2014, ഡിസംബർ 25, വ്യാഴാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - അഞ്ച്

ഞങ്ങൾ നേരേ കൊറിയൻ മൊണാസ്ട്രിയിലേക്ക് നടന്നു. അവിടെ ചെന്നാൽ താമസിക്കാൻ സൗകര്യം കിട്ടുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. . അങ്ങോട്ടുള്ള വഴിയിലാണ്‌ കെടാത്ത ദീപശിഖ കത്തുന്നത്. ഇരുട്ട് വീണുതുടങ്ങിയതിനാൽ അവിടെ എഴുതി വച്ചത് വായിക്കാനായില്ല. വഴിയിൽ നായ്ക്കൾ ഓടുന്നതു കണ്ടു. അവയുടെ പ്രകൃതം കാരണം അവ കുറുക്കന്മാരാണോ എന്ന് ഞങ്ങൾക്ക് തോന്നി. അല്ലെങ്കിലും കുറുക്കന്മാർ മേഞ്ഞു നടക്കുന്നപോലത്തെ ഒരു ഗ്രാമം മാത്രമാണല്ലോ അത്.  


മൊണാസ്ട്രിയുടെ ഗെയ്റ്റ് തള്ളിത്തുറന്ന് ഞങ്ങൾ അകത്ത് കടന്നു. അവരുടെ ഓഫീസിൽ ഇരുന്നത് ഒരു നേപ്പാളിയാണെന്നു തോന്നുന്നു; അല്ലെങ്കിൽ അയാൾ ഇന്ത്യക്കാരനാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഹിന്ദിയിലാണ് സംസാരിച്ചത്. ഒരു രാത്രി തങ്ങാനുള്ള സൗകര്യം വേണമെന്ന് ഞാൻ അയാളെ  അറിയിച്ചു. പണം കൊടുക്കാതെ താമസിക്കാനാണെന്ന് അയാൾ ധരിച്ചുവോ എന്തോ? എടുത്ത വായയ്ക്ക് അയാൾ മുറിയൊന്നുമില്ലെന്നും കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കേ താമസിക്കാൻ സൗകര്യം കൊടുക്കൂ എന്നും പറഞ്ഞു. അയാൾക്ക് എന്നെ അറിയില്ലല്ലോ? ഞാൻ ഉടനെ ഇംഗ്ലീഷിൽ പറഞ്ഞു. "ദെൻ ഗിവ് അസ് എ റൂം; ബോത് ഓഫ് അസ് ആർ ട്രാവൻകൊറിയൻസ്." ട്രാവൻകൊറിയ എന്താണെന്നറിയാത്ത അയാൾ എന്റെ കെണിയിൽ വീഴുമെന്നുറപ്പായിരുന്നു. ഇതേതാടാ ഈ സൗത്ത് കൊറിയയും നോർത്ത് കൊറിയയും അല്ലാത്ത ഒരു കൊറിയ എന്ന് അയാൾ തീർച്ചയായും കരുതിയിരിക്കണം. പക്ഷേ അത് ചോദിച്ച് തന്റെ വിവരക്കേട് പരസ്യമാക്കണ്ട എന്നും അയാൾ കരുതിയിരിക്കണം. അവനവന്റെ വിവരക്കേട് മറ്റുള്ളവരെ അറിയിക്കാൻ വല്ലവനും തയ്യാറാകുമോ? “മൗനം വിദ്വാന്‌ ഭൂഷണം” എന്നല്ലേ ആപ്തവാക്യം? അയാൾ ഉടനെ ഡിന്നർ തീരാറായിരിക്കുന്നുവെന്നും ഉടനെ പോയി ഡിന്നർ കഴിച്ചോ എന്നും ഞങ്ങളോട് പറഞ്ഞു.

കാന്റീനിലേക്ക് നടക്കുമ്പോൾ മകൻ എന്നോട് ചോദിച്ചു; അച്ഛാ, അച്ഛൻ നുണ പറയാറില്ലല്ലോ, പിന്നെ എന്തിനാ നമ്മൾ കൊറിയക്കാരാണെന്ന് അയാളോട് പറഞ്ഞത്?


ഞാൻ പറഞ്ഞു. "മോനേ, അച്ഛൻ നുണയൊന്നും പറഞ്ഞില്ല. നീ പഠിച്ചതും വളർന്നതുമൊക്കെ തിരുവനന്തപുരത്തല്ലേ? തിരുവനന്തപുരം പണ്ട് തിരുവിതാംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവിതാംകൂർ ഇംഗ്ലീഷിൽ ട്രാവൻകോർ എന്നാണറിയപ്പെടുന്നത്. അപ്പോൾ തിരുവനന്തപുരത്ത് ജീവിച്ച നമ്മളെ ട്രാവൻകൊറിയൻ എന്നു പറയുന്നതിൽ എവിടെയാ നുണ?"


അവന് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി; അവൻ പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല.  ഞങ്ങൾ അവരുടെ ഡൈനിങ്ങ് ഹാളിലെത്തി. ഭക്ഷണം തീരാറായിരിക്കുന്നു. സായിപ്പന്മാരും മദാമ്മമാരുമൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അവരിൽ ജപ്പാൻകാരും കൊറിയക്കാരും തായ്ലാന്റുകാരുമൊക്കെയുള്ളതായി ഞങ്ങൾക്ക് മനസ്സിലായി. അവിടെ സെൽഫ് സർവ്വീസാണ്. ഞങ്ങൾ ഭക്ഷണം വിളമ്പിയെടുത്തു. ചോറും കറികളും തന്നെയാണ്. ധാരാളം കറികളുണ്ട്. ഞങ്ങൾ എല്ലാം കുറേശ്ശെ എടുത്തു. വിശപ്പുള്ളതു കൊണ്ട് അതെല്ലാം കഴിച്ചു എന്നു പറയാം. ചോറ് എന്നു പറഞ്ഞു കൂടാ; വേവിച്ച അരി എന്നേ പറയാൻ പറ്റൂ. കറികളും അങ്ങനെത്തന്നെ. വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ലവർ എന്നൊക്കെ വേണം കറികൾക്ക് പേരു പറയാൻ. ഒന്നിലും ഉപ്പോ മുളകോ ഇല്ല. മുളകു വെള്ളത്തിൽ മുറിച്ചിട്ട പച്ചക്കറികളുമുണ്ട്. ഒരു പക്ഷേ അതായിരിക്കാം അവരുടെ വെജിറ്റബിൾ സാലഡ്.


ഒന്നാലോചിച്ചാൽ ഇതൊക്കെ മതി. ആർഭാടമായ ജീവിതത്തിനല്ലല്ലോ ഇങ്ങോട്ട് വരുന്നത്! ആശയാണ് നിരാശക്കു  കാരണം എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മദ്ധ്യമാർഗ്ഗം സ്വീകരിക്കണമെന്നും ഉദ്ബോധിപ്പിച്ച ബുദ്ധന്റെ അനുയായികൾ മിഷ്ടാന്നഭോജനം കഴിക്കുന്നത് ശരിയാണോ? അല്ല. ശരിക്കു പറഞ്ഞാൽ ഇത് തന്നെ ഏറേയാണ്. വേണ്ടത് വേവിച്ച കുറേ അരിയും വേവിച്ച കുറേ പച്ചക്കറികളും. ഇനി വേണമെങ്കിൽ അത് ഹാഫ് ബോയൽഡ് ആയാലും പോരായ്കയില്ല. അതെന്തേ മാംസഭക്ഷണമൊന്നും ഇവിടെ ഇല്ലാത്തത് എന്ന് ഞാൻ സംശയിച്ചു. ബുദ്ധൻ മാംസഭോജിയാണെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഇവിടേയും അങ്ങനെ ആകാവുന്നതല്ലേ? മൃഗങ്ങളെ വേദനിപ്പിക്കരുതെന്ന് പറഞ്ഞ ബുദ്ധൻ എങ്ങനെ മാംസഭോജിയായെന്ന് എനിയ്ക്കെത്ര ചിന്തിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല. അല്ലെങ്കിലും ഈ ചരിത്രങ്ങളൊക്കെ ആധുനിക മനുഷ്യൻ അവന്റെ സൗകര്യത്തിനൊത്ത് എഴുതി ഉണ്ടാക്കിയതല്ലേ? സത്യം എന്തായിരുന്നു എന്ന് ആർക്കറിയാം? മരങ്ങൾ വെട്ടരുത് എന്നു പറഞ്ഞ ബുദ്ധൻ മൃഗമാംസമൊന്നും കഴിച്ചിട്ടുണ്ടാകില്ല തീർച്ച.  എന്തായാലും ബുദ്ധമതാനുയായികൾ സസ്യബുക്കുകളായത് നന്നാായി. അവർക്കെങ്കിലും തലയില് അല്പം ബോധം ഉണ്ടല്ലോ.


ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകി വച്ച്  ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ഓഫീസിലിരുന്ന ആൾ ഞങ്ങൾക്ക് ഞങ്ങളുടെ മുറി കാണിച്ചു തന്നു. 4 പേർക്ക് ഉറങ്ങാവുന്ന അറ്റാച്ച്ഡ് ആയ ഒരു ഡോർമിറ്ററി. മറ്റാരുമില്ലാത്തതിനാൽ ഞങ്ങൾ അവിടെ സുഖമായി ഇരുന്നു.  ഞാൻ മൊബൈലിൽ സമയം നോക്കി. മണി ആറര ആകുന്നതേ ഉള്ളൂ. പക്ഷേ നല്ല ഇരുട്ടാണ്‌. മൊണാസ്റ്ററിക്ക് പുറത്ത് പോയി റോഡിലൊക്കെ ഒന്നു ചുറ്റിയടിച്ചാലോ എന്നു ഞാൻ കരുതി. പക്ഷേ നോക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. പോരാത്തതിന്‌ ആവശ്യത്തിന്‌ തണുപ്പും. അല്ലെങ്കിൽ ഒന്ന് കുളിക്കാമായിരുന്നു. കമ്പ്യൂട്ടർ കയ്യിലില്ല. ഉണ്ടെങ്കിൽ മെയിലും ന്യൂസുമൊക്കെ ഒന്നു നോക്കാമായിരുന്നു.  ഞാൻ മുറിയുടെ ചുമരിൽ ഒട്ടിച്ചു വച്ച നോട്ടീസ് വായിച്ചു. ചീട്ടുകളി, പുകവലി, മദിര, മദിരാക്ഷി എന്നിവ വർജ്ജിക്കണം എന്നായിരുന്നു അറിയിപ്പ്. അപ്പോൾ ഇതിനായി ഇവിടെ വരുന്നവരും കാണുമോ?

അപ്പോഴാണ്‌ ബോംബേക്കാരനാണെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ മുറിയിലേക്ക് കയറി വന്നത്. മകൻ അയാളുമായി വർത്തമാനത്തിലേർപ്പെട്ടു. അയാൾ 2 ആഴ്ച ലുംബിനിയിൽ കാണുമത്രെ. മെഡിറ്റേഷന്‌ വന്നതാണത്രെ; കൊള്ളാം. തണുക്കുന്നുണ്ട്; ഞാൻ വേഗം കയ്യിലിരുന്ന പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നു. 

രാവിലെ ഉണരുമ്പോൾ കനത്ത മഴ പെയ്യുകയാണ്‌. ഞാൻ റൂമിനു പുറത്തിറങ്ങി. വിദേശികളെല്ലാം പ്രാർത്ഥനക്കായി പ്രെയർ ഹാളിലേക്കോടുകയാണ്‌. അവരുടെ സമ്പ്രദായങ്ങളറിയാത്ത ഞാനെന്തു ചെയ്യാനാണ്‌? ഞാൻ ദിനചര്യകൾ തീർത്ത് ഓഫീസിനടുത്തേക്ക് നടന്നു. അപ്പോൾ സമയം ആറു മണി. ആ പുലരും നേരത്ത് ആളുകൾ ബ്രെയ്ക്ഫാസ്റ്റ് കഴിക്കാനുള്ള പുറപ്പാടാണ്‌. ഞാൻ അവരുടെ കൂട്ടത്തിൽ ക്യൂ നിന്നു. ആറര കഴിഞ്ഞാൽ പിന്നെ ബ്രൈക്ക്ഫാസ്റ്റ് സ്വാഹാാ....
ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത അടുത്ത പതിപ്പായിരുന്നു ഈ ബ്രെയ്ക്ക്ഫാസ്റ്റ്. വേവിച്ച അരി, വേവിച്ച വഴുതനങ്ങ, വേവിച്ച കോളീഫ്ളവർ... എല്ലാം അതു തന്നെ.   നല്ല ആവി പറക്കുന്നവ. അതു കഴിച്ചു തീരുമ്പോൾ ഒരു ഓറഞ്ച് കിട്ടിയതിനാൽ വായക്ക് അല്പം രുചിയോടെ തിരിച്ചുപോരാൻ പറ്റി.
റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചു......... സാധാരണ രാവിലെ കഴിക്കുന്നത് ചായയും പലഹാരങ്ങളുമായിരിക്കും; പക്ഷേ, ഇപ്പോൾ ഈ പുലരാൻ കാലത്ത് കഴിച്ചത് സത്യത്തിൽ ചോറും കറികളുമാണ്‌. ഉച്ചയ്ക്കാണ്‌ ചോറുണ്ണാറുള്ളത്. ഇതാലോചിച്ചപ്പോൾ തിരുവനന്തപുരത്തെ കല്യാണങ്ങളാണ്‌ ഓർമ്മയിൽ വന്നത്. അവിടത്തെ കല്യാണങ്ങളിലാണ്‌ ഉച്ചക്ക് കഴിക്കേണ്ട ഊണ്‌ രാവിലെ 9 മണിക്ക് കഴിക്കുന്നത് കണ്ടിട്ടുള്ളത്. അവിടെ കല്യാണത്തിന്‌ ചെല്ലുന്നതേ ഊണു കഴിക്കാനാണ്‌. കല്യാണഹാളിലെത്തിയാൽ ആദ്യം നോക്കുക ഇപ്പോൾ ഊണു കഴിക്കാൻ പറ്റുമോ എന്നാണ്‌. കല്യാണത്തിനു വരുന്നവരെ എത്രയും നേരത്തെ ഊണു കഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പെണ്ണിന്റെ വീട്ടുകാരും നില്പ്പുണ്ടാകുക. ചുരുക്കത്തിൽ ചെന്ന പാടേ ഊണു കഴിക്കും; അപ്പോൾ ഊണു കഴിക്കുന്നത് ഊണിന്റെ സമയത്തൊന്നുമാകില്ല. അതുകൊണ്ടു തന്നെ ആളുകൾ രാവിലെ ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാതെയായിരിക്കും കല്യാണത്തിനു പോകുക. ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചാൽ പിന്നെ സദ്യ ഉണ്ണാൻ വയറിൽ സ്ഥലമെവിടെ? രാവിലെ ഊണു കഴിക്കാനുള്ള മടി കാരണം ആദ്യമൊക്കെ ഞാൻ അവിടെ കല്യാണത്തിനു പോകാറില്ലായിരുന്നു. പക്ഷേ പിന്നീട് ഞാനും രാവിലെ ഊണു കഴിക്കാൻ ശീലിച്ചു. ‘നാടോടുമ്പോൾ നടുവേ’ എന്നാണല്ലോ പഴഞ്ചൊല്ല്‌. സദ്യ ഉണ്ണുന്നെങ്കിൽ തിരുവനന്തപുരത്തുനിന്നു തന്നെ ഉണ്ണണം; എന്തു ഗംഭീരമായിരിക്കും അവരുടെ സദ്യ. വിളമ്പുന്നത് എൻ. എസ്. എസ്. കാരാണെങ്കിൽ പിന്നെ അതിന്റെ ചിട്ടയൊന്നു പറയേണ്ടതുമില്ല. വിശദമായ ഊണും രണ്ടു മൂന്നു തരം പായസവും കഴിച്ച് എഴുന്നേല്ക്കുമ്പോൾ തൃപ്തി വരാത്തവർ ആരും കാണുകയില്ല. അത് നോക്കുമ്പോൾ മലബാറിലെ കല്യാണസദ്യകൾ വളരെ മോശം എന്നുവേണം പറയാൻ. സദ്യക്ക് ഒരു ചിട്ടയോ ക്രമമോ ഒന്നും അവിടെ ഞാൻ കണ്ടിട്ടില്ല.

റൂമിൽ തിരിച്ചെത്തിയ ഞാൻ വേഗം മകനെ ഭക്ഷണത്തിനായി തള്ളിവിട്ടു. ഉള്ളതു പോയാലേ അതിന്റെ വില അറിയൂ. പുറത്തിറങ്ങിയാൽ എന്താണ് തിന്നാൻ കിട്ടുക എന്നുകൂടി അറിയില്ലല്ലോ. മഴ പെയ്യുന്നുണ്ട്. മഴയെ അവഗണിച്ച് ഞാൻ ആ കോമ്പൗണ്ടിൽ ഒന്നു നടന്നു. അവരുടെ പ്രാർത്ഥനാ നടക്കുന്ന പ്രധാന കെട്ടിടത്തിലും ഞാൻ പോയി നോക്കി. അതടഞ്ഞു കിടക്കുകയാണ്‌. വിശാലമായ ആ കെട്ടിടം വളരെ ഉയരമുള്ളതും 3-4 നിലകളുള്ളതുമാണ്‌. അവിടെ നിന്നു നോക്കിയാൽ ലുംബിനിയും ബുദ്ധമതവിഹാരങ്ങളും നന്നായി കാണാം. ഒരു കാമറയുണ്ടെങ്കിൽ ഭംഗിയുള്ള ഫോട്ടോ എടുക്കാവുന്നതേയുള്ളു. പക്ഷേ ഇന്റെർനെറ്റിൽ എത്ര ഫോട്ടോ വേണമെങ്കിലും ഉള്ളപ്പോൾ ഇനിയും ഫോട്ടോകൾ എന്തിനാണ്‌?
കൊറിയൻ ടെമ്പിൾ (അവലംബം: ഇന്റെർനെറ്റ്)

മഴയെപ്പേടിച്ച് ഇവിടെ ഇരുന്നാൽ വന്ന കാര്യം നടക്കില്ലല്ലോ? മകൻ ഭക്ഷണം കഴിച്ചു വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് നടന്നു. താമസിച്ചതിന്റെ പണം കൊടുക്കണ്ടേ? 500 നേപ്പാളീ രൂപയാണ്‌ ഭക്ഷണമുൾപ്പെടെ ഒരാളുടെ ഒരു ദിവസത്തെ ചാർജ്. ഞങ്ങൾ 620 രൂപ കൊടുത്തു പുറത്തിറങ്ങി. റസീറ്റൊന്നും കിട്ടിയില്ല.

കൊറിയൻ ടെമ്പിളിൽ നിന്നു പുറത്തിറങ്ങുമ്പോൾ മൊണാസ്റ്ററികളൊക്കെ ഒന്നു നോക്കിക്കണ്ട് ലുംബിനി വിടാമെന്നാണ്‌ കരുതിയത്. പക്ഷേ വഴി എവിടെയോ തെറ്റി. ഞങ്ങൾ എത്തിയത് പൊതുനിരത്തിലായിരുന്നു. അതോടെ ഞങ്ങൾ ലുംബിനിയോട് വിട പറഞ്ഞു. ഒന്നൊന്നര കിലോമീറ്റർ ഞങ്ങൾ റോഡിലൂടെ നടന്നു. ഒരു വശത്ത് വയലുകൾ; മറുവശത്ത് മതിലു കെട്ടി സംരക്ഷിച്ച ലുംബിനിയുടെ, ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ.

ഞങ്ങളെത്തിയത് തെനുഹവയിലെ ഒരു ബസ് സ്റ്റോപ്പിലാണ്. ഒരു സാധാരണ ഉത്തരേന്ത്യൻ പ്രദേശം.... അര മണിക്കൂറിൽ തെനുഹവയിൽ നിന്ന് ഞങ്ങൾ തൗളിഹവയിലേക്ക് ബസ്സ് കയറി. അതും ഒരു കുട്ടി ബസ്സായിരുന്നു. പ്രൈവറ്റ് ബസ്. സിദ്ധാർത്ഥൻ വളർന്നു വലുതായ കപിലവസ്തുവിലേക്കായിരുന്നു ഞങ്ങളുടെ ഈ യാത്ര.  ബസ്സിലെ നല്ലൊരു ശതമാനം യാത്രക്കാരും മുഖം മൂടിയ പർദ്ദ ധരിച്ച മുസ്ലിം സ്ത്രീകളാണ്.

കപിലവസ്തുവിന്റെ പ്രാദേശികമായ പേരാണ് തൗളിഹവ എന്നുവേണം മനസ്സിലാക്കാൻ. ഭേദപ്പെട്ട സ്ഥലമാണ് കപിലവസ്തു. ബൈരഹവയിലെപ്പോലെ തൗളിഹവയിലും സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു വലിയ കമാനമുണ്ട്. കുഞ്ഞുബുദ്ധന്റെ ഒരു പ്രതിമയും. ബസ്സ് ഇറങ്ങിയ ഞങ്ങളുടെ പുറകെ ടാക്സിക്കാരും റിക്ഷക്കാരും കൂടി. അവർക്കൊരു ട്രിപ് കിട്ടിയാൽ ആയല്ലോ. സ്വന്തം വയറാണല്ലോ പ്രധാനം. പക്ഷേ നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ തിലൗരക്കോട്ടിലേക്കുള്ള വഴി ചോയ്ച്ച് ചോയ്ച്ച് നടന്നു.  
കപിലവസ്തു ഗെയ്റ്റ് (അവലംബം: വിക്കി)
"തിലൗരക്കോട്" - ഇതാണ് ശുദ്ധോദനന്റെ രാജധാനി നിന്ന സ്ഥലം. കപിലവസ്തു ബസ് സ്റ്റാന്റിൽ നിന്ന് രണ്ടുരണ്ടര നാഴിക അകലെയാണത്. റോഡിന്റെ ഇരുവശത്തും വയലുകളാണ്. അങ്ങിങ്ങ് വീടുകളും കടകളും കെട്ടിടങ്ങളും ഉണ്ട്. തിലൗരക്കോട് എന്നത് ശരിക്കും സ്ഥലപ്പേരാണോ അതോ രാജധാനി നിന്ന സ്ഥലമാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഒരു പക്ഷേ തിലൗരക്കോട് എന്നത് ശുദ്ധോദനന്റെ വീട്ടുപേരാകാനും മതി. "തിലൗരക്കോട് ശുദ്ധോദനൻ" എന്നോ "ടി. ശുദ്ധോദനൻ" എന്നോ ആയിരുന്നിരിക്കണം ഒരു പക്ഷേ ആധാർ കാർഡിൽ അന്ന് അദ്ദേഹം പേർ ചേർത്തിരിക്കുക. രാജാക്കന്മാർക്കും വേണമല്ലോ പേരിന്റെ കൂടെ ഒരു ഇനീഷ്യൽ!
                                                                                         . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

2 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

ആ ട്രാവൻ കൊറിയൻ കലക്കി.
തിരുവനന്തപുരത്തെ കല്യാണ സദ്യ .സത്യം.കല്യാണത്തിന് മുൻപ്എത്ര പന്തി (തവണ) തീരും എന്നാണ് പെണ്‍ വീട്ടുകാർ നോക്കുന്നത്.കല്യാണം കഴിഞ്ഞാൽ എല്ലാപേർക്കും ഇരിയ്കാൻ കഴിയില്ലല്ലോ.കുറെ പ്പേർ ഉണ്ണാതെ പോകും. പത്ത് ആയിരത്തി അഞ്ഞൂറ് പേർക്കുള്ള സദ്യയാണ്. അവിടെ ആള് കൂടുന്നത് ഒരു കാര്യം കൂടി ഉണ്ട്.കല്യാണം ആഫീസ് സമയത്തിൽ പങ്കെടുക്കുന്ന ധാരാളം പേർ.
സന്ദർശനം നടക്കട്ടെ.

ആൾരൂപൻ പറഞ്ഞു...

ശരിയാ, പലരും ആഫീസിൽ പോകുന്നത് പൊതുകാര്യങ്ങളൊക്കെ ചെയ്തു തീർക്കാനാണ്. ഇനി മോദിജി വിചാരിച്ച് ഇതിന് വല്ല മാറ്റവും വന്നാലായി....