2015, ജൂൺ 26, വെള്ളിയാഴ്‌ച

ബാല്യം

എല്ലാരും എഴുതുന്നത് ബാല്യത്തെക്കുറിച്ചാണ്. എങ്കിൽ ഇരിക്കട്ടെ എന്റെ വകയായും നാലു വരികൾ.

എങ്ങിപ്പോൾ നീ, എന്റെ ബാല്യത്തിൻ നൽസഖീ
ഒന്നിങ്ങു പോരു നീ മാത്ര നേരം.
ഞാനിതാ മത്സഖീ പോയൊരാ ബാല്യത്തിൻ
ഓർമ്മയിൽ നിന്നെയും കാത്തു നിൽപ്പൂ.

പണ്ടു നാം കൈ കൂപ്പി നിന്നൊരാ ക്ഷേത്രത്തിൻ
മുറ്റത്തൊരു വട്ടം കൂടി നിൽക്കാം.
സ്കൂൾ പറമ്പിലെ മാവിന്റെ ചോട്ടിൽ
നമുക്കൊത്തൊരല്പം കളിച്ചിരിക്കാം.

അണ്ണാറക്കണ്ണൻ കടിക്കുന്നതിൻ മുമ്പു
മാമ്പഴം കേറിപ്പറിച്ചു നൽകാം.
നീ കാത്തു നിൽക്കുകിൽ ആരാരും കാണാത്ത
ഞാവൽപ്പഴങ്ങൾ പറിച്ചു നൽകാം.

പാളയാം വണ്ടിയിൽ നീയിരുന്നീടുകിൽ
മുറ്റത്തു നീളേ വലിച്ചിടാം ഞാൻ.
സൈക്കിൾ ടയറൊന്നുരുട്ടി ഞാൻ നിന്നുടെ
ചുറ്റും വലം വച്ചു കൊണ്ടിരിക്കാം.

തുമ്പിയെക്കൊണ്ടു നീ കല്ലെടുപ്പിക്കുമ്പോൾ
ഞാൻ ചെറു കല്ലുകൾ തേടി വയ്ക്കാം.
പാവാടയിൽ മുള്ളു പറ്റിപ്പിടിക്കുമ്പോൾ
ഞാൻ വന്നു വേഗം പറിച്ചു നീക്കാം.

കാട്ടിലും മേട്ടിലും പോയിട്ടു നമ്മൾക്കു
പൂവട്ടിയിൽ പൂക്കൾ ശേഖരിക്കാം.
ഓണമല്ലെങ്കിലും മുറ്റത്തു പൂക്കള-
മുണ്ടാക്കി നമ്മൾക്കു നോക്കി നിൽക്കാം.

മഴ പെയ്തു കുണ്ടനിടവഴി മഴവെള്ളം
ഒഴുകുമ്പോൾ തട കെട്ടാൻ കൂട്ടു പോരാം.
വഴത്തട കൊണ്ടു ചങ്ങാടമുണ്ടാക്കി
പാടത്തു വെള്ളത്തിൽ കൊണ്ടുപോകാം .

പാടത്തിനപ്പുറം കൂ കൂ കൂ കൂകിക്കൊ-
ണ്ടോടുന്ന തീവണ്ടി നോക്കി നിൽക്കാം.
എങ്ങാണു നീയിപ്പോൾ, ബാല്യത്തിൻ മത്സഖീ
കേൾക്കുന്നോ നീയെന്റെ വാഗ്ദാനങ്ങൾ?

എങ്കിലും പെണ്ണേ, എൻ ബാല്യത്തിൻ നൽസഖീ
ഓർമ്മയിൽ നിന്മുഖം വ്യക്തമല്ല
എന്നെ നീ ഓർക്കുന്നുവെങ്കിലൊരു വട്ടം
പോരുമോ ബാല്യം തിരിച്ചു നൽകാൻ.

2015, ജൂൺ 21, ഞായറാഴ്‌ച

കമന്റ് ബോക്സ് തുറന്നു

പണ്ട് ഒരു ഭൂതം തന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒരു കുടത്തിനകത്ത് അകപ്പെടുകയും കടലിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളം കഴിയാൻ ഇടയാകുകയും ചെയ്തു. എങ്ങനെയും ആ കുടത്തിൽ നിന്ന് രക്ഷപ്പെടാൻ ആ ഭൂതം ആഗ്രഹിച്ചു. പക്ഷേ നടന്നില്ല.  ആദ്യത്തെ നൂറുകൊല്ലം കഴിഞ്ഞപ്പോൾ ഭൂതമൊരു ശപഥമെടുത്തു.തന്നെ രക്ഷിക്കുന്നതാരായാലും അവനെ  ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നായിരുന്നു ആ ശപഥം. എന്നാല്‍ അവനെ രക്ഷിക്കാന്‍ ആരും വന്നില്ല. ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഴുവന്‍ നിധികളും നല്‍കുമെന്ന്‍ അവന്‍ തീരുമാനിച്ചു. പക്ഷേ ആരും അവന്റെ രക്ഷക്കെത്തിയില്ല. പിന്നെയും നൂറു കൊല്ലം കഴിഞ്ഞപ്പോള്‍, തന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ അവന്‍ ഉറപ്പിച്ചു. പക്ഷേ ഫലം നാസ്തി. നാനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി. പക്ഷേ ആരും വന്നില്ല.അപ്പോഴേക്കും അവനു ജീവിതം മടുത്തിരുന്നു. ഇനി തന്നെ ആരു രക്ഷിച്ചാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ അവന്‍ ഉഗ്രശപഥം ചെയ്തു. പറഞ്ഞിട്ടെന്തു കാര്യം? അതും നടന്നില്ല.

അങ്ങനെയിരിക്കേയാണ് ക്രിസ്തുവർഷം 2004 ഡിസംബർ 26-ന്, ലോകത്ത് ആദ്യമായി ഒരു വലിയ സുനാമി ഉണ്ടാകുന്നത്. കടലിനടിയിൽ പല കോലാഹലങ്ങളും നടന്നു. പാറക്കെട്ടുകൾ കൂട്ടിമുട്ടി. വലിയ പാറക്കഷണങ്ങൾ കടലിന്റെ പല ഭാഗത്തായി ചിതറി വീണു.  അതിൽ ഒരു കഷ്ണം വീണത് ഈ ഭൂതം കിടക്കുന്ന കുടത്തിന്മേലായിരുന്നു. കുടം പൊട്ടി. ഭൂതം പുറത്തിറങ്ങി. കരയിലെത്തിയ അവന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. ടി. വി. മൊബൈൽ ഫോൺ, ഇന്റെർനെറ്റ്, ബ്ലോഗ്, ഫെയ്സ്ബുക്ക്, മെട്രോ ട്രെയ്ൻ... ഒന്നും അവനു മനസ്സിലായില്ല. കാലത്തിന്റെ ഒരു മാറ്റം... എന്തു ചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി.

കാലത്തിനൊത്തു കോലം കെട്ടുക തന്നെ. അവൻ ഒരു ആളിന്റെ രൂപമെടുത്തു. "ആൾരൂപൻ"

കൊള്ളാം! രൂപത്തിനൊത്ത പേരു തന്നെ.

ഇനിയെന്ത്? അവൻ ചിന്തിച്ചു. നൂറ്റാണ്ടുകൾ കടലിൽ കിടന്നതല്ലേ? ആ അനുഭവങ്ങൾ എഴുതുക തന്നെ.

എവിടെ എഴുതും? എങ്ങനെ എഴുതും?

അതിനല്ലേ ബ്ലോഗ്! അവന്റെ മനസ്സാക്ഷി അവനെ ഓർമ്മപ്പെടുത്തി. എന്തും എഴുതിക്കോ. പത്രം വേണ്ട, പബ്ലിഷർ വേണ്ട, എഡിറ്റർ വേണ്ട...എന്നാലോ ആവശ്യത്തിനു വായനക്കാരെ കിട്ടുകയും ചെയ്യും....

അവനു സന്തോഷമായി.. അവൻ എഴുത്തു തുടങ്ങി....... തന്റെ വി'കൃതി'കൾ അവൻ ഓരോന്നായി ബ്ലോഗിൽ പ്രകാശിപ്പിച്ചു തുടങ്ങി.

തന്റെ കൃതികൾ ജനങ്ങൾ വായിക്കുന്നതും അഭിപ്രായം പറയുന്നതും അവൻ സ്വപ്നം കണ്ടു.  അവരുടെ അഭിപ്രായങ്ങൾക്കായി അവൻ കണ്ണു തുറന്നിരുന്നു.....

തന്റെ ബ്ലോഗ് പോപ്പുലറാകുന്നതും ഹിറ്റാകുന്നതുമൊക്കെ അവൻ മനസാ കണക്കു കൂട്ടി. അവസരങ്ങൾ, ആദരങ്ങൾ... എല്ലാം അവൻ മനസ്സിൽ കൊണ്ടു നടന്നു....

ഫലം നാസ്തി... ആരും അവന്റെ ബ്ലോഗ് വായിച്ചില്ല. പകരം വല്ല പോങ്ങന്റേയും നിരക്ഷരന്റേയും ഒക്കെ ബ്ലോഗുകൾ ജനങ്ങൾ വായിച്ചു കൊണ്ടിരുന്നു.

ഇനിയെന്ത്? ഭൂതം ചിന്തിച്ചു. ഒരു പഞ്ചവൽസരം കഴിഞ്ഞമ്പോൾ തന്റെ ബ്ലോഗ് ജനകീയമാക്കാൻ അവൻ തീരുമാനിച്ചു. അവൻ തന്റെ ബ്ലോഗിനെ തനിമലയാളത്തിൽ ലിസ്റ്റ് ചെയ്തു.

ഊം.. ഹും.... ഫലം നാസ്തി... അവന്റെ ബ്ലോഗ് വായിക്കാൻ ആരും വന്നില്ല.

ഇനിയെന്ത്? മറ്റൊരു പഞ്ചവൽസരം കൂടി അവൻ കാത്തു നിന്നു; എന്നിട്ട് ചെറിയ കുട്ടികൾ വീട്ടിന്റെ മുറ്റം നിറയെ അവിടെയും ഇവിടെയും അപ്പി ഇട്ടു വയ്ക്കുന്നത് പോലെ അവൻ പല ബ്ലോഗ്കളിലും കയറി കമന്റെഴുതി. ബ്ലോഗിലെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു അവന്റെ ലക്ഷ്യം...

എന്നിട്ടും കാര്യം നടന്നില്ല. അവനു ക്ഷമ കെട്ടു... മറ്റൊരു പഞ്ചവൽസരം കഴിയുമ്പോൾ അവൻ അവന്റെ സ്വഭാവം ആവർത്തിച്ചു. ഇനി തന്റെ ബ്ലോഗ് ആരും വായിക്കേണ്ടെന്നു അവൻ തീർച്ചയാക്കി. ഇനി വായിച്ചാലും ആരും അഭിപ്രായം പറയേണ്ടെന്നു അവൻ കരുതി.. അവൻ അവന്റെ ബ്ലോഗിലെ കമ്ന്റ് ബോക്സ് നീക്കം ചെയ്തു...

ഇപ്പോൾ ന്യൂജനറേഷന്റെ കാലമല്ലേ? ബ്ലോഗിന്റെ പുഷ്കലകാലത്ത് അവിടെ എത്തിപ്പെടാൻ പറ്റിയില്ലല്ലോ എന്നും കരഞ്ഞുകൊഞ്ഞ് ചില പിള്ളേർ അപ്പോഴേക്കും ബൂലോഗത്തെത്തിയിരുന്നു. അവർക്ക് ഈ ഭൂതത്തിന്റെ ബ്ലോഗിൽ കമന്റെഴുതണമത്രെ. കഷ്ടം.....



പാവം... അവൻ വെറുമൊരു ഭൂതമല്ലേ? (വർത്തമാനമോ ഭാവിയോ ആണെങ്കിൽ എന്തെങ്കിലും ചിന്തിക്കാനെങ്കിലും കാണും. ഇതാണെങ്കിൽ ചെയ്യാനൊന്നുമില്ല.) ഭൂതത്തിന്റെ മനസ്സലിഞ്ഞു. അവൻ തന്റെ കമന്റ് ബോക്സ് തുറക്കാൻ തീർച്ചയാക്കി.

ഫാദേഴ്സ് ഡേ, ഇന്റർനാഷനൽ യോഗാ ഡേ എന്നീ മുഹൂർത്തങ്ങൾ ഒത്തു വരുന്ന ജൂൺ 21ന് അവന്റെ ബ്ലോഗിലെ കമന്റ് ബോക്സ് ബോളിവുഡ് താരം ഷാ രൂഖ് ഖാൻ   ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്തു......

ഇനി ഇപ്പോൾ തീരുമാനിക്കേണ്ടത് ന്യൂ ജനറേഷൻ ബ്ലോഗർമാരാണ്; ഈ ഭൂതത്തിന്റെ കമന്റ് ബോക്സിൽ വല്ലതും എഴുതണോ എന്ന്!


ഒരു സ്പീഡ്പോസ്റ്റിന്റെ സ്പീഡ്

പ്രീമിയം തത്ക്കാൽ, തത്ക്കാൽ എന്നൊക്കെ പറഞ്ഞ് പുതിയ ടിക്കറ്റുകളും പുതിയ സേവനങ്ങളുമായി യാത്രക്കാരെ  റയിൽവേ പിഴിയുന്നുണ്ടെങ്കിലും ഡൽഹിയിൽ നിന്നു സാധാരണക്കാരന് കേരളത്തിലെത്താനുള്ള താങ്ങാവുന്ന മാർഗ്ഗം തീവണ്ടി തന്നെയാണ്. 3000 കിലോമീറ്റർ ദൂരം താണ്ടാനായി രണ്ടു ദിവസം വണ്ടിയിലിരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അത് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ.

പറയുന്നത് തീവണ്ടിയാത്രയെ പറ്റിയാണെങ്കിലും പറഞ്ഞു വരുന്നത് നമ്മുടെ തപാൽ വകുപ്പിനെ കുറിച്ചാണ്. തീവണ്ടി ഡൽഹിയിൽ നിന്ന് കേരളത്തിലെത്താൻ 2 ദിവസമെടുക്കുമെങ്കിൽ തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്താൻ ചുരുങ്ങിയത് ഒരു 3 ദിവസമെങ്കിലും എടുക്കും; എടുക്കണം. കാരണം ഈ ആർട്ടിക്കിൾ, അയക്കുന്ന പോസ്റ്റ് ഓഫീസിൽ നിന്ന് ഡൽഹി റയിൽവേ സ്റ്റേഷനിലും, കേരളത്തിൽ റയിൽവേ സ്റ്റേഷനിൽ നിന്ന് പോസ്റ്റ് ഓഫീസിലും എത്താൻ വേറേയും സമയം വേണമല്ലോ? അപ്പോൾ തീവണ്ടി വഴിയാണ് ഈ സ്പീഡ് പോസ്റ്റ് വരുന്നതെങ്കിൽ അത് മേൽവിലാസക്കാരനു കിട്ടാൻ ഒരു 4 ദിവസം വേണമെന്നു സാമാന്യമായി പറയാം.

പക്ഷേ ഈ സ്പീഡ്പോസ്റ്റ് അയക്കുന്നത് സാധാരണക്കാരനാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന തപാൽ വകുപ്പ് ആ വകുപ്പിൽ വരുന്നില്ല. അതല്ലെങ്കിൽ സ്പീഡ് ഇല്ലാത്ത തീവണ്ടിയിൽ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ അയക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഉപഭോകതാവിനോട് പ്രതിജ്ഞാബദ്ധതയുള്ളവർ വളരെ വേഗം തന്നെ അത് മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കുമല്ലോ. ഉപഭോക്താവ് ദൈവമാണെന്നും രാജാവാണെന്നും മറ്റും വിശ്വസിക്കുന്ന നാട്ടിൽ അങ്ങനെ ചെയ്തില്ലെങ്കിൽ മോശമല്ലേ? അങ്ങനെയാണ് സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ വിമാനത്തിൽ അയക്കുന്ന ഏർപ്പാട് തപാൽ വകുപ്പ് തുടങ്ങിയതും തുടരുന്നതും.

ഡൽഹിയിൽ നിന്ന് തീവണ്ടിമാർഗ്ഗം അയക്കുന്ന സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ 4 ദിവസം കൊണ്ട് മേൽവിലാസക്കാരന് കിട്ടാമെങ്കിൽ 2 ദിവസം കൊണ്ട് എത്തിക്കാൻ ഈ വിമാനം വഴിയുള്ള ചരക്കുനീക്കം സഹായിക്കും. അതായത് ഞാൻ ഡൽഹിയിൽ നിന്ന് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ഇന്നയച്ചാൽ അത് നാളെ കേരളത്തിലെ എന്റെ വീട്ടിലെത്തും. ആഹാ, ഇതിനെയൊക്കെയല്ലേ സേവനം എന്നു പറയുന്നത്. ഇനി നോക്കിക്കോളൂ, വിമാനം വഴി ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്തിയതിന്റെ ചരിത്രം.

ഡൽഹിയോട് ചേർന്നു കിടക്കുന്ന നോയ്ഡയിൽ നിന്ന്, ഞാൻ ജൂൺ12ന് ഒരു മണിക്ക്, കേരളത്തിലേക്ക് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ബുക്ക് ചെയ്യുന്നു.  4 മണിയോടെ, അവർ അത് ചാക്കിലാക്കി നോയ്ഡയിലെ സ്പീഡ്പോസ്റ്റ് കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് (NSH- National Sorting Hub) അയക്കുന്നു. അന്നു തന്നെ ഏഴരമണിക്ക് ആ ചാക്ക് നോയ്ഡ NSH-ൽ എത്തുന്നു. അന്നു തന്നെ രാത്രി ഒമ്പതര മണിയോടു കൂടി അവർ ആ ചാക്ക് തുറന്ന് ആർട്ടിക്കിൾ തരം തിരിച്ച്, എന്റെ ആർട്ടിക്കിൾ എടുത്ത് കണ്ണൂരിലേക്ക് പോകാനുള്ള മറ്റൊരു ചാക്കിൽ നിക്ഷേപിക്കുന്നു. എന്നിട്ട് രാത്രി പത്തര മണിയോടെ അവർ കണ്ണൂരിലേക്കുള്ള ചാക്ക്, മറ്റു ചാക്കുകളോടൊപ്പം ഡൽഹിയിലെ പാലം വിമാനത്താവളത്തിലേക്കയക്കുന്നു. നോക്കൂ, അവരുടെ ജോലിയിലെ ഒരു ശുഷ്ക്കാന്തി!

എനിക്കീ വിവരങ്ങൾ എവിടുന്നു കിട്ടീ എന്നല്ലേ? ഞാൻ അവരുടെ വെബ്സൈറ്റിൽ സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ പിന്തുടർന്ന് ശേഖരിച്ച വിവരങ്ങളാണിത്. (Speed Post Tracking - എല്ലാവരും ചെയ്യുന്നത് മാത്രം!) അപ്പോൾ ബാക്കി തുടരാം.

അന്നു രാത്രി തന്നെ (ജൂൺ 13ന് പുലർച്ചക്ക്) ആ ചാക്ക് പാലം വിമാനത്താവളത്തിലെ TMO (Transit Mail Office)-യിൽ എത്തുന്നു. 13ന് രാവിലെ 5 മണിയോടെ അവർ അത് കൊച്ചിയിലെ NSH-ലേക്കയക്കുന്നു. അയക്കുന്നത് വിമാനത്തിലായിരിക്കും. അല്ലാതെ വിമാനത്താവളത്തിൽ തീവണ്ടി കാണില്ലല്ലോ. പക്ഷേ ഏത് വിമാനത്തിലാണ് അയച്ചത്? എത്രമണിക്കാണ് അയച്ചത് എന്നീ വിവരങ്ങൾ അവർ രേഖപ്പെടുത്തുന്നില്ല. പോകട്ടെ, അത് നമ്മളെന്തിനറിയണം?

ഇനിയാണ് രസം. Speed Post Tracking പ്രകാരം, അതിരാവിലെ കൊച്ചിയിലെ നാഷനൽ സോർട്ടിങ്ങ് ഓഫീസി (NSH) ലേക്കയച്ച ചാക്ക് അന്നു രാത്രി എട്ടര മണിയോടെ ന്യൂഡൽഹി റയിൽവേസ്റ്റേഷനിലെ ട്രാൻസിറ്റ് മെയിൽ ഓഫീസിൽ (New Delhi RS TMO) എത്തുന്നു. അത്ഭുതം....

അപ്പോൾ തന്നെ, ശുഷ്ക്കാന്തിയുള്ള ജീവനക്കാർ വെറും 15 മിനിറ്റിന്റെ മാത്രം അകലത്തിൽ (എട്ടേമുക്കാലിന്) എന്റെ കത്തടങ്ങിയ ചാക്ക് മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ NSH -ലേക്ക് അയക്കുന്നു. തീവണ്ടിയിലായിരിക്കണം അയച്ചത്. അല്ലാതെ ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്ന് ഭോപ്പാലിലേക്ക് പ്ലെയിൻ സർവ്വീസില്ലല്ലോ! പക്ഷേ ഏത് വണ്ടിയിലാണ് പോയത്, എപ്പോഴാണ് പോയത് എന്നൊന്നും അവർ രേഖപ്പെടുത്തിയിട്ടില്ല.

ഞാനയച്ച സ്പീഡ്പോസ്റ്റിന്റെ നീക്കങ്ങളെല്ലാം ഞാൻ ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കും. അതെന്റെ ഒരു ദുസ്വഭാവമാണ്. അങ്ങനെയാണി വിവരങ്ങൾ അപ്പപ്പോൾ അറിയുന്നത്. സ്പീഡ് പോസ്റ്റ് മാത്രമല്ല, എന്തയച്ചാലും അതിന്റെ പുറകെ അതിനെ ട്രാക്ക് ചെയ്യുക എന്നത് ഈ ഇന്റർനെറ്റ് ലോകത്തിൽ എന്റെ ഒരു ശീലമായിരിക്കയാണ്. ഈയിടെ എന്റെ മകൻ ഇന്തോനേഷ്യയിലെ ബാലിയിൽ പോയി തിരിച്ചു വരുന്നത് വരെ ഞാനവന്റെ പ്ലെയിനിന്റെ യാത്ര ട്രാക് ചെയ്തു. www.flightradar24.com എന്ന വെബ്സൈറ്റിൽ കയറി  www.flightradar24.com/data/flights/tr2638/ എന്നും മറ്റുമുള്ള ലിങ്ക് വഴി പ്ലെയിനിന്റെ യാത്ര നോക്കിയിരിക്കുന്നത് രസകരമാണ് (വേറെ പണിയൊന്നുമില്ലാത്തവർക്ക്).

അവർ സ്പീഡ് പോസ്റ്റ് അയച്ചത് ഭോപ്പാലിലേക്ക് ആണെങ്കിൽ അത് പോയത് 9 മണിക്കുള്ള ഷാൻ-ഇ-ഭോപ്പാൽ എന്നു പേരുള്ള ഭോപ്പാൽ എക്സ്പ്രസ്സിൽ ആയിരിക്കണം. ഞാൻ എത്ര തവണ അതിൽ യാത്ര ചെയ്തിരിക്കുന്നൂ? ഇപ്പോൾ ഇതാ, ഇന്നലേയും അതിലാണ് ഞാൻ യാത്ര ചെയ്തത്. ഭോപ്പാൽ എക്സ്പ്രസ്സ് അടുത്ത ദിവസം രാവിലെ ആറരക്ക് ഭോപ്പാലിലെത്തും. അപ്പോൾ എന്റെ സ്പീഡ്പോസ്റ്റും അവിടെ അപ്പോൾ എത്തണമായിരുന്നു. പക്ഷേ ജൂൺ 14ന് -Speed Post Tracking-ൽ പുതുതായി യാതൊരു വിവരവും ഇല്ലായിരുന്നു. ശുഷ്ക്കാന്തി ഉള്ളവരല്ലേ, ഒരു തെറ്റൊക്കെ പറ്റുമായിരിക്കും; ഒരു തവണ ഞാൻ ക്ഷമിച്ചു.

ജൂൺ 15ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ അല്പം പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? എങ്കിലും ഞാൻ വീണ്ടും ക്ഷമിച്ചു.

ജൂൺ 16ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം നിലച്ച മട്ടാണ്. എന്റെ ആർട്ടിക്കിളിന്റെ നീക്കംസംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ വീണ്ടും പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? ഞാൻ വേഗം അവരുടെ വെബ്സൈറ്റിൽ കയറി അവർക്കൊരു പരാതി അയച്ചു. കേരളത്തിലേക്കു പോകേണ്ട ആർട്ടിക്കിൾ ഭോപ്പാലിലേക്കെന്തിനാണ് അയക്കുന്നത് എന്നും ഞാൻ ചോദിച്ചു.

ജൂൺ 17ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിൾ നിശ്ചലമാണ്. അതിനെക്കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ല. ഞാൻ വീണ്ടും അവരുടെ വെബ്സൈറ്റിൽ കയറി പരാതിയെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തി. ഇത്തവണ കാര്യം ഒത്തു. വൈകുന്നേരമായപ്പോൾ വെബ് സൈറ്റിൽ സ്പീഡ്പോസ്റ്റിന്റെ നീക്കം അപ്ഡേറ്റ് ചെയ്യപ്പെട്ടു. 17ന് ഉച്ചക്ക് അത് കണ്ണൂരിലെ NSH-ൽ എത്തിയതായാണ് വിവരം. കേരളത്തിലെ ഒരു വിമാനത്താവളത്തിലോ റയിൽവേ സ്റ്റേഷനിലോ എത്താതെ പെട്ടെന്നതങ്ങോട്ട് അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്തായാലും  എനിയ്ക്ക് സമാധാനമായി. അന്നു വൈകുന്നേരം തന്നെ അതവർ തോട്ടട സബ് പോസ്റ്റോഫീസിലേക്കുള്ള ചാക്കിൽ കയറ്റി കണ്ണൂർ RMS-ലേക്കയച്ചു.  

തപാൽ വകുപ്പിൽ എല്ലാം പടിപടിയായാണ് നടക്കുക. അങ്ങനെയാണ് വേണ്ടതും. എന്നാൽ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന RMS-ൽ എത്താതെ 18-ന് രാവിലെ ആ ബാഗ് തോട്ടട പോസ്റ്റോഫീസിൽ എത്തി.


18നു രാവിലെ 10 മണിക്ക് ഞാൻ വീട്ടിലേക്ക് വിളിച്ചു. ഇന്നു വൈകുന്നേരത്തോടെ സാധനം വീട്ടിലെത്തും എന്നു പറയുകയായിരുന്നു ലക്ഷ്യം. അപ്പോൾ ഞാനറിഞ്ഞത് ആ ആർട്ടിക്കിൾ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു എന്നാണ്. കത്തു കൊടുക്കുമ്പോൾ പോസ്റ്റ്മാൻ ചോദിച്ചുവത്രെ 'പരാതി വല്ലതും കൊടുത്തിരുന്നോ' എന്ന്. ഞാൻ കൊടുത്തിട്ടില്ലെന്നും അയച്ച ആൾ കൊടുത്തതാകുമെന്നും ഭാര്യ അയാളോട് പറഞ്ഞത്രെ. എന്തിനും ഏതിനും പരാതി കൊടുക്കുന്നവനാണ് ഞാനെന്ന് അവൾക്കല്ലാതെ മറ്റാർക്ക് ഇത്ര കൃത്യമായി പറയാൻ കഴിയും? 25 കൊല്ലം എന്റെ കൂടെ കഴിഞ്ഞതല്ലേ?

എന്റെ പരാതി സ്പീഡ്പോസ്റ്റുകാർ കാണുന്നുണ്ടായിരുന്നുവെന്നും നടപടി എടുത്തു എന്നും വേണം അനുമാനിക്കാൻ. കണ്ണൂരിൽ കത്തിനു വിളംബം ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മാൻ ഭാര്യയോട് പറഞ്ഞുവത്രെ. എന്തായാലും ഞാനയച്ച സ്പീഡ്പോസ്റ്റ് കത്ത് ഒരാഴ്ച കൊണ്ട് കണ്ണൂരിലെത്തി. അത് തീവണ്ടിയിലോ വിമാനത്തിലോ പോയത് എന്ന് അവർക്കു മാത്രം അറിയാം. നോക്കണേ  ഒരു സ്പീഡ്പോസ്റ്റിന്റെ ഒരു സ്പീഡ്. " ഹോ, എന്തൊരു സ്പീഡ്" എന്നു പറയാനാണ് തോന്നുന്നത്. അപ്പോൾ ഓർമ്മ വരുന്നത് കൊടിയേറ്റം ഗോപിയേയും....







2015, ജൂൺ 18, വ്യാഴാഴ്‌ച

ഘർ വാപസി

കേരളത്തിലിപ്പോൾ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. വൃക്ഷലതാതികൾ വെട്ടിക്കളഞ്ഞും വയലുകൾ നികത്തി പറമ്പാക്കിയും നമ്മൾ ആധുനികന്മാരാകുകയായിരുന്നു ഇതുവരെ. അതൊക്കെ നിൽക്കുന്ന ലക്ഷണമാണിപ്പോൾ കാണുന്നത്.

ആറന്മുളക്കാർ ഇപ്പോൾ വിമാനത്താവളത്തിനു വേണ്ടി തൂർത്തു കളഞ്ഞ തോടും വയലുമൊക്കെ പുന:സൃഷ്ടിക്കുകയാണ്. പഴമ നില നിർത്തുകയാണവരുടെ ലക്ഷ്യം. അവർക്ക് വിമാനത്താവളമുള്ള ഭാവിയിലേക്കല്ല പോകേണ്ടത്; മറിച്ച് സ്വച്ഛരമണിയമായ പുരാതനതയിലാണ് താല്പര്യം.

സിനിമക്കാരൊക്കെ വയലുകൾ വാങ്ങി കൃഷി തുടങ്ങിയിരിക്കുന്നു. പലരും വിത്തിടുന്നതിന്റേയും കൊയ്യുന്നതിന്റേയും മറ്റും തിരക്കിലാണ്. ഇതെല്ലാം ഒരു തരം തിരിച്ചു പോക്കല്ലാതെ മറ്റെന്താണ്? കൃഷിയൊക്കെ നമ്മൾ കെട്ടിപ്പൂട്ടിയതല്ലായിരുന്നോ?

വിഷമില്ലാത്ത പച്ചക്കറി എന്നു പറഞ്ഞ് ഗവണ്മെന്റും രാഷ്ട്രീയ പാർട്ടിക്കാരും ഒക്കെ വീണ്ടും കൃഷി തുടങ്ങുന്ന ലക്ഷണമാണ്. ഇങ്ങനെയാണെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊടിയിലും പാർട്ടി ആഫീസിനു മുന്നിലും മാത്രം ഇപ്പോൾ കാണുന്ന അരിവാൾ കൊല്ലന്റെ ആലയിൽ പുനർജ്ജനിച്ചെന്നും വരാം. അരിവാളില്ലാതെ കൊയ്തു നടക്കില്ലല്ലോ? അപ്പോൾ അതും ഒരു തിരിച്ചു പോക്കാണ്. ഒരു പക്ഷേ, വയലേലകൾ മാത്രമല്ല അന്യം നിന്നു പോകുന്ന ആലകളും തിരിച്ചു വന്നേക്കാം.

മാഗി നിരോധിച്ചതോടെ അത്തരത്തിലുള്ള ഒരു കൂട്ടം ആധുനിക വിഭവങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ്. പകരം വല്ല ഇലയടയോ തവിടപ്പമോ ഒക്കെ പുർജ്ജനിച്ചെന്നു വരാം. അതും ഒരു തിരിച്ചു പോകല്ലേ? ഇനി പെപ്സിക്കും കൊക്കക്കോളക്കും വല്ല നിരോധനവും വരികയാണെങ്കിൽ നമ്മുടെ മോരിൻ വെള്ളവും നാരങ്ങാവെള്ളവുമൊക്കെ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നു വരാം.

എന്നാലും എനിക്കൊന്നുറപ്പുണ്ട്. ഗവണ്മെന്റ് പ്ലാസ്റ്റിക്ക് നിരോധിക്കില്ലെന്നും നമ്മുടെ പഴയ തേക്കിലയും ഉണങ്ങിയ വാഴയിലയും മറ്റിലകളും പീടികകളിൽ മീൻ പൊതിയാനും മറ്റുമായി വീണ്ടും തിരിച്ചു വരില്ലെന്നും. പ്ലാസ്റ്റിക്കിനോളം സൗകര്യമുള്ളത് മറ്റെന്തുണ്ടീ പുരാതനഭൂമിയിൽ? (ഭൂമി വൃത്തി കേടായാലെന്താ? ജിവജാലങ്ങൾ ചത്താലെന്താ?)

ഇപ്പോൾ കല്ലുപ്പ് കിട്ടാനില്ല. എല്ലാം അയൊഡൈസ്ഡ് ഉപ്പല്ലേ? അതിന്റെ ദോഷം ജനങ്ങൾക്ക് മനസ്സിലാകുമ്പോൾ, പണ്ട് പീടികയുടെ മൂലയിൽ വെള്ളമൊലിച്ച് കിടന്നിരുന്ന കല്ലുപ്പ് മരികകൾ വീണ്ടും തിരിച്ചു വരാതിരിക്കില്ല.

ഞാൻ ജോലി ചെയ്യുന്ന ജോലിയല്ല എന്റെ പിള്ളേരൊന്നും ചെയ്യുക. അവരൊക്കെ പഠിച്ചത് വേറെയാ. ഈയിടെ എന്റെ ജോലിയിൽ ഒരു സഹായം വേണ്ടി വന്നപ്പോൾ തോന്നിയത്, പിള്ളേരും ഞാൻ ചെയ്യുന്ന ജോലി ചെയ്തിരുന്നെങ്കിൽ അവരുടെ സഹായം ചോദിക്കാമായിരുന്നൂ എന്നാണ്. അതോർത്തപ്പോൾ തോന്നുന്നത് കുലത്തൊഴിലും തിരിച്ചു വരുമെന്നാണ്. 

ഈയിടെ കണ്ണുരിൽ ബോംബു പൊട്ടി മരിച്ച രണ്ടു പേരുടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് അവർ ബി. ജെ.പി. ക്കാരാണെന്നാണ്. അവരുടെ നെറ്റിയിലെ വലിയ ചന്ദനക്കുറിയും പൊട്ടും മറ്റും കണ്ടാൽ ഞാൻ മറ്റെന്താണ് കരുതേണ്ടത്? പിന്നീട് വാർത്ത വായിച്ചപ്പോഴാണ് അവർ മാർക്സിസ്റ്റുകാരാണെന്ന് ബോദ്ധ്യമായത്. അപ്പോൾ മാർക്സിസ്റ്റുകാരും തിരിച്ചുപോക്കിന്റെ പാതയിലാണെന്നു വേണം കരുതാൻ.  കുറി തൊടലും അമ്പലത്തിൽ പോക്കും ഒരു തുടക്കം മാത്രം. ഒടുവിൽ അഭയം ഭാരതത്തിന്റെ ദേശീയ പാർട്ടിയിൽ തന്നെ. തിരിച്ചു പോക്കിന്റെ സ്പീഡ് അരുവിക്കര റിസൾട്ട് വരുമ്പോൾ അറിയാം.

ഇതെല്ലാം മുൻ കൂട്ടി കണ്ടു കൊണ്ടായിരിക്കുമോ ആർ. എസ്. എസ്സുകാർ 'ഘർ വാപസി' എന്ന പരിപാടി തുടങ്ങിയത്? അതോ ഘർ വാപസിയുടെ ഒരു പ്രതിദ്ധ്വനിയും പ്രഭാവവുമാണോ ഇതിനൊക്കെ കാരണം?  ഘർ വാപസി എന്നാൽ ഒരു തിരിച്ചു പോക്കാണല്ലോ, അല്ലേ?

ഇനി ഇതിനൊക്കെ പുറമേ, സാക്ഷാൽ ഘർ വാപസി കൂടെ ആയാലോ? എങ്കിലത്തെ കഥ പിന്നെ പറയേണ്ടതില്ല.