയുഗത്തിൽ നമ്മുടെ സാക്ഷാൽ ശങ്കരാചാര്യരും ഇവിടെ പൂജിച്ചു. ശങ്കരാചാര്യർ ആണത്രെ അന്നത്തെ ചന്ദ്രരാജവംശത്തിന് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരം നൽകിയത്. അതെന്തായാലും ശങ്കരാചാര്യർ കണ്ടു പിടിച്ചതുകൊണ്ടായിരിക്കാം ഈ ഗുഹയ്ക്ക് മലയാളത്തിലേതെന്ന പോലെ തോന്നുന്ന പാതാളഭുവനേശ്വരം എന്ന പേർ വന്നത്. പാതാളത്തിലേക്കിറങ്ങുന്ന ഒരു പ്രതീതിയായിരിയ്ക്കും പലർക്കും ഇതിലേക്കിറങ്ങുമ്പോൾ തോന്നുക. ഭണ്ഡാരിയാണ് ഇവിടത്തെ പൂജാരി. പാതാൾ ഭുവനേശ്വർ റജി. നം. 217/89-90, ഭുവനേശ്വർ ബി. ഒ. പിൻ-262522 എന്ന് ക്ഷേത്രത്തിന് പുറത്തെവിടെയോ എഴുതി വച്ചതു കാണാം.

ഗതാഗതത്തിന് യാതൊരു സൗകര്യവുമില്ലാത്ത നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ ശങ്കരാചാര്യർ ഇവിടെ എത്തി എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണാവോ അദ്ദേഹം ഈ ഗുഹ കണ്ടു പിടിച്ചത്. വെറുതെയല്ല പലരും അദ്ദേഹത്തെ ദൈവത്തിന്റെ അംശമായിക്കാണുന്നത്. അദ്ദേഹം ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ കോടാനുകോടി ജനങ്ങൾ അദ്ദേഹത്തിന്റെ കാലടികൾ വന്നിച്ചേനെ. ദേവത്വത്തിൽ ഉള്ള അദ്ദേഹത്തിന്റെ റെയ്ഞ്ച് കാണുമ്പോൾ ഇന്നത്തെ ആൾദൈവങ്ങൾ ഒന്നുമേ അല്ലെന്ന് എനിയ്ക്ക് തോന്നി. അല്ലെങ്കിലും പണ്ടുള്ളവരുടെ റെയ്ഞ്ചൊന്നും ഇന്നുള്ളവർക്കില്ല. വള്ളത്തോളും മറ്റും ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ എത്രയെത്ര അവാർഡുകൾ വാരിക്കൂട്ടിയേനേ? ഒരു പക്ഷേ വള്ളത്തോൾ അവാർഡ് വരെ അദ്ദേഹം നേടിയെടുത്തേനെ.

ഞങ്ങൾ അവിടെ എത്തുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഗുഹയ്ക്കകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല. മൊബൈൽ ഫോൺ, ഷൂസ് എന്നിവ ക്ഷേത്രത്തിനു പുറത്ത് വച്ച് ഞങ്ങൾ ഓരോരുത്തരായി ഗുഹയിലേക്കിറങ്ങി. ഇരുന്നും കുനിഞ്ഞും കിടന്നും മറ്റും വേണം ഗുഹയിൽ താഴോട്ടിറങ്ങാൻ. ഭൂരിപക്ഷം ആളുകൾക്കും ഈ ഇറക്കം അത്യന്തം ശ്രമകരമാണ്; പ്രത്യേകിച്ച് തടിയും വണ്ണവും ഉള്ളവർക്ക്. മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ എനിയ്ക്കീ ഇറക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. പക്ഷേ എപ്പോഴും വെള്ളത്തിന്റെ ഉറവയുള്ളതിനാൽ വല്ലാത്ത വഴുക്കൽ അനുഭവപ്പെട്ടു. വളരെ സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ വഴുതി വീണ് കയ്യും കാലും ഒടിയും തീർച്ച. പാറയിൽ ഇരുന്ന് നിരങ്ങിയിറങ്ങിയതിന്നാൽ താഴെ എത്തുമ്പോൾ വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു കഴിഞ്ഞിരുന്നു.

പത്തുനൂറടി താഴോട്ടിറങ്ങുമ്പോഴേ ഗുഹയുടെ അടിത്തട്ടിലെത്തൂ. ഞാൻ ഗുഹയിലേക്കിറങ്ങുമ്പോൾ എന്റെ തൊട്ടു പുറകിൽ തടിച്ച ഒരു സ്ത്രീ ആയിരുന്നു ഉള്ളത്. അവർ ഗുഹയിലേക്കിറങ്ങാൻ അത്യന്തം കഷ്ടപ്പെടുന്നതായി എനിയ്ക്ക് മനസ്സിലായി. പലപ്പോഴും അവരുടെ കാൽ നിലത്തുറയ്ക്കുന്നില്ലെന്ന് എനിയ്ക്ക് തോന്നി. ഇറങ്ങാൻ പെടുന്ന അവരുടെ പാട് കണ്ടപ്പോൾ ഞാൻ എന്റെ കൈ നീട്ടി. കോൺഗ്രസ്സുകാർ പറയുന്ന പോലെ ഒരു 'കൈ' സഹായിക്കാൻ. അവർ അപ്പോൾ “രണ്ടു കയ്യും നീട്ടി” എന്റെ സഹായഹസ്തം സ്വീകരിച്ചു. പിന്നീടങ്ങോട്ട് അവരുടെ ഓരോ ചുവടും എന്റെ കൈകളിലൂടെയായിരുന്നു. അവരുടെ ഹാൻഡ്ബാഗും എന്റെ കയ്യിൽ അവർ തന്നു.

മുന്നോട്ട് നോക്കി താഴെ ചവിട്ടി നിന്നും പുറകോട്ട് നോക്കി അവരുടെ കൈ പിടിച്ചും ഞാൻ പതുക്കെ പതുക്കെ ഗുഹയിലേക്കിറങ്ങി. എന്നിട്ടും അവർക്ക് പലപ്പോഴും അടി തെറ്റുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഞാൻ നൽകുന്ന ഒരു 'കൈ' സഹായത്തിനിടയിൽ ഞാൻ അറിയാതെ എന്റെ കൈ അവരുടെ അമ്മിഞ്ഞയിൽ അമർന്നു. അത് മനപ്പൂർവ്വം അല്ലെന്ന് അവർക്ക് മനസ്സിലായതുകൊണ്ടായിരിക്കാം അവരുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. അതോ ഗുഹയിലെ വെളിച്ചക്കുറവിൽ ആ ഭാവവ്യത്യാസം ഞാൻ കാണാതെ പോയതായിരിക്കുമോ? എന്തായാലും എനിയ്ക്കത് ഒരു കുറച്ചിലായി അനുഭവപ്പെട്ടു. ഭാഗ്യത്തിനു വീണ്ടും താഴോട്ട് നോക്കുമ്പോൾ ഞാൻ ഗുഹയുടെ താഴെ എത്താറായിരുന്നു. അവിടെ താഴോട്ടിറങ്ങുന്നവരെ കൈ പിടിച്ചിറക്കാൻ മുമ്പേ എത്തിയവർ തയ്യാറായി നിൽപ്പും ഉണ്ടായിരുന്നു. അവരിലൊരാൾക്ക് ഞാനെന്റെ കയ്യും കയ്യിലെ ഹാൻഡ്ബാഗും കൊടുത്ത് വേഗം ഗുഹയിലെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഒതുങ്ങി നിന്നു. ഞാൻ പിന്നെ ആ സ്ത്രീയുടെ മുഖത്ത് നോക്കിയതേ ഇല്ല.

ഗുഹയുടെ മൂലയിൽ ഒതുങ്ങി നിൽക്കുമ്പോൾ ആളുകൾ ഇറങ്ങി വരുന്നത് ഞാൻ ശ്രദ്ധിച്ചു. താഴെ നിൽക്കുന്നവർ താഴോട്ടിറങ്ങുന്ന ഓരോരുത്തരേയും കൈ പിടിച്ച് ഇറങ്ങാൻ സഹായിക്കുകയാണ്. സ്ത്രീകൾ ഇറങ്ങുമ്പോൾ ഒരു 'കൈ' സഹായിക്കാൻ അവർ മത്സരിക്കുന്നതു പോലെ എനിയ്ക്ക് തോന്നി. എനിയ്ക്കങ്ങനെ തോന്നിയില്ലെങ്കിൽ പോലും അത് തികച്ചും സ്വാഭാവികമാണെന്നും എനിയ്ക്ക് തോന്നി. അത് നോക്കി നിന്നപ്പോൾ എന്റെ ഭാര്യ ഒരിക്കൽ എന്നോട് പറഞ്ഞ നിർദ്ദോഷമായ ഒരു സത്യമാണ് എന്റെ മനസ്സിൽ ഓടി വന്നത്. "ഈ 'സ്ത്രീലിംഗം' ദേഹത്തില്ലെങ്കിൽ ആണുങ്ങളൊന്നും പെണ്ണുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യില്ലല്ലോ" എന്നായിരുന്നു അവളെന്നോട് പരിഭവം (അതോ പരാതിയോ?) പറഞ്ഞത്. എനിയ്ക്ക് അവളോടുള്ള പെരുമാറ്റത്തിൽ നിന്നായിരിക്കാം അവൾ ഈ നഗ്നസത്യം മനസ്സിലാക്കിയതും അത് എന്നോട് പറയാൻ അവൾക്ക് പ്രേരണ കിട്ടിയതും. അതോ ഞാൻ മറ്റുള്ള സ്ത്രീകളെ കാണുമ്പോൾ കാണിയ്ക്കുന്ന കാട്ടിക്കൂട്ടലുകളോ? എന്തു ചെയ്യാം? പത്തിൽ രാഹു നിന്നാലുള്ള സ്ഥിതി പത്തിൽ രാഹു നിൽക്കുന്നവർക്കേ അറിയൂ.

ആളുകൾ ഓരോരുത്തരായി ഗുഹയിലേക്ക് ഇറങ്ങി വരുന്നതും നോക്കി നിൽക്കുമ്പോൾ ഞാനറിയാതെ വീണ്ടും എന്റെ ചിന്തകൾ ഞാനറിയാതെ തൊട്ടുപോയ അമ്മിഞ്ഞയിലേക്കു മടങ്ങി. അമ്മിഞ്ഞയെന്ന ഈ അത്ഭുതപ്രതിഭാസം മനുഷ്യകുലത്തിനു മാത്രം സ്വന്തം. സ്ത്രീകൾക്ക് മാത്രം സ്വന്തം. മൃഗങ്ങൾക്കും അമ്മിഞ്ഞയുണ്ടെങ്കിലും അത് അവരുടെ നവജാതശിശുക്കൾക്ക് മുലയൂട്ടാനായി മാത്രമേ ഉപയോഗത്തിലുള്ളു. പക്ഷേ മനുഷ്യരുടെ കാര്യം അങ്ങനെയാണോ? സ്ത്രീകളുടെ സൗന്ദര്യം മുതൽ നമ്മുടെ ലൈംഗികചേഷ്ടകൾ വരെ ഈ അമ്മിഞ്ഞയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീവ്രവാദിയായ അജ്മൽ കസബ് തോക്കുമായി ആളുകളെ വിറപ്പിച്ചതുപോലെ നെഞ്ചെയ്യുന്ന അമ്പുമായി ആണുങ്ങളെ കൊതിപ്പിയ്ക്കാൻ നമ്മുടെ ലലനാമണികൾക്കല്ലാതെ മണ്ണിലെ മറ്റേതെങ്കിലും ജീവിയ്ക്ക് കഴിയുമോ? അതെല്ലാം ആലോചിക്കുമ്പോൾ കൃഷ്ണേട്ടൻ പാടാറുള്ള "അമ്മുട്ടിയേ നിൻ മുലമൊട്ടു കണ്ടാൽ കടിച്ചു തിന്നാൻ കൊതിയുണ്ടു പാരം" എന്ന ഈരടിയാണ് മനസ്സിൽ തേട്ടി വരുന്നത്.

ഗുഹയിലെവിടേയും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗുഹ വഴുക്കലുള്ളതും ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അടി തെറ്റി വീഴാൻ കാരണമാകുന്നതുമായിരുന്നു. സാക്ഷാൽ പരമേശ്വരനും മുപ്പത്തിമുക്കോടി ദേവതകളും ഇവിടെ ഈ ഗുഹയിൽ വസിക്കുന്നു എന്നാണ് ഭക്തന്മാരുടെ വിശ്വാസം. ശാസ്ത്രദൃഷ്ട്യാ നോക്കുമ്പോൾ ചുണ്ണാമ്പുപാറകളാൽ നിർമ്മിതമാണീ ഗുഹ. സ്റ്റാലക്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിങ്ങനെ രണ്ടു തരം പാറകൾ ഇവിടെ കാണാം. ഗുഹയുടെ മേൽക്കൂരയിൽ നിന്ന് സിലിണ്ടറാകൃതിയിൽ താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്റ്റൈറ്റ്. ഗുഹയുടെ നിലത്തു നിന്ന് സിലിണ്ടറാകൃതിയിൽ മേലോട്ട് വളരുന്ന പാറകളാണ് സ്റ്റാലഗ്മൈറ്റ്. ഈ രണ്ടു പാറകളും ചേർന്ന് ഈ ഗുഹയിൽ വിചിത്രമായ പല രൂപങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ രൂപങ്ങൾ കാട്ടിക്കൊണ്ട് ശേഷനാഗമെന്നും കല്പവൃക്ഷമെന്നും ശിവന്റെ ജടയെന്നും മറ്റും പൂജാരി വിവരിച്ചു തരുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കേണ്ടതായി നമുക്ക് തോന്നണമെന്നില്ല. സത്യം പറഞ്ഞാൽ ശേഷനാഗമെന്ന് അദ്ദേഹം കാട്ടിത്തന്ന രൂപത്തിന് ശേഷനാഗത്തിന്റെ സകല വിശേഷതകളുമുണ്ട്. അതുപോലെതന്നെയാണ് ഐരാവതവും അരയന്നവും മറ്റും മറ്റും.

എല്ലാവരും ഗുഹയിലേക്കിറങ്ങി എത്തി എന്ന് മനസ്സിലായപ്പോൾ പൂജാരി ഞങ്ങൾക്ക് ഗുഹയിലെ ഓരോ രൂപവും കാട്ടിത്തന്ന് അതാതിന്റെ ഇതിഹാസം വിവരിച്ചു തന്നു. ഗുഹയിലേക്കിറങ്ങിയെത്തുന്ന പടികൾക്കടുത്തായി കറുത്ത നിറത്തിലുള്ള ശേഷനാഗത്തിന്റെ പത്തി (ഫണം) പൂജാരി കാണിച്ചു തരികയുണ്ടായി. പത്തികൾ വിരിച്ച് നിൽക്കുന്ന അതിന്റെ പല്ലുകളും മറ്റും അദ്ദേഹം കാണിച്ചു തരുമ്പോൾ ഭീമാകാരമുള്ള ഒരു പാമ്പു തന്നെ അത് എന്ന് നമ്മൾക്ക് തോന്നിപ്പോകും.

ബ്രഹ്മാവിന്റെ വാഹനമായ അരയന്നം പുറകോട്ട് തല തിരിച്ചുപിടിച്ച് നിൽക്കുന്നതും ഇവിടെ ശിലാരൂപത്തിൽ കാണാം. അതിനെ ബുദ്ധിയുടേയും വിവേചനത്തിന്റേയും സ്വരൂപമായിട്ടാണ് ഭക്തന്മാർ കാണുന്നതെങ്കിലും എന്തോ അക്കിടി പറ്റിയ പോലെയാണതിന്റെ നിൽപ്പ്. ഹിന്ദിയിൽ എന്തൊക്കെയോ പൂജാരി പറയുന്നുണ്ടായിരുന്നെങ്കിലും ആളുകൾ ചുറ്റും കൂടി നിൽക്കുകയായിരുന്നതിനാൽ എനിയ്ക്കൊന്നും കേൾക്കാനായില്ല.

നടക്കുമ്പോൾ വീഴാതെ സൂക്ഷിക്കണമെന്ന് അയാൾ കൂടെക്കൂടെ മുന്നറിയിപ്പ് നൽകി. അവിടത്തെ രൂപങ്ങൾ കാട്ടി ഹിന്ദു പുരാണം മുഴുവൻ പറയാൻ ഈ പൂജാരിമാർക്കു കഴിയും. പക്ഷേ പറഞ്ഞതെല്ലാം ഹിന്ദിയിലായിരുന്നതിനാൽ എനിയ്ക്കെല്ലാമൊന്നും മനസ്സിലായില്ല. പ്രകൃതിയുടെ കരവിരുതിനാൽ വിരചിതമാണ് ഈ രൂപങ്ങൾ എന്നോർക്കുമ്പോൾ നമുക്ക് തീർച്ചയായും അത്ഭുതം തോന്നും. ഈ ഗുഹയും ഗുഹാരൂപങ്ങളും എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടെങ്കിലും അത്ഭുതാവഹമായി ഒന്നും തോന്നിയില്ല. അതിനു കാരണം ഈ ഗുഹയേക്കാൾ എത്രയോ അധികം വലിപ്പമുള്ള "ബോറാ" ഗുഹകൾ ഞാൻ വളരെ മുമ്പേ കണ്ടിരുന്നു എന്നതാണ്. അവിടെ ഗാന്ധിജി, ടാഗോർ എന്നിവരുടെ രൂപങ്ങൾ വരെ പാറയിൽ വിരചിതമാണെന്നാണെന്റെ മങ്ങിയ ഓർമ്മ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപമുള്ള അരക്കൂ താഴ്വരയ്ക്കു സമീപമാണീ അതിബൃഹത്തായ ബോറാ ഗുഹകൾ. എല്ലാവരും കണ്ടിരിക്കേണ്ടതാണ് പാതാളഭുവനേശ്വരവും ബോറാ ഗുഹകളും.

ഗുഹയുടെ ഉൾഭാഗം മുഴുവൻ വൈദ്യുതദീപങ്ങളാൽ പ്രകാശമാനമാണ്. പൂജയും മറ്റും മുറയ്ക്ക് നടക്കുന്നുണ്ട്. ഞങ്ങൾ പ്രസാദം വാങ്ങുകയും ദക്ഷിണ കൊടുക്കുകയും മറ്റും ചെയ്തു. ഈ ഗുഹയിൽ നിന്ന് കൈലാസത്തിലേക്ക് ഭൂമിക്കടിയിലൂടെ വഴിയുണ്ടത്രെ. ആർക്കറിയാം? പൂജാരിമാർ കാണിച്ചു തരുന്ന സ്ഥലമേ നമുക്കു കാണാനാകൂ. ഒന്നും രണ്ടും ഗുഹയൊന്നുമല്ല അതിനുള്ളിലുള്ളത്. അവർ കാണിച്ചു തരാത്ത സ്ഥലത്ത് കൈലാസത്തിലേക്കുള്ള ഗുഹാമർഗ്ഗമുണ്ടോ ആവോ? ഇനി അതു വഴിയായിരിക്കുമോ സാക്ഷാൽ അർദ്ധനാരീശ്വരന്മാർ കൈലാസത്തിൽ നിന്ന് ഇന്ത്യയിലെ തീർത്ഥസ്ഥാനങ്ങളിൽ എത്തുന്നത്? അങ്ങനെയായിരിക്കും എന്നു വേണം അനുമാനിക്കാൻ. ഇല്ലെങ്കിൽ പാസ്പോർട്ടും വിസയും ഒന്നും ഇല്ലെന്ന് പറഞ്ഞ് അവരെ ചൈനക്കാർ പിടിച്ച് അകത്തിടാനും മതി.

ഭുവനേശ്വരപാതാളത്തിൽ കൈലാസത്തിലേക്കുള്ള വഴിയൊന്നും കാണാതിരുന്നപ്പോൾ താജ് മഹലിന്റെ കാര്യമാണ് എന്റെ മനസ്സിൽ ഓടിയെത്തിയത്. താജ് മഹലിന്റെ ഭൂതലത്തിൽ നിന്ന് താഴോട്ടുള്ള സ്ഥലത്തേക്കൊന്നും സന്ദർശകർക്ക് പ്രവേശനമില്ല. എന്തൊക്കെയോ തങ്ങളിൽ നിന്ന് അവർക്ക് ഒളിച്ചു വയ്ക്കാനുണ്ടെന്ന ചിന്തയേ അത്തരം പ്രവർത്തികൾ സന്ദർശകരിൽ ഉണ്ടാക്കൂ. ചരിത്രവസ്തുക്കൾ ജനങ്ങളിൽ നിന്നൊളിച്ച് വച്ചിട്ട് അധികാരികൾക്ക് എന്താണാവോ കിട്ടുന്നത്?

ഗുഹയിലേക്ക് ഇറങ്ങിയ വഴിയേ തന്നെ വേണമായിരുന്നു പാതാളത്തിൽ നിന്ന് പുറത്തു കടക്കാനും. വഴിയിൽ പിടിപ്പിച്ചിട്ടുള്ള ഇരുമ്പു ചങ്ങല മേലോട്ട് കയറി വരാൻ വളരെയധികം സഹായകമായി എനിയ്ക്കനുഭവപ്പെട്ടു. മുപ്പത്തിമുക്കോടി ദേവകളും ഇവിടെ ഈ പാതാളത്തിൽ കുടുങ്ങിക്കിടക്കുന്നതാകുമോ ഈ കലിയുഗത്തിൽ ജനങ്ങൾ സംസ്ക്കാരശൂന്യരും ധർമച്യുതി ഉള്ളവരും ആയിരിക്കാൻ കാരണം എന്ന് ഭുവനേശ്വരപാതാളത്തിൽ നിന്ന് പുറത്തേക്ക് കയറുമ്പോൾ ഞാൻ സന്ദേഹിച്ചു. ഇവരെയെല്ലാം നല്ല വായുവും വെളിച്ചവും ഉള്ള ഭൂതലത്തിലേക്ക് ആവാഹിക്കാൻ വല്ല യാഗവും ഉടൻ നടത്തേണ്ടതുണ്ടേന്നും എനിയ്ക്കപ്പോൾ തോന്നി. ഗുഹ സന്ദർശിച്ച് പുറത്തിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. പുറത്ത് വച്ച ഷൂ നനഞ്ഞ് കുതിർന്നിരുന്നു. പുറത്ത് വന്നപ്പോൾ ശരീരത്തിലും ഡ്രസ്സിലും ആകെ മണ്ണും ചളിയും. അതെല്ലാം കഴുകി വൃത്തിയാക്കിയ ഞാൻ ഷൂസും എടുത്ത് മറ്റുള്ളവരുടെ കൂടെ മഴ നനഞ്ഞു കൊണ്ടോടി. അടുത്തുള്ള ഹോട്ടലിലേക്ക്; അവിടെ സമയം തെറ്റിയ ഉച്ചയൂൺ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് അടുത്ത ലക്ഷ്യമായ ജാഗേശ്വറിലേക്ക് ബസ്സിലേറി മടങ്ങുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും ദേവദാരുവൃക്ഷങ്ങൾ നിരനിരയായി വളർന്നു നിൽക്കുന്നതു കണ്ടു. വഴിയിൽ ജനപഥങ്ങളും കാണാമായിരുന്നു. ചൗസലി, ഗരംപാനി, ചണ്ഡാദേവി, ബെറിനാഗ്, ബൊവാലി എന്നിങ്ങനെ പല സ്ഥലപ്പേരുകളും ബസ്സിലിരിക്കുമ്പോൾ എന്റെ കണ്ണിൽ പെട്ടു. ബൊവാലി എന്നു കണ്ടപ്പോൾ പണ്ട് വയനാട്ടിലെ ബാവലിപ്പുഴയോരത്തു കൂടി നടന്നത് എന്റെ മനസ്സിൽ ഓടിയെത്തി. അന്നൊക്കെ പുഴയിലെ വെള്ളം കുടിയ്ക്കാൻ വരെ പറ്റുമായിരുന്നു. ഇന്നത് കാൽ കഴുകാനെങ്കിലും പറ്റുമോ ആവോ? മനുഷ്യന്റെ പുരോഗതിയുടെ അളവുകോലല്ലേ പുഴകളുടെ ഈ ദുരവസ്ഥ?

രാവേറെ ചെല്ലുന്നതിനു മുമ്പ് ഞങ്ങൾ ജാഗേശ്വറിലെ കെ.എം.വി.എൻ കേന്ദ്രത്തിലെത്തിച്ചേർന്നു. ഇന്നത്തെ ഊണും ഉറക്കവും ഇവിടെയാണ്. ജാഗേശ്വറിൽ എത്തിയത് രാത്രിയിലായതിനാൽ അവിടത്തെ ചുറ്റുപാടൊക്കെ ഒന്ന് ചുറ്റിനടന്നു കാണാനുള്ള സൗകര്യമൊന്നും കിട്ടിയില്ല. ജാഗേശ്വറിൽ നിന്ന് നാനൂറോളം കിലോമീറ്റർ അകലെയാണ് ഡൽഹി. നാളെ സന്ധ്യയോടെ ഡൽഹിയിലെത്തണമെങ്കിൽ അതിരാവിലെ പുറപ്പെടണം. അതിനുമുമ്പായി ജാഗേശ്വർ ക്ഷേത്രസമുച്ചയം നോക്കിക്കാണേണ്ടതുണ്ട്. അതിനായി നേരത്തേ എഴുന്നേൽക്കാനുള്ള തയ്യാറെടുപ്പോടെ കുളിയ്ക്കും ഊണിനും ശേഷം ഞാൻ എനിയ്ക്ക് കിട്ടിയ മുറിയിൽ കിടന്നുറങ്ങി.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ജാഗേശ്വർ ക്ഷേത്ര സമുച്ചയം. എണ്ണി നോക്കിയാലേ അവയുടെ എണ്ണം കിട്ടൂ എന്നതു കൊണ്ടാണ് ക്ഷേത്ര സമുച്ചയം എന്നു പറയുന്നത്. ചെറുതും വലുതുമായി ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. എല്ലാം കല്ലിൽ തീർത്തവ.

ഞാൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തിലേക്ക് പോയി. കൂടെ മറ്റു ചിലരും ഉണ്ടായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് വരെ നമുക്ക് ക്ഷേത്രപ്രവേശനമുണ്ട്. ശിവലിംഗം തൊടാനും ആരതി നടത്താനും ഒക്കെ പൂജാരിമാർ നമുക്കവസരം തരും. പുലർച്ചെ ആയതിനാൽ അവിടെ ആളുകൾ നന്നേ കുറവായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും പൂവും വെള്ളവും മറ്റും വിഗ്രഹത്തിൽ ചാർത്തി. പക്ഷേ എനിയ്ക്ക് ഭക്തിയിന്നും തോന്നിയില്ല. ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ എന്നെ ഒരിയ്ക്കലും ഭക്തിയുടെ തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിട്ടില്ല. അവിടെ പൂജാരിമാർക്ക് പണം കിട്ടണം എന്ന തോന്നലുള്ളതായി എനിയ്ക്ക് തോന്നി. പത്തോ ഇരുപതോ രൂപ തരാതരം പോലെ ഞാൻ അവിടെയും ഇവിടേയും മറ്റും കൊടുക്കുകയും ചെയ്തു.

സൂര്യോദയത്തിനു മുമ്പ് ക്ഷേത്രത്തിലെത്തിയതിനാൽ ചുറ്റുപാടുകളൊന്നും ശരിയ്ക്ക് കാണാൻ പറ്റിയില്ല. ക്ഷേത്രത്തിലേയ്ക്ക് കയറുന്നിടത്ത് പുരാവസ്തു വകുപ്പിന്റെ ബോർഡുണ്ട്. ഇതും അവരുടെ സംരക്ഷണത്തിലാണ്. അതീവപുരാതനമല്ലേ ഈ ക്ഷേത്രം. അപ്പോൾ സംരക്ഷണം ആവശ്യമുള്ളതു തന്നെ. ക്ഷേത്രത്തിനടുത്തു കൂടി ഏതോ അരുവി ഒഴുകുന്നുണ്ട്. അത് ഏതാണെന്നോ എവിടെ നിന്നു വരുന്നു എന്നോ ഒന്നും മനസ്സിലായില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലം ദേവദാരു മരങ്ങളാൽ നിബിഡമാണ്. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശവും ഉള്ള താൽക്കാലിക കടകൾ അവിടെ ഉത്സവം നടക്കുന്നതിന്റെ ഒരു പ്രതീതി ഉളവാക്കി.

ഇവിടേയും നമ്മുടേ ശങ്കരാചാര്യർ എത്തിയിട്ടുണ്ട്. ഇവിടത്തെ പൂജകളും ക്ഷേത്രങ്ങളുമൊക്കെ അദ്ദേഹം നവീകരിച്ചതായി ആളുകൾ വിശ്വസിക്കുന്നു. കൈലാസത്തിലേക്ക് നടപ്പാതയൊക്കെ ഉണ്ടാകുന്നതിനും പണ്ട് ആളുകൾ ഈ ക്ഷേത്രം വഴിയത്രെ കൈലാസയാത്ര നടത്തിയിരുന്നത്. അതുകൊണ്ടാണ് മടക്കായാത്രയിലാണെങ്കിലും കൈലാസയാത്രികർക്ക് ഇതുവഴി പോകുന്നതിനവസരം നൽകുന്നത്. യോഗേശ്വരൻ എന്ന വാക്കാണ് ജാഗേശ്വർ ആയതെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിൽ നിന്നു മടങ്ങിയെത്തിയ ഞാൻ പ്രാതൽ കഴിച്ച് യാത്രയ്ക്ക് തയ്യാറായി നിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞേ ബസ്സ് യാത്ര തുടങ്ങിയുള്ളു. പലരും സമയത്ത് റെഡിയായില്ല എന്നത് തന്നെ കാരണം. നാട്ടിലെത്തുമ്പോൾ മനുഷ്യസഹജവും സ്വാഭാവികവുമായ മടി അവരെ പിടികൂടാൻ തുടങ്ങിക്കാണണം.

തുടർന്നുള്ള മടക്കയാത്രയിൽ ബസ്സിന്റെ ടയർ രണ്ടു തവണ കേടായി. യാത്രയുടെ സമയം തെറ്റിയതല്ലാതെ മറ്റു ബുദ്ധിമുട്ടൊന്നും അതുകൊണ്ടുണ്ടായില്ല. യാത്രക്കാരുടെ ആവശ്യാർത്ഥവും ബസ്സ് വഴിയിൽ നിറുത്തി ഇടുകയുണ്ടായി. നട്ടുച്ചയോടെ ബസ് അല്മോറ വഴി പോകുമ്പോൾ നടുറോഡിൽ ഒരു ശുനകൻ തന്റെ പ്രിയതമയുമൊത്ത് സൃഷ്ടികർമ്മം നിർവ്വഹിക്കുകയാണ്. യാത്രക്കാർ പലരും ബസിൽ ഉറക്കമായിരുന്നതിനാൽ എത്ര പേർ അത് കണ്ടു എന്ന് പറയാൻ പ്രയാസം. നിങ്ങൾക്ക് ഇതൊക്കെയല്ലേ നാട്ടിൽ മുഖ്യപരിപാടി എന്ന് ശുനകൻ ഒരു പക്ഷേ ഞങ്ങളെ ഓർമ്മിപ്പിച്ചതാകാം. അതോ, ഇതിനൊക്കെത്തന്നെയല്ലേ നിങ്ങൾ ഓടിപ്പോകുന്നതെന്നാണോ ശുനകൻ ഭംഗ്യന്തരേണ സൂചിപ്പിച്ചത്?

ഒടുവിൽ ഉച്ചയ്ക്ക് അല്പം വൈകി ബസ്സ് കാത്ഗോഡത്തെത്തി. അവിടെ കെഎംവീൻ ഗസ്റ്റ് ഹൗസിൽ ചെറിയൊരു മീറ്റിങ്ങുണ്ടായി. അതിൽ വച്ചാണ് ഞങ്ങൾക്ക് യാത്രയുടെ ഭാരവാഹികൾ എംഇഎയുടെ വകയായ "യാത്രാ കംപ്ലീഷൻ സർട്ടിഫിക്കറ്റും" യാത്രാസ്മരണികയും നൽകിയത്. വിഭവസമൃദ്ധമായ ഊണിനു ശേഷം യാത്ര വീണ്ടും തുടർന്നു. തുടർയാത്രയ്ക്കായി കാത്ഗോഡം ബസ് സ്റ്റാൻഡിൽ ഞങ്ങളെ കാത്ത് പുതുപുത്തൻ വോൾവോ ബസ്സ് കിടപ്പുണ്ടായിരുന്നു. പത്തമ്പത്തഞ്ച് പേർക്കിരിക്കാവുന്ന നല്ല ഏ. സി. ലക്ഷ്വറി കോച്ച്. ഞങ്ങളാണ് അതിൽ രണ്ടാമത് കയറിയത് എന്ന് തോന്നുന്നു. ബസ്സിന്റെ പുറകിൽ VOLVO 9400 Common Rail Direct Injection System എന്നെഴുതി വച്ചിട്ടുണ്ട്.

ബസ്സിലെ യാത്ര വളരെ സുഖകരമായിരുന്നു. പുതുപുത്തൻ ബസ്സിലെ പുതുപുത്തൻ സീറ്റിലിരിയ്ക്കുമ്പോൾ സുഖമല്ലാതെ മറ്റെന്താണുണ്ടാകുക? കാത്ഗോഡത്തു നിന്ന് തുടങ്ങിയ ഈ ബസ് യാത്ര ദേവഭൂമിയായ ഉത്തരഖണ്ഡിനെ പിന്നിട്ട് മായാഭൂമിയായ (മായാവതിയുടെ ഭൂമി) ഉത്തരപ്രദേശിലെത്തുമ്പോൾ ബസ്സിൽ നിന്ന് യാത്രക്കരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. രാത്രിയിൽ ബസ്സ് ഏതോ ഹോട്ടലിന്റെ മുന്നിൽ നിന്നു. എല്ലാവരുടേയും അത്താഴം ഒരു യാത്രക്കാരന്റെ വകയായിരുന്നു. നല്ല സദ്യസമാനമായ അത്താഴം. ഇയാളുടെ മൂന്നാമത്തെ കൈലാസയാത്രയാണത്. അയാളൊരു കോണ്ട്രാക്റ്ററാണ്. 18 തവണ തുടർച്ചയായി കൈലാസത്തിൽ പോകാനാണയാളുടെ തീരുമാനം. അയാൾക്ക് ഈ അത്താഴച്ചെലവൊരു ചെലവാണോ? കൂടിപ്പോയാൽ ഒരു പതിനായിരം രൂപയായിക്കാണും. അത്രതന്നെ.

ഞങ്ങളുടെ ബസ്സ് ഡൽഹിയിലെ ഗുജറാത്ത് സദനിൽ യാത്ര അവസാനിപ്പിക്കുമ്പോൾ രാവേറെ ചെന്നിരുന്നു. എല്ലാവരേയും ആരതിയോടെ സ്വീകരിക്കാൻ അവിടെ യാത്രാഭാരവാഹികൾ സന്നിഹിതരായിരുന്നു. അവർ ഞങ്ങൾക്ക് നൽകിയ പ്രസാദത്തിൽ നൂറിന്റെ അലക്കിത്തേച്ച ഒരു ഇന്ത്യൻ കറൻസി നോട്ടും ഉണ്ടായിരുന്നു. എന്താണാവോ അതിന്റെ പ്രസക്തി? എന്തായാലും അതിപ്പോഴും എന്റെ പോക്കറ്റിൽ ഏടിഎം കാർഡുകൾക്കിടയിലുണ്ട്.

ബസ്സിറങ്ങി ഗുജറാത്ത് സദനിലേക്ക് നടക്കുമ്പോൾ അവിടെ ഞങ്ങളുടെ ലഗേജുകൾ വഹിയ്ക്കുന്ന ലോറി കിടപ്പുണ്ടായിരുന്നു. ഇനി ആ ലഗേജ് കിട്ടുക എന്നതാണ് പ്രധാന പരിപാടി. മറ്റൊരു ലഗേജ് ഗുജറാത്ത് സദനിലും വച്ചിട്ടുണ്ട്. അതു രണ്ടും കിട്ടിയാൽ യാത്രയുടെ പര്യവസാനമായി. വീട്ടിലേക്ക് തിരിച്ചു പോകാം. ഒരു മാസം മുമ്പ് ഇവിടെ വച്ച ലഗേജ് തിരിച്ചു കിട്ടുമെന്ന് എനിയ്ക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. പക്ഷേ കൈലാസനാഥന്റെ തുണയാൽ വളരെ വേഗം തന്നെ അത് കിട്ടുകയുണ്ടായി. അപ്പോൾ ഈ അർദ്ധരാത്രിയിൽ നോയ്ഡയിലേക്ക് എങ്ങനെ പോകും എന്നായിരുന്നു എന്റെ ചിന്ത. അപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടെയുള്ള ഉത്സവ് ശർമയെന്ന ചെറുപ്പക്കാരൻ നോയ്ഡയിലേക്ക് പോകാൻ തീരുമാനിച്ചതും എന്നെ അയാളുടെ വാഹനത്തിലേക്ക് ക്ഷണിച്ചതും എന്റെ ലഗേജുകളുമായി രാത്രി രണ്ടു മണിയോടുകൂടി എന്റെ വീട്ടിലിറക്കി വിട്ടതും. ഇതിൽപ്പരം ഒരു കാരുണ്യം കൈലാസനാഥന് എന്നോട് കാണിക്കുവാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഞാനാ രാത്രിയിൽ ഗുജറാത്ത് സദനിലെ നിലത്ത് കിടക്കുകയും അടുത്ത രാവിലെ രണ്ടു വലിയ ഭാണ്ഡവും പേറി നോയ്ഡയിലേക്ക് പോകുകയും വേണ്ടി വന്നേനെ. സഹയാത്രികരോട് യാത്ര പറയാൻ പോലും ഇതു കാരണം എനിയ്ക്കായില്ലെങ്കിലും അടുത്ത ദിവസം തന്നെ ഓഫീസിലെത്തി ഹാജർ മാർക്ക് ചെയ്യാൻ അത് എന്നെ സഹായിച്ചു. അങ്ങനെ ഒരു മാസം നീണ്ടു നിന്ന എന്റെ കൈലാസ യാത്ര യാതൊരു ബുദ്ധിമുട്ടും കൂടാതെ അവസാനിച്ചു.

വലിയൊരനുഭവമായിരുന്നു ഈ യാത്ര. പലതരം ആളുകളെ അടുത്തറിയാൻ എന്നെ ഈ യാത്ര സഹായിച്ചു. അതിൽ എന്നെ കൂടുതൽ സ്വാധീനിച്ചത് കെഎംവിഎൻ മാനേജരായ വിപിൻ ചന്ദ്രപണ്ഡേ ആണ്. അദ്ദേഹമാണ് യാത്രയിലെ മോശമായ കാര്യങ്ങളെല്ലാം മറക്കുവാനും നല്ല ഓർമ്മകൾ മാത്രം മനസ്സിലേറ്റി നാട്ടിലേക്ക് തിരിച്ചു പോകാനും ഞങ്ങളെ ഉപദേശിച്ചത്. ആ ഉപദേശം ഞാൻ കൈക്കൊള്ളുകയും ചെയ്തു. ഞാൻ ആ ഉപദേശം കൈക്കൊണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ എഴുതുമായിരുന്നത് "കൈലാസയാത്രയിലെ തോന്ന്യാസങ്ങൾ" ആകുമായിരുന്നു. ഞങ്ങൾ യാത്രക്കാർ തമ്മിലുള്ള വാക്തർക്കങ്ങളും ഞങ്ങൾ തമ്മിലുള്ള വ്യക്തിമാത്സര്യങ്ങളും മറ്റും മറ്റും ഇവിടെ സ്ഥാനം പിടിയ്ക്കുമായിരുന്നു. പക്ഷെ അതൊന്നും ഇവിടെ കാണാത്തത് അതെല്ലാം യോഗേശ്വരത്തിനപ്പുറം കളഞ്ഞു എന്നതുകൊണ്ടാണ്. കള്ളുകുടി, വാക്കേറ്റങ്ങൾ എന്നിവയൊന്നും ഇവിടെ അരങ്ങേറ്റം നടത്താത്തത് പാണ്ഡേയുടെ ഉപദേശം കൊണ്ടാണ്. മാർക്സിയൻ ചിന്താഗതിക്കാർക്ക് അധികാരസ്ഥാനങ്ങളോടൊട്ടിനിൽക്കാനും പ്രായക്കൂടുതലുള്ളവരെ തേജോവധം ചെയ്ത് നിസ്തേജരാക്കാനും ഉള്ള താല്പര്യവും ഞാനീ യാത്രയിൽ നിന്ന് മനസ്സിലാക്കി. പക്ഷേ അതൊന്നും ഞാൻ വാക്കുകളാക്കി മാറ്റിയില്ല. അതുകൊണ്ടു തന്നെ പലവ്യക്തികളും എന്റെ ഈ തോന്ന്യാക്ഷരങ്ങളിൽ പ്രത്യക്ഷപ്പെടാതെ പോവുകയും ചെയ്തു.

ഈ വർഷം പത്തു മുപ്പത് പേരോളം യാത്രികർ കൈലാസയാത്ര പൂർത്തീകരിക്കാതെ തിരിച്ചു പോരികയുണ്ടായി. ഇതിൽ ഒരാളെ ചിയാലേഖിൽ നിന്നും ഹെലിക്കോപ്റ്റർ വഴി അയാളുടെ സ്വദേശമായ ഡറാഡൂണിൽ എത്തിക്കുകയായിരുന്നു. അതിന്റെ ചെലവും അയാൾ വഹിച്ചു കാണണം. കുറച്ചുപേർ വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ചു പോന്നതെങ്കിലും ഭൂരിഭാഗവും ഗുഞ്ചിയിലെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് പിന്മാറുകയായിരുന്നു. ഒരാൾ ഗുഞ്ചിയിൽ ചികിത്സയിലും ആയി.. അതെല്ലാം അറിയുമ്പോൾ ഈ യാത്ര യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും കൂടാതെ പൂർത്തീകരിയ്ക്കാൻ എനിയ്ക്ക് സാധിച്ചു എന്ന് പറഞ്ഞേ തീരൂ. ഒരു വയറിളക്കമോ ജലദോഷമോ പോലും എനിയ്ക്ക് ഈ യാത്രയിലുണ്ടായില്ല. കുതിരപ്പുറത്തു നിന്ന് വീണ് കൈ ഒടിഞ്ഞ ആൾ വരെ എന്റെ സംഘത്തിലുണ്ടായിരുന്നു എന്ന് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. എല്ലാം ശ്രീശങ്കരന്റേയും ശങ്കരാചാര്യരുടേയും തുണ എന്നല്ലാതെ ഞാനെന്തു പറയാൻ? അതിനാൽ സാക്ഷാൽ ശ്രീശങ്കരാചാര്യരെ സർവ്വാത്മനാ സ്മരിച്ചുകൊണ്ടും “ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്” എന്നു പറഞ്ഞുകൊണ്ടും എന്റെ തോന്ന്യാക്ഷരങ്ങൾ ഇവിടെ നിർത്തുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *