2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കേരളത്തിന് 39 എം. പി. മാർ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, കേരളത്തിൽ 1977 ആവർത്തിക്കുമെന്നാണ് വി. എം. സുധീരൻ പറഞ്ഞത്.  കേരളത്തിലെ 20 സീറ്റും യൂ. ഡി. എഫിനാണെന്നാണ് ആന്റണിയും പറയുന്നത്. എന്നാൽ അങ്ങനെയൊരു അവകാശവാദമൊന്നും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നും കണ്ടില്ല. 17 സീറ്റ് തങ്ങൾക്കാണെന്നേ അവർ പറഞ്ഞിട്ടുള്ളു. 2 സീറ്റ് ബീ.ജെ.പി.യ്ക്ക് കിട്ടുമെന്നാണ് പൊതുവായൊരു ജനസംസാരം. എല്ലാം കൂടി കൂട്ടുമ്പോൾ ജയിക്കുന്ന എം.പി.മാരുടെ എണ്ണം 39 ആവും. ഇത്രയും അധികം പ്രതിനിധികളെ പാർലമെന്റിലയക്കാൻ കേരളത്തിനു കഴിയുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.  ഇത്രയും പേർക്ക് കിട്ടുന്ന ശമ്പളവും അലവൻസുകളും കേരളത്തിന്റെ വരുമാനമായി കൂട്ടാവുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോൾ, കേരളത്തിന്റെ വാർഷിക വരുമാനം കൂടാൻ ഇത് സഹായകമാവും എന്നതിന് സംശയമില്ല.  ഇടതു പക്ഷത്തിനു നഷ്ടപ്പെടുന്ന 3 സീറ്റുകൾ ഏതെന്നേ എനിയ്ക്ക് സംശയമുള്ളൂ. തോൽക്കുന്ന ഈ 3 പേർ ആരാണെന്ന് ഇപ്പോഴേ പറഞ്ഞിരുന്നെങ്കിൽ ഉദ്വേഗവും ഉത്ക്കണ്ഠയും ഇല്ലാതെ ആ 3 സ്ഥാനാർത്ഥികൾക്കും മറ്റു കാര്യങ്ങൾ നോക്കാമായിരുന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത്.  ഒന്നുമില്ലെങ്കിൽ നമുക്കവരെ മുൻകൂറായി ആശ്വസിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

എലക്ഷനു മുമ്പ് നേതാക്കൾ പല അവകാശവാദങ്ങളും ഇറക്കി വിടുന്നുണ്ടായിരുന്നു. അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ അവർ പലതും കാച്ചി വിടുകയായിരുന്നു. ജനങ്ങളെ പറ്റിക്കാൻ അതൊക്കെ ആവശ്യമാണ്.  അതൊക്കെ കേട്ടപ്പോൾ ഞാൻ കരുതിയത് എലക്ഷൻ കഴിഞ്ഞാൽ അവർ സത്യം പറയുമെന്നായിരുന്നു. ഇലക്ഷൻ കഴിഞ്ഞ സ്ഥിതിയ്ക്ക് സത്യം പറയാനുള്ള ആർജ്ജവം നേതാക്കൾ കാണിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അല്ലെങ്കിൽ 39 എം. പി. മാർ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇനി ഇപ്പോൾ റിസൾട്ട് വന്നാലും അവർ ഇങ്ങനെയൊക്കെയേ പറയൂ. 20 സീറ്റിലും തോറ്റാലും ആന്റണി പറയും കണക്കുകളുടെ കാര്യത്തിലേ തങ്ങൾ തോറ്റിട്ടുള്ളൂ, ജനാധിപത്യപരമായി നോക്കുമ്പോൾ വിജയം തങ്ങൾക്കാണ് എന്ന്. പിണറായിക്കും കാണും നിരത്താൻ ന്യായങ്ങൾ ഏറെ.

ഓ രാജഗോപാലും കെ സുരേന്ദ്രനും ഇത്തവണയും ജയിച്ചില്ലെങ്കിൽ കഷ്ടം എന്നേ എനിയ്ക്ക് പറയാനുള്ളൂ. കേരളീയർക്ക് അഴിമതിയൊന്നും ഒരു പ്രശ്നമല്ലെന്നും അവർ നന്ദി ഇല്ലാത്തവരാണ് എന്നും വിളിച്ചോതുന്നതായിരിക്കും അവരുടെ തോൽവി. എന്തായാലും അവരുടെ വിധിയെന്ത് എന്നറിയാൻ മെയ് 16 വരെ കാത്തിരിക്കുകയേ മാർഗ്ഗമുള്ളൂ.   കേരളത്തിൽ എന്തിനെക്കുറിച്ചും ആധികാരികമായി പറയാൻ കെൽപ്പുള്ള ആളാണ് ചീഫ് വിപ്പ് പി.സി. ജോർജ്. അദ്ദേഹത്തിന് കേരളത്തിലെ 19 മണ്ഡലത്തിലേയും റിസൾട്ട് അറിയാം. അപ്പോൾ അദ്ദേത്തിനെങ്കിലും പറയാമായിരുന്നു കേരളത്തിൽ ആരൊക്കെ ജയിക്കുമെന്നും ആരൊക്കെ തോൽക്കുമെന്നും. പക്ഷേ, അതും ഉണ്ടായില്ല.  പി.സി. ജോർജിന് അറിയാത്തത് പത്തനംതിട്ടയിലെ റിസൾട്ട് മാത്രമാണ്. അവിടെ ആരു ജയിക്കുമെന്ന് വോട്ടെണ്ണിക്കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ എന്നാണ് ജോർജദ്ദേഹം പറയുന്നത്.

എന്തായാലും എൽ ഡി എഫും യൂ ഡി എഫും ഇവിടെ ഗുസ്തി പിടിച്ച് ഡൽഹിയിലെത്തുമ്പോൾ ദോസ്താകുമെന്ന കാര്യത്തിൽ സംശയമില്ല. മതാധിപത്യവും ബൂർഷ്വാഭരണവും ഒഴിവാക്കാൻ ഇതല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമില്ലല്ലൊ. മതാധിപത്യമൊഴിവാക്കാൻ എല്ലാ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങൾക്ക് മാത്രമേ വോട്ടു ചെയ്യാവൂ എന്ന് മതപുരോഹിതന്മാരെക്കണ്ട് വോട്ടുറപ്പിക്കുന്നവർക്ക് എലക്ഷൻ കഴിയുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതുണ്ടല്ലോ?!! പര(മ)നാറികൾ എലക്ഷനു നിൽക്കാത്തത് നമ്മുടെയൊക്കെ ഒരു ഭാഗ്യം!!!!


2014, ഏപ്രിൽ 5, ശനിയാഴ്‌ച

കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും

മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്ന് എ കെ ആന്റണി കാരാട്ടിനോട്.

100 സീറ്റ് തികച്ച് കിട്ടാൻ സാദ്ധ്യതയില്ലാത്ത കോൺഗ്രസ്സിന് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണ എന്തിനാണെന്ന് എ കെ ആന്റണിയോട് കാരാട്ട്.

കാരാട്ടേ, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ!!

സീറ്റുകളുടെ എണ്ണം മൂന്നക്കം (100) തികക്കാൻ മാർക്സിസ്റ്റ് പാർട്ടി കോൺഗ്രസ്സിനെ സഹായിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചത്. അതിന് ഒരുപാട് സീറ്റ് കിട്ടുന്നവരോട് സഹായം ചോദിക്കണ്ടല്ലോ. ഇന്ത്യയിലാകപ്പാടെ വല്ല പത്തോ പതിനഞ്ചോ സീറ്റ് കിട്ടുന്നവരോടല്ലേ അത്തരം സഹായം ചോദിക്കേണ്ടത്? അപ്പോൾ എന്താ, സമ്മതമല്ലേ?

(രണ്ടു കൂട്ടരുടേയും ശക്തി ഇപ്പോൾ രണ്ടു കൂട്ടർക്കും മനസ്സിലായിക്കാണുമല്ലോ!!!!!)