2012, നവംബർ 28, ബുധനാഴ്‌ച

മനുഷ്യ നിർമ്മാണ കല

കല ആസ്വദിക്കാനുള്ളതാണ്.  ആസ്വാദനക്ഷമമല്ലാതാകുമ്പോഴാണ് കല വിമർശിക്കപ്പെടുന്നത്. അപ്പോഴും അതിനെ പ്രകീർത്തിക്കാനും സ്വീകരിക്കാനും ഒരു കൂട്ടർ കാണും. അല്ലെങ്കിലും അതങ്ങനെയാണ്; അമ്മയെ തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നല്ലെ പറയാറ്?

പാട്ടും സംഗീതവുമൊക്കെ കേൾപ്പിച്ചാൽ പശുക്കൾ കൂടുതലായി പാൽ ചുരത്തുമെന്നും ചെടികൾ വേഗത്തിൽ വളരുമെന്നും മറ്റും കേട്ടിട്ടുണ്ടെങ്കിലും വൃക്ഷമൃഗാദികൾ കലാസ്വാദകരൊന്നുമല്ല. അവരിൽ കലാകാരന്മാർ ഇല്ലാത്തതായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം. അതെന്തായാലും കലയ്ക്കും വിദ്യാഭ്യാസത്തിനും ഒക്കെ ഒരു കൂട്ടർ എതിരാണെങ്കിലും മനുഷ്യർ പൊതുവേ കലാസ്വാദകരാണ്.

കലകൾ പലതരമുണ്ട്. അവയിൽ ഏറ്റവും പ്രധാനം ദൃശ്യകല തന്നെയാണ്. ദൃശ്യമായാലും ദൃശ്യേതരമായാലും കല പ്രതിനിധാനം ചെയ്യുന്നത് നമ്മുടേ സംസ്കാരത്തെത്തന്നെയാണ്. ചിരപുരാതനമായ പല കലാരൂപങ്ങളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും ഇന്ന് ഏറ്റവും ജനകീയമായ കല സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെയാണല്ലോ സിനിമാതാരങ്ങൾക്കൊക്കെ ജനങ്ങൾക്കിടയിൽ ഇത്ര സ്വീകാര്യത! പക്ഷേ അത് താരതമ്യേന പുതിയതായ കലയാണ്.

ആധുനികമായ മറ്റൊരു കലയാണ് പരസ്യകല. പരസ്യകല ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളുടെ സ്ഥിതി കട്ടപ്പൊകയാകുമായിരുന്നു. ടെലിവിഷനിൽ പല സീരിയലുകളും കാണുമ്പോൾ അതിൽ പരിപാടിയാണോ പരസ്യമാണോ മുന്നിട്ടു നിൽക്കുന്നതെന്ന് പറയുക അസാദ്ധ്യം. ഒരു മിനിറ്റും രണ്ടു മിനിറ്റും മറ്റുമുള്ള പരസ്യങ്ങൾക്ക് അഭിനേതാക്കൾ ലക്ഷങ്ങളും കോടികളുമല്ലേ വാങ്ങുന്നത്? അതു തന്നെയല്ലെ കലയുടെ വില?

കല നമ്മുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെങ്കിലും സിനിമയിലെങ്കിലും അത് എല്ലായ്പ്പോഴും ശരിയാണെന്ന് പറയാനാകില്ല. ഈ സെൻസർ ബോർഡ് ഇടപെടുന്നതിനാൽ സംവിധായകനും അഭിനേതാക്കളും കാണിക്കാനുദ്ദേശിക്കുന്ന പല കലകളും പ്രേക്ഷകനെ കാണിക്കാൻ പലപ്പോഴും അവസരം കിട്ടാതെ പോകുന്നു എന്നത് തന്നെ അതിനു കാരണം.  പക്ഷേ പരസ്യകലയിൽ നിർമ്മാതാവിനും അഭിനേതാവിനും കൂടുതൽ പ്രദർശനസ്വാതന്ത്ര്യമുണ്ട്. എന്നാലല്ലേ പരസ്യത്തിൽ പറയുന്ന പ്രോഡക്റ്റിനുവേണ്ടി കാഴ്ചക്കാരെ വശീകരിക്കാനാവൂ? "കാമസൂത്ര"യുടെ പരസ്യമെല്ലാം അതല്ലേ കാണിക്കുന്നത്? കണ്ണുകൾ മടങ്ങാൻ മടിക്കുന്നതാണീ രംഗങ്ങൾ. അതിൽ ഒരു മലയാളനടി അഭിനയിച്ചതായും കേട്ടിട്ടുണ്ട്.

ഇനി സിനിമയായാലും പരസ്യമായാലും നഗ്നശരീരപ്രദർശനത്തിന് ഒരു പരിധിയൊക്കെയുണ്ട്. നഗ്നമേനി മുഴുവനായി തിരശ്ശീലയിൽ പ്രദർശിപ്പിക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് തോന്നുന്നു. പക്ഷേ അത്തരം രംഗങ്ങൾ മാത്രമേ അഭിനേതാവിനായാലും ശിൽപ്പികൾക്കായാലും വലിയ തോതിലുള്ള ഗുണം ചെയ്യുകയുള്ളൂ . അതിനെന്താണൊരു വഴി?

കളിമൺപാത്ര നിർമ്മാണം ഒരു കലയല്ല. കളിമൺപാത്രമുണ്ടാക്കാൻ കലാഭിരുചി വേണ്ട എന്നതല്ല അതിനു കാരണം. ചേതോഹരങ്ങളായ എന്തെല്ലാം തരം കളിമൺ പാത്രങ്ങൾ നമ്മൾ വിപണിയിൽ കണ്ടിരിക്കുന്നു? പക്ഷേ അതൊരു വ്യവസായമാണ് കണക്കാക്കപ്പെടുന്നത്. പണ്ടൊക്കെ അതൊരു കുടിൽ വ്യവസായമായിരുന്നു. ഇന്ന് ഈ കളിമൺപാത്രവ്യവസായം അന്യം നിന്നു പോയിട്ടുണ്ടാകാനാണ് സാദ്ധ്യത. പലവിധമായ പ്ലാസ്റ്റിക് പാത്രങ്ങളും റഫ്രിജറേറ്ററും മനുഷ്യന്റെ ഉപഭോഗാസക്തിയും കൂടെയാകുമ്പോൾ കളിമൺപാത്രങ്ങൾക്ക് എന്ത് ഡിമാന്റുണ്ടാകാനാണ്?

കളിമൺപാത്ര നിർമ്മാണം കലയല്ലെങ്കിലും മനുഷ്യ നിർമ്മാണം ഒരു കലയാണ്. "മനുഷ്യ നിർമ്മാണ കല" എന്ന് കേട്ടിട്ടില്ലേ? കേട്ടിട്ടല്ല, കണ്ടിട്ടും ഉണ്ടാകാനാണ് സാദ്ധ്യത. ഒന്നുമില്ലെങ്കിലും നമ്മളീ ആധുനിക ലോകത്തിലല്ലേ ജീവിക്കുന്നത്?  "മനുഷ്യ നിർമ്മാണ കല"യ്ക്കായി വെബ്സൈറ്റുകൾ വരെ പ്രചാരത്തിലില്ലേ?

കല പ്രദർശിപ്പിക്കാനുള്ളതാകുകയും മനുഷ്യനിർമ്മാണം ഒരു കല ആകുകയും ചെയ്യുമ്പോൾ നഗ്നമേനീ പ്രദർശനവും വരുമാനവർദ്ധനവും തികച്ചും അയത്നലളിതം. മനുഷ്യനിർമ്മാണം എന്നാൽ മനുഷ്യസൃഷ്ടിയല്ലാതെ മറ്റെന്താണ്? മനുഷ്യനെ സൃഷ്ടിക്കുന്ന ഈ സൃഷ്ടികർമ്മം സത്യത്തിൽ ഒരു കലയാണ്. ബീജസങ്കലനം മുതൽ പ്രസവം വരെയുള്ള ഓരോ ഘട്ടത്തിലും അടങ്ങിയിരിക്കുന്ന കല ബന്ധപ്പെട്ട കലാകാരന്മാർക്കും കലാകാരികൾക്കുമേ അറിയൂ. പക്ഷേ സൃഷ്ടികല എന്നു പറയുമ്പോൾ അതിനൊരു സുഖം പോര. ശ്രേഷ്ഠഭാഷാ പദവിക്കായി കണ്ണും നട്ടിരിക്കുന്ന മലയാളത്തിലെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ഭംഗി പോരാ എന്നു പറയുന്നത് ഒരു കുറച്ചിലല്ലേ? അപ്പോൾ മനുഷ്യസൃഷ്ടിക്കുപയോഗിക്കാവുന്ന നല്ല പേര് മനുഷ്യനിർമ്മാണം എന്നു തന്നെ.

സത്യത്തിൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള കലയാണീ മനുഷ്യനിർമ്മാണകല. മനുഷ്യന്റെ കാലം തൊട്ടേ മനുഷ്യനിർമ്മാണകലയും ഇവിടെയുണ്ട്. മനുഷ്യനിർമ്മാണകലയുടെ ആദ്യഭാഗത്തെ കുറിച്ച് വത്സ്യായനമഹർഷി കാമസൂത്രത്തിൽ എന്തെല്ലാം എഴുതുകയും വരയ്ക്കുകയും ചെയ്തിരിക്കുന്നു?

ഇപ്പോൾ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ സംവാദവും വിവാദവും സൃഷ്ടികർമ്മം  (പ്രസവം) സിനിമയിൽ കാണിക്കുന്നതിനെക്കുറിച്ചാണ്.  സൃഷ്ടികർമ്മം മനുഷ്യനിർമ്മാണം ആയിരിക്കുകയും മനുഷ്യനിർമ്മാണം ഒരു കല ആയിരിക്കുകയും കല പ്രേക്ഷകന് ആസ്വദിക്കാനുള്ളതായിരിക്കുകയും ചെയ്യുമ്പോൾ അത് സിനിമയിൽ കാണിക്കുന്നതിൽ എന്താണപാകത? കഥകളി എന്ന കല സിനിമയിൽ കാണിച്ചാൽ കഥകളി കലയല്ലാതാകുമോ? അപ്പോൾ പിന്നെ മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നതിൽ എന്തിത്ര എതിർപ്പ്? സ്വാമിമാർ വരെ മനുഷ്യനിർമ്മാണകലയെക്കുറിച്ച് പാടി നടക്കുമ്പോൾ ചലച്ചിത്രകാരന്മാർക്ക് മാത്രം എന്തിനീ ഉപരോധം?  മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നത് ഈ കലയ്ക്ക് ജനങ്ങളിൽ കൂടുതൽ വേരോട്ടം ഉണ്ടാക്കുന്നതിന് സഹായിക്കുകയല്ലേ ഉള്ളൂ?

സത്യത്തിൽ ഇപ്പോൾ സിനിമയിൽ കാണിക്കുന്നത് മനുഷ്യനിർമ്മാണകലയിലെ അവസാനഭാഗം മാത്രമാണ്. അത് ഒരു വമ്പിച്ച വിജയമായാൽ മനുഷ്യനിർമ്മാണകലയിലെ ആദ്യഭാഗവും ഇനിയൊരു സിനിമയിൽ കാണാനവസരം കിട്ടും. ഈ ആദ്യഭാഗം കാണണമെങ്കിൽ വല്ല അശ്ലീലസൈറ്റുകളേയും ആശ്രയിക്കേണ്ട നമ്മുടെ ഇപ്പോഴത്തെ ഗതികേട് മാറിക്കിട്ടുകയും ചെയ്യും.  ഒരു പക്ഷേ ഇതെല്ലാം ഭാവിയിൽ ടിക്കറ്റ് വച്ച് പ്രദർശിപ്പിക്കാനും മതി. പണത്തിനു മേലേ പരുന്തും പറക്കില്ലല്ലോ!

ബെഡ്റൂമിലും ലേബർറൂമിലും മനുഷ്യനിർമ്മാണകലയെ തളച്ചിടാനുള്ള രാഷ്ട്രീയക്കാരുടെ ഗൂഡനീക്കങ്ങളെ എതിർക്കാനും അതിനെ ജനകീയമാക്കാൻ അണിയറശിൽപ്പികൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും പുരോഗമനവാദിയായ മലയാളി മുന്നിൽ നിന്നു പ്രവർത്തിക്കാതിരിക്കുമോ?

(നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ എന്റെ മനസ്സിൽ ഉണ്ടാക്കിയ അനുരണനങ്ങൾ മാത്രമാണിത്. അല്ലാതെ ആരെയെങ്കിലും ലക്ഷ്യം വച്ച് ഞാനൊന്നും എഴുതിയിട്ടില്ല.)