2011, ജൂലൈ 31, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 6

യാത്രയുടെ ദിനങ്ങൾ അടുത്തു വരികയാണ്. ധാരാളം പണികൾ ചെയ്തു തീർക്കാനുണ്ട്. പ്രധാനം പേപ്പർ ജോലികൾ തന്നെ. 10 രൂപയുടെ മുദ്രക്കടലാസിൽ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഒരു ബോണ്ട് തയ്യാറാക്കേണ്ടതുണ്ട്. സ്വമനസ്സാലെയാണ് ഈ യാത്ര ചെയ്യുന്നതെന്നും സർക്കാർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു കൊള്ളാമെന്നും പ്രകൃതിദുരന്തങ്ങളും മറ്റും കാരണം ഈ യാത്ര ജീവനും വസ്തുവകകൾക്കും അത്യന്തം ആപത്ക്കരമാണെന്നറിയാമെന്നും അതിന്റെ അനന്തര ഫലങ്ങൾ സ്വയം ഏറ്റെടുത്തുകൊള്ളാമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ എന്റെ അവകാശികൾ ഗവണ്മെന്റിനെ കുറ്റപ്പെടുത്തില്ലെന്നും അവർ ഗവണ്മെന്റിൽ നിന്ന് നഷ്ടപരിഹാരത്തിന് ശ്രമിക്കില്ലെന്നും യാത്രാമദ്ധ്യേ രോഗമുണ്ടായാൽ യാത്ര മതിയാക്കി തിരിച്ചു പോന്നു കൊള്ളാമെന്നും അങ്ങനെ പോന്നാൽ അടച്ച പണം തിരിച്ചു ചോദിക്കില്ലെന്നും എന്തെങ്കിലും അപകടം മൂലം അടിയന്തിരമയി ആകാശമാർഗ്ഗേണ നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നാൽ അതിനുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്നും ബോണ്ടിൽ സമ്മതിച്ച കാര്യങ്ങൾ ഒരിക്കലും മറിച്ചു പറയില്ലെന്നും മറ്റും മറ്റും ആണ് ഈ മുദ്രക്കടലാസിൽ എഴുതിക്കൊടുക്കേണ്ടത്.

യാത്രയുടെ ഗൗരവം മനസ്സിലാക്കാൻ ഈ ബോണ്ട് മാത്രം മതി. 2 വ്യക്തികളും ഒരു നോട്ടറിയും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത ബോണ്ടില്ലാതെ ഈ യാത്ര അസാദ്ധ്യമാണ്. തിബറ്റിൽ വച്ച് മരിച്ചു പോകുകയാണെങ്കിൽ അവിടെത്തന്നെ ശവസംസ്കാരം നടത്തുമെന്നും അത് ബന്ധുക്കളെ അറിയിച്ചാവണമെന്നില്ലെന്നും ഇതിനെല്ലാം സമ്മതമാണെന്നും കൂടി എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്.

മുദ്രക്കടലാസ് വാങ്ങാനും നോട്ടറിയുടെ ഒപ്പ് കിട്ടാനും ഇത്തിരി യാത്ര ചെയ്യണമെന്നതൊഴിച്ചാൽ ബോണ്ട് തയ്യാറാക്കാൻ മറ്റു ബുദ്ധിമുട്ടുകളില്ല. രാപ്പകൽ കമ്പ്യൂട്ടറിനു മുന്നിൽ തപസ്സിരിക്കുന്ന എനിയ്ക്കിതൊക്കെ ടൈപ്പ് ചെയ്തെടുക്കാൻ എളുപ്പമേയുള്ളു. നോട്ടറിയുടെ ഒപ്പ് കിട്ടുന്നതും നോയ്ഡയിൽ എളുപ്പമാണ്. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. അവിടെപ്പോയാൾ നിമിഷങ്ങൾക്കകം നോട്ടറിയുടെ ഒപ്പും സീലും റെഡി. 25 രൂപ മുതൽ 50 രൂപ വരെ സൗകര്യം പോലെ കൊടുത്താൽ എന്തും ഏതും നോട്ടറി ഒപ്പിട്ടു തരും എന്നതാണെന്റെ അനുഭവം. ഈ ഒപ്പിടുന്നതൊക്കെ നോട്ടറി തന്നെ ആണോ എന്നാർക്കറിയാം? ഇതെല്ലാം അന്വേഷിക്കാനുണ്ടോ ഗവണ്മെന്റിനു നേരം? എന്തായാലും ബോണ്ടും മറ്റു പേപ്പറുകളും തയ്യാറാക്കി കഴിഞ്ഞപ്പോൾ എനിക്ക് വലിയൊരു ജോലി തീർന്ന പോലെ തോന്നി.

അടുത്തതായി വേണ്ടത് ഡോളറാണ്; പിന്നെ കെഎംവിഎൻ-നു കൊടുക്കാനുള്ള 22000 രൂപയുടെ ഡി.ഡി.യും. ചുരുങ്ങിയത് ആയിരം ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവായ ധാരണ. സഹായത്തിനു തയ്യാറായി എന്റെ ബാങ്കുണ്ടായിരുന്നതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടന്നു. ഞാൻ 50127 രൂപ കൊടുത്ത് 1100 അമേരിക്കൻ ഡോളർ സ്വന്തമാക്കി. ഒരു ഡോളറിന് നാല്പത്തഞ്ചര രൂപ. ഡോളറും ഡി.ഡി.യും കൂടി 72000 രൂപയിൽ കൂടുതലായി.

ഇനി വേണ്ടത് മരുന്നുകളും സാധനങ്ങളുമാണ്. അടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്നും ഹാൻഡ്ബുക്കിൽ പറഞ്ഞ മരുന്നുകൾ വാങ്ങി... കൈലാസത്തിലും എവറസ്റ്റിലുമൊന്നും പോയിട്ടില്ലെങ്കിലും എത്രയോ മലകളും കുന്നുകളും കയറി ഇറങ്ങിയവനാണ് ഞാൻ. അന്നൊന്നും വേണ്ടി വരാത്ത ഈ മരുന്നുകൾ ഇപ്പോഴെന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു. പക്ഷേ അന്നത്തെയൊന്നും പോലെ അല്ലല്ലോ ഇപ്പോൾ. അപരിചിതരായ പലരുടേയും കൂടെയാണീ യാത്ര. കയ്യിൽ മരുന്നില്ലെന്നത് ഒരു കുറച്ചിലായിപ്പോകരുത്. ഏതാണ്ട് 500 രൂപ കൊടുത്ത് മരുന്നും എടുത്ത് പോരുമ്പോൾ യാത്രാവസാനം ഇതെന്ത് ചെയ്യും എന്നായിരുന്നൂ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്.

അടിയന്തിരമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി ഉണങ്ങിയ പഴങ്ങൾ, ഗ്ലൂക്കോസ്, ചോക്ളൈറ്റ്, മിഠായികൾ, ച്യൂയിങ്ങ് ഗം, സൂപ്പ് പൊടികൾ എന്നിവ കയ്യിൽ കരുതണമെന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഷുഗറും പ്രഷറും ഉള്ള എനിക്കിതു പലതും പറ്റില്ലെന്നതു കൊണ്ട് കുറച്ച് അവിലും ബിസ്കറ്റും മാത്രം ഞാൻ വാങ്ങി.

ഡൽഹിയിൽ മിലിറ്ററിക്കാർക്ക് വേണ്ട സാധനങ്ങൾ കിട്ടുന്ന സ്ഥലമാണ് ഗോപിനാഥ് മാർക്കറ്റ്. അവിടെ നല്ല സാധനങ്ങൾ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഗോപിനാഥ് മാർക്കറ്റിൽ നിന്നും തെറ്റില്ലാത്ത ഒരു കാൻവാസ് ഷൂസും വലിയൊരു റക്‍സാക്കും ഞാൻ വാങ്ങി. ഒരു ലെതർ ഗ്ലൗസും. അത്രയും വാങ്ങിയപ്പോൾ തന്നെ രൂപ ആയിരം കവിഞ്ഞു. പിന്നീട് 360 രൂപക്ക് നന്നാലു ജോടി കോട്ടൺ സോക്സും വുളൻ സോക്സും വാങ്ങി, ഓരോന്നും 45 രൂപ വച്ച്. എല്ലാം കൂടി രൂപ 1500 ആയി. കയ്യിൽ അവശ്യം വേണ്ട സാധനങ്ങളില്ലെന്ന് പറഞ്ഞ് അധികാരികൾ യാത്ര മുടക്കരുതേ എന്നു മാത്രമേ എനിക്ക് പ്രാർത്ഥനയായുണ്ടായിരുന്നുള്ളു.

അപ്രതീക്ഷിതമായാണ് കൈലാസയാത്ര മൂലം നാലായിരം രൂപ നഷ്ടമായത്. അതും, വില കുറഞ്ഞ ഒരു കൂളിങ്ങ് ഗ്ലാസ് വാങ്ങാനുള്ള ശ്രമത്തിൽ.

യാത്രയ്ക്ക് സൺഗ്ലാസും സ്നോഗ്ലാസും വേണമെന്നായിരുന്നൂ നിർദ്ദേശം. പക്ഷേ സ്നോഗ്ലാസൊന്നും ഞാൻ മാർക്കറ്റിൽ കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സൺഗ്ലാസിൽ കാര്യം ഒതുക്കാമെന്നായിരുന്നൂ എന്റെ ധാരണ. അങ്ങനെയാണ് ഞാനൊരു സൺഗ്ലാസ് വാങ്ങാൻ നോയ്ഡയിലെ ഒരു കണ്ണടക്കടയിൽ കയറിയത്.

ഞാൻ കടയിൽ പോയാലുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. ഒന്നുകിൽ എനിക്ക് ഹിന്ദി അറിയണം... അതല്ലെങ്കിൽ കടക്കാരന് ഇംഗ്ലീഷ് അറിയണം.. ഇത് രണ്ടും ഇല്ലാത്തതുകൊണ്ട് സാധനങ്ങൾ തൊട്ടും തലോടിയും ഒക്കെയാണ് ഞാൻ ഓരോന്നും വാങ്ങുക. പക്ഷേ ഇത്തവണ അനുഭവം മറിച്ചായിരുന്നു. കടക്കാരൻ എന്നോട് സംസാരിച്ച് തുടങ്ങിയത് ഇംഗ്ലീഷിലാണ്. അത് എന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവൂ, ഉള്ളു തുറന്ന് സംസാരിക്കാം... ഞാനയാളോട് എനിക്ക് ഒരു സൺഗ്ലാസ് വേണമെന്നും അതിന്റെ ഫ്രെയിം ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

ഗ്ലാസിന് പവർ വേണമോ എന്നായിരുന്നൂ അതിനയാളുടെ മറുചോദ്യം. പവർഗ്ലാസ് ഉപയോഗിക്കുന്ന ഞാൻ 'ശരി, അങ്ങനെയാകട്ടെ' എന്ന് മറുപടി കൊടുത്തു. അപ്പോഴയാൾ എന്റെ കണ്ണിന്റെ (അതോ ഗ്ലാസിന്റെയോ?) പവർ നോക്കാൻ എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അയാളുടെ സംസാരത്തിൽ നിന്ന് അയാൾ നല്ല വിവരമുള്ള ഒരാളാണെന്നെനിക്ക് തോന്നി.

പവർ ചെക്ക് ചെയ്യുന്നതിനിടയിൽ ഞങ്ങൾ സൂര്യനു താഴെയുള്ള പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എന്റെ ബ്ലഡ് പ്രഷറിനെ കുറിച്ചും ദിനം തോറും ബി.പി. നോക്കാൻ ഒരു എലക്ട്രോണിക്ക് ബ്ലഡ് പ്രഷർ മോണിറ്റർ വാങ്ങാൻ ഞാൻ എൻ.സി.ആർ. മുഴുവൻ നടന്നതും ചൈനീസ് സാധനങ്ങളേ കിട്ടാനുള്ളൂ എന്ന കാരണത്താൽ വാങ്ങാതിരുന്നതും ഒടുവിൽ ഓരോ ദിവസവും ആസ്പത്രിയിൽ പോയി ബി.പി. നോക്കിയതും എല്ലാം ഞാനയാളോട് പറഞ്ഞു.

ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടാക്കുന്ന ഓംറോൺ എന്ന ജാപ്പാനീസ് കമ്പനിയുടെ ഡീലറാണ് താൻ എന്നും സാധനം ഇപ്പോൾ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ എന്റെ ആഹ്ലാദത്തിനതിരില്ലായിരുന്നു. കണ്ണടയുടെ കാര്യം തീരുന്നതിനു മുമ്പ് അയാളുടെ സഹായി എനിക്ക് അതെടുത്ത് കാണിച്ചു തരികയും എന്റെ ബി.പി. ചെക്കു ചെയ്യുകയും ചെയ്തു. ബി.പി. നോർമൽ ആയിരുന്നു. മരുന്ന് കഴിച്ചിട്ടാണല്ലോ കടയിലേക്കിറങ്ങിയിട്ടുള്ളത്, പിന്നെ ബി.പി. എങ്ങനെ കൂടും?

എന്റെ പൾസ് റേറ്റ് കുറവാണെന്നും അത് മരുന്നു കഴിക്കുന്നത് കൊണ്ടാണെന്നും അയാൾ പറഞ്ഞപ്പോൾ എനിക്ക് ആ ഉപകരണം മാത്രമല്ല ആ സഹായിയും സ്വീകാര്യമായി മാറിയിരുന്നു. കാരണം ഞാൻ മരുന്നു കഴിക്കുന്ന കാര്യം അയാൾക്കറിയില്ലായിരുന്നു എന്നതു തന്നെ.

പിന്നെ കൂടുതലൊന്നും പരിശോധിക്കാതെ ഞാനത് പണം കൊടുത്ത് വാങ്ങി. മാർക്കറ്റിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളേക്കാൾ വളരെ കൂടിയ വിലയിൽ... സാരമില്ല, ജാപ്പാനീസ് സാധനമല്ലേ എന്ന് ഞാൻ ആശ്വാസം കൊള്ളുകയും ചെയ്തു.

ഇത്രയും ആകുമ്പോഴേക്കും ഞാൻ ആദ്യത്തെ ആളുമായി കൂടുതൽ അടുത്തിരുന്നു. അയാൾ കടയുടെ ഉടമസ്ഥനായിരുന്നു. ഞാൻ ആരാണെന്നും എവിടെ ജോലി ചെയ്യുന്നു എന്നുമൊക്കെ ഒരു ധാരണ ഞാൻ അയാളിൽ ഉണ്ടാക്കിയിരുന്നു. ഞാൻ കൈലാസത്തിൽ പോകാനൊരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പല വിദേശരാജ്യങ്ങളിലും പോയിട്ടുള്ള അയാൾ കൈലാസത്തിൽ പോകാനുള്ള അയാളുടെ ആഗ്രഹം ഞാനുമായി പങ്കുവച്ചു.

ഇത്രയുമൊക്കെ കഴിയുമ്പോഴാണ് എനിക്ക് വേണ്ട സൺഗ്ലാസിന് 900 രൂപയാകുമെന്ന് അറിയുന്നത്. 100 രൂപയുടെ കൂളിങ്ങ് ഗ്ലാസ് വാങ്ങാനിറങ്ങിയ ഞാനൊന്ന് ഞെട്ടി. പക്ഷേ, വേണ്ടെന്ന് പറയുന്നത് കുറച്ചിലല്ലേ എന്നു കരുതി ഞാൻ ശരി എന്നു പറഞ്ഞ് 900 രൂപ കൊടുത്തു. നോക്കണേ, ക്രഡിറ്റ് കാർഡുണ്ടായാലുള്ള പാട്. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഒന്നേ വാങ്ങുമായിരുന്നുള്ളു. അത്രക്ക് പണമേ പോക്കറ്റിലുണ്ടായിരുന്നുള്ളു.

ബ്ലഡ് പ്രഷർ മോണിറ്ററും തൂക്കി വീട്ടിലേക്ക് നടക്കുമ്പോൾ ഒരെണ്ണം കൂടി വാങ്ങി കണ്ണൂരിൽ ഭാര്യാസഹോദരീഭർത്താവിനു കൊടുക്കുന്ന കാര്യമായിരുന്നൂ ഞാൻ ചിന്തിച്ചത്.

വെയിലത്ത് നടന്ന് വിയർത്തു വരുന്നതല്ലേ, വീട്ടിലെത്തിയ പാടേ ഞാൻ ബി.പി. നോക്കാൻ തീരുമാനിച്ചു. മോണിറ്റർ എടുക്കുമ്പോൾ അതിന്റെ അടിയിലെ സ്റ്റിക്കർ എന്റെ കണ്ണിൽ പെട്ടു.

മെയ്ഡ് ഇൻ ചൈന.

ഇനി ഞാൻ അതിനെ പറ്റി കൂടുതൽ എന്തെഴുതാൻ?

കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഞാൻ പുതുതായി വാങ്ങിയ റക്‍സാക്കിൽ നിറച്ചു. ഷർട്ട്, പാന്റ്സ്, സ്വെറ്ററുകൾ, സോക്സുകൾ, തോർത്ത്, അവിൽ, ബിസ്കറ്റ്, മരുന്നുകൾ .......

ഉള്ളതെല്ലാം എടുത്തു വച്ച് കഴിയുമ്പോൾ ബാഗു നിറഞ്ഞിരുന്നു. സർക്കാർ നിർദ്ദേശിച്ച 20കിലോയിൽ കുറവായിരിക്കും അതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനി അല്ലറ ചില്ലറ സാധനങ്ങളേ വാങ്ങാനുള്ളൂ. അത് പോകുന്നതിനു മുമ്പെപ്പോഴെങ്കിലുമാകാമെന്ന് ഞാൻ തീർച്ചയാക്കി.

ദിവസങ്ങൾ മുന്നോട്ട് പോകവേ ഞാൻ എന്റെ ബ്ലഡ് പ്രഷർ മോണിറ്ററിൽ എന്റെ ബി.പി. നോക്കിത്തുടങ്ങി. അധിക ദിവസങ്ങൾ ഞാനത് ചെയ്തില്ല. കാരണം ഒരു ചൈനീസ് സാധനത്തിന്റെ ഗുണമേ അതിനുണ്ടായിരുന്നുള്ളൂ. എന്റെ പ്രഷർ എത്രയെന്ന് കൃത്യമായി നോക്കാനുള്ള കഴിവൊന്നും ആ ചൈനീസ് യന്ത്രത്തിനുണ്ടായിരുന്നില്ല.

…………………………………………………………………………………………………………തുടരും

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 5

എന്റെ ബി.പി. കൂടുതലാണെന്ന കാര്യം എന്നെ വിഷമിപ്പിച്ചു. എന്തായാലും ഞാൻ വിശദമായ ഒരു ചെക്കപ്പ് നടത്താൻ തന്നെ അതിനാൽ തീരുമാനിച്ചു. ആകസ്മികമാകാം ഞാൻ ചെന്നെത്തിയത് കൈലാസ് ആസ്പ്ത്രിയിലാണ്‌. മറ്റൊന്നും കൊണ്ടല്ല; അടുത്തുള്ള ആസ്പത്രി അതാണ്‌. കൈലാസയാത്രയാണല്ലോ ഇതിനൊക്കെ കാരണം...അപ്പോൾ എത്തേണ്ടത് ഇവിടെത്തന്നെ...

ആസ്പത്രിയുടെ സ്വീകരണമുറിയിൽ തന്നെ കൈലാസനാഥന്റെ പൂജിച്ചു വച്ചിരിക്കുന്ന വലിയ പ്രതിമയുണ്ട്‌. ഞാനതിനെ നമിച്ച് മുന്നോട്ടു പോയി. ഔട്ട് പേഷ്യന്റ് വിഭാഗം കണ്ടു പിടിച്ചു.... നല്ലൊരു ജനറൽ ഡോക്റ്ററെ കാണണമെന്ന എന്റെ ഇംഗിതം ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ അറിയിച്ചു. 200 രൂപയാണ്‌ കൺസൾട്ടേഷൻ ഫീ. ... കൊടുത്തു, പറഞ്ഞ തുക. പിന്നീട് കാത്തിരിപ്പായി... എന്റെ ടോക്കൺ നമ്പർ വരുന്നതു നോക്കി... എന്റെ ടോക്കൺ ആയപ്പോഴതാ ഡോക്റ്റർ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു. പിന്നീട് വരുന്നത് ഒരു മണിക്കൂർ കഴിഞ്ഞാണ്‌. ഇതിലപ്പുറം വേണോ പ്രഷർ കൂടിക്കൂടി വരാൻ... ഒടുവിൽ ഡോക്റ്റർ എന്നെ വിളിക്കുമ്പോൾ എന്റെ അതൃപ്തി എന്റെ മുഖത്ത് ഡോക്റ്റർ വായിച്ചിരിക്കണം...എന്റെ വാക്കുകളിലും അത് പ്രതിഫലിച്ചിരിക്കും.. തീർച്ച... ഞാനല്ലേ ആള്‌? അതായിരിക്കം ബി.പി. ചെക്ക് ചെയ്ത് അയാളെന്നെ ചീത്ത പറഞ്ഞത്. ഇത്രയും വലിയ ബി.പി. വച്ചാണോ നടക്കുന്നത് എന്നൊരു ചോദ്യം, ഇതൊന്നും അറിയാത്ത മൂഡനല്ലേ നീ എന്ന മട്ടിൽ! . എന്റെ ആരോഗ്യത്തിലെ അയാളുടെ ഉത്ക്കണ്ഠ കൊണ്ടൊന്നുമല്ല, മറിച്ച് പൈസ കുറെ ചെലവാക്കിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു അത്. അയാൾ മൂത്രം, രക്തം,ഷുഗർ.... എന്തിന്‌? തൊണ്ടയിലെ ടി.സി.എഛ്. വരെ ചെക്ക് ചെയ്യാൻ വലിയൊരു തുണ്ടെഴുതി എനിക്കു നീട്ടി. പ്രഷറിനുള്ള മരുന്നും.... ഭാഗ്യത്തിന്‌ (അയാളുടെ) രക്തത്തിന്റെ ഗ്രൂപ്പ് നോക്കാൻ പറഞ്ഞില്ല...

മരുന്നും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ പറ്റിയില്ല... ആശുപത്രി തന്നെ കാരണം... രാവിലെ 8 മണിക്ക് രക്തം... പിന്നെ മൂത്രം.... പിന്നീട് ഭക്ഷണം. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തം. (ഷുഗർ വിത്ത് ഫാസ്റ്റിങ്ങ് ഏന്റ് ഷുഗർ വിത്തൌട്ട് ഫാസ്റ്റിങ്ങ് എന്നല്ലേ രീതി). ഒടുവിൽ എല്ലാം കഴിയുമ്പോൾ സമയം ഉച്ചയായിരുന്നു....

വൈകുന്നേരം റിസൾട്ട് നോക്കുമ്പോൾ പ്രഷർ മാത്രമല്ല ഷുഗറും കൈമുതലായുണ്ടെന്ന അറിവ്‌ എന്നെ ധന്യനാക്കി. ഞാനും ഇപ്പോൾ അത്തരക്കാരുടെ മാന്യനിരയിലേക്ക്‌ എത്തിയിരിക്കയാണല്ലോ..... എനിയ്ക്ക് ടൈപ്പ്- 2 ഡയബറ്റിസാണ്‌. ഡോക്റ്റർ വീണ്ടും മരുന്നെഴുതി.... പോരാത്തതിന്‌ ഹാർട്ടിന്റെ ആരോഗ്യം അറിയാൻ ടി.എം.ടി. ടെസ്റ്റും.... ഡയബറ്റിസിന്റെ ഭക്ഷണക്രമത്തിനായി ഒരു ഡയറ്റീഷ്യനെ കാണാനൊരു ഉപദേശവും... എന്തായാലും അയാളുടെ മരുന്നു കൊണ്ട് പ്രഷറിനു കുറവൊന്നും ഉണ്ടായില്ല... എന്നാലെന്താ? ആസ്പത്രിക്ക് അയ്യായിരത്തോളം രൂപ ഉണ്ടാക്കിക്കൊടുക്കാൻ അയാൾക്കീ സമയം കൊണ്ട് സാധിച്ചിരുന്നു.

ഞാൻ ടൈപ്പ്-2 ഡയബറ്റിസ് എന്താണെന്നു ഇന്റർനെറ്റിൽ നോക്കി പഠിക്കാൻ തുടങ്ങി... അതിനു പറ്റുന്ന ഭക്ഷണ രീതികൾ ഇന്റർനെറ്റിൽ നോക്കിത്തുടങ്ങി... സവാള പച്ചയ്ക്ക് തിന്നുക, കയ്പക്ക വേവിച്ച് തിന്നുക, അരി ഭക്ഷണം ഉപേക്ഷിക്കുക, കാന്റീൻ ഭക്ഷണം വേണ്ടെന്നു വയ്ക്കുക, ചപ്പാത്തി ഉണ്ടാക്കി തിന്നുക എന്നിങ്ങനെയായി എന്റെ ജീവിതരീതി. ചായ, കാപ്പി, മധുരം എന്നിവ വേണ്ടെന്നു വച്ചു. ശനിയാഴ്ച പോയി ടി.എം.ടി. ടെസ്റ്റും ഫാസ്റ്റിങ്ങ് ഷുഗർ ടെസ്റ്റും നടത്തി... ടി.എം.ടി. ചെയ്തത് ഒരു മലയാളിയായിരുന്നു. അതല്ലെങ്കിലും അങ്ങനെയേ വരൂ, എന്തെന്നാൽ ഇവിടങ്ങളിലെ പാരാമെഡിക്കൽ സ്റ്റാഫ് മുഴുവനും മലയളികളാണ്‌. വൈകുന്നേരം പുതിയൊരു ഡോക്റ്ററെ കണ്ടു. ആവൂ.... എന്തൊരാശ്വാസം... അയാൾ എന്തെല്ലാം ചോദിക്കുന്നു.. എന്തെല്ലാം കേൾക്കുന്നു... എന്തൊരു ക്ഷമ..... എന്തൊരു പെരുമാറ്റം. ആദ്യത്തവനെ കണ്ടത് മണ്ടത്തരമയി എനിക്ക് തോന്നി. ഹാർട്ടിനൊന്നും ലവലേശം കേടില്ല.. എല്ലാം പെർഫെക്റ്റ്... ഷുഗറിനു കുറവുണ്ട്. എങ്കിലും മരുന്നു കഴിക്കാൻ ഡോക്റ്റർ നിർദ്ദേശിച്ചു... ഞാൻ മരുന്നു സേവ തുടങ്ങി....

ദിവസങ്ങൾ മുന്നോട്ട് നീങ്ങി... ജൂലായ് ഒന്നിനാണ്‌ കൈലാസ യാത്ര തുടങ്ങുന്നത്. ജൂൺ 28ന് ആണ് അതിനു മുമ്പായുള്ള മെഡിക്കൽ ടെസ്റ്റ്.... ജൂൺ 27ന്‌ വൈകുന്നേരം ഗുജറാത്ത് സമാജ് സദനിൽ എത്തണമെന്നാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്. ഇവിടെയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ കൈലാസയാത്രയിൽ പങ്കെടുക്കാനെത്തുന്ന യാത്രികർ ഒത്തുചേരുന്നത്. ഇവിടെ നിന്നാണ്‌ യാത്രപുറപ്പെടുന്നതും. ആ സ്ഥലം കണ്ടു പിടിക്കണമെന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവിടെ എത്തിച്ചേരേണ്ട ദിവസം സമയത്തെത്താൻ പറ്റാതെ പോയലോ... പോകുമ്പോൾ, അവിടെ സംഘാടകരിൽ ആരെയെങ്കിലും കാണാനായാൽ യാത്രയെക്കുറിച്ച് കൂടുതൽ ചോദിക്കുകയുമാവാമല്ലോ.

രാജ് നിവാസ് റോഡ്, സിവിൽ ലൈൻസ് എന്നാണ്‌ ഗുജറാത്ത് സമാജ് സദന്റെ അഡ്രസ്സ്. ഞാൻ ഇന്റർനെറ്റിൽ അങ്ങോട്ടുള്ള വഴി തപ്പി. 'സിവിൽ ലൈൻസ്'-ൽ മെടോ സ്റ്റേഷനുണ്ട്. അപ്പോൾ മെട്രോയിൽ പോകുന്നതാണെളുപ്പം. ഒരു ദിവസം അങ്ങോട്ടായി എന്റെ യാത്ര. സിവിൽ ലൈൻസിൽ വണ്ടി ഇറങ്ങിയ ഞാൻ ഗുജറാത്ത് സമാജ് സദൻ അന്വേഷിച്ചു. എല്ലാവർക്കും അറിയുന്നതാണീ സ്ഥാപനം. ആളുകൾ പറഞ്ഞതനുസരിച്ച് ഞാൻ മുന്നോട്ട് നടന്നു. അഞ്ച് മിനിറ്റിനകം ഞാനവിടെ എത്തിച്ചേർന്നു.

സ്ഥാപനം പേരുപോലെത്തന്നെ ഗുജറാത്ത് ഗവണ്മെന്റിന്റേതാണ്‌. ഇവിടെ ഡൽഹി ഗവണ്മെന്റിന്റെ വകയായി ഒരു ഭക്തസേവാസമിതി പ്രവർത്തിക്കുന്നുണ്ട്. അ സമിതിയാണ്‌ യാത്ര തുടങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഞാനതിന്റെ പ്രസിഡന്റിനെ കണ്ടു; സംസാരിച്ചു, എന്റെ സംശയങ്ങൾ ഉന്നയിച്ചു... എല്ലാത്തിനും തൃപ്തികരമായ മറുപടി.

സംഭാഷണ മദ്ധ്യേ പ്രസിഡന്റ് എനിക്കായി ചായക്ക് ഓർഡർ കൊടുത്തു... ഞാനദ്ദേഹത്തെ ഓർമ്മിപ്പിച്ചു. .. "ബിനാ ചീനി കാ" എന്ന്... ഇപ്പോഴങ്ങനെയാണ്‌...ശരീരത്തിന്‌ മധുരത്തിന്റെ ആവശ്യമില്ല. തന്നെത്താനെ ശരീരത്തിൽ ആവശ്യത്തിന്‌ പഞ്ചസാരയുണ്ടല്ലോ! ഷുഗറുണ്ടെന്നും മധുരമുള്ള ചായ കുടിക്കാറില്ലെന്നും ഷുഗർ കാരണം കൈലാസയാത്ര നടക്കാതെ പോകുമോ എന്നൊരു ശങ്കയുണ്ടെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു. അതിലത്ര ബേജാറാവാനില്ലെന്നും ഷുഗറുണ്ടെന്നു വച്ച് ആരേയും പോകാൻ അനുവദിക്കാതിരിക്കാറില്ലെന്നും മെഡിക്കൽ ടെസ്റ്റിൽ പാസായാൽ പോകുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് വലിയ പ്രതീക്ഷയായി.

പുറത്ത് തൂക്കാവുന്ന വലിയൊരു ബാഗ്, ഒരു ജോടി റെയ്ൻ കോട്ട്, ഒരു ജോടി ട്രാക്ക് സ്യൂട്ട്, ഒരു ടോർച്ച്, പൂജാസാധനങ്ങൾ, സാധനങ്ങൾ പൊതിയാനുള്ള ചാക്ക്, കയർ, കുത്തി നടക്കാനുള്ള ചൂരൽ വടി എന്നിവ ഈ കമ്മിറ്റി ഫ്രീയായി നൽകുമത്രെ.

യാത്രികർക്ക് താമസിക്കാനുള്ള ഡോർമിറ്ററി ഞാൻ നോക്കിക്കണ്ടു. സൗകര്യം വലുതായൊന്നുമില്ല. ഉറങ്ങാൻ താഴേയും മേലേയും ആയി ഡബിൾ ഡക്കർ സംവിധാനത്തിലുള്ള വീതി കുറഞ്ഞ കിടക്കകൾ...ഏതാണ്ട് 50 പേർക്ക് താമസിക്കാനുള്ള സൗകര്യം അവിടെയുണ്ട്. എന്നാലും ദൂരദേശങ്ങളിൽ നിന്നും വരുന്ന യാത്രികർ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിക്കുമ്പോൾ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഞാൻ ഇവിടെ വന്നു തള്ളുന്നത് ശരിയല്ലെന്നെനിക്ക് തോന്നി. അതുകൊണ്ടു തന്നെ അവിടെ താമസിക്കേണ്ടെന്ന് ഞാൻ തീർച്ചയാക്കുകയും ചെയ്തു.

ഗുജറാത്ത് സമാജ് സദനിലേക്കുള്ള വഴി മനസ്സിലായ ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു പോന്നു. മെഡിക്കൽ ടെസ്റ്റ് ദൽഹിയിലെ ഹാർട്ട് ഏന്റ് ലങ്ങ് ആസ്പത്രിയിലാണ്‌. ആ ആസ്പത്രി കണ്ടുപിടിക്കാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.

മഴ പെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചയായതിനാൽ അവധി ദിവസവും..... അതു രണ്ടും കൊണ്ടുമായിരിക്കാം മെട്രോയിൽ തിരക്ക് തീരെ കുറവ്. വണ്ടിയ്ക്ക് തന്നെ ഒരാലസ്യം. ഓരോ സ്റ്റേഷനിലും അത് പതിവിലും കൂടുതൽ കിടക്കുന്നതായി എനിയ്ക്ക് തോന്നി.. ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലെത്തിയപ്പോൾ ഞാനിറങ്ങി. ഇടത്തെ പ്ലാറ്റ്ഫോം വഴിയാണോ വലത്തെ പ്ലാറ്റ്ഫോം വഴിയാണോ പുറത്തേയ്ക്ക് പോകേണ്ടതെന്നറിയാത്ത ഞാൻ അടുത്തു കണ്ട പോലീസുകാരനോട് വിവരം തിരക്കി.... ഈ ഹാർട്ട് ഏന്റ് ലങ്ങ്സ് ഇൻസ്റ്റിറ്റിയൂട്ടിലേയ്ക്ക് എങ്ങനെ പോകും? ഗെയ്റ്റ് നമ്പർ 1 വഴി പുറത്തിറങ്ങി ഓട്ടോ പിടിച്ചാൽ മതിയെന്നയാൾ എന്നെ ഉപദേശിച്ചു. ഗെയ്റ്റ് നമ്പർ 1 അവസാനിക്കുന്നത് മെയിൽ റോഡിലാണ്‌. സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ വിവേകാനന്ദന്റെ വലിയ പൂർണ്ണകായ പ്രതിമ എന്റെ കണ്ണിൽ പെട്ടു. കയ്യു രണ്ടും മുന്നിൽ കെട്ടിയുള്ള സ്വാമിയുടെ ആ നിൽപ്പ്.. എന്തൊരു ഗാംഭീര്യം...വേഷം സ്വാമിയുടേതാണെ ങ്കിലും കാലിൽ ഷൂസാണുള്ളത്. എന്തൊരു യോജിപ്പ്? ആരുടെ ബുദ്ധിയിലാണാവോ ഇങ്ങനെയൊരു രൂപം തെളിഞ്ഞത്?

റോഡിൽ നിറയെ സൈക്കിൾ റിക്ഷകൾ നിൽപ്പുണ്ട്‌. ഞാൻ അടുത്തുകണ്ട ഒരാളോട് എനിയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മുന്നിൽ കാണുന്ന റെഡ് ലൈറ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഈ ആസ്പത്രിയായെന്ന് അയാൾ പറഞ്ഞു. ഞാൻ അതു വഴി നടന്നു. അഞ്ചു മിനിറ്റ് പോലും വേണ്ടി വന്നില്ല എനിക്കവിടെയെ ത്താൻ. ഇതിനാണ്‌ റിക്ഷയിൽ പോകാൻ പറഞ്ഞത്. അല്ലെങ്കിലും ഈ നഗരവാസികൾക്ക് നടക്കുക എന്നു പറഞ്ഞാൽ അലർജിയാണ്‌. ഹോസ്പിറ്റലിന്റെ മുകളിലത്തെ നിലയിൽ നിൽക്കുകയാണെങ്കിൽ മെട്രൊസ്റ്റേഷൻ വ്യക്തമായി കാണാൻ പറ്റുമെന്നെനിയ്ക്ക് തോന്നി.

ഹോസ്പിറ്റലിന്റെ മുന്നിൽ വലിയതായി പേരെഴുതി വച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലെന്നും. വലിയ ഡിസ്പ്ലേ ബോഡിൽ സമയവും ടെമ്പറേച്ചറും കാണിച്ചിട്ടുണ്ട്. മണി പത്തു പോലുമായില്ല. മഴ പെയ്യുന്നുണ്ട്; എന്നിട്ടും ടെമ്പറേച്ചർ 29 ഡിഗ്രിയുണ്ട്. ഞാൻ നേരേ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് കടന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കെട്ടും മട്ടും. അതിഥികൾക്കിരിക്കാനൊക്കെ നല്ല സൗകര്യങ്ങൾ. അങ്ങും ഇങ്ങും ആരൊക്കെയോ ഇരിപ്പുണ്ട്. ഒരാസ്പത്രിയുടെ ചൂരൊന്നും എനിക്കവിടെ അനുഭവപ്പെട്ടില്ല.. ഞാൻ റിസപ്ഷനിഷ്റ്റിനെ കണ്ടു.. ഞാനൊരു കൈലാസ് യാത്രികനാണെന്നും കൈലാസ് യാത്രികർ എവിടെയാണ്‌ റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഉള്ള എന്റെ വാക്കുകൾക്ക്‌ ഇവിടെത്തന്നെ എന്ന ഉത്തരം വന്നു. കൂടുതലൊന്നും എനിക്കറിയാനുണ്ടായിരുന്നില്ല. ഈ ഹോസ്പിറ്റലിലേക്കുള്ള വഴിയായിരുന്നു അറിയേണ്ടിയിരുന്നത്. അത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്ര വേഗം ഇത് സാധിക്കുമെന്ന് പോരുമ്പോൾ കരുതിയിരുന്നില്ല. എന്തായാലും ഞാൻ ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. തലയ്ക്കു മുകളിലെ മെട്രോ പാതയിലൂടെ വണ്ടികൾ വന്നും പോയും ഇരിക്കുന്നുണ്ട്. ഇനിയെന്ത് ചെയ്യും എന്നായി മനസ്സിൽ. മഴ അപ്പോഴും പെയ്യുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവ്‌. ഞാൻ അടുത്ത് കണ്ട ഒരു തട്ടുകടയുടെ മുന്നിൽ നിന്നു.

അവിടെ നല്ല തിരക്ക്. കടക്കാരൻ ചായയും ബ്രഡ് മൈദമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്സും ഉണ്ടാക്കി വിൽക്കുകയാണ്‌. ചായക്കും സ്നാക്സിനും നല്ല ഡിമാന്റ്. ചെറുപ്പക്കാരും വയസ്സന്മാരും ചായ കുടിക്കുന്നുണ്ട്. എനിക്കും കുടിക്കണം ഒരു ചായ. രാവിലെ ആയതിൽ പിന്നെ ചായ ഒന്നു പോലും കുടിച്ചിട്ടില്ല. അല്ലെങ്കിലും ഇപ്പോഴതെല്ലാം കുറവാണ്‌. ഉപ്പിടാതെ വേവിച്ച വെണ്ടക്കക്കറിയും ഉപ്പിടാതെ തന്നെ ഉണ്ടാക്കിയ നാലു ചപ്പാത്തിയുമാണ്‌ രാവിലെ കഴിച്ചത്........ കടക്കാരന്റെ സ്റ്റൗവിൽ ചായ തിളച്ചുകൊണ്ട് കിടക്കുന്നുണ്ട്. ഞാൻ ഉറക്കെ കടക്കാരൻ പയ്യനോട് പറഞ്ഞു..."ബിനാ ചീനീ കാ ഏക് ചായ്.........." ഭാഗ്യം...പയ്യൻ അടുപ്പത്തു കിടന്ന ചായ വേഗം ഒരു കെറ്റിലിലേക്കൊഴിച്ചു. അവൻ വേറെ ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്‌. എന്റെ ആവശ്യം അവൻ അംഗീകരിച്ചിരിക്കുന്നു. ഇന്നലെ ഒരുത്തൻ പറഞ്ഞത് കുറെ നേരം നിന്നാൽ മധുരമില്ലാത്ത ചായ ഉണ്ടാക്കി തരാമെന്നാണ്‌. ഭാഗ്യം, ഇന്നങ്ങനെയല്ല.

നല്ല ചായ. മധുരമില്ലെന്നതൊഴിച്ചാൽ പ്ലാസ്റ്റിക് കപ്പിലാണ്‌ എന്നത് മാത്രമേ‌ ഒരു കുറവായി അതിനുള്ളു. ഈശ്വരാ, എന്നാണീ പ്ലാസ്റ്റിക്ക് കപ്പൊക്കെ ഉപയോഗിക്കുന്നത് ഇവർ നിറുത്തുക? ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കവറുകളും അങ്ങുമിങ്ങും പരന്നു കിടക്കുന്നു. ഈ നഗരവാസികൾക്കൊന്നും ഈ പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാതെ പോകുന്നതെന്താണ്‌? ചുറ്റും നോക്കുന്നതിനിടയിൽ ചിത്രഗുപ്തമന്ദിർ എന്നെഴുതിയ ഒരു ബോർഡ് എന്റെ മുന്നിൽ തടഞ്ഞു. ബോഡിനു താഴെയുള്ള വാതിൽ അടഞ്ഞു കിടക്കുകയാണ്‌. പക്ഷേ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിനപ്പുറം വലിയൊരു അമ്പലമാണെന്നും അതിന്‌ വേറെ വാതിലുണ്ടെന്നും എനിക്ക് മനസ്സിലായി. ആവൂ. സമയം പോകാൻ ഒരു വഴിയായി.

ചായ കുടിച്ച് കപ്പു ചുരുട്ടി ഒരു കുപ്പത്തൊട്ടിയിലിട്ട് ഞാൻ പതുക്കെ ചിത്രഗുപ്തമന്ദിരത്തിലേക്ക് നടന്നു. ആകപ്പാടെ നോക്കുമ്പോൾ ഒരമ്പലത്തിന്റെ പ്രതീതിയൊക്കെ ഉണ്ടെന്നു പറയാം. അല്പം പഴക്കം തോന്നും. മന്ദിരത്തിന്‌ വിശാലമായ വിസ്തീർണ്ണമുണ്ട്. പറമ്പിൽ പുരാതനമായ ആൽ‍വൃക്ഷവും മറ്റുമുണ്ട്. ഏതോഭാഗത്ത് ആരൊക്കെയോ താമസിക്കുന്ന പോലെയും എനിക്ക് തോന്നി. മഴയുള്ളതുകൊണ്ടാകാം അവിടെയും ആള്‌ കുറവാണ്‌. ചിത്രഗുപ്തന്റെ അമ്പലം കാണുന്നതാദ്യമായാണ്‌. നല്ല സദ്യ പ്രതീക്ഷിച്ച് കല്യാണത്തിന്‌ ചെല്ലുമ്പോൾ കഴിക്കാൻ കഞ്ഞി കിട്ടുമ്പോഴുള്ള പ്രതീതിയാണ്‌ എനിയ്ക്കമ്പലത്തിൽ കയറിയപ്പോൾ തോന്നിയത്. മറ്റേതൊരു വടക്കെ ഇന്ത്യൻ അമ്പലം പോലെ ഇവിടെയും മാർബ്ബിളിൽ തീർത്ത ശിവനും പാർവതിയും കൃഷ്ണനും രാധയും സീതാരാമലക്ഷ്മണന്മാരും എന്നു വേണ്ട നൂറായിരം ദൈവങ്ങൾ... ഏതാണ്‌ ചിത്രഗുപ്തൻ എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവിടങ്ങളിലെ ഹനുമാനെക്കാണാനാണ്‌ രസം. ആകപ്പാടെ കാവി പെയിന്റടിച്ച ഒരു കോമാളി രൂപം. ഭക്തിയുടെ ഒരു ലാഞ്ചന പോലും എന്റെ മനസ്സിൽ ഉണ്ടായില്ല. ഞാൻ അവിടെയാകെ ഒരു വട്ടം ചുറ്റിനടന്ന് പുറത്തിറങ്ങി.

വീണ്ടും ഞാൻ മെട്രോ സ്റ്റേഷനിലേക്ക് തന്നെ നടന്നു. അപ്പോൾ വിവേകാനന്ദന്റെ പ്രതിമ വീണ്ടും എന്റെ കണ്ണിൽ പെട്ടു. അപ്പോൾ എന്റെ തലയിൽ അര മണിക്കൂർ മുമ്പേ കത്തേണ്ടിയിരുന്ന ട്യൂബ് ലൈറ്റ് കത്തി. ഇവിടെയാണ്‌ ശ്രീരാമകൃഷ്ണാശ്രമം എന്ന അറിവ് എന്റെ പൊള്ളയായ തലയിൽ കയറി വരാൻ സ്റ്റേഷന്റെ പേരോ വിവേകാനന്ദന്റെ പ്രതിമയോ അതുവരെ സഹായിച്ചില്ലായിരുന്നു. അടുത്തു കണ്ട ഒരാളിൽ നിന്നു കിട്ടിയ അറിവനുസരിച്ച് ഞാൻ മുന്നോട്ട് നോക്കി.. അതാ കാണുന്നൂ ശ്രീരാമകൃഷ്ണാശ്രമം. ഞാനങ്ങോട്ട് നടന്നു. മുന്നിൽ ആശ്രമം, വലതു വശത്ത് മെട്രൊ സ്റ്റേഷൻ. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിറങ്ങിയാൽ എത്തുന്നത് ആശ്രമത്തിലാണ്‌. വിശാലവും ശാന്തസുന്ദരവുമായ ആശ്രമം കോമ്പൗണ്ട്. ഞാനാദ്യം കയറിയത് ക്ഷേത്രസമാനമായ പ്രധാന കെട്ടിടത്തിലേയ്ക്കായിരുന്നു. മഴ കാരണമായിരിക്കാം, അവിടെയും ആൾ കുറവു തന്നെ. രണ്ടു മൂന്നു പേർ അവിടെ ഹാളിലിരുന്നു ധ്യാനിക്കുന്നുണ്ട്. ഞാൻ നേരെ പരമഹംസരുടെ ധ്യാനലീനമായ പ്രതിമക്ക് മുന്നിൽ പോയി നിന്നു. വിവേകാനന്ദന്റേയും ശാരദാദേവിയുടേയും പ്രതിമകൾ ഇരുവശങ്ങളിലുമുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങളൊക്കെ അവിടെ കണ്ടു. ഞാൻ പ്രതിമക്ക് മുന്നിൽ നീണ്ടു നിവർന്ന് നമസ്ക്കരിച്ചു. തുടർന്ന് ഹാളിൽ ചുറ്റി നടന്നു. വിവേകാനന്ദൻ മുതൽ ഒരു പാടു പേരുടെ ഫോട്ടോകൾ ചുമരിലുണ്ട്. അർദ്ധനഗ്നരായ സന്യാസികൾ മുതൽ മാന്യമായ വേഷം ധരിച്ചവർ വരെ. ബ്രഹ്മാനന്ദ, ശിവാനന്ദ, അഖണ്ഡാനന്ദ, വിജ്ഞാനാനന്ദ, ശാരദാനന്ദ, രാമകൃഷ്ണാനന്ദ, നിരഞ്ജനാനന്ദ, തുരീയാനന്ദ, അദ്വൈതാനന്ദ, സുബോധാനന്ദ, ത്രിഗുണാതീതാനന്ദ, പ്രേമാനന്ദ, അത്ഭുതാനന്ദ, യോഗാനന്ദ എന്നിങ്ങനെ.... ഹൗ, ആനന്ദന്മാർ അവസാനിക്കുന്നില്ല... കാലം മാറിയപ്പോൾ ആ പേരിനും മാറ്റം വന്നു. പിന്നീട് ഉള്ള ഒരാളിന്റെ പേർ രംഗനാഥാനന്ദജി മഹാരാജ് എന്നാണ്‌.

ഞാൻ ധ്യാനമന്ദിരത്തിൽ നിന്നു പുറത്ത് കടന്നു ചുറ്റി നടന്നു. മാവുകൾ കായ്ച്ചു നിൽക്കുന്നു. നിറയെ മാങ്ങകൾ. മുറ്റത്തു നിറയെ പൂന്തോട്ടം. നിറയെ ചെന്താമരകൾ വിടർന്നു നിൽക്കുന്നു. അടുത്ത് തന്നെ ജനറൽ ലൈബ്രറി. നെഹ്രു ഉദ്ഘാടനം ചെയ്തതാണ്‌. ഡൽഹി യൂനിവേഴ്സിറ്റിയുടെ ഒരു ലൈബ്രറിയും അവിടെ കണ്ടു. ഓഡിറ്റോറിയം, ഹാൾ, കമ്പ്യൂട്ടർ പഠനകേന്ദ്രം... എന്തെല്ലാമൊക്കെയോ അവിടെയുണ്ട്. ആശ്രമവുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതും അവിടെ തന്നെ. ആധുനികമായ, കമ്പ്യൂട്ടറൈസ് ചെയ്ത, ക്രഡിറ്റ് കാർഡ് പേമെന്റ് സൗകര്യമുള്ള വലിയൊരു പുസ്തകവില്പനശാലയും അവിടെയുണ്ട്. പരമഹംസരുടെ ഒരു ബുക്കും വാങ്ങി ഞാനവിടം വിട്ടു.

പുറത്തിറങ്ങിയപ്പോഴതാ കാണുന്നു ഒരു ശിവമന്ദിർ. ഭക്തിയൊന്നും തോന്നിയില്ലെങ്കിലും ഞാൻ ആ കോൺക്രീറ്റ് കെട്ടിടത്തിലും ഒന്ന് കയറി നമിച്ചു. പുറത്തിറങ്ങുമ്പോൾ അതാ കാണുന്നൂ പ്രാചീൻ ഹനുമാൻ മന്ദിർ... അവിടെയും ഞാൻ കയറി കാവിഹനുമാനെ ദർശിച്ച് തിരിച്ചിറങ്ങി.

വയർ വിശന്നു തുടങ്ങിയിരുന്നു. റോഡിൽ പല തരത്തിലുള്ള പഴങ്ങൾ. ഇത്തരം അവസരങ്ങൾ ഞാൻ പാഴക്കാറില്ല. കിട്ടാവുന്ന പഴങ്ങളെല്ലാം വാങ്ങി തിന്നുന്നവനാണ്‌ ഞാൻ. പക്ഷേ ഒരു മാസമായി ഇപ്പോൾ ഡയറ്റിലാണ്‌. പഴം കഴിക്കാറേയില്ല. പഴങ്ങളെല്ലാം ഷുഗറാണത്രേ! ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാത്താലുള്ള വിഷമം ജീവിതത്തിലാദ്യമായി ഞാൻ മനസ്സിലാക്കി.

ഞാൻ സ്റ്റേഷനിലേക്ക് നടന്നു. പിന്നീട് മെട്രോ ട്രെയിൻ വഴി വീട്ടിലേക്കും...

അപ്പോഴും എനിക്കൊന്നേ ചിന്തയുണ്ടായിരുന്നുള്ളൂ... ഈശ്വരാ... പ്രഷറും ഷുഗറും കാരണം മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് എന്റെ കൈലാസയാത്ര മുടങ്ങുമോ???

........................................................................................................ തുടരും