2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

പ്രതികരണശേഷിയുള്ള സർഗ്ഗധനന്മാർ

പശുമാംസം കഴിച്ചതിന്റെ പേരിൽ ഉത്തരേന്ത്യയിൽ ഒരു മുസൽമാൻ കൊല്ലപ്പെട്ടുവത്രെ. ആർക്കറിയാം അതിന്റെ പുറകിലെ ഉള്ളുകള്ളികൾ?  ഒരു പശുക്കുട്ടിയെ കാണാതാകുകയും പിന്നീടതിന്റെ തലയും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുകയും ചെയ്തതാണത്രെ സംഭവത്തിന്റെ കാരണം. ആർക്കറിയാം ശരിയായ ശരി? ഇതെല്ലാം കേട്ടുകേൾവികളാണ്.

ഒരു പക്ഷേ സംഗതി ശരിയായിരിക്കാം.... നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുപോലെ....  ശാസ്ത്രിജി ഹൃദയസ്തംഭനം മൂലം മരിച്ചതുപോലെ.... അമിതമായ മരുന്ന് കഴിച്ചതുകാരണം സുനന്ദ പുഷ്കറിന് മരണം സംഭവിച്ചതുപോലെ..... ശാശ്വതീകാനന്ദ ജലസമാധിയായതുപോലെ.... ഇത്തരം മരണങ്ങൾ നടന്ന നാട്ടിൽ പശുമാംസം കഴിച്ചതിന്റെ പേരിൽ ഒരു ഭാരതപൗരൻ കൊല്ലപ്പെട്ടു എന്ന വാർത്ത അസംഭാവ്യമല്ല.... ചവയ്ക്കാതെയല്ലേ നാം പച്ചവെള്ളം കുടിക്കാറുള്ളത്?

ആയിടക്കു തന്നെയാണ് ഉത്തരേന്ത്യയിൽ ഒരു ദളിതനെ ജീവനോടെ ചുട്ടെരിച്ചത്. പക്ഷേ അതു നമുക്ക് സൗകര്യപൂർവ്വം വിടാം.... കാരണം ചത്തത് ഹിന്ദുവാണ്. കൊന്നതും ഹിന്ദുവാണ്. അപ്പോൾ അതിനെന്തു വാർത്താപ്രാധാന്യമാണുള്ളത്?  ലോകത്ത് ഭൂരിപക്ഷമായ ഇവിടത്തെ ന്യൂനപക്ഷമതത്തിനല്ലേ വലിയ വില; അല്ലാതെ മനുഷ്യജീവനല്ലല്ലോ?

വർഗ്ഗീയവാദികളായ ഹിന്ദുക്കൾ, കാരണം കൂടാതെ പാവത്തെ തല്ലിക്കൊല്ലുക ആയിരുന്നത്രെ. ഹിന്ദുക്കൾ "ബഹുസ്വരത" ഇഷ്ടപ്പെടുന്നില്ലത്രെ. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമ്പോൾ ഇതല്ല, ഇതിലും ക്രൂരമായ കൊലപാതകങ്ങൾ നടക്കും... രാവിലെയും ഉച്ചക്കും ഭക്ഷണത്തോടൊപ്പം ഓരോ മുസ്ലിമിനെ അല്ലായിരുന്നോ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അങ്ങോർ തിന്നു കൊണ്ടിരുന്നത്?  അമിത്ഷായും നരഭോജിയാണെന്നാണ് ബിഹാറിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നത്. പക്ഷേ അതു സാരമുള്ള കാര്യമല്ല. മനുഷ്യനെ വെട്ടിവെട്ടിക്കൊല്ലുന്നത് നമുക്ക് നിഷിദ്ധമല്ലല്ലോ? അപ്പോൾ തിന്നുന്നതിലെന്തിനാ കുറ്റം?

വർഗ്ഗീയവാദികളായതുകാരണം ഹിന്ദുക്കൾ ഇതല്ല, ഇതിലപ്പുറവും ചെയ്യും. ഈയിടെയാണ്  മുംബൈയിൽ കുറേ ഹിന്ദുക്കൾ ചേർന്ന് ഒരു മുസ്ലിം സ്ത്രീയെ  ഗണപതിക്ഷേത്രത്തിൽ കയറി പ്രസവിക്കാൻ അനുവദിച്ചതത്രെ. ഹിന്ദുക്കൾ വർഗ്ഗീയവാദികളായതുകൊണ്ടാണല്ലോ ഇത്തരം ക്രൂരസംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നത്. നവജാതശിശുവിന്റെ മുസ്ലിം രക്ഷിതാക്കൾ കുട്ടിക്ക് ഗണേഷ് എന്നു പേരിട്ടത്രെ. ഇതിന്റെ പുറകിൽ സംഘികളുടെ വല്ല ഗൂഡാലോചനയും ഉണ്ടോ എന്ന് സി. ബി. ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണ്. വളാഞ്ചേരിയിൽ ഒരാളെ ഒരു ഹിന്ദുസ്ത്രീയും മുസ്ലിം പുരുഷനും ചേർന്നു കൊന്നപ്പോൾ 100% പുരോഗമനാശയക്കാരും സാക്ഷരരുമായ കേരളീയരുടെ മതേതരത്വം എന്തേ ആരും ആഘോഷിക്കാതെ പോയത്?

പശു മൂലമുള്ള ഈ കൊലപാതകം പക്ഷേ  ഉത്തരേന്ത്യയിൽ വലിയ പ്രതികരണം സൃഷ്ടിച്ചില്ല. സംഭവിച്ചതൊക്കെ തെക്കുതെക്കുള്ള കേരളത്തിലാണ്. അവിടെയാണല്ലോ ശരിക്കും പ്രതികരണം ഉണ്ടാകേണ്ടത്; എന്തെന്നാൽ യൂ. / എൽ. ഡി. എഫ്. കക്ഷികളുടെ വോട്ട് ചോരുന്നതവിടെയാണല്ലോ! അവിടെയാണല്ലോ തെരഞ്ഞെടുപ്പ് ഉടനെ വരുന്നതും ബി. ജെ.പി. നില മെച്ചപ്പേടുത്തുമോ എന്ന ഭയം നമുക്കുള്ളതും! അപ്പോൾ ധൃതിപ്പെട്ട് പ്രതികരിക്കേണ്ടത് നമ്മുടെ കടമയല്ലേ?

സർഗ്ഗാത്മകതയുള്ള സാഹിത്യകാരന്മാരൊക്കെ പ്രതികരണത്തിലാണ്. ഇന്ത്യയിലിപ്പോൾ ജീവിക്കാൻ ഭയമാണു പോലും. ജീവിക്കാനേ ഭയമുള്ളു. യാത്ര ചെയ്യാൻ ഒരു പേടിയുമില്ല. ചാനലുകളിൽ വന്നിരിക്കാൻ ഒരു പേടിയുമില്ല. തോന്നുന്ന അഭിപ്രായം തട്ടിവിടാൻ ഒരു പേടിയുമില്ല. അവാർഡുകൾ തിരിച്ചു നൽകാൻ ഒരു പേടിയുമില്ല. ഗവണ്മെന്റിനെ ചീത്ത പറയാൻ ഒരു പേടിയുമില്ല. ജീവിക്കാനാണത്രെ പേടി! ഈ "ജീവിക്കുക, ജീവിക്കുക" എന്നു പറഞ്ഞാൽ എന്താണാവോ? അടുത്തിരിക്കുന്നവന് ഇഷ്ടമില്ലാത്ത ഭക്ഷണം വാരി വലിച്ച് വിഴുങ്ങുന്നതിന് ആയിരിക്കണം "ജീവിക്കുക" എന്നു പറയുന്നത്. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, മത്സ്യമാംസങ്ങൾ കഴിക്കാത്ത എന്റെ അടുത്തിരുന്ന് ഓരോരുത്തൻ കോഴിക്കാൽ കടിച്ചു വലിക്കുമ്പോഴത്തെ എന്റെ വിഷമം എനിയ്ക്കേ അറിയൂ.

കൽബുർഗിയെ കൊന്നപ്പോൾ അക്കാദമി പ്രതികരിച്ചില്ല എന്നു പറഞ്ഞാണ് ഒരാൾ രാജി വച്ചത്. പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രിയെ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മക്കൾ തന്നെ പറഞ്ഞപ്പോൾ ഇവിടെ രാജി വയ്ക്കാൻ ആരേയും കണ്ടില്ല. കോൺഗ്രസ് ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ജീവനു പോലും വിലയില്ലായിരുന്നുവെന്നല്ലേ ശാസ്ത്രിയുടെ അനുഭവം കണിക്കുന്നത്? എന്തിന്റേയെങ്കിലും തലപ്പത്തിരിക്കുമ്പോൾ  താൻ ഇതുപോലെ കൊല്ലപ്പെടുമോ എന്ന് ഒരു എഴുത്തുകാരനും അപ്പോൾ പേടി വന്നില്ല.  ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിൽ അതൊന്നും സാരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത എന്നെ എന്തിനു കൊള്ളും? 

നേതാജി സ്വാതന്ത്ര്യാനന്തരവും ജീവിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിൽ വരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും ഇപ്പോൾ ഏതാണ്ടെല്ലാവർക്കും അറിയാം. അതിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ പങ്കും ശ്രദ്ധിക്കപ്പെടേണ്ടതാണ്.  എന്നാൽ ഈ വാർത്തകളൊന്നും എഴുത്തുകാരെ ചൊടിപ്പിക്കുകയോ വികാരാധീനരാക്കുകയോ ചെയ്തില്ല. അപ്പോഴൊന്നും ജീവിക്കാനുള്ള ഭയം അവർക്കുണ്ടായില്ല. ഇതിനെതിരേയൊക്കെ പ്രതികരിക്കേണ്ടത് സർഗ്ഗധനന്മാരുടെ കടമയാണ് എന്നു കരുതുന്ന എന്നെ വേണം തല്ലാൻ. അതുപോലെയാണോ ബി. ജെ. പി. നാട് ഭരിക്കുകയും നാട്ടിൽ ഒരു മുസൽമാൻ കൊല്ലപ്പെടുകയും ചെയ്യുന്നത്?

ഗോദ്ര കലാപം നടന്നത് നരേന്ദ്രമോഡി മുഖ്യമന്ത്രിയായപ്പോഴാണ്. അതുകൊണ്ടു തന്നെ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കല്ലായിരുന്നു. പശുമാംസകൊല നടന്നത് അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമ്പോഴാണ്. പക്ഷേ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായ നരേന്ദ്രമോഡിക്കാണ്.  കൽബുർഗി കൊല്ലപ്പെട്ടതിന് കർണ്ണാടക സർക്കാറിന് ഒരു ആരോപണവുമില്ല; അതും മോഡിയ്ക്കാണ്.  നാട്ടിലെ ക്രമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിക്കല്ല... പ്രധാനമന്ത്രിക്കാണ്... കൊള്ളാം... ഇതൊക്കെയാണ് ശരിയായ രാഷ്ട്രീയ നിലപാടുകൾ...

നാട്ടിൽ സ്ഥിരം സംഭവങ്ങളായിട്ടുള്ള, ഊമയായ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോഴോ ബാല്യം വിടാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുമ്പോഴോ ഒന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല എന്നു വേണം ഈ പ്രതിഭകളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ. കേരളത്തിൽ എ. എ. പി.യുടെ  വലിയ നേതാവാണ് സാറാ ജോസഫ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമില്ലല്ലോ എന്നാണ് അവരുടെ ആവലാതി. ഇവിടെ ഇപ്പോൾ കാര്യങ്ങൾ അടിയന്തിരാവസ്ഥക്കാലത്തേക്കാൾ മോശമാണത്രെ.  ഡൽഹിയിലെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാൻ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ അമ്മിഞ്ഞ തൊട്ടുനോക്കിയാൽ അങ്ങയുടെ ഇവിടത്തെ പാർട്ടിക്കാർ എന്നെ വെറുതെ വിടുമോ? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെയല്ലേ മേഡം ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യവും? അതോ ഇതിനൊക്കെ ഒരു പരിധി വേണമെന്നുണ്ടോ?

വെള്ളാപ്പള്ളി ഇത്രയും കാലം രണ്ടു മുന്നണികൾക്കും സ്വീകാര്യനായിരുന്നു. ബി. ജെ. പി.യോട്  കൂട്ടു കൂടും എന്നായപ്പോൾ കണ്ടില്ലേ?  കോഴ, അഴിമതി, കൊലപാതകം.... എല്ലാം ഇപ്പോൾ അദ്ദേഹത്തിന്റെ തലയിലാണ്.  ഇപ്പോഴാണ് ഇതെല്ലാം പൊട്ടി മുളച്ചത്. സത്യത്തിൽ മരിച്ചവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി വിലപിക്കാൻ ആരുമില്ല; രാഷ്ട്രീയമാണ് എല്ലാവരുടേയും ലക്ഷ്യം...

PS: ഗോദ്രയും ദാദ്രിയും 'ദ്ര' ഉള്ളതു കൊണ്ടായിരിക്കും ബി. ജെ.പിയ്ക്ക് ദ്രോഹം ചെയ്യുന്നത്. അതുകൊണ്ട് 'ദ്ര' ഉള്ള സ്ഥലപ്പേരുകളെല്ലാം അടിയന്തിരമായി മാറ്റുന്ന കാര്യം അവർക്കാലോചിക്കാവുന്നതാണ്.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു വീട്ടമ്മയുടെ ചിന്തകൾ

പത്രം വായിക്കുകയായിരുന്നു വീട്ടമ്മ. വായിച്ചു വായിച്ച് എത്തിയത് സുഗന്ധലേപനങ്ങളിൽ ആയിരുന്നു. വാർത്ത ഇതാണ്.


വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ വീട്ടമ്മയ്ക്ക് ആകെ ആശയക്കുഴപ്പമായി.  സെന്റില്ലാതെ ജീവിക്കാനോ? എന്താ കഥ?  ശിവ, ശിവ!

അവർ ആലോചിച്ചു.  "മേത്ത് സ്പ്രേ അടിച്ചാൽ കാൻസർ വരൂത്രെ. ഓരോരുത്തരുടെ ഓരോ കണ്ടുപിടിത്തം!  മേത്ത് ഇത്തിരി മണല്യാതെ എങ്ങന്യാ പൊറത്തെറങ്ങ്വാ?  അസുഖം വന്നാൽ ചികിത്സിച്ചാ പോരേ? അതിനല്ലേ ഇവിടെ ഇക്കണ്ട മരുന്നും ആസ്പത്രീം? ഈ പത്രക്കാർക്ക് ന്യൂസൊന്നും കിട്ടാത്തതുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതി ഉണ്ടാക്കുന്നതായിരിക്കും.  പഴഞ്ചൻ സമ്പ്രദായമായ ഈ പത്രവും പത്രവായനയും നിറുത്തണ്ട സമയം വൈകിയിരിക്കുന്നു."

അവർ ചിന്തിച്ചു.... "ഇന്നു രാവിലെ കാപ്പിയുടെ കൂടെ കഴിച്ച റസ്ക്കിന് എന്താ രുചി? അമ്മേം പറയ്ണ്ടായി, റസ്ക്കിന് നല്ല സ്വാദുണ്ടെന്ന്! ബടെ ഒരാള് പറയും 'അതില് ടേസ്റ്റ് മേക്കറ് ചേർത്തിട്ടുണ്ട്, അത് കെമിക്കലാണ്, കഴിച്ചാൽ സൂക്കട് വരും'ന്നൊക്കെ. രുചില്യാതെ എന്തു ഭക്ഷണാ? ഇയാളെപ്പോലെ കുറേ പച്ചക്കറി കഴിച്ചിട്ടെന്താ? അതിലും വെഷല്ലേ? ഇനിപ്പൊ ടേസ്റ്റ് മേക്കറ് കഴിച്ച് സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അവർ ആലോചന തുടർന്നു......  നിറപറയുടെ കറിപ്പൊടിയിൽ മായം  ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തതും ചില പത്രങ്ങളാണ്. എന്തൊരു ചതിയാണവർ ചെയ്തത്! ഇപ്പോൾ ഈ വീട്ടിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപയോഗിക്കുന്നത് നിറുത്തിയിരിക്കുന്നു.  വീട്ടുകാരൻ വാങ്ങിത്തന്നാലല്ലേ ഉപയോഗിക്കാൻ പറ്റൂ... ഇനി മുതൽ മുളകും മല്ലിയും വാങ്ങി മിക്സിയിലിട്ട്  പൊടിച്ചാൽ മതിപോലും!. മായം ചേർത്ത കറിപ്പൊടി ചേർത്താൽ സൂക്കട് വരൂത്രെ. ന്നാലും ചത്തൊന്നും പോവില്ലല്ലോ! ഇനിപ്പൊ ത്തിരി സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അടുത്ത വീട്ടിലൊക്കെ സ്കൂട്ടറും കാറുമുണ്ട്. അയൽവീട്ടിലെ പെണ്ണുങ്ങൾ കാറും സ്കൂട്ടറുമൊക്കെ ഓടിച്ച് പുറത്ത് പോകുമ്പോൾ അവർക്കൊക്കെ എന്താ ഗമ? ഇവിടെയും കാറും സ്കൂട്ടറും ഇല്ലാഞ്ഞിട്ടല്ല.. ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടെങ്കിലല്ലേ ഓടിക്കാൻ പറ്റൂ? ഞാൻ ഡ്രൈവിങ്ങ് പഠിക്കണ്ടാത്രെ!  സ്ക്കൂട്ടറൊക്കെ ഓടിച്ചാൽ അപകടം പറ്റൂത്രെ.  അപകടം എന്താ നാട്ടിലില്ലാത്തതാണോ? ഇനി അഥവാ വല്ലതും പറ്റിയാൽ തന്നെ ആസ്പത്രിയിൽ പോയാൽ പോരേ?  അതിനല്ലേ നാടു നിറേ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

ന്നാളൊരീസം ഒരു 'ടങ് ക്‌ളീനർ' വാങ്ങിത്തരാൻ പറഞ്ഞപ്പൊ ഇവിടത്താള് പറയ്വാ... നാട്ടില് തെങ്ങും ഓലേം ഇല്ലാതാവുമ്പോ ഞാൻ നിനക്ക് ടങ് ക്‌ളീനർ വാങ്ങിത്തരാന്ന്!  അതു വരെ ഓലയുടെ ഈർക്കിൽ കൊണ്ട് നാവു വൃത്ത്യാക്ക്യാ മതീത്രെ... കഷ്ടം! ഈർക്കിലോണ്ടൊക്കെ നാവു വൃത്ത്യാക്ക്വാണെന്ന് ആൾക്കാർ കേട്ടാലെന്തു മോശാ!  നാട്ടില് ഉമിക്കരി കിട്ടാത്തത് ഭാഗ്യം. അല്ലെങ്കിൽ പല്ലു തേക്കാൻ പേസ്റ്റും കിട്ടില്യാര്ന്നു.

അവർ ഇരുന്നാലോചിച്ചു........... ഫൽഗ്വേട്ടന്റെ വീട്ടിലൊക്കെ എന്താ രസം. അവർ ഭർത്താവും ഭാര്യയും കൂടി ഒരുമിച്ചിരുന്ന് സീരിയൽ കാണുന്നത് കാണുമ്പൊ കൊതി വരും.. എന്തൊരു ഒത്തൊരുമയോടെയാ അവർ സീരിയൽ കാണുന്നത്. ഒരൊറ്റ സീരിയൽ അവർ ഒഴിവാക്കാറൂല്യ. ഇവിടത്തെ ആളുടെ കാര്യാ കഷ്ടം. സീരിയൽ എന്നു കേട്ടാൽ കലി വരും; മൂക്കു വിറക്കും! ടീവിയിലേക്ക് തിരിഞ്ഞു നോക്കില്ല. സത്യത്തിൽ ഒറ്റക്കിരുന്ന് സീരിയൽ കണ്ട് എനിയ്ക്ക് മടുത്തിരിക്കുന്നു. എന്താ അവർക്ക് എന്റെ കൂടെ ഇരുന്ന് സീരിയൽ കണ്ടാൽ?

രാവിലത്തെ കാര്യാ കൂടുതൽ കഷ്ടം...ഒറങ്ങാൻ വിടില്യ... രാവിലെ ശരിക്കും ഒരു 7 മണിക്കൊക്കെ എഴുന്നേറ്റാ പോരേ? പക്ഷേ സമ്മതിക്കില്ല... സൂര്യനുദിക്കുമ്പഴ്ക്കും ഉണരണത്രെ... എന്തൊരു നിയമം... ഇപ്പഴൊക്കെ ആളുകൾ രാത്രി 1ഉം 2ഉം മണിക്കൊക്കെ ഉറങ്ങി രാവിലെ 7ഉം 8ഉം മണിക്കാണുണരുന്നത്.  എന്തു സുഖമായിരിക്കും രാവിലെ പുതച്ചു മൂടിക്കിടക്കാൻ.....  ബോറൻ....

                               ..............................................വീട്ടമ്മ തന്റെ ചിന്തകൾ ഇനിയും തുടരും....

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കുട്ടിച്ചോറ്

2015 ഒക്റ്റോബർ 2.....

ഗാന്ധി ജയന്തി......

ആൾരൂപൻ ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്...... ഓഫീസിൽ എങ്ങും വിജനത, അടഞ്ഞ വാതിലുകൾ.....  ഒക്റ്റോബർ 2 അവധി ദിവസം ആയതു മാത്രമല്ല കാരണം... ഭാരതാംബയെ സ്വച്ഛമാക്കാൻ എല്ലാവരും റോഡിലിറങ്ങിയിട്ടുകൂടിയാണുള്ളത്...

മണി പത്തായിരിക്കുന്നു. വിശക്കുന്നുണ്ട്. രാവിലെ 8 മണിക്കേ ഓഫീസിലെത്തിയതാണ് ആൾരൂപൻ.... ഒരു ചായ കിട്ടിയാൽ കുടിക്കാമായിരുന്നു..... ആൾരൂപൻ പണി തുടർന്നു.....

മണി 11 ആയി..............  ചുമരിലെ ക്‌ളോക്കിൽ സൂചികൾ നീങ്ങിക്കൊണ്ടേ ഇരുന്നു...

ആൾരൂപന് ജോലിയൊഴിഞ്ഞ നേരമോ ദിവസമോ ഇല്ല. അലക്കു കഴിഞ്ഞ് ഇതുവരെ കാശിക്ക് പോകാൻ പറ്റിയിട്ടില്ല...

മണി 12 ആയി....

വയറു കത്തുന്നു. പേശികളെ കാർന്നു തിന്നുന്ന വിശപ്പ്.

ആൾരൂപൻ വെറുതെ ഓഫീസ് കാന്റീനിലേക്ക് നടന്നു..... അവിടെയും അടഞ്ഞ വാതിലുകൾ..... ആൾരൂപന് നിരാശ തോന്നി....

ആൾരൂപൻ ഓഫീസിനു പുറത്തു കടന്നു. റോഡുവക്കിലെ പെട്ടിപ്പീടികയിൽ വല്ലതും കാണാതിരിക്കില്ല... അയാൾ അങ്ങോട്ട് നടന്നു.....

കഷ്ടം, അതും പൂട്ടിയിരിക്കുന്നു. ആൾരൂപൻ ഓഫീസിലെ തന്റെ കസേരയിൽ വീണ്ടും വന്നിരുന്നു.

അയാൾക്ക് വിശപ്പും കോപവും അടക്കാനായില്ല. ദേഷ്യം സഹിക്കാനാവാതെ അയാൾ, താൻ തീർത്തു വച്ചിരുന്ന ജോലിയെല്ലാം കുട്ടിച്ചോർ ആക്കി.

പിന്നീടയാൾ അമാന്തിച്ചില്ല; ആ ചോറെടുത്ത് വാരി വാരി വിഴുങ്ങി......

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

കാറ്, വീട്, ജീവിതപങ്കാളി......

ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെന്ന് പണ്ട് സ്കൂളിൽ പോയപ്പോൾ പഠിച്ചതോർക്കുന്നു. ഇന്നിപ്പോൾ സ്കൂളിൽ പഠിപ്പിക്കുന്നത് അങ്ങനെതന്നെ ആണോ ആവോ? ലോകം ഒരു പാടു മാറിയ സ്ഥിതിക്ക് അടിസ്ഥാനാവശ്യങ്ങളും മാറിയിട്ടുണ്ടോ എന്തോ? ന്യൂജെൻ ആളുകൾക്കേ ഉത്തരം പറയാനൊക്കൂ.

എന്തായാലും ഏറ്റവും കൂടുതൽ അത്യാവശ്യം ഭക്ഷണം തന്നെയാണ്. അത്യാവശ്യമാണെങ്കിലും ഒരാൾക്ക് അതെത്ര വേണം എന്നു ചോദിച്ചാൽ "വിശപ്പു മാറാൻ മാത്രം" എന്നതായിരിക്കും ശരിയായ ഉത്തരം. അളവ് പറയാൻ പ്രയാസമാണ്; കാരണം എണ്ണാൻ പറ്റുന്ന ഒന്നല്ല ഭക്ഷണം. 'ഞാൻ ഉച്ചഭക്ഷണം കഴിച്ചു' എന്നോ 'വയറു നിറയെ ഉണ്ടു' എന്നോ 'ഒരു ശാപ്പാട് കഴിച്ചു' എന്നോ ഒക്കെ പറഞ്ഞാൽ കഴിച്ച ഭക്ഷണത്തിന്റെ അളവറിയാൻ കഴിയില്ല.  രണ്ടു പേരുടെ ഭക്ഷണം കഴിക്കുന്നവരും, കുട്ടികളേക്കാൾ കുറച്ച് ഭക്ഷണം കഴിക്കുന്നവരും ഒക്കെ നമ്മുടെ ചുറ്റും കാണാം. ഓരോരുത്തരുടേയും വയറിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണം ആരും തൂക്കി നോക്കാത്തതുകൊണ്ട് തൂക്കക്കണക്കിലും അത് പറയാൻ പറ്റില്ല.  'ഒരു പറ ചോറ്', 'ഒരു ചെമ്പ് ചോറ്' എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ?  ഹോട്ടലിൽ നിന്നാണ് കഴിക്കുന്നതെങ്കിൽ 'ഒരു തവി ചോറ്' എന്നു പറയേണ്ടി വരും. കാരണം അതിൽ കൂടുതലൊന്നും ഹോട്ടലിൽ നിന്നു കിട്ടുമെന്നു കരുതാനാവില്ല. കൃത്യമായ കാര്യം ഹോട്ടലിൽ നിന്നു കഴിക്കുന്നവർക്കേ പറയാനാകൂ. അതെന്തായാലും, പലഹാരങ്ങൾ പലതും നമുക്ക് എണ്ണത്തിൽ പറയാൻ പറ്റും. 5 ചപ്പാത്തി, 3 ബിസ്കറ്റ് എന്നൊക്കെ പറയാറുണ്ടല്ലോ?  വിശപ്പ് എന്ന ശാരീരികാവസ്ഥയാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണയിക്കുന്നത്. "ആർത്തി" എന്ന അവസ്ഥയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണ്ണയിക്കാം. ആർത്തിപ്പണ്ടാരം എന്നു കേട്ടിട്ടില്ലേ?  പക്ഷേ, ഭക്ഷണം ഇല്ലാതെ ജീവിക്കാൻ ഹീരാ രത്തൻ മനേക്കിനു മാത്രമേ സാധിക്കൂ. അദ്ദേഹമാണല്ലോ ബഹിരാകാശയാത്രികർക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുള്ള ട്രെയിനിങ്ങൊക്കെ കൊടുത്തത്.

ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഒന്നു കിടക്കുക എന്നതാണ് മനുഷ്യനാവശ്യം. അതിനു വേണ്ടതാണ് പാർപ്പിടം. പാർപ്പിടം മനുഷ്യന് ഒന്നേ ആവശ്യമുള്ളൂ.  ഭക്ഷണം എണ്ണാൻ പറ്റിയാലും ഇല്ലെങ്കിലും പാർപ്പിടം എണ്ണാനാകും. പക്ഷേ ആ എണ്ണത്തിൽ ഒരു കഥയുമില്ല.  കൂര, കുടിൽ, വീട്, ബംഗ്‌ളാവ്, കൊട്ടാരം എന്നിങ്ങനെ പലതരത്തിലും രൂപത്തിലും പാർപ്പിടം ഉണ്ട് എന്നതു തന്നെയാണ് ഈ കഥയില്ലായ്മക്കു കാരണം.
10 കൂര     = 1 കുടിൽ
10 കുടിൽ = 1 വീട്
10 വീട്     = 1 ബംഗ്‌ളാവ്
10 ബംഗ്‌ളാവ് = 1 കൊട്ടാരം
എന്ന തരത്തിലുള്ള മന:ക്കണക്കുകളൊന്നും പഴയ ഗുരുനാഥന്മാർ എഞ്ചുവടിയിൽ എഴുതിച്ചേർത്തിട്ടില്ല എന്നതിനാൽ പാർപ്പിടങ്ങളെ എണ്ണുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നുമില്ല.  അതെന്തായാലും പാർപ്പിടം ഒരു അടിസ്ഥാനാവശ്യമാണെന്നു തന്നെയാണ് നാട്ടിലങ്ങോളമിങ്ങോളം കാണുന്ന ചേരികൾ കാണിക്കുന്നത്. അല്ലെങ്കിൽ ഈ ചേരികൾ ഉണ്ടാകുമായിരുന്നില്ലല്ലോ.

മൂന്നാമത്തെ അടിസ്ഥാനാവശ്യമായി പഠിച്ചു വച്ചിട്ടുള്ള വസ്ത്രം ഇക്കാലത്ത് ഒരു അടിസ്ഥാനാവശ്യമാണെന്നു തോന്നുന്നില്ല എന്നാണ് എന്റെ ചിന്ത. ടിവിയിൽ വരുന്ന ചില വാർത്തകൾ കാണുമ്പോൾ (നോക്കിയിരിക്കുമ്പോൾ) ഉടുത്ത തുണി അറിയാതെ ഉരിഞ്ഞുപോകുന്നതുപോലെ ചിലപ്പോൾ തോന്നാറുണ്ട്.  സമൂഹത്തിനു സരിതോർജ്ജം പ്രദാനം ചെയ്യുന്നവരേയും ഇന്നത്തെ സൈബർലോകത്തെ പൊതുകാര്യങ്ങളും വച്ചു നോക്കുമ്പോൾ മനുഷ്യർക്കെന്തിനാ ഈ വസ്ത്രം എന്ന് എനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്.  പക്ഷേ വസ്ത്രങ്ങളുടെ ഡിമാന്റ് കൂടിക്കൂടി വരിക തന്നെയാണ്.  കാലാവസ്ഥയനുസരിച്ച് ഒരാൾക്ക് ഒരു സെറ്റ് ഡ്രസ്സോ അതിൽ കൂടുതലോ ആകാം. പക്ഷേ പണക്കാർക്കൊക്കെ നിരവധി ഡ്രസ്സുകളുണ്ട്. ഒരു ഡ്രസ്സ് ഒരു തവണ ധരിച്ചാൽ പിന്നെ അതുപയോഗിക്കാത്തവർക്ക് ഒരു കൊല്ലം 365 ഡസ്സെങ്കിലും വേണ്ടേ?

വീടുകളെക്കുറിച്ച് പറഞ്ഞു.  പണ്ടൊക്കെ കൂട്ടുകുടുംബമായിരുന്നു. അന്നൊക്കെ വീടുകളുടെ എണ്ണവും കുറവായിരുന്നു. പിന്നീട് അണുകുടുംബങ്ങൾ വന്നതോടെയാണ് വീടുകളുടെ എണ്ണം പെരുകാൻ തുടങ്ങിയത്. സുഖവും സൗകര്യവും (സ്വാർത്ഥത എന്ന് ഒറ്റവാക്ക്) തന്നെയായിരുന്നു അണുകുടുംബത്തിന്റെ പ്രചോദനം. അതു കൊണ്ടു തന്നെ എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു കല്യാണം കഴിയുമ്പോൾ ദമ്പതികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബാങ്ക് ലോണെടുത്തും ചിട്ടി പിടിച്ചും ബന്ധുക്കളോട് കടം വാങ്ങിയും അവർ എങ്ങനെയും അവരുടെ ലക്ഷ്യമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയെടുക്കും. പിന്നീടങ്ങോട്ട് കുറച്ചു കാലം കടം തിരിച്ചടക്കാനുള്ള തത്രപ്പാടിലായിരിക്കും ദമ്പതികൾ. എന്തൊരു ഒത്തൊരുമയോടെയായിരിക്കും അപ്പോഴവരുടെ ജീവിതം. ചെലവാക്കുന്ന ഓരോ പൈസക്കും പരസ്പരധാരണയുണ്ടായിരിക്കും. കടം ഒരു മാതിരി കൈപ്പിടിയിലൊതുങ്ങി എന്നു തോന്നുമ്പോൾ അവർ പതുക്കെ അടുത്ത സ്വപ്നം കാണാൻ തുടങ്ങിയിരിക്കും. സ്വന്തമായി ഒരു കാറ് എന്നതാണാ സ്വപ്നം.

അതത്ര ബുദ്ധിമുട്ടുള്ളതല്ല; വല്ല സെക്കന്റ് ഹാൻഡ് കാറോ ടാറ്റാ നാനോയോ വാങ്ങാൻ ഒന്നോ രണ്ടോ ലക്ഷം ചെലവാക്കിയാൽ മതി. അതുകൊണ്ടു തന്നെ ഒരു ചെറിയ കാറെന്ന ലക്ഷ്യം അവർ എങ്ങനെയും സാധിച്ചെടുക്കും. അപ്പോഴേക്കും കുട്ടികൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയിരിക്കും. മിക്കവാറും ഭാര്യക്കും ജോലി ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളെ സ്കൂളിൽ വിടുക, ഭാര്യയെ ഓഫീസിലാക്കുക എന്നീ ആവശ്യങ്ങൾക്ക് കാറ് വളരെ ഉപയോഗപ്രദമായി അനുഭവപ്പെടും. മാത്രമല്ല, വീക്കെൻഡുകളിൽ പിക്നിക്കിനു പോകാനും അവധിദിവസങ്ങളിൽ ബന്ധു-സുഹൃത്സമാഗമങ്ങൾക്കും ആവശ്യം പോലെ മാർക്കറ്റിൽ പോകാനും സിനിമ കാണാനും ഒക്കെ ഈ കാർ വളരെ അധികം സൗകര്യം ഒരുക്കും.

സ്വന്തമായ ജോലി, സ്വന്തമായ വീട്, സ്വന്തമായ കാറ്, സ്വന്തമായ ജീവിതം...... വീട്ടിൽ സുഖവും സന്തോഷവുമൊക്കെ ഉണ്ടാവാൻ ഇനിയെന്തു വേണം?  ജീവിതം അങ്ങനെ മുന്നോട്ട് പോകും... അങ്ങനെയിരിക്കുമ്പോഴായിരിക്കും അനുഭവങ്ങളുടെ വെളിച്ചത്തിൽ പുതിയ, വലിയൊരു കാറു കൂടി വേണമെന്ന തോന്നൽ ദമ്പതികൾക്കുണ്ടാകുന്നത്. ആ ആഗ്രഹം സ്വാഭാവികം മാത്രമല്ല ന്യായവുമാണ്. രണ്ടു കാറുണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും അവരവരുടെ സൗകര്യത്തിനനുസരിച്ച് പോകാനും വരാനും ഒക്കെ പറ്റും. സമൂഹത്തിൽ ആവശ്യമായ സ്റ്റാറ്റസ് സിംബൾ നേടിയെടുക്കാനും ഇത് സഹായകമാണ്. വീട്ടിൽ രണ്ടു കാറൊക്കെ ഇല്ലാത്തവനെ ഇപ്പോൾ സമൂഹത്തിൽ ആരു ശ്രദ്ധിക്കാനാ?

"സംഗീതമേ ജീവിതം, ഒരു മധുര സംഗീതമേ ജീവിതം
സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം" എന്നല്ലേ നമ്മൾ പാടിപ്പഠിച്ചിട്ടുള്ളത്. ജീവിതം അങ്ങനെ ഒരു സംഗീതം പോലെ പോകുമ്പോഴായിരിക്കും താമസിക്കുന്ന വീട് ഫാഷനില്ലാത്തതാണെന്നും, പഴഞ്ചനാനെന്നും പുതിയൊരെണ്ണം ഉണ്ടെങ്കിൽ ഇത്തിരി സൗകര്യമായി ജീവിക്കാമെന്നും പഴയത് വാടകക്ക് കൊടുത്തിട്ട് ലേശം പൈസ ഉണ്ടാക്കമെന്നുമൊക്കെ ദമ്പതികൾക്ക് തോന്നുക. പിന്നീടതിനാകും ശ്രമം. വലിയ ബുദ്ധിമുട്ടോ താമസമോ കൂടാതെ അത് സാധിച്ചെടുക്കുകയും ചെയ്യും. പുതിയ വീട്ടിൽ പിന്നീടങ്ങോട്ട് സ്വപ്നസമാനമായ ജീവിതമാണ്.  ജീവിതം സംഗീതമയമല്ലേ? അപ്പോൾ അതിൽ അല്പം രാഗമുണ്ടായേ പറ്റൂ. ജീവിതത്തിന് പറ്റിയ രാഗം അനുരാഗം തന്നെയാണ്.
"ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
കയ്യിൽ കവിതയും മുന്തിരിച്ചാറും
കൈ വന്നാലീ ലോകം മാറ്റുമന്നേരം"
എന്നല്ലേ കവി സംഗീതമയമായ ജീവിതത്തെപ്പറ്റിപ്പാടുന്നത്?  അങ്ങനെ ആരോമലോടൊത്ത് അനുരാഗം പങ്കിടുമ്പോൾ കയ്യിലൊരു സ്മാർട്ട്ഫോണും കാണും. കയ്യിൽ സ്മാർട്ട് ഫോണില്ലാത്തവൻ(ൾ) മനുഷ്യനാണോ? സ്മാർട്ട്ഫോണുണ്ടെങ്കിൽ എപ്പോഴും ചാറ്റിക്കൊണ്ടിരിക്കാം; ടെക്സ്റ്റ്,... ഓഡിയോ, ... വീഡിയോ... ഒക്കെ അയക്കാാം... പ്രമേയങ്ങൾ സ്വകാര്യത ഉള്ളതാകാം... ഫോർവേഡ് ചെയ്യാവുന്നതുമാകാം... നിമിഷങ്ങളും ദിവസങ്ങളും ഉന്മേഷദായകമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ആരെങ്കിലും ഒരു അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ടോ? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആ അതിർവരമ്പിന്മേൽ ആരെങ്കിലും കുപ്പിച്ചില്ലോ മുള്ളുവേലിയോ പിടിപ്പിച്ചിട്ടുണ്ടോ? ഇല്ല.... അപ്പോൾ വളരെ ദുർലഭമായിട്ടെങ്കിലും ചിലർ ആ അതിർവരമ്പ് ലംഘിച്ച് മറുകണ്ടം ചാടിയെന്നു വരും. അതിർവരമ്പ് ഏതെന്നല്ലേ? ഇതുവരെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചില്ലേ ദാമ്പത്യത്തെക്കുറിച്ച്! സംഗീതമയമായ ജീവിതത്തെക്കുറിച്ച്. അതു തന്നെ..!

ഒരു സന്ദർഭം കിട്ടിയാൽ ആരാ അതു വിട്ടു കളയുക.  സംഗീതമയമായ ചാറ്റിങ്ങിനിടയിൽ മനസ്സിനിണങ്ങിയ മറ്റൊരാളെ ഈ സൈബർലോകത്ത് കണ്ടുമുട്ടാനാണോ പ്രയാസം? ബന്ധങ്ങളുടെ അതിർവരമ്പിൽ കമ്പിവേലി ഇല്ലാത്തതുകൊണ്ട് പങ്കാളിയുമായുള്ള ചാറ്റിങ്ങ് പതുക്കെ പുതുതായി കിട്ടിയ വ്യക്തിയുമായിട്ടാകും... ചാറ്റിങ്ങ് പതിക്കെ ചീറ്റിങ്ങ് ആകും...  പിന്നെയോ?

"ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും" പിന്തിരിയാൻ പിന്നെ പുതിയ കമിതാക്കൾക്കാകില്ല. പഴയ വീടു പോരാ; പുതിയതാകട്ടെ  എന്നു തീർച്ചയാക്കിയ ദമ്പതികളിൽ ഒരാൾക്ക് പുതിയൊരു പങ്കാളി വേണമെന്നു തോന്നിയാൽ അവരെ കുറ്റം പറയാമോ?   രണ്ടു കാറ്, രണ്ടു വീട് എന്നൊക്കെയുള്ള കണക്ക് രണ്ടു പങ്കാളി, രണ്ടു ജീവിതം എന്നൊക്കെയാകുന്നത് തികച്ചും സ്വാഭാവികം. After all, ജീവിതം സുഖിക്കാനുള്ളതാണെന്നല്ലേ ജനം ധരിച്ചുവച്ചിരിക്കുന്നത്??

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

Make the home Cancer-free


While cancer has become a common place disease, most of its causes remain unknown. Most of us are not aware that few regular everyday materials present in most households are potential causes of cancer. Lets know about them, the health hazards they can cause, and be aware.

Check this list.

1. Shower curtains - shower curtains are made of toxic chemicals which get into not only the shower or the bath but also into the environment. It emits harmful chemicals which are called voc (volatile organic chemicals) and can prove to be very harmful for us.

2. Deodorants - deodorants and antiperspirants are known to have various ingredients which have cancerous properties. These sprays stay on our bodies for hours, until we wash them off. While on our bodies, they chemicals harm our skin and even through it.

3. Strong shampoos - many shampoos contain toxic chemicals though there is no scientific proof that they cause cancer. However, the array of chemicals used to make shampoos is definitely harmful for us and best, if avoided.

4. Room fresheners - air-fresheners, like deodorants have vcos which are toxic and extremely harmful for us. They aggravate asthma and even affect reproductive development. They have hazardous components which can be cancerous. It is advisable to use essential oils.

5. Scented candles - scented candles mostly have wicks made of lead. While they serve a good purpose, there is no point in using something which gives momentary relief but can prove hazardous in the long run.

6. Certain paints - permanent markers, acrylic paints, solvents, etc contain hazardous chemicals which have been associated with occurrences of cancer, allergies and oral damages.

7. Gardening chemicals - household pesticides, herbicides or fungicides that we often use in gardens can contain carcinogenic materials which are believed to cause lymphomas and breast cancer (in animal models).

8. Plastic food/beverage containers - plastic materials containing bpa, or bisphenol a are believed to dangerous for health. So when one is using plastic bottle or food container make sure it is bpa free.

9. Nonstick cookware - cooking utensils which are made with a nonstick coating (teflon) is suspected to be a carcinogen. The main chemical in nonstick coatings is perfluorooctanoic acid (pfoa) is known to cause cancer. Glass, cast iron, copper, and ceramic or pfoa free nonstick cookwares are safe

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എം ജി എസ്സും ആർ എസ് എസ്സും

മന്ത്രി മഹേഷ് ശർമ്മ എന്തൊക്കെ അബദ്ധങ്ങളാ പറയുന്നത്! പെണ്ണുങ്ങൾ രാത്രി പുറത്തിറങ്ങി നടക്കരുത്, അബ്ദുൾ കലാം മുസ്ലിമായിട്ടും രാജ്യസ്നേഹിയായിരുന്നു, ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ജല്പനങ്ങൾ.... കഷ്ടം! വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ. അദ്ദേഹം ഇങ്ങനെയൊക്കെ പറയാൻ ഈ ഞാനാണോ കാരണക്കാരൻ എന്നാണിപ്പോഴെന്റെ സംശയം.  ഞാൻ സ്ഥിരമായി സന്ദർശിക്കുന്ന കൈലാസ് ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് അദ്ദേഹം; ഞാൻ ജോലി ചെയ്യുന്ന നോയ്ഡയിലെ എം. എൽ. എ. ആയിരുന്നു അദ്ദേഹം; ഇപ്പോൾ അവിടത്തെ എം. പി. ആണദ്ദേഹം; ഇങ്ങനെ ഞാനുമായുള്ള ഈ ബന്ധങ്ങളാണോ അദ്ദേഹവും എന്നെപ്പോലെ വിവരക്കേടുകൾ വിളിച്ചു പറയുന്നതിന്റെ കാരണം?  അതെന്തായാലും പുരോഗമനവാദികൾക്കും മതേതരന്മാർക്കും പറയാൻ ഒരു വിഷയമുണ്ട്. "അദ്ദേഹം ഇങ്ങനെയൊക്കെ പറയും; അദ്ദേഹം ബി.ജെ.പി. ആണ്; ആർ. എസ്. എസ്. ആണ്; ഇത്തരം വർഗ്ഗീയഫാസിസ്റ്റുകൾക്ക് എന്താ പറഞ്ഞു കൂടാത്തത്?" എന്ന്.

മന്ത്രി ഇത്രയൊക്കെ പറഞ്ഞെങ്കിൽ ഡോ. സുബ്രഹ്മണ്യസ്വാമി ഒരു പടി കൂടി കടന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അമിതമായി മദിച്ചുല്ലസിക്കരുതെന്നും രാത്രിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും സ്ത്രീകൾ രാത്രി പുറത്തു പോകരുതെന്ന മന്ത്രി മഹേഷ് ശർമ്മയുടെ അഭിപ്രായത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും മറ്റുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ശിവ ശിവ; നമ്മുടെ നാട് എവിടെ എത്തുമോ ആവോ? സംശയിക്കേണ്ട; അദ്ദേഹവും സാക്ഷാൽ സംഘി തന്നെ.  ഇതൊക്കെ കേട്ട് പുരോഗമനവാദികളും മതേതരന്മാരും ഒക്കെ എങ്ങനെ ഉറങ്ങുമോ ആവോ?

മന്ത്രിയെപ്പോലെ തന്നെ ഉത്തരവാദിത്തമില്ലാതെയാണ്, ഡോ. എം.ജി.എസ്സിന്റെ ഒരു പ്രസ്താവന കണ്ടപ്പോൾ ഞാനോരോന്നിവിടെ കുത്തിക്കുറിച്ചിട്ടത്.  "ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന കണ്ടപ്പോൾ എന്തെല്ലാം ഹീനമായ ചിന്തകളാണെന്നോ എന്റെ മനസ്സിലൂടെ കടന്നുപോയത്?  ഭാര്യാഭർത്താക്കന്മാർക്ക് ഒരിക്കലും ഐക്യത്തോടെ ജീവിക്കാനാവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്. ഇന്ത്യൻ ദമ്പതികൾ പരസ്പരം സ്നേഹിക്കാത്തവരാണെന്നും ഞാൻ തെറ്റിദ്ധരിച്ചു.  ഈ പ്രസ്താവനയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ തന്നെ ജീവിതമായിരിക്കുമെന്നും കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹമോചനം ചെയ്യണമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നതെന്നും ഞാൻ കരുതി.  ദാമ്പത്യത്തിൽ പാശ്ചാത്യരെ അനുകരിക്കാനാണ് അദ്ദേഹം ഉദ്ബോധനം നടത്തുന്നതെന്നും ഞാൻ മനസ്സിലാക്കി. ഇമ്മാതിരി മൂഢമായ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപൊയെങ്കിൽ ബുദ്ധി എന്ന ഒരു സാധനം എന്റെ തലയ്ക്കകത്ത് ഇല്ല എന്നേ ആരും കരുതൂ. മഹാനായ ഒരു വ്യക്തി മഹത്തായ ഒരു കാര്യത്തെക്കുറിച്ച് മഹനീയമായ ചില പ്രസ്താവനകൾ നടത്തുമ്പോൾ അത് മനസ്സിലാകാത്തവനെ എന്തു വിളിക്കണം? (ബുദ്ധിയും വിവേകവും ഇല്ലാത്തവനെ ആളിന്റെ രൂപമുള്ളിടത്തോളം കാലം ആൾരൂപൻ എന്നല്ലേ വിളിക്കാനാകൂ?)

ഭാരതീയചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള, നമ്മുടെ മഹനീയമായ പൈതൃകത്തെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം അതെല്ലാം മറന്ന് പാശ്ത്യരെ അനുകരിക്കാൻ നമ്മളെ ഉപദേശിക്കും എന്ന് കരുതുന്നത് അദ്ദേഹത്തോട് മാത്രമല്ല നമ്മുടെ പൂർവ്വീകരോടും ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.  അത്തരത്തിലുള്ള തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. വെറുതെയല്ല എന്റെ ബുദ്ധി വെറും റ്റ്യൂബ്‌ലൈറ്റാണെന്ന് ആളുകൾ പറയുന്നത്. എന്നാലും കുറേ കഴിഞ്ഞെങ്കിലും എനിയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ എന്നതാണ് എന്റെ ഒരു സമാധാനം.

അദേഹം നടത്തിയ പ്രസ്താവനയുടെ പൊരുൾ പതുക്കെ എനിയ്ക്ക് മനസ്സിലാകാൻ തുടങ്ങി. മഹത്തും അപൂർവ്വവും ആയ പൈതൃകവും ലോകത്തിന് അനുകരണീയമായ സംസ്കാരവും നമുക്ക് സമ്മാനിച്ച നമ്മുടെ പൂർവ്വീകരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിക്കാനാണ് അദ്ദേഹം ഉദ്ബോധനം ചെയ്തതെന്ന് എനിയ്ക്ക് അങ്ങനെ മനസ്സിലായി. നമ്മുടെ പൂർവ്വീകർ പാലിച്ചിരുന്ന ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം എന്ന് എനിയ്ക്ക് വ്യക്തമായി. വിവാഹത്തിനും ഗൃഹസ്ഥാശ്രമത്തിനും പിന്നീടുള്ള വാനപ്രസ്ഥം, സന്യാസം എന്നീ രണ്ട് ജീവിതാവസ്ഥകൾ ഓരോ ഭാരതീയനും പാലിക്കേണ്ടതാണെന്ന് അദ്ദേഹം ഉധ്ബോധിപ്പിക്കുകയായിരുന്നുവെന്ന് എനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെ 4 ആശ്രമങ്ങളിൽ ജീവിക്കുമ്പോൾ ഒരിക്കലും അത്മാർത്ഥതയില്ലാത്ത ആജീവനാന്ത ദാമ്പത്യം ഉണ്ടാവില്ല. ദമ്പതികൾ തമ്മിൽ എന്തെങ്കിലും അകൽച്ച ഉണ്ടാകുന്നതിനു മുമ്പേ വാനപ്രസ്ഥത്തിനിറങ്ങുന്നത് വിജയകരമായ ദാമ്പത്യത്തിന്റെ മാത്രം ലക്ഷണമല്ല; ഇനിയങ്ങോട്ട് അഭിപ്രായവ്യത്യാസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ്. എങ്ങനെ?

 അറിയില്ലേ? തീർത്ഥയാത്രയിൽ കൂടി ആത്മസാക്ഷാത്ക്കാരം കൈ വരുന്ന അവസ്ഥയത്രെ വാനപ്രസ്ഥം. മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണമെന്നാണ് വിക്കിപ്പീഡീയ പറയുന്നത്. (ഇപ്പോൾ എല്ലാവരും സംശയം വരുമ്പോൾ സമീപിക്കുന്നത് വിക്കിയെ ആണല്ലോ!) അതു തന്നെയാണ് ഡോ. എം. ജി. എസ്സും ഉദ്ദേശിച്ചതും പ്രഖ്യാപിച്ചതും. വാനപ്രസ്ഥം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം എന്നാണ് വിക്കി പറയുന്നത്. സന്തോഷപൂർവ്വം, ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാമത്രെ. സ്വയം അറിഞ്ഞിട്ടല്ലെങ്കിലും, 50 കഴിഞ്ഞപ്പോൾ ഞാൻ ചെയ്തത് ഇന്ദ്രപ്രസ്ഥത്തിൽ പോയി ജീവിക്കുക എന്നതായിരുന്നു. ഭാര്യയെയും കൂടെ കൂട്ടിയിരുന്നു. അതുകൊണ്ട് വാനപ്രസ്ഥത്തിൽ ചെയ്യേണ്ടതിന്റെ ഒരു 50% ഞാൻ ചെയ്തു എന്ന് എനിയ്ക്ക് സമാധാനിക്കാം. (വാനപ്രസ്ഥത്തിന്റെ 50% ഇന്ദ്രപ്രസ്ഥത്തിലുണ്ടല്ലോ!) എം. ജി. എസ്സിന്റെ പ്രസ്താവനയിൽ ഭാര്യയെ കൂടെ കൂട്ടണമെന്ന് നിർബ്ബന്ധിക്കുന്നിന്നില്ല എന്നു വേണം അനുമാനിക്കാൻ. വാനപ്രസ്ഥകാലത്ത് സാമൂഹിക, ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം എന്നാണ്  വിവക്ഷിക്കപ്പെടുന്നത്. അമ്പലങ്ങളിൽ കയറി ഇറങ്ങുകയും ഒന്നും രണ്ടും രൂപ ധർമ്മം കൊടുക്കുകയും വേണമെന്നായിരിക്കും ഇതിൽ നിന്നു വിവക്ഷിക്കുന്നത്. അതെപ്പോഴും ഒറ്റയ്ക്കാണ് നല്ലത്.

സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കുവാനായാൽ ഗൃഹഭരണം അവരെ ഏല്പിക്കണം എന്നും വിക്കി ഉപദേശിക്കുന്നുണ്ട്. അതിക്കാലത്ത് നടക്കുന്ന കാര്യമാണോ? സ്വന്തം കാലിൽ നിൽക്കാനായാൽ മക്കൾ ഐ ടി കമ്പനിയിൽ ജോലി കിട്ടി മഹാനഗരത്തിലേക്ക് ചേക്കേറും; പിന്നെ അവിടെ നിന്ന് യൂ. എസ്സിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യത്തേക്കോ പോകും. പിന്നെ എങ്ങനെയാ ഗൃഹഭരണം അവരെ ഏല്പിക്കുക? വിക്കിക്കെന്താ പറഞ്ഞു കൂടാത്തത്? എന്തായാലും എം. ജി. എസ് അതിനെക്കുറിച്ചൊന്നും പറയുന്നില്ല; സമാധാനം.

"ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന  ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചല്ല. മുഴുവൻ ഭാരതീയരേയും ഉദ്ദേശിച്ചാണ്. അതിൽ ബൗദ്ധന്മാരും ജൈനന്മാരും മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഉൾപ്പെടും. അപ്പോൾ ഈ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം വാനപ്രസ്ഥവും സന്യാസവും സ്വീകരിക്കണമെന്നാണോ അദ്ദേഹം വിവക്ഷിക്കുന്നത്? അതെങ്ങനെ സാധിക്കും? ഈ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അനുഷ്ഠിക്കേണ്ടത് ബൈബിളും ഖുറാനും അല്ലേ? അപ്പോൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വാനപ്രസ്ഥവും സന്യാസവും അനുഷ്ഠിക്കണമെന്ന് പറയുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ മന്ത്രി മഹേഷ് ശർമ പറഞ്ഞതു തന്നെയല്ലേ? (ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല.) കഷ്ടം!

ഈശ്വരാ, ഡോ. എം. ജി. എസ് പറഞ്ഞത്  പുരോഗമനവാദികളും മതേതരന്മാരും കേൾക്കാതെ പോകണമേ; അല്ലെങ്കിൽ അദ്ദേഹവും അകമേ ഒരു ആർ. എസ്. എസ്. കാരനാണെന്നും സംഘിയാണെന്നും വർഗ്ഗീയഫാസിസ്റ്റാണെന്നുമൊക്കെ അവർ പറയാൻ തുടങ്ങും. അങ്ങനെയൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.  അതെന്തായാലും, നേതാക്കളുടെ ഈ പ്രസ്താവനകളൊക്കെ വായിക്കുമ്പോൾ ഞാനും ഒരു സംഘിയല്ലേ എന്ന് അറിയാതെ തോന്നിപ്പോകുന്നു. (എന്തു ചെയ്യാം?)

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ദാമ്പത്യചരിത്രം തുടരുന്നു

ഡോ. എം. ജി.എസ് തുടരുന്നു.

"വിവാഹത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ ഭേദമാണ് പാശ്ചാത്യർ. അവർ കുറച്ചു കാലത്തേക്കെങ്കിലും അനുരാഗത്തോടെ ജീവിക്കുന്നവരാണ്."

ഈ വരികളിൽ ഭാരതത്തിലെ വിവാഹത്തിന്റെ കാപട്യം ഉന്മൂലനം ചെയ്യാനുള്ള ഒറ്റമൂലി അദ്ദേഹം ഒളിച്ചു വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല; പാശ്ചത്യരെപ്പോലെ ദാമ്പത്യം നയിക്കുക എന്നതാണത്.

അറിയില്ലേ അവിടത്തെ രീതികളെക്കുറിച്ച്? പാശ്ചാത്യർ നമ്മളെപ്പോലെ ആജീവനാന്തം ദമ്പതികളാണ് എന്നു പറഞ്ഞ് ഒരുമിച്ചു ജീവിക്കാറില്ല. അനുരാഗത്തിന്റെ തീവ്രത അവസാനിക്കുമ്പോൾ അവർ ദാമ്പത്യബന്ധം അവസാനിപ്പിക്കും. എന്നിട്ട് ഭാര്യ ഭാര്യയുടെ പാട്ടിനും ഭർത്താവ് ഭർത്താവിന്റെ പാട്ടിനും പോകും. കുട്ടികളോ സ്വത്തോ സ്വർണമോ സ്ത്രീധനമോ പിന്നെ അവർക്കിടയിൽ ഒരു തടസ്സവും ആകാറില്ല. രണ്ടു കൂട്ടരും പിന്നെ നയിക്കുന്നത് പുതിയ ദാമ്പത്യജീവിതമായിരിക്കും.

ദമ്പതികൾക്ക് ആജീവനാന്തം ആത്മാർത്ഥമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന് ദാമ്പത്യ ചരിത്രകാരൻ പറഞ്ഞ സ്ഥിതിക്ക് നമുക്കും പാശ്ചാത്യരുടെ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു. അതിന് ഏറ്റവും പറ്റിയ മാർഗ്ഗം കല്യാണം കഴിഞ്ഞ് അത് രജിസ്റ്റർ ചെയ്യുമ്പോൾ അതിന് ഒരു കാലാവധി നിശ്ചയിക്കുക എന്നതാണ്. നമ്മൾ ഒരു കാറു വാങ്ങുമ്പോൾ അത് വെറും 15 വർഷത്തേക്കല്ലേ റജിസ്റ്റർ ചെയ്യുന്നത്? അതുപോലെയാകട്ടെ ഇനി നമ്മുടെ വിവാഹവും. വേണമെങ്കിൽ കല്യാണം ഒരു 25 വർഷത്തേക്ക് വരെ റജിസ്റ്റർ ചെയ്യാം. അത് എത്ര വേണമെന്നറിയാൻ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രൈം ടൈമിൽ ഒരു ചർച്ച ആകാവുന്നതുമാണ്. വിഷയം ഇതായതുകൊണ്ട് ചർച്ചക്ക് ആളെ കിട്ടാതെ വരില്ല എന്നുറപ്പാണ്. 25 വർഷം കഴിയുമ്പോൾ ഈ ബന്ധം താനേ ഇല്ലാതായിക്കോളും. അപ്പോൾ പിന്നെ വിവാഹമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ? ഇനി തുടർന്നും ഒരുമിച്ച് പഴയ ദാമ്പത്യം വേണമെങ്കിൽ ദമ്പതികൾക്ക് റജിസ്‌ട്രേഷൻ പുതുക്കാവുന്നതുമാണ്. അങ്ങനെ റി-റെജിസ്‌ട്രേഷൻ വഴി ദാമ്പത്യം തുടരാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണമെന്ന് നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്നതേ ഉള്ളൂ.  ജനപ്രതിനിധിസഭകളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നും സജീവമായ ചർച്ചകളും ഇടപെടലുകളും പ്രതീക്ഷിക്കാവുന്നതുമാണ്. അതെന്തായാലും വിവാഹത്തിന്റെ റീ-റെജിസ്‌ട്രേഷന് മുന്നോട്ടു വരുന്ന ദമ്പതികളുടെ എണ്ണം കുറവായിരിക്കുമെന്നാണ് എന്റെ അനുമാനം. അതും നമ്മുടെ കാറിന്റെ Case Study-യിൽ നിന്നാണ് ഞാൻ അനുമാനിക്കുന്നത്. 15 വർഷം കഴിയുമ്പോൾ എത്രപേർ അതേ കാർ റീ-റെജിസ്റ്റർ ചെയ്യുന്നുണ്ട്? തുലോ വിരളം. എല്ലാവരും അപ്പോഴേക്കും പുതിയ കാറിന്റെ make-ഉം model-ഉം കണ്ടു വച്ചിരിക്കും. നമ്മുടെ റീ-വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെയേ സംഭവിക്കൂ. ആദ്യത്തെ ദാമ്പത്യം നടക്കുമ്പോൾ എല്ലാവരും 25 വർഷം കഴിഞ്ഞാലുള്ള പുതിയ ബന്ധത്തിനു പറ്റിയ ആളെ കണ്ടെത്തുന്ന തിരക്കിലായിരിക്കും എന്നാണെന്റെ ഒരു വിലയിരുത്തൽ. അതാലോചിക്കുമ്പോൾ 25 വർഷം ഇത്തിരി കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് വിവാഹവും കാറിനെപ്പോലെ 15 വർഷത്തേക്ക് റജിസ്റ്റർ ചെയ്താൽ മതിയാകും....

മറ്റൊരു നിർദ്ദേശം കൂടി എനിയ്ക്കുണ്ട്. അതിതാണ്. 15 വർഷം കഴിയുമ്പോൾ പഴയ കാർ നമ്മൾ ഗാരേജിൽ സൂക്ഷിക്കുകയും പുതിയ കാർ വാങ്ങുകയും ചെയ്യാറുണ്ടല്ലോ. അതുപോലെ 15 വർഷമെന്ന വിവാഹ റെജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോൾ പഴയ ഭാര്യയെ വീട്ടിൽ നിർത്തിക്കൊണ്ടു തന്നെ പുതിയ ഒരു റെജിസ്‌ട്രേഷൻ (വിവാഹം) ആകാവുന്നതാണ്. എന്റെ ഈ നിർദ്ദേശത്തിന് ഭൂരിപക്ഷം പുരുഷന്മാരും പിന്തുണ നൽകുമെന്നാണ് എന്റെ ഒരു അനുമാനം.  പക്ഷേ സ്ത്രീകൾ സമ്മതിക്കുമോ എന്തോ? എന്തായാലും 15 വർഷം കഴിഞ്ഞുള്ള പുതിയ വിവാഹ റജിസ്‌ട്രേഷന് അനന്ത സാദ്ധ്യതകളാണ് ഉള്ളത്.  15 വർഷത്തെ പരിചയമുള്ള ഭർത്താവിന് അടുത്ത വിവാഹറജിസ്‌ട്രേഷനു വേണ്ടി "പരിചയസമ്പന്നയായ വധുവിനെ ആവശ്യമുണ്ട്" എന്ന് സധൈര്യം പരസ്യം ചെയ്യാലോ? ഇക്കാര്യത്തിൽ സ്ത്രീകൾക്കും പരിചയം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടുകളിൽ എക്സ്ചെയ്ഞ്ച് കല്യാണം നടക്കുന്നത് പോലെ 15 വർഷം കഴിഞ്ഞുള്ള രണ്ടാം വിവാഹം ചിലപ്പോൾ അയൽവാസികൾ തമ്മിലുള്ള എക്സ്ചെയ്ഞ്ച് കല്യാണം ആയി എന്നും വരാം.

ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധം സ്ഥാപിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് തോന്നിയേക്കാം. അത് ഒരു പരിധി വരെ ശരിയുമാണ്‌. പക്ഷേ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാകുന്നത് ഒരു...... ഒരു..... ഒരു...... ഒരു തരം Art of Living ആണ്‌ എന്നാണ്‌ ആളുകളിപ്പോൾ പറയുന്നത്. ഒരു സ്ത്രീയുമായുള്ള ബന്ധം വെറും Part of Living ആണത്രെ; അതിൽ പ്രത്യേകിച്ചൊരു ആർട്ട് (കല) ഒന്നും കാണാനില്ല; അത് ആർക്കും സാധിക്കാവുന്നതേ ഉള്ളൂ.  ആർട്ട് ഓഫ് ലിവിങ്ങ് -ന് മലയാളത്തിൽ 'ജീവിതകല' എന്നു പറയാം. പാർട്ട് ഓഫ് ലിവിങ്ങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം ജീവിതത്തിൽ മായാത്ത കല (scar) സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ജീവിതകല എന്നു പറയുന്നത്. ജീവിതത്തിൽ മാത്രമല്ല ചിലപ്പോൾ ശരീരത്തിലും scar ഉണ്ടായേക്കാം... ആചാര്യൻ ശ്രീ ശ്രീ ശ്രീ രവിശങ്കറുടെ 'ജീവനകല' ഇതിൽ നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.

ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം 15 വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് (വിവാഹത്തിനു്) പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും.  കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ! 

അതാലോചിച്ചപ്പോഴാണ് പുതിയ തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ പഴയ വസ്തുക്കളുടെ സ്വാധീനം എനിയ്ക്കനുഭവപ്പെട്ടത്. പഴയ വീടുകളിലാണല്ലോ കൈ പൊക്കി ഉത്തരത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നത്. പഴയ വീടെവിടേ? ഉത്തരമെവിടെ? എല്ലാം ടെറസ്സല്ലേ?  ഇപ്പോൾ എല്ലാം നമ്മൾ അലമാരയിലല്ലേ സൂക്ഷിക്കുന്നത്? ബാങ്ക് ലോക്കറും പ്രചാരത്തിലുണ്ട്. അപ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുന്നതെങ്ങനെയാ? അപ്പോൾ അതിനനുസരിച്ച് സംസാരത്തിലെ ഈ നാടൻപ്രയോഗങ്ങൾ മാറ്റേണ്ടതല്ലേ? ആരാണാവോ അതിനൊക്കെ ഒരു തുടക്കം ഇടുക?  ഒരു പക്ഷേ ഞാൻ തന്നെ ഇതൊക്കെ ചെയ്യേണ്ടി വരുമോ ആവോ?

അതെന്തായാലും വിവാഹം 15 വർഷമായി ചുരുക്കുന്നതിലെ ദോഷം പരിഹരിക്കാൻ എന്റെ മനസ്സിൽ ഒരു ആശയം വികസിച്ചു വരുന്നുണ്ട്. "ഗാരണ്ടി" എന്നതാണത്. വിവാഹം കഴിയുമ്പോൾ വധുവിന് ഒരു 10 വർഷം ഗാരണ്ടി വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാം. (പിന്നെ ഐച്ഛികമായ ഒരു 5 വർഷത്തെ extended guaranty-യും.) അതുകൊണ്ടുള്ള ഗുണമെന്തെന്നാൽ കല്യാണം കഴിഞ്ഞ് ആദ്യരാത്രി കഴിയുമ്പോൾ നമുക്ക് ഒരു തൃപ്തി തോന്നുന്നിലെങ്കിൽ ഗാരണ്ടി ഉള്ളതുകൊണ്ട് സാധനം തിരിച്ചു കൊടുത്ത് അതേ വീട്ടിലെ അടുത്ത ആളെ നമുക്ക് ആവശ്യപ്പെടാമല്ലോ? ഇനി നമുക്ക് പറ്റിയ സാധനം അവിടെ ഇല്ലെങ്കിൽ റജിസ്ട്രേഷൻ കാൻസൽ ചെയ്ത് പുതിയ ആലോചന തുടങ്ങുകയും ആകാം. എങ്ങനെ എന്റെ ഐഡിയ?

സമൂഹത്തിൽ ഒരു വിശദമായ ചർച്ച ഇതേക്കുറിച്ചൊക്കെ നടത്തണമെന്നാണ് എനിയ്ക്കിപ്പോൾ തോന്നുന്നത്. അതിനായി ധീരന്മാരായ ആളുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. ഡോ. എം. ജി.എസ് നാരായണൻ തന്നെ അതിനു മുൻകൈ എടുക്കുമെന്നും ഞാൻ കരുതുന്നു.  അതു വരെ ഈ കുത്തിക്കുറിപ്പുകൾ ഇവിടെ നിൽക്കട്ടെ.

2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ധീരൻ... ദാമ്പത്യചരിത്രകാരൻ....

ലോകത്തിലുള്ള ആളുകളെ രണ്ട് ഗ്രൂപ്പായി തിരിക്കാം. ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളവരും ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലാത്തവരും എന്നതാണത്. രണ്ടാമത്തെ കൂട്ടരാണധികം; ലൈസൻസില്ലാത്തവർ. ഈ ലൈസൻസ് കിട്ടാൻ കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്; മാത്രമല്ല ലൈസൻസിന് കാലാവധിയുമുണ്ട്. കാലാവധി കഴിയുമ്പോൾ ലൈസൻസ് പുതുക്കിയില്ലെങ്കിൽ തനിയേ അവർ ലൈസൻസുള്ളവരുടെ ഗ്രൂപ്പിൽ നിന്ന് ലൈസൻസ് ഇല്ലാത്തവരുടെ ഗ്രൂപ്പിലെത്തിച്ചേരും.

ഈ വിവാഹവും ഏതാണ്ട് ഡ്രൈവിങ്ങ് ലൈസൻസ് പോലെയാണ്. ലോകരെ വിവാഹത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കാം. അവിവാഹിതരെന്നും വിവാഹിതരെന്നും ആണത്. വിവാഹത്തിനും കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്. നടപടിക്രമങ്ങൾ കഴിയുമ്പോൾ അവിവാഹിതൻ വിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറും. വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിലും ഡ്രൈവിങ്ങ് ലൈസൻസ് പോലെ അത് പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ വല്ല കാരണവശാലും വിവാഹം വേണ്ടെന്നു വച്ചാൽ അയാൾക്ക് അവിവാഹിതരുടെ ഗ്രൂപ്പിലെത്തിച്ചേരാൻ പറ്റില്ല. അയാൾ തുടർന്നും വിവാഹിതരുടെ ഗ്രൂപ്പിൽ തുടരണം. 

സത്യത്തിൽ ഈ വിവാഹം എന്നത് വലിയൊരു ബന്ധനമാണ്. മംഗല്യച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്നത്കൊണ്ടായിരിക്കും അതൊരു ബന്ധനമാകുന്നത്. കല്യാണത്തിനു ശേഷം സ്ത്രീക്ക് പുരുഷന്റെ താല്പര്യത്തിനും പുരുഷനു മറിച്ചും ജീവിക്കേണ്ടി വരുന്നതുകൊണ്ടാണ് ഇതൊരു ബന്ധനമാകുന്നത്. കല്യാണം ബന്ധനമാണെന്ന് എനിയ്ക്ക് മനസ്സിലായത് കല്യാണം കഴിഞ്ഞപ്പോഴാണ്. പക്ഷേ പിന്നെ അവിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറാൻ ഒരു വഴിയും ഇല്ല എന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വ്യക്തമല്ലേ?

ചിലർക്ക് ബന്ധനത്തിന്റെ ഈ കാര്യം മുൻകൂട്ടി കാണാനാകും. അങ്ങനെയാണ് ബഹുമാനപ്പെട്ട ഡോ. എ. പി. ജെ. അബ്ദുൾകലാം അവിവാഹിതനായി തുടർന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ജീവിക്കാനായി. (ബന്ധനത്തിനു കാരണമൊന്നുമില്ലല്ലോ.)

മോടിയോടെ ജീവിക്കാൻ ഡാഡിയാകരുതെന്ന് കല്യാണം കഴിഞ്ഞപ്പോഴാണ് മോഡിക്ക് മനസ്സിലായത്. അതുകൊണ്ടാണ് മധുവിധു ആഘോഷിക്കാതെ അദ്ദേഹം വധുവിനെ നേരേ വധൂഗ്രഹത്തിലേക്ക് പറഞ്ഞു വിട്ടത്. അതുകൊണ്ടു തന്നെ ചായക്കച്ചവടം നിർത്തി പ്രധാനമന്ത്രിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ കോൺഗ്രസ്സാഫീന്റെ മുന്നിൽ പെട്ടിക്കടയും കൊണ്ടു കഴിഞ്ഞേനേ.

ഇനിയും വേറേ ചിലരുണ്ട്. അവർ കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹ മോചിതരാവും. ചിലർ പരസ്പരസമ്മതത്തോടെയായിരിക്കും; ചില മലയാളസിനിമാദമ്പതികളെ കണ്ടിട്ടില്ലേ? പരസ്പരസമ്മതമില്ലാതെയും വിവാഹമോചനമുണ്ട്; ഭാര്യക്ക് കാൻസറോ മാരകരോഗമോ വന്നതു കാരണം അവരെ ഉപേക്ഷിച്ച് വേറേ സുന്ദരിമാരെ കെട്ടിയവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

ഇനിയും ഒരു കൂട്ടരുണ്ട്. അവർ ഭാര്യയോ ഭർത്താവോ മരിക്കുവോളം ദാമ്പത്യം തുടരും. പരസ്പരം ഐക്യമുണ്ടായാലും ഇല്ലെങ്കിലും. പരസ്പരം പിരിഞ്ഞു എന്നൊക്കെ പറയുന്നത് ഒരു കുറച്ചിലായിട്ടാണ് അവർ കരുതുക. അതുകൊണ്ടു തന്നെ സമൂഹമദ്ധ്യത്തിൽ അവർ മാതൃകാദമ്പതികളും നല്ല കുടുംബം പുലർത്തുന്നവരുമായിരിക്കും. അവരാണ് സമൂഹത്തിൽ കൂടുതൽ... ഞാനൊക്കെ അതിൽ പെടുമെന്ന് പൊതുവായി പറയാം...

മാതൃകാപരമായ ദാമ്പത്യം നയിച്ച പ്രശസ്തർ ഏറെയാണ്. അവരിലൊരാളാണ് മരിച്ചുപോയ ഡോ. യു. ആർ. അനന്തമൂർത്തി. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ഒരു രാജ്യത്തു ജീവിക്കാൻ സാധ്യമല്ലെന്ന് ഡോ. യു. ആർ. അനന്തമൂർത്തി ഒരിക്കൽ പറയുകയുണ്ടായി. ഒരു പ്രവചനം പോലെയായിരുന്നു ആ പ്രഖ്യാപനം. മോഡി പ്രധാനമന്ത്രിയായതും അദ്ദേഹം മരിച്ചതും ഏതാണ്ടൊപ്പമായിരുന്നു. ജനപിന്തുണയുള്ള ഒരു നേതാവിനെതിരെ ഇങ്ങനെ അറുത്തുമുറിച്ചു പറയാൻ ഇത്തിരി ധൈര്യമൊക്കെ വേണം എന്നാണെന്റെ പക്ഷം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരു ധീരനായിട്ടാണ് ഞാൻ കണക്കാക്കുന്നത്.

പ്രശസ്തനായ ചരിത്രകാരനാണ് എന്റെ നാട്ടുകാരനായ ഡോ. എം ജി. എസ്. നാരായണൻ.  അദ്ദേഹവും മാതൃകാപരമായ ദാമ്പത്യം നയിക്കുകയാവും...  ധാരാളം ചരിത്രഗവേഷണം നടത്തിയതാണ് അദ്ദേഹം. ധാരാളം പൈതൃകപഠനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ  ഡോ. യു. ആർ. അനന്തമൂർത്തി അവാർഡിന് തെരഞ്ഞെടുത്തതായി ഈയിടെ പത്രത്തിൽ വായിച്ചു. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലുമൊക്കെ പ്രവർത്തിച്ച അനന്തമൂർത്തിയുടെ സ്മരണക്കുള്ള അവാർഡ് ചരിത്രകാരനായ ഡോ. എം ജി. എസിനു കൊടുക്കാനുള്ള യുക്തി എനിയ്ക്കു മനസ്സിലായില്ല. എന്തെങ്കിലും കാരണമില്ലാതെ കൊടുക്കില്ലല്ലോ. അതെന്താണെന്നറിയാനുള്ള അടങ്ങാത്ത ഒരു ആഗ്രഹം എനിയ്ക്കുണ്ടായി. അങ്ങനെയാണ് ഞാൻ അതിന്റെ കാരണം കണ്ടെത്താൻ കിട്ടിയ പത്രമെല്ലാം മറിച്ചു നോക്കാൻ തുടങ്ങിയത്. മുട്ടുവിൻ, തുറക്കപ്പെടും എന്നല്ലേ? എനിയ്ക്ക് അതിന്റെ ഉത്തരം കിട്ടുക തന്നെ ചെയ്തു.

അനന്തമൂർത്തി ഒരു ധീരനായിരുന്നു എന്നു ഞാൻ പറഞ്ഞല്ലോ. അതേ പോലൊരു ധൈര്യം ഡോ. എം. ജി. എസ്സും ഈയിടെ കാണിക്കുകയുണ്ടായി. അതുകാരണമായിരിക്കും ധീരനായ അദ്ദേഹത്തിനു ധീരമായ അനന്തമൂർത്തി അവാർഡ് കിട്ടിയതെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു. ഡോ. എം ജി. എസ്.  കാട്ടിയ ധൈര്യം എന്തെന്നല്ലേ?  അതൊരു പ്രസ്താവനയായിരുന്നു.  അതിങ്ങനെയാണ്.

"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം. ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല.  ഇവിടെ ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്."(Mathrbhoomi Delhi Edition dated 12/09/2015)

എന്തൊരു ധീരമായ പ്രഖ്യാപനം... ഒന്നുകിൽ അദ്ദേഹം സ്വന്തം ജീവിതം തന്നെയായിരിക്കും ഈ പ്രഖ്യാപനത്തിനടിസ്ഥാനമാക്കിയിരിക്കുക. ധൈര്യമില്ലാത്തവർക്കങ്ങനെ പറയാൻ പറ്റുമോ? (അദ്ദേഹത്തിന്റെ ഭാര്യ കേട്ടാൽ അവർക്കെന്തു തോന്നും? വീണ്ടും അവരുടെ മുഖത്തു നോക്കണ്ടേ?) അല്ലെങ്കിൽ അദ്ദേഹം ദാമ്പത്യചരിത്രത്തിലും നല്ല പോലെ ഗവേഷണം നടത്തിക്കാണും.  അങ്ങനെയെങ്കിൽ തികച്ചും സത്യമെന്നു തെളിഞ്ഞശേഷമായിരിക്കും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുക. രണ്ടായാലും ഞാൻ അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നു. അദ്ദേഹത്തിനു കിട്ടിയ ഈ അവാർഡിൽ സന്തോഷിക്കുകയും ചെയ്യുന്നു.

വിവാഹം ഇങ്ങനെ കൃത്രിമവും കപടവും ആണെങ്കിൽ അതിനൊരു തിരുത്ത് വേണ്ടേ? കാപട്യവും കൃത്രിമത്വവും ഇല്ലാതാക്കണ്ടേ? വേണം. അതിന്റെ മാർഗ്ഗവും അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട്. 
                                                                           
                                                                            ............... തുടരും ........... ഈ ദാമ്പത്യചരിത്രം.....

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളി നടേശഗുരുവും ചെമ്പഴന്തി നാണുഗുരുവും

നോബൽ സമ്മാനം എന്നു കേൾക്കാത്തവരുണ്ടോ? ഒരു സമ്മാനം കിട്ടിയാൽ തലമുറകൾക്ക് സുഖമായി ജീവിക്കാം.... ആൽഫ്രഡ് നോബൽ തന്റെ പേരിൽ സമ്മാനങ്ങൾ ഏർപ്പെടുത്താനുള്ള കാരണം അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ഡൈനാമിറ്റായിരുന്നില്ല. മറിച്ച് മനുഷ്യരെ പരസ്പരം കൊന്നൊടുക്കാൻ വേണ്ടി രാഷ്ട്രങ്ങൾ ഈ ഡൈനാമിറ്റിനെ ഉപയോഗിച്ചതും താനാണല്ലോ അതിനുള്ള കാരണക്കാരൻ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവും ആയിരുന്നു. ഒരിക്കൽ കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ കണ്ടുപിടുത്തം ഇല്ലാതാക്കാനാകില്ലല്ലോ. കണക്കറ്റ കൊലപാതകങ്ങൾക്ക് ഡൈനാമിറ്റ് കാരണമായതിന്റെ പ്രായശ്ചിത്തമായിരുന്നു ഈ നോബൽ സമ്മാനങ്ങൾ. സമാധാനത്തിനു വേണ്ടി ശ്രമിക്കുക എന്നല്ലാതെ കണ്ടുപിടുത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ബ്രാഹ്മണസമൂഹത്തെ നല്ലൊരു മനുഷ്യസമൂഹമാക്കുക എന്നതിനായിരുന്നു മഹാനായ വി. ടി. ഭട്ടതിരിപ്പാട് തന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. “ബ്രാഹ്മണരെ മനുഷ്യരാക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുന്നതിനു മുമ്പ് മനുഷ്യ സമൂഹത്തിൽ മൊത്തമായി പല തരത്തിലുള്ള ദുഷിച്ച പ്രവണതകളും ഉടലെടുത്തിരുന്നു. ഒടുവിൽ മരിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞത് ഇനിയൊരു അവസരം കിട്ടിയാൽ “മനുഷ്യരെ ബ്രാഹ്മണരാക്കുക” എന്നതായിരിക്കും തന്റെ ലക്ഷ്യമെന്നാണ്‌. ഒന്നാലോചിച്ചാൽ അദ്ദേഹത്തിന്റേയും ആൽഫ്രഡ് നോബലിന്റേയും അന്ത്യകാലചിന്തകൾ തങ്ങളുടെ പ്രവർത്തികൾക്കെതിരായിരുന്നു.

ലോകോത്തര ശാസ്ത്രജ്ഞൻ ആയിരുന്നല്ലോ ഐൻസ്റ്റൈൻ. അദ്ദേഹം അവസാനകാലത്തു പറഞ്ഞത് “എനിയ്ക്ക് ഇനിയൊരു യൗവ്വനം ഉണ്ടായാൽ വല്ല തെരുവുകച്ചവടക്കാരനായോ മറ്റോ ജീവിക്കുകയേ ഉള്ളൂ” എന്നാണെന്ന് എവിടേയോ വായിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ മനോഗതി ഭട്ടതിരിപ്പാടിന്റേയും നോബലിന്റേയും അവസാനകാല കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്ഥമല്ലെന്നു വരുന്നു. ജനങ്ങളുടെ നീതിബോധത്തിലും ജീവിതവീക്ഷണങ്ങളിലും വന്ന അസഹനീയമായ വ്യതിയാനം തന്നെയായിരിക്കും അദ്ദേഹത്തിലും ഈ ചിന്ത ഉണ്ടാക്കിയിരിക്കുക.

വി. ടി. ജനിച്ച ബ്രാഹ്മണസമുദായത്തിൽ പെട്ട അരീക്കര ഇല്ലത്തു രാമൻ നമ്പൂതിരിയുടെ പൗത്രനായതു കൊണ്ടാണോ, അതോ ഐൻസ്റ്റൈനെപ്പോലെ ശാസ്ത്രജ്ഞനല്ലെങ്കിലും ഭാരത് സർക്കാറിന്റെ കീഴിൽ ‘ശാസ്ത്രജ്ഞൻ’ എന്ന ഔദ്യോഗികനാമത്തിൽ ജോലി ചെയ്യുന്നതുകൊണ്ടാണോ എന്നറിയില്ല ഞാനും തീർച്ചയാക്കിയിരിക്കുന്നത് ഇനിയൊരു ബാല്യമുണ്ടെങ്കിൽ ഒരു തെങ്ങുകയറ്റക്കാരനായി ജീവിക്കുമെന്നാണ്‌. (എന്താ ഇപ്പോൾ തെങ്ങുകയറ്റക്കാരുടെ ഒരു കൂലി!) പക്ഷേ അന്ന് കേരളത്തിൽ തെങ്ങും ഇന്ത്യയിൽ കേരളവും ഉണ്ടായിരിക്കുമോ എന്ന പേടിയാണ്‌ ഇപ്പോൾ മനസ്സിലുള്ളത്.

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പണ്ടു പറഞ്ഞതാണോർമ്മ വരുന്നത്. കേരളത്തിലെ ജാതിചിന്തയും അനാചാരങ്ങളും അസഹനീയമാം വണ്ണം ഹിന്ദുസമൂഹത്തിൽ ആഴ്ന്നിറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. നമ്പൂതിരിക്ക് നായാടിയെ കണ്ടുകൂട, അവർണ്ണർ(?)ക്ക് ക്ഷേത്രത്തിൽ കയറിക്കൂടാ എന്നൊക്കെയുള്ള വിവേചനങ്ങൾ സമൂഹത്തിൽ അധികരിച്ചതു മൂലം മനുഷ്യൻ എന്ന സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു.

“യഥാ ഹി ധർമ്മസ്യ ഗ്ളാനിർ ഭവതി ഭാരത: അഭ്യുത്ഥാനം അധർമ്മസ്യ തദാത്മാനം സൃജാമ്യഹം” എന്നാണല്ലോ പ്രമാണം. കേരളത്തിലെ ഈ അധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ഭഗവാൻ അവതരിക്കുക തന്നെ ചെയ്തു. ചെമ്പഴന്തിയിൽ നാരായണഗുരുവിന്റെ രൂപത്തിലായിരുന്നു ഭഗവാന്റെ അവതാരം. ശ്രീകൃഷ്ണൻ യാദവകുലത്തിൽ ജനിച്ചതുപോലെ നാരായണഗുരുവും താരതമ്യേന താഴ്ന്ന ജാതിയായ ഈഴവകുലത്തിലാണ്‌ ജനിച്ചത്. അദ്ദേഹം ചിന്തയും തപസ്സും അനുഷ്ടിച്ച ശേഷം, ഉന്നതകുലജാതരെ ബുദ്ധിമുട്ടിക്കാതെ അവർണ്ണർക്ക് പ്രാർത്ഥിക്കാൻ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തി. ഇതു കണ്ട് സവർണ്ണർക്ക് വിറളി പിടിച്ചത്രെ. ശിവക്ഷേത്രം നിർമ്മിക്കാൻ തനിക്കാരാണ്‌ അനുമതി തന്നത് എന്നായത്രെ സവർണ്ണർ. താൻ പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണ്‌ എന്ന വിപ്ളവാത്മകമായ മറുപടിയാണ്‌ അപ്പോൾ അദ്ദേഹം മുന്നോട്ടു വച്ചത്. (ഈഴവശിവനെ പ്രതിഷ്ഠിക്കുമ്പോൾ അദ്ദേഹം ഈഴവപൂണൂൽ ധരിച്ചിരുന്നോ എന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.) എന്തായാലും ഇത്രയും വിപ്ളവാത്മകമായ ഒരു ചിന്തയോ പ്രവർത്തിയോ മറുപടിയോ മറ്റൊരു മഹാത്മാവിൽ നിന്നും അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഈഴവരായ ഈഴവരെല്ലാം താമസം വിനാ വിപ്ളവപാർട്ടിയായ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തു. വിപ്ളവകാരികൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയായിരുന്നുവല്ലോ.

അതിനു ശേഷം ഈഴവർ കൂട്ടത്തോടെ മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തെങ്കിലും ഈഴവസമുദായത്തിന്റെ ഉന്നമനത്തിന്‌ പാർട്ടി വലുതായൊന്നും ചെയ്തില്ല എന്നു വേണം കരുതാൻ. ഈഴവരെ തങ്ങളുടെ വോട്ട്ബാങ്കായി കണ്ട പാർട്ടി ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാനോ മഹത്തായ ഒരു സ്മാരകം തീർക്കാനോ മെനക്കെട്ടില്ല. തെങ്ങു കയറിയും കള്ളു ചെത്തിയും ഈഴവർ ഉപജീവനം കഴിച്ചു. ഈഴവർക്ക് സാമ്പത്തിക വളർച്ച ഉണ്ടായില്ലെങ്കിലും കാലക്രമേണ മറ്റു മതങ്ങൾ നല്ല പോലെ കേരളത്തിൽ ‘പച്ച’ പിടിച്ചു.

വി.ടി. ഒരു സമുദായത്തിൽ മാത്രം പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹത്തിനു സമൂഹത്തിൽ വന്ന മാറ്റങ്ങൾ വേഗത്തിൽ മനസ്സിലാക്കാനായി. അതുകൊണ്ടു തന്നെ ചിന്തകളിൽ, വേണ്ട മാറ്റം വരുത്തുവാൻ അദ്ദേഹത്തിനായി. എന്നാൽ ശ്രീനാരായണഗുരു സമൂഹത്തിലും സംസ്ഥാനത്തും മൊത്തമായി പ്രവർത്തിച്ചതുകാരണം നാട്ടിലുണ്ടായ രാഷ്ട്രീയ ഉച്ചനീചത്വങ്ങൾ അദ്ദേഹത്തിനു മനസ്സിലാക്കാൻ പറ്റിയില്ല. അതുകൊണ്ടു തന്നെ സമാധിയാകുന്നതു വരെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന” കേരളത്തിനായി അദ്ദേഹം ശ്രമിച്ചു. എങ്കിലും, നമ്പൂതിരി മുതൽ നായാടി വരെയുള്ള ഹിന്ദുസമൂഹം ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ കേരളം മറ്റൊരു ഭ്രാന്താലയമാകുന്ന ചുറ്റുപാടുകളാണ്‌ ഉള്ളതെന്ന് തല്പരകക്ഷികൾ മനസ്സിലാക്കി.

കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അധർമ്മത്തെ നീക്കി ധർമ്മസംസ്ഥാപനം നടത്താൻ വേണ്ടത് ഒരു പുനരവതാരം മാത്രമാണല്ലോ. ഭഗവാൻ വീണ്ടും അവതരിക്കുക തന്നെ ചെയ്തു. വെള്ളാപ്പള്ളി നടേശഗുരുവിന്റെ രൂപത്തിലായിരുന്നു ഇത്തവണ ഭഗവാന്റെ അവതാരം. ആലപ്പുഴയിൽ കുളിച്ചു തൊഴുത് നെറ്റിയിൽ കുറി തൊട്ട് അദ്ദേഹം ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനായി മുന്നിട്ടിറങ്ങുക തന്നെ ചെയ്തു. ഇനിയെല്ലാം ഭഗവാൻ നിശ്ചയിക്കുന്നതു പോലെ...

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കല്പവസ്തു

പണ്ടൊരു കുട്ടിയോട് പശുവിനെ കുറിച്ച് ഒരു പ്രബന്ധമെഴുതാൻ പറഞ്ഞപ്പോൾ പശുവിനെ സാധാരണയായി തെങ്ങിലാണ്‌ കെട്ടുക എന്നെഴുതി പിന്നീടങ്ങോട്ട് തെങ്ങിനെക്കുറിച്ചെഴുതിയത്രെ. പശുവിനെക്കുറിച്ചറിയാത്തവനും തെങ്ങിനെക്കുറിച്ചറിയും എന്നതു കൊണ്ടാകണം ഇങ്ങനെ സംഭവിച്ചത്. എന്നാൽ ഇന്ന് കാര്യം വ്യത്യസ്തമാണ്‌. ഇന്നാരെങ്കിലും പശുവിനെക്കുറിച്ചെഴുതാൻ പറഞ്ഞാൽ പശുവിനെ കൊല്ലുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടാണ്‌ ഉള്ളത്; ഇങ്ങനെ ചെയ്തത് നരേന്ദ്രമോഡിയാണ്‌; ആർ എസ് എസ് എന്ന ഭീകരസംഘടനയാണ്‌ ഇതിന്റെ പിന്നിൽ എന്നൊക്കെയുള്ള കാര്യങ്ങളാകും എഴുതുക. നാട്ടിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികൾ മനസ്സിലാക്കുക.

അതെന്തായാലും ഞാൻ പറഞ്ഞുവരുന്നത് തെങ്ങിനെക്കുറിച്ചാണ്‌. കല്പവൃക്ഷം എന്നല്ലേ അതിനെ നമ്മൾ പറയുന്നത്? തെങ്ങിന്റെ വേരു മുതൽ ഓല വരെ എല്ലാ ഭാഗങ്ങളും നമുക്ക് വളരെയധികം പ്രയോജനം ചെയ്യും എന്നതിനാലാണ്‌ നമ്മൾ അങ്ങനെ കല്പവൃക്ഷം എന്നു പറയുന്നത്.

ഞാനാലോചിച്ചു; തെങ്ങിന്റെ ഓല കൊണ്ടുള്ള ഉപയോഗങ്ങൾ.... പണ്ടാണെങ്കിൽ പുരകെട്ടാൻ ഓല നിർബ്ബന്ധമായിരുന്നു. പല തരത്തിൽ ഓല മെടഞ്ഞുണ്ടാക്കുമായിരുന്നു. പന്തലിടാനും ഷെഡ് കെട്ടാനും പറമ്പിൽ കക്കൂസ് കെട്ടാനും... എന്തിന്‌, ഓലപ്പന്തുണ്ടാക്കാനും പല തരം കളിപ്പാട്ടങ്ങളുണ്ടാക്കാനും ഓല ആവശ്യമായിരുന്നു. ഒന്നാന്തരം വിറകായും ഓല ഉപയോഗിച്ചിരുന്നു. അടുക്കളയിൽ, അടുപ്പിൽ തീ പടർന്നു പിടിക്കാൻ ആദ്യം വേണ്ടിയിരുന്നത് ഉണങ്ങിയ ഓലയായിരുന്നു. കുരുത്തോല കൊണ്ടും ഉണ്ടായിരുന്നു പല തരം ഉപയോഗങ്ങൾ.

ഇന്നിപ്പോൾ ഓലയുടെ ആവശ്യം എന്താണ്‌? ഒന്നുമില്ല. സത്യത്തിൽ അതൊരു സ്ഥലം മുടക്കിയാണിപ്പോൾ. ആരെങ്കിലും ഓല കൊണ്ട് പുര കെട്ടാറുണ്ടോ? ഇല്ല. ആരെങ്കിലും പന്തലിടാനോ ഷെഡ് കെട്ടാനോ ഓല ഉപയോഗിക്കാറുണ്ടോ? ഇല്ല. ആരെങ്കിലും ഓലയിൽ നിന്നുണ്ടാക്കുന്ന ഈർക്കിൽ ചൂലുകൾ ഉപയോഗിക്കുന്നുണ്ടോ? ഇല്ല. ഇമ്മാതിരി ആവശ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉപയോഗിക്കുന്നത് പ്ളാസ്റ്റിക് ഉത്പന്നങ്ങളാണ്‌. എവിടെയും പന്തലിടാനും ഷെഡ് കെട്ടാനും ഉപയോഗിക്കുന്നത് നല്ല നീലനിറമുള്ള പ്ളാസ്റ്റിക് ഷീറ്റുകളാണ്‌. കുരുത്തോലയുടെ ഉപയോഗത്തിന്‌ ചൈനീസ് നിർമ്മിതമായ നല്ല പ്ളാസ്റ്റിക് കുരുത്തോലകൾ മാർക്കറ്റിൽ ഉണ്ടായിരിക്കും. തെങ്ങോല കൊണ്ടുള്ള കിടക്കപ്പായ ഇപ്പോൾ കിട്ടാൻ പ്രയാസം; ഒക്കെ പ്ളാസ്റ്റിക്കിലല്ലേ ഇപ്പോൾ?

പണ്ടൊക്കെ പല്ലുതേച്ചു കഴിഞ്ഞാൽ ഈർക്കിൽ കൊണ്ടാണ്‌ നാവു വൃത്തിയാക്കിയിരുന്നത്. ആ സ്ഥാനം ഇപ്പോൾ പ്ളാസ്റ്റിക് കരസ്ഥമാക്കിയിരിക്കുന്നു.

പണ്ടു ചിരട്ട കൊണ്ട് ഹൃദ്യമായ എന്തെല്ലാം കൗതുകവസ്തുക്കൾ ഉണ്ടാക്കിയിരുന്നു. ഇന്നു ചിരട്ടയെവിടെ? കൗതുകവസ്തുക്കളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിലല്ലേ ഉണ്ടാക്കുന്നത്?

പണ്ടൊക്കെ വീടിന്റെ മുറ്റത്ത് നല്ല ഭംഗിയുള്ള ചെറിയ ചെന്തെങ്ങുകൾ കാണുമായിരുന്നു. ചെന്തെങ്ങിന്റെ നാളികേരം കാണാൻ എന്തു ഭംഗിയാണ്‌! ഇന്നതൊക്കെ പോയി. പ്ളാസ്റ്റിക്കിലുള്ള ചെറിയ തെങ്ങുകൾ പ്ളാസ്റ്റിക്കു കൊണ്ടുണ്ടാക്കിയത് ചിലരുടെ സ്വീകരണമുറികളിൽ ഇപ്പോൾ കാണാറുണ്ട്; അത്ര മാത്രം....

പണ്ടൊക്കെ മരപ്പണിക്ക് തെങ്ങിന്റെ തടി ഉപയോഗിക്കുമായിരുന്നു. കട്ടിലിന്റെ അഴികളുണ്ടാക്കാനും കോണിപ്പടികളുടെ പിടികൾ ഉണ്ടാക്കാനും തെങ്ങു വേണമായിരുന്നു. നല്ല മൂത്ത തെങ്ങിൻ തടി നല്ല ആരുള്ളതാണെങ്കിലും നല്ല ഉറപ്പും ഭംഗിയും ഉള്ളതായിരുന്നു. വാർണീഷ് ഇട്ടുകൊടുത്താൽ ഒരുകാലത്തും കേടുവരാത്തതായിരുന്നു ഈ തെങ്ങിൻ തടികൾ. ഇന്നിപ്പോൾ തെങ്ങിൻ തടി ആർക്കും വേണ്ട. അതിനു പകരം എന്തെല്ലാം വസ്തുക്കളുണ്ടിന്ന്‌!

കല്പവസ്തു എന്നു പറഞ്ഞാൽ മലയാളിക്ക് മനസ്സിലാകില്ല; മനസ്സിലാകണമെങ്കിൽ കല്പവൃക്ഷം എന്നു വേണം പറയാൻ. അങ്ങനെയാണല്ലോ തെങ്ങിനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്? പക്ഷേ, കല്പവൃക്ഷം എന്ന തെങ്ങല്ല ഞാൻ കല്പവസ്തു കൊണ്ടുദ്ദേശിച്ചത്; മറിച്ച് എന്തിനും ഏതിനും എപ്പോഴും സുലഭമായി ലഭ്യമായ പ്ളാസ്റ്റിക്കുകളെക്കുറിച്ചാണ്‌. പ്‌ളാസ്റ്റിക്കാണല്ലോ ഇന്ന് മലയാളിയുടേയും ഭാരതീയന്റേയും എല്ലാ ഭൗതികാവശ്യങ്ങളും ക്ഷണനേരം കൊണ്ട് സാധിച്ചു തരുന്നത്!  ഭൂമിയും പ്രകൃതിയും പരിസരവും നശിച്ചാലും ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കുമാണല്ലോ ഇന്ന് ജീവിതത്തിൽ പ്രാധാന്യം.