2014, ഡിസംബർ 22, തിങ്കളാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - നാല്

എന്താണ്‌ ലുംബിനിയുടെ പ്രാധാന്യം എന്നു ചോദിച്ചാൽ പറയാൻ ഒരു ഉത്തരമുണ്ട്. ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ്‌ ലുംബിനി എന്നതാണ്‌ ആ ഉത്തരം. എന്നാൽ ഒരു ടൂറിസ്റ്റിന്‌ അവിടെ കാണാനെന്താണുള്ളത് എന്നാണ്‌ ചോദ്യമെങ്കിൽ അല്പം കുഴഞ്ഞതു തന്നെ. കാര്യമായിട്ടൊന്നും ഇല്ല എന്നതാണ്‌ സത്യസന്ധമായ ഒരു ഉത്തരം. രണ്ടു കാഴ്ചകളാണ്‌ അവിടെ ഉള്ളത്. ഒന്നു ശ്രീബുദ്ധൻ ജനിച്ച സ്ഥലവും അതിന്റെ ചുറ്റുപാടുകളും............... ബുദ്ധമതം നിലവിലുള്ള രാജ്യങ്ങൾ ആ പ്രദേശത്ത് കെട്ടിയുയർത്തിയിട്ടുള്ള ബുദ്ധവിഹാരങ്ങളാണ്‌ രണ്ടാമത്തേത്........... ബുദ്ധമതസന്യാസിമാർ താമസിക്കുന്ന ആശ്രമങ്ങളാണ്‌ “മൊണാസ്റ്ററികൾ” എന്നറിയപ്പെടുന്ന ഈ ബുദ്ധവിഹാരങ്ങൾ. ടിബറ്റ്, ചൈന, കൊറിയ, ജപ്പാൻ, ബർമ്മ, ശ്രീലങ്ക, തായ്‌ലന്റ് തുടങ്ങി ഒട്ടുമിക്ക പൂർവ്വേഷ്യൻ രാജ്യങ്ങളുടേയും മൊണാസ്റ്ററികൾ അവിടെ ഉണ്ട്. ഫ്രാൻസ് പോലെ ചില പാശ്ചാത്യരാജ്യങ്ങളുടേതും അവിടെ കണ്ടു. അതെല്ലാം നടന്നു കാണാം. അതാതു രാജ്യക്കാരുടെ വാസ്തുശില്പമാതൃകയിൽ പണിത ഈ കെട്ടിടങ്ങൾ ഒരു പക്ഷേ കാണികൾക്ക് രസകരമായിതോന്നിയേക്കാം. ഈ രാജ്യങ്ങളിൽ എത്തിപ്പെട്ട ഒരു പ്രതീതി വേണമെങ്കിൽ തോന്നാം. ശ്രീബുദ്ധന്റെ വലിയൊരു വെങ്കലപ്രതിമയും ഒരു മ്യുസിയവും വലിയ ഒരു വിശ്വശാന്തിസ്തൂപവും കെടാതെ കത്തുന്ന ഒരു ദീപജ്യോതിയും ഈ പ്രദേശത്തുണ്ട്. 3-4 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ്‌ ഈ പ്രദേശം.

കഴിഞ്ഞ നൂറ്റാണ്ടിൽ പുരാവസ്തുഗവേഷകരാണ്‌ മണ്മറഞ്ഞു കിടന്ന ലുംബിനി കണ്ടെത്തിയത്. ഉദ്ഘനനം ചെയ്യുമ്പോൾ കണ്ടെത്തിയ ഒരു അശോകസ്തൂപ(തൂൺ)വും അതിലെ ലിഖിതവും ആണ്‌ ഈ സ്ഥലത്തിന്റെ വസ്തുത പുറത്തു കൊണ്ടുവന്നത്. ശ്രീബുദ്ധൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് കണ്ട കെട്ടിടാവശിഷ്ടങ്ങളും ശ്രീബുദ്ധന്റെ ജനനം ചിത്രീകരിക്കുന്ന ഒരു ശിലാശില്പവും ശ്രീബുദ്ധൻ പിറന്നു വീണ സ്ഥലം അടയാളപ്പെടുത്തിയിരുന്ന ഒരു കരിങ്കല്ലും ആണ്‌ ഉദ്ഘനനത്തിൽ കണ്ടു കിട്ടിയത്. ഒരു മരത്തിന്റെ കൊമ്പിൽ പിടിച്ചു നില്ക്കുകയാണ്‌ മായാദേവി. നിലത്ത് കൊച്ചുബുദ്ധൻ നില്പുണ്ട്. കൂടെ ഒരു തോഴിയും ഉണ്ട്. ഇതാണ്‌ ഒട്ടും ആകർഷകമല്ലാത്ത, വികൃതമായ ആ ശില്പത്തിലുള്ളത്. അധികം വൈകാതെ ഈ നാശാവശിഷ്ടങ്ങൾക്കുചുറ്റും ഒരു കെട്ടിടം പണിത് അവയെ ഒരു സംരക്ഷിത സ്മാരകമാക്കി നിലനിർത്തി. ഈ കെട്ടിടത്തിനാണ്‌ മഹാമായാക്ഷേത്രമെന്ന് ഇപ്പോൾ വിവക്ഷിക്കുന്നത്. അല്ലാതെ അതിനകത്ത് ദൈനംദിനപൂജയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ഇല്ല. ആളുകൾ വരുന്നു, ഒരു കുഴിയിൽ ഒരു ഗ്ലാസ്കൂടിനകത്തു വച്ചിട്ടുള്ള അടയാളക്കല്ല് ബഹുമാനപുരസ്സരം നോക്കിത്തൊഴുന്നു, ചുവരിൽ പിടിപ്പിച്ചിട്ടുള്ള ശില്പത്തിൽ നോക്കുന്നു, കുറേ പണം അവിടെ വാരി ഇടുന്നു, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ നാശാവശിഷ്ടങ്ങളെ ഒരു പ്രദക്ഷിണം വയ്ക്കുന്നു, (വേണമെങ്കിൽ ഹാ, കഷ്ടം എന്നു പറഞ്ഞ് മൂക്കത്ത് വിരലും വയ്ക്കാം.) തിരിച്ച് പുറത്തു കടക്കുന്നു. ഇത്രയുമാണ്‌ അതിനകത്ത് നടക്കുന്നത്. . അല്ലാതെ സാധാരണ ക്ഷേത്രത്തിൽ പോകുന്നതു പോലെ പോയിട്ടൊരു ശത്രുസംഹാരമുട്ട് നടത്തിക്കളയാം, ഒരു സ്വയംവരപൂജ നടത്തിയേക്കാം, പന്തീരടിപൂജയോ ഉദയാസ്തമനപൂജയോ നടത്താം, ഒരു ശയനപ്രദക്ഷിണം നടത്താം എന്നൊക്കെ കരുതി ആരെങ്കിലും മഹാമായാക്ഷേത്രത്തിൽ പോകുകയാണെങ്കിൽ അവർക്ക് നിരാശയായിരിക്കും ഫലം. അല്ലെങ്കിലും ഹിന്ദിയിലെ ‘ക്ഷേത്രം’ എന്ന വാക്കിനു ‘പ്രദേശം’ എന്ന ഒരു സാമാന്യമായ അർത്ഥമേ കൊടുക്കാനാവൂ. 

സന്ദർശകരിൽ ബഹുഭൂരിപക്ഷവും വിദേശിയരാണ്‌. മിക്കവാറും ബുദ്ധമത വിശ്വാസികൾ. ക്ഷേത്രത്തിനു പുറത്ത് കുഞ്ഞുബുദ്ധനെ കുളിപ്പിച്ചതെന്നു കരുതുന്ന ഒരു കുളം ഭംഗിയായി നിലനിർത്തിയിട്ടുണ്ട്. ഇതിനെ പുഷ്കരിണി എന്നാണ്‌ പറയുന്നത്. തൊട്ടടുത്തു തന്നെ ഒരു വലിയ സാലവൃക്ഷവുമുണ്ട്. മരങ്ങളിലെല്ലാം ബൗദ്ധന്മാരുടെ പലവർണ്ണത്തിലുള്ള കൊടിതോരണങ്ങളാണ്‌. ക്ഷേത്രമുറ്റത്തു തന്നെയാണ്‌ അശോകചക്രവർത്തി സ്ഥാപിച്ച അശോകസ്തൂപം. ശിലയിൽ പണിത ഒരു തൂണാണത്. അതിപ്പോഴും കേടു കൂടാതെ നില്ക്കുന്നു. ക്ഷേത്രപ്പറമ്പു നിറയെ ആ കാലഘട്ടത്തിൽ  ഉണ്ടായിരുന്നതും നശിച്ചുപോയതും (അതോ നശിപ്പിച്ചതോ) ആയ കെട്ടിടങ്ങളുടെ അടിത്തറകളാണ്‌. എല്ലാം നല്ല ഇഷ്ടികയിൽ പണിതവ.

ഞങ്ങൾ മായാദേവിക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോൾ അതിന്റെ പ്രധാന കവാടം അടഞ്ഞു കിടന്നു. എങ്കിലും ക്ഷേത്രപ്പറമ്പിൽ നിറയെ ആളുകളാണ്. സമയം വൈകുന്നേരമായിരുന്നു. നാലര മണിയ്ക്ക് സൂര്യൻ അസ്തമിക്കും. ഞാൻ കരുതി ഇന്നത്തെ പ്രവേശനം തീർന്നിരിക്കുമെന്ന്. പക്ഷേ കമ്പിവേലിക്കു ചുറ്റും ഒരു വട്ടം നടന്നപ്പോൾ അകത്തേക്കുള്ള വഴി കണ്ടു. വേഗം അടുത്തു കണ്ട കൗണ്ടറിൽ നിന്ന് രണ്ടു ടിക്കറ്റെടുത്തു. 20 രൂപ കൊടുത്തു. (16 നേപ്പാളി രൂപയാണ് ഒരു ടിക്കറ്റിന് ചാർജ്. 10 ഇന്ത്യൻ രൂപ സമം 16 നേപ്പാളി രൂപ. ഇന്ത്യൻ രൂപ നേപ്പാളികൾ സന്തോഷത്തോടെ സ്വീകരിക്കും. പണം എക്സ്ചെയ്ഞ്ച് ചെയ്യേണ്ട ഒരാവശ്യവും അവിടെ ഇല്ല.)
ഷൂ ഊരി വച്ച് ഞങ്ങൾ ക്ഷേത്രപ്പറമ്പിലേക്ക് കടന്നു. സെക്യൂരിറ്റിയും ദേഹപരിശോധനയും മറ്റുമുണ്ട്. പക്ഷേ എല്ലാം പേരിനാണെന്നു മാത്രം. ക്ഷേത്രത്തെക്കുറിച്ച് ഇനി കൂടുതൽ വർണ്ണനയുടെ ആവശ്യമേ ഇല്ല. ഇനി വേണമെങ്കിലോ? അതിന്  ഗൂഗിളും ഗൂഗിൾ സെർച്ചുമൊക്കെ ഉണ്ടല്ലോ. ഒന്നാന്തരം ഫോട്ടോകളും കാണാം. ബിൽഡിങ്ങിനകത്തേക്ക് കയറാൻ തിരക്കൊന്നുമില്ലായിരുന്നു. അകത്ത് ചെറിയൊരു തിരക്കുണ്ട്. "അടയാളക്കല്ലും ജനനശിൽപ്പവും" സൂക്ഷിച്ചു നോക്കാനും തൊഴാനും കുമ്പിടാനും അല്പം സമയം എടുക്കുന്നതു കൊണ്ടുള്ളതാണ് ഈ തിരക്ക്. 
ശവദാഹത്തിന്റെ രണ്ടാം ദിവസം ദഹനസ്ഥലത്ത് പോയി ആറടിയുള്ള ആ കുഴിയിലേക്ക് നോക്കിനിൽക്കുമ്പോഴുള്ള ഒരു ദു:ഖപ്രതീതിയാണ് എനിക്കവിടെ ഉണ്ടായത്. അറിഞ്ഞതുപോലെ,  ക്ഷേത്രത്തിന്റെ ഒരു ലക്ഷണവും അവിടെ ഇല്ല. പേരിൽ മാത്രമേ ക്ഷേത്രമുള്ളു. ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാലും ചിലർ ഒളിഞ്ഞും മറ്റും അവരുടെ മൊബൈലിൽ ഫോട്ടോ എടുക്കുന്നുണ്ട്. പുരാവസ്തുക്കാർ കുഴിച്ച കുഴികളും അപ്പോൾ കണ്ടുകിട്ടിയ കെട്ടിടാവശിഷ്ടങ്ങളും അവിടെ കേടുകൂടാതെ നിലനിറുത്തിയിരിക്കയാണ്.  "അടയാളക്കല്ലും ജനനശിൽപ്പവും" ആണ് ആളുകൾ അവിടെ ഭക്തിബഹുമാനപുരസ്സരം നോക്കിക്കാണുന്നത്.  ഞങ്ങൾ എല്ലാം നടന്നു നോക്കിക്കണ്ടു. അവിടമാകെ കറൻസി നോട്ടുകൾ ചിതറിക്കിടപ്പുണ്ട്. ആരാധകർ എറിഞ്ഞിട്ടുള്ളതാണവ. ഞാനൊരു 100 രൂപ എടുത്ത് ഭണ്ഡാരത്തിലിട്ടു.  "ക്ഷേത്ര"ത്തിന്റെ ഉൾവശമാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഇന്റെർനെറ്റിൽ നിന്നെടുത്തതാണിത്.  അശോകചക്രവർത്തി സ്ഥാപിച്ച സ്തൂപവും ഇവിടെ കൊടുത്തിട്ടുണ്ട്. 

മഹാമായാക്ഷേത്രത്തിന്റെ ഉൾവശം
അശോകസ്തൂപം, പുറകിൽ മഹാമായാക്ഷേത്രം
ക്ഷേത്രത്തിനു പുറത്തിറങ്ങിയ ഞങ്ങൾ ക്ഷേത്രപ്പറമ്പിലെ ചിരപുരാതനമായ കെട്ടിടാവശിഷ്ടങ്ങൾ  നോക്കി നടന്നു കണ്ടു. വെറും അസ്ഥിവാരങ്ങൾ മാത്രം. ചരിത്രമുറങ്ങുന്ന ഈ സ്ഥലത്ത് നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങൾ നടന്നിരിക്കാം എന്ന് ഞാൻ ഓർത്തു.

അപ്പോൾ ഇവിടെ വച്ചാണ് ബുദ്ധൻ മായയിൽ നിന്ന് അല്ല, മഹാമായയിൽ നിന്ന് മോചിതനായത്. മായയിൽ നിന്ന് മോചിതനായിട്ടും സിദ്ധാർത്ഥൻ 29 വയസ്സുവരെ എല്ലാ ലൗകികസുഖങ്ങളും ആസ്വദിച്ചു എന്നാണ് കഥ. അപ്പോൾ മായയിൽ നിന്ന് മോചിതരാവാത്ത നമ്മളൊക്കെ സുഖത്തിനും പണത്തിനും മറ്റും പുറകെ പോകാതിരുന്നാലല്ലേ അത്ഭുതമുള്ളൂ? എല്ലാം ഒരു മായാജാലം!
ഞാൻ ബുദ്ധന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചു. പാവം, മായാദേവി.... മഹാമായാ എന്നും അവർക്ക് പേരുണ്ട്.... മഹാമായാദേവി എന്നും പറയുന്നവരുമുണ്ട്. അവരുടെ ബഹുമാനാർത്ഥമാണ് മുമ്പ് മായാവതി യു. പി.യിലെ ഒരു സർവ്വകലാശാലക്ക് "മഹാമായാ യൂനിവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്തത്. മായാവതിയുടെ തന്നെ ഓർമ്മക്കായിട്ടാണ് ഈ നാമകരണമെന്ന് പറയുന്ന അസൂയാലുക്കളും കൂട്ടത്തിലുണ്ടെന്ന് കൂട്ടിക്കൊള്ളണം. ഒരു രാജാവിന്റെ ഭാര്യയായിരുന്നു മായാദേവി. അപ്പോൾ രാജ്ഞി എന്നു തന്നെ പറയാം. ശുദ്ധോദനന്റെ ഭാര്യയാവുന്നതിനു മുമ്പ് അവർ 'കസിൻസ്' ആയിരുന്നു. പണ്ടൊക്കെ ബാല്യ വിവാഹം നിലനിന്നിരുന്നതിനാൽ ഒരു 15 വയസ്സിലൊക്കെ അവരുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകണമെന്ന് കരുതണം.  ശുദ്ധോദനന് 20 വർഷം കുഞ്ഞുങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അങ്ങനെയാണെങ്കിൽ 35 വയസ്സു വരെ മായാദേവി ഗർഭവതി ആയില്ല എന്നു വേണം കരുതാൻ. കാര്യങ്ങളുടെ കിടപ്പു വച്ചുനോക്കുമ്പോൾ അവർ ഒരു 'മച്ചി' ആയിരുന്നൂ എന്നേ കരുതാനൊക്കൂ. അവർക്ക് ഒരു കുട്ടിയേ ജനിച്ചുള്ളൂ. അതീ ബുദ്ധനാണ്. ഒരു രാത്രിയിൽ അവർ ഉറങ്ങവേ ഒരു കൊമ്പനാന തന്റെ അടിവയറ്റിലേക്ക് പ്രവേശിച്ചതായി അവർ സ്വപ്നം കണ്ടുവത്രേ.  ഉണരുമ്പോൾ അവർ ഗർഭിണിയായിരുന്നു. ഇങ്ങനെയായിരിക്കാം ദൈവപുത്രന്മാർ ഭൂമിയിൽ ജന്മമെടുക്കുന്നത്. കന്യകയിലാണല്ലോ യേശുക്രിസ്തുവിന്റേയും ഉത്പത്തി. ഗർഭധാരണത്തിൽ ഒരു അസാധാരണത്വം ഉണ്ടായെങ്കിലും മായാദേവിയുടെ ഗർഭകാലത്ത് യതൊരു അസ്വാഭാവികതയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. മാത്രമല്ല യഥാകാലം അവർ പ്രസവിക്കുകയും ചെയ്തു. രണ്ടു ദിവസം നേരത്തെയായോ എന്ന് വേണമെങ്കിൽ നമുക്ക് സംശയം പറയാം.  അതുകൊണ്ടാണല്ലോ അവരുടെ പ്രസവം വഴിയിലായിപ്പോയത്. കപിലവസ്തുവിലെ ശുദ്ധോദനന്റെ കൊട്ടാരത്തിൽ നിന്നും സ്വന്തം അമ്മയുടെ വീട്ടിലേക്ക് പ്രസവത്തിന് പോകുന്ന വഴിക്കാണല്ലോ അവർ ലുംബിനിയിൽ മരച്ചുവട്ടിൽ വച്ച് സിദ്ധാർത്ഥന് ജന്മം നൽകുന്നത്. മനുഷ്യർക്കേ കണക്ക് പിഴക്കാറുള്ളൂ. പ്രകൃതിക്കോ ദൈവങ്ങൾക്കോ അങ്ങനെ പറ്റാറില്ല. അവർ ദേവദഹയിലെ സ്വന്തം വീട്ടിലെത്തിയിരുന്നെങ്കിൽ ബുദ്ധൻ മരച്ചുവട്ടിൽ ജനിക്കുമായിരുന്നോ? ഇല്ല തന്നെ. തന്റെ ജീവിതത്തിലെ എല്ലാ പ്രധാനസംഭവങ്ങളും മരച്ചുവട്ടിൽ തന്നെ വേണമെന്ന് ശ്രീബുദ്ധന് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ ദൈവപുത്രന്റെ കണക്ക് ശരിയായി എന്നല്ലേ കരുതേണ്ടത്?

വീട്ടിലേക്കുള്ള വഴിമദ്ധ്യേ ലുംബിനിയിൽ വച്ച് മായാദേവിക്ക് പ്രസവവേദന ഉണ്ടാകുകയും ഒരു സാലവൃക്ഷത്തിന്റെ കൊമ്പിൽ പിടിച്ചുനിന്നുകൊണ്ട് അവർ സിദ്ധാർത്ഥനെ പ്രസവിക്കുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സാധാ പ്രസവം ആയിരുന്നില്ല അത്. പ്രകൃത്യാ ഉള്ള ഒരു സീസേറിയൻ പ്രസവമായിരുന്നു അത്. ദൈവപുത്രന്റെ ജനനം മഹത്തരമായിരിക്കണമെന്നും അത് "മലീമസ"മായ മാർഗ്ഗത്തിലൂടെ ആകരുതെന്നും ഉള്ളത് പ്രകൃതിയുടെ നിയമമായിരുന്നതുകൊണ്ട് മായാദേവിയുടെ വലതുവശത്തുനിന്നായിരുന്നത്രേ സിദ്ധാർത്ഥന്റെ ജനനം. ഇമ്മാതിരിയുള്ള സീസേറിയൻ പ്രസവം കൊണ്ടാണോ എന്തോ പ്രസവത്തിന്റെ ഏഴാം ദിനത്തിൽ മായാദേവി മരണപ്പെടുകയാണുണ്ടായത്.  ശ്രീബുദ്ധന് ജന്മം നൽകുക എന്ന ഒരൊറ്റ ലക്ഷ്യമേ അവരുടെ ജീവിതത്തിനുണ്ടായിരുന്നുള്ളൂ. മറിച്ചു പറഞ്ഞാൽ ശ്രീബുദ്ധന് ജന്മം നൽകാനുള്ള ഒരു ഉപകരണം മാത്രമായിരുന്നൂ മായാദേവി. സത്യത്തിൽ ശുദ്ധോദനനു പോലും ആ പ്രക്രിയയിൽ പങ്കില്ലായിരുന്നു.  അതാണ് ഞാൻ ആദ്യമേ അവരെക്കുറിച്ച് പാവം എന്നു പറഞ്ഞത്. സത്യത്തിൽ പ്രസവം ആയിരുന്നില്ല അവരുടെ മരണകാരണം. ദൈവപുത്രൻ കിടന്ന ഗർഭപാത്രത്തിൽ മനുഷ്യപുത്രൻ കിടക്കുന്നത് ദൈവനീതിക്ക് നിരക്കുന്നതല്ല. അപ്പോൾ, മായാദേവി വീണ്ടും ഗർഭിണിയാകാതിരിക്കാൻ ഉള്ള ഒരേ ഒരു ഉപാധി അവരുടെ മരണമായിരുന്നു. അതത്രേ അവരുടെ മരണകാരണം.  ദൈവപുത്രൻ കിടക്കാനുള്ള ഗർഭപാത്രത്തിൽ ഒരു മനുഷ്യക്കുഞ്ഞു കിടന്ന് അശുദ്ധമാകരുതെന്നതു കൊണ്ടായിരിക്കാം അവർ മുമ്പ് ഗർഭം ധരിക്കാതെ പോയതും. പക്ഷേ ഒന്നുണ്ടായി... അവർക്ക് മരണാനന്തരം തുസിതസ്വർഗ്ഗത്തിൽ വസിക്കാനായി എന്നാണ് ബുദ്ധചരിതങ്ങൾ പറയുന്നത്. തുസിതസ്വർഗ്ഗമെന്നത് ഹിന്ദുക്കൾ പവിത്രമെന്നു കരുതുന്ന ത്രയസ്ത്രിംശസ്വർഗ്ഗമാണ്. സ്വർഗ്ഗത്തിലായാലെന്ത്, കൊഞ്ചിച്ച് കൊതി മാറാത്ത കുഞ്ഞിനെ വിട്ടുള്ള ജീവിതം ഒരമ്മയ്ക്ക് ഓർക്കാൻ പറ്റുമോ? അവരാ സ്വർഗ്ഗത്തിൽ എന്തു ചെയ്തിരിക്കും? പാവം! കഷ്ടം!!!

ശ്രീബുദ്ധന് ത്രിലോകങ്ങൾ കാണാനുള്ള കഴിവുണ്ടായിരുന്നു. ബോധോധയം ലഭിച്ച ശേഷം അദ്ദേഹം തുസിതസ്വർഗ്ഗത്തിൽ പോയിരുന്നുവത്രേ. സ്വന്തം അമ്മ അവിടെ നീറി നീറി കഴിയുകയാണെന്ന് അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയിൽ കണ്ടിരിക്കണം. അവർക്ക് ബുദ്ധമത തത്വങ്ങൾ പറഞ്ഞു മനസ്സിലാക്കാനും അതു വഴി അവർക്ക് അനുഗ്രഹം നൽകാനുമായിരുന്നു അദ്ദേഹത്തിന്റെ സ്വർഗ്ഗയാത്ര.  അതുവഴി മായാദേവിക്ക് പരമമായ മോക്ഷം ലഭിച്ചുവത്രെ. ആ......, അത്രയെങ്കിലുമായി.... എന്തായാലും ശ്രീബുദ്ധന് ജന്മം നൽകാനുള്ള ത്യാഗസുരഭിലമായ ജീവിതം മായാദേവിയെ അനശ്വരയാക്കി. ലുംബിനിയിൽ മാത്രമല്ല ഏഷ്യയുടെ പല ഭാഗത്തും അവരുടെ പേരിൽ ക്ഷേത്രങ്ങളുണ്ട്.

തുസിതസ്വർഗ്ഗത്തിൽ നിന്ന് ശ്രീബുദ്ധൻ ഭൂമിയിലേക്ക് മടങ്ങിയത് കൈലാസം വഴി ആയിരുന്നുവത്രേ. 'സങ്കാസ്യ' എന്ന സ്ഥലത്തായിരുന്നു അദ്ദേഹം തിരിച്ചിറങ്ങിയത്. ഈ സ്ഥലം ആഗ്രക്കും കനൂജിനും ഇടയ്ക്കാണ്. കനൂജ് - കേട്ടിട്ടില്ലേ, പഴയ ആ കന്യാകുബ്ജം? പൃഥ്വീരാജനും സംയുക്തയുമായുള്ള തീവ്രപ്രണയത്തിന്റെ പശ്ചാത്തലം! അവിടെ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പലതും ഉദ്ഘനനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുടെ ഒരു പുണ്യസ്ഥലമാണ് സങ്കാസ്യ അഥവാ സാങ്കിസ.

ബുദ്ധന്റെ ജനനം വീക്ഷിക്കാൻ വിഷ്ണുവും ബ്രഹ്മാവും സന്നിഹിതരായിരുന്നുവത്രേ.  ഛെ, ഛെ, ബുദ്ധന്റെ ജനനം കാണാനായിരുന്നുവോ അതോ ഒരു സ്ത്രീയുടെ പ്രസവം കാണാനായിരുന്നുവോ ഇവർ വന്നത്? വേറേ വല്ല ആണുങ്ങളും ആയിരുന്നെങ്കിൽ അവർക്ക് അങ്ങോട്ട് പ്രവേശനം കിട്ടുമായിരുന്നുവോ?
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. പക്ഷേ മണി നാലു കഴിഞ്ഞിട്ടേ ഉള്ളു; പരിസരമാകെ ഇരുട്ട് പരന്നിരിക്കുന്നു. മഴ ചാറുന്നുമുണ്ട്. കിടക്കാനൊരു സ്ഥലം കിട്ടിയില്ലെങ്കിൽ രാത്രി കുഴഞ്ഞതു തന്നെ. ഞങ്ങൾ നടത്തത്തിന് വേഗം കൂട്ടി.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

മാടമ്പ് കുഞ്ഞുക്കുട്ടൻ സാറിന്റെ 'മഹാപ്രസ്ഥാനം' വായിച്ചിട്ടുണ്ടോ മാഷേ? ഇല്ലെങ്കിൽ തീർച്ചയായും വായിക്കണം.

ആൾരൂപൻ പറഞ്ഞു...

കൂപമണ്ഡൂകം എന്നു പറയാറില്ലേ? അതെന്നെക്കുറിച്ചാണ്. 'മഹാപ്രസ്ഥാനം' വായിച്ചിട്ടില്ല; വായിക്കണം. വായിക്കും.