2011, മേയ് 24, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 1

ഇത് ഒരു യാത്രാവിവരണമല്ല. അത്തരം ഒരു വിവരണത്തിൽ അവശ്യം വരേണ്ട പലതും ഇതിൽ ഉണ്ടാവില്ലെന്നതു തന്നെ പ്രധാന കാരണം; കെട്ടിയിടപ്പെട്ട പശു കയറു പൊട്ടിച്ച് ആരാന്റെ പറമ്പിൽ കയറി പുല്ലു തിന്നുന്നതുപോലെ യാത്രയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളും ഇവിടെ എഴുന്നള്ളിക്കണ്ടെന്നും വരാം. അതുകൊണ്ടു തന്നെ ഇതിനെ ഇനി യാത്രാനുഭവങ്ങൾ എന്നു പറയാമോ എന്നും ഉറപ്പില്ല.

തോന്ന്യാക്ഷരങ്ങൾ -

ആരാണീ പ്രയോഗം ആദ്യമായി നടത്തിയത്?

അറിയില്ല.

പക്ഷേ പണ്ടെവിടെയോ അതു വായിച്ചിട്ടുണ്ട്. അല്ലെങ്കിലിപ്പോൾ ഈ പ്രയോഗം മനസ്സിലേക്കോടിയെത്തില്ല. ആ പ്രയോഗത്തിന്റെ അർത്ഥാനർത്ഥങ്ങളിലേക്ക് കടക്കാനൊന്നും ഞാനിപ്പോൾ മുതിരുന്നില്ല. ഇനി ഇതിന്‌ കോപ്പിറൈറ്റ് വല്ലതും ഉണ്ടോ എന്നും ഞാൻ അന്വേഷിച്ചിട്ടില്ല.

ഞാൻ എഴുതുന്നത് ഒരു യാത്രാവിവരണം അല്ലെന്നിരിക്കേ, അതിൽ നിറയെ എന്റെ മനസ്സിൽ തോന്നുന്ന ചിന്തകളുണ്ടെന്നിരിക്കേ, അതെ, ഇതിനെ തോന്ന്യാക്ഷരങ്ങൾ എന്നു പറയുന്നതാവും ഉചിതം...

വഴിയിൽ വച്ച് കണ്ണിൽ പെട്ട കാഴ്ചകൾ അറിയുന്ന വാക്കുകളിൽ കുറിച്ചിടുക; അത്ര മാത്രമേ ഉദ്ദേശിക്കുന്നുള്ളു. വഴിയിലെ എല്ലാ കാഴ്ചകളും കണ്ണിൽ പെട്ടുകാണില്ല, അത്തരം കാണാക്കാഴ്ചകളിൽ ചിലത് മറ്റുള്ളവരിൽ നിന്ന് കേൾക്കും. അവ 'കേട്ട കാര്യങ്ങൾ' എന്ന വകുപ്പിൽ പെടും, അവയും ഇവിടെ കുറിച്ചിട്ടെന്നു വരാം. പിന്നെ ഈ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും എന്റെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങൾ..... അതും ഇവിടെ കാണും. ഇവയെല്ലാം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത വിധം ഇവിടെ കോറി വയ്ക്കുക; അതിലപ്പുറം ഉദ്ദേശങ്ങളൊന്നും ഇതിലില്ല. ഒരു ഡയറിയിൽ എഴുതുന്നതിൽ നിന്നും എത്രയോ എളുപ്പത്തിൽ എഴുതിവയ്ക്കാൻ ഈ ബ്ലോഗിനേക്കാൾ ലളിതമായ മാർഗ്ഗം മറ്റേതുണ്ട്? ബ്ലോഗാവുമ്പോൾ വല്ലവർക്കും വേണമെങ്കിൽ വായിക്കുകയുമാവാമല്ലോ.

എഴുതുമ്പോൾ ചിലപ്പോൾ സഹയാത്രികരെക്കുറിച്ചെന്തെങ്കിലും എഴുതിയെന്നിരിക്കും. ആരെയും വേദനിപ്പിക്കാനല്ല, ആരെയും മോശക്കാരാക്കാനുമല്ല. ചില വ്യക്തികൾ, സംഭവങ്ങൾ... അവ() നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റും... അത്തരം കാര്യങ്ങളേ എഴുതൂ, യാതൊരു ദുരുദ്ദേശവുമില്ലാതെ....രണ്ട് മൂന്ന് ഉദാഹരണങ്ങൾ പറയാം, ഒരു തുടക്കമെന്ന നിലയിൽ.....ബാക്കി സമയാസമയങ്ങളിലും....

എന്റെ സംഘത്തിൽ ഒരു കൂട്ടായിട്ട് രണ്ട് പേർ ഉണ്ടായിരുന്നു; ഒരാണും ഒരു പെണ്ണും. ആണ്‌ ഒരു വീട്ടിലെ ഭർത്താവും അച്ഛനുമാണ്‌. പെണ്ണ് മറ്റൊരു വീട്ടിലെ ഭാര്യയും അമ്മയുമാണ്‌..... അവർ സുഹൃത്തുക്കളാകുന്നതിൽ ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. ഒന്നിച്ച് കൈലാസയാത്ര നടത്തുന്നതിലും ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. പക്ഷേ, യാത്രയിലുടനീളം അവസരം കിട്ടുമ്പോഴെല്ലാം ഒരുമിച്ചൊരു മുറിയിൽ കഴിയുക, ഒരുമിച്ചൊരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, എന്തിന്‌? ഒരുമിച്ചൊരു കപ്പ് കാപ്പി മാറി മാറിക്കുടിക്കുക എന്നൊക്കെ കാണുമ്പോൾ ആരും ശ്രദ്ധിച്ചു പോകും, ഇവർ സുഹൃത്തുക്കളോ, ഭാര്യാഭർത്താക്കന്മാരോ അതോ കാമുകീകാമുകന്മാരോ എന്ന്‌...

എന്റെ സംഘത്തിൽ രണ്ട് ഡോക്റ്റർമാർ ഉണ്ടായിരുന്നു. രണ്ടും പെണ്ണുങ്ങൾ. എനിക്കാണെങ്കിൽ യാത്രയിലുടനീളം ബ്ലഡ് പ്രഷർ കൂടുതലായിരുന്നു. യാത്ര പാതി വഴി പിന്നിടുമ്പോൾ ഉള്ള മെഡിക്കൽ ടെസ്റ്റിൽ എന്റെ പ്രഷർ 160/100 എന്ന വലിയ അളവിലായിരുന്നു. ഒരു ലേഡീ ഡോക്റ്ററെ കണ്ട് പ്രഷറിന്റെ ഗുളിക ചോദിച്ചപ്പോൾ അവർ ഒരു മടിയും കൂടാതെ ഉടനെ എടുത്തു തന്നു. പ്രഷർ കാരണം എന്റെ യാത്ര മുടങ്ങരുതെന്ന് അവർ കരുതിക്കാണണം. അടുത്ത തവണ ഞാൻ ഗുളികക്ക് മറ്റേ ലേഡീ ഡോക്റ്ററെയാണ്‌ സമീപിച്ചത്. അവർ എന്റെ പ്രഷറിന്റെ ല്ലാ ചരിത്രവും ചോദിച്ച് ചോദിച്ച് അവസാനം എനിക്ക് ഗുളികയുടെ ആവശ്യമില്ലെന്നെന്നെ ഉപദേശിച്ച് വിട്ടു. കൈലാസനാഥൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്നു വേണം കരുതാൻ. യാത്രാവസാനം, യാത്രക്കാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ ആദ്യത്തെ ആളിന്റെ പേർ ഡോ. ആരാധന എന്നു കൊടുത്തപ്പോൾ രണ്ടാമത്തെ ആളിന്റെ പേര്‌ വെറും മിസ്സിസ്സ് സുധ എന്നേ ഉണ്ടായിരുന്നുള്ളൂ. രോഗിക്ക് മരുന്ന് ആവശ്യമുള്ളപ്പോൾ കൊടുക്കാത്ത ആളിന്റെ പേരിൽ ഡോ. വേണ്ടെന്ന് ദൈവം ഫോട്ടോ എഡിറ്ററെ തോന്നിപ്പിച്ചു കാണും. അല്ലാതെ ഞാനെന്തു പറയാൻ!!

ഗ്രൂപ്പിൽ രണ്ട് പെണ്ണുങ്ങളുണ്ടായിരുന്നു. ഹൗ! എന്താണവരുടെ വണ്ണം? അവരുടെ ഓരോ ചന്തിയും ഒരു രണ്ടിൽ ചില്വാനം ചന്തിയെങ്കിലും കാണും. , അതൊരു കാഴ്ച തന്നെയായിരുന്നു, യാത്രയിലുടനീളം!!! ഒരുത്തിക്കാണെങ്കിൽ നീളവും ഇല്ലായിരുന്നു; അവളെങ്ങാൻ എന്റെ അടുത്ത് നിന്നിരുന്നെങ്കിൽ 10 എന്നെഴുതിയ പോലെ ഉണ്ടാകുമായിരുന്നു. ഒരൊന്നും ഒരു പൂജ്യവും.

ഈ എഴുത്തിൽ ധരാളം കുറ്റങ്ങളും കുറവുകളും കാണും. അത് തികച്ചും സ്വാഭാവികം. ആരെങ്കിലും ഇത് വായിക്കാനിടയായാൽ എഴുത്തങ്ങനെയായി, ഇങ്ങനെയായി എന്നൊക്കെ അവരിതിൽ തെറ്റ് കാണും. അതും സ്വഭാവികം; എന്തെന്നാൽ നമ്മൾ ഭാരതീയർ പൊതുവിലും കേരളീയർ പ്രത്യേകിച്ചും മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാൻ ബഹുകേമന്മാരാണ്‌. ഞാനിതു വെറുതെ പറയുകയല്ല. തെളിവു തരാം വേണമെങ്കിൽ, വായിച്ചുകൊള്ളൂ!!!

നമ്മുടെ കൊതുകില്ലേ? പാവം!.......... മൂന്നക്കം വരുന്ന എല്ലുകൾ മനുഷ്യന്മാർക്കുള്ളപ്പോൾ പാവം കൊതുകിന്‌ പേരിനൊരെല്ലു പോലും ഇല്ലെന്ന്‌ നമുക്കറിയാം. എന്നിട്ടും ആ ഇത്രയും പോന്ന കൊതുകിനോടാണ്‌ മനുഷ്യന്റെ യുദ്ധം. നോയ്ഡയിലെ വീടുകൾക്കു മുന്നിലൂടെ 'ഫോഗിങ്ങ് മെഷീൻ' പുക തുപ്പിപ്പായുമ്പോൾ അതിന്റെ ഡ്രൈവറുടെ വിചാരം കാർഗിലിൽ പാക്കിസ്ഥാൻകാരനെ വെടി വയ്ക്കുകയാണ്‌ എന്നാണ്‌. പാവം കൊതുകാണ്‌ ചത്തു വീഴുന്നത് എന്ന് അവനറിയുന്നേ ഇല്ല.

കൊതുകിനെ കൊല്ലുന്ന കാര്യം അബദ്ധവശാൽ പറഞ്ഞെന്നേയുള്ളു; മനുഷ്യൻ കൊതുകിനെതിരേ കുറ്റം കണ്ടുപിടിക്കുന്ന കാര്യമാണ്‌ ഞൻ പറഞ്ഞു വരുന്നത്............

വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, അത് മുട്ട വിരിഞ്ഞുണ്ടാകുന്നതല്ലേ? അമ്മിഞ്ഞ കുടിച്ച് വളരാനുള്ള ഭാഗ്യമൊന്നും കൊതുകിനില്ല. അതുകൊണ്ടാണ്‌ ഞാൻ പാവം കൊതുകെന്ന്‌ വീണ്ടും പറഞ്ഞത്. ആ കൊതുകിനെ ഒന്നു നോക്കൂ..... അത് ഒരു സ്ത്രീയുടെ ചോര കുടിക്കാൻ നോക്കുമ്പോൾ കാണുന്നതെന്താ? കുഞ്ഞ് അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... ഒരു പശുവിന്റെ പുറത്ത് ഇരിക്കുമ്പോൾ കാണുന്നതെന്താ? പശുക്കുട്ടി അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... കൊതുക് ഒരാടിന്റെ പുറത്തിരിക്കുമ്പോഴോ? അപ്പോഴും കാണുന്നത് ആട്ടിൻ‍കുട്ടി അമ്മിഞ്ഞ കുടിക്കുന്നതാണ്‌. ഇതൊക്കെ കാണുമ്പോൾ തനിക്കും അൽപ്പം അമ്മിഞ്ഞ കുടിച്ചാൽ കൊള്ളാമെന്ന് കൊതുകിന്‌ ഒരു മോഹമുണ്ടായാൽ അതിനെ കുറ്റം പറയാമോ? ഇല്ല തന്നെ. അങ്ങനെയാണ്‌ അത് പശുവിന്റെ അകിട്ടിൽ പോയി ഇരിക്കുന്നത്. അകിട്ടിൽ എന്നു പറഞ്ഞാൽ പശുവിന്റെ അമ്മിഞ്ഞ മേൽ.

വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, എത്ര ചെറുതാണ്‌ അതിന്റെ വായ. പശുവിന്റെ അമ്മിഞ്ഞയൊന്നും അതിന്‌ വായ്ക്കകത്താക്കാൻ പറ്റില്ല തന്നെ. പിന്നെ എങ്ങനെ അമ്മിഞ്ഞ കുടിക്കും? ഇനി , ഒന്നേയുള്ളു മാർഗ്ഗം... അമ്മിഞ്ഞമേൽ എവിടെയെങ്കിലും ഒന്നു കുത്തി നോക്കുക. അമ്മിഞ്ഞ കിട്ടിയാലായി.... പാവം കൊതുക്‌... അതിന്‌ തലച്ചോറൊന്നും ഇല്ലല്ലോ, ചിന്തിക്കാൻ,... അതിനറിയില്ലല്ലോ കുത്തിയാൽ വരുന്നത് ചോരയാണെന്ന്‌. പിന്നെ കിട്ടിയതാവട്ടെ എന്നു കരുതി കൊതുകാ ചോര കുടിക്കും, ഒന്നുമില്ലെങ്കിലും വിശപ്പെങ്കിലും മാറുമല്ലോ എന്നു കരുതി.... ഇത്രയും മതി അറിയാതെ ചെയ്തുപോയ പ്രവർത്തിക്ക് മലയാളിയുടെ കുറ്റം കേൾക്കാൻ... അതും സാംസ്കാരിക നായകന്മാരെന്നും സാഹിത്യനായകന്മാരെന്നും ഒക്കെ പറയപ്പെടുന്ന വിദ്യാസമ്പന്നരായ കവികളിൽ നിന്ന്‌. നോക്കൂ, എന്താണ്‌ കവി പറഞ്ഞതെന്ന്?

"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം."

ഇപ്പോൾ മനസ്സിലായില്ലേ നമ്മൾ മറ്റുള്ളവരെ കുറ്റം പറയാൻ മിടുക്കന്മാരാണെന്ന്. ഇത്ര ക്രൂരമാകാമോ മനസ്സ്?

"ഇത്ര ക്രൂരനാകാമോ മനുഷ്യൻ" എന്നു വേണമായിരുന്നൂ എന്നല്ലേ നിങ്ങളുടെ മനസ്സിപ്പോൾ പറയുന്നത്? ഇതാ ഞാൻ പറഞ്ഞത് മറ്റുള്ളവർ പറയുന്നതിൽ തെറ്റ് കാണാൻ നമുക്ക് മിടുക്ക് കൂടുതലാണെന്ന്‌... പക്ഷേ, ഒന്നാലോചിച്ചാൽ നിങ്ങൾ പറഞ്ഞതും ശരിയാണ്‌. പക്ഷേ രണ്ടും ശരിയാകുന്നതെങ്ങനെ? ഏതാണ്‌ ശരി എന്നെങ്ങനെ കണ്ടു പിടിക്കും?

ഇത്തരം സന്ദർഭങ്ങളിലാണ്‌ നമ്മൾ അല്പം തത്വചിന്താപരമായി സമീപിക്കേണ്ടത്. വാക്കുകളും പ്രയോഗങ്ങളും തത്വചിന്താപരമായി വിശകലനം ചെയ്യുമ്പോൾ ഇതിനൊക്കെ ഉത്തരം കിട്ടാതിരിക്കില്ല. മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യന്റെ മുഖം പ്രസന്നമായിരിക്കും, ശരീരം ചുറുചുറുക്കുള്ളതായിരിക്കും. അതായത് മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യനും സന്തോഷം ആയിരിക്കും. ഇനി മനസ്സ് നിറയെ സങ്കടമാണെങ്കിലോ? മനുഷ്യന്റെ മുഖം ദു:ഖസാന്ദ്രമായിരിക്കും, ശരീരം ഉന്മേഷരഹിതമായിരിക്കും. അതായത് മനസ്സിൽ സങ്കടമായിരിക്കുമ്പോൾ മനുഷ്യനും സങ്കടമായിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ മനസ്സിന്റെ അവസ്ഥ തന്നെയാണ്‌ മനുഷ്യന്റെ അവസ്ഥ. ഈ "അവസ്ഥ"യിൽ ഗണിതശാസ്ത്രത്തിലും മറ്റും ചെയ്യുന്നതു പോലെ 'കൊറോളറി' ഒന്ന് പ്രയോഗിച്ചു നോക്കൂ. അപ്പോൾ കാണാം ഈ മനസ്സും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന്‌. അപ്പോൾ നോക്കൂ, നമ്മൾ തമ്മിൽ ചിന്താഗതിയിൽ എന്തൊരു യോജിപ്പെന്ന്‌. ഇതായിരിക്കാം നമ്മുടെ സംസ്കാരത്തെ പറ്റി നമ്മൾ പറയുന്ന നാനാത്വത്തിലെ ഏകത്വം. അല്ലേ? അതായത് നിങ്ങൾക്ക് തോന്നുന്നുണ്ടാകും നമ്മൾ കുറ്റം പറയാൻ മോശക്കാരല്ലെന്ന്. അല്ലേ?

സത്യം പറഞ്ഞാൽ ഈ കുറ്റം പറച്ചിൽ നമ്മൾ മനുഷ്യർ മാത്രം ചെയ്യുന്നതാണ്‌. ഏതെങ്കിലും പശുവോ ആടോ പരസ്പരം കുറ്റം പറഞ്ഞതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. പാമ്പുകൾ, പറവകൾ എന്നിവയും അങ്ങനെ തന്നെ. പിന്നെ നമ്മൾ വളർത്തുന്ന നായ്ക്കൾ മാത്രമുണ്ട് കുരച്ചും പരസ്പരം കടി കൂടിയും സമയം കളയുന്നത്, അത് ഒരു പക്ഷേ നമ്മിൽ നിന്നും കിട്ടിയതാകാനും മതി. അവയ്ക്കീ ദു:സ്വഭാവം ഉള്ളതുകൊണ്ടാണല്ലോ നമ്മൾ അവയെ 'നായ്ക്കൾ', 'പട്ടികൾ' എന്നൊക്കെ വിളിക്കുന്നത്.

എന്തായിരിക്കും ഇങ്ങനെ കറ്റം പറയാൻ തോന്നാൻ കാരണം എന്നാണോ? അതും പറയാം, കേട്ടോളൂ..... നമ്മൾ ഭാരതീയർ ചെറുപ്പത്തിൽ ആദ്യം പഠിക്കുന്നത് നമ്മുടെ തെറ്റുകൾക്കു പോലും മറ്റുള്ളവരെ കുറ്റം പറയാനാണ്‌. അതും വെറുതെ പറയുകയല്ല, തെളിവു തരാം... എന്നിട്ട് മുന്നോട്ട് പോകാം. അങ്ങനെയാകുമ്പോൾ അബദ്ധവശാൽ ആരെങ്കിലുമിതൊക്കെ വായിച്ചാലും ഒന്നും പറയാതെ സ്ഥലം വിട്ടു കൊള്ളും. വായിച്ചോളൂ....

മുട്ടുകുത്തി നടക്കുന്ന കുഞ്ഞ് നിൽക്കാൻ ശ്രമിക്കുകയാണ്‌; അതല്ലെങ്കിൽ നിൽക്കാനറിയുന്ന കുഞ്ഞ് നടക്കാൻ പഠിക്കുകയാണ്‌. തീർച്ചയായും കുഞ്ഞ് വീഴും; വീഴുമ്പോൾ കുറച്ചൊക്കെ വേദനിക്കും; അത് കരയും. ഭാരത സ്ത്രീ അല്ലേ? ഉടനെ അമ്മയുടെ മനസ്സ് നടുങ്ങും.. ഓടിപ്പോയി കുഞ്ഞിനെ എടുക്കും, ഒക്കത്ത് വയ്ക്കും, എന്നിട്ട് തടവും, തലോടും, ചന്തിക്ക് കൊട്ടും, ഉമ്മ കൊടുക്കും, എന്തിന്‌? കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യും... അപ്പോൾ കുഞ്ഞിനും തോന്നും വീഴുന്നതും ഒരു കണക്കിൽ നല്ലതാണെന്ന്‌.

പക്ഷേ, അമ്മ അവിടം കൊണ്ടും നിറുത്തില്ല. കുഞ്ഞ് വീണ സ്ഥലത്ത് കൈ കൊണ്ട് ഒരൊറ്റ അടിയാണ്‌. എന്നിട്ട് ഒരു ചോദ്യവും. "ആങ്ഹാ... നീ എന്റെ കുഞ്ഞിനെ വീഴ്ത്തും അല്ലേ?" എന്ന്. ഇത് കേൾക്കുന്ന കുഞ്ഞ് കരുതും താൻ വീണത് നിലത്തിന്റെ കുറ്റം കൊണ്ടാണെന്നും തന്റെ വീഴ്ച്ചയിൽ തനിക്കൊരു പങ്കുമില്ലെന്നും. ഈ ചിന്തയും മനസ്സിൽ വച്ചാണ്‌ കുഞ്ഞ് പിന്നെ വളരുന്നത്. ഭാരതപൗരന്‌ മറ്റുള്ളവരെ കുറ്റം പറയുന്ന ശീലമില്ലെങ്കിലല്ലേ പിന്നെ നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളൂ?

ഇനി നമ്മുടെ വീഴ്ചക്ക് കുറ്റം പറയാൻ ആരേയും കിട്ടിയില്ലെങ്കിൽ അപ്പോൾ നമ്മൾ കുറ്റം പറയുന്നത് ദൈവത്തെയായിരിക്കും. ദൈവത്തിനെന്നെ കണ്ടുകൂടെന്നോ ദൈവം തന്റെ തലയിലെഴുതിയത് ശരിയായില്ലെന്നോ ഒക്കെ.

അപ്പോൾ മറുനാടൻ അമ്മമാർ എങ്ങനെയാണ്‌ കുഞ്ഞുങ്ങളെ വളർത്തുക എന്നാണോ? അവർ കുഞ്ഞ് വീണാൽ ഓടിപ്പോയി എടുക്കുകയൊന്നുമില്ല, കുഞ്ഞ് വീഴുമ്പോൾ അവർ ശ്രദ്ധാപൂർവ്വം നിൽക്കുകയേയുള്ളു. അവരുടെ സ്നേഹപ്രകടനമൊക്കെ കുഞ്ഞ് നടന്നുകഴിയുമ്പോഴാണ്‌!!

ഇത്രയൊക്കെ ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് . . ഇതാ. . ഞാനിവിടെ കോറി ഇടുകയാണ്‌, എന്റെ കൈലാസയാത്രയിലെ ഈ തോന്ന്യാക്ഷരങ്ങൾ.....

........................................................................................................ തുടരും