2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

അവയവദാനം

ടീവി തുറന്നപ്പോൾ സ്ക്രീനിൽ കണ്ടത് ചിറ്റിലപ്പള്ളി കൊച്ചൗസേപ്പിനെയാണ്. നരച്ച കുറ്റിത്താടിയും കറുത്ത തലമുടിയും വീതിയുള്ള കരമുണ്ടുടുത്ത് നല്ല മലയാളിയായി മൃദുമന്ദഹാസത്തോടെ അങ്ങനെ നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോൾ കൊച്ചൊന്നുമല്ലല്ലോ; അതുകൊണ്ട് ഔസേപ്പച്ചനെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി എന്നെനിയ്ക്ക് തോന്നി. ഒരു ബഹുമാനമൊക്കെ കൊടുക്കണ്ടേ? തന്റെ പഴയ ഒരു സ്പെയർപാർട്ട് ഒരു സഹജീവിക്ക് വെറുതെ കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. വല്ല വീ-ഗാർഡ് സ്റ്റെബിലൈസറുമായിരിക്കും അദ്ദേഹം കൊടുത്തതെന്ന് ഞാനൂഹിച്ചു. തരപ്പെടുമെങ്കിൽ എനിയ്ക്കും ഫ്രീയായിട്ട് ഒന്നൊപ്പിക്കണമെന്ന് എനിക്ക് തോന്നി.  അതുകൊണ്ടു തന്നെ ഞാൻ ചെവി വട്ടം പിടിച്ചു; എന്താണ് അദ്ദേഹം പറയുന്നതെന്നറിയാൻ.   

നിരാശയായിരുന്നു ഫലം. സ്റ്റെബിലൈസറോ മോട്ടോറോ ഫാനോ ഒന്നും അല്ല അദ്ദേഹത്തിന്റെ നാവിൽ നിന്ന് വരുന്നത്. ഒരു കിഡ്നി കൊടുത്ത കാര്യമാണ് അദ്ദേഹം പറയുന്നത്. അതാണദ്ദേഹം പറയുന്ന സ്പെയർപാർട്ട്. അദ്ദേഹത്തിന് വയസ്സ് 60 കഴിഞ്ഞതിനാലും ജീവിക്കാൻ ഒരു കിഡ്നി മതിയായതിനാലും മറ്റേ കിഡ്നി അദ്ദേഹം ദാനം ചെയ്യുകയായിരുന്നുവത്രേ. സംഗതി എല്ലാം വളരെ ലളിതമെന്നാണ് അദ്ദേഹം പറഞ്ഞത്. കീഹോൾ സർജറി വഴി ഒരു കിഡ്നി എടുത്ത് ഡോക്റ്റർമാർ ആവശ്യക്കാരന് കൊടുക്കുകയായിരുന്നുവത്രെ. അതു കാരണം വലിയ വേദനയോ വലിയ വിശ്രമമോ ഒന്നും ഉണ്ടായതുമില്ലത്രെ.  അതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനെക്കുറിച്ച് എനിയ്ക്ക് വലിയ മതിപ്പ് തോന്നി. എന്തൊരു വലിയ ത്യാഗമാണദ്ദേഹം അനുഷ്ടിച്ചത്! മനുഷ്യരായാൽ ഇങ്ങനെ വേണം.

എന്നാലും അദ്ദേഹത്തിനിപ്പോൾ ഒരു കിഡ്നിയല്ലേ ഉള്ളൂ എന്ന് ഞാൻ ചിന്തിച്ചു. ഒരു കിഡ്നി മാത്രമുള്ള മനുഷ്യൻ! അതോർത്തപ്പോൾ പണ്ട് കുട്ടിക്കാലത്ത് കിഡ്നി എന്ന് കേട്ടാൽ ഞാൻ തെറ്റിദ്ധരിച്ചിരുന്ന അവയവത്തെക്കുറിച്ച് ഞാൻ ഓർത്തു. എന്തെല്ലാം തെറ്റിദ്ധാരണകൾ!!

അവയവദാനം വഴി അദ്ദേഹം തന്റെ നാമം, സമൂഹത്തിന്റെ മനസ്സിൽ, തങ്കലിപികളിൽ കുറിച്ചു കഴിഞ്ഞു. അങ്ങനെ അദ്ദേഹം സമൂഹത്തിൽ അമരത്വം വരിച്ചു കഴിഞ്ഞു. എല്ലാവർക്കും പറ്റിയതല്ല ഇമ്മാതിരി സേവനങ്ങൾ. ഒരു പള്ളീലച്ചനും ഇതുപോലെ അവയവദാനം ചെയ്തതായി വായിച്ചിട്ടുണ്ട്. ഇനി അവയവദാനം വഴി മരിച്ച് കഴിഞ്ഞ് അമരത്വം വരിക്കുന്നവരുമുണ്ട്. അവരുടെ അവയവങ്ങൾ അവരുടെ മരണശേഷവും ജീവിച്ചിരിക്കും. നോക്കണേ, മരിച്ചുകഴിഞ്ഞ് അമരനാകുന്നതിലെ ഒരു വിരോധാഭാസം. ആ, . . . . . .  ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ടാകും......

ലോകത്താദ്യമായി നടന്ന അവയവദാനമെന്ന മഹാദാനത്തെക്കുറിച്ച് ഞാനോർത്തു. സ്ത്രീയുടെ നിർമ്മാണത്തിനായി തന്റെ വാരിയെല്ല് ദാനം ചെയ്ത മഹാനായ മനുഷ്യപുത്രനെ ഞാൻ മനസാ സ്മരിച്ചു. 

എന്തായാലും ഔസേപ്പച്ചൻ ചെയ്തതു പോലുള്ള ഇമ്മാതിരി ദാനമൊന്നും ചോര കണ്ടാൽ തല ചുറ്റുന്ന എനിയ്ക്ക് പറ്റിയതല്ലല്ലോ എന്ന് ഞാൻ ഖേദിച്ചു. എന്തെല്ലാം തരം അവയവദാനങ്ങളുണ്ട്. അവയിൽ ഏതെങ്കിലും തരത്തിലുള്ള അവയവദാനം എനിയ്ക്ക് പറ്റുമോ എന്ന് ഞാൻ ഗാഡമായി ചിന്തിച്ചു. കണ്ണു ദാനം ചെയ്യുന്നത് മരിച്ചിട്ടാണ്. അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. എവിടെയാണ്, എപ്പോഴാണ്, എങ്ങനെയാണ് ഈ മരണം എന്നൊക്കെ അറിയാതെ കണ്ണെങ്ങനെയാ ദാനം ചെയ്യുക. ഹൃദയം മാറ്റിവയ്ക്കണമെങ്കിലും മരിക്കണം. ഇപ്പോൾ തലച്ചോറും മാറ്റിവയ്ക്കാൻ തുടങ്ങിയിട്ടുണ്ടത്രെ. എന്റെ തലച്ചോറെങ്ങാനും ആർക്കെങ്കിലും വച്ചു പിടിപ്പിച്ചാൽ, ഈശ്വരാ, അവന്റെ തല തിരിഞ്ഞതുതന്നെ. ദൈവമേ, അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. പിന്നെയുള്ളത് കരൾ ദാനമാണ്. അതിത്തിരി കടുപ്പമാണ്. ഓപ്പൻ സർജറിയാണ്. വേദന കുറേ തിന്നണം, വിശ്രമം കുറേ വേണം; വയ്യ, അതൊന്നും വയ്യ. വേണമെങ്കിൽ വേദനിക്കാത്ത തരത്തിൽ വല്ല അവയവദാനവും ആകാം എന്ന് ഞാൻ കരുതി.  അതിനുള്ള സാദ്ധ്യതകൾ ഞാൻ ചിന്തിച്ചു.

ചിന്തിച്ചാൽ കിട്ടാത്ത ഉത്തരങ്ങളുണ്ടോ? ജനിത് കാച്ചപ്പിള്ളിയുടെ  e കാലത്ത് എന്ന കൊച്ചുസിനിമയുടെ രൂപത്തിലാണ് എനിയ്ക്ക് ഉത്തരം കിട്ടിയത്. ഈ സിനിമയിൽ ഒരു യുവതി ഒരു ചെറുപ്പക്കാരനെ സന്ദർശിക്കുന്നുണ്ട്. അവൾ അമ്മയോട് പറഞ്ഞത് പ്രോജെക്റ്റ് ചെയ്യാൻ മൃദുലയുടെ വീട്ടിൽ പോകുന്നു എന്നാണ്. പക്ഷേ ചെറുപ്പക്കാരന്റെ സാന്നിദ്ധ്യത്തിൽ അവിടെ നടന്നത് പണത്തിനു വേണ്ടിയുള്ള  ഒരു ലൈംഗികപ്രക്രിയയായിരുന്നു. തന്റെ അവയവം മറ്റൊരാൾക്ക് കൊടുക്കുന്നതാണല്ലോ അവയവദാനം. അപ്പോൾ ഇതും ഒരു അവയവദാനം തന്നെ.

സിനിമ സൂചിപ്പിക്കുന്ന രംഗങ്ങൾ ഞാൻ ഓർത്തു.  കിഡ്നി കൊടുക്കുന്നതു പോലെയുള്ള സ്ഥിരമായ അവയവദാനമല്ല ഇത്. താൽക്കാലികമായ ഒരു അവയവദാനം. എത്ര തവണ വേണമെങ്കിലും ആകാവുന്ന ഒരു അവയവദാനം. വേദനയൊന്നുമില്ലാത്ത, സുഖമുള്ള ഒരു കീഹോൾ ഓപ്പറേഷൻ. ഇത്തരം അവയവദാനം എനിയ്ക്കും ആകാമല്ലോ എന്ന് ഞാൻ ചിന്തിച്ചു.  അതാലോചിച്ചപ്പോഴാണ് ബസ്സിലും വണ്ടിയിലും മറ്റും നടക്കുന്ന അവയവദാനങ്ങൾ എന്റെ ഓർമ്മയിൽ ഓടിയെത്തിയത്. ഈ അവയവദാനത്തെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതെ പത്രങ്ങൾ പ്രസിദ്ധീകൃതമാകുന്നില്ല എന്നു വരെ വേണമെങ്കിൽ പറയാം.

ആദാമിന്റെ എല്ലെടുത്ത് സ്ത്രീയെ നിർമ്മിച്ച ദൈവത്തെ ഞാൻ ഓർത്തു.  അന്ന് സ്ത്രീയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഡൽഹി ബസ്സുകളിലും മറ്റും നടക്കുന്ന അവയവദാനത്തിനൊന്നും ഒരു അവസരവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും ഞാൻ ഓർത്തു.  ഈയിടെ ഒരു സാമി തന്റെ ആശ്രമത്തിൽ വന്ന ഒരു ചെറുപ്പക്കാരിക്ക് അവയവദാനം നടത്തി പോലും. ഒടുവിൽ കേസായി, കൂട്ടമായി, എന്തിനധികം?  ആളിപ്പോൾ ജയിലിലാണ്.  എന്നാലെന്താ, ആളുകൾ ഇനി അദ്ദേഹത്തെ മറക്കുമോ? ഇല്ല. അങ്ങനെ അദ്ദേഹവും അവയവദാനം വഴി അമരനായി കഴിഞ്ഞു. അപ്പോൾ അമരനാകാനുള്ള കുറുക്കുവഴിയായിരിക്കും ഈ അവയവദാനം. അതല്ലാതെ സമൂഹത്തിൽ ഇതിത്ര വർദ്ധിക്കാൻ ഞാൻ മറ്റൊരു കാരണവും കാണുന്നില്ല.

അവയവങ്ങള്‍  പ്രവര്‍ത്തനരഹിതമായതിനാല്‍  നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ മരണസമാനരാണ്. അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത്തരക്കാരായ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും.  അങ്ങനെ മറ്റൊരു ജീവന്റെ തുടിപ്പിന് നിമിത്തമാകാൻ നമുക്കാകും. അപ്പോൾ "മറ്റൊരു ജീവന്റെ തുടിപ്പിന് സഹായകമാകും" എന്ന ഈ ചിന്തയായിരിക്കുമോ ഈ സാമിമാരൊക്കെ ഇങ്ങനെ പെരുമാറാൻ കാരണം.???