2015, ജൂൺ 21, ഞായറാഴ്‌ച

കമന്റ് ബോക്സ് തുറന്നു

പണ്ട് ഒരു ഭൂതം തന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒരു കുടത്തിനകത്ത് അകപ്പെടുകയും കടലിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളം കഴിയാൻ ഇടയാകുകയും ചെയ്തു. എങ്ങനെയും ആ കുടത്തിൽ നിന്ന് രക്ഷപ്പെടാൻ ആ ഭൂതം ആഗ്രഹിച്ചു. പക്ഷേ നടന്നില്ല.  ആദ്യത്തെ നൂറുകൊല്ലം കഴിഞ്ഞപ്പോൾ ഭൂതമൊരു ശപഥമെടുത്തു.തന്നെ രക്ഷിക്കുന്നതാരായാലും അവനെ  ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നായിരുന്നു ആ ശപഥം. എന്നാല്‍ അവനെ രക്ഷിക്കാന്‍ ആരും വന്നില്ല. ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഴുവന്‍ നിധികളും നല്‍കുമെന്ന്‍ അവന്‍ തീരുമാനിച്ചു. പക്ഷേ ആരും അവന്റെ രക്ഷക്കെത്തിയില്ല. പിന്നെയും നൂറു കൊല്ലം കഴിഞ്ഞപ്പോള്‍, തന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ അവന്‍ ഉറപ്പിച്ചു. പക്ഷേ ഫലം നാസ്തി. നാനൂറാമത്തെ കൊല്ലമായപ്പോള്‍ തന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി. പക്ഷേ ആരും വന്നില്ല.അപ്പോഴേക്കും അവനു ജീവിതം മടുത്തിരുന്നു. ഇനി തന്നെ ആരു രക്ഷിച്ചാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ അവന്‍ ഉഗ്രശപഥം ചെയ്തു. പറഞ്ഞിട്ടെന്തു കാര്യം? അതും നടന്നില്ല.

അങ്ങനെയിരിക്കേയാണ് ക്രിസ്തുവർഷം 2004 ഡിസംബർ 26-ന്, ലോകത്ത് ആദ്യമായി ഒരു വലിയ സുനാമി ഉണ്ടാകുന്നത്. കടലിനടിയിൽ പല കോലാഹലങ്ങളും നടന്നു. പാറക്കെട്ടുകൾ കൂട്ടിമുട്ടി. വലിയ പാറക്കഷണങ്ങൾ കടലിന്റെ പല ഭാഗത്തായി ചിതറി വീണു.  അതിൽ ഒരു കഷ്ണം വീണത് ഈ ഭൂതം കിടക്കുന്ന കുടത്തിന്മേലായിരുന്നു. കുടം പൊട്ടി. ഭൂതം പുറത്തിറങ്ങി. കരയിലെത്തിയ അവന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. ടി. വി. മൊബൈൽ ഫോൺ, ഇന്റെർനെറ്റ്, ബ്ലോഗ്, ഫെയ്സ്ബുക്ക്, മെട്രോ ട്രെയ്ൻ... ഒന്നും അവനു മനസ്സിലായില്ല. കാലത്തിന്റെ ഒരു മാറ്റം... എന്തു ചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി.

കാലത്തിനൊത്തു കോലം കെട്ടുക തന്നെ. അവൻ ഒരു ആളിന്റെ രൂപമെടുത്തു. "ആൾരൂപൻ"

കൊള്ളാം! രൂപത്തിനൊത്ത പേരു തന്നെ.

ഇനിയെന്ത്? അവൻ ചിന്തിച്ചു. നൂറ്റാണ്ടുകൾ കടലിൽ കിടന്നതല്ലേ? ആ അനുഭവങ്ങൾ എഴുതുക തന്നെ.

എവിടെ എഴുതും? എങ്ങനെ എഴുതും?

അതിനല്ലേ ബ്ലോഗ്! അവന്റെ മനസ്സാക്ഷി അവനെ ഓർമ്മപ്പെടുത്തി. എന്തും എഴുതിക്കോ. പത്രം വേണ്ട, പബ്ലിഷർ വേണ്ട, എഡിറ്റർ വേണ്ട...എന്നാലോ ആവശ്യത്തിനു വായനക്കാരെ കിട്ടുകയും ചെയ്യും....

അവനു സന്തോഷമായി.. അവൻ എഴുത്തു തുടങ്ങി....... തന്റെ വി'കൃതി'കൾ അവൻ ഓരോന്നായി ബ്ലോഗിൽ പ്രകാശിപ്പിച്ചു തുടങ്ങി.

തന്റെ കൃതികൾ ജനങ്ങൾ വായിക്കുന്നതും അഭിപ്രായം പറയുന്നതും അവൻ സ്വപ്നം കണ്ടു.  അവരുടെ അഭിപ്രായങ്ങൾക്കായി അവൻ കണ്ണു തുറന്നിരുന്നു.....

തന്റെ ബ്ലോഗ് പോപ്പുലറാകുന്നതും ഹിറ്റാകുന്നതുമൊക്കെ അവൻ മനസാ കണക്കു കൂട്ടി. അവസരങ്ങൾ, ആദരങ്ങൾ... എല്ലാം അവൻ മനസ്സിൽ കൊണ്ടു നടന്നു....

ഫലം നാസ്തി... ആരും അവന്റെ ബ്ലോഗ് വായിച്ചില്ല. പകരം വല്ല പോങ്ങന്റേയും നിരക്ഷരന്റേയും ഒക്കെ ബ്ലോഗുകൾ ജനങ്ങൾ വായിച്ചു കൊണ്ടിരുന്നു.

ഇനിയെന്ത്? ഭൂതം ചിന്തിച്ചു. ഒരു പഞ്ചവൽസരം കഴിഞ്ഞമ്പോൾ തന്റെ ബ്ലോഗ് ജനകീയമാക്കാൻ അവൻ തീരുമാനിച്ചു. അവൻ തന്റെ ബ്ലോഗിനെ തനിമലയാളത്തിൽ ലിസ്റ്റ് ചെയ്തു.

ഊം.. ഹും.... ഫലം നാസ്തി... അവന്റെ ബ്ലോഗ് വായിക്കാൻ ആരും വന്നില്ല.

ഇനിയെന്ത്? മറ്റൊരു പഞ്ചവൽസരം കൂടി അവൻ കാത്തു നിന്നു; എന്നിട്ട് ചെറിയ കുട്ടികൾ വീട്ടിന്റെ മുറ്റം നിറയെ അവിടെയും ഇവിടെയും അപ്പി ഇട്ടു വയ്ക്കുന്നത് പോലെ അവൻ പല ബ്ലോഗ്കളിലും കയറി കമന്റെഴുതി. ബ്ലോഗിലെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു അവന്റെ ലക്ഷ്യം...

എന്നിട്ടും കാര്യം നടന്നില്ല. അവനു ക്ഷമ കെട്ടു... മറ്റൊരു പഞ്ചവൽസരം കഴിയുമ്പോൾ അവൻ അവന്റെ സ്വഭാവം ആവർത്തിച്ചു. ഇനി തന്റെ ബ്ലോഗ് ആരും വായിക്കേണ്ടെന്നു അവൻ തീർച്ചയാക്കി. ഇനി വായിച്ചാലും ആരും അഭിപ്രായം പറയേണ്ടെന്നു അവൻ കരുതി.. അവൻ അവന്റെ ബ്ലോഗിലെ കമ്ന്റ് ബോക്സ് നീക്കം ചെയ്തു...

ഇപ്പോൾ ന്യൂജനറേഷന്റെ കാലമല്ലേ? ബ്ലോഗിന്റെ പുഷ്കലകാലത്ത് അവിടെ എത്തിപ്പെടാൻ പറ്റിയില്ലല്ലോ എന്നും കരഞ്ഞുകൊഞ്ഞ് ചില പിള്ളേർ അപ്പോഴേക്കും ബൂലോഗത്തെത്തിയിരുന്നു. അവർക്ക് ഈ ഭൂതത്തിന്റെ ബ്ലോഗിൽ കമന്റെഴുതണമത്രെ. കഷ്ടം.....



പാവം... അവൻ വെറുമൊരു ഭൂതമല്ലേ? (വർത്തമാനമോ ഭാവിയോ ആണെങ്കിൽ എന്തെങ്കിലും ചിന്തിക്കാനെങ്കിലും കാണും. ഇതാണെങ്കിൽ ചെയ്യാനൊന്നുമില്ല.) ഭൂതത്തിന്റെ മനസ്സലിഞ്ഞു. അവൻ തന്റെ കമന്റ് ബോക്സ് തുറക്കാൻ തീർച്ചയാക്കി.

ഫാദേഴ്സ് ഡേ, ഇന്റർനാഷനൽ യോഗാ ഡേ എന്നീ മുഹൂർത്തങ്ങൾ ഒത്തു വരുന്ന ജൂൺ 21ന് അവന്റെ ബ്ലോഗിലെ കമന്റ് ബോക്സ് ബോളിവുഡ് താരം ഷാ രൂഖ് ഖാൻ   ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്തു......

ഇനി ഇപ്പോൾ തീരുമാനിക്കേണ്ടത് ന്യൂ ജനറേഷൻ ബ്ലോഗർമാരാണ്; ഈ ഭൂതത്തിന്റെ കമന്റ് ബോക്സിൽ വല്ലതും എഴുതണോ എന്ന്!


22 അഭിപ്രായങ്ങൾ:

Shah Rukh Khan പറഞ്ഞു...

ആൾരൂപൻ ജീ, ആപ്കോ എല്ലാ ആശംസകളും നേരുന്നു ഹേ! ഇനിയും ജ്യാദാ കമന്റ് മിലേഗാ എന്ന് പ്രാർത്ഥന കർത്താ ഹും! ധന്യവാദ്!

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

നമിച്ചു സാറേ!
കിംഗ്‌ ഖാന്റെ കമന്റ് കിട്ടുന്ന ആദ്യ മലയാളം ബ്ലോഗ്‌ ആയി മാറിയിരിക്കുകയാണ് 'ആൾരൂപന്റെ വികൃതികൾ'. അഭിനന്ദനങ്ങൾ!
ആൾരൂപൻ എന്ന് കേട്ടപ്പോൾ സത്യമായിട്ടും അതൊരു മനുഷ്യൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഇത്രേം നാൾ കളിച്ചു കൊണ്ടിരുന്നത് ഒരു ഭൂതത്തിന്റെ അടുത്താണെന്ന് തിരിച്ചറിയുമ്പോൾ എനിക്ക് ഉൾക്കിടിലോൽക്കിടിലം ഉണ്ടാകുന്നു. ക്ഷമ കെട്ടപ്പോൾ പിടിച്ചു തിന്നാതെ, സമാധാനപരമായി പ്രതിഷേധിച്ചതിനും, പ്രതിഷേധം അവസാനിപ്പിച്ചതിനും നന്ദി. ഷാരുഖ് വന്ന സ്ഥിതിക്ക് പിന്നാലെ, മറ്റ് ഖാന്മാരും വരുമായിരിക്കും അല്ലേ?

ആൾരൂപൻ പറഞ്ഞു...

എന്റെ കൊച്ചു ഗോവിന്ദാ, കളിയാക്കാതെ. ഈ കിങ്ങ് ഖാൻ ആരാണെന്ന് അല്ലെങ്കിൽ ഏതാണെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. എന്തായാലും ഈ കമന്റെഴുതിയ "ആ കിങ്ങ് ഖാന്" എന്റെ നന്ദിയും നമസ്ക്കാരവും പ്രണാമവും....

ബ്ലോഗെന്ന പേരിൽ എന്തെങ്കിലും കുത്തിക്കുറിച്ച് പടച്ചുണ്ടാക്കാൻ എനിയ്ക്കത്ര പ്രയാസമില്ല. സൂര്യനു കീഴേ കാക്കത്തൊള്ളായിരം കാര്യങ്ങളുള്ളതു കൊണ്ടുമാത്രമല്ല അത്; മറിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടുന്ന ഒരു മനസ്സ് എനിയ്ക്കുള്ളതു കൊണ്ടു കൂടിയാണത്. പക്ഷേ ഒരു ബ്ലോഗിനു കമന്റെഴുതാൻ കുറച്ച് ശ്രദ്ധ വേണം. ബ്ലോഗിലെന്താണെഴുതിയതെന്ന് മനസ്സിലായിട്ടു വേണ്ടേ കമന്റ് പാസ്സാക്കാൻ. അപ്പോൾ അത് കുറച്ചു കൂടി ബുദ്ധിമുട്ടുള്ള പണിയാണ്. ഇനി കമന്റിന് മറുപടി പറയുക അതിലും പ്രയാസം. കാരണം, മറുപടി മൈക്രോസ്കോപ്പിക്ക് തലത്തിലേക്ക് വരുന്നു എന്നതു തന്നെ. അതുകൊണ്ട് കമന്റിനു മറുപടി എഴുതുക എന്ന ശ്രമകരമായ ഒരു ഉദ്യമം ഞാൻ നടത്താറില്ല. കമന്റ് ഞാൻ അവഗണിച്ചു എന്നതിന് അർത്ഥമില്ല. അതുകൊണ്ട് മറുപടി കണ്ടില്ലെങ്കിൽ ക്ഷമിക്കുക.... അഭിപ്രായത്തിനും ആശംസകൾക്കും നന്ദി....

സുധി അറയ്ക്കൽ പറഞ്ഞു...

വിശദമായ കമന്റുമായ്‌ ഞാൻ പുറകേ വരുന്നുണ്ട്‌ ആൾ രൂപൻ സർ!!!!!

സുധി അറയ്ക്കൽ പറഞ്ഞു...

ഒരു അഭിപ്രായം എഴുതിയ ആൾക്ക്‌ അതിനു നന്ദിസൂചകമായ്‌ നിർബന്ധമായും മറുപടി എഴുതിയേ ഒക്കൂ.

സുധി അറയ്ക്കൽ പറഞ്ഞു...


സാധാരണ ബ്ലോഗ്സൈറ്റുകളിൽ ലിസ്റ്റ്‌ ചെയ്യുകയും,മറ്റുള്ള ബ്ലോഗുകളിൽ കമന്റ്‌ ചെയ്യുകയും ചെയ്താൽ വായനക്കാർ വരെണ്ടതാണെന്ന് പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.. നിർജ്ജീവമായിക്കിടക്കുന്ന ആയിരക്കണക്കിനു മലയാള ബ്ലോഗുകൾ പോലെ താങ്കൾ ബ്ലോഗ്‌ പൂട്ടി വെച്ചില്ലല്ലോ.കമന്റ്‌ ബോക്സ്‌ അല്ലേ പൂട്ടി മുദ്ര വെച്ചുള്ളൂ...
അപ്പോൾ എഴുതാനും വായിക്കപ്പെടാനുമുള്ള ആഗ്രഹം തന്നെയാണല്ലോ അതിനു കാരണം...വിമർശ്ശിക്കാൻ മാത്രമായി മറ്റുള്ളവരുടെ ബ്ലോഗിൽ ചെന്നാൽ അതിനു ഇരയാകുന്നവരും,അത്‌ വായിക്കുന്നവരും വലിയ വിമർശ്ശകരെ മൈൻഡ്‌ ചെയ്യില്ല.ആൾ രൂപൻ സർ അങ്ങനെ ആണെന്നല്ല ഞാൻ പറയുന്നത്‌........

എന്റെ പ്രൊഫൈലിലെ ഒരു വാചകം കടമെടുത്തിരിയ്ക്കുന്നത്‌ കൊണ്ട്‌ അക്കാര്യം ഇനി പരാമർശ്ശിക്കട്ടെ...ഒരേ സമയം നാലു വായനശാലകളിൽ മെംബർഷിപ്പ്‌ ഉണ്ടായിരുന്നതാണ്.2003-04 കാലഘട്ടത്തിൽ എന്റെ കയ്യിൽ നിന്നും വായന ഇല്ലാതായി...എനിക്ക്‌ തന്നെ അതിശയമായിരുന്നു..ഇപ്പോളും എന്റെ കൈവശം പണം കൊടുത്ത്‌ വാങ്ങിയ എത്രയോ പുസ്തകങ്ങൾ വായിക്കാനായി ഇരിയ്ക്കുന്നു....ചിലർക്കെങ്കിലും പരിഹാസ്യമായി തോന്നിയേക്കാവുന്ന ഒരു കാരണം കൂടിയുണ്ട്‌.പുതിയ പുസ്തകങ്ങൾക്ക്‌ മനം മടുപ്പിയ്ക്കുന്ന ഒരു മണമാണെന്ന് ഞാൻ കണ്ടെത്തി.അക്ഷരം പഠിച്ച്‌ തുടങ്ങിയപ്പോൾ മുതൽ കൂട്ടിനുണ്ടായിരുന്ന പുസ്തകങ്ങൾ മാറോട്‌ ചേർത്ത്‌ വെക്കുമ്പോൾ കിട്ടുന്ന ആ മണം ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നില്ല...(ഇപ്പോൾ അനേക വർഷങ്ങൾ കൂടി ഒരു പുസ്തകം ഞാൻ വായിച്ചത്‌ എച്മുച്ചേച്ചി എനിക്കയച്ച്‌ തന്ന അവരുടെ 'അമ്മീമ്മക്കഥകൾ 'ആണ്.)

അങ്ങനെ വർഷങ്ങൾക്ക്‌ മുൻപ്‌ ഞാൻ നിർത്തിയ വായന പുനരാരംഭിച്ചത്‌ ബ്ലോഗിലൂടെയാണ്..എത്ര പഴയ നിർജ്ജീവമായ പോസ്റ്റുകൾ ആയാലും വായിച്ചാൽ വായന നൽകിയ സുഖത്തിൽ ഞാൻ കമന്റ്‌ നിർബന്ധമായും ചെയ്യാറുണ്ട്‌...അത്‌ മാത്രമല്ല എനിക്കിഷ്ടപ്പെടുന്ന ബ്ലോഗുകളുടെ ലിങ്ക്‌ ഞാൻ കുറേ ഏറെ ബ്ലോഗർമാർക്ക്‌ അയച്ച്‌ കൊടുക്കാറുമുണ്ട്‌..കമന്റ്‌ ചെയ്യാൻ നിർബന്ധിക്കാറുമുണ്ട്‌.

എന്നെ വായിക്കാൻ ആളുകൾ വരുന്നില്ല എന്ന് വിലപിക്കാതെ പോസ്റ്റുകൾ ചെയ്യുകയും,മറ്റുള്ള ബ്ലോഗുകളിൽ പോകുകയും ചെയ്യൂ സർ....

ന്യൂ ജെനറേഷൻ എന്ന് പറഞ്ഞ പുതിയ ബ്ലോഗർമാർ തമ്മിൽ നല്ല അടുപ്പം ഉള്ളത്‌ കൊണ്ട്‌ അവർ പരസ്പരം സഹായിക്കുന്നു.വായിക്കാനും വായിക്കപ്പെടാനും.


നന്ദി!!!!!!

ജ്യുവൽ പറഞ്ഞു...

അതു ശരി!അപ്പൊ ഭൂതമായിരുന്നല്ലേ? കുഴപ്പമില്ല,എനിക്കു പണ്ടു മുതലേ ഭൂതങ്ങളെയും,യക്ഷികളെയും വല്യ ഇഷ്ടമാ.... ഇടയ്ക്ക് വല്ല വരങ്ങളും ചോദിക്കേം ചെയ്യാം! എന്തായാലും ഞങ്ങള് പിള്ളാരുടെ വാക്ക് വിലയ്ക്കെടുത്ത് കമന്റ് ബോക്സ്‌ തുറന്നല്ലോ.. സന്തോഷമായി. ഇനി കമന്റിടുന്ന കാര്യം ഞങ്ങളേറ്റു. ഇതുപോലത്തെ ഘടാഘടിയൻ പോസ്റ്റുകൾ പോരട്ടെ!!

ajith പറഞ്ഞു...

ഞാന്‍ മുമ്പെന്നോ ആള്‍‌രൂപന്‍ ബ്ലോഗില്‍ പോസ്റ്റുകള്‍ വായിക്കുകയും കമന്റിടുകയും ചെയ്തിട്ടുണ്ടെന്നാണോര്‍മ്മ. ഭൂതകാലമായതുകൊണ്ട് ഓര്‍മ്മ കൃത്യമാകണമെന്നുമില്ല

കുഞ്ഞുറുമ്പ് പറഞ്ഞു...

ന്യൂജൻ പിള്ളേർ തുണയ്ക്കുമോന്ന് നോക്കട്ടെ എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാനും വന്നു. ഇനിയിപ്പോ ബാക്കി പോരട്ടെ സാർ :)

ചിന്താക്രാന്തൻ പറഞ്ഞു...

ബ്ലോഗില്‍ എഴുതുന്നത്‌ ഭൂതമായാലും യഥാര്‍ത്ഥ മനുഷ്യനായാലും എഴുത്തിന്‍റെ പ്രതിഫലം എന്ന് പറയുന്നത് വായനക്കാരുടെ അഭിപ്രായമാണ് .ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാല്‍ വായനക്കാരുടെ അരികിലേക്ക് എഴുത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കണം പിന്നെ കാത്തിരിപ്പാണ് വായനക്കാരേയും അവരുടെ അഭിപ്രായത്തേയും

ആൾരൂപൻ പറഞ്ഞു...

ഈ കമന്റുകൾ എനിയ്ക്ക് പുതിയ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും ഉണ്ടാക്കിവയ്ക്കുകയാണ്. കമന്റുകൾക്ക് മറുപടി വേണമെന്ന് സുധിയെപ്പോലുള്ളവർ നിർബന്ധിച്ചാൽ പിന്നെ ഞാൻ എന്തു ചെയ്യും?

ഡോ. ജ്യുവൽ,
'റ്റു ബി സക്സസ്ഫുൾ, ലിവ് ഇൻ ദ പ്രസന്റ്' എന്നല്ലേ എല്ലാരും പറയാറ്? പക്ഷേ പലരും (ഞാനും) ജീവിക്കുന്നത് 'പാസ്റ്റ്'-ലാണ്. പാസ്റ്റ് എന്നാൽ ഭൂതമല്ലേ ഡോക്റ്റർ?

ഭൂതങ്ങളും യക്ഷികളും ഉണ്ടായിരുന്ന ആ പഴയ കാലം ഇനി വരുമോ?

ദയവ് ചെയ്ത് കമന്റ് ഇട്ട് എനിയ്ക്ക് ജോലി ഉണ്ടാക്കരുതേ (അതോ ഞാനീ പൊട്ടത്തരങ്ങൾ നിർത്തണമെന്നാണോ?).

അജിത്ജി,
എനിയ്ക്ക് വയസ്സ് 56. അപ്പോൾ ജീവിതം കുറച്ച് കണ്ടതല്ലേ? അതിൽ ഒരു കമന്റിന് എവിടെ സ്ഥാനം? പിന്നെ ഈ പിള്ളേർ... നടക്കട്ടെ അവരുടെ കമന്റും പ്രതികമന്റും മറ്റും......

കുഞ്ഞുറുമ്പേ,
ഇവിടെ തേനും പാലും ഒന്നുമില്ല.... ഒരു ബ്രഡ്ഡിന്റെ തരിപോലും കിട്ടില്ല. (ഞാൻ എല്ലാതരം മോഡേൺ ഫുഡ്ഡിനും എതിരാണ്)
ആ, ശരി... വന്നതിനു നന്ദി... അഭിപ്രായത്തിനും....

റഷീദ്ജി,
'ആദാമിന്റെ മകൻ അബു' എന്ന അറബിക്കഥ (സിനിമയല്ല) രണ്ടാം ക്ലാസിലോ മറ്റോ പഠിച്ചു വളർന്നവനാണു ഞാൻ. ആ ഞാൻ പ്രതിഫലം ചിന്തിക്കാറില്ല. പിന്നെ, എനിയ്ക്ക് ഞാനീ ചെയ്യുന്നതൊന്നും എഴുത്തല്ല. ശരിക്കും നേരം പോക്ക് (തമാശയല്ല) മാത്രമാണ്. എന്തായാലും വരവിനും അഭിപ്രായത്തിനും നന്ദി.

സുധീ,
സുധിക്ക് ഞാൻ പിന്നീട് മറുപടി എഴുതാം... ഇത്ര വലിയ കമന്റിന് അതിനൊത്ത മറുപടി വേണ്ടേ? അതിനുള്ള സമയം ഇപ്പോൾ എന്റെ കയ്യിലില്ല.

ആൾരൂപൻ പറഞ്ഞു...

സുധീ,
ഞാൻ ബ്ലോഗെഴുത്ത് തുടങ്ങുന്നത് 2008 ഏപ്രിലിലാണ്. ബ്ലോഗ് എന്ന മാദ്ധ്യമവും വിശാലമനസ്ക്കനെപ്പോലുള്ള എഴുത്തുകാരും വലിയ കൗതുകമാണ് അന്ന് എന്നിലുളവാക്കിയത്. ആ ബ്ലോഗുകൾ ആരെയാണ് എഴുതാൻ കൊതിപ്പിക്കാത്തത്? പക്ഷേ സർഗ്ഗാത്മകത ഇല്ലാത്ത ഞാൻ എന്തെഴുതാനാണ്? എന്തായാലും ഞാൻ ബ്ലോഗിൽ കുത്തിക്കുറിക്കാൻ തുടങ്ങുക തന്നെ ചെയ്തു. ആയിടക്കു് ഞാൻ http://chilayaathrakal.blogspot.com/2008/06/thirunelli.html എന്ന ബ്ലോഗിൽ ഒരു കമന്റെഴുതി. കമന്റുകളുടെ നീളത്തിന് പരിധിയുണ്ടെങ്കിൽ എന്റെ ആ ബ്ലോഗ് ഇപ്പോഴും ഗിന്നസ് ബുക്കിൽ കാണും. പറ്റുമെങ്കിൽ അത് ഇപ്പോഴും വായിക്കാവുന്നതേ ഉള്ളൂ. അപ്പോൾ 'നിരക്ഷരൻ' എന്നെ ഉപദേശിച്ചത് ഇത് കമന്റല്ല ഒരു ബ്ലോഗായി പോസ്റ്റ് ചെയ്യേണ്ടതാണ് എന്നാണ്. അന്ന് ഞാൻ ബ്ലോഗിൽ പുതുമുഖമായിരുന്നു. ബ്ലോഗ് പ്രസിദ്ധീകരിക്കുമ്പോൾ ഒരു നെഞ്ചിടിപ്പുണ്ടാകാറുണ്ടായിരുന്നു. പക്ഷേ കമന്റെഴുതാൻ ആ ബുദ്ധിമുട്ടില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ ഒരനുഭവം കമന്റായി എഴുതിയത്. അത് അന്നത്തെ കാര്യം. ഇന്ന് ഞാൻ ഇവിടെ പഴഞ്ചനാണ്. എന്തും എഴുതാനുള്ള തൊലിക്കട്ടി ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരുപോസ്റ്റിട്ടത്. നേരം പോക്കിനു മാത്രമായാണു സുധീ ഇതെഴുതിയിരിക്കുന്നത്. അല്ലാതെ ഞാനൊരു ഭൂതമോ 'കമന്റ് കൊതിയനോ' അല്ല. ഈ ബ്ലോഗിനു ഞാൻ നിങ്ങളെയൊക്കെ കരുവാക്കി. ക്ഷമിക്കുക.
പിന്നെ ഇത് ബൂലോഗമാണ്, ഭൂലോകമല്ല. അതുകൊണ്ട് ഈ 'സർ' പ്രയോഗം നിറുത്തുക.
പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ട് ഞാനും എന്റെ അഭിപ്രായം പറഞ്ഞേക്കാം... ഞാൻ പുസ്തകം വായിച്ചതൊക്കെ കുറവാണ്. പക്ഷേ ഒന്നറിയാം. വായിക്കുന്നത് ഭക്ഷണം കഴിക്കുന്നത് പോലെയാണ്. അധികം ഭക്ഷിച്ചാൽ ഛർദ്ദി വരും... അധികം വായിച്ചാൽ തനിയേ എഴുത്തും വരും.....
എന്നെ വായിക്കാൻ ആളുകൾ വരുന്നില്ല എന്ന് വിലപിക്കുന്നില്ല. എന്തുണ്ടിവിടെ വായിക്കാൻ എന്നു ഞാൻ ചോദിച്ചത് സുധിയോടു തന്നെയല്ലേ? ഇത് വെറുമൊരു തമാശ.... ഒന്നേ പറയാനുള്ളു... ഞാൻ എന്തെങ്കിലും ഇവിടെ കോറിയിട്ടാൽ വായിക്കാം.. പക്ഷേ കമന്റ് വേണമെന്നില്ല. അതോ ഞാനിതൊക്കെ കെട്ടിപ്പൂട്ടണമെന്നാണോ?

സുധിയുടെ വികൃതികൾ ഞാൻ വലുതായി വായിച്ചിട്ടില്ല. ഇനി ഞാനവയൊക്കെ ഒന്നു വായിച്ചു നോക്കട്ടെ.

വിനോദ് കുട്ടത്ത് പറഞ്ഞു...

ആള്‍രൂപന് വണക്കം....... നാം സൂര്യനേ സ്നേഹിക്കുന്നവന്‍ ......സൂര്യ വിസ്മയം എന്ന തലക്കെട്ടില്‍ ചില പടപ്പുകള്‍ അടിച്ചു വിടുന്നു......
വിജയഗോപാല്‍ജിയെ പുത്തന്‍ തലമുറയുടെ കൂട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു....
സുധിയേ ചേര്‍ക്കുകയല്ലേ......
വൈദ്യര്‍ക്കും വിരോധമുണ്ടാവില്ല
കല്‍ക്കണ്ടം കുഞ്ഞുറുമ്പ് കൂടെയുണ്ട്
നിത്യഹരിതം അജിത്തേട്ടനുണ്ട്
കേഢി കൊച്ചുവുണ്ട്
വഴി പിറകിൽ വരും
കല്ലോലിനി വരും...... പിന്നെ ബ്ലോഗുലകത്തേ രാജാക്കന്മാരും എല്ലായിടത്തും പോവുകയും മനസ്സില്‍ തോന്നുന്നത് വരച്ചിടുകയും ചെയ്യുക.....കമന്‍റിന് മറുപടി കൊടുക്കുക .....അപ്പോ പിന്നെ വിജയിപൂതാക....

മനോജ് ഹരിഗീതപുരം പറഞ്ഞു...

കമന്റ്‌ ഇടണമെന്ന് പലപ്പോഴുംആഗ്രഹമുണ്ട്‌ പക്ഷേസമ്മതിക്കുന്നില്ല പോസ്റ്റുകൾ ഇടുന്നതു തന്നെ കൂട്ടുകാരന്റെ ലാപ്‌ടയോഗിച്ചയോഗിച്ചാ അത്‌ നമ്മുടെ സൗകര്യത്തുനു കിട്ടില്ലല്ലോ പലർക്കും പരിഭവം ഉണ്ടാകുംസത്യമിതാണു

ആൾരൂപൻ പറഞ്ഞു...

ഇനിയും കമന്റെഴുതിയാൽ ഞാൻ എന്റെ കമന്റ് ബോക്സ് അടച്ചു പൂട്ടുകയോ ഈ പൊട്ടത്തരങ്ങൾ കുത്തിക്കുറിക്കുന്നത് നിർത്തുകയോ (രണ്ടിലൊന്ന്) ചെയ്യും.

സുധി അറയ്ക്കൽ പറഞ്ഞു...

എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌....എത്ര നാളത്തെ അധ്വാനം ആണെന്നറിയാമോ എന്റെ കുഞ്ഞ്‌ ബ്ലോഗ്‌ വായിക്കാൻ എനിയ്ക്ക്‌ കുറച്ച്‌ കൂട്ടുകാരെ കിട്ടിയത്‌.

ഞാൻ താങ്കളുടെ എല്ലാ പോസ്റ്റുകളും വായൈച്ച ആളാണു.ആരോടും കിട പിടിയ്ക്കാൻ വൈഭവമുള്ള എഴുത്ത്‌ തന്നെ.അതാ ഞാൻ ശല്യം ചെയ്തത്‌.അത്‌ വായിക്കാനും,അഭിപ്രായം പറയാനും അതിയായ താത്പര്യം ഉള്ളത്‌ കൊണ്ടാണു.

കല്ലോലിനി പറഞ്ഞു...

ഞാനേ.... കുറേ പ്രാവശ്യം വന്നതാ ഇവിടെ.. അപ്പോഴൊക്കെ ഈ ഭൂതം നമ്മളെയൊക്കെ പടിയടച്ച് പിണ്ഡം വച്ച് കുപ്പിക്കകത്ത് കയറി ഒറ്റക്കിരിക്കുകയായിരുന്നുവല്ലോ....
വല്ലാത്ത വികൃതി തന്നെ.!!
സുധി പറഞ്ഞപ്പോഴാണ് ഭൂതം തന്‍റെ വിശാലഹൃദയവും പഠിപ്പുരയും മറ്റുള്ളവര്‍ക്കായി തുറന്നു കൊടുത്ത വിവരം അറിയുന്നത്. ഇനിയിവിടെ ഒരു ത്ധാങ്കണക്ക ധില്ലം ധില്ലമൊക്കെ കളിക്കും..
അടുത്ത പോസ്റ്റ് വരട്ടേ.. അപ്പോ കാണാം..!!!

ഇവിടെ സാര്‍ വിളി നിരോധിച്ചത് വല്ല്യ കഷ്ടാണുട്ട്വോ... എനിക്കാണെങ്കില്‍ തലമുതിര്‍ന്നയാളുകളെ ബഹുമാനാർത്ഥം "സര്‍" എന്നു വിളിച്ചേ ശീലള്ളൂ..
ഇനീപ്പൊ എന്താ.... ചെയ്യാ.??

എന്തായാലും ഭൂതത്തിന്‍റെ വികൃതികൾ തകൃതിയായിങ്ങു പോന്നോട്ടേ... താങ്കള്‍ക്കു കമന്‍റ് ആവശ്യമില്ലെങ്കിലും ഞങ്ങള്‍ക്ക് മറുപടി തന്നേ തീരൂ.... അതൊക്കെയല്ലേ... ഒര്..... രസം... സാമ്പാര്‍.. പച്ചടി... കിച്ചടി.... :-P :-P

കല്ലോലിനി പറഞ്ഞു...

ഇത് ഒരിക്കല്‍ റിസര്‍വേഷനെ പറ്റി ഞാനൊന്നു ഗൂഗ്ലിയപ്പോള്‍, നമ്മുടെ ഗൂഗിളമ്മാവന്‍ തന്ന ലിങ്ക് വഴി വായിച്ച പോസ്റ്റിന് തയ്യാറാക്കിയ കമന്‍റാ... അന്ന് കമന്‍റാനനുവദിക്കാത്തതിന്‍റെ പ്രതികാരം ഇവിടെ കമന്‍റായി ഇട്ട് സായൂജ്യമടയുന്നു...

"നല്ല പോസ്റ്റ്.!! ഒരു റിസര്‍വേഷന്‍ തീവണ്ടിക്കഥ.!!
കൊച്ചു പറഞ്ഞതുപോലെ ട്രയിൻ യാത്രകൾ തരുന്ന അനുഭവങ്ങൾ വളരെ രസകരമാണ്.
കാത്തിരിപ്പും, തിരക്കും, മുഷിച്ചിലുമൊക്കെയാണെങ്കിലും തീവണ്ടിയാത്രകള്‍ ഇഷ്ടമാണെന്നതു പോലെ ഈ പോസ്റ്റും വളരെയിഷ്ടായി...
ആ റിസര്‍വേഷന്‍ കത്തിടപാടുകള്‍ വിജ്ഞാനപ്രദം കൂടിയാണ്.!!"

കല്ലോലിനി പറഞ്ഞു...

ഇതിനു പ്രതികാരമായി എന്‍റെ ബ്ലോഗിൽ വന്ന് അപ്പിയിടരുതേ.... വല്ല കമന്‍റും ഇട്ടോളൂ.... ;-)

Bipin പറഞ്ഞു...

അഞ്ഞൂറ് വർഷം ഒളിച്ചിരുന്ന് ഒരു അഞ്ഞൂറാൻ ആയി പുറത്തു വന്ന് ആൾരൂപം എടുത്തിട്ടും ഇത്രയും വർഷത്തെ അകൽച്ച ഒന്നും തോന്നിയില്ല. ഇന്നത്തെ കാലത്തെ കുറിച്ച് നല്ല ബോധം. റിപ് വാൻ വിങ്കിളിനെ പ്പോലെ പ്രശ്നം ഒന്നും ഇല്ല.

ബ്ലോഗ്‌ എഴുത്തിന്റെ വിജയ ഫോർമുല (നാലല്ല) ഉണ്ട്. അതിനെ ക്കുറിച്ച് ഒരു മഹാ ജ്ഞാനി തൻറെ ബ്ലോഗ്‌ പ്രൊഫൈലിൽ എഴുതിയിരുന്നു. ബ്ലോഗ്‌ എഴുതി കാത്തിരുന്നു. ആരും വായിക്കാൻ വരുന്നില്ല. അങ്ങിനെ എല്ലാ ബ്ലോഗിലും കയറി അഭിപ്രായം പറഞ്ഞു. മോശമായ പോസ്റ്റിനും അതി ഗംഭീരമെന്നു തട്ടി വിട്ടു, പതിയെ സ്വന്തം ബ്ലോഗിൽ ആള് വന്നു തുടങ്ങി. ഇന്ന് ആ പ്രൊഫൈൽ കുറെ നോക്കി കണ്ടില്ല. ആള് വന്നു തുടങ്ങിയപ്പം അത് മാറ്റിയതാണോ അറിയില്ല. അതൊരു സക്സസ് ഫോർമുല ആണ്. പരസ്പര സഹകരണ സംഘം ആണല്ലോ മനുഷ്യർ.

വലിയ എഴുത്തുകാർ പറയുന്നത് എഴുത്ത് ഒരു ആത്മ സംതൃപ്തി എന്നാണ്. പക്ഷേ പ്രസിദ്ധീകരണം കഴിയുമ്പോൾ ആണ് പൂർണ സംതൃപ്തി. ആരും വായിക്കാതെ എന്ത് സംതൃപ്തി? ശരിയായ സംതൃപ്തി വരുന്നത് അതിൽ നിന്നും പത്തു കാശ് വരുമ്പോഴാണ്.

പക്ഷെ സത്യം പറഞ്ഞാൽ ശരിയായ എഴുത്തുകാരൻ, എഴുതി യത് കൊണ്ട് മാത്രം ആത്മ സംതൃപ്തി കിട്ടുന്നവൻ, ബ്ലോഗ്‌ എഴുത്തുകാരൻ തന്നെ. എഴുതുന്നു വായിക്കുന്നു, സായൂജ്യം അടയുന്നു. ആരും വായിക്കാൻ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എഴുതുന്നു.

നമ്മുടെ ആൾ രൂപന്റെ ബ്ലോഗിൽ പണ്ട് അഭിപ്രായം എഴുതാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ചിലരിൽ ഒരാളാണ് ഞാൻ. അത് കൊണ്ട് തന്നെയാണ് ഇത്രയും വിശദമായി എഴുതിയത്.

പെട്ടി തുറന്ന ആൾ രൂപന് കിട്ടിയല്ലോ കുറെ കമന്റുകൾ. തുറന്നു കിടക്കട്ടെ ആൾ രൂപൻ.

ആൾരൂപൻ പറഞ്ഞു...

കല്ലോലിനി ഇവിടെയും ഒഴുകിയെത്തി..... ഒരു കമന്റിന് ഒരു മറുപടി എന്നതിനു പകരം ഒരു commentatorക്ക് ഒരു മറുപടി എന്നതാണിവിടത്തെ പുതിയ പതിവ്. അപ്പോൾ വായനക്കും കമന്റിനും എന്റെ നന്ദിയുടെ കല്ലോലമാലകൾ.....

ബിപിൻജി, ഞാനിവിടെ കുത്തിക്കുറിക്കുന്നത് നേരം പോക്കിനോ എന്തെങ്കിലും പ്രതികരിക്കാനോ മാത്രമാണ്. അതും വളരെ ശ്രദ്ധാപൂർവ്വം. ഒരു സർക്കാർ ജീവനക്കാരന് വാരി വലിച്ചെഴുതാൻ പരിധിയുണ്ട്. അല്ലെങ്കിൽ കഥയോ കവിതയോ എഴുതാനറിയണം. അതൊട്ടുമില്ല താനും. ദീർഘമായ കമന്റ് ഞാൻ വരവു വച്ചിരിക്കുന്നു.

സ്വപ്നസഖി പറഞ്ഞു...

ആദ്യമായാണ് ഈ വഴി എങ്കിലും, മനസ്സിലുള്ളത് തുറന്നുപറയുന്ന ഈ ഭൂതത്തെ എനിക്കിഷ്ടായി. ഇനിയും വരാം.