2011, ജൂലൈ 31, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 6

യാത്രയുടെ ദിനങ്ങൾ അടുത്തു വരികയാണ്. ധാരാളം പണികൾ ചെയ്തു തീർക്കാനുണ്ട്. പ്രധാനം പേപ്പർ ജോലികൾ തന്നെ. 10 രൂപയുടെ മുദ്രക്കടലാസിൽ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഒരു ബോണ്ട് തയ്യാറാക്കേണ്ടതുണ്ട്. സ്വമനസ്സാലെയാണ് ഈ യാത്ര ചെയ്യുന്നതെന്നും സർക്കാർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു കൊള്ളാമെന്നും പ്രകൃതിദുരന്തങ്ങളും മറ്റും കാരണം ഈ യാത്ര ജീവനും വസ്തുവകകൾക്കും അത്യന്തം ആപത്ക്കരമാണെന്നറിയാമെന്നും അതിന്റെ അനന്തര ഫലങ്ങൾ സ്വയം ഏറ്റെടുത്തുകൊള്ളാമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ എന്റെ അവകാശികൾ ഗവണ്മെന്റിനെ കുറ്റപ്പെടുത്തില്ലെന്നും അവർ ഗവണ്മെന്റിൽ നിന്ന് നഷ്ടപരിഹാരത്തിന് ശ്രമിക്കില്ലെന്നും യാത്രാമദ്ധ്യേ രോഗമുണ്ടായാൽ യാത്ര മതിയാക്കി തിരിച്ചു പോന്നു കൊള്ളാമെന്നും അങ്ങനെ പോന്നാൽ അടച്ച പണം തിരിച്ചു ചോദിക്കില്ലെന്നും എന്തെങ്കിലും അപകടം മൂലം അടിയന്തിരമയി ആകാശമാർഗ്ഗേണ നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നാൽ അതിനുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്നും ബോണ്ടിൽ സമ്മതിച്ച കാര്യങ്ങൾ ഒരിക്കലും മറിച്ചു പറയില്ലെന്നും മറ്റും മറ്റും ആണ് ഈ മുദ്രക്കടലാസിൽ എഴുതിക്കൊടുക്കേണ്ടത്.

യാത്രയുടെ ഗൗരവം മനസ്സിലാക്കാൻ ഈ ബോണ്ട് മാത്രം മതി. 2 വ്യക്തികളും ഒരു നോട്ടറിയും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത ബോണ്ടില്ലാതെ ഈ യാത്ര അസാദ്ധ്യമാണ്. തിബറ്റിൽ വച്ച് മരിച്ചു പോകുകയാണെങ്കിൽ അവിടെത്തന്നെ ശവസംസ്കാരം നടത്തുമെന്നും അത് ബന്ധുക്കളെ അറിയിച്ചാവണമെന്നില്ലെന്നും ഇതിനെല്ലാം സമ്മതമാണെന്നും കൂടി എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്.

മുദ്രക്കടലാസ് വാങ്ങാനും നോട്ടറിയുടെ ഒപ്പ് കിട്ടാനും ഇത്തിരി യാത്ര ചെയ്യണമെന്നതൊഴിച്ചാൽ ബോണ്ട് തയ്യാറാക്കാൻ മറ്റു ബുദ്ധിമുട്ടുകളില്ല. രാപ്പകൽ കമ്പ്യൂട്ടറിനു മുന്നിൽ തപസ്സിരിക്കുന്ന എനിയ്ക്കിതൊക്കെ ടൈപ്പ് ചെയ്തെടുക്കാൻ എളുപ്പമേയുള്ളു. നോട്ടറിയുടെ ഒപ്പ് കിട്ടുന്നതും നോയ്ഡയിൽ എളുപ്പമാണ്. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. അവിടെപ്പോയാൾ നിമിഷങ്ങൾക്കകം നോട്ടറിയുടെ ഒപ്പും സീലും റെഡി. 25 രൂപ മുതൽ 50 രൂപ വരെ സൗകര്യം പോലെ കൊടുത്താൽ എന്തും ഏതും നോട്ടറി ഒപ്പിട്ടു തരും എന്നതാണെന്റെ അനുഭവം. ഈ ഒപ്പിടുന്നതൊക്കെ നോട്ടറി തന്നെ ആണോ എന്നാർക്കറിയാം? ഇതെല്ലാം അന്വേഷിക്കാനുണ്ടോ ഗവണ്മെന്റിനു നേരം? എന്തായാലും ബോണ്ടും മറ്റു പേപ്പറുകളും തയ്യാറാക്കി കഴിഞ്ഞപ്പോൾ എനിക്ക് വലിയൊരു ജോലി തീർന്ന പോലെ തോന്നി.

അടുത്തതായി വേണ്ടത് ഡോളറാണ്; പിന്നെ കെഎംവിഎൻ-നു കൊടുക്കാനുള്ള 22000 രൂപയുടെ ഡി.ഡി.യും. ചുരുങ്ങിയത് ആയിരം ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവായ ധാരണ. സഹായത്തിനു തയ്യാറായി എന്റെ ബാങ്കുണ്ടായിരുന്നതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടന്നു. ഞാൻ 50127 രൂപ കൊടുത്ത് 1100 അമേരിക്കൻ ഡോളർ സ്വന്തമാക്കി. ഒരു ഡോളറിന് നാല്പത്തഞ്ചര രൂപ. ഡോളറും ഡി.ഡി.യും കൂടി 72000 രൂപയിൽ കൂടുതലായി.

ഇനി വേണ്ടത് മരുന്നുകളും സാധനങ്ങളുമാണ്. അടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്നും ഹാൻഡ്ബുക്കിൽ പറഞ്ഞ മരുന്നുകൾ വാങ്ങി... കൈലാസത്തിലും എവറസ്റ്റിലുമൊന്നും പോയിട്ടില്ലെങ്കിലും എത്രയോ മലകളും കുന്നുകളും കയറി ഇറങ്ങിയവനാണ് ഞാൻ. അന്നൊന്നും വേണ്ടി വരാത്ത ഈ മരുന്നുകൾ ഇപ്പോഴെന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു. പക്ഷേ അന്നത്തെയൊന്നും പോലെ അല്ലല്ലോ ഇപ്പോൾ. അപരിചിതരായ പലരുടേയും കൂടെയാണീ യാത്ര. കയ്യിൽ മരുന്നില്ലെന്നത് ഒരു കുറച്ചിലായിപ്പോകരുത്. ഏതാണ്ട് 500 രൂപ കൊടുത്ത് മരുന്നും എടുത്ത് പോരുമ്പോൾ യാത്രാവസാനം ഇതെന്ത് ചെയ്യും എന്നായിരുന്നൂ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്.

അടിയന്തിരമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി ഉണങ്ങിയ പഴങ്ങൾ, ഗ്ലൂക്കോസ്, ചോക്ളൈറ്റ്, മിഠായികൾ, ച്യൂയിങ്ങ് ഗം, സൂപ്പ് പൊടികൾ എന്നിവ കയ്യിൽ കരുതണമെന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഷുഗറും പ്രഷറും ഉള്ള എനിക്കിതു പലതും പറ്റില്ലെന്നതു കൊണ്ട് കുറച്ച് അവിലും ബിസ്കറ്റും മാത്രം ഞാൻ വാങ്ങി.

ഡൽഹിയിൽ മിലിറ്ററിക്കാർക്ക് വേണ്ട സാധനങ്ങൾ കിട്ടുന്ന സ്ഥലമാണ് ഗോപിനാഥ് മാർക്കറ്റ്. അവിടെ നല്ല സാധനങ്ങൾ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഗോപിനാഥ് മാർക്കറ്റിൽ നിന്നും തെറ്റില്ലാത്ത ഒരു കാൻവാസ് ഷൂസും വലിയൊരു റക്‍സാക്കും ഞാൻ വാങ്ങി. ഒരു ലെതർ ഗ്ലൗസും. അത്രയും വാങ്ങിയപ്പോൾ തന്നെ രൂപ ആയിരം കവിഞ്ഞു. പിന്നീട് 360 രൂപക്ക് നന്നാലു ജോടി കോട്ടൺ സോക്സും വുളൻ സോക്സും വാങ്ങി, ഓരോന്നും 45 രൂപ വച്ച്. എല്ലാം കൂടി രൂപ 1500 ആയി. കയ്യിൽ അവശ്യം വേണ്ട സാധനങ്ങളില്ലെന്ന് പറഞ്ഞ് അധികാരികൾ യാത്ര മുടക്കരുതേ എന്നു മാത്രമേ എനിക്ക് പ്രാർത്ഥനയായുണ്ടായിരുന്നുള്ളു.

അപ്രതീക്ഷിതമായാണ് കൈലാസയാത്ര മൂലം നാലായിരം രൂപ നഷ്ടമായത്. അതും, വില കുറഞ്ഞ ഒരു കൂളിങ്ങ് ഗ്ലാസ് വാങ്ങാനുള്ള ശ്രമത്തിൽ.

യാത്രയ്ക്ക് സൺഗ്ലാസും സ്നോഗ്ലാസും വേണമെന്നായിരുന്നൂ നിർദ്ദേശം. പക്ഷേ സ്നോഗ്ലാസൊന്നും ഞാൻ മാർക്കറ്റിൽ കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സൺഗ്ലാസിൽ കാര്യം ഒതുക്കാമെന്നായിരുന്നൂ എന്റെ ധാരണ. അങ്ങനെയാണ് ഞാനൊരു സൺഗ്ലാസ് വാങ്ങാൻ നോയ്ഡയിലെ ഒരു കണ്ണടക്കടയിൽ കയറിയത്.

ഞാൻ കടയിൽ പോയാലുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. ഒന്നുകിൽ എനിക്ക് ഹിന്ദി അറിയണം... അതല്ലെങ്കിൽ കടക്കാരന് ഇംഗ്ലീഷ് അറിയണം.. ഇത് രണ്ടും ഇല്ലാത്തതുകൊണ്ട് സാധനങ്ങൾ തൊട്ടും തലോടിയും ഒക്കെയാണ് ഞാൻ ഓരോന്നും വാങ്ങുക. പക്ഷേ ഇത്തവണ അനുഭവം മറിച്ചായിരുന്നു. കടക്കാരൻ എന്നോട് സംസാരിച്ച് തുടങ്ങിയത് ഇംഗ്ലീഷിലാണ്. അത് എന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവൂ, ഉള്ളു തുറന്ന് സംസാരിക്കാം... ഞാനയാളോട് എനിക്ക് ഒരു സൺഗ്ലാസ് വേണമെന്നും അതിന്റെ ഫ്രെയിം ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

ഗ്ലാസിന് പവർ വേണമോ എന്നായിരുന്നൂ അതിനയാളുടെ മറുചോദ്യം. പവർഗ്ലാസ് ഉപയോഗിക്കുന്ന ഞാൻ 'ശരി, അങ്ങനെയാകട്ടെ' എന്ന് മറുപടി കൊടുത്തു. അപ്പോഴയാൾ എന്റെ കണ്ണിന്റെ (അതോ ഗ്ലാസിന്റെയോ?) പവർ നോക്കാൻ എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അയാളുടെ സംസാരത്തിൽ നിന്ന് അയാൾ നല്ല വിവരമുള്ള ഒരാളാണെന്നെനിക്ക് തോന്നി.

പവർ ചെക്ക് ചെയ്യുന്നതിനിടയിൽ ഞങ്ങൾ സൂര്യനു താഴെയുള്ള പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എന്റെ ബ്ലഡ് പ്രഷറിനെ കുറിച്ചും ദിനം തോറും ബി.പി. നോക്കാൻ ഒരു എലക്ട്രോണിക്ക് ബ്ലഡ് പ്രഷർ മോണിറ്റർ വാങ്ങാൻ ഞാൻ എൻ.സി.ആർ. മുഴുവൻ നടന്നതും ചൈനീസ് സാധനങ്ങളേ കിട്ടാനുള്ളൂ എന്ന കാരണത്താൽ വാങ്ങാതിരുന്നതും ഒടുവിൽ ഓരോ ദിവസവും ആസ്പത്രിയിൽ പോയി ബി.പി. നോക്കിയതും എല്ലാം ഞാനയാളോട് പറഞ്ഞു.

ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടാക്കുന്ന ഓംറോൺ എന്ന ജാപ്പാനീസ് കമ്പനിയുടെ ഡീലറാണ് താൻ എന്നും സാധനം ഇപ്പോൾ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ എന്റെ ആഹ്ലാദത്തിനതിരില്ലായിരുന്നു. കണ്ണടയുടെ കാര്യം തീരുന്നതിനു മുമ്പ് അയാളുടെ സഹായി എനിക്ക് അതെടുത്ത് കാണിച്ചു തരികയും എന്റെ ബി.പി. ചെക്കു ചെയ്യുകയും ചെയ്തു. ബി.പി. നോർമൽ ആയിരുന്നു. മരുന്ന് കഴിച്ചിട്ടാണല്ലോ കടയിലേക്കിറങ്ങിയിട്ടുള്ളത്, പിന്നെ ബി.പി. എങ്ങനെ കൂടും?

എന്റെ പൾസ് റേറ്റ് കുറവാണെന്നും അത് മരുന്നു കഴിക്കുന്നത് കൊണ്ടാണെന്നും അയാൾ പറഞ്ഞപ്പോൾ എനിക്ക് ആ ഉപകരണം മാത്രമല്ല ആ സഹായിയും സ്വീകാര്യമായി മാറിയിരുന്നു. കാരണം ഞാൻ മരുന്നു കഴിക്കുന്ന കാര്യം അയാൾക്കറിയില്ലായിരുന്നു എന്നതു തന്നെ.

പിന്നെ കൂടുതലൊന്നും പരിശോധിക്കാതെ ഞാനത് പണം കൊടുത്ത് വാങ്ങി. മാർക്കറ്റിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളേക്കാൾ വളരെ കൂടിയ വിലയിൽ... സാരമില്ല, ജാപ്പാനീസ് സാധനമല്ലേ എന്ന് ഞാൻ ആശ്വാസം കൊള്ളുകയും ചെയ്തു.

ഇത്രയും ആകുമ്പോഴേക്കും ഞാൻ ആദ്യത്തെ ആളുമായി കൂടുതൽ അടുത്തിരുന്നു. അയാൾ കടയുടെ ഉടമസ്ഥനായിരുന്നു. ഞാൻ ആരാണെന്നും എവിടെ ജോലി ചെയ്യുന്നു എന്നുമൊക്കെ ഒരു ധാരണ ഞാൻ അയാളിൽ ഉണ്ടാക്കിയിരുന്നു. ഞാൻ കൈലാസത്തിൽ പോകാനൊരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പല വിദേശരാജ്യങ്ങളിലും പോയിട്ടുള്ള അയാൾ കൈലാസത്തിൽ പോകാനുള്ള അയാളുടെ ആഗ്രഹം ഞാനുമായി പങ്കുവച്ചു.

ഇത്രയുമൊക്കെ കഴിയുമ്പോഴാണ് എനിക്ക് വേണ്ട സൺഗ്ലാസിന് 900 രൂപയാകുമെന്ന് അറിയുന്നത്. 100 രൂപയുടെ കൂളിങ്ങ് ഗ്ലാസ് വാങ്ങാനിറങ്ങിയ ഞാനൊന്ന് ഞെട്ടി. പക്ഷേ, വേണ്ടെന്ന് പറയുന്നത് കുറച്ചിലല്ലേ എന്നു കരുതി ഞാൻ ശരി എന്നു പറഞ്ഞ് 900 രൂപ കൊടുത്തു. നോക്കണേ, ക്രഡിറ്റ് കാർഡുണ്ടായാലുള്ള പാട്. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഒന്നേ വാങ്ങുമായിരുന്നുള്ളു. അത്രക്ക് പണമേ പോക്കറ്റിലുണ്ടായിരുന്നുള്ളു.

ബ്ലഡ് പ്രഷർ മോണിറ്ററും തൂക്കി വീട്ടിലേക്ക് നടക്കുമ്പോൾ ഒരെണ്ണം കൂടി വാങ്ങി കണ്ണൂരിൽ ഭാര്യാസഹോദരീഭർത്താവിനു കൊടുക്കുന്ന കാര്യമായിരുന്നൂ ഞാൻ ചിന്തിച്ചത്.

വെയിലത്ത് നടന്ന് വിയർത്തു വരുന്നതല്ലേ, വീട്ടിലെത്തിയ പാടേ ഞാൻ ബി.പി. നോക്കാൻ തീരുമാനിച്ചു. മോണിറ്റർ എടുക്കുമ്പോൾ അതിന്റെ അടിയിലെ സ്റ്റിക്കർ എന്റെ കണ്ണിൽ പെട്ടു.

മെയ്ഡ് ഇൻ ചൈന.

ഇനി ഞാൻ അതിനെ പറ്റി കൂടുതൽ എന്തെഴുതാൻ?

കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഞാൻ പുതുതായി വാങ്ങിയ റക്‍സാക്കിൽ നിറച്ചു. ഷർട്ട്, പാന്റ്സ്, സ്വെറ്ററുകൾ, സോക്സുകൾ, തോർത്ത്, അവിൽ, ബിസ്കറ്റ്, മരുന്നുകൾ .......

ഉള്ളതെല്ലാം എടുത്തു വച്ച് കഴിയുമ്പോൾ ബാഗു നിറഞ്ഞിരുന്നു. സർക്കാർ നിർദ്ദേശിച്ച 20കിലോയിൽ കുറവായിരിക്കും അതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനി അല്ലറ ചില്ലറ സാധനങ്ങളേ വാങ്ങാനുള്ളൂ. അത് പോകുന്നതിനു മുമ്പെപ്പോഴെങ്കിലുമാകാമെന്ന് ഞാൻ തീർച്ചയാക്കി.

ദിവസങ്ങൾ മുന്നോട്ട് പോകവേ ഞാൻ എന്റെ ബ്ലഡ് പ്രഷർ മോണിറ്ററിൽ എന്റെ ബി.പി. നോക്കിത്തുടങ്ങി. അധിക ദിവസങ്ങൾ ഞാനത് ചെയ്തില്ല. കാരണം ഒരു ചൈനീസ് സാധനത്തിന്റെ ഗുണമേ അതിനുണ്ടായിരുന്നുള്ളൂ. എന്റെ പ്രഷർ എത്രയെന്ന് കൃത്യമായി നോക്കാനുള്ള കഴിവൊന്നും ആ ചൈനീസ് യന്ത്രത്തിനുണ്ടായിരുന്നില്ല.

…………………………………………………………………………………………………………തുടരും

അഭിപ്രായങ്ങളൊന്നുമില്ല: