2008, ഏപ്രിൽ 2, ബുധനാഴ്‌ച

സാരോപദേശങ്ങള്‍

നമ്മുടെ സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നാണ്‌ ഉപദേശങ്ങളില്‍ കാണുന്നത്‌.
സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അത്‌ ഇരട്ടിയ്ക്കുമത്രെ.
സങ്കടം പങ്കുവച്ചാല്‍ അത്‌ പകുതിയാകുമത്രെ, അല്ലെങ്കില്‍ കുറയുമത്രെ!
ശരി, അങ്ങനെയാകട്ടെ. സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കു വയ്ക്കാം.

പക്ഷേ...........എന്താണൊരു പക്ഷേ????????

മറ്റൊരു ഉപദേശം നോക്കൂ. "നിങ്ങളുടെ പ്രശ്നങ്ങള്‍ ആരോടും പറയരുത്‌, കാരണം 90% ആളുകളും അത്‌ അവഗണിക്കുകയേയുള്ളൂ, ബാക്കിയുള്ള 10% ആളുകള്‍ നിങ്ങളുടെ പ്രശ്നങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും"

ഒന്നാലോചിച്ചാല്‍ അത്‌ ശരിയാണ്‌. കൂടുതല്‍ പേരും നമ്മുടെ പ്രശ്നങ്ങളറിയുമ്പോള്‍ ഉള്ളാലെ സന്തോഷിക്കുകയേയുള്ളൂ. ബാക്കിയുള്ളവര്‍ വെറുതെ അനുകമ്പ കാണിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ്‌ അല്ലെങ്കില്‍ എന്തിനാണ്‌ നമ്മുടെ പ്രശ്നങ്ങളൊക്കെ മറ്റുള്ളവരോട്‌ പറയുന്നത്‌?
ഇനി സങ്കടവും ദു:ഖവുമൊക്കെയാണ്‌ പങ്കു വയ്ക്കേണ്ടതെന്നും അല്ലാതെ പ്രശ്നങ്ങളല്ല എന്നും പറഞ്ഞാല്‍ അത്‌ ശരിയാകുമോ? കാരണം പ്രശ്നങ്ങളല്ലേ ഈ സുഖത്തിനും ദു:ഖത്തിനുമൊക്കെ കാരണം? ദു:ഖവും സങ്കടവുമൊക്കെ ഓരോ പ്രശ്നങ്ങള്‍ കൊണ്ടല്ലേ? അപ്പോള്‍ ഇതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്‌ കൊണ്ടെന്തു പ്രയോജനം?

ഇനിയും മറ്റൊരു ഉപദേശം നോക്കൂ. problems are simply an opportunity to do your best.
നമുക്ക്‌ ഏറ്റവും നന്നായി പ്രവര്‍ത്തിയ്ക്കാനുള്ളൊരു അവസരമാണ്‌ പ്രശ്നങ്ങള്‍ പോലും!
എങ്കില്‍ നാം അതാരോടും പറയാതെ വേഗം സ്വന്തമാക്കുകയല്ലേ വേണ്ടത്‌?

പിന്നെ എന്തിനീ വേവലാതിയും വെപ്രാളവും?
അപ്പോള്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ എന്തു ചെയ്യും? ആകെ ഒരു confusion.

വനിതാ സംവരണം

ഇതിപ്പോള്‍ വനിതാവിമോചനത്തിന്റെ കാലമാണ്‌.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യമൊക്കെ ഇപ്പോള്‍ വനിതകളേക്കാള്‍ കൂടുതല്‍ അറിയാവുന്നത്‌ പുരുഷന്മാര്‍ക്കു തന്നെയാണ്‌.
അതുകൊണ്ടാണല്ലോ അവരിപ്പോള്‍ വനിതാസംവരണത്തിനു വേണ്ടി യത്നിച്ചു കൊണ്ടിരിക്കുന്നത്‌.
പക്ഷേ സംവരണം അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
അതാണല്ലോ പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം ഇപ്പോഴും ശരിയാവാത്തത്‌.
അതുകൊണ്ട്‌ സ്ത്രീകള്‍ക്കായി മലയാള ഭാഷയില്‍ കുറച്ച്‌ വാക്കുകള്‍ സംവരണം ചെയ്തിരിക്കുന്നു. കുറച്ചൊന്നുമല്ല, 100 ശതമാനം തന്നെ!
ഏതൊക്കെയാണെന്നു ശ്രദ്ധിക്കൂ.

1. പാതിവ്രത്യം: ഇത്‌ 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇത്‌ ആര്‍ജ്ജിച്ചവരെ പതിവ്രതകള്‍ എന്നു പറയാറുണ്ട്‌. ഇതു പുരുഷന്മാര്‍ക്ക്‌ പറഞ്ഞതല്ല. അവര്‍ക്കിതിനര്‍ഹതയില്ല. അല്ലെങ്കില്‍ നോക്കൂ, എവിടെയെങ്കിലും 'പത്നീവ്രതന്‍' എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ? ചില വിവരദോഷികള്‍ 'പതിവ്രതന്‍' എന്നു പറയാറുണ്ടെങ്കിലും അതു തെറ്റാണ്‌. അതെ, പാതിവ്രത്യം 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌.

2. വൈധവ്യം: ഇതും 100 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇത്‌ ആര്‍ജ്ജിച്ചവളെ 'വിധവ' എന്നു പറയാറുണ്ട്‌. ഇതു പുരുഷന്മാര്‍ക്ക്‌ പറഞ്ഞതല്ല. അവര്‍ക്ക്‌ ഇതിനും അര്‍ഹതയില്ല. അല്ലെങ്കില്‍ നോക്കൂ, എവിടെയെങ്കിലും 'വിധവന്‍' എന്നു മലയാളത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ടോ? അതെ, വൈധവ്യം 100 ശതമാനവും സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്‌.

3. സുമംഗലി: മലയാളാഭാഷയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്ന മറ്റൊന്നാണ്‌ ഈ വാക്ക്‌. കല്യാണമൊക്കെ കഴിഞ്ഞു ഭര്‍ത്താവോടൊത്തു താമസിക്കുന്നവരാണിവര്‍. കല്യാണം കഴിഞ്ഞ പെണ്ണുങ്ങളെല്ലാം സുമംഗലിമാരാണ്‌. പക്ഷേ കല്യാണം കഴിഞ്ഞ പുരുഷന്മാരാരും തന്നെ 'സുമംഗലന്‍' മാരാണെന്ന് എവിടെയും കേട്ടിട്ടില്ലല്ലോ?

4. വീട്ടമ്മ: ഇതും നമ്മുടെ മഹിളാമണികള്‍ക്കായി സംവരണം ചെയ്തതത്രെ. അല്ലെങ്കില്‍ 'വീട്ടച്ഛന്‍' എന്നൊരു പ്രയോഗം മലയാളത്തിലുണ്ടാകേണ്ടതായിരുന്നു. മതി. തല്‍ക്കാലത്തേയ്ക്ക്‌ ഇത്ര മതി.

സ്ത്രീ സംവരണം സര്‍വ്വദാ ജയിക്കട്ടെ!

കുണ്ടില്‍ ചാടിയ ചുണ്ടെലി

ഞാന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ചതാണ്‌ ഈ കഥ.
പക്ഷേ ഈ കഥ ഞാന്‍ വേറെ എവിടെയും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ല.
അതുകൊണ്ട്‌ ഞാന്‍ അതൊന്ന് എന്റേതായ ഭാഷയില്‍ എന്റെ ഓര്‍മ്മയില്‍ നിന്നും ഇവിടെ കുറിക്കുകയാണ്‌.
കഥയില്‍ തെറ്റുണ്ടെങ്കില്‍ അത്‌ ഓര്‍മ്മക്കുറവു കൊണ്ടു മാത്രമാണെന്നറിയുക.
നിങ്ങള്‍ ഈ കഥ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കാം.
അവര്‍ക്ക്‌ ഇഷ്ടപ്പെടാതിരിക്കില്ല.

കഥ നടക്കുന്നത്‌ ഒരു വനപ്രദേശത്തിനടുത്താണെന്നു വേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ വന്യമൃഗങ്ങളും മനുഷ്യവാസമുള്ള വീടുകളും കഥയില്‍ കാണുമായിരുന്നില്ല.

കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റയും തേടി നടക്കുകയായിരുന്നു ചുണ്ടെലി. നടന്നു നടന്ന് അവന്‍ ഒരു വീടിന്റെ അടുക്കളയിലാണെത്തിയത്‌. വലിയ ബുദ്ധിമുട്ടു കൂടാതെ തന്നെ, കടലാസില്‍ പൊതിഞ്ഞ ഒരു അപ്പപ്പൊതി കണ്ടെത്താന്‍ അവനു കഴിഞ്ഞു.
നല്ല നെയ്യപ്പത്തിന്റെ മണം. അവന്റെ നാവില്‍ വെള്ളമൂറി.
പക്ഷേ പൊതി കടിച്ചു മുറിക്കാനോ അപ്പമൊന്നു രുചിച്ചു നോക്കാനോ അവന്‍ മിനക്കെട്ടില്ല.
"എല്ലാം വീട്ടിലെത്തിലെത്തിയിട്ടാകട്ടെ, കുഞ്ഞുങ്ങളുടെ കൂടെയാകട്ടെ ഇന്നത്തെ തീറ്റ." അവന്‍ കരുതി.

പൊതി അല്‌പം വലിയതായിരുന്നു. അത്‌ എങ്ങനേയും വീട്ടിലെത്തിക്കണം. അതായിരുന്നു എലിയുടെ മുന്നിലുള്ള അടുത്ത ജോലി.
എലി പൊതി കടിച്ചെടുത്ത്‌ മുന്നോട്ട്‌ നടന്നു. പക്ഷേ തന്നേക്കാള്‍ വലിയ പൊതി അവന്റെ മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തി, അവന്റെ യാത്ര ബുദ്ധിമുട്ടുള്ളതായി.
എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല.
വേച്ച്‌ വേച്ച്‌ എലി മുന്നോട്ട്‌ നീങ്ങി.
പക്ഷേ അവന്‌ അധികദൂരം പോകാനതിനായില്ല.

"ബ്‌ധിം........." കണ്ണു കാണാതെയുള്ള യാത്രയല്ലേ! ഒരു വലിയ കുണ്ടിലേക്ക്‌ അവന്‍ അടി തെറ്റി മറിഞ്ഞു വീണു.
അപ്പപ്പൊതി ചിന്നിച്ചിതറി.
രണ്ട്‌ നെയ്യപ്പത്തിന്റെ മുകളിലാണ്‌ എലി വീണത്‌.
അതുകൊണ്ട്‌ അതിനു പരിക്കൊന്നും പറ്റിയില്ല. ഭാഗ്യം!

വീഴ്ചയുടെ ആഘാതത്തില്‍ നിന്നും ഉണര്‍ന്ന എലി ചുറ്റും നോക്കി.
വലിയൊരു കുണ്ടിലാണ്‌ താന്‍ അകപ്പെട്ടിരിക്കുന്നത്‌!
ആരെ കണി കണ്ടാണാവോ താന്‍ ഇന്നു പുറത്തിറങ്ങിയത്‌? അവന്‍ മനസ്സില്‍ കരുതി.
എലി കുണ്ടില്‍ എല്ലായിടത്തും നടന്നു നോക്കി.
ഇല്ല, കയറി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല.
എങ്ങനേയും ഈ കുണ്ടില്‍ നിന്നു പുറത്തു കടക്കണം, അതു മാത്രമായി അവന്റെ ചിന്ത.
അവന്‍ കണ്ണടച്ച്‌ മനസ്സില്‍ ധ്യാനിച്ചു.
"പരദൈവങ്ങളേ, രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ."
കണ്ണു തുറന്നപ്പോള്‍ എലികണ്ടത്‌ അപ്പം പൊതിഞ്ഞ കടലാസ്‌ കാറ്റില്‍ പറക്കുന്നതാണ്‌.
അത്‌ അകലേക്ക്‌ പാറിപ്പോയിരിക്കുന്നു. അവന്‍ ഓടിച്ചെന്നു ആ കടലാസ്‌ കയ്ക്കലാക്കി.
അത്‌ നിവര്‍ത്തി അതിലൂടെ കണ്ണോടിച്ചു. പിന്നീട്‌ കുണ്ടിനു പുറത്തേക്കും.
അവന്‍ ദീര്‍ഘമായ ഒരു നിശ്വാസം പുറത്തു വിട്ടു.

കുണ്ടിനു സമീപം ഒരു വഴിയുള്ളതായും അതിലേ മൃഗങ്ങള്‍ നടന്നുപോകുന്നതായും അവനു മനസ്സിലായി.
അവന്‍ കടലാസില്‍ നോക്കി ഉറക്കെ വായിച്ചു.
" മാനം ഇടിഞ്ഞു വീഴാന്‍ പോകുന്നു, ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലും ഒളിച്ചു കൊള്ളുക."

ഇത്‌ ഒരു പുലി കേട്ടു. അവന്‌ വലിയ പേടി തോന്നി.
അവന്‍ വേഗം അടുത്തു കണ്ട ഈ കുണ്ടില്‍ ഇറങ്ങി നിന്നു.
തന്റെ ജീവന്‍ രക്ഷിച്ച എലിയെ അവന്‍ നന്ദിപൂര്‍വ്വം നോക്കി.
എലി പത്രം വായിക്കുന്നത്‌ കണ്ടപ്പോള്‍ അവന്‌ ലജ്ജയും വിഷമവും തോന്നി. എന്നാലും താന്‍ എഴുത്തും വായനയും പഠിച്ചില്ലല്ലോ എന്നോര്‍ത്ത്‌.

സമയം അധികം കഴിഞ്ഞില്ല. എലി നില്‍ക്കുന്ന കുണ്ടില്‍ ധാരാളം മൃഗങ്ങള്‍ ഒത്തു ചേര്‍ന്നു.
ആന, മുയല്‍, പശു, പന്നി, മാന്‍ തുടങ്ങിയവര്‍.
ശത്രുതയൊന്നുമില്ലാതെ തികഞ്ഞ അച്ചടക്കത്തൊടെ അവര്‍ അവിടെ നിന്നു.
എല്ലാവരും ജീവനില്‍ കൊതിയുള്ളവര്‍.
മാനം ഇടിഞ്ഞു വീണു മരിക്കാന്‍ അവരാരും തയ്യാറായിരുന്നില്ല.

മൃഗങ്ങളെല്ലാം കുണ്ടില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്‌ അതുവഴി പോയ ഒരു കുരങ്ങന്‍ കണ്ടു. ആകാംക്ഷയോടെ അവന്‍ കുണ്ടിലേക്കിറങ്ങാന്‍ നോക്കവെ എലി എതിര്‍ത്തു.

എലി പറഞ്ഞു. "ഇല്ല, താങ്കളെ ഇവിടെ പ്രവേശിപ്പിക്കാന്‍ പറ്റില്ല. താങ്കള്‍ കൂടെക്കൂടെ തുമ്മുന്നവനാണ്‌. തുമ്മുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ല. താങ്കളെ ഇവിടെ കയറ്റി ദൈവകോപം വാങ്ങാനൊന്നും എനിക്കാവില്ല."
പാവം കുരങ്ങന്‍, അവന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. അവസാനം മറ്റു മൃഗങ്ങള്‍ ഇടപെട്ടു. അവര്‍ പറഞ്ഞു, "ആപത്തില്‍ സഹായിക്കുന്നവനാണ്‌ ബന്ധു, നമ്മള്‍ മൃഗങ്ങള്‍ പരസ്പരം സഹായിച്ചേ പറ്റൂ. കുരങ്ങനും കുണ്ടില്‍ ഒരു സ്ഥലം കൊടുക്കണം."

എലി അവസാനം വഴങ്ങി, ഒരു ഉപാധിയോടെ. അവന്‍ പറഞ്ഞു. "ഈ കുണ്ടില്‍ കൂടിയിരിക്കുന്നവരില്‍ ആരെങ്കിലും തുമ്മിയാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് അവനെ പുറത്തു കളയണം."
എലിയുടെ ഈ നിര്‍ദ്ദേശം എല്ലാവര്‍ക്കും ഇഷ്ടമായി. അവര്‍ കുരങ്ങനും കുണ്ടില്‍ സ്ഥലം അനുവദിച്ചു.

ഒന്ന്.........രണ്ട്‌.........മൂന്ന്..... സമയം മുന്നോട്ടു പോയി. ആകാശം ഇടിഞ്ഞു വീഴുന്നതും നോക്കി മൃഗങ്ങളെല്ലാം അക്ഷമയോടെ നില്‍ക്കുകയാണ്‌.

"ഹാശ്‌ശ്‌ച്‌ച്ഛീ.......... മൂന്നു നാലു നെയ്യപ്പം നെഞ്ചോടു ചേര്‍ത്തുപിടിച്ച്‌ ചുണ്ടെലി ശക്തിയായി ഒന്നു തുമ്മി.
ഇതു കണ്ട്‌ മറ്റുള്ളവര്‍ ആശ്ചര്യപ്പെട്ടു.
കൂടുതല്‍ ആലോചിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ദൈവകോപം ഏറ്റുവാങ്ങാനും.
അവര്‍ എലിയെ പിടിച്ചു കുണ്ടിനു പുറത്തേക്കിട്ടു.

കുരങ്ങന്‍ കാര്യങ്ങളെല്ലാം അന്വേഷിച്ചപ്പോഴാണ്‌ മൃഗങ്ങള്‍ക്കെല്ലാം തങ്ങള്‍ക്ക്‌ പറ്റിയ അമളി മനസ്സിലായത്‌. അപ്പോഴേയ്ക്കും ചുണ്ടെലി കിട്ടിയ അപ്പവുമായി വീട്ടിലെത്തുകയും കുഞ്ഞുങ്ങളോടൊത്ത്‌ അത്‌ ശാപ്പിടുകയും ചെയ്തിരുന്നു.

കാക്കയ്ക്കും കോണ്‍ക്രീറ്റ്‌

അന്നൊരു ശനിയാഴ്ചയാണ്‌. അന്നാണ്‌ ഞങ്ങള്‍ക്ക്‌ വീട്ടിലെ ശുചീകരണം.
ഞാനും ഭാര്യയും കൂടി മുറ്റത്ത്‌ തുണി കഴുകുകയാണ്‌.
സമയം ഒരു പതിനൊന്നു മണിയായിക്കാണും.
മുറ്റത്തെ പ്ലാവിന്‍കൊമ്പത്ത്‌ കുറേ നേരമായി ഒരു കാക്ക പാറിയും പറന്നും കളിക്കുന്നുണ്ട്‌.
അതിന്റെ കൊക്കില്‍ ചെറിയ ചുള്ളിക്കമ്പുകളും കാണുന്നുണ്ടായിരുന്നു.
പ്ലാവിന്മേല്‍ കൂടു വയ്ക്കാനുള്ള പണിയെന്തോ ആണ്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി.
കൊണ്ടു വന്ന സാധനങ്ങളെല്ലാം അത്‌ പ്ലാവിന്റെ കൊമ്പിലെവിടെയോ സൂക്ഷിച്ചു വയ്ക്കുകയാണ്‌.
കാക്ക നല്ല ഉത്സാഹത്തിലാണ്‌. കൂടുണ്ടാക്കുകയല്ലേ, തീര്‍ച്ചയായും സന്തോഷം ഉണ്ടാകും.
കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത്‌ ഒരു കമ്പിക്കഷ്ണമാണ്‌.
ഞാനത്‌ ഭാര്യയ്ക്ക്‌ കാണിച്ചു കൊടുത്തു.
വീണ്ടും കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത്‌ കുറെ കമ്പിച്ചുരുളുകളാണ്‌.
അതും ഞാന്‍ അവള്‍ക്ക്‌ കാണിച്ചു കൊടുത്തു.
ഉടനെ വന്നു അവളുടെ comment:
ഓഹോ! കാക്കയ്ക്ക്‌ നാളെ അതിന്റെ കൂടിന്റെ സിമന്റ്‌ കോണ്‍ക്രീറ്റാണെന്നു തോന്നുന്നു.

കാഷ്മീര്‍

2008 മാര്‍ച്ച്‌ 04 ചൊവ്വാഴ്ച.
കാഷ്മീര്‍സിങ്ങിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍സിംഗ്‌ മോചിതനായി.
കാഷ്മീര്‍സിങ്ങിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍സിംഗ്‌ ഇന്ത്യയ്ക്ക്‌ സ്വന്തം. ഇന്ത്യ കാഷ്മീര്‍സിങ്ങിനു സ്വന്തം.
**************************************
പക്ഷേ കാഷ്മീര്‍സിംഗ്‌ ഇപ്പോള്‍ സിങ്ങല്ല.
അദ്ദേഹം ടര്‍ബന്‍ വേണ്ടെന്നു വച്ചിരുന്നു.
തലപ്പാവ്‌ അഴിച്ചുമാറ്റിയിട്ടായിരുന്നൂ സര്‍ദാര്‍ജി പാക്കിസ്താനിലേക്ക്‌ വണ്ടി കയറിയത്‌.
അതുകൊണ്ട്‌ അദ്ദേഹം ഇപ്പോള്‍ കാഷ്മീര്‍സിങ്ങല്ല, വെറും കാഷ്മീര്‍.
അപ്പോള്‍ ഈ എഴുതിയതെല്ലാം മാറ്റിയെഴുതണ്ടേ?
ശരി, ആയിക്കളയാം.
**********************************************
2008 മാര്‍ച്ച്‌ 04 ചൊവ്വാഴ്ച.
കാഷ്മീരിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍ മോചിതമായി.
കാഷ്മീരിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍ ഇന്ത്യയ്ക്ക്‌ സ്വന്തം. ഇന്ത്യ കാഷ്മീരിനു സ്വന്തം.
*********************************************

പക്ഷേ ഏത്‌ കാഷ്മീര്‍? പണ്ഡിറ്റുകളുടെ ജന്മഭൂമിയും അഭൗമസൗന്ദര്യത്തിന്റെ കളിത്തൊട്ടിലുമായ കാഷ്മീരിനു മോചനമുണ്ടോ????

എന്റെ ആദ്യത്തെ ബ്ലോഗ്‌

ഇത്‌ കഥയല്ല. അതുകൊണ്ട്‌ തന്നെ ഇതില്‍ നായികയുമില്ല.
അതിഗാഢമായ ചിന്തയിലാണ്‌ നായകന്‍. മുഖത്ത്‌ തികഞ്ഞ നിരാശ. ചുറ്റും നിശ്ശബ്ദത.
പ്രതിനായകന്‍ പ്രവേശിക്കുന്നു. പ്രതിക്ക്‌ നായകനോട്‌ പെരുത്ത്‌ സ്നേഹം. (നായിക ഇല്ലാത്തതല്ലേ!)
"സുഹൃത്തേ, എന്താണൊരു വൈക്ലബ്യം?" പ്രതി നിശ്ശബ്ദത ഭഞ്ജിച്ചു.
"പറ്റുന്നില്ലാശാനേ", നായകന്‍ ശബ്ദം ശരിയാക്കി.
"എന്ത്‌? ദേ, നോക്ക്‌, ഇതാ, ഇവിടെ feel ചെയ്യ്‌", പ്രതി തന്റെ നെഞ്ചത്ത്‌ കൈ വച്ചു കാണിച്ചു.
"ഇനി പറ, തനിക്ക്‌ എന്താണ്‌ പറ്റാതെ പോയത്‌?"
".........ബ്ലോ...ബ്ലോ... ബ്ലോഗാന്‍....... അതും മലയാളത്തില്‍.... ആണുങ്ങളായ ആണുങ്ങളൊക്കെ ബ്ലോഗുമ്പോള്‍ നമ്മളിങ്ങനെ.............." നായകന്‍ തന്റെ സങ്കടം പുറത്തെടുത്തു.
"അപ്പോള്‍ ആഗ്രഹം ചില്ലറയൊന്നുമല്ലല്ലോ! കൊള്ളാം, അങ്ങനെത്തന്നെ വേണം ആണ്‍കുട്ടികളായാല്‍." പ്രതി പ്രോത്സാഹിപ്പിച്ചു. (അല്ല, ഇയാള്‍ വില്ലനൊന്നുമല്ല!)
"പക്ഷേ, എന്തെഴുതും?" നായകന്‌ തികഞ്ഞ സംശയം.
"ദേ, ഇതു തന്നെ താനങ്ങോട്ടെഴുത്‌", പ്രതി പ്രോത്സാഹിപ്പിച്ചു.
"എന്ത്‌? ഛെ...ഛെ..." നായകന്‌ വീണ്ടും സംശയം.
"വണ്ടി ഡീറെയ്‌ല്‌ ആവുകയൊന്നുമില്ല. താനിത്‌ തന്നെ അങ്ങോട്ടെഴുത്‌" പ്രതിയുടെ നിര്‍ബ്ബന്ധം.
നായകന്റെ മനസ്സില്‍ ഒരു വെളിച്ചം. അദ്ദേഹവും Doordarshan കാണുന്നുണ്ടല്ലോ!
"ശരി, അങ്ങനെത്തന്നെയാവട്ടെ." നായകന്‍ സമ്മതിക്കുന്നു.
പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.
നായകന്‍ തന്റെ Reynolds പെന്ന് കയ്യിലെടുക്കുന്നു.
ഛെ, തെറ്റി, പെന്നല്ല, മൗസ്‌...പിന്നീട്‌ കീബോഡ്‌......വീണ്ടും മൗസ്‌... വീണ്ടും കീബോഡ്‌...
മൗസ്‌ ... കീബോഡ്‌...കീബോഡ്‌ .. മൗസ്‌ ...
നായകന്റെ ആദ്യത്തെ ബ്ലോഗ്‌ തയ്യാര്‍.