2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ധീരൻ... ദാമ്പത്യചരിത്രകാരൻ....

ലോകത്തിലുള്ള ആളുകളെ രണ്ട് ഗ്രൂപ്പായി തിരിക്കാം. ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളവരും ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലാത്തവരും എന്നതാണത്. രണ്ടാമത്തെ കൂട്ടരാണധികം; ലൈസൻസില്ലാത്തവർ. ഈ ലൈസൻസ് കിട്ടാൻ കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്; മാത്രമല്ല ലൈസൻസിന് കാലാവധിയുമുണ്ട്. കാലാവധി കഴിയുമ്പോൾ ലൈസൻസ് പുതുക്കിയില്ലെങ്കിൽ തനിയേ അവർ ലൈസൻസുള്ളവരുടെ ഗ്രൂപ്പിൽ നിന്ന് ലൈസൻസ് ഇല്ലാത്തവരുടെ ഗ്രൂപ്പിലെത്തിച്ചേരും.

ഈ വിവാഹവും ഏതാണ്ട് ഡ്രൈവിങ്ങ് ലൈസൻസ് പോലെയാണ്. ലോകരെ വിവാഹത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കാം. അവിവാഹിതരെന്നും വിവാഹിതരെന്നും ആണത്. വിവാഹത്തിനും കുറേ നടപടിക്രമങ്ങളൊക്കെയുണ്ട്. നടപടിക്രമങ്ങൾ കഴിയുമ്പോൾ അവിവാഹിതൻ വിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറും. വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിലും ഡ്രൈവിങ്ങ് ലൈസൻസ് പോലെ അത് പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ വല്ല കാരണവശാലും വിവാഹം വേണ്ടെന്നു വച്ചാൽ അയാൾക്ക് അവിവാഹിതരുടെ ഗ്രൂപ്പിലെത്തിച്ചേരാൻ പറ്റില്ല. അയാൾ തുടർന്നും വിവാഹിതരുടെ ഗ്രൂപ്പിൽ തുടരണം. 

സത്യത്തിൽ ഈ വിവാഹം എന്നത് വലിയൊരു ബന്ധനമാണ്. മംഗല്യച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്നത്കൊണ്ടായിരിക്കും അതൊരു ബന്ധനമാകുന്നത്. കല്യാണത്തിനു ശേഷം സ്ത്രീക്ക് പുരുഷന്റെ താല്പര്യത്തിനും പുരുഷനു മറിച്ചും ജീവിക്കേണ്ടി വരുന്നതുകൊണ്ടാണ് ഇതൊരു ബന്ധനമാകുന്നത്. കല്യാണം ബന്ധനമാണെന്ന് എനിയ്ക്ക് മനസ്സിലായത് കല്യാണം കഴിഞ്ഞപ്പോഴാണ്. പക്ഷേ പിന്നെ അവിവാഹിതരുടെ ഗ്രൂപ്പിലേക്ക് മാറാൻ ഒരു വഴിയും ഇല്ല എന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വ്യക്തമല്ലേ?

ചിലർക്ക് ബന്ധനത്തിന്റെ ഈ കാര്യം മുൻകൂട്ടി കാണാനാകും. അങ്ങനെയാണ് ബഹുമാനപ്പെട്ട ഡോ. എ. പി. ജെ. അബ്ദുൾകലാം അവിവാഹിതനായി തുടർന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ജീവിക്കാനായി. (ബന്ധനത്തിനു കാരണമൊന്നുമില്ലല്ലോ.)

മോടിയോടെ ജീവിക്കാൻ ഡാഡിയാകരുതെന്ന് കല്യാണം കഴിഞ്ഞപ്പോഴാണ് മോഡിക്ക് മനസ്സിലായത്. അതുകൊണ്ടാണ് മധുവിധു ആഘോഷിക്കാതെ അദ്ദേഹം വധുവിനെ നേരേ വധൂഗ്രഹത്തിലേക്ക് പറഞ്ഞു വിട്ടത്. അതുകൊണ്ടു തന്നെ ചായക്കച്ചവടം നിർത്തി പ്രധാനമന്ത്രിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ കോൺഗ്രസ്സാഫീന്റെ മുന്നിൽ പെട്ടിക്കടയും കൊണ്ടു കഴിഞ്ഞേനേ.

ഇനിയും വേറേ ചിലരുണ്ട്. അവർ കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹ മോചിതരാവും. ചിലർ പരസ്പരസമ്മതത്തോടെയായിരിക്കും; ചില മലയാളസിനിമാദമ്പതികളെ കണ്ടിട്ടില്ലേ? പരസ്പരസമ്മതമില്ലാതെയും വിവാഹമോചനമുണ്ട്; ഭാര്യക്ക് കാൻസറോ മാരകരോഗമോ വന്നതു കാരണം അവരെ ഉപേക്ഷിച്ച് വേറേ സുന്ദരിമാരെ കെട്ടിയവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

ഇനിയും ഒരു കൂട്ടരുണ്ട്. അവർ ഭാര്യയോ ഭർത്താവോ മരിക്കുവോളം ദാമ്പത്യം തുടരും. പരസ്പരം ഐക്യമുണ്ടായാലും ഇല്ലെങ്കിലും. പരസ്പരം പിരിഞ്ഞു എന്നൊക്കെ പറയുന്നത് ഒരു കുറച്ചിലായിട്ടാണ് അവർ കരുതുക. അതുകൊണ്ടു തന്നെ സമൂഹമദ്ധ്യത്തിൽ അവർ മാതൃകാദമ്പതികളും നല്ല കുടുംബം പുലർത്തുന്നവരുമായിരിക്കും. അവരാണ് സമൂഹത്തിൽ കൂടുതൽ... ഞാനൊക്കെ അതിൽ പെടുമെന്ന് പൊതുവായി പറയാം...

മാതൃകാപരമായ ദാമ്പത്യം നയിച്ച പ്രശസ്തർ ഏറെയാണ്. അവരിലൊരാളാണ് മരിച്ചുപോയ ഡോ. യു. ആർ. അനന്തമൂർത്തി. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ഒരു രാജ്യത്തു ജീവിക്കാൻ സാധ്യമല്ലെന്ന് ഡോ. യു. ആർ. അനന്തമൂർത്തി ഒരിക്കൽ പറയുകയുണ്ടായി. ഒരു പ്രവചനം പോലെയായിരുന്നു ആ പ്രഖ്യാപനം. മോഡി പ്രധാനമന്ത്രിയായതും അദ്ദേഹം മരിച്ചതും ഏതാണ്ടൊപ്പമായിരുന്നു. ജനപിന്തുണയുള്ള ഒരു നേതാവിനെതിരെ ഇങ്ങനെ അറുത്തുമുറിച്ചു പറയാൻ ഇത്തിരി ധൈര്യമൊക്കെ വേണം എന്നാണെന്റെ പക്ഷം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരു ധീരനായിട്ടാണ് ഞാൻ കണക്കാക്കുന്നത്.

പ്രശസ്തനായ ചരിത്രകാരനാണ് എന്റെ നാട്ടുകാരനായ ഡോ. എം ജി. എസ്. നാരായണൻ.  അദ്ദേഹവും മാതൃകാപരമായ ദാമ്പത്യം നയിക്കുകയാവും...  ധാരാളം ചരിത്രഗവേഷണം നടത്തിയതാണ് അദ്ദേഹം. ധാരാളം പൈതൃകപഠനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ  ഡോ. യു. ആർ. അനന്തമൂർത്തി അവാർഡിന് തെരഞ്ഞെടുത്തതായി ഈയിടെ പത്രത്തിൽ വായിച്ചു. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലുമൊക്കെ പ്രവർത്തിച്ച അനന്തമൂർത്തിയുടെ സ്മരണക്കുള്ള അവാർഡ് ചരിത്രകാരനായ ഡോ. എം ജി. എസിനു കൊടുക്കാനുള്ള യുക്തി എനിയ്ക്കു മനസ്സിലായില്ല. എന്തെങ്കിലും കാരണമില്ലാതെ കൊടുക്കില്ലല്ലോ. അതെന്താണെന്നറിയാനുള്ള അടങ്ങാത്ത ഒരു ആഗ്രഹം എനിയ്ക്കുണ്ടായി. അങ്ങനെയാണ് ഞാൻ അതിന്റെ കാരണം കണ്ടെത്താൻ കിട്ടിയ പത്രമെല്ലാം മറിച്ചു നോക്കാൻ തുടങ്ങിയത്. മുട്ടുവിൻ, തുറക്കപ്പെടും എന്നല്ലേ? എനിയ്ക്ക് അതിന്റെ ഉത്തരം കിട്ടുക തന്നെ ചെയ്തു.

അനന്തമൂർത്തി ഒരു ധീരനായിരുന്നു എന്നു ഞാൻ പറഞ്ഞല്ലോ. അതേ പോലൊരു ധൈര്യം ഡോ. എം. ജി. എസ്സും ഈയിടെ കാണിക്കുകയുണ്ടായി. അതുകാരണമായിരിക്കും ധീരനായ അദ്ദേഹത്തിനു ധീരമായ അനന്തമൂർത്തി അവാർഡ് കിട്ടിയതെന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു. ഡോ. എം ജി. എസ്.  കാട്ടിയ ധൈര്യം എന്തെന്നല്ലേ?  അതൊരു പ്രസ്താവനയായിരുന്നു.  അതിങ്ങനെയാണ്.

"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം. ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല.  ഇവിടെ ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്."(Mathrbhoomi Delhi Edition dated 12/09/2015)

എന്തൊരു ധീരമായ പ്രഖ്യാപനം... ഒന്നുകിൽ അദ്ദേഹം സ്വന്തം ജീവിതം തന്നെയായിരിക്കും ഈ പ്രഖ്യാപനത്തിനടിസ്ഥാനമാക്കിയിരിക്കുക. ധൈര്യമില്ലാത്തവർക്കങ്ങനെ പറയാൻ പറ്റുമോ? (അദ്ദേഹത്തിന്റെ ഭാര്യ കേട്ടാൽ അവർക്കെന്തു തോന്നും? വീണ്ടും അവരുടെ മുഖത്തു നോക്കണ്ടേ?) അല്ലെങ്കിൽ അദ്ദേഹം ദാമ്പത്യചരിത്രത്തിലും നല്ല പോലെ ഗവേഷണം നടത്തിക്കാണും.  അങ്ങനെയെങ്കിൽ തികച്ചും സത്യമെന്നു തെളിഞ്ഞശേഷമായിരിക്കും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുക. രണ്ടായാലും ഞാൻ അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നു. അദ്ദേഹത്തിനു കിട്ടിയ ഈ അവാർഡിൽ സന്തോഷിക്കുകയും ചെയ്യുന്നു.

വിവാഹം ഇങ്ങനെ കൃത്രിമവും കപടവും ആണെങ്കിൽ അതിനൊരു തിരുത്ത് വേണ്ടേ? കാപട്യവും കൃത്രിമത്വവും ഇല്ലാതാക്കണ്ടേ? വേണം. അതിന്റെ മാർഗ്ഗവും അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട്. 
                                                                           
                                                                            ............... തുടരും ........... ഈ ദാമ്പത്യചരിത്രം.....

3 അഭിപ്രായങ്ങൾ:

സജീവ്‌ മായന്‍ പറഞ്ഞു...

വിവാഹം ഒരു കപടസ്ഥാപനം ആണെങ്ങില്‍ ആദ്യം ചെയ്യേണ്ടത്
സ്വന്തം ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണ്...
അല്ലാതെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല.
കെട്ടിപ്പോയാല്‍ അതിന് പറ്റുമോ ആള്‍രൂപണ്ണാ???

ആൾരൂപൻ പറഞ്ഞു...

"ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന കണ്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളാണ് ഈ കുറിപ്പിനാധാരം.

"വിവാഹം ഒരു കപടസ്ഥാപനം ആണെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണ്" എന്ന സജീവിന്റെ അഭിപ്രായം ഞാൻ മുഖവിലക്കെടുക്കുന്നു. പക്ഷേ എം. ജി.എസ്സ് പറഞ്ഞതു പോലെ പറയാനോ സജീവ് പറഞ്ഞതു പോലെ ചെയ്യാനോ ഉള്ള ധൈര്യം എനിയ്ക്കില്ല. പറയാൻ മാത്രമല്ല ചെയ്യാനും ധൈര്യമുണ്ടെന്നു കാണിക്കേണ്ടതു ഏം. ജി.എസ്സാണ്. കെട്ടിപ്പോയാല്‍ പിന്നെ മാന്യന്മാർക്ക് പറഞ്ഞത് അത് പൊട്ടിക്കാതിരിക്കുക എന്നതു തന്നെയാണ്. എം. ജി. എസ് പറഞ്ഞത് സത്യമാണെങ്കിലും എത്ര പേർക്ക് അത് അവർത്തിക്കാൻ ധൈര്യം കാണും?

എന്തായാലും എം. ജി. എസ്സിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള എന്റെ ചിന്തയുടെ ബാക്കി ഭാഗം (ദാമ്പത്യചരിത്രം തുടരുന്നു) ഞാനിന്നു പുറത്തു വിടുകയാണ്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...


"സമൂഹത്തിലെ ഏറ്റവും കൃത്രിമമായതും
കാപട്യം നിറഞ്ഞതുമായ സ്ഥപനമാണ് വിവാഹം.
ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം
ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല. ഇവിടെ
ദമ്പതിമാരിൽ 90 ശതമാനവും സ്നേഹം എന്തെന്നറിയാതെ കഴിയുന്നവരാണ്."

പരമാർത്ഥം...!