2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

എന്റെ വിഡ്ഡിദിന ചിന്തകൾ

വിഡ്ഡിദിനത്തിനു പറ്റിയ ചില ചിന്തകൾ ഈയിടെ എന്റെ മനസ്സിലൂടെ കടന്നു പോയി. അതെല്ലാം ഇവിടെ കോറിയിടാൻ ഈ വിഡ്ഡിദിനത്തിൽ തന്നെ ഞാൻ സമയം കണ്ടെത്തുകയാണ്‌.

ഡൽഹിയിൽ നിന്നും കേരളത്തിലേയ്ക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗം വായുമാർഗ്ഗമാണെന്നതിന്‌ രണ്ടു പക്ഷമില്ല. പക്ഷേ മാസത്തിൽ ഒന്നിലധികം തവണ വായുമാർഗ്ഗം കേരളത്തിലേയ്ക്ക് വരാൻ, അതു സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയിട്ടാവുമ്പോൾ, എന്നെപ്പോലെയുള്ള സർക്കാർ ജോലിക്കാരനു പറ്റില്ല. അതുകൊണ്ടാണ്‌ രണ്ടാമത്തെ അവസരത്തിൽ കേരളത്തിലേയ്ക്ക് വരാൻ ഞാൻ റയിൽ‍വേയെത്തന്നെ കൂട്ടുപിടിക്കാൻ തീരുമാനിച്ചത്.

കേരള എക്സ്പ്രസ്സിൽ ഉടനെ ഒരു ടിക്കറ്റ് കിട്ടുന്നത് ഒട്ടു ബുദ്ധിമുട്ടായതിനാലും രാജധാനിയ്ക്ക് യാത്രാസമയം കുറച്ചു മതി എന്നതിനാലും ആ വഴിയ്ക്കായി എന്റെ ചിന്ത. IRCTCയിൽ റ്റിക്കറ്റിനു പരതുമ്പോളതാ കിടക്കുന്നു ഒരു ദുരന്തോ എക്സ്പ്രസ്. നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേയ്ക്ക് നോൺസ്റ്റോപ്പായി ഓടുന്ന പ്രതിവാര വണ്ടിയാണ്‌ രാജധാനിയുടെ ഗണത്തിൽ പെടുന്ന ഈ ദുരന്തോ. രാജധാനി പത്തുപതിനഞ്ചു സ്റ്റേഷനുകളിൽ നിർത്തുമ്പോൾ ഈ ദുരന്തോ ഡൽഹി വിട്ടാൽ എറണാകുളത്തേ നിർത്തൂ. പോരാത്തതിനു സ്ലീപ്പർക്ലാസുമുണ്ട്. നോക്കുമ്പോൾ ബർത്തും അവെയ്ലബിളാണ്‌. പൈസ ഇത്തിരി കൂടിയാലും ഫ്രീ ശാപ്പാടും കിട്ടും. രാജധാനിയിലിരുന്ന് കോഴിക്കാലു പോലെയുള്ള റസ്ക്, റ്റുമാറ്റോ സൂപ്പിൽ മുക്കിത്തിന്ന് യാത്ര ചെയ്തിട്ടുള്ള പഴയ ദിവസങ്ങൾ ഞാനോർത്തു നോക്കി. ഞാൻ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല; ദുരന്തോയിൽ നേരെ എറണാകുളത്തേയ്ക്ക് ഒരു ടിക്കറ്റെടുത്തു.

വണ്ടിയിൽ കയറുമ്പോൾ ഞാനിത്തിരി ഉഷാറിലായിരുന്നു. എന്താ, എറണാകുളത്തേയ്ക്കുള്ള നോൺ‍സ്റ്റോപ്പിലല്ലേ യാത്ര! എന്നാലും വണ്ടിയിൽ വെള്ളം നിറയ്ക്കണം, കക്കൂസ് കഴുകണം, എന്തെങ്കിലുമൊക്കെ മെയ്ന്റനൻസ് വേണ്ടി വരും എന്നൊക്കെയുള്ളതുകൊണ്ട് വണ്ടി ഒന്നു രണ്ടു സ്ഥലത്ത് നിർത്താതിരിയ്ക്കില്ലെന്ന്‌ ഞാനൂഹിച്ചു.

രാത്രി ഒമ്പതരയ്ക്ക് വണ്ടി നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ടു. നല്ല ഉറക്കം തോന്നുന്നുണ്ടായിരുന്നെങ്കിലും ടി.ടി.ഇ. വരുന്നതു വരെ ഞാൻ സീറ്റിൽ ക്ഷമിച്ചിരുന്നു. പിന്നീട് ഞാനുറങ്ങി. ക്ഷീണം ഉണ്ടായിരുന്നതുകൊണ്ടാകണം ഞാൻ രാത്രിയിൽ ഉണർന്നതേയില്ല. രാവിലെ ഉണരുമ്പോൾ വണ്ടി രത്‍ലം സ്റ്റേഷനിൽ നിൽക്കുകയാണ്‌. വണ്ടിയ്ക്കിതെന്തു പറ്റി എന്ന് ഞാൻ സംശയിച്ചു. മൊബൈലിൽ വന്ന എസ്സെംഎസ്സുകൾ ഞാൻ നോക്കി. ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു ഉത്തർപ്രദേശ്, ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു രാജസ്ഥാൻ, ബി.എസ്.എൻ.എൽ. വെൽക്കംസ് യു റ്റു മദ്ധ്യപ്രദേശ് എന്നൊക്കെയാണവ. ഞാനതെല്ലാം ഡിലീറ്റ് ചെയ്തു.

എല്ലാരും ഉറങ്ങുകയാണ്‌; ആളുകൾ ഉണർന്ന് കൂട്ടം കൂടുമ്പോഴുള്ള തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ വേഗം പല്ലുതേപ്പ് പൂർത്തിയാക്കി ബർത്തിൽ തന്നെ വന്നിരുന്നു. ചായക്കാരൻ വരുന്നു. രാത്രി ഒന്നും കഴിയ്ക്കാതിരുന്നതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ഞാൻ വേഗം ഒരു ചായ വാങ്ങിക്കുടിച്ചു. അപ്പോഴേയ്ക്കും വണ്ടി രത്‍ലം വിട്ടു കഴിഞ്ഞിരുന്നു.

കയ്യിലിരുന്ന 'ദ വീക്ക്' എടുത്ത് പേജ് ഓരോന്നായി ഞാൻ മറിച്ചു. ശോഭാ ഡേയുടെ പംക്തി ഞാൻ ശ്രദ്ധിച്ചു. 60 വയസ്സുകാരി സുഹാസിനി മുലായ് 65 കാരനെ കല്യാണം കഴിച്ചതിനെക്കുറിച്ചാണ്‌ എഴുതിയിരിയ്ക്കുന്നത്. ഫെയ്സ്ബുക്ക് വഴിയായിരുന്നുവത്രെ അവരുടെ കണ്ടുമുട്ടലും പരിചയപ്പെടലുമൊക്കെ. പണ്ട് ഇമ്മാതിരി ഒന്നും ഇല്ലായിരുന്നു; അതായത് ഫെയ്സ്ബുക്ക് മാത്രമല്ല ഇമ്മാതിരി വയസ്സൻ കല്യാണങ്ങളും... വിഭാര്യന്മാർ വീണ്ടും കല്യാണം കഴിച്ചാൽ തന്നെയും വിധവകൾ വിധവകളായി തന്നെ തുടരുകയായിരുന്നു മിക്കവാറും പതിവ്. ഇപ്പോൾ ലോകം മുഴുവനായി മാറിയിരിയ്ക്കുന്നു. ഇത്തരക്കാർക്കൊന്നും മക്കളെ ആശ്രയിക്കാൻ പറ്റില്ല. മക്കൾ ശ്രദ്ധിച്ചിട്ടു വേണ്ടേ? അപ്പോൾ പിന്നെ ഇതേയുള്ളു ഒരു പോംവഴി. പണ്ടൊക്കെ 'സമൂഹം എന്തു കരുതും?' എന്നു കരുതി വയസ്സന്മാർ ഒതുങ്ങിയിരിക്കുമായിരുന്നു. ഇപ്പോൾ ആരും അതൊന്നും നോക്കുന്നില്ല; സമൂഹം എന്നു പറഞ്ഞുകൊണ്ടിരുന്നാൽ അവനവന്റെ കാര്യം അവതാളത്തിൽ തന്നെ. അതുകൊണ്ടു തന്നെ ഇന്നിപ്പോൾ വൃദ്ധവിവാഹങ്ങൾ സാധാരണമായ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്‌. പക്ഷേ ഈ ഓൺലൈൻ കല്യാണങ്ങൾക്ക് ഒരു കുഴപ്പമുണ്ട്; കൊട്ടും കുരവയുമൊന്നുമില്ലാത്ത കല്യാണമായതുകൊണ്ട് നാട്ടുകാരൊന്നുമറിയില്ല. അങ്ങനെ വരുമ്പോൾ നാട്ടുകാരോ പോലീസോ അനാശാസ്യം എന്നൊക്കെ കരുതാനിടയുണ്ട്. അതിനൊരു പരിഹാരം ഇത്തരം കല്യാണങ്ങൾ ഉടനെ റജിസ്റ്റർ ചെയ്യുക എന്നതാണ്‌. ഏതെങ്കിലും റജിസ്റ്റ്റാർ ഓഫീസിൽ പോയി വിവാഹം റജിസ്റ്റർ ചെയ്താൽ സമാധാനമായി ഉറങ്ങാം. വിവാഹം റജിസ്റ്റർ ചെയ്ത് കയ്യിലാ റജിസ്റ്ററേഷൻ കാർഡ് കരുതിയാൽ ഇനി വല്ല 'ചെക്കിങ്ങും' ഉണ്ടായാൽ തന്നെ പ്രശ്നമില്ലാതെ രക്ഷപ്പെടാം; റോഡിൽ പോലീസ് കൈ കാണിയ്ക്കുമ്പോൾ കാർ ഡ്രൈവർ കാറിന്റെ റജിസ്റ്റ്‍റേഷൻ ബുക്ക് എടുത്തു കാണിയ്ക്കുന്നതുപോലെ.

കാറിന്റെ റജിസ്റ്റ്‍റേഷന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ റീറജിസ്റ്റ്‍റേഷന്റെ കാര്യം ഓർത്തത്. കാറിന്റെ റജിസ്റ്റ്‍റേഷൻ 15 കൊല്ലത്തേയ്ക്കേയുള്ളു. അതു കഴിഞ്ഞാൽ റിറജിസ്റ്റർ ചെയ്യണം. കല്യാണത്തിന്റെ റജിസ്റ്റ്‍റേഷന്‌ ഒരു പരിധിയും വച്ചിട്ടില്ല. ഒരു 25 കൊല്ലമാണ്‌ കല്യാണം റജിസ്റ്റ്‍റേഷന്റെ കാലാവധി ഉണ്ടായിരുന്നതെങ്കിൽ നല്ല രസമായേനെ! 25 കൊല്ലം കഴിയുമ്പോൾ ഭർത്താവ് ഭാര്യയെ റീറജിസ്റ്റ്‍റേഷൻ ചെയ്യും എന്നതിനെന്താണുറപ്പ്? ചിലപ്പോൾ റീറജിസ്റ്റർ ചെയ്യാൻ എന്തെങ്കിലും വ്യവസ്ഥകൾ വയ്ക്കാനും മതി. വീണ്ടും സ്ത്രീധനം വേണമെന്നോ പ്ലാസ്റ്റിക് സർജറി നടത്തി തൂങ്ങിയ അമ്മിഞ്ഞയൊക്കെ ഒന്നു ബലപ്പിച്ച് ശരീരം ആകപ്പാടെ ഒരു 'ഓവർഹോളിങ്ങ്' ഒക്കെ നടത്തി വന്നാലെ റിറജിസ്റ്റർ ചെയ്യൂ എന്നൊക്കെ ഇന്നത്തെ ഭർത്താക്കന്മാർ പറഞ്ഞു കൂടെന്നില്ല. എന്തായാലും കല്യാണത്തിന്‌ റിറജിസ്റ്റ്‍റേഷൻ ഇല്ലാത്തത് സ്ത്രീകൾക്ക് നന്നായി. പക്ഷേ അതും അങ്ങനെയങ്ങ് പറയാമോ? 25 കൊല്ലം ഒന്നു കഴിഞ്ഞിരുന്നെങ്കിൽ ഈ ശല്യം തനിയെ ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന ഭാര്യമാരും ഉണ്ടായിക്കൂടെന്നില്ല.

പിന്നെ ചില ഭാര്യാഭർത്താക്കന്മാരുണ്ട്; അവർ കല്യാണം റീറജിസ്റ്റർ ചെയ്യുകയാണെന്ന മട്ടിൽ 25 കൊല്ലം കഴിയുമ്പോൾ സന്തുഷ്ടദാമ്പത്യത്തിന്റെ 25 വർഷങ്ങൾ എന്നു കാട്ടി പത്രങ്ങളിൽ പരസ്യം കൊടുക്കും. എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ...

റജിസ്റ്റ്‍റേഷന്റെ കാര്യം പോലെത്തന്നെയാണ്‌ ഗാരന്റിയുടെ കാര്യവും; കല്യാണം ഒരു കച്ചവടം പോലെയായ ഈ കാലത്ത് വധുവിന്‌ ഗാരന്റിയുണ്ടായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു? കല്യാണം കഴിഞ്ഞ് ആറു മാസം കഴിയുമ്പോൾ സേവനം തൃപ്തികരമല്ല എന്നോ സ്പെയർ പാർട്ട്സ് മോശം എന്നോ മറ്റോ പറഞ്ഞ് പെണ്ണിനെ വീട്ടിൽ കൊണ്ടുവന്നാക്കി അവളുടെ അനുജത്തിയേയും പിടിച്ച് പോയേനെ ഭർത്താവെന്നു പറയുന്ന സാമദ്രോഹി. ഗാരന്റി കാലത്ത് സാധനം മാറ്റി വാങ്ങാലോ എന്നായിരിയ്ക്കും ഇവന്റെയൊക്കെ വാദം. ചില വിദ്വാന്മാർ ചിലപ്പോൾ അമ്മായിഅമ്മയെ തന്നെ വിളിച്ചു കൊണ്ടു പോയി എന്നു വരാം. 'Experience counts' എന്നാണല്ലോ സർവ്വസമ്മതമായ തത്വം. അങ്ങനെ സംഭവിച്ചു പോകുന്നെങ്കിൽ അമ്മായിയപ്പൻ വടി പിടിച്ചേനെ.

അതൊക്കെ എന്തായാലും ഒരു പുരുഷന്‌ ഒരു സ്ത്രീ അത്യാവശ്യം തന്നെ. പുരുഷന്‌ പുറം ചൊറിയാൻ ഒരു സ്ത്രീയുണ്ടെങ്കിൽ എന്തെളുപ്പമാണ്‌. വെറുതെ ഒന്നു പറയുകയേ വേണ്ടു. ആവശ്യത്തിനു മാന്തിത്തരും. അതില്ലെങ്കിൽ പുറം മാന്താൻ എപ്പോഴും ഒരു വടി കരുതണം. അത് മറക്കാതെ ഒരു സ്ഥലത്ത് വയ്ക്കണം; ആവശ്യത്തിനു നോക്കുമ്പോൾ കാണണം. എല്ലാം ബുദ്ധിമുട്ടു തന്നെ. അതുപോലെ തന്നെയാണ്‌ കാലിൽ മസിൽ കയറുമ്പോഴത്തെ അവസ്ഥ. ഒരു ഭാര്യ കൂടെയുണ്ടെങ്കിൽ വേണ്ട സമയത്ത് മസിൽ വേദന മാറ്റിത്തരും. മസിൽ വേദന മാറ്റാൻ വടി കൊണ്ടാവില്ലല്ലോ. അതുപോലെ കുളിയ്ക്കുമ്പോൾ വല്ലപ്പോഴും ഒന്ന് പുറത്ത് സോപ്പ് തേയ്ക്കാനും ഭാര്യയുടെ സേവനം അത്യാവശ്യം തന്നെ.

മാത്രമോ? ജീവിതത്തിൽ വിജയിക്കുന്നതിനും ചിലപ്പോൾ ഈ സ്ത്രീ ഉപകരിച്ചെന്നിരിയ്ക്കും. കാരണം വിജയിക്കുന്ന ഓരോ പുരുഷന്റേയും പുറകിൽ ഒരു സ്ത്രീ കാണുമെന്നല്ലേ പ്രമാണം. എങ്ങനെയാണീ പറച്ചിൽ ഉണ്ടായതാവോ? എന്തായാലും വിജയിച്ച പുരുഷന്മാരോട് ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരിക്കം ഇത്. അപ്പോൾ പരാജയപ്പെടുന്ന പുരുഷന്റെ പുറകിലോ? പരാജയപ്പെടുന്നവരെ ആർക്കു വേണം? അതുകൊണ്ട് ആരും അവരോടൊന്നും ചോദിച്ചു കാണുകയില്ല. ഒരു പക്ഷേ അവരും പറഞ്ഞേക്കാം എന്റെ പരാജയത്തിന്റെ പുറകിലും (അതല്ലെങ്കിൽ പരാജയപ്പെട്ട എന്റെ പുറകിലും) ഒരു സ്ത്രീ ഉണ്ട് എന്ന്‌; അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന്‌! ഒരു പക്ഷേ പരാജിതരുടെ പുറകിലായിരിക്കയില്ല മനസ്സിലായിരിക്കാം ഒരു സ്ത്രീ ഉള്ളത്; അത് ഉള്ളിൽ നിന്നും പുറത്തെടുക്കാനൊരു ധൈര്യം അവർക്കില്ലാതെ പോയിരിക്കാം. അതു കൊണ്ടായിരിയ്ക്കാം അവർ പരാജയപ്പെട്ടതും. ഇതൊക്കെ ശരിയാണെങ്കിൽ എല്ലാ പുരുഷന്റെ കൂടെയും ഒരു സ്ത്രീ ഉണ്ടാകാനാണിട. അല്ലെങ്കിലും സ്ത്രീ ഇല്ലാതെ എന്തു പുരുഷൻ? അർദ്ധനാരീശ്വരന്റേതല്ലേ ഭാരതത്തിന്റെ സങ്കല്പം!

സ്ത്രീയുടെയും പുരുഷന്റെയും കാര്യം പറഞ്ഞപ്പോഴാണ്‌ ബലാൽസംഗത്തെ കുറിച്ചോർത്തത്. എന്റെ കുട്ടിക്കാലത്ത് പത്രങ്ങളിൽ പലപ്പോഴും ബലാൽസംഗത്തെ പറ്റിയുള്ള വാർത്തകൾ പതിവായിരുന്നു. സമ്മതം കൂടാതെയും ബലാൽക്കാരമായും ചെയ്യുന്നതിനെ ബലാൽസംഗമെന്നല്ലാതെ മറ്റെന്തു പറയാൻ? പാവം സ്ത്രീകൾ, അവർക്കെന്നും ഇമ്മാതിരി കാര്യമേ വിധിച്ചിട്ടുള്ളു. പിന്നീട് കാലം വളരെ മുന്നോട്ടു പോയി. വിദ്യാഭ്യാസം സാർവ്വത്രികമായി. മറ്റുള്ളവരോടൊപ്പം നമ്മൾ കേരളീയരും സാംസ്കാരികമായി മുന്നേറി. മദ്യത്തിന്റെ ഉപഭോഗത്തിലും നമ്മൾ വളർച്ചയും ഉയർച്ചയും രേഖപ്പെടുത്തി. എന്തായാലും അതിന്റെയൊക്കെ ഗുണം സമൂഹത്തിൽ കാണുമാറായി. ഒരൊറ്റ ബലാൽസംഗക്കേസുകളും ഇപ്പോൾ പത്രങ്ങളിൽ കാണാറില്ല.

ഇപ്പോഴുള്ളത് സ്ത്രീപീഡനക്കേസുകൾ മാത്രം. എന്താണാവോ ഈ മാറ്റത്തിനു കാരണം? ബലാൽസംഗം എന്ന വാക്കിൽ അസ്വീകാര്യമായി എന്താണാവോ ഉള്ളത്? അല്ലെങ്കിൽ എന്തിനാണീ പത്രക്കാർ ബലാൽസംഗം എന്ന വാക്കുമാറ്റി സ്ത്രീ പീഡനം എന്നു ഇപ്പോൾ പ്രയോഗിക്കുന്നത്? ബലാൽസംഗം ചെയ്തത് സ്ത്രീയെത്തന്നെയാണ്‌ എന്ന് ജനങ്ങളെ പൂർണ്ണമായും ബോദ്ധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കുമോ? അതോ ബലാൽസംഗം കൊണ്ട് സ്ത്രീയ്ക്ക് പീഡനമല്ലാതെ സുഖം ഒട്ടും ഉണ്ടായില്ല എന്ന് ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയായിരിയ്ക്കുമോ? ഈ ആൾരൂപത്തിനുള്ളിലിരുന്നുകൊണ്ട് ഇതൊക്കെ ആരോട് ചോദിക്കാൻ? യത്ര നാര്യസ്ത പൂജ്യന്തേ രമന്തേ തത്ര ദേവതാ: എന്നാണ്‌ ആർഷഭാരതം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഇവർ ചെയ്യുന്നതോ? നാരിയെ പൂജിയ്ക്കുന്നതിനു പകരം നാരിയെ സേവിയ്ക്കുന്നു; അതായത് നാരീസേവ (സ്ത്രീസേവ) ചെയ്യുന്നു എന്നർത്ഥം.

പളുങ്കു പാത്രം പോലെ പൊട്ടിപ്പോകുന്നതാണ്‌ സ്ത്രീത്വം എന്നറിയാവുന്നതുകൊണ്ടാണ്‌ നമ്മുടെ പൂർവ്വീകർ 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന്‌ നമ്മെ ഉദ്ബോദിപ്പിച്ചത്. അതു കൊണ്ട് ശ്രദ്ധാപൂർവ്വം തന്റെ കൈ വെള്ളയിൽ തന്നെ പുരുഷൻ സ്ത്രീയെ കൊണ്ടു നടക്കണമെന്നാണ്‌ അവർ ഉദ്ദേശിച്ചത്. പക്ഷേ നാം പുരുഷന്മാർ ആ ഉദ്ബോദനം കൈക്കൊണ്ട് സ്ത്രീകളുടെ അവകാശങ്ങൾ തന്നെ തടഞ്ഞു. എന്നിട്ടിപ്പോൾ സ്ത്രീകൾ സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി സ്ത്രീസംവരണത്തിനു ശ്രമിക്കുകയാണ്‌. പക്ഷേ സ്ത്രീകൾ വെറും മണ്ടത്തരമല്ലേ കാണിയ്ക്കുന്നത്? സ്ത്രീപുരുഷസമത്വത്തിന്‌ സ്ത്രീകൾ രണ്ടിലൊന്നാണ്‌ ചെയ്യേണ്ടത്; ഒന്ന്‌... ഈശ്വരാ, എന്നേയും പുരുഷനാക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുക; രണ്ട്... ഒരു സർജനെക്കണ്ട് ഒരു ലിംഗമാറ്റശസ്ത്രക്രിയ ഒപ്പിക്കുക; ഇതിലേതെങ്കിലും ഒന്നേ സ്ത്രീയെ പൂരുഷനു തുല്യമാക്കൂ; അതല്ലെങ്കിൽ ഉത്തരേന്ത്യയിലെപ്പോലെ മൂന്നാമത്തെ കാര്യവും ശ്രമിയ്ക്കാം... കുഞ്ഞ് പെണ്ണാണെങ്കിൽ ഭ്രൂണഹത്യ നടത്തുക. അങ്ങനെയാകുമ്പോൾ കുറെ കഴിഞ്ഞാൽ പുരുഷനേ കാണൂ... പരിപൂർണ്ണ സമത്വം...

ഭ്രൂണഹത്യയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ ഉത്തരേന്ത്യൻ സ്ത്രീയുടെ ശോചനീയാവസ്ഥ മനസ്സിൽ കേറി വന്നത്.. അതു പിന്നീടാവാം..

ഒന്നാലോചിച്ചാൽ ഈ പുരുഷൻ ചെയ്യുന്നത് വല്ലാത്ത കടുംകൈ തന്നെ. സ്ത്രീയ്ക്ക് സുഖം കൊടുക്കാൻ അവന്‌ സാധിയ്ക്കും എന്നിരിയ്ക്കേ അവനെന്തിനാണ്‌ അവളെ പീഡിപ്പിക്കുന്നത്? പീഡിപ്പിയ്ക്കുമ്പോഴുള്ള സുഖം അനുഭവിക്കുന്നതിനോ? അതല്ലെങ്കിൽ അവരുടെ കഴുതക്കാമം കരഞ്ഞു തീർത്തുകൂടെ? രണ്ടു ഭാഗത്തു നിന്നും പരിപൂർണ്ണ സഹകരണവും സമ്മതവും ഉണ്ടെങ്കിൽ സ്ത്രീപുരുഷ ബന്ധം ദിവ്യവും സ്വർഗ്ഗീയവും സുഖദായകവും ഒക്കെയാണെങ്കിലും സമ്മതമില്ലെങ്കിൽ അവസ്ഥ നേരേ തിരിച്ചാണെന്നറിയാൻ പുരുഷനെന്തേ സാധിയ്ക്കാതെ പോകുന്നത്? ബലാൽക്കാരേണ സ്ത്രീയെ (പുരുഷനേയും)എന്തെങ്കിലും ചെയ്യുന്നത് ഒരിയ്ക്കലും ശരിയല്ല. ആരായാലും വേണ്ടില്ല, എപ്പോഴായാലും വേണ്ടില്ല എന്ന പുരുഷന്റെ മനോഭാവം ഇല്ലായിരുന്നുവെങ്കിൽ, പിന്നെ.... ഇപ്പോഴുള്ളതുപോലുള്ള കുടുംബബന്ധങ്ങളിലുള്ള താല്പര്യം സ്ത്രീകൾക്കില്ലായിരുന്നുവെങ്കിൽ... ഇക്കാര്യത്തിൽ സഹകരിയ്ക്കാൻ സമൂഹത്തിൽ എന്തെങ്കിലും ഒരു പഴുതുണ്ടെങ്കിൽ സ്ത്രീ മുന്നോട്ടു വന്നേനെ എന്നാണെനിയ്ക്കു തോന്നുന്നത്! കാരണം ഈ ബന്ധത്തിൽ പുരുഷന്‌ ലഭിയ്ക്കുന്നതിന്റെ എത്രയോ അധികം സുഖം സ്ത്രീയ്ക്ക് കിട്ടുന്നുണ്ട്; വെറുതെയല്ല ദൈ‍വം സ്ത്രീയ്ക്ക് പ്രസവവേദന കൊടുത്തത്; നിനക്ക് സുഖത്തിനു വേണ്ട ആവോളം കോപ്പ് ഞാനുണ്ടാക്കി തന്നിട്ടുണ്ട്. അതുകൊണ്ട് നീ ഈ പ്രസവവേദന കൂടി അനുഭവിച്ചോ എന്ന് ദൈ‍വം സ്ത്രീയെ കുറിച്ച് കരുതിക്കാണും. ഒരു കയറ്റത്തിന്‌ ഒരു ഇറക്കം എന്നതാണല്ലോ പ്രകൃതിയുടെ കണക്ക്.

മൃഗങ്ങളെപ്പോലെ ചാടി വീണ്‌ പീഡിപ്പിക്കുന്ന മനുഷ്യന്മാരുള്ള ഈ സമൂഹത്തിൽ സ്ത്രീകളെങ്ങനെയാണ്‌ ധൈര്യപൂർവ്വം ഇറങ്ങി നടക്കുന്നത്? എന്തായാലും ഞാൻ ഈ സ്ത്രീകളുടെ ക്ഷമയും സഹനശേഷിയും അംഗീകരിച്ചിരിയ്ക്കുന്നു. ഞാനൊരു സ്ത്രീയായിരുന്നെങ്കിൽ തീർച്ചയായും വാതിലടച്ചു പൂട്ടി ഒരു മൂലയിലിരുന്നേനെ. മൃഗസമാനരായ ആണുങ്ങളെപ്പേടിച്ച്; ഇനി അതറിയാമായിരുന്നതുകൊണ്ടാണോ എന്തോ ദൈവം എന്നെ ഒരു സ്ത്രീയായി സൃഷ്ടിക്കാതിരുന്നത്?

എന്തായിരിയ്ക്കുമോ ആവോ പുരുഷന്മാർ അടുത്തുള്ളപ്പോൾ അവർ ചിന്തിക്കുന്നുണ്ടാവുക? അവർ ഭയചകിതരായിരിയ്ക്കുമോ സമചിത്തരായിരിക്കുമോ ആവോ? പക്ഷേ അവരുടെ പെരുമാറ്റത്തിൽ ഒരു പേടിയുടെ ലാഞ്ചന പോലും കാണില്ല. ചിരിച്ചും മറ്റുമല്ലേ അവർ സമൂഹത്തിൽ കാണപ്പെടുന്നത്? സെക്സ് അല്ലാതെ മറ്റൊന്നും പുരുഷന്റെ ചിന്തയിലില്ലെന്നത്രെ സായിപ്പ് ഗവേഷണം നടത്തി 'what every man thinks about apart from sex' എന്ന പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത്. സായിപ്പെന്തേ സ്ത്രീയെക്കുറിച്ചിത്തരം ഗവേഷണം നടത്താത്തത്? അതോ ഗവേണത്തിനൊടുവിൽ ഉത്തരം കിട്ടാതെ പോയതായിരിക്കുമോ? സ്ത്രീമനസ്സിനെ കുറിച്ച് കവികൾ എന്തെല്ലാം പാടിയിരിയ്ക്കുന്നു?

കവികളെക്കുറിച്ചു പറഞ്ഞപ്പോഴാണ്‌ സെക്സും സാഹിത്യവും തമ്മിലുള്ള ബന്ധം ചിന്തയിലുദിച്ചത്. വീട്ടിൽ കേറ്റാൻ കൊള്ളാവുന്ന സാംസ്കാരികനായകന്മാർ നമുക്കുണ്ടോ എന്നോ മറ്റോ ആരോ എവിടെയോ എഴുതിയതായി ഞാനോർക്കുന്നു. നമ്മൾ സാഹിത്യകാരന്മാരെയും മറ്റുമാണ്‌ സാംസ്കാരികനായകന്മാരായി കണക്കാക്കുന്നത്. ഇതിൽ പരം ഒരു അബദ്ധം മറ്റെന്തെങ്കിലുമുണ്ടോ? സംസ്കാരം എന്നത് നമ്മൾ തലമുറ തലമുറകളായി സഞ്ചയിച്ചു വയ്ക്കുന്ന നന്മകളാണ്‌. അതെങ്ങനെ കുറച്ച് കഥയോ കവിതയോ സിനിമയോ ചെയ്തവർക്ക് കിട്ടും? അപ്പോൾ പറഞ്ഞു വന്നത് ആ ... സെക്സും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്‌. ഒരു വശത്തുകൂടെ ചിന്തിച്ചാൽ രണ്ടുംഒന്നു തന്നെ അല്ലേ? സാഹിത്യത്തിൽ നമുക്കു കിട്ടുന്നത് സൃഷ്ടികളാണ്‌; സെക്സിലും സൃഷ്ടിയല്ലേ ഉൽപ്പന്നം? അപ്പോൾ സെക്സിനേയും സാഹിത്യത്തേയും രണ്ടായി കാണേണ്ടതുണ്ടോ? രണ്ടും ഒന്നു തന്നെയല്ലേ? അപ്പോൾ പിന്നെ വല്ല സാഹിത്യകാരനേയും മദ്യപാനിയായോ സ്ത്രീലമ്പടനായോ ചിത്രീകരിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ? സാഹിത്യത്തിൽ സൃഷ്ടി നടത്തി നടത്തി അവസാനം സ്ത്രീയിലും ഒരു സൃഷ്ടി നടത്തണം എന്ന ഒരു തോന്നലുണ്ടായാൽ അതിലെന്താണ്‌ തെറ്റ്‌? ഇത്തരക്കാരെ ഒരിക്കലും കുറ്റം പറയരുത്. കാരണം ബ്യൂറോക്രസിയിൽ പ്രവർത്തിച്ച് പ്രവർത്തിച്ച് അവസാനം ഡമോക്രസിയിൽ പ്രവർത്തിക്കണം എന്നു തോന്നി കളം മാറ്റി ചവിട്ടിയ എത്രപേർ നമുക്കുണ്ട്! അതുപോലെ തന്നെയല്ലെ മേൽപ്പറഞ്ഞവരും ചെയ്യുന്നത്? ഒരു രംഗത്ത് സൃഷ്ടി നടത്തി നടത്തി ഒടുവിൽ മറ്റൊരു മേഖലയിലും അവർ സൃഷ്ടി നടത്തുന്നു; അത്ര തന്നെ!

സ്ത്രീകളെക്കുറിച്ച് ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന സമയം കൊണ്ട് ദുരന്തോ എക്സ്പ്രസ് അതൊരു നോൺസ്റ്റോപ്പ് വണ്ടിയല്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അത് പല സ്റ്റേഷനുകളിൽ ഒരു വ്യവസ്ഥയുമില്ലാതെ നിർത്തിയിട്ടു. ഇതെപ്പോൾ എറണാകുളത്തെത്തുമെന്നറിയാൻ അതോടെ എനിയ്ക്കാകംക്ഷയായി. ഞാൻ എന്റെ ലാപ്‍റ്റോപ് തുറന്ന് ട്രെയിൻ‍എൻക്വയറി ഡോട്ട് കോം ബ്രൗസ് ചെയ്തു. 15 സ്റ്റോപ്പുള്ള കേരള രാജധാനിയ്ക്ക് എറണാകുളത്തേയ്ക്ക് 39 മണിക്കൂർ; നോൺസ്റ്റോപ്പായ ദുരന്തോയ്ക്ക് എറണാകുളത്തേയ്ക്ക് 42 മണിക്കൂർ! ഇതിലെ വിരോധാഭാസം എനിയ്ക്കു മനസ്സിലായില്ല. എന്താണീ ദുരന്തോ എന്നറിയാൻ അതോടെ എന്നിൽ ജിജ്ഞാസ വർദ്ധിച്ചു.

ദുരന്തോ എന്നത് ഇംഗ്ലീഷിലേയോ ഹിന്ദിയിലെയൊ ഒരു വാക്കല്ലെന്നറിയാവുന്ന ഞാൻ ദുരന്തോയുടെ അർത്ഥമറിയാൻ ഒരു ഗൂഗിൾ സെർച്ച് നടത്തിയെങ്കിലും കൃത്യമായ ഒരു ഉത്തരം കിട്ടിയില്ല.'എങ്ങും നിറുത്താതെ വേഗത്തിലോടുന്ന' എന്നതിന്റെ ബംഗാളി പദമാണതെന്നാണ്‌ എനിയ്ക്ക് മനസ്സിലായത്. റയിൽ‍വേ മന്ത്രി ബംഗാളിയല്ലേ? ചിലപ്പോൾ ശരിയായിരിയ്ക്കാം. പക്ഷേ ഈ വണ്ടിയ്ക്ക് ഈ വിശേഷണം പറ്റില്ലെന്ന് അത് നിറുത്തിയിടുന്ന സ്റ്റോപ്പുകളും അതിന്റെ വേഗതയും എന്നെ തെര്യപ്പെടുത്തി. അതുകൊണ്ട് ദുരന്തോ എക്സ്പ്രസ് എന്നതിന്‌ റെയിൽ‍വേയുടെ പണത്തിനോടുള്ള ദുരയുടെ അന്ത്യം (ആർത്തിയുടെ അവസാനം) കൊണ്ട് തുടങ്ങിയ എക്സ്പ്രസ് എന്നാണ്‌ എനിയ്ക്ക് മനസ്സിൽ തോന്നിയത്. ഒരു വിഡ്ഡിദിനത്തിന്‌ പറ്റിയ തോന്നൽ തന്നെ.

വഴി വിട്ട എന്റെ ചിന്തകൾ ഇനിയും തുടർന്നേയ്ക്കും. ..................