2014, നവംബർ 27, വ്യാഴാഴ്‌ച

തല തിരിഞ്ഞ ചിന്തകൾ

ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നും അല്ല. പണിയൊന്നുമില്ലെങ്കിലും സമയം പോക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കയ്യിലൊരു കമ്പ്യൂട്ടറും ഇന്റെർനെറ്റ് ബന്ധവും ഉണ്ടെങ്കിൽ ചിലരെങ്കിലും "സമയം തികയുന്നില്ല" എന്നു പറയും എന്നാണെന്റെ ഒരു നിഗമനം. 

"ഇന്റെർനെറ്റ് ബന്ധം" എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കേറിവന്നത് പഴയ രക്തബന്ധമാണ്. ഇപ്പോഴതില്ലല്ലോ? ഈ രക്തം ദാനം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നു തോന്നുന്നൂ ഈ രക്തബന്ധമെന്ന പ്രയോഗം നിർത്തലാക്കിയത്. ഒരർത്ഥത്തിൽ അതൊരു ശരിയായ നടപടിയാണുതാനും. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ആയി എനിയ്ക്ക് രക്തബന്ധമുണ്ടെന്ന് പറയേണ്ടി വരുമായിരുന്നു. ഞാൻ എത്ര തവണ രക്തദാനക്യാമ്പിൽ രക്തം കൊടുത്തതാ?  ഈ രക്തം വഴിയുള്ള ബന്ധത്തിനാണല്ലോ രക്തബന്ധം, രക്തബന്ധം എന്ന് പറയുന്നത്.

പക്ഷേ, ഈ രക്തബന്ധം എന്ന പ്രയോഗം നിർത്തലാക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധമല്ലേ നമ്മൾ നിർത്തലാക്കിയത്?  അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ മകളേയും ആണുങ്ങൾ കാണുന്ന പെണ്ണുങ്ങളേയും ശാരീരികമായി ആക്രമിച്ചു കീഴടക്കുന്നത്?

ഇപ്പോൾ കൂടുതലുള്ളത് ഇന്റെർനെറ്റ് ബന്ധമാണ്. "ഇന്റെർനെറ്റ് ബന്ധം" കൊണ്ട് ഞാനുദ്ദേശിച്ചത് വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, റ്റ്വിറ്റർ, സമന്ന എന്നിങ്ങനെ നിരവധിയായ, ഇന്റെർനെറ്റ് കണക്ഷൻ വഴി സാധിക്കുന്ന, മനുഷ്യബന്ധങ്ങളാണ്. അടുത്ത കാലം വരെ സജീവമായിരുന്ന എസ്. എം. എസ്, ഇ-മെയിൽ എന്നിവ ഇപ്പോൾ ഏകാന്തത മൂലം ഡിപ്രഷൻ ബാധിച്ച് അവശനിലയിലാണ്. സമൂഹം ഒറ്റപ്പെടുത്തിയാൽ മനുഷ്യനു മാത്രമല്ല എസ്.എം.എസ്സിനും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടേക്കൂം. എന്തായാലും അവ എപ്പോൾ വേണമെങ്കിലും ദീർഘശ്വാസം വലിച്ച് ചരിത്രത്തിന്റെ ഭാഗമായേക്കാം.

പിന്നെ പഴയതിൽ ബാക്കിയായി ഉണ്ടെന്നു പറയാവുന്ന ഒരേ ഒരു ബന്ധം മലബന്ധമാണ്. പത്രങ്ങളിലൊക്കെ വരുന്ന പരസ്യങ്ങളെ വിശ്വസിക്കാമെങ്കിൽ അതിപ്പോഴും അന്യൂനം തുടരുന്നുണ്ട്.  പിന്നെ വേണമെങ്കിൽ ഉണ്ടെന്നു പറയാവുന്നൊരു ബന്ധമാണ് അവിഹിതബന്ധം. വന്ന് വന്ന് ഈ അവിഹിതബന്ധമിപ്പോൾ ഒരു വിഹിതബന്ധമായി മാറിയിട്ടുണ്ടോ എന്നാണ് എന്റെ സംശയം.

അവിഹിത ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കളുടെ ചിന്താഗതിയിൽ ഈയിടെ ഉണ്ടായ മാറ്റം ഞാൻ ഓർത്തത്. അടുത്ത കാലം വരെ അവർ പ്രാർത്ഥിച്ചിരുന്നത് "ഈശ്വരാ, പെൺകുട്ടികൾക്ക് നല്ല ചെക്കന്മാരെ കിട്ടണേ" എന്നായിരുന്നു.ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. ഇപ്പോഴവർ പ്രാർത്ഥിക്കുന്നത് "ഈശ്വരാ, ചെക്കന്മാർക്ക് നല്ല പെങ്കുട്ട്യോളെ കിട്ടണേ" എന്നാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല; ഈയിടെ കണ്ടില്ലായിരുന്നോ, ഹൈദരാബാദിൽ ഒരു മലയാളി പെങ്കൊച്ച് അടുത്തുള്ളവരെയൊക്കെ ഉമ്മവച്ചുമ്മവച്ച് നടന്നത്? എങ്ങനെയാണിനി മാതാപിതാക്കൾ വിശ്വസിച്ച് തങ്ങളുടെ ആണ്മക്കളെ പെൺകുട്ടികളുടെ കൈ പിടിച്ചേൽപ്പിക്കുക?

കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരിതാനായരുടെ പുതിയ കല്യാണവാർത്ത എന്റെ മനസ്സിൽ കേറി വരുന്നത്. നായികയുടെ മൂന്നാം കല്യാണമത്രെ! വാട്ട്സ് അപ്പിലൂടെ ഈയിടെ പ്രചരിച്ച ആകർഷകങ്ങളായ വീഡിയോകളായിരിക്കണം ഈ കല്യാണാലോചനക്ക് ബീജാവാപം ചെയ്തത് എന്ന് ന്യായമായും ഊഹിക്കാം. അല്ലെങ്കിൽ ഇപ്പോഴിങ്ങനെയൊരാലോചന പെട്ടെന്ന് കേറി വരേണ്ടതുണ്ടോ?   (ഒരു പാടു പേർ കണ്ട ആ വീഡിയോ എനിയ്ക്കൊന്നു കാണാൻ കഴിഞ്ഞില്ല, കഷ്ടം.)  കൊള്ളാം, നാടെത്ര മാറിപ്പോയി!  പ്രായം തെറ്റി കല്യാണം പൊയ്പ്പോയ  പെണ്ണുങ്ങൾക്കും ഈ വാട്ട്സ് അപ് പ്രയോഗം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെറുതെയല്ല നായികയുടെ കയ്യൊപ്പിന്നായി മലയാളികൾ പുറകേ കൂടുന്നത്.  ആ, കൂടട്ടെ; ഞാനാരാ പറയാൻ?

ഈ ഇന്റെർനെറ്റുബന്ധത്തിന്റെ സൗകര്യമെന്താ? ഒരു ന്യൂസ്പേപ്പർ പോലും വാങ്ങാതെ എല്ലാ ന്യൂസ്പേപ്പറും വായിക്കാൻ ഈ ഇന്റെർനെറ്റ് ബന്ധം നമ്മെ സഹായിക്കും. അങ്ങനെയാണ് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുമ്പോൾ "സമാധാനക്കുറവു മൂലം ആളുകൾ കൂട്ടത്തോടെ മതം മാറുക"യാണെന്ന വാർത്ത കാണാനിടയായത്. അത് വായിച്ചു കഴിഞ്ഞപ്പോൾ യൂറോപ്യന്മാരുടെ ശുഷ്കമായ ചുറ്റുപാടാണ് എനിയ്ക്ക് ബോദ്ധ്യമായത്. പാവങ്ങൾ. യൂറോപ്പിൽ പ്രധാനമായും രണ്ട് മതങ്ങളല്ലേ ഉള്ളൂ? ക്രിസ്തുമതവും ഇസ്ലാം മതവും? അപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ എവിടെ ചേരും? അവർക്ക് ഒരു തീരുമാനത്തിലെത്തും മുമ്പ് എന്തെങ്കിലും ഒരു ഓപ്ഷനുണ്ടോ? ഇല്ല. ഇസ്ലാം മതം വിട്ടാൽ ക്രിസ്തുമതത്തിൽ ചേരുക; അത്ര തന്നെ. അതാലോചിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ സൗഭാഗ്യം ഞാനോർത്തത്. ഇവിടെ മതങ്ങളുടെ ഒരു അയ്യരുകളിയല്ലേ? ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു മതത്തിലും ചേരത്തക്കവിധം എന്തെല്ലാം മതങ്ങൾ കിടക്കുന്നു? ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ബഹായിമതം...... ഇന്ത്യയിലെ മതങ്ങളെണ്ണുമ്പോഴാണ് എന്റെ വിവരക്കുറവ് എനിയ്ക്ക് ബോദ്ധ്യപ്പെടുക. എനിയ്ക്കിത്രയേ കിട്ടുന്നുള്ളൂ. അല്ല, ഒന്നു കൂടെ കിട്ടി.... മതമില്ലാമതം....അതേ, നാസ്തികന്മാരും ഒരു മതത്തിൽ പെട്ടവരാണ്..... നാസ്തികന്മാർക്ക് ഒരു മതം... ആസ്തികന്മാർക്ക് പല മതം... എന്നതാണ് ഞാൻ കണ്ട ലോകം.  സൊരാഷ് ട്രിയന്മാർ, പാഴ്സികൾ, ജ്യൂതന്മാർ എന്നിവരും അതിന്യൂനപക്ഷമെങ്കിലും വിവിധമതക്കാരാണ്. മതം മാറണമെങ്കിൽ ഇന്ത്യക്കാരന് ഇതിൽ ഏതിൽ വേണമെങ്കിലും ചേരാം. പക്ഷേ യൂറോപ്യന്മാർക്കും പാശ്ത്യന്മാർക്കും മുന്നിൽ ഒരേ ഒരു മാർഗ്ഗമേയുള്ളു. യൂ.ഡി.എഫിലാണെങ്കിൽ എൽ.ഡി.എഫിലേക്കു പോകുക; എൽ.ഡി.എഫിലാണെങ്കിൽ യൂ.ഡി.എഫിലേക്കു വരുക. പാവങ്ങൾ.  അവിടെ ഒരു ബി. ജെ. പി. ഉണ്ടായിരുന്നെങ്കിൽ അവരൊന്നു പരീക്ഷിച്ചു നോക്കിയേനേ!

ഇന്ത്യൻ മതങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ നേതാക്കളുടെ മതവും അവർക്ക് മതങ്ങളോടുള്ള സമീപനങ്ങളും എന്റെ മനസ്സിൽ കേറി വന്നത്. അപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യയിലെ മുസ്ലിം മതവിഭാഗങ്ങൾ നരേന്ദ്രമോദിയെ ഒട്ടും പേടിക്കേണ്ടതില്ല എന്നാണ്. കാരണം എന്തെന്നല്ലേ ? ഇറാക്കിലും സിറിയയിലും ലിബിയയിലുമൊക്കെ മുസ്ലിങ്ങൾ തോക്കും ബോംബുമെടുത്ത് പരസ്പരം കൊല്ലുകയല്ലേ? മുസ്ലിങ്ങളല്ലാതെ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ?  അതല്ലേ ഇപ്പോഴത്തെ ഈ മതം മാറ്റത്തിനു തന്നെ കാരണം. നരേന്ദ്രമോദിയും ഇവിടെ അനേകം മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്നല്ലേ ഇവിടത്തെ പുരോഗമനവാദികളും മതേതരവാദികളും പറയുന്നത്? മാത്രമല്ല, മോദിയും കെട്ട്യോളെ മൊഴി ചൊല്ലിയ കൂട്ടത്തിൽ പെടും.  അപ്പോൾ, ഇറാക്കിലേയും സിറിയയിലേയും സംഭവങ്ങളും മറ്റു കാര്യങ്ങളും വച്ചു നോക്കുകയാണെങ്കിൽ അദ്ദേഹവും ഒരു മുസ്ലിമാകാനാണ് സാദ്ധ്യത.  ഒരു പേരിലെന്തിരിക്കുന്നു? മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരാണ് ഇറാനിയും ജാവേദും. പേരു വച്ചു നോക്കുമ്പോൾ അവരും മുസ്ലിങ്ങളാകാനേ തരമുള്ളു. ഇറാനിൽ നിന്ന് വന്നവരല്ലേ ഇറാനികൾ? ഇറാനിലൊക്കെ മുസ്ലിങ്ങളല്ലേ? ജാവേദ് മഹാരാഷ് ട്രക്കാരനായതുകൊണ്ട് ഗവാസ്കർ, കാകോദ്കർ, ടെൻഡുൽക്കർ എന്നിവരെ അനുകരിച്ച് ജാവേദ്ക്കർ എന്നു പേരു പരിഷ്കരിച്ചതാകണം. നക്വി, ഹെപ്തുള്ള എന്നിവരും മുസ്ലിങ്ങളാണ്. ഇത്രയൊക്കെ ഉള്ളപ്പോൾ ഇനി നമ്മൾ മോദിസർക്കാറിനെ മതപരമായി സംശയിക്കേണ്ടതുണ്ടോ? യഥാർത്ഥ ന്യൂനപക്ഷങ്ങളുടേ മോദിപ്പേടി ന്യൂനമായിരിക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ഞാൻ വെറുതേ പറഞ്ഞതല്ല. "സുമ" എന്ന പേര് മുസ്ലിമിനാകാമെങ്കിൽ നരേന്ദ്രമോദി എന്ന പേരും മുസ്ലിമിനിണങ്ങില്ലേ? ഇനി ഈ സുമ ആരെന്നല്ലേ? നമ്മുടെ ഐ.എ.എസ്. ഫെയിം ടി. ഒ. സൂരജിന്റെ ഭാര്യ. എം. എം. മുഹമ്മദാലിയുടെ മകൾ. റിസ്വാൻ, റിസാന, റിസ്‌ഹിൻ എന്നിവരുടെ അമ്മ. ടി.ഒ. സൂരജിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിച്ച് വന്നപ്പോഴാണ് എനിയ്ക്കീ വിവരം കിട്ടിയത്. സത്യം പറഞ്ഞാൽ ഈ ടി. ഒ. സൂരജ് എന്ന വ്യക്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നതാണ് എന്റെ ചിന്ത. രണ്ടായാലും എനിയ്ക്കൊന്നുമില്ലെങ്കിലും.

മുഗളചക്രവർത്തിയായി ഭാരതം ഭരിച്ച ഷാജഹാന്റെ മകന്റെ പേര് സലിം എന്നായിരുന്നുവല്ലോ? അപ്പോൾ സലിം എന്നത് ഒരു മുസ്ലിം പേരാണെന്ന് ഞാൻ ധരിച്ചു. അങ്ങനെ സലിം അഹമ്മദ് നിർമ്മിച്ച 'ആദാമിന്റെ മകൻ അബു' എന്ന മുസ്ലിം പേരുള്ള സിനിമയിൽ സറീനാ വഹാബിനൊപ്പം അഭിനയിച്ച സലിം കുമാർ  എന്ന നടനും ഒരു മുസ്ലിമാണെന്ന് ഞാൻ കരുതി. സരിതാ ഫെയിം സലിം രാജ് മുസ്ലിമെന്നതുപോലെ. പക്ഷേ പിന്നീടാണ് സലിം കുമാർ ഹിന്ദുവാണെന്ന് മനസ്സിലായത്. സലിം കുമാർ ഹിന്ദുവായാലും മുസ്ലിമായാലും എനിയ്ക്കൊരുപോലെത്തന്നെ.

ഞാനിതൊക്കെ എഴുതിയത് ഒരു പേരിലൊന്നും തന്നെ ഇരിക്കുന്നില്ല എന്ന് സമർത്ഥിക്കാനാണ്. നരേന്ദ്ര മോദി മുസ്ലിമല്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് നോക്കേണ്ടി വരും. പക്ഷേ ചായ്‌വാലകൾക്കെന്ത് ജനനസർട്ടിഫിക്കറ്റ്? അവർക്ക് ഒരു നേരത്തെ അന്നമല്ലേ ഉന്നം?

ബി. ജെ. പി.ക്കാരുടെ മതബന്ധങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ കോൺഗ്രസ്സുകാരെക്കുറിച്ചും ചിലത് പറഞ്ഞേക്കാം. അല്ലെങ്കിൽ ഞാൻ പക്ഷഭേദം കാണിച്ചു എന്ന് ജനം ആരെങ്കിലും കരുതിയാലോ?  നെഹ്രു അസ്സൽ കാശ്മീരി ബ്രാഹ്മണനായിരുന്നു. സാക്ഷാൽ പണ്ഡിറ്റ്. കാശ്മീർ ഒരുകാലത്ത് ഹിന്ദുമതത്തിന്റെ പ്രധാനസ്ഥലമായിരുന്നു. ഇപ്പോൾ മുസ്ലിങ്ങൾ താമസിക്കുന്ന കാശ്മീരിന്റെ പേരു തന്നെ ആർഷഭാരതത്തിന്റെ സംഭാവനയാണ്. കാശ്യപൻ എന്ന പേരിൽ നിന്നാണതുത്ഭവിക്കുന്നത്. അതെന്തായാലും നെഹ്രുവിന്റെ മകൾ കല്യാണം കഴിച്ചത് മുസ്ലിമിനെയായിരുന്നു. മുസ്ലിം പിതാക്കന്മാരുടെ മക്കൾ സാധാരണ ഗതിയിൽ മുസ്ലിമായിട്ടാണ് വളരുക. അപ്പോൾ രാജീവ് ഗാന്തി മുസ്ലിമാകാനേ തരമുള്ളൂ. ഒരു പേരിലെന്തിരിക്കുന്നൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ? ഈ രാജീവ് ഗാന്തി കല്യാണം കഴിച്ചതോ? പക്കാ ക്രിസ്ത്യാനിയെ. പോരാത്തതിന് വിദേശിയും. അപ്പോൾ പിന്നെ ഇനി രാഹുൽ ഗാന്തിയുടെ ജാതി അന്വേഷിച്ചു പോകേണ്ടതുണ്ടോ? റൗൾ എന്ന ക്രിസ്ത്യൻ പേരാണ് രാഹുൽജിക്ക് എന്നാണ് ജനസംസാരം. എന്തായാലും ഈ റൗൾ എന്ന പേര് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴേക്കും രാഹുൽ എന്നായി. അത് തികച്ചും സ്വാഭാവികം. ഇവിടെയുള്ള തിരുവനന്തപുരത്തിന് ഇവിടെത്തന്നെ ട്രിവാൻഡ്രം ആകാമെങ്കിൽ പുറത്തുള്ള റൗളിന് ഇവിടെ രാഹുൽ ആകാവുന്നതേയുള്ളു. ഹിന്ദുമുസ്ലിംക്രിസ്ത്യൻ വേരുകളോടെ രാഹുൽജി ജീവിക്കുന്നതാകട്ടെ സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും ഒക്കെയുള്ള ഉത്തരേന്ത്യയിലും.  ഒരു മതേതര രാജ്യത്തെ നയിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട  മതേതരസ്വഭാവമുള്ള ഒരു നേതാവിനെ, കോൺഗ്രസ്സിലോ ഇന്ത്യയിലോ ബി. ജെ. പി.ക്കാർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഇല്ല. എന്നിട്ടാണ് അവർ ഗാന്തി കുടുംബത്തിനുനേരേ കുതിര കയറുന്നത്. കഷ്ടം!!!!!!!   കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ മതേതരത്വം ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.

രാഹുൽ എന്ന പേരു പറഞ്ഞപ്പോഴാണ് ആ പേരിന്റെ ഉത്ഭവം എന്റെ മനസ്സിൽ തേട്ടി വന്നത്.  രാഹുകാലത്തെക്കുറിച്ച് അറിയാമല്ലോ? ആ സമയത്ത് ഒരു മാതിരി ആളുകളൊന്നും യാത്ര പുറപ്പെടുകയോ നല്ല കാര്യം ചെയ്യാൻ തുടങ്ങുകയോ ഇല്ല. രാഹുകാലത്തിൽ എന്തെങ്കിലും തുടങ്ങിയാൽ ഭംഗിയായി തീരില്ല എന്നാണ് വിശ്വാസം. രാഹുവിന്റെ കുഴപ്പമാണത്. എല്ലാം ഒരു വിശ്വാസമാണ് കെട്ടോ. വിശ്വാസം; അതല്ലേ എല്ലാം? ഭഗവാൻ ബുദ്ധനായി മാറിയ സാക്ഷാൽ സിദ്ധാർത്ഥ ഗൗതമൻ സത്യാന്വേഷണത്തിന് കാട്ടിലേക്ക് പോകാൻ തഞ്ചം നോക്കി നടക്കുമ്പോഴാണ് രാജകുമാരന് ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം തന്റെ യാത്രയ്ക്ക് തടസ്സമാകുമോ എന്ന് സംശയിച്ച സിദ്ധാർത്ഥൻ "രാഹു, രാഹു" എന്നു പറഞ്ഞു പോലും. "തടസ്സം, തടസ്സം" എന്നാണ് ഗൗതമൻ ഉദ്ദേശിച്ചത്. രാജകുമാരന്റെ മനോഗതം മനസ്സിലാകാത്ത പാവം രാജകുമാരി തന്റെ പൊന്നോമനമകന് അച്ഛന്റെ അഭാവത്തിൽ അച്ഛൻ പറഞ്ഞ പേരു തന്നെ ഇട്ടു. അങ്ങനെയാണ് ഭഗവാൻ ബുദ്ധന്റെ മകന് രാഹുലൻ എന്ന പേരു വന്നത്. ഇതാണ് രാഹുൽ എന്ന പേരിന്റെ ചരിതം. അതെന്തായാലും തടസ്സം എന്നർത്ഥമുള്ള രാഹുൽ എന്ന പേരുള്ള ആൾ നേതൃസ്ഥാനത്ത് വന്നതല്ലേ നമ്മുടെ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ സകല തടസ്സങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കുമോ പ്രിയങ്കാ ഗാന്തിയെ നേതൃസ്ഥാനത്തേക്ക് ക്ഷണിക്കുന്നുണ്ടാകുക എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത.

അപ്പോൾ പറഞ്ഞു വന്നതെന്താ? യൂറോപ്പിലെ നവ മതം മാറ്റം. ഇങ്ങനെ മതം മാറുമ്പോൾ അവിടത്തെ ഒരു ചെറുപ്പക്കാരൻ മറിച്ചൊന്നു ചിന്തിച്ചാലുള്ള അവസ്ഥ ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരു മാറ്റത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ ഹിന്ദുമതത്തിൽ ചേർന്നു എന്ന് കരുതുക. അങ്ങനെ അയാൾ ഹിന്ദുവായി മാറുന്നു. ശ്രീധരൻ എന്ന പേരും സ്വീകരിക്കുന്നു. ഇനിയാണ് രസം. ചെറുപ്പക്കാരനല്ലേ? സ്വന്തം മതത്തിൽ നിന്നു തന്നെ കല്യാണം കഴിക്കണമെന്നയാൾക്ക് മോഹം. യൂറോപ്പിലെവിടെ അയാൾക്ക് ഹിന്ദു പെണ്ണിനെ കിട്ടാനാണ്? അയാൾ നേരേ ഇന്ത്യയിലേക്ക് വരുന്നു; കോഴിക്കോട്ട് (ആകാശ)കപ്പലിറങ്ങുന്നു. കേരളാമാട്രിമൊണി ഡോട്ട്കോമിൽ പേരു രജിസ്റ്റർ ചെയ്യുന്നു. മറുപടിക്ക് കാക്കുന്നു.

കല്യാണപ്രായം എത്തി നിൽക്കുന്നതും കേരളാമാട്രിമൊണിയിൽ പേര് രജിസ്റ്റർ ചെയ്തതുമായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നമ്മുടെ ഹിന്ദു പയ്യന്റെ പ്രൊഫൈൽ കാണുമ്പോൾ ഈ പയ്യൻ നായരല്ലല്ലോ, അല്ലെങ്കിൽ മേനോനല്ലല്ലോ, നമ്പ്യാർ അല്ലല്ലോ, ഈഴവനല്ലല്ലോ എന്ന് ചിന്തിക്കും... സംഗതി പയ്യൻ ഹിന്ദു ഒക്കെത്തന്നെ; പക്ഷേ ഞാൻ എന്റെ കുട്ടിയെ നായർക്കേ കൊടുക്കൂ അല്ലെങ്കിൽ നമ്പ്യാർക്കേ കൊടുക്കൂ അല്ലെങ്കിൽ ഈഴവനേ കൊടുക്കൂ എന്നു പറഞ്ഞാൽ നമ്മുടെ പയ്യൻ വെള്ളത്തിലായത് തന്നെ. പയ്യൻ നേരേ എൻ. എസ്. എസ് ആസ്ഥാനത്തെത്തിയാൽ നായരാകാൻ പറ്റുമോ? സാക്ഷാൽ സുകുമാരൻ നായർ വിചാരിച്ചാൽ പോലും പയ്യന് നായരാകാൻ പറ്റില്ല. അയാൾക്ക് ഹിന്ദുവാകാനേ പറ്റൂ. നായരാകുന്നതും ഈഴവനാകുന്നതുമൊക്കെ ജന്മം കൊണ്ടാണ്. അല്ലെങ്കിൽ പിന്നെ അവർ നമ്മുടെ പുതിയ ഗാന്തിജിമാരെക്കണ്ടു പഠിക്കണം!

പാവം സായിപ്പ് പയ്യന് മതമല്ലേ മാറാൻ പറ്റിയുള്ളൂ, ജാതി മാറാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സഹതപിച്ചു. ഇനിയിപ്പോൾ ജാതി നോക്കാതെ, മതം മാത്രം നോക്കി പെണ്ണിനെ കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നു മാത്രമേ നമ്മുടെ കഥാനായകനു പെണ്ണിനെ കിട്ടൂ. അതിനും ഇവിടെ ആളുണ്ടാകും. അതൊരു കുറ്റമൊന്നുമല്ലല്ലോ? പോരാത്തതിന് ഭാരതം ഒരു സെക്കുലർ രാജ്യവുമാണല്ലോ.

സെക്കുലർ എന്നു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ കാശ്മീരിൽ മെഹബൂബാ മുഫ്തി പറഞ്ഞതാണ് ഓർത്തത്. "Kashmir is the most secular state in the world" എന്നാണാ വനിത ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ കാച്ചി വിട്ടത്. ഈശ്വരോ രക്ഷ!!!!

വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഇമ്മാതിരി തല തിരിഞ്ഞ് ഓരോന്ന് ചിന്തിക്കുന്നത് എന്ന് ഞാൻ വെറുതേ ഓർത്തു. പണ്ട് ഒരു വിഡ്ഡിദിനത്തിലും ഞാൻ ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരുന്നുവല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു. തല കൂടുതൽ തിരിയേണ്ടെന്ന് കരുതി ഞാൻ വേഗം റിമോട്ടെടുത്ത് ടി. വി. ഓൺ ചെയ്തു. ഇനിയിപ്പോൾ രണ്ടു മണിക്കൂർ പോക്കാൻ പ്രയാസമില്ല.




2014, നവംബർ 22, ശനിയാഴ്‌ച

അല്ലാഹുവിന്റെ സ്വന്തം നാട്

ഹിന്ദുക്കളുടെ ഏറ്റവും വലിയ ക്ഷേത്രം ഉള്ളത് കേരളത്തിലോ ഇന്ത്യയിലോ നേപ്പാളിലോ അല്ല. മറിച്ച് കംബോഡിയയിലെ സിയംറിപ്പ് പ്രവിശ്യയിലാണ്.  "അംഗോർവാട്ട്"!!! ഹൊ, എന്താണതിന്റെ ഒരു വിസ്തീർണ്ണം! സമയവും പണവുമുള്ളവൻ പോയിക്കാണേണ്ടതു തന്നെയാണ്. ലോകാത്ഭുതങ്ങളുടെ കണക്കെടുക്കുന്ന സമയത്ത്  അത് മണ്മറഞ്ഞു കിടന്നതു കൊണ്ടായിരിക്കണം ആ പട്ടികയിൽ അതിന് സ്ഥാനം കിട്ടാതെ പോയത്. പിന്നീടാണല്ലോ ഏതോ സായിപ്പ് അതിന് ശാപമോക്ഷം കൊടുത്തത്.  അതിനു ശേഷമാണ് അങ്ങനെയൊന്ന് അവിടെ നിലനിന്നിരുന്നു എന്ന സത്യം  നവലോകം അറിഞ്ഞത്.  അതുകൊണ്ടു തന്നെ, ദൈവം അവിടെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു.  പോരാത്തതിന് അതിപ്പോൾ വെറുമൊരു വിനോദസഞ്ചാര കേന്ദ്രം മാത്രവും ആണ്.

ദൈവം നമ്മുടെ കേരളത്തിലാണ് എന്ന് ആർക്കാ അറിയാത്തത്? അതുകൊണ്ടല്ലേ നാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്? ലോകത്ത് ഏറ്റവും കൂടുതൽ പണമുള്ള ക്ഷേത്രം പത്മനാഭസ്വാമിയുടേതാണെന്ന് ഇപ്പോൾ നമുക്കറിയാമല്ലോ. ദൈവത്തിന് അത് പണ്ടേ അറിയാമായിരുന്നു.  ഇത്രയും പണം കേരളത്തിലിട്ടിട്ട് ദൈവം എവിടെ പോകാനാ? പോയിടത്ത് ഒരു മന:സമാധാനം കിട്ടുമോ? അപ്പോൾ എന്താ നല്ലത്? ഇവിടെയങ്ങ് കൂടുക തന്നെ. അങ്ങനെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എന്നാണ് കൃഷ്ണൻ കുട്ടി പറയുന്നത്.

ഒസാമാ ബിൻ ലാദനെ യാങ്കികൾ വെടി വച്ചു കൊന്നത് ആബട്ടാബാദിൽ വച്ചാണല്ലോ. അത് പോലത്തെ പേരുള്ള മറ്റു സ്ഥലങ്ങളാണ് ഹൈദരാബാദ്, സെക്കന്തരാബാദ്, ഫൈസാബാദ്, ഫരീദാബാദ്, അക്ബറാബാദ്, ഷാജഹാനാബാദ്, ഔറംഗബാദ്, അഹമ്മദാബാദ്, ജലാലാബാദ്, ഇസ്ലാമാബാദ് എന്നിവ. ഞാൻ താമസിക്കുന്നതും അതു പോലൊരു സ്ഥലത്താണ് - ഗാസിയാബാദ്.

ഇങ്ങനെയുള്ള ധാരാളം പേരുകൾ മുമ്പ് കേട്ടിരുന്നെങ്കിലും ആബട്ടാബാദ് എന്നത് മനസ്സിൽ തട്ടിയത് ലാദന് വെടി കൊണ്ടപ്പോഴാണ്.  മേല്പറഞ്ഞ സ്ഥലപ്പേരുകളിലൊക്കെ പൊതുവായുള്ളത് 'ആബാദ്' എന്ന വാക്കാണ്. ഈ സ്ഥലപ്പേരുകൾ തുടങ്ങുന്നതാകട്ടെ ഹൈദർ, സെക്കന്തർ, ഫൈസ്, ഫരീദ്, അക്ബർ, ഷാജഹാൻ, അഹമ്മദ്, ജലാൽ എന്നിങ്ങനെയുള്ള  വളരെ പരിചിതമായ ഒരു മുസ്ലിം പേരുകൊണ്ടുമാണ്.   എന്നാൽ 'ആബട്ടാബാദ്' അങ്ങനെയല്ല. ആബട്ട് എന്നോ ആബട്ടൻ എന്നോ ഒരു മുസ്ലിം പേര് കേട്ടതായോ ഉള്ളതായോ സ്ഥിരീകരണമില്ല. അംബട്ടൻ എന്നു കേട്ടിട്ടുണ്ടെങ്കിലും അതൊരു മലയാളം വാക്കാണ്. അതിന്റെ അർത്ഥമാകട്ടെ 'ബാർബർ' എന്നുമാണ്. അംബട്ടൻ എന്ന വാക്കിന്റെ ഉത്പത്തി സംസ്കൃതത്തിൽ നിന്നും ആണു താനും. അപ്പോൾ ഈ അംബട്ടന് മുസ്ലിങ്ങളുമായി ബന്ധമില്ലെന്നും ആബട്ടാബാദിലെ ആബട്ട് മറ്റെന്തോ ആണെന്നും ഞാൻ ഊഹിച്ചു.  ഊഹിച്ചാൽ മതിയോ? അതിനൊരു വ്യക്തത വേണ്ടേ? അങ്ങനെയാണ് ഞാൻ ആബട്ടാബാദിന്റെ വിശദവിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിച്ചത്.

'ആബാദ്' എന്നത് ഒരു പേർഷ്യൻ വാക്കാണെന്നും അതിന്റെ പൊതുവായൊരർത്ഥം 'സ്ഥലം' എന്നാണെന്നും ഗൂഗിൾ / വിക്കി ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദ് എന്നാൽ ഇസ്ലാമിന്റെ സ്ഥലമെന്നും അക്ബറാബാദ് അക്ബറുടെ സ്ഥലമെന്നുമൊക്കെ എനിക്ക് ഗൂഗിളിൽ നിന്ന് മനസ്സിലായി. ആബട്ടാബാദ് എന്നത് മേജർ ജെയിംസ് ആബട്ട് എന്ന ബ്രിട്ടീഷുകാരൻ താമസിച്ച സ്ഥലമാണെന്നും അങ്ങനെ എനിയ്ക്ക് മനസ്സിലായി.  മാത്രമല്ല ആബാദ് എന്ന് അവസാനിക്കുന്ന ഒരുപാട് പേരുകളും ഞാൻ കണ്ടു. അതിലൊന്നാണ്  തുഗ്ലക്കാബാദ്.  തുഗ്ലക്ക് പരിഷ്കാരങ്ങളുടെ കർത്താവായ തുഗ്ലക്കിന്റെ ഈ സ്ഥലം ഡല്ഹിയിലാണ്. അതിനടുത്താണല്ലോ ഞാൻ താമസിക്കുന്ന ഗാസിയാബാദ്. ആസ്ത്രേലിയൻ പ്രധാനമന്ത്രിയും ഒരു ആബട്ടാണെന്ന്  (Tony Abbot) ഇപ്പോൾ നരേന്ദ്രമോദി അവിടെ പോയ വാർത്ത വായിച്ചപ്പോൾ മനസ്സിലായി.

ആബാദുകളുടെ കൂട്ടത്തിൽ കണ്ട മറ്റൊരു പേരാണ് അല്ലഹാബാദ്. ആബാദ് എന്നാൽ സ്ഥലമാണെങ്കിൽ മേലെഴുതിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ അല്ലഹാബാദ് അല്ലാഹുവിന്റെ സ്ഥലമാകാനേ പറ്റൂ. മാത്രമല്ല അല്ലഹാബാദ് ഇന്ത്യയിലാണ് താനും. അപ്പോൾ ഇന്ത്യയല്ലേ അല്ലാഹുവിന്റെ സ്വന്തം നാട്?   'പ്രയാഗ' എന്നായിരുന്നുവല്ലോ ആ സ്ഥലത്തിന്റെ പ്രാചീനമായ മൂലനാമം.  അല്ലാഹു ഇവിടെയാണെന്ന് പിന്നീട് ജനങ്ങൾക്ക് തോന്നിയപ്പോൾ ആയിരിക്കും  ആ സ്ഥലപ്പേർ അല്ലഹബാദാക്കിയിട്ടുണ്ടാകുക. അങ്ങനെയാണല്ലോ മറ്റു 'ആബാദു'കളുണ്ടായത്. ദൈവം അദൃശ്യനാണല്ലോ.  അല്ലാഹു ഇവിടെ ഒക്കെത്തന്നെ കാണണം. അല്ലെങ്കിൽ അല്ലഹാബാദ് എന്ന ആ പേർ ഇവിടെ വരില്ലല്ലോ?  അപ്പോൾ ദൈവം ഇന്ത്യയിൽ തന്നെയാണ്!

ദൈവത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് യേശുക്രിസ്തു തന്റെ അന്ത്യനാളുകളിൽ ഉത്തരേന്ത്യയിലും ഹിമാലയത്തിലുമുണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓർമ്മയിൽ വന്നത്. അപ്പോൾ അദ്ദേഹവും ഇവിടെ തന്നെ ഉണ്ടായിരിക്കണം.  'പ്രയാഗ' എന്നാൽ പ്രാർത്ഥിക്കാനുള്ള സ്ഥലമെന്നാണർത്ഥം. അതറിഞ്ഞ അദ്ദേഹം ഒരു പക്ഷേ അവിടെ വന്ന് പ്രാർത്ഥിച്ചും കാണണം. അപ്പോൾ  ഹിന്ദുവിന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ദൈവം ഈ അല്ലഹാബാദിൽ ഉണ്ടായിരിക്കും.  ഒരു പക്ഷേ ഈ മൂന്നു പേരും അവിടെ ഒരുമിച്ച് ചേർന്നതുകൊണ്ടായിരിക്കും അല്ലഹാബാദിനെ ത്രിവേണീ സംഗമം എന്നു പറയുന്നത്. അല്ലേ?   മൂന്നു നദികൾ സന്ധിക്കുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് ത്രിവേണീ സംഗമം എന്നു പറയുന്നത് എന്നാണ് ഒരു പക്ഷം. അതിനവർ ചൂണ്ടിക്കാട്ടുന്നത് ഗംഗയ്ക്കും യമുനക്കും പുറമേ അദൃശ്യമായ ഒരു നദിയേ (സരസ്വതി) ആണ്. അദൃശ്യമായ ഒരു നദിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അദൃശ്യരായ മൂന്ന് ദൈവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.  അങ്ങനെയാണെങ്കിൽ ഇവിടെയുള്ള ഏകദൈവത്തെയായിരിക്കും  മൂന്നായിക്കണ്ട് മൂന്നു മതസ്ഥർ അവരുടെ വിശ്വാസങ്ങളിൽ കൊണ്ടുനടക്കുന്നത്.  ആ ദൈവത്തെയാണ് വൈക്കം മുഹമ്മദ് ബഷീർ 'അനാദി' എന്ന് വിളിച്ചിരിക്കുക. എന്തായാലും 'പ്രയാഗ' അല്ലഹാബാദ് ആയിരിക്കുന്നിടത്തോളം കാലം അത് അല്ലാഹുവിന്റെ സ്ഥലമായി ഗണിക്കാവുന്നതേ ഉള്ളൂ..

                                                     *    *    *    *    *    *    *

ദൈവങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റെർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മ വന്നത്. അതിങ്ങനെ.

ഓരു സായിപ്പ് ലോകത്തിലുള്ള എല്ലാ വലിയ പള്ളികളും കാണാനിറങ്ങി. അയാൾ ആദ്യം പോയത് അമേരിക്കയിലേക്കാണ്. പള്ളിയിലെ പ്രാർത്ഥനക്കിടെ അൾത്താരയിൽ അയാളൊരു സ്വർണ്ണനിർമ്മിതമായ ടെലിഫോൺ കണ്ടു. അടുത്ത് പോയി നോക്കിയപ്പോൾ "ഒരു കോളിന് 10,000 ഡോളർ" എന്നവിടെ എഴുതി വച്ചിരുന്നു. ആകാംക്ഷ മൂലം അതെന്താണെന്ന് അയാൾ പള്ളീലച്ചനോട് തിരക്കി. അത് സ്വർഗ്ഗത്തിലേക്കുള്ള 'ഹോട്ട് ലൈൻ' ആണെന്നും 10,000 ഡോളർ കൊടുത്താൽ ദൈവത്തോട് നേരിട്ട് സംസാരിക്കാമെന്നും അച്ചൻ അയാളോട് പറഞ്ഞു. അച്ചനോട് നന്ദി പറഞ്ഞ് അയാൾ അവിടെ നിന്നിറങ്ങി.

അയാൾ പിന്നീട് കനഡയിലെത്തിയപ്പോൾ അവിടത്തെ വലിയ പള്ളിയിലും 10,000 ഡോളറിന്റെ ഈ ഹോട്ട് ലൈൻ കാണുകയുണ്ടായി. ദൈവത്തോട് സംസാരിക്കുന്നുണ്ടോ എന്ന് അയാളോട് അവിടത്തെ വികാരി ചോദിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി അയാളവിടെ നിന്നിറങ്ങി.

പിന്നീട് യൂറോപ്പ്, ആഫ്രിക്ക, ചൈന, ജപ്പാൻ, ആസ്ത്രേലിയ  എന്നിവിടങ്ങളിലെല്ലാം അയാൾ പോകുകയും അവിടെയുള്ള പ്രധാന പള്ളികളിലൊക്കെ അയാളീ 10,000 ഡോളറിന്റെ ഹോട്ട് ലൈൻ ഫോൺ കാണുകയും ചെയ്തു.

പിന്നീടയാൾ എത്തിയത് ഇന്ത്യയിലായിരുന്നു. ഗോവയിൽ വന്നിറങ്ങിയ അയാൾ നേരേ പോയത് മഡ്ഗാവിലുള്ള വലിയൊരു പള്ളിയിലായിരുന്നു. അവിടേയും അയാൾ ഈ സ്വർണ്ണനിർമ്മിതമായ ഫോൺ കാണുകയുണ്ടായി. അവിടേയും "ഒരു കോളിന് 10,000 ഡോളർ" എന്നെഴുതി വച്ചിരുന്നു.

ഗോവയിൽ നിന്നയാൾ മംഗലാപുരം വഴി കൊച്ചിയിലെത്തി. മട്ടാഞ്ചേരിയിലെ ഒരു പള്ളിയിൽ പ്രാർത്ഥിക്കാൻ നിൽക്കവേ സ്വർണ്ണനിർമ്മിതമായ ഫോൺ അവിടേയും കാണുകയുണ്ടായി. പക്ഷേ അതിന്റെ താഴെ "ഒരു കോളിന് ഒരു രൂപ" എന്നെഴുതി വച്ചത് അയാളെ അത്ഭുതപ്പെടുത്തി. ആകാംക്ഷാഭരിതനായ അയാൾ അവിടെ കണ്ട വികാരിയോട് ചോദിച്ചു.

"അച്ചോ, ഞാൻ ലോകം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഈ ഫോണും കണ്ടിട്ടുണ്ട്. എല്ലായിടത്തും ദൈവത്തോട് സംസാരിക്കാൻ 10,000 ഡോളർ കൊടുക്കണം. പിന്നെ ഇവിടെ മാത്രം എന്താ അച്ചോ ഒരു രൂപ? അതെന്താ, ഇവിടെ ഇത്ര വിലക്കുറവ്?"

പള്ളീലച്ചൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"മകനേ, നീ ഇപ്പോൾ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ; God' own country എന്ന് ഞങ്ങൾ മലയാളത്തിൽ പറയും. ഇതിപ്പോൾ വെറും ലോക്കൽ കോളല്ലേ? ദൈവത്തെ വിളിച്ചോളൂ."

തന്റെ കയ്യിലിരിപ്പെന്തെങ്കിലും ദൈവം മനസ്സിലാക്കുമോ എന്ന് പേടിച്ച് അയാൾ വേഗം അവിടെ നിന്നിറങ്ങി.
                                                       *    *    *    *    *    *    *

PS: ക്ഷമിക്കുക;  ആരുടേയെങ്കിലും വികാരങ്ങളോ വിചാരങ്ങളൊ വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമേ അല്ല. വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ അക്ഷരങ്ങളുടെ രൂപത്തിലാക്കി ഇവിടെ പകർത്തുന്നു എന്നതല്ലാതെ ഞാനതൊട്ട് ചെയ്യുന്നുമില്ല. ഈ അക്ഷരങ്ങൾ ആരുടേയും വിചാരവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കട്ടെ.

2014, നവംബർ 21, വെള്ളിയാഴ്‌ച

സ്വർഗ്ഗത്തിലേക്കുള്ള എഴുത്തുകൾ 

അച്ഛാ,
അച്ഛനവിടെ സുഖം തന്നെയല്ലേ? ഞാൻ അച്ഛനെ അവസാനമായി കണ്ടത് 1980 മാർച്ച് 19ന് ആയിരുന്നു. അത് കഴിഞ്ഞിട്ടിപ്പോൾ 35 വർഷത്തോളമായിരിക്കുന്നു. ഞാനക്കാലത്ത് തിരുവനന്തപുരത്ത് ആയിരുന്നുവല്ലോ? അന്നെനിക്ക് ടെലഗ്രാം കിട്ടിയത് ഞാനിപ്പോഴും ഓർക്കുന്നു. കുറ്റിപ്പുറത്തു നിന്നോ മറ്റോ രാവിലെ അയച്ച ആ കമ്പി എനിക്ക് തിരുവനന്തപുരത്ത് കിട്ടിയത് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു. ഇന്നിപ്പോൾ കമ്പി എന്ന് നമ്മൾ മലയാളത്തിൽ പറയുമായിരുന്ന ടെലഗ്രാം അന്യം നിന്നു പോയിരിക്കുന്നു എന്ന് അച്ഛനറിയുമ്പോൾ "ങേ, അതെന്താ, അങ്ങനെ" എന്ന് അത്ഭുതപ്പെടുമായിരിക്കും. ടെലഗ്രാം എന്ന സേവനം ഗവണ്മെന്റ് നിർത്തലാക്കിയിട്ട് ഇപ്പോൾ ഒരു വർഷത്തിലധികമായിരിക്കുന്നു. കുറച്ച് കൊല്ലങ്ങളായി, കമ്പിയടിക്കാൻ ആളുകൾ പോകാത്തതു കാരണം അവിടത്തെ ജോലിക്കാർ ഈച്ചയെ ആട്ടി ഇരിക്കുകയായിരുന്നു. അവസാനം അവസാനം ആയപ്പോൾ ഇനി ഇത് വച്ചു കൊണ്ടിരുന്നാൽ മുതലാകില്ല എന്ന് തോന്നിയതുകൊണ്ടാകണം ഗവണ്മെന്റ് നിർത്തലാക്കിയത്. ഇപ്പഴും ഞാൻ കാര്യം പറയാതെ അച്ഛനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുകയാണ് എന്നു തോന്നുന്നുണ്ടോ? എങ്കിൽ ഞാൻ പറയാം. ആളുകളുടെ കയ്യിലൊക്കെ മൊബൈൽ ഫോൺ എന്ന സാധനം വന്നതോടെ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും വിളിച്ച് സംസാരിക്കാമെന്നായിരുന്നു. അങ്ങനെയാണ് ആളുകൾ കമ്പിയടി നിറുത്തിയത്.

 മൊബൈൽ ഫോൺ എന്ന സാധനം എന്താണെന്നോ? അച്ഛാ, ഞാൻ ഇതൊക്കെ പറയാൻ തുടങ്ങിയാൽ ഞാനിനി എന്തൊക്കെ പറയേണ്ടി വരും? കഴിഞ്ഞ 35 വർഷം കൊണ്ട് ഈ ലോകത്ത് വന്ന മാറ്റങ്ങൾ ചില്ലറയാണോ? മൊബൈൽ ഫോൺ എന്താണെന്ന് പറഞ്ഞ് കഴിഞ്ഞ്, സ്മാർട്ട് ഫോണിനെ കുറിച്ച് പറഞ്ഞ്, ഞാൻ പിന്നെ ഇന്റർനെറ്റ്, ലാപ്ടോപ്പ്, ഇ-മെയിൽ, ഫെയ്സ്ബുക്ക്, ട്വിറ്റർ, സരിതാ നായർ, സ്ത്രീപീഡനം, ദുരഭിമാനക്കൊല, അഴിമതി, അൽക്വൈദ, പ്ലാസ്റ്റിക്ക്, നരേന്ദ്രമോദി, സ്വച്ഛഭാരതം എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ 'എന്റീശ്വരാ' എന്നു പറഞ്ഞ് അച്ഛൻ തലയിൽ കൈ വയ്ക്കും എന്നെനിക്കറിയാം. എങ്കിലും ഞാൻ ഓരോന്നായി പറയാം. കഴിഞ്ഞ 35 കൊല്ലവും ഞാൻ നാട്ടിലെ വിവരങ്ങൾ അച്ഛനെ എഴുതി അറിയിക്കണം എന്ന് കരുതാറുണ്ടായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം അങ്ങനെ ചെയ്യാൻ പറ്റാതെ പോയി. ഇപ്പോഴങ്ങനെയല്ല; കുറച്ചൊക്കെ സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങൾ ഓരോന്നായി അച്ഛനെ എഴുതി അറിയിക്കാം. ഞാൻ പണ്ടത്തെപ്പോലെ ഇൻലന്റിലാണ് എഴുതുക എന്നൊന്നും അച്ഛൻ കരുതണ്ട. കമ്പി പോലെ തന്നെ ഈ ഇൻലന്റും കാർഡുമൊക്കെ ഏതാണ്ട് അന്യം നിന്ന പോലെയാണ്. ഞാനെങ്ങനെയാണ് എഴുതുന്നത് എന്ന് പതുക്കെ അച്ഛന് മനസ്സിലായിക്കൊള്ളും.

കമ്പി കിട്ടിയ പാടേ ഞാൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്നു. എങ്കിലും അടുത്ത ദിവസം പുലർച്ചയോടെയേ എനിയ്ക്ക് വീട്ടിലെത്താൻ പറ്റിയുള്ളു. ബസ്സിലിരുന്ന 10 മണിക്കൂറും ഞാൻ മനസ്സിൽ പല കൂട്ടലുകളും കിഴിക്കലുകളും നടത്തിയിരുന്നു; കാരണം 'ഉടനേ പുറപ്പെടണം' എന്നല്ലാതെ മറ്റൊന്നും കമ്പിയിൽ വ്യക്തമായി എഴുതിയിരുന്നില്ല എന്നതു തന്നെ. ബസ്സിൽ വീടെത്തും തോറും പോക്കറ്റിൽ കിടന്ന ആ കമ്പി എന്റെ ഉദ്വേഗം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ  വീടിന്റെ പറമ്പിലേക്ക് കയറുമ്പോൾ എന്നെ എതിരേറ്റത് വെട്ടി അടുക്കിക്കൂട്ടിയിരിക്കുന്ന മാവിൻ കഷ്ണങ്ങൾ ആയിരുന്നു. അപ്പോൾ എന്റെ കാൽ ഒരടി മുന്നോട്ട് നീങ്ങിയില്ല. ആരോ പിടിച്ച് താഴോട്ട് വലിച്ചത് പോലെ.

സത്യം പറഞ്ഞാൽ അതാലോചിക്കുമ്പോൾ ഇപ്പോഴെനിക്കൊന്നും തോന്നാറില്ല. വർഷം 35 കഴിഞ്ഞില്ലേ? കാലം മായ്ക്കാത്ത മുറിവുകളില്ല എന്നല്ലേ നാട്ടുചൊല്ല്?  മാത്രമല്ല, പുതിയ മുറിവുകളുണ്ടാകുമ്പോഴും നമ്മൾ പഴയ മുറിവുകൾ മറക്കും. അതെന്തായാലും 10 വർഷം കൂടിക്കഴിഞ്ഞാൽ എനിയ്ക്ക് ഞാൻ അച്ഛനെ അവസാനമായിക്കാണുമ്പോഴുള്ള വയസ്സാകും. അതു കഴിയുമ്പോൾ ഞാനച്ഛനെ അച്ഛാ എന്നു വിളിക്കുമോ അതോ അച്ഛന്റെ പേര് വിളിക്കുമോ എന്നാണ് ഇപ്പോഴറിയാത്തത്. അപ്പോൾ ഞാനായിരിക്കില്ലേ അച്ഛനേക്കാൾ മൂത്തത്? അതു പറഞ്ഞപ്പോഴാണോർത്തത്, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അച്ഛനോട് പറയണമെന്ന്. അമ്മക്കിപ്പോൾ വയസ്സ് പത്തെമ്പത്തേഴായിക്കാണും. ആരോഗ്യം പോരാ. അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ അമ്മയ്ക്കിപ്പോൾ നല്ല സങ്കടമാണ്. പെൻഷൻ വരുമ്പോഴെല്ലാം അമ്മ അച്ഛനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്. 

അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണ്? മൊബൈൽ ഫോണിനെക്കുറിച്ചല്ലേ? ആ, എല്ലാം ഓരോന്നായി പറയാം. അല്ല, എഴുതാം. ...... ഇന്നിപ്പോൾ ഇത്ര മതി. അടുത്ത എഴുത്ത് ഞാൻ സാവധാനം എഴുതാം.

സാവധാനം തുടരും.......




2014, നവംബർ 19, ബുധനാഴ്‌ച

മൂന്നു കാര്യങ്ങള്‍

മനുഷ്യനു ജീവിക്കാന്‍ വേണ്ട മൂന്നു കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍ക്കുകയാണ്‌ ഞാന്‍ ഇവിടെ.

ആദ്യം വേണ്ടത്‌ ചെയ്യാനെന്തെങ്കിലുമാണ്‌. ഒരു ജോലി. ഹോ! അതില്ലെങ്കിലുള്ള പാട്‌ ചില്ലറയൊന്നുമല്ല. ഒന്നും ചെയ്യാനില്ലെങ്കില്‍ സമയം പോക്കാന്‍ ഉള്ള ബുദ്ധിമുട്ടെന്താ?. ചില ഉദ്യോഗസ്ഥന്മാരുണ്ട്‌. അവരെ ആപ്പീസില്‍ തഴഞ്ഞിട്ടിരിക്കുകയാവും. അവരുടെ കഷ്ടപ്പാടാണ്‌ കഷ്ടപ്പാട്‌. എട്ടു മണിക്കൂര്‍ സമയം കളയാനുള്ള ബുദ്ധിമുട്ട്‌ അവര്‍ക്കേ അറിയൂ. അതുകൊണ്ട്‌ പണക്കാരനായാലും അല്ലെങ്കിലും, ചെയ്തുകൊണ്ടിരിക്കാന്‍ ഒരു തൊഴില്‍ എന്തെങ്കിലും കൂടിയേ തീരൂ. പിന്നെ തൊഴിലില്ലാത്ത ചെറുപ്പക്കാരോടു ചോദിക്കണം ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്‌!

പിന്നീട്‌ വേണ്ടത്‌ സ്നേഹിക്കാനെന്തെങ്കിലുമാണ്‌. ഒരു കുടുംബം, അല്ലെങ്കില്‍ ഒരു ഭാര്യ. അതുമല്ലെങ്കില്‍ ഒരു സുഹൃത്ത്‌. ഇനി അതും ഇല്ലെങ്കില്‍ പൂച്ചയോ പട്ടിയോ തത്തയോ ആയിട്ടെന്തെങ്കിലുമൊന്ന്. ഹൗ!! സ്നേഹിക്കാനൊന്നുമില്ലാത്ത ജീവിതം!! ഓ, ഒന്നും പറയണ്ട.

മൂന്നാമതായി വേണ്ടത്‌ പ്രതീക്ഷിക്കാനെന്തെങ്കിലുമാണ്‌. അതൊരു ജോലിയാകാം, ലോട്ടറിയാകാം, ഗള്‍ഫില്‍ നിന്നയച്ച പണമാകാം, അടുത്ത മാസം ലീവില്‍ വരുന്ന ഭര്‍ത്താവാകാം, കിട്ടാനുള്ള പ്രമോഷനാകാം, കാമുകിയുടെ മിസ്‌ഡ്‌ കോളാകാം, അല്ലെങ്കില്‍ അതുപോലെ മറ്റെന്തുമാകാം. പ്രതീക്ഷയ്ക്കു വകയില്ലാത്ത ജീവിതമൊന്നാലോചിച്ചു നോക്കൂ. "അയ്യോ, കഷ്ടം" എന്നു വേണം പറയാന്‍. അല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ജീവിക്കാന്‍ വേണ്ട മൂന്ന് കാര്യങ്ങള്‍ ഇവയാണ്‌.
1. ചെയ്യാനെന്തെങ്കിലും
2. സ്നേഹിക്കാനെന്തെങ്കിലും
3. പ്രതീക്ഷിക്കാനെന്തെങ്കിലും

ഇത്രയുമുണ്ടെങ്കില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാം, പാപിയായാലും പാവപ്പെട്ട പണക്കാരനായാലും.

ശരി. അപ്പോള്‍ ഇനി വേണ്ടതു പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍ ആണ്‌. അതും ഞാന്‍ പറയാം.

ആദ്യത്തേത്‌ തീയാണ്‌. ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ കെടുത്തണം.
അടുപ്പിലെ തീ കെടുത്താതെ വീട്ടില്‍ നിന്നു പുറത്ത്‌ പോയാലുള്ള കാര്യം ഒന്നു ചിന്തിച്ചു നോക്കൂ. പോയിടത്ത്‌ വല്ല സമാധാനവുമുണ്ടാകുമോ? രാത്രി ഉറങ്ങാന്‍ കിടന്നാലോ? അതുകൊണ്ട്‌ ആവശ്യം കഴിഞ്ഞാല്‍ ഉടനേ തീ ബാക്കി വയ്ക്കാതെ കെടുത്തണം. അതിപ്പോ അടുപ്പല്ലാ, ഗാസ്‌ സ്റ്റൗ ആയാലും സ്ഥിതി അതു തന്നെയല്ലേ?

രണ്ടാമത്തേത്‌ ശത്രുവാണ്‌. നിങ്ങള്‍ക്ക്‌ നാലു ശത്രുക്കളുണ്ടെന്നിരിക്കട്ടെ. പിന്നെ ജീവിതത്തിന്നു വല്ല സമാധാനവുമുണ്ടോ? അതുകൊണ്ട്‌ ശത്രുക്കളുണ്ടാവാനേ പാടില്ല. മിത്രമാക്കിയിട്ടെങ്കിലും ശത്രുവിനെ ഇല്ലായ്മ ചെയ്യണം. (കൊല്ലാനൊന്നും പോകണ്ട, കെട്ടോ.) ശത്രുവിനെ ഒന്നുപോലും ബാക്കി വച്ചേക്കല്ലേ!

മൂന്നാമത്തെ കാര്യം കടം ആണ്‌. കടം ബാക്കി വച്ചാലുള്ള കാര്യം ഞാന്‍ പറയണ്ടല്ലോ. അതുകൊണ്ട്‌ എത്രയും നേരത്തേ കടം ഇല്ലാതാക്കുക. അതും അല്‌പം പോലും ബാക്കി വയ്കാതെ.

ചുരുക്കത്തില്‍ ഇനി പറയുന്ന മൂന്ന് കാര്യങ്ങള്‍ ബാക്കിയില്ലെന്നുറപ്പിക്കുക.
1. തീ
2. ശത്രു
3. കടം

ഇനി നോക്കൂ, ജീവിതം എങ്ങനെയുണ്ടെന്ന്!!!!!!!!!!! 

2014, നവംബർ 16, ഞായറാഴ്‌ച

ശുചീകരണരംഗത്തെ വെല്ലുവിളികൾ

ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് വരെ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ മുമ്പന്തിയിലായിരുന്നു. അക്കാലത്തൊക്കെ ഞാൻ തിരുവനന്തപുരത്തായിരുന്നു താമസം. 'ത്രിവേന്ദ്രം' വളരെ വൃത്തിയുള്ള സ്ഥലമാണെന്ന് അക്കാലത്ത് അവിടെ വരുന്ന ഉത്തരേന്ത്യക്കാർ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ നമ്മൾ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. അന്നൊന്നും ഈ 'ഷവർമ്മ'യെന്താണെന്നൊന്നും നമ്മൾ കേരളീയർക്കറിയില്ലായിരുന്നുവല്ലോ? അന്നൊക്കെ നമ്മൾ മുളകരച്ചു വച്ച കൂട്ടാനും കൊത്തമ്പാല അരച്ചുവച്ച സാമ്പാറും ഒക്കെയാണ് കഴിച്ചിരുന്നത്.  പിന്നീടാണ് നമ്മൾ പുതിയ കാഴ്ചപ്പാടും പുതിയ സംസ്കാരവും കൈക്കൊണ്ടത്.  അപ്പോഴാണ് മുളക് പൊടി, മല്ലിപ്പൊടി എന്നിങ്ങനെ പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത 'പാക്ക്ഡ് ഫുഡ്' സംസ്കാരത്തിലേക്ക് നമ്മൾ മാറിയത്.   മോരിൻ വെള്ളത്തിനും നാരങ്ങ വെള്ളത്തിനും പകരം നമ്മൾ കൊക്കോകോള, സ്പ്രൈറ്റ് എന്നിങ്ങനെയുള്ള നല്ല ഉശിരൻ പാനീയങ്ങൾ സ്വായത്തമാക്കി.  അങ്ങനെയാണ് "എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ വെയ്സ്റ്റ് ഉണ്ടാകുക" എന്ന അവസ്ഥ സംജാതമായത്.  അങ്ങനെ പുതിയൊരു ഉപഭോഗ സംസ്കാരം നമ്മൾ അഭിമാനപൂർവ്വം കൈക്കൊള്ളുകയും മുറുകെപ്പിടിക്കുകയും ചെയ്തു. അപ്പോൾ മുതലാണ് വീടുകളിൽ നിന്ന് കൊട്ടക്കണക്കിന് മാലിന്യങ്ങൾ റോഡിലേക്കു് വലിച്ചെറിയുക എന്ന നവസംസ്കാരം നമ്മൾ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ കേരളത്തിന്റെ നാടും നഗരവും മാത്രമല്ല മുക്കും മൂലയും വരെ നാറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ 'കേരളം നാറ്റിച്ചു' എന്നു സാരം.

ഈയിടെ നമ്മൾ കൊച്ചിയിൽ നടത്തിയ ചുംബന സമരം ഓർമ്മയില്ലേ? അതോർക്കുമ്പോൾ ഞാനെന്റെ കവിൾ വെറുതേ തടവും. ഒരു കിഴവി പോലും എനിക്കൊരു ഉമ്മ തന്നില്ല; കഷ്ടം. ബാലപീഡനമാകുമോ എന്ന് പേടിച്ച് നവജാതശിശുവിനു പോലും ഞാനൊരു ഉമ്മ കൊടുത്തതുമില്ല. അതിനെന്താ? നമ്മുടെ ചുംബനസമരം ഏറ്റുപിടിക്കാൻ ഹൈദരാബാദിൽ മലയാളികളായ ചുണക്കുട്ടികളുണ്ടായിരുന്നു. അവരവിടെ എന്നെപ്പോലെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട് ഉമ്മവച്ചുമ്മവച്ചു നടന്നു.................... മലയാളികൾ കൊച്ചിയിലും ഹൈദരാബാദിലും മാത്രമല്ലല്ലോ ഉള്ളത്............. അധികം വൈകിയില്ല, ഡൽഹിയിലും ചുംബനസമരം അരങ്ങേറി. അപ്പോഴേക്കും, ഉമിനീരിലൂടെയായിരിക്കണം ഈ ചുംബനാവേശം ഇന്ത്യയൊട്ടുക്കും എബോള പോലെ പടർന്നു കഴിഞ്ഞിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നമ്മുടെ ചുംബനാവേശം ഇന്ത്യയൊട്ടാകെ അലയടിച്ചതുപോലെ നമ്മുടെ ഉപഭോഗസംസ്കാരവും ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു. അനുകരണത്തിൽ (അതും പാശ്ചാത്യരെ) നമ്മൾ ഭാരതീയർക്കു പുറകേ നിൽക്കാനല്ലേ മറ്റു രാജ്യക്കാർക്ക് യോഗ്യതയുള്ളൂ? നമ്മൾ ലെയ്സ് പോലത്തെ 'കുറുകുറ' പലഹാരങ്ങളും ഷവർമ്മയും നമ്മുടെ ഭക്ഷണമാക്കി. ഹോട്ടൽ ഭക്ഷണം സ്റ്റാറ്റസ് സിംബളാക്കി. എത്രയെത്ര പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് നമ്മളിപ്പോൾ ദിവസം തോറും വീട്ടിൽ നിന്ന് പുറന്തള്ളുന്നത്? ഹോട്ടലുകളിൽ നിന്നോ?  അങ്ങനെ ഇന്ത്യയാകെ മാലിന്യക്കൂമ്പാരമായി മാറി. ഞാനിപ്പോൾ താമസിക്കുന്ന ഉത്തരേന്ത്യയിൽ, ഒരാൾ 10 പച്ചക്കറികൾ വാങ്ങുക 10 പ്ലാസ്റ്റിക് കവറുകളിലാണ്. അതെല്ലാം കൂടെ ഇടാൻ പതിനൊന്നാമതൊരു കവറും. പിന്നെ എന്തുവേണം നാടു നന്നാവാൻ?  ഉത്തരേന്ത്യയിലെ, ഉയർന്ന വിദ്യാഭാ(!)സവും പണവും ഉള്ളവൻ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്കവനെ വെടി വയ്ക്കാനാണ് തോന്നുക. ഡൽഹിയിൽ വർഷങ്ങളായി പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്. അതാണ് ഞാൻ കണ്ട ഏറ്റവും വലിയ തമാശ. ഡൽഹിയിൽ ഓരോ കൊല്ലവും ടൺ കണക്കിനായിരിക്കും പ്ലാസ്റ്റിക് വെയ്സ്റ്റ് കുന്നുകൂടുന്നത്. നിയമം കൊണ്ടുനടക്കാനാകില്ലെങ്കിൽ ഗവണ്മെന്റും "വെയ്സ്റ്റ്" ആകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഡൽഹിയിലെ പ്ലാസ്റ്റിക് ഉപഭോഗം. 

മാലിന്യം കൂടുന്നതിനനുസരിച്ച് നാട്ടിൽ മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരുടെ എണ്ണം കൂടിയില്ല. ജനസംഖ്യയ്ക്കൊപ്പം മാലിന്യവും വർദ്ധിച്ചു. ഉണ്ടാകുന്ന ദുർഗ്ഗന്ധത്തിന്റെ അളവും അപ്പോൾ കൂടാതെ തരമില്ലല്ലോ?

റോഡുകളിൽ മാലിന്യം കുന്നുകൂടുന്നത് പോലെ ഓഫീസുകളിൽ ഫയലുകളും കുന്നുകൂടി. 'സർക്കാർ കാര്യം മുറപോലെ' എന്നാകുമ്പോൾ ഫയലുകൾ കുന്നു കൂടാതെ പറ്റില്ലല്ലോ? കേരളത്തിലെ വിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ നീങ്ങാത്തതുകാരണം ഒരു പാവം ടീച്ചർക്ക് വർഷങ്ങളായി ശമ്പളം കിട്ടാത്ത കാര്യം എനിക്കറിയാം. പാവം, ടീച്ചർ. ഭർത്താവിന്റെ കയ്യിൽ നിന്ന്  ബസ്സ് കൂലിക്ക് പണം വാങ്ങി സ്കൂളിൽ  പോയി പഠിപ്പിക്കുന്ന ആ ടീച്ചറുടെ കാര്യം ഒന്നോർത്തു നോക്കൂ.  വർഷങ്ങളോളമായി ഈ അദ്ധ്യാപനം........ ശമ്പളം കിട്ടുമെന്ന് യാതൊരു  പ്രതീക്ഷയും കൂടാതെ!

മുമ്പൊന്നും നമുക്ക് 20 മണിക്കൂർ പണിയെടുക്കുന്ന പ്രധാനമന്ത്രി ഇല്ലായിരുന്നു. സ്ഥാനം കൂടുന്തോറും മേലനങ്ങാതിരിക്കുക എന്നതാണ് ഔദ്യോഗികധർമ്മം എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സൗകര്യപൂർവ്വം അന്ന് വിശ്വസിച്ചു. അതാകുമ്പോൾ പണിയൊന്നും ചെയ്യേണ്ടല്ലോ?   പാവയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് പല കാർട്ടൂണുകളും ആയിടക്ക് കാണുമായിരുന്നു.

മതഭീകരതയും വർഗ്ഗീയതയും ലോകനേതാക്കൾ ചാർത്തിക്കൊടുത്ത തൊട്ടുകൂടായ്മയും ഒക്കെ കാരണമാണോ എന്തോ ഇത്രകാലം നരേന്ദ്രമോദി(ജി) ഗുജറാത്തിൽ ഒതുങ്ങിക്കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് പൊതുതെരഞ്ഞെടുപ്പ് സമയത്തും ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാവേളയിലും ആയിരിക്കണം അദ്ദേഹം ഭാരതമാകെ കുമിഞ്ഞുകൂടിയ ഈ മാലിന്യം കാണാനിടവന്നിട്ടുണ്ടാകുക.  അങ്ങനെയായിരിക്കണം ഈ മാലിന്യം അടിച്ചുവാരാൻ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങിയിരിക്കുക. അതേതായാലും നന്നായി. നാട്ടിൽ മാലിന്യമുണ്ടെന്ന് ഇപ്പോൾ നാട്ടുകാർക്ക് ഒരു തോന്നലുണ്ടായിട്ടുണ്ട്. അതുകൊണ്ടായോ? എനിയ്ക്ക് മനസ്സിലാകാത്തത് ഈ കോരിയെടുത്ത മാലിന്യമെല്ലാം മോദിജി എന്തു ചെയ്തു എന്നാണ്? അതിനെ കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. ഇവിടെ നിന്ന് കോരുന്നത് അവിടെ കൊണ്ടുപോയി ഇടുകയാണെങ്കിൽ അതിലെന്തു മാലിന്യനിർമ്മാർജ്ജനം? ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കാക്കുന്നതിന് ചികിത്സ എന്ന് പറയാമോ?  അവിടെയാണ് അബ്ദുൾകലാം ഇന്നലെ പറഞ്ഞതിന്റെ പ്രസക്തി കിടക്കുന്നത്.

ആന്റീബയോട്ടിക്കുകളുടെ ഉപയോഗത്തിനല്ല, രോഗപ്രതിരോധശക്തി വളർത്തി എടുക്കുന്നതിനാകണം ആതുരസേവനരംഗം ശ്രദ്ധ നൽകേണ്ടതെന്ന് അദ്ദേഹം ഇന്നലെ പ്രസംഗിക്കുകയുണ്ടായി. സമ്പൂർണ്ണ രോഗപ്രതിരോധശേഷിയുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് ആയുർവ്വേദരംഗം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുത്തു.

ഇതേ തത്വമാണ് ശുചീകരണരംഗത്തും നമ്മൾ അനുവർത്തിക്കേണ്ടത്. മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യമെന്ന് എന്തേ വി.ഐ.പി. കളാരും പറയാത്തത്? മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം നേരിടുന്ന വെല്ലുവിളിയെന്ന് എന്തേ അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുക്കാത്തത്? മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ഇല്ല. മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്! അതെല്ലാം വി.ഐ.പി. പറഞ്ഞാലേ നാട്ടുകാർ ശ്രദ്ധിക്കൂ. ഇല്ലെങ്കിൽ മാലിന്യമെല്ലാം റോട്ടിലെത്തും, തീർച്ച.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ ധൂർത്തടിക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചാൽ അതൊരു വാർത്തയേ അല്ല. അവന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണെന്നേ ജനം പറയൂ. മറിച്ച് റിമ കല്ലിങ്ങലോ അനൂപ് മേനോനോ അങ്ങനെ ചെയ്താൽ അതൊരു വാർത്തയാണ്!  ഇതാണ് സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ പറഞ്ഞു വന്നത് മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചല്ലേ? അതോ മാലിന്യ നിർമ്മാണത്തെക്കൂറിച്ചോ? അതോ മാലിന്യ നിയന്ത്രണത്തെക്കുറിച്ചോ? ഏതായാലും കാര്യം മനസ്സിലായല്ലോ?  മേൽപ്പറഞ്ഞ സാധാരണക്കാരനും പണക്കാരനും പോലെയാണ് മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരനും ഫയൽ നോക്കുന്ന ഓഫീസറും. ഓഫീസറുടെ പണി കുന്നുകൂടുന്നത് ആരും ഗൗനിക്കുന്നില്ല. ചവറു വാരുന്നവന്റെ പണി കുന്നുകൂടുന്നതേ അവർ കാണുന്നുള്ളൂ.   ഫയലുകൾ കുന്നുകൂടിക്കിടക്കുന്നത് മോദി(ജി) കാണുന്നേയില്ല. അല്ലെങ്കിൽ അദ്ദേഹം ആ ഫയലുകളൊക്കെ എടുത്ത് തീർപ്പ് കൽപ്പിക്കുമായിരുന്നില്ലേ? അതിനു പകരം അദ്ദേഹം കണ്ടത് കൂടിക്കിടക്കുന്ന മാലിന്യം മാത്രമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം അത് വാരിക്കളയാൻ ഏർപ്പാടുണ്ടാക്കിയത്. അതോ ജോലിക്കാരന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതാണ് ഓഫീസറുടെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിലും എളുപ്പം എന്നു തോന്നിയിട്ടോ? ആർക്കറിയാം, പാവം, ശുചീകരണ ജോലിക്കാർ!

ഏത് മാലിന്യമാണ് നമ്മളിപ്പോൾ കോരിമാറ്റേണ്ടത്? റോട്ടിലെ ഗൃഹമാലിന്യങ്ങളോ അതോ മരുന്നുനിർമ്മാണകമ്പനികളിലെ എലിവിഷങ്ങളോ? ഛത്തീസ്ഗഢിൽ സ്ത്രീകൾക്ക് കൊടുത്ത മരുന്നിൽ എലിവിഷമുണ്ടായിരുന്നെവെന്നത് അത്യന്തം ദു:ഖകരമാണ്. ചെറിയ കുടുംബം സ്വപ്നം കണ്ട പാവം കുറേ ചെറുപ്പക്കാരികൾക്കാണ് മരുന്നുനിർമ്മാണകമ്പനിയിലെ മാലിന്യം കാരണം ജീവൻ നഷ്ടപ്പെട്ടത്. അവരുടെ കുഞ്ഞുങ്ങൾക്കും ഭർത്താക്കന്മാർക്കും ഉണ്ടായ വിഷമങ്ങൾ ആരറിയുന്നു.പാവം.

മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യം എന്നും മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടും  മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടും  മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട് എന്നും ജനങ്ങൾ അതിനാണ് മുൻഗണന കൊടുക്കേണ്ടണ്ട് എന്നും അങ്ങനെയായാൽ മാലിന്യനിർമ്മാർജ്ജനം എളുപ്പമായിരിക്കുമെന്നും പറഞ്ഞുകൊണ്ടും എന്റെ ഈ കുത്തിത്തിരിപ്പുകൾ ഇവിടെ അവസാനിപ്പിക്കട്ടെ.

2014, നവംബർ 15, ശനിയാഴ്‌ച

ഗംഗാജല വിതരണം

അഞ്ചു വർഷം മുമ്പാണ് ഞാൻ നോയ്ഡയിലെത്തിയത്. 'ട്രിഡ' എന്ന ട്രിവാൻഡ്രം ഡവലപ്മെന്റ് അതോറിട്ടി പോലെയോ 'വുദ' എന്ന വിശാഖപട്ടണം അർബൻ ഡവലപ്മെന്റ് അതോറിട്ടി പോലെയോ ഉള്ള ഒരു ഡവലപ്മെന്റ് അതോറിട്ടിയാണ് 'നോയ്ഡ' എന്നറിയപ്പെടുന്ന ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി. നാട്ടിൻപുറത്ത് ജനിച്ചതുകൊണ്ടും നടന്ന് നല്ല ശീലമുള്ളതുകൊണ്ടും നോയ്ഡയിൽ എത്തിയ അന്നുമുതൽ തുടങ്ങിയതാണ് ഓഫീസിൽ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള എന്റെ നടത്തം. 
നടക്കുമ്പോൾ ആദ്യദിവസം തന്നെ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ വട്ടത്തിലുള്ള ചെറിയ ഒരു ഇരുമ്പ്ബോർഡ് വഴിയോരത്തായി എന്റെ കണ്ണിൽ പെട്ടു. അതാണ് ഞാൻ മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അപ്പോൾ ഞാനതത്ര ഗൗനിച്ചില്ല. വഴിയിൽ എവിടെയെല്ലാം എന്തെല്ലാം കാണുന്നൂ, അതൊക്കെ ഗൗനിക്കാൻ നിന്നാൽ പിന്നെ അതിനേ സമയം കാണൂ. ഞാൻ മുന്നോട്ട് നടന്നു. 

മുന്നോട്ട് നടക്കവേ രണ്ട് ഫർലോങ്ങ് കഴിയുമ്പോൾ അതേ ബോർഡ് വീണ്ടും കാണുകയുണ്ടായി. അപ്പഴും ഞാൻ അതങ്ങു വിട്ടു കളഞ്ഞു. പക്ഷേ ഞാൻ മുന്നോട്ട് പോകവേ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഈ ബോർഡുകൾ കൂടെക്കൂടെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും ഒരു കാര്യം എനിയ്ക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിന്റെ അടിയിലൂടേ ഒരു പൈപ്പ് ലൈൻ പോകുന്നുണ്ടെന്നും അതിന്റെ സ്ഥാനം കാണിക്കാനാണ് മണ്ണിന് പുറത്ത് ഈ ഇരുമ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നുമായിരുന്നു ഞാൻ മനസ്സിലാക്കിയ ആ കാര്യം. അപ്പോൾ എനിയ്ക്കുണ്ടായ അത്ഭുതം ചില്ലറയൊന്നുമല്ലായിരുന്നു. 

പൈപ്പ് ലൈൻ വഴി നോയ്ഡയിലെ ജനങ്ങൾക്ക് ഗംഗാജലം വിതരണം ചെയ്യുന്നു എന്നത് എന്റെ ചിന്തയ്ക്കും എത്രയോ അപ്പുറത്തായിരുന്നു. അതായിരുന്നു ഞാൻ അത്ഭുതപ്പെടാൻ കാരണം. ദക്ഷിണേന്ത്യക്കാർക്ക് അൽപ്പം ഗംഗാജലം കിട്ടാനുള്ള പെടാപ്പാട് ഞാനപ്പോൾ മനസ്സിലോർത്തു. ഗംഗാജലത്തിന്റെ മാഹാത്മ്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.  ഗംഗാജലത്തിന്റെ സ്പർശമേറ്റിട്ടുള്ളവൻ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെ പോലെയും ഗംഗാജലം ലഭിക്കാത്ത പ്രദേശങ്ങൾ ചന്ദ്രനില്ലാത്ത രാത്രി പോലെയും ആയിരിക്കുമെന്ന് ഞാൻ കേട്ടിരുന്നു. ദു:ഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യജലസ്പർശത്താൽ സന്തുഷ്ടരായിത്തീരുമെന്നും അപ്രകാരം ഗംഗാജലം സർവ്വപാപവിനാശത്തിനു ഹേതുവാണെന്നും ഞാനെവിടെയോ വായിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിയാവുന്ന ഞാൻ നോയ്ഡക്കാരുടെ സൗഭാഗ്യമോർത്ത് അസൂയപ്പെട്ടു. 

അപ്പോൾ ഞാൻ ചിന്തിച്ചത് ഒരു മതേതരരാജ്യത്ത് ഇങ്ങനെ ഹിന്ദുക്കൾക്ക് വേണ്ടി ഗംഗാജലം വിതരണം ചെയ്യുന്നതിന് പൊതുമുതൽ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ പ്രവണതയല്ലേ എന്നാണ്? മായാവതിയാണ് അപ്പോൾ ഉത്തർപ്രദേശ് ഭരിച്ചുകൊണ്ടിരുന്നത്. ഇത് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സോപ്പിട്ട് ചാക്കിലാക്കി വോട്ട് തട്ടാനുള്ള മായാവതിയുടെ വർഗ്ഗീയ അജണ്ടയായിരിക്കുമെന്ന് ഞാനപ്പോൾ തീർച്ചയാക്കി. പക്ഷേ ഈ കോൺഗ്രസ്സോ മുലായം സിങ്ങ് യാദവോ മാർക്സിസ്റ്റ് പാർട്ടിയോ മായാവതിയുടെ ഇത്തരം വർഗ്ഗീയ അജണ്ടകളെ എതിർക്കാത്തതെന്താണെന്ന എന്റെ തന്നെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താൻ അപ്പോളെനിക്കായില്ല.  ഒന്നുമില്ലെങ്കിലും ന്യൂനപക്ഷമല്ലാത്ത മതന്യൂനപക്ഷങ്ങളെങ്കിലും ഈ അനീതിക്കെതിരേ ശബ്ദമുയർത്തേണ്ടതായിരുന്നുവെന്ന് ഞാൻ ഓർത്തു. 

നോയ്ഡയിലെ ഈ ഗംഗാജലത്തിന്റെ സബ്സ്ക്രിപ്ഷൻ എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു പക്ഷേ എല്ലാ ഹിന്ദുക്കളും ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ എടുക്കുന്നതു പോലെ താല്പര്യമുള്ളവർ മാത്രമേ ഈ ഗംഗാജലത്തിന്  കണക്ഷനെടുത്തിട്ടുണ്ടാകൂ എന്നും ഞാൻ ചിന്തിച്ചു. ഹിന്ദുക്കളിലും ഉണ്ടല്ലോ വിശ്വാസികളല്ലാത്തവർ. ഹിന്ദുക്കളിലും ഉണ്ടല്ലോ ഗംഗാജലത്തെ തള്ളിപ്പറയുന്നവർ.  എന്തായാലും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലിരുന്ന് ഗംഗാജലത്തിൽ കുളിക്കാനുള്ള നോയ്ഡക്കാരുടെ സൗഭാഗ്യമോർത്തപ്പോൾ എനിക്കവരോട് കണക്കില്ലാത്ത അസൂയ തോന്നി. ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഗംഗാജലത്തിൽ കുളിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടാകാം ഈ നോയ്ഡക്കാരെല്ലാം വലിയ സുഖത്തോടേയും സൗകര്യത്തോടേയും ധനധാന്യസമൃദ്ധിയോടേയും ജീവിക്കുന്നത് എന്ന് ഞാൻ വിശ്വസിച്ചു. 


3000 കിലോമീറ്റർ യാത്ര ചെയ്തു വന്നാലല്ലേ ദക്ഷിണേന്ത്യക്കാർക്ക് ഒരു തുള്ളി ഗംഗാജലം കിട്ടൂ എന്ന് ഞാനപ്പോൾ ദു:ഖത്തോടെ ഓർത്തു.  നോയ്ഡയിലേക്ക് കുടുംബസമേതം സ്ഥിരമായി താമസം മാറ്റുകയാണെങ്കിൽ ഗംഗാജലത്തിൽ കുളിച്ച് മോക്ഷം പ്രാപിക്കാമല്ലോ എന്ന് ഞാൻ ആഗ്രഹിച്ചു.   എന്നാൽ  ഈ പൈപ്പ് ലൈനുകൾ കേരളത്തിലേക്ക് നീട്ടാൻ ഒരു 'ഭഗീരഥൻ' ജന്മമെടുത്തിരുന്നുവെങ്കിൽ നമ്മൾ എല്ലാ കേരളീയർക്കും ഗംഗാജലത്തിൽ കുളിച്ച് മരിക്കാമായിരുന്നു എന്ന് ഞാനപ്പോൾ പകൽക്കിനാവ് കണ്ടു. ഗംഗാജലത്തിൽ കുളിച്ച് മരിക്കാനാകാത്തതുകൊണ്ടാണോ ഈശ്വരാ ഈ മലയാളികളിങ്ങനെ മദ്യത്തിൽ കുളിച്ച് നടക്കുന്നത് എന്നും ഞാൻ സംശയിച്ചു.



നോയ്ഡയിലുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇനി ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്യുന്നുണ്ടാകുമോ എന്നറിയാൻ എനിയ്ക്ക് കൗതുകം തോന്നി.  ഇനി ഒരു പക്ഷേ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ ഗംഗാജലത്തിൽ കുളിച്ച് ഇപ്പോൾ ഹിന്ദുക്കളായി മാറിയിട്ടുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. ഇനി ഒരു പക്ഷേ ഗംഗാജലം ഹറാമാണെന്ന് പറഞ്ഞ് അവരൊക്കെ നോയ്ഡയിൽ നിന്ന് പണ്ടേ സ്ഥലം കാലിയാക്കിയിട്ടുണ്ടാകുമെന്നും ഞാൻ കരുതി. പക്ഷേ അതൊക്കെ എങ്ങനെ അറിയാനാണ്? ഇനി ഓഫീസിൽ ആരോടെങ്കിലും ഇമ്മാതിരി കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ ഒരു പക്ഷേ ഞാനൊരു വർഗ്ഗീയവാദിയാണെന്ന് കരുതാനും മതി. അതുകൊണ്ട് ആരോടും ഒരും സംശയവും ചോദിക്കാതെ എന്റെ ആകാംക്ഷകളെല്ലാം ഉള്ളിലൊതുക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കി.


എല്ലാ ദിവസവും കുളിക്കാൻ കുറച്ച് ഗംഗാജലം കിട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ ഗംഗാജലവിതരണലൈനിൽ എവിടെയെങ്കിലും ഒരു വാട്ടർ ടാപ്പ് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു കുളി പാസാക്കാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഗംഗാജലത്തിൽ കുളിച്ച് ഞാനും ഈ നോയ്ഡക്കാരെപ്പോലെ സമ്പന്നനും സർവ്വപ്രതാപിയും ഒക്കെ ആകുന്ന കാര്യം ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഒരു ദിവസം ഞാൻ രണ്ടു കിലോമീറ്ററോളം ഈ ഗംഗാജലവിതരണലൈനിന്റെ കൂടെ നടന്നു നോക്കിയെങ്കിലും എനിയ്ക്ക് എവിടെയും ഒരു വാട്ടർ ടാപ് കാണാനായില്ല. പവിത്രമായ ഈ ഗംഗാജലം അങ്ങനെ വാട്ടർ ടാപ്പിലൂടെ ഒഴുക്കിക്കളയാനുള്ളതാണോ? വല്ല കാക്കയോ പട്ടിയോ ആ വാട്ടർ ടാപ് അശുദ്ധമാക്കിയാലോ? മാത്രമല്ല, ഇനി വല്ല അഹിന്ദുവും അതിൽ കുളിച്ച് അശുദ്ധമാക്കിയാൽ പിന്നെ ഈ പുണ്യജലം വിതരണം ചെയ്തിട്ട് കാര്യവുമുണ്ടോ? 

ഈ ഗംഗാജലം വിതരണം ചെയ്യുന്നതാരാണാവോ? വല്ല ഹിന്ദുസംഘടനകളും ആകാം അത് നടത്തുന്നത്. അല്ലാതെ ആരാ ഇപ്പൊ ഗംഗാജലം വിതരണം ചെയ്യാൻ മെനക്കെടുക? അവർ ഗംഗാജലം വിതരണം ചെയ്യാനുള്ള ഒരു ചില്ലറ വില്പന കേന്ദ്രം തുടങ്ങിയിരുന്നെങ്കിൽ, പണം കൊടുത്തെങ്കിലും ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കാമായിരുന്നൂ എന്ന് ഞാൻ മോഹിച്ചു. എന്റെ മോഹങ്ങളെ വെറുതെയാവാൻ ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടാണ് ഒരു ദിവസം ഓഫീസിൽ നിന്ന് ലീവെടുത്ത്, കാലത്ത് തന്നെ ഒരു പ്ലാസ്റ്റിക്ബക്കറ്റുമെടുത്ത് ഞാൻ യാത്ര പുറപ്പെട്ടത്. നോയ്ഡയിൽ ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു വിതരണക്കാരും അവർക്കൊരു ഓഫീസും അവിടെ കുറേ ഗംഗാജലവും ഉണ്ടാകുമെന്ന സുചിന്തിതമായ എന്റെ അറിവായിരുന്നൂ ആ യാത്രയുടെ പുറകിൽ. രാവിലെ കുളിച്ച പാടേ നെറ്റിയിൽ കുറേ ഭസ്മം ഞാൻ വാരിപ്പൂശിയിരുന്നു. എന്നെ കണ്ടാൽ ഒരു ഹിന്ദുവാണെന്ന് തോന്നണമല്ലോ. അല്ലെങ്കിൽ ഗംഗാജലം കിട്ടാതെ പോയാലോ? 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഇരുമ്പുബോർഡുകളെ ഒന്നൊന്നായി പിന്തള്ളി ഞാൻ മുന്നോട്ട് നടന്നു. ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കിയിട്ടേ തിരിച്ച് വീട്ടിലേക്കുള്ളൂ എന്ന എന്റെ തീരുമാനം എന്നെ മുന്നോട്ട് നയിച്ചു. ഞാൻ പിന്നിട്ട "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്ന അല്പം ചില ബോർഡുകളുടെ ചിത്രങ്ങളാണ് ഞാൻ മേലേ കൊടുത്തിട്ടുള്ളത്. നടന്നു നടന്ന് ഞാൻ എത്തിയത് ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ മുന്നിലായിരുന്നു.


അടഞ്ഞു കിടന്ന അതിന്റെ ഗെയ്റ്റിൽ "ഭൂമിഗത് ജലാശയ് (ഗംഗാജൽ) സെക്റ്റർ - 62, നോയ്ഡ എന്ന വലിയ ബോർഡും ഉണ്ടായിരുന്നു. ഇവിടെയാണ് ഗംഗാജലം ശേഖരിച്ച് വച്ചിട്ടുള്ള ഭൂഗർഭ റിസർവോയർ എന്ന് എനിയ്ക്ക് അപ്പോൾ മനസ്സിലായി. ബക്കറ്റും പിടിച്ച് ഗേറ്റിനു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടിട്ടാകണം, ഒരാൾ പുറത്തേക്കിറങ്ങി വന്നു.

ഞാനൊരു അടിയുറച്ച ഹിന്ദുവാണെന്നും പരമശിവന്റെ വലിയ ഭക്തനാണെന്നും കൈലാസം വരെ നടന്നു പോയിട്ടുണ്ടെന്നും മാനസസരോവരത്തിൽ നാലു ദിവസം തുടർച്ചയായി മുങ്ങിക്കുളിച്ചിട്ടുണ്ടെന്നും പക്ഷേ കയ്യിലിരിപ്പ് മോശമായതിനാൽ ഇപ്പോഴും പാപഭാരങ്ങളുടെ ഒരു ചുമടുമായാണ് നടക്കുന്നതെന്നും മരിച്ചുപോകുമ്പോൾ സ്വർഗ്ഗത്തിൽ പോകാനാണ് ആഗ്രഹമെന്നും ഇതുവരെ ഗംഗാജലത്തിൽ കുളിക്കാൻ ഭാഗ്യം കിട്ടാത്ത ഞാൻ കേരളത്തിൽ നിന്നാണെന്നും ഒരു ബക്കറ്റു് ഗംഗാജലം കിട്ടിയാൽ മോക്ഷപ്രാപ്തിക്കായി ഒരു കുളി പാസാക്കാമായിരുന്നുവെന്നും  ന്യായമായ നിരക്കിൽ ഗംഗാജലത്തിന് പണം തരാമെന്നുമൊക്കെ ഞാൻ അയാളോട് എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.  ഇത്രയും നടന്നിട്ട് ഒരു ബക്കറ്റ് ഗംഗാജലം കിട്ടാതെ പോകരുതല്ലോ!

ബക്കറ്റും പിടിച്ച് നിൽക്കുന്ന എന്റെ ഇംഗിതം മനസ്സിലാക്കിയ അയാൾ പറഞ്ഞു. "സഹോദരാ,  നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ; ഇത് കേരളത്തിലെ വാട്ടർ അതോറിട്ടി പോലെ ഇവിടുത്തെ വാട്ടർ അതോറിട്ടിയാണ്. നിങ്ങൾ കണ്ടത് വീടുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന കുഴലുകളും.  നോയ്ഡയിൽ ജാതിമതഭേദമെന്യേ ആളുകൾ കുടിക്കുന്നതും കുളിക്കുന്നതും ഈ വെള്ളമാണ്. ഹൃഷികേശിൽ നിന്ന് എത്തിക്കുന്നതുകൊണ്ടാണ് ഇതിന് ഗംഗാജലം എന്ന് പറയുന്നത്."

വിഡ്ഡിയായ ഞാൻ പിന്നെ അവിടെ നിന്നില്ല. കാലിയായ ബക്കറ്റുമായി ഞാൻ  വേഗം തിരിച്ചു നടന്നു. വീട്ടിൽ കിട്ടുന്ന വെള്ളം വാങ്ങാൻ വാട്ടർ അതോറിട്ടി വരെ നടന്നവനെ ആരും കാണരുതല്ലോ? അതുകൊണ്ട്  ഞാൻ വേഗം ബക്കറ്റെടുത്ത് തലയിൽ കമഴ്ത്തി. 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നതിനു പകരം "നോയ്ഡ ജൽ വിതരൺ ലൈൻ" എന്നോ "നോയ്ഡ പാനി വിതരൺ ലൈൻ" എന്നോ  എഴുതിയിരുന്നെങ്കിൽ  ഞാനിങ്ങനെയൊരവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നല്ല്ലോ എന്ന് ഞാനപ്പോൾ ഓർത്തു.

2014, നവംബർ 14, വെള്ളിയാഴ്‌ച

പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ

നാട്ടിൽ നടക്കുന്ന ശുചിത്വഭാരതം പരിപാടിയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.  നേതാക്കന്മാരൊക്കെ ചപ്പുചവറുകൾ വാരുന്നതേ മാദ്ധ്യമങ്ങളിൽ കണ്ടുള്ളൂ. ആരും കക്കൂസുകളോ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ട്രാക്കുകളോ വൃത്തിയാക്കുന്നത് കണ്ടില്ല. അത് കുറച്ച് കടുപ്പമായിരിക്കും.

ശുചിത്വഭാരതം പരിപാടിക്ക് മുമ്പ് തന്നെ തുടങ്ങിയതാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കക്കൂസുകൾക്ക് വേണ്ടിയുള്ള സ്ത്രീകളുടെ മുറവിളികൾ. ഉത്തർപ്രദേശിൽ ഈയിടെ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത്, കൊന്ന്, മരത്തിൽ കെട്ടിത്തൂക്കിയത് അവർ പൊതുസ്ഥലത്ത് ഒന്നിനോ രണ്ടിനോ പോയപ്പോഴായിരുന്നു. മലമൂത്രവിസർജ്ജനത്തിന് സൗകര്യമില്ല എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ വധു വരന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ഇപ്പോൾ അവിടെ അത്ഭുതമല്ല. കക്കൂസ് നിർമ്മിക്കാനായി ഈയിടെ ഒരു മഹാരാഷ്‌ട്രക്കാരി തന്റെ താലി വിറ്റെന്നും വനിതാമന്ത്രി ചെന്ന് പുതിയ താലി പണിയിച്ചു കൊടുത്ത് എന്നും മറ്റും ഞാനീയിടെ പത്രത്തിൽ വായിച്ചു. സ്കൂളുകളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലേ അംഗീകാരം കൊടുക്കൂ എന്നോ മറ്റോ ആണ് കേരളമന്ത്രിമാർ ഇപ്പോൾ പറയുന്നതത്രെ.

ഈ വാർത്തകളൊക്കെ ആയിരിക്കാം പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിൽ വളർത്തിയത്. അപ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വന്നത് തിരുവനന്തപുരത്തും (തമ്പാനൂർ) കൊല്ലത്തും ഉള്ള കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ പബ്ലിക് കംഫർട്ട് സ്റ്റേഷനുകളായിരുന്നു. ഞാൻ പറയുന്നത് 8-10 കൊല്ലം മുമ്പുള്ള കാര്യമാണു കെട്ടോ? ഇപ്പോഴതൊക്കെ അവിടെ ഉണ്ടോ ആവോ?  അന്നൊന്നും ഇപ്പോൾ സുലഭമായ 'സുലഭ് ടോയ്‌ലെറ്റ്' ഇല്ലായിരുന്നു. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്കുള്ള ബസ് യാത്രയിൽ ഈ രണ്ട് പബ്ലിക് കംഫർട്ട് സ്റ്റേഷനുകളിലും ഞാൻ ഓരോ തവണ കയറിയിട്ടുണ്ട്. ഒരു തവണ മാത്രം! അതു തന്നെ എന്റെ മൂക്കിന്റെ ഘ്രാണശക്തി കുറവായിരുന്നതു മൂലം. പിന്നീടൊരിക്കലും അവിടെ കയറിയിട്ടില്ല.

"ശൗചാലയം" എന്നായിരുന്നൂ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾക്ക് മലയാളത്തിൽ പറഞ്ഞിരുന്നത്. പക്ഷേ എവിടേയും അവയുടെ സ്ഥിതി വളരെ ശോചനീയമാണല്ലോ?. അതുകൊണ്ടായിരിക്കാം ഇപ്പോഴവയെ "ശോചനാലയം" എന്നു വിളിക്കുന്നത്. വിദ്യാ ബാലന്റെ പരസ്യത്തിൽ "ശോചനാലയം" എന്നാണ് കക്കൂസിന് പറയുന്നത്.  ഈ ഭോജനാലയത്തിൽ പോകുന്നവർക്കെല്ലാം പോകേണ്ടതുകൊണ്ടാണോ ആവോ ഇപ്പോഴിതിന് ശോചനാലയം എന്നു പറയ്ന്നത്? പറയുമ്പോൾ ഒരു പ്രാസമൊക്കെ വേണ്ടേ? അതായിരിക്കും.

ഞാൻ പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചും ആ സ്റ്റേഷനിൽ ആദ്യമായി കയറിയ വ്യക്തിയെക്കുറിച്ചും ചിന്തിച്ചു. 'പബ്ലിക്' എന്നാൽ പരസ്യമായ, രഹസ്യമല്ലാത്ത എന്നൊക്കെയാണർത്ഥം. കംഫർട്ട് എന്നാൽ ആശ്വാസം, സുഖം എന്നൊക്കെയും... അപ്പോൾ "പരസ്യമായി ഒന്നാശ്വസിച്ചു കളയാം" എന്ന് ആദ്യമായി അവിടെ കയറിയ വ്യക്തി കരുതിയിരിക്കണം. അതല്ലെങ്കിൽ 'പബ്ലിക്' എന്നെഴുതിയ അത്തരം സ്ഥലത്ത് ആര് പോകും? പക്ഷേ, ആ പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ മൂത്രപ്പുരയും കക്കൂസ്പുരയും വളരെ വൃത്തിയായി കിടന്നതു കാരണം അയാൾക്ക് നിരാശയായിരുന്നിരിക്കണം ഫലം. ആകെ അടുച്ചുറപ്പാക്കിയ ആ മുറികളിൽ പരസ്യമായ ആശ്വാസം എങ്ങനെ സാധിക്കും? അയാൾ രഹസ്യമായി അവിടെ ഇരുന്നോ നിന്നോ കാര്യങ്ങൾ സാധിച്ചിരിക്കണം. അങ്ങനെ കാര്യങ്ങൾ സാധിക്കുമ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ? അപ്പോൾ അയാൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" അല്ലേ എന്ന് തീർച്ചയായും സംശയിച്ചിരിക്കണം. സ്റ്റേഷനിൽ കാര്യങ്ങൾ രഹസ്യമായി ചെയ്യുമ്പോൾ അതിനെ എങ്ങനെ 'പരസ്യാശ്വാസകേന്ദ്രം' എന്നു വിളിക്കും? അവിടെ ഇരുന്നപ്പോൾ അയാൾ ഇനി അവിടെ വരാനുള്ള ആളുകളെ കുറിച്ച് ചിന്തിച്ചിരിക്കണം.

"ഇനി ഇവിടെ കയറുന്നവർക്ക് പരസ്യമായി കംഫർട്ട് കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം?" ഉയർന്ന പൗരബോധമുള്ള അയാൾ അവിടെ ഇരുന്ന് ഗാഢമായി ചിന്തിച്ചു.  ഇപ്പോൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണ്. ഇതിനെ ഒരു "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആക്കിയാലേ അത് സാധിക്കൂ എന്നയാൾക്ക് മനസ്സിലായി. "ചിന്തിക്കൂ, ഉത്തരം കിട്ടും" എന്നല്ലേ ആപ്തവാക്യം. അയാൾക്ക് ഉത്തരം കിട്ടുക തന്നെ ചെയ്തു.  അയാൾ വേഗം എഴുന്നേറ്റ് പുറത്ത് കടന്നു. വെള്ളമൊഴിക്കാനോ ആ സ്ഥലം വൃത്തിയാക്കാനോ അയാൾ മെനക്കെട്ടില്ല. വെള്ളമൊഴിച്ചു വൃത്തിയാക്കിയാൽ രണ്ടാമതായി വരുന്ന ആൾക്കും തന്നെപ്പോലെ രഹസ്യമായി കാര്യം സാധിക്കേണ്ടിവരുമല്ലോ എന്നയാൾ സങ്കടപ്പെട്ടു.

അധികനേരം കഴിഞ്ഞില്ല; പബ്ലിക് കംഫർട്ട് സ്റ്റേഷൻ എന്നു പേരുള്ള ആ പുതുപുത്തൻ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ നാറാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമതു വന്ന ആൾ അതിന്റെ വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് മൂത്രമൊഴിച്ച് തിരിച്ചു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആ പുതിയ കെട്ടിടമാകെ മലമൂത്രങ്ങളുടെ നാറ്റം തുടങ്ങി. അവിടന്നങ്ങോട്ട് വരുന്നവരെല്ലാം ആ കെട്ടിടത്തിന്റെ പുറത്ത് കാര്യങ്ങൾ പബ്ലിക് ആയി സാധിച്ച് സാധിച്ച് തിരിച്ച് പോയി. പിന്നീടതൊരു പതിവായി. ഇങ്ങനെയാണ് കെ.എസ്.ആർ.ടി.സി.യിലും നാടിന്റെ മറ്റു ഭാഗങ്ങളിലും "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" നിലവിൽ വന്നത്. "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" എന്ന ഈ ആശയം സാർവ്വത്രികമായതുകൊണ്ടാകാം ഇന്ത്യയിലെ റെയിൽവേ ട്രാക്കുകളിലും ഉത്തരേന്ത്യൻ നഗരങ്ങളിലും ചേരി പ്രദേശങ്ങളിലും എല്ലാം ആളുകൾ ഇപ്പോൾ വളരെ 'പബ്ലിക്' ആയിട്ടാണ് അവരുടെ കാര്യങ്ങൾ സാധിക്കുന്നത്.  അങ്ങനെയുള്ള ഒരു പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് ഞാൻ താഴെ  ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.


ഇപ്പോൾ എനിക്കൊരു സംശയമേ ഉള്ളൂ; നമ്മുടെ ആളുകൾക്ക് വേണ്ടത് "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആണോ അതോ  "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണോ എന്ന്!

"പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. അപ്പോൾ ചുംബനം, ആലിംഗനം എന്നിങ്ങനെയുള്ള നമ്മുടെ പുതിയ അവകാശങ്ങൾക്കും ഈ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കാമല്ലോ. 

2014, നവംബർ 12, ബുധനാഴ്‌ച

മലബാർ സിംഹം

പ്രിയപ്പെട്ട സഖാവേ,

താങ്കളുടെ മരണം മുതൽ ശവസംസ്കാരം വരെയുള്ള എല്ലാ രംഗങ്ങളും ഞാൻ 'റിപ്പോർട്ടർ' ചാനലിലൂടെ കണ്ടു. ചാനൽ മകന്റേതാണെങ്കിലും അവരുടെ ആ പ്രക്ഷേപണത്തിലൂടെ താങ്കളർഹിക്കുന്ന ആദരവും സ്നേഹവും അവർ പ്രകടമാക്കി. 

"നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നൂ രാഘവേട്ടൻ ജീവിച്ചിരുന്നത് എങ്കിൽ ഇന്നദ്ദേഹം ഏതെങ്കിലുമൊരു തെയ്യമായി കെട്ടിയാടപ്പെട്ടേനേ" എന്നാണ് ഇന്നലെ മരിച്ച താങ്കളുടെ നാട്ടുകാരി പി. വി. ഭാരതീദേവി പറഞ്ഞു വച്ചത്. എന്നെ മാത്രമല്ല എല്ലാ മലയാളികളേയും ആ പ്രയോഗം ആഴത്തിൽ സ്പർശിച്ചുകാണും. ആരും മനസ്സിലാക്കാതെ പോയ അങ്ങയുടെ മഹത്വമാണ് അവർ വെളിവാക്കിയത്. ഒന്നുമില്ലെങ്കിലും എ.കെ.ജിയുടെ സഹചാരിയായിരുന്നുവല്ലോ താങ്കൾ. 

എ.കെ.ജി. ആസ്പത്രി, പരിയാരം മെഡിക്കൽ കോളേജ്, പറശ്ശിനിക്കടവ് ആയുർവ്വേദ ആസ്പത്രി, സ്നെയ്ക്ക് പാർക്ക്, വിഷചികിത്സാകേന്ദ്രം, കണ്ണൂർ തുറമുഖം, വിഴിഞ്ഞം പ്രോജക്റ്റ്....... എല്ലാം മലയാളികൾക്ക് വേണ്ടിയുള്ള അങ്ങയുടെ സംഭാവനകളാണ്.


കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല നിയോജകമണ്ഡലങ്ങളിൽ നിന്നും അങ്ങ് കേരള നിയമസഭയിലെത്തി.

"ആന ചെരിഞ്ഞാലും പന്തീരായിരം" എന്നു കേട്ടിട്ടില്ലേ? അതുപോലെയായൊരുന്നൂ മരിച്ചപ്പോൾ താങ്കളുടെ അവസ്ഥ. യു. ഡി. എഫ്. കാർക്കുമാത്രമല്ല മാർക്സിസ്റ്റ്കാർക്കും താങ്കൾ ഇപ്പോൾ പ്രിയങ്കരനായിരിക്കുന്നു. (കഷ്ടം.) 

ഞാനതൊന്നുമല്ല ഇപ്പോൾ ഓർക്കുന്നത്. കഴിഞ്ഞ 30 കൊല്ലമായി താങ്കളെ സ്വൈരമായി വിഹരിക്കാൻ മാർക്സിസ്റ്റുകാർ വിട്ടിട്ടില്ല. അവരോട് പട വെട്ടിയായിരുന്നുവല്ലോ 1986 മുതലുള്ള താങ്കളുടെ ജീവിതം. അതൊന്നുമില്ലായിരുന്നെങ്കിൽ താങ്കളുടെ പ്രതിഭയിൽ നിന്ന് മെഡിക്കൽ കോളേജുകളും തുറമുഖങ്ങളും മാത്രമല്ല പ്രധാനപ്പെട്ട മറ്റു പലതും മലയാളിക്ക് ലഭിക്കുമായിരുന്നു. ഇല്ലേ?

അങ്ങേക്ക് എന്റെ ശോകപൂർവ്വമായ ആദരാഞ്ജലികൾ.

2014, നവംബർ 11, ചൊവ്വാഴ്ച

ബാലവേല

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബാലവേല  ഒരു സാമുഹ്യ തിന്മയാണെന്നാണ് ഇതിന് കാരണമായി പറയുന്നതത്രെ. കുട്ടികളെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും എന്നാണ് ഇവരുടെയൊക്കെ കണ്ടുപിടുത്തം. കാരണങ്ങളൊന്നുമില്ലാതെ വെറുതെ എന്തെങ്കിലും ആചരിക്കാൻ പറ്റുമോ? ഇല്ല. അപ്പോൾ അതിനുള്ള കസർത്തുകളാണോ ഈ കണ്ടുപിടുത്തം?

സത്യത്തിൽ കുട്ടികൾ കമ്പ്യൂട്ടറുകൾ പോലെയാണ്. മടി കൂടാതെ, വിശ്രമമില്ലാതെ, പരാതി പറയാതെ, ഉറങ്ങുക പോലും ചെയ്യാതെ അവർ കൊടുത്ത പണി ചെയ്തുകൊള്ളും. അതല്ലേ കമ്പ്യൂട്ടറും ചെയ്യുന്നത്? ജോലികൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്.  എന്നാൽ കമ്പ്യൂട്ടർ പ്രവർത്തിക്കണമെങ്കിൽ കരന്റ് വേണം, പവർ ബേക്കപ്പ് വേണം, വെളിച്ചം വേണം, ചിലപ്പോൾ റോബോട്ട് ഘടിപ്പിക്കണം എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ കുട്ടികളോടാണ് പണി പറയുന്നതെങ്കിൽ ഇതൊന്നും വേണ്ട. മാത്രമല്ല കമ്പ്യൂട്ടർ ചിലപ്പോൾ ഉറങ്ങുന്ന അവസ്ഥ (Sleep Mode) യിലായെന്നും വരും.  അങ്ങനെ നോക്കുമ്പോൾ പണിയെടുക്കുന്നതിൽ കമ്പ്യൂട്ടറുകളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതു് കുട്ടികൾ തന്നെയാണ്. അതുകൊണ്ടാണ് മലപ്പുറത്തെ അടക്കാക്കളത്തിലെല്ലാം ഇപ്പോഴും കുട്ടികളെത്തന്നെ ജോലിക്കെടുക്കുന്നത്.

പൊതുമേഖലയുടെ കാര്യമാണ് കഷ്ടം. ഗവണ്മെന്റിന്റെ ഒരൊറ്റ ഓഫീസിലും കുട്ടികളെ ജോലിക്കെടുക്കില്ല. ഒന്നുമില്ലെങ്കിലും ഓഫീസ് അടിച്ചു വാരാനെങ്കിലും അവരെ നിയോഗിക്കാമായിരുന്നു. അപ്പോൾ ഓഫീസും പരിസരങ്ങളും മാലിന്യമില്ലാതെ വൃത്തിയായിക്കിടക്കുമായിരുന്നു.  കമ്പ്യൂട്ടർ ജോലിയൊക്കെ ചെയ്യാൻ മുതിർന്നവരേക്കാൾ എത്രയോ മെച്ചം അവരാണ്.  പക്ഷേ ഈ കുട്ടികളെയൊന്നും ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല. ഗവണ്മെന്റിലാകുമ്പോൾ വിശ്വാസമില്ലാത്തവരേയുംമേലുദ്യോഗസ്ഥന്മാരോട് കൂറില്ലാത്തവരേയും ജോലിക്കെടുക്കാവതല്ലല്ലോ? ഓഫീസർമാർക്ക് ചായ കൊണ്ടു പോയിക്കൊടുക്കുക, ഫയലുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നിങ്ങനെയുള്ള ചെറിയ ജോലികളെങ്കിലും ചെറിയവരായ ഈ കുട്ടികളെ ഏൽപ്പിക്കാമായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞില്ലേ, അവരെ ഒട്ടും നമ്പിക്കൂട.

കേട്ടിട്ടില്ലേ, രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കുട്ടിയായിരുന്നു എന്ന കഥ. ഇതിൽ പരം ദേശദ്രോഹം വേറേ ഉണ്ടോ? വലിയവരാരെങ്കിലും അങ്ങനെ, ഉള്ളത് ഉള്ളതു പോലെ പറയുമോ? ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്ന നമ്മൾ പിന്നെ എങ്ങനെ ഈ കുട്ടികളെ വിശ്വസിച്ച് ഒരു പണി ഏൽപ്പിക്കും? താൻ ചായ കൊണ്ടു വരുന്ന സമയത്തും ഫയൽ കൊണ്ടു പോകുന്ന സമയത്തും സീറ്റിലിരുന്ന് ഓഫീസർ കൂർക്കം വലിച്ചുറങ്ങുകയാണെന്ന് ഏതെങ്കിലും കുട്ടിജോലിക്കാരൻ പത്രക്കാരോടെങ്ങാൻ വിളിച്ചു പറഞ്ഞാൽ ഈ വലിയ ആഫീസർമാരുടെ പണി പോകില്ലേ? അപ്പോൾ നല്ലതെന്താ? ബാലവേല നിരോധിക്കുകതന്നെ. കുട്ടികൾ പട്ടിണി കിടന്നാൽ നമുക്കെന്ത് ചേതം?  ബാലവേലാനിരോധനം നീണാൾ വാഴട്ടെ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
രാജാവ് നഗ്നനാണെന്ന് ആ കുട്ടി വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ നൂറ്റാണ്ടുകളെത്ര കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു ചരിത്രകാരനും (കഥാകൃത്തും) ആ കുട്ടിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ച് രേഖപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. കുഞ്ഞിക്കൂനനെ വരെ മന്ത്രിയാക്കിയ പരമ്പര്യമുള്ള നാടാണ്  ഇത്. പക്ഷേ രാജാവ് നഗ്നനാണെന്ന് പറഞ്ഞ ആ കുട്ടിക്ക് മന്ത്രിസ്ഥാനം പോയിട്ട് ഒരു 'പട്ടും വളയും' വരെ കൊടുത്തതായി ഞാനെങ്ങും വായിച്ചിട്ടില്ല. എന്തിന് പട്ടും വളയും?  വിശപ്പ് മാറ്റാൻ ഒരു 'പിട്ടും കടലയും' പോലും വാങ്ങി കൊടുത്തിട്ടുണ്ടാകുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.

ഇനി, അഥവാ, കുട്ടി ചെയ്തത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ് അവനെ തട്ടിയിരിക്കുമോ? എന്നാൽ അതും നമ്മൾ വല്ലയിടത്തും വായിക്കേണ്ടതല്ലേ? ഭീമൻ ദുര്യോധനനെ കൊന്നതും അർജുനൻ കർണനെകൊന്നതും ബ്രിട്ടീഷുകാർ ഭഗത്സിംഗിനെ കൊന്നതും ഒക്കെ രേഖപ്പെടുത്തിയ നമ്മുടെ പൂർവ്വീകർ പിന്നെന്തേ ഈ കുട്ടിയെ കൊന്ന കാര്യം രേഖപ്പെടുത്താത്തത്? ആർക്കറിയാം? ഒന്നുമില്ലെങ്കിൽ കൊട്ടരത്തിൽ ശങ്കുണ്ണിക്കെങ്കിലും അതൊന്നെഴുതി വയ്ക്കാമായിരുന്നു. അതല്ലെങ്കിൽ 'വൈശാലി' പോലെയോ 'രണ്ടാമൂഴം' പോലെയോ എംടിക്കും അതൊന്ന് ശ്രമിച്ചു നോക്കാമായിരുന്നു. എനിക്കിപ്പോൾ തോന്നുന്നത് കുട്ടികളോടുള്ള അവഗണനയുടെ ഒരു ആഗോളഗൂഡാലോചനയുടെ ഫലമല്ലേ ഈ ചരിത്രനിരാസം എന്നാണ്. 'ബാർകോഴ'യിൽ വരെ ആഗോളഗൂഡാലോചന ഉണ്ടെന്നല്ലേ വി.എം. സുധീരൻ പറയുന്നത്?  ഇനി ഞാനായിട്ട് ചരിത്രം ചികഞ്ഞുനോക്കിയാലേ ഇതിനൊക്കെ ഒരു കൃത്യമായ അറിവ് പുറത്ത് വരൂ എന്നാണിപ്പോഴെന്റെ തോന്നൽ.

*       *       *       *   *       *       *       *       *       *       *       *     *       *       *       *
കുട്ടികളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മയിൽ വന്നത്.  അതിങ്ങനെ.

നോബൽ സമ്മാനം കിട്ടിയപ്പോൾ ശ്രീമാൻ കൈലാസ് സത്യാർത്ഥി ഡൽഹിയിൽ വരികയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുകയും ചെയ്ത കൂട്ടത്തിൽ സോണിയാജിയേയും കണ്ടുവത്രെ. അതേതായാലും നന്നായി. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ കാണുന്നതും ചർച്ച ചെയ്യുന്നതും നല്ലതാണ്. സത്യാർത്ഥി 'ബച്പൻ ബചാവോ ആന്ദോളൻ' രംഗത്താണല്ലോ പ്രവർത്തിക്കുന്നത്. സോണിയാജി 'ബച്ചാ ബചാവോ ആന്ദോളൻ' രംഗത്തും.

2014, നവംബർ 10, തിങ്കളാഴ്‌ച

കരിങ്കണ്ണാ, നോക്ക്

വയസ്സാകുകയല്ലേ, സ്വന്തമായൊരു വീടുണ്ടായിരുന്നെങ്കിൽ കിടന്നു ചാവാൻ ഒരു സൗകര്യവും ചാവുമ്പോൾ ഒരു സമാധാനവും ഉണ്ടാകുമായിരുന്നു എന്ന വെളിപാടാണ് ഒരു വീടുണ്ടാക്കമെന്ന  എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് നാട്ടിൽ ഭാര്യക്ക് പൈതൃകമായി കിട്ടിയ സ്ഥലത്ത് വീടിന്റെ പണി തുടങ്ങിയത്. അതിൽ പിന്നെ ഭാര്യ നാട്ടിലാണ്. ഞാൻ പതിവുപോലെ നഗരത്തിലും. പണി നടക്കണമെങ്കിൽ ആരെങ്കിലും മേൽനോട്ടം വഹിക്കണ്ടേ? ഞാൻ ലീവെടുത്ത് നാട്ടിൽ പോയി നിൽക്കാമെന്നാണെങ്കിൽ എത്രകാലമാ നിൽക്കുക? അപ്പോഴേയ്ക്കും കഞ്ഞിയിൽ പാറ്റ വീണേക്കും. അതുകൊണ്ട് 'ഞാൻ പോയി നിന്നോളാം' എന്ന് ഭാര്യ തന്നെയാണ് എന്നോട് പറഞ്ഞത്.

കോഴിയ്ക്ക് മുല വരുന്നത് പോലെയാണ് പണിയുടെ പുരോഗതി.  എന്നും രാത്രിയിൽ ഭാര്യ ഫോൺ ചെയ്യുമ്പോൾ അത് എനിയ്ക്ക് മനസ്സിലാകും. ഒറീസ്സക്കാരും കൽക്കട്ടക്കാരുമായ തൊഴിലാളികൾ എത്തിയെങ്കിൽ മാത്രമേ പണി നടക്കുകയുള്ളു. അവരൊക്കെ ഒരിക്കൽ നാട്ടിൽ പോയാൽ എപ്പോഴാണ് തിരിച്ചെത്തുക എന്നതിനൊന്നും ഒരു തീർച്ചയുമില്ല. എന്തായാലും പണി പതുക്കെ മുന്നോട്ട് നീങ്ങി. വീടിന്റെ ചുമരുകളൊക്കെ ആകാൻ തുടങ്ങിയപ്പോഴാണ് ഒരു ദിവസം ഉറങ്ങാൻ കിടക്കവേ ഒരു വേണ്ടാത്ത ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയത്. "റോഡുവക്കിലല്ലേ വീടുപണി നടക്കുന്നത്. വഴിപോക്കരൊക്കെ വീട് പൊങ്ങുന്നതും നോക്കിയായിരിക്കില്ലേ നടന്നു പോകുന്നത്. അവരുടെ കണ്ണു തട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യണം" എന്നതായിരുന്നു ആ ചിന്ത.

അടുത്ത ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.

"നീ, ഒരു കാര്യം ചെയ്യണം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി ഒരു പലക പറമ്പിൽ വയ്ക്കണേ? വഴിപോക്കരുടെ കണ്ണു തട്ടാതിരിക്കാനാ"

"ഇവിടെ കുട്ടികളൊന്നുമില്ല എഴുതാൻ" അവൾ പറഞ്ഞു.

"നോക്ക്, നീയല്ലേ എന്റെ കുട്ടി, നീയെഴുതിയാൽ മതി", ഞാൻ പറഞ്ഞു.

എന്റെയല്ലേ ഭാര്യ,  ഇത്രയും പറഞ്ഞാൽ കാര്യം നടക്കുമെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.

"ശരി", അവൾ സമ്മതിച്ചു.

"ഇനി ഈ പലകക്ക് ഞാനെവിടെ പോകാനാ?" അവളെന്നോട് ചോദിച്ചു.

" അത് നമ്മുടെ ആശാരിയോട് പറഞ്ഞാൽ മതി, മുറ്റത്ത് ആവശ്യമില്ലാതെ കിടക്കുന്ന ഒരു ചെറിയ പലക അയാളെടുത്ത് തരും", ഞാൻ പറഞ്ഞു.

"അതിന് നമ്മുടെ മുറ്റത്ത് മരപ്പണിയൊന്നുമില്ലല്ലോ, അതൊക്കെ ആശാരിയുടെ വർക്ക് ഷോപ്പിലല്ലേ? പണി തീർന്ന ജനലും വാതിലും മാത്രമേ ആശാരി ഇങ്ങോട്ട് കൊണ്ടു വരാറുള്ളൂ." അവളുടെ മറുപടി.

"എന്നാലും നീയൊന്ന് ഫോൺ ചെയ്ത് നോക്ക്. ആശാരി ഒരെണ്ണം തരാതിരിക്കില്ല. ആവശ്യം പറഞ്ഞാൽ മതി." ഞാനവളെ പ്രോത്സാഹിപ്പിച്ചു.

രണ്ട് ദിവസത്തെ ശ്രമഫലമായി അവളൊരു ചെറിയ മരപ്പലക തരപ്പെടുത്തി.  കിട്ടിയ പാടേ അവളതെന്നോട് ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. താൻ ശ്രമിച്ചാൽ കാര്യങ്ങൾ സാധിക്കും എന്നറിയിക്കാനുള്ള വെമ്പൽ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.

"ഇനി നീ ഒരു കാര്യം ചെയ്യ്, ഒരു കരിക്കട്ടയെടുത്ത് ആ പലകയിൽ കരിങ്കണ്ണാ, നോക്ക് എന്നെഴുതിക്കോ. എന്നിട്ട് അത് വല്ല തെങ്ങിൻ തയ്യിലോ മരത്തിലോ കെട്ടിത്തൂക്കിക്കോ, നോക്കുന്നവർ കാണട്ടെ." ഞാൻ പറഞ്ഞു.

" ഈശ്വരാ, നമ്മൾ ഗാസല്ലേ ചേട്ടാ, അടുക്കളയിൽ ഉപയോഗിക്കുന്നത്? ഞാനെവിടെ ഈ കരിക്കട്ടയ്ക്ക് പോകാനാ?" വീണ്ടും അവളുടെ വക തർക്കുത്തരം.

"പണിക്കാർ ഊണിനു പോകുമ്പോൾ നീ അയൽ വീടുകളിലൊക്കെ ഒന്നു ചോദിച്ച് നോക്ക്, കിട്ടാതിരിക്കില്ല." ഞാൻ പ്രതിവചിച്ചു. 

അടുത്തൊക്കെ പാവപ്പെട്ടവരും അട്ടപ്പാടികളുമായ ആളുകൾ താമസിക്കുന്നുണ്ടാകുമെന്നും അവരൊക്കെ അടുക്കളയിൽ വിറകല്ലാതെ മറ്റൊന്നും ഉപയോഗിക്കില്ലെന്നും ഉള്ള ഉറച്ച വിശ്വാസമായിരുന്നു എനിയ്ക്ക്.

അവൾക്ക് മറുത്തൊന്നും എന്നോട് പറയാൻ പറ്റുമായിരുന്നില്ല.  അതുകൊണ്ട് "നോക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ താഴെ വച്ചു.

പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോഴേ എനിക്കവളെ ഫോണിൽ കിട്ടിയുള്ളൂ. അടുത്തുള്ള കുടിലായ കുടിലിലെല്ലാം താൻ പോയെന്നും അവർക്കെല്ലാം 2 ഗാസ് സിലിണ്ടർ ഉണ്ടെന്നും നമുക്ക് ഒരു സിലിണ്ടറേ ഉള്ളൂ എന്നോർത്തപ്പോൾ വല്ലാത്ത നാണം തോന്നിയെന്നും ടൗണിൽ പോയാൽ കരിക്കട്ട വാങ്ങാൻ കിട്ടുമെന്ന് ആ കുടിലുകളിലുള്ള പെണ്ണുങ്ങൾ അവളോട് പറഞ്ഞു എന്നും മറ്റും ഫോണെടുത്തപ്പോൽ ഒറ്റ ശ്വാസത്തിൽ അവൾ  എന്നോട് പറഞ്ഞൊപ്പിച്ചു. നാണം കാരണമാണോ എന്തോ, അവളുടെ ശബ്ദം പൊങ്ങുന്നേ ഇല്ലായിരുന്നു.

ഈശ്വരാ, ഒരു കഷ്ണം കരിക്കട്ടയ്ക്ക് വേണ്ടി ടൗണിൽ പോകാനോ? എനിയ്ക്ക് ചിന്തിക്കാനായില്ല. പണ്ടൊക്കെ നാട്ടിൻ പുറത്ത് കരിക്കട്ടക്കും വെണ്ണീറിനുമൊന്നും ഒരു പഞ്ഞവുമില്ലായിരുന്നു. ഇപ്പോൾ നോക്കണേ, കാലം പോയ പോക്ക്!

10-15 കിലോമീറ്റർ പോയാലേ ടൗണിലെത്തു. ബസ്സിൽ കയറി ടൗണിൽ പോകുന്നത് അവൾക്ക് ചിന്തിക്കാനേ ആവില്ല. പണ്ടെപ്പോഴോ അങ്ങനെ പോയിട്ടുണ്ട്. ഒന്നും പറയണ്ട; നെഞ്ഞത്ത് തൊട്ടു, ചന്തിയിൽ നുള്ളി, തുടയിൽ മാന്തി, ഹൊ, എന്തൊക്കെയായിരുന്നു തിരിച്ച് വീട്ടിലെത്തിയപ്പോഴുള്ള അവളുടെ ആവലാതികൾ. പിന്നീടവൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

" നീ, ടൗണിലൊന്നും പോണ്ട", ഞാനവളെ സമാധാനിപ്പിച്ചു.

"നമുക്കൊരു കാര്യം ചെയ്യാം. നമ്മുടെ പ്ലാനൊന്നു മാറ്റാം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി വയ്ക്കുന്നതിനു പകരം ഒരു നോക്കുകുത്തി ഉണ്ടാക്കി നമുക്ക് പറമ്പിൽ തൂക്കാം. അതാകുമ്പോൾ ഇമ്മാതിരി പുകിലൊന്നുമില്ലല്ലോ." ഞാൻ പറഞ്ഞു.

അവളതിനു മറുപടിയൊന്നും പറഞ്ഞില്ല. ബസ്സിൽ കയറേണ്ട എന്നു കേട്ടപ്പോഴുള്ള ആശ്വാസത്തിന്റെ ആലസ്യത്തിലായിരുന്നിരിക്കണം അപ്പോഴവൾ എന്ന് ഞാൻ ഊഹിച്ചു..

"നീ ഒരു കാര്യം ചെയ്യ്, എന്റെ പഴയ ഒരു ഷർട്ടും മുണ്ടും എടുത്ത് വയ്ക്ക്. ബാക്കി ഞാൻ നാളെ വിളിക്കുമ്പോൾ പറയാം". ഞാൻ ഫോൺ താഴെ വച്ചു.

എന്റെ പഴയ മുണ്ടുകളും ഷർട്ടുകളുമെല്ലാം വെള്ളപ്പൊക്കക്കാർക്ക് കൊടുത്തുപോയെന്നും കഴിഞ്ഞ ഓണത്തിന് വാങ്ങിയ പുതിയ മുണ്ടും ഷർട്ടും എടുത്തു വച്ചിട്ടുണ്ടെന്നും പിറ്റെ ദിവസം വിളിച്ചപ്പോൾ അവൾ പറഞ്ഞു.

അതു കേട്ടപ്പോൾ അവൾ ഈ ലോകത്തൊന്നുമല്ലേ എന്നാണ് ഞാൻ സംശയിച്ചത്. പുതിയ മുണ്ടും  ഷർട്ടും എടുത്ത് ബോധമുള്ള ആരെങ്കിലും നോക്കുകുത്തി ഉണ്ടാക്കുമോ? ഇനി ഇപ്പോൾ അത് വേണ്ട എന്ന് പറഞ്ഞാൽ പഴയ മുണ്ടിനും ഷർട്ടിനും ഇനി ഞാനെവിടെ പോണം എന്നായിരിക്കും ഒരു പക്ഷേ അവളുടെ അടുത്ത ചോദ്യം. അതുകൊണ്ട് കോലമുണ്ടാക്കാൻ എന്റെ പുതുപുത്തൻ മുണ്ടും  ഷർട്ടും തന്നെ ആകട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറയ്ക്കാൻ കുറേ വൈക്കോൽ സംഘടിപ്പിക്കാൻ ഞാൻ അവളോട് പറഞ്ഞു. അതു കേട്ടപ്പോൾ അവൾക്ക് വന്ന ദേഷ്യത്തിന് കണക്കില്ലായിരുന്നു. കൊയ്തും മെതിയും ഒന്നും ഇല്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ വൈക്കോൽ സംഘടിപ്പിക്കേണ്ടത് എന്നായി അവൾ.

അവൾ പറയുന്നത് എനിയ്ക്ക് മനസ്സിലായില്ല. കൊയ്തും മെതിയും ഇല്ല, വൈക്കോൽ ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ അവൾ കേരളത്തിലല്ലേ ഉള്ളത് എന്ന് ഞാൻ സംശയിച്ചു. പശുക്കളുള്ള വീടുകളിലൊക്കെ വൈക്കോൽ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞത് അവളെ തൃപ്തിപ്പെടുത്തിയില്ല. മില്മാ പാൽ വാങ്ങുന്ന കേരളത്തിലാണോ പശുക്കൾ എന്നായി അവൾ. കൊല്ലങ്ങൾ കൂടുമ്പോൾ നാട്ടിലൊന്നോടിപ്പോയി തിരിച്ചെത്തുന്ന ഈ ഞാനവളോടേന്തു പറയാനാണ്? ഞാനറിയുന്ന കേരളത്തിൽ കൊയ്തും മെതിയും കൃഷിയും പശുവുമൊക്കെ ഉണ്ടായിരുന്നു.

നാളികേരത്തിന്റെ തൊണ്ട് വാങ്ങി ചകിരിയാക്കിയാൽ മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറച്ച് നോക്കുകുത്തി ഉണ്ടാക്കാമല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, "എന്നാൽ വൈക്കോൽ വേണ്ട, ചകിരി മതി" എന്ന്.

നാളികേരമില്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ ചകിരി വാങ്ങേണ്ടത് എന്നായി അവൾ. എനിയ്ക്കൊന്നും മനസ്സിലായില്ല.

"നീ ഇപ്പോൾ കേരളത്തിലല്ലേ?", ഞാൻ അവളോട് ചോദിച്ചു. അതവൾക്ക് ഇഷ്ടപ്പെട്ടില്ല.  ഞാനിപ്പോൾ കണ്ണൂരിൽ തന്നെ ആണെന്നും കേരളത്തിലിപ്പോൾ തെങ്ങത്ര സാധാരണമല്ലെന്നും  ഉള്ള തെങ്ങിന് മണ്ടയോ മണ്ടയുള്ള തെങ്ങിന് തേങ്ങയോ ഇല്ലെന്നും ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തെങ്ങിൽ കയറാൻ ആളില്ലെന്നും അതുകൊണ്ട് അവിടെ ചകിരി വാങ്ങുന്ന കാര്യമില്ലെന്നും അവൾ നിർബന്ധം പിടിച്ചു.

ഞാനാണെങ്കിലോ? മുണ്ടിന്റേയും ഷർട്ടിന്റേയും ഉള്ളിൽ കുറേ വൈക്കോൽ നിറക്കാം, മുണ്ടിനു താഴെ തേഞ്ഞ് ഓട്ടയായ ഒരു ഹവായ് ചെരിപ്പ് പിടിപ്പിക്കാം, ഷർട്ടിന്റെ കോളറിനു മേലെ ഒരു കുടം കമഴ്ത്താം എന്നൊക്കെ മനസ്സിൽ കാണുകയായിരുന്നു. പിന്നീടത് ആ പറമ്പിൽ വച്ചാൽ ആരും വീടുപണി നോക്കില്ലെന്നും അഥവാ നോക്കിയാൽ തന്നെ അവരുടെ കണ്ണൊന്നും കൊള്ളുകയില്ലെന്നും കണക്കു കൂട്ടാൻ ശ്രമിക്കുകയായിരുന്നു.  എന്റെ മനസ്സിലെ നോക്കുകുത്തിക്ക്  ഏതാണ്ട് താഴേ കൊടുത്ത രൂപമായിരുന്നു.

കഴിഞ്ഞ ആഴ്ച വൈശാലിയിലെ മലയാളിപ്പീടികയിൽ നിന്ന് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയപ്പോൾ 300 രൂപയോളമായത് ഞാനോർത്തു. 302 രൂപ എന്നാണ് അതിന്മേൽ എഴുതിയിരുന്നത്. അതോർത്തപ്പോൾ, ചകിരി വാങ്ങാൻ വയ്യ എന്ന എന്റെ ഭാര്യയുടെ നിലപാട് എനിയ്ക്ക് മനസ്സിലായി. നാട്ടിൽ നാളികേരം ഒരപൂർവ്വവസ്തുവായി വരികയായിരിക്കും. പിന്നെ എവിടന്നാ ചകിരി കിട്ടുക? അല്ലെങ്കിലും ഈ മോഡേൺ മലയാളിക്കെന്തിനാ നെല്ലും നാളികേരവും?

ചാലക്കുടിയിലുണ്ടാക്കുന്ന KPL Shudhi എന്ന എണ്ണക്കമ്പനിയുടെതായിരുന്നു  302  രൂപയുടെ ഈ വെളിച്ചെണ്ണ. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു ഡൽഹിയിലേക്ക് വരുമ്പോൾ  ഒരു 4 കുപ്പി വെളിച്ചെണ്ണ കൊണ്ടുവരാൻ ഇന്നസെന്റിനോട് പറയാമായിരുന്നൂ എന്ന് എനിയ്ക്കപ്പഴേ തോന്നിയതായിരുന്നൂ. കേരളത്തിലാകുമ്പോൾ അതൊരു 150 രൂപക്ക് കിട്ടാതിരിക്കുമോ? അതിന്  ഇന്നസെന്റിന് എന്നെ പരിചയമുണ്ടായിട്ടു വേണ്ടേ? അല്ലാതെ, എനിയ്ക്ക് അദ്ദേഹത്തെ അറിയാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?  അല്ലെങ്കിലും അദ്ദേഹത്തിന് വെളിച്ചെണ്ണ കൊണ്ടു വരലാണോ പണി?  ഒരു പൊട്ടന്റെ ഓരോ ചിന്തകളെയ്.

ഒരു നോക്കുകുത്തി ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായില്യേ എന്ന് എന്റെ മനസ്സെന്നോട് ചോദിക്കാൻ തുടങ്ങിയിരുന്നു. ഉറങ്ങുമ്പോൾ മാത്രമല്ല ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാം  പറമ്പിൽ കുത്തിവയ്ക്കാനുള്ള നോക്കുകുത്തിയായിരുന്നു എന്റെ മനസ്സിൽ.  ഒരു നോക്കുകുത്തി ഉണ്ടാക്കാനുള്ള ബുദ്ധി എനിയ്ക്ക് തരണേ എന്ന് നിസ്സഹായനായ  ഞാൻ ഓരോ ദിവസവും രാവിലെ നോയ്ഡ അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചു.  പണ്ടൊക്കെയാണെങ്കിൽ ഒരു സ്കൂൾ കുട്ടി വിചാരിച്ചാൽ സാധിക്കുന്നതായിരുന്നു ഒരു നോക്കുകുത്തി. കഷ്ടം, കരിക്കട്ടയില്ലാത്ത കേരളം ഒരു കനലായി എന്റെ മനസ്സിൽ എരിഞ്ഞു.

ഓഫീസിലേക്ക് നടക്കുമ്പോൾ എല്ലാദിവസവും ഞാൻ ഐസക് ന്യൂട്ടനെക്കുറിച്ച് ചിന്തിച്ചു. തലയിൽ ആപ്പിൾ വന്നു വീണതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഗുരുത്വാകർഷണസിന്താന്തം കണ്ടുപിടിക്കാൻ കഴിഞ്ഞത്.  പണ്ട് ചെറുപ്പത്തിൽ മാങ്ങ പെറുക്കാൻ പോയപ്പോൾ എത്ര മാങ്ങ എന്റെ തലയിൽ വീണിട്ടുണ്ട്. എന്നിട്ട് എന്തെങ്കിലും സിന്താന്തം കണ്ടുപിടിക്കാൻ എനിയ്ക്ക് കഴിഞ്ഞോ? അതെങ്ങന്യാ? തലയിൽ ആപ്പിൾ വീണാലല്ലേ വല്ലതും നടക്കൂ? വല്ല ഹിമാചൽ പ്രദേശിലും ജനിച്ചിരുന്നെങ്കിൽ എന്റെ തലയിലും മാങ്ങക്കു പകരം ആപ്പിൾ വീഴുമായിരുന്നൂ എന്നും ഗുരുത്വാകർഷണത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് സിന്താന്തം ഞാനും കണ്ടുപിടിക്കുമായിരുന്നൂ എന്നും ഞാനപ്പോൾ ഓർത്തു. ങാ, എന്തിനും ഒരു സമയമുണ്ട്, അല്ലേ ദാസാ?

ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ "ഠോ" എന്ന ഒരൊച്ച കേട്ടാണ് റോഡിൽ ഞാൻ നിന്നത്. നോക്കുമ്പോൾ ഒരു വലിയ കണ്ടൈനർ ലോറി റോഡിൽ ഒരു വശം ചരിഞ്ഞു നിൽക്കുകയാണ്. അതിന്റെ ടയർ പഞ്ചറായിട്ടാണുള്ളത്. അതിൽ നിന്നാണാ ചെവി തുളക്കുന്ന ശബ്ദം വന്നതും.  ഞാൻ നോക്കുമ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ചാടി ഇറങ്ങുകയാണ്.

ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയായതിനാൽ എനിയ്ക്ക് ധൃതിയൊന്നുമില്ലായിരുന്നു. ഞാൻ പതുക്കെ ലോറിയുടെ അടുത്തേക്ക് നടന്നു. ലോറിയുടെ പുറകിൽ ഹിന്ദിയിൽ വലിയ അക്ഷരത്തിൽ "ബുരി നസർവാലേ, തേരാ മുഹ് കാലാ" എന്ന് എഴുതി വച്ചിരുന്നത് ഞാൻ കണ്ടു. അതിന്റെ താഴെ രണ്ട് രാക്ഷസരൂപങ്ങളും തൂക്കിയിട്ടിരുന്നു.  പിന്നെ വൈകിയില്ല; "കരിങ്കണ്ണാ, നോക്ക്" എന്നെഴുതിയ പലകയും വൈക്കോൽ നിറച്ച നോക്കുകുത്തിയും മനസ്സിൽ നിന്ന് പിഴുതെറിഞ്ഞ ഞാൻ നേരേ അടുത്തുള്ള ഗാസിയാബാദ് ചന്തയിലേക്ക് നടന്നു. അവിടെ നിന്ന് 2 രാക്ഷസരൂപങ്ങൾ വാങ്ങുകയും "ഇതവിടെ തൂക്കിക്കോ" എന്ന് ഒരെഴുത്തോടു കൂടി രണ്ടും ഭാര്യക്കയച്ചുകൊടുക്കുകയും ചെയ്തു.



ഈ രാക്ഷസന്മാർ രണ്ടുപേരുമിപ്പോൾ എന്റെ വീടുപണി നടക്കുന്ന പറമ്പിന്റെ മുന്നിലൂടെ പോകുന്നവരെ നോക്കിപേടിപ്പിക്കുകയായിരിക്കും.













2014, നവംബർ 5, ബുധനാഴ്‌ച

ചുംബനാലയങ്ങൾ

താൻ മാത്രം ചൂലെടുത്താൽ നാട് വൃത്തിയാവില്ലെന്നാണ് മോദിജി പറയുന്നത്. അത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യവുമാണ്. എന്നിട്ടും എന്തേ കെജ്രിവാളിന്റെ കയ്യിൽ നിന്ന് ആ ചൂല് മോദിജി തട്ടിയെടുത്തത് എന്നേ എനിയ്ക്ക് മനസ്സിലാകാതെയുള്ളു. "ഇപ്പൊ ശരിയാക്കിത്തരാം, തുടച്ച് വൃത്തിയാക്കിത്തരാം" എന്നൊക്കെ പറഞ്ഞുകൊണ്ട് കെജ്രിവാൾ ഡൽഹിയിൽ തേരോട്ടം നടത്തുമ്പോഴാണ് മോദിജി ആരും അറിയാതെ കഴിഞ്ഞ ഒക്റ്റോബർ രണ്ടിന് ആ ചൂല് തട്ടിയെടുത്തത്. അതിൽ പിന്നെ ഡൽഹിക്കാർ  ആരും 'അണ്ടി പോയ അണ്ണാൻ' എന്ന പഴഞ്ചൊല്ല് ഉപയോഗിച്ചിട്ടേയില്ല; ഇപ്പോഴെല്ലാവരും അതിന് പകരം പറയുന്നത് 'ചൂലു പോയ കെജ്രിവാളിനെപ്പോലെ" എന്നാണ്. അണ്ടി പോയ അണ്ണാനെപ്പോലെയാണ് ഇപ്പോൾ ചൂലു പോയ കെജ്രിവാളിന്റെ നടത്തം. പാവം. നല്ലോരു പയ്യനായിരുന്നു. താനാണോ വലുത്, മോദിയാണൊ വലുത് എന്ന ഒരു സ്ഥലജലവിഭ്രാന്തി കാരണം എല്ലാം കളഞ്ഞു കുളിച്ചു.  അടുത്ത എലക്‌ഷന് കെട്ടി വച്ച കാശ് കിട്ടിയാൽ ഭാഗ്യം.

എന്തായാലും മോദിജിയുടെ ഉപദേശം കൈക്കൊണ്ടത് നമ്മുടെ ഇടതന്മാരാണ്. കേരളം അടിച്ചുകോരി വൃത്തിയാക്കിയിട്ടേ ഉള്ളു ഇനി വിശ്രമം എന്ന മട്ടിലാണ് അവരുടെ പണികൾ. നേതാവ് തന്നെ പുറത്തിറങ്ങി മാലിന്യം കോരിക്കളയുന്ന ചിത്രം ചാനലുകളിലെല്ലാം കണ്ടു.   പുഞ്ചിരി വിടരാത്ത ആ മുഖത്ത് മാലിന്യക്കൂമ്പാരത്തിലെ നാറ്റം തട്ടുമ്പോഴും ഒരു ഭാവഭേദവും കണ്ടില്ല.  ബി.ജെ.പി.ക്കാരു പോലും ഇത്രയും ആത്മാർത്ഥമായി മാലിന്യം വാരിയിട്ടുണ്ടോ എന്ന് സംശയം.  ഈശ്വരാ, ഇവരൊക്കെ ബി. ജെ. പി. ക്കാരായോ എന്ന് കേരളത്തിലെ ബി. ജെ. പിക്കാർ വരെ ചിലപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടാകാം.  ഇനി മോദിയുടെ കയ്യിൽ നിന്ന് ചൂല് തട്ടിയെടുക്കാമെന്നാണ് മോഹമെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതായിരിക്കും നല്ലത്.

മാലിന്യം അടിച്ച് വാരുന്നതു പോലെത്തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നാടെങ്ങും ശൗചാലയങ്ങൾ നിർമ്മിക്കുന്നത്. പൊതുടോയ്‌ലെറ്റുകൾ ഇല്ലാത്തതു കാരണം വീട്ടിനു പുറത്തിറങ്ങുന്ന പെണ്ണുങ്ങൾക്ക് ശരാശരി 13 മണിക്കൂറെങ്കിലും മൂത്രസ്സഞ്ചി അടക്കിപ്പിടിക്കേണ്ടി വരുന്നൂ എന്നൊക്കെ ഇപ്പോഴാണ് എല്ലാ പൗരന്മാർക്കും മനസ്സിലായി തുടങ്ങുന്നത്. Better to be late than never എന്നല്ലേ. നല്ലത് തന്നെ.

ഭാര്യയായിട്ട് പെണ്ണൊരുത്തി എന്റെ കൂടെയുണ്ടെങ്കിലും വീടിന് പുറത്തിറങ്ങാൻ അവളെ കിട്ടില്ല. പുറത്തിറങ്ങിയാൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. പണ്ട് കല്യാണം കഴിഞ്ഞ കാലത്ത് കുറച്ച് ദിവസം, കൂടെ പുറത്തൊക്കെ നടന്നതാണ്. അത്ര തന്നെ. അന്നൊരിക്കൽ അവൾക്ക് വഴിയിൽ വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ "ശരി, ആകട്ടെ, നമുക്കൊരു ഹോട്ടലിൽ കയറാം" എന്ന് ഞാനവളോട് പറഞ്ഞതാണ്.  അപ്പോൾ അവൾ പറയുകയാണ്, എങ്കിൽ പിന്നെ ഞാനിവിടെ റോഡിലിരുന്ന് മൂത്രമൊഴിച്ചോളാം, അപ്പോൾ ഇവിടെ ഉള്ളവരല്ലേ കാണൂ, ഹോട്ടലിലാണെങ്കിൽ ലോകർ മുഴുവൻ കാണും എന്ന്. ഹോട്ടലിലെ ടോയ്‌ലെറ്റിൽ ഇന്റർനെറ്റ് പിടിപ്പിച്ച  കാമറ വച്ചിട്ടുണ്ടാകും എന്നാണ് അവളുദ്ദേശിച്ചത്. എന്തായാലും അവൾ പിന്നെ എന്റെ കൂടെ പുറത്തിറങ്ങിയിട്ടില്ല.

റോഡിൽ ഓരോ രണ്ടു കിലോമീറ്ററിലും ഓരോ ശൗചാലയം പണിയുക എന്നത് എളുപ്പമുള്ള പണിയാണോ? അതും, ജനസംഖ്യയുടെ പകുതി മാത്രം വരുന്ന പെണ്ണുങ്ങൾക്ക് വേണ്ടി. എത്ര പണം വേണ്ടി വരും? അതും കൂടെ കൂടെ പൂട്ടുന്ന ട്രഷറിയുള്ള നാട്ടിൽ!

അതാലോചിച്ചപ്പോഴാണ് നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ പെണ്ണുങ്ങൾക്ക് ഒരു സംവിധാനം ഏർപ്പെടുത്തുന്നതായിരിക്കും ശൗചാലയങ്ങൾ പണിയുന്നതിലും എളുപ്പം എന്ന ചിന്ത എന്റെ തലയിലൂടെ പാഞ്ഞു പോയത്. ഈ എഞ്ചിനീയറിങ്ങ് കോളേജിലെ കുട്ടികളൊക്കെ എന്തെല്ലാം കണ്ടു പിടിക്കുന്നു? അവർക്ക് അതിനൊരു സംവിധാനം കണ്ടു പിടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ പെൺകുട്ടികൾക്കെങ്കിലും നിന്നു കൊണ്ട് മൂത്രമൊഴിക്കാനുള്ള ഒരു കണ്ടുപിടുത്തം നടത്താൻ തോന്നാത്തതെന്താണ് എന്ന് എന്റെ മനസ്സെന്നോട് ചോദിച്ചു. എന്നോട്  ഞാനെന്തു പറയാനാ?  എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. അല്ലേ ദാസാ.

അപ്പോഴാണ് അത്തരം ഒരു സംവിധാനം എനിയ്ക്കും കണ്ടുപിടിക്കാവുന്നതല്ലേ എന്ന ചിന്ത എനിയ്ക്കുണ്ടായത്. പക്ഷേ, എനിയ്ക്കത് സാധിക്കുമെന്ന കാര്യത്തിൽ എനിയ്ക്കത്ര വിശ്വാസം വന്നില്ല. മൂത്രമൊഴിക്കാനുള്ള  അവരുടെ ഉപകരണം എന്റെ  കയ്യിലില്ലാതെ നിരീക്ഷണ പരീക്ഷണങ്ങൾ വിജയിക്കില്ല എന്നതായിരുന്നു ആ വിശ്വാസത്തിന്റെ അടിസ്ഥാനം. ഏതെങ്കിലും ഒരു സ്ത്രീ ആ ഉപകരണം എനിയ്ക്ക് കുറച്ച് കാലത്തേക്ക് തന്നിരുന്നെങ്കിൽ ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു എന്നെനിയ്ക്ക് തോന്നി. പക്ഷേ ഏതെങ്കിലും സ്ത്രീ എനിയ്ക്കത് തരുമോ? അത് ഊരി എടുക്കാൻ പറ്റില്ല എന്നതല്ല പ്രശ്നം.  ഊരാൻ പറ്റിയിരുന്നെങ്കിൽ തന്നെ ഞാൻ തിരിച്ചു കൊടുത്തില്ലെങ്കിലുള്ള പുകിലൊന്നാലോചിച്ചു നോക്കൂ. ആ സ്ത്രീയെ പിന്നെ അവരുടെ ഭർത്താവ് വീട്ടിൽ കയറ്റുമോ?  വീട്ടിൽ കയറ്റിയിട്ട് വല്ല ഉപയോഗവുമുണ്ടോ? ചൂലു പോയ കെജ്രിവാളിനേക്കാൾ മോശമായിരിക്കില്ലേ ആ ഭർത്താവിന്റെ സ്ഥിതി?

ങാ, കാലം പുരോഗമിക്കുകയല്ലേ? നിന്നുകൊണ്ട് മൂത്രമൊഴിക്കാനുള്ള സംവിധാനം ഏതെങ്കിലും ആൺകുട്ടികൾ കണ്ടുപിടിക്കാതിരിക്കില്ല. അപ്പോൾ പിന്നെ ഈ പൊതു ടോയ്‌ലെറ്റുകൾ ഒരു പാടു വേണ്ടി വരില്ലല്ലോ എന്ന് ഞാൻ സമാധാനിച്ചു.

ഇനി അങ്ങനെയൊരു സംവിധാനം കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ചെയ്യാവുന്നത് ഒരു നിയമനിർമ്മാണമാണ്. മൂത്രമൊഴിക്കുന്ന സ്ത്രീകൾ ഇരുചന്തികളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കുറ്റകരമല്ലെന്നും അത്തരം സന്ദർഭങ്ങളിൽ പുരുഷന്മാർ ചന്തിയിലേക്ക് നോക്കുന്നത് ശിക്ഷാർഹമല്ലെന്നും ഉള്ള ഒരു നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയാൽ തീരുന്നതേയുള്ളു മൂത്രാലയങ്ങൾക്ക്  വേണ്ടിയുള്ള ഈ മുറവിളികൾ.

ചന്തി എന്നു പറഞ്ഞപ്പോഴാണ് സാദ്ധ്യതയുള്ള ഒരു മത്സരത്തിന്റെ ഇനം മനസ്സിൽ വന്നത്. കുട്ടികളുടെ പുഞ്ചിരി മത്സരം പോലെ നടത്താവുന്ന രണ്ടു മത്സരങ്ങളാണ് യുവാക്കളുടെ ചുംബന മത്സരവും സ്ത്രീകളുടെ മൂത്രമൊഴിക്കൽ മത്സരവും. സമരങ്ങൾക്കൊക്കെ ആളെക്കൂട്ടാൻ ഇത്തരം മത്സരങ്ങൾ ഉണ്ടെന്ന് പറയുന്നത് നന്നായിരിക്കും. നിയമത്തിന്റെ പരിരക്ഷയും കാണുമല്ലോ.

മൂത്രമൊഴിക്കാനുള്ള ഉപകരണം ഊരിയെടുക്കാൻ പറ്റിയിരുന്നതാണെങ്കിൽ നാട്ടിലെ ഈ വർദ്ധിച്ചു വരുന്ന ബലാത്സംഗങ്ങളും പീഡനങ്ങളും തീർത്തും ഒഴിവാക്കാമായിരുന്നു എന്ന് എനിയ്ക്ക് തോന്നി. പുരുഷന്മാർ പുറത്തിറങ്ങുമ്പോൾ അവരുടെ ഉപകരണം പൂട്ടി വീട്ടിൽ വയ്ക്കണം എന്നൊരു നിയമം നാട്ടിൽ നടപ്പിലാക്കിയാൽ പിന്നെ ഒരു പുരുഷനും ഒന്നു ചെയ്യാൻ പറ്റുകയില്ല. ഇനി ഏതെങ്കിലും പുരുഷൻ നിയമം തെറ്റിച്ചാൽ തന്നെ അവൻ  വിഡ്ഡിയാവുകയേ ഉള്ളൂ. കാരണം, വല്ല സ്ത്രീയേയും പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾക്ക് മനസ്സിലാകും ആ സ്ത്രീ അവരുടെ ഉപകരണം വീട്ടിൽ വച്ചിരിക്കുകയാണ് എന്ന്. തറവാട്ടിൽ ജനിച്ച വല്ല പെണ്ണും ഇതെല്ലാം തൂക്കി വീട്ടിനു പുറത്തിറങ്ങുമോ ഈ ഇന്ത്യയിൽ? പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? ഇതൊന്നും എവിടേയും ഊരി വയ്ക്കാൻ പറ്റില്ലല്ലോ. കഷ്ടം.  അപ്പോൾ പിന്നെ ബലാത്സംഗങ്ങൾ വർദ്ധിക്കാൻ തന്നെ ആണ് സാദ്ധ്യത.

ബലാത്സംഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഡൽഹിയിൽ ഉണ്ടായ ഒരു വിധിന്യായം ഓർമ്മയിൽ വന്നത്. 60 കഴിഞ്ഞ ഒരു സ്ത്രീയെ ഒരാൾ ബലാത്സംഗം ചെയ്തു കൊന്നു. 60 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് ആർത്തവം നിലച്ചതല്ലേ, പിന്നെ അതിനെ ബലാത്സംഗം എന്നൊക്കെ കരുതേണ്ടതുണ്ടോ എന്നാണ് കോടതി സംശയിച്ചത്. ഈ സംശയമൊക്കെ ഉണ്ടായത് ഒരു വനിതാജഡ്ജിക്കുകൂടി ആയിരുന്നു എന്നതാണ് അതിലെ തമാശ.  നിർബ്ബന്ധിച്ചുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലത്രെ. പാവം, മരിച്ചു പോയ അയ്യപ്പപ്പണിക്കരെയാണ് എനിയ്ക്ക് ഓർമ്മ വരുന്നത്. "വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലെ, നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ?" ആവോ, നമ്മുടെ നാട്ടിലെ 60 കഴിഞ്ഞ പെണ്ണുങ്ങളുടെ ഒക്കെ അവസ്ഥ ഇനി എന്താവുമോ എന്തോ?

ടോയ്‌ലെറ്റുകളെക്കുറിച്ചും സ്വച്ഛഭാരതത്തെക്കുറിച്ചുമൊക്കെ ആലോചിച്ചിരുന്നപ്പോഴാണ് നാട്ടിൽ നടക്കുന്ന ചുംബനസമരത്തെക്കുറിച്ച് ഞാനോർത്തത്. ഞാനിപ്പോൾ ആകപ്പാടെ കൺഫ്യൂഷനിലാണ്. ഒരു കൂട്ടർ പറയുന്നത് വീട്ടിൽ വച്ചേ ചുംബിക്കാവൂ എന്ന്. അതല്ല, പബ്ലിക്കായി പുറത്തു വച്ച് ചുംബിക്കണമെന്നാണ് മറ്റേ കൂട്ടർ പറയുന്നത്.  എനിയ്ക്കങ്ങനെയാണ് അല്ലെങ്കിൽ മനസ്സിലായത്. അല്ലെങ്കിൽ എന്തിനായിരുന്നൂ ഈ സമരമൊക്കെ? ഹൊ, എന്തൊരാളായിരുന്നൂ കൊച്ചിയിൽ തടിച്ചു കൂടിയത്? 

എനിയ്ക്ക് തോന്നുന്നത് ഈ ശൗചാലയങ്ങൾ പണിയുന്നതിനു പകരം മുക്കിന് മുക്കിന് ചുംബനാലയങ്ങൾ തുടങ്ങണമെന്നാണ്. സുലഭ് ടോയ്‌ലെറ്റ് പോലെ അത് ലേലം വിളിച്ച് നടത്തിപ്പുകാരെ ഏൽപ്പിക്കുകയുമാവാം. മൂത്രമൊഴിക്കാൻ - 2 രൂപ, അപ്പിയിടാൻ -5 രൂപ കുളിക്കാൻ - 10 രൂപ എന്നൊക്കെപ്പോലെ  ഓരോ തരം ചുംബനത്തിനും മാന്യമായ നിരക്കേർപ്പെടുത്തിയാൽ ഗവണ്മെന്റിന് നല്ല വരുമാനവുമാകും. പിന്നെ ട്രഷറി പൂട്ടേണ്ടി വരുകയേ ഇല്ല.  ചിന്തിക്കാവുന്ന ഒരു സാമ്പിൾ നിരക്ക് ഞാൻ താഴെ കൊടുക്കുന്നു.

ഇതൊരു സാമ്പിൾ മാത്രമാണ്. മാത്രമല്ല ഈ പട്ടിക അപൂർണ്ണവുമാണ്. 

ചുംബനാലയത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേശ്യാവൃത്തി നിയമവിധേയം ആക്കണമെന്ന ആവശ്യം സമൂഹത്തിൽ അങ്ങിങ്ങ് കേൾക്കുന്നുണ്ടല്ലോ എന്ന് ഞാൻ ഓർത്തത്. ഒന്നാലോചിച്ചാൽ അത് വേണ്ടതു തന്നെയാണ്. ദാഹിക്കുന്നവന് എന്തെങ്കിലും കുടിക്കാൻ നാട്ടിലുടനീളം പെട്ടിക്കടകളുണ്ട്. വിശക്കുന്നവന് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളുണ്ട്. വിശ്രമിക്കാൻ വിശ്രമാലയങ്ങളും ഹോട്ടലുകളുമുണ്ട്. ഇതുകൊണ്ടൊന്നും മനുഷ്യന്റെ ദാഹവും മോഹവും തീരില്ലല്ലോ. അപ്പോൾ അത് നിയമവിധേയമാക്കുന്നത് തന്നെയാണ് നല്ലത്. ജനക്ഷേമം കാംക്ഷിക്കുന്ന ഗവണ്മെന്റുകൾക്ക് ചിന്തിക്കാവുന്ന കാര്യമാണത്. മദ്യഷാപ്പുകൾ പൂട്ടുമ്പോഴുള്ള നഷ്ടം നികത്താനുള്ള ഉത്തമമായ മാർഗം കൂടിയാണത് എന്ന് പറയേണ്ടതുമില്ലല്ലൊ?

ഞാനിതെഴുതിത്തീർക്കുമ്പോൾ പിണറായി വിജയൻ ചാനലുകളിൽ ജ്ഞാനപ്പാന ചൊല്ലുകയാണ്. "മണ്ടി മണ്ടിക്കരേറുന്നു മോഹവും" എന്ന്. ഈശ്വരാ, കാലം മാറുകയാണ്. വെറുതേയല്ല ഈ ചുംബനസമരമൊക്കെ അരങ്ങേറുന്നത്. വേശ്യാലയങ്ങൾക്ക് വേണ്ടിയാകട്ടെ ഇനിയുള്ള ജനമുന്നേറ്റം.

                                                                         *     *      *       *  
PS: ക്ഷമിക്കുക, നാട്ടിലെ ചുംബനസമരം കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ ഓടിപ്പോയ ചിന്തകളാണ് ഇവിടെ അക്ഷരങ്ങളായി പുറത്ത് കാണുന്നത്. ക്ഷമിക്കുക. വെറും നേരമ്പോക്ക്; അല്ലാതെ ഒന്നും ഉദ്ദേശിച്ചെഴുതിയതല്ല.


2014, നവംബർ 2, ഞായറാഴ്‌ച

സാക്ഷാത്ക്കാരം

മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോൾ ഒരു ദേശീയ ദൗത്യത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് പലരും വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റി കൊച്ചിയിൽ പ്രാവർത്തികമാകുമ്പോൾ ആർ. ശ്രീകണ്ഠൻ നായർക്ക് അത് സ്വപ്‌നസാക്ഷാത്ക്കാരം എന്നാണ് പത്രത്തിൽ കണ്ടത്.

മലപ്പുറത്തെ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും സ്വപ്‌നസാക്ഷാത്ക്കാരം ആണ് കോട്ടപ്പടി സ്റ്റേഡിയം എന്ന് മന്ത്രി അനിൽകുമാർ പറയുകയുണ്ടായി എന്ന് ഞാൻ പത്രത്തിൽ വായിച്ചു.

സാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ വായിച്ചപ്പോഴാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും സാക്ഷാത്ക്കരിച്ചിട്ടുണ്ടോ എന്ന് ഞാനൊരു ആത്മപരിശോധന നടത്തിയത്. അപ്പോൾ എന്റെ ഓർമ്മകൾ ചെന്നെത്തിയത് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്തേക്കായിരുന്നു.

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. ഒരു ദിവസം ഉണ്ട്, രണ്ട് പോലീസുകാർ സ്കൂളിലേക്ക് കയറി വരുന്നു. അന്നാണ് ഞാൻ പോലീസിനെ ആദ്യമായി കാണുന്നത്. കാക്കിട്രൗസറും കാക്കിഷർട്ടും കാക്കിത്തൊപ്പിയും ധരിച്ച് കൊമ്പൻ മീശ പിരിച്ച് വലിയൊരു ലാത്തിയും വീശി അവർ നടന്നു വരുമ്പോൾ ഞാൻ പേടിച്ചതിന് കണക്കില്ലായിരുന്നു. എങ്കിലും ആളുകളെ പേടിപ്പിക്കാൻ ഇതു തന്നെ നല്ല വേഷം എന്ന് മനസ്സിലായ എനിയ്ക്ക്, വലുതായാൽ ഒരു പോലീസാകും എന്ന് തീർച്ചയാക്കാൻ പിന്നെ സമയമൊന്നും വേണ്ടി വന്നില്ല. പിന്നീടങ്ങോട്ട് ഒരു പോലീസിന്റെ ഉടുപ്പും നടപ്പുമായിരുന്നു എന്റെ ഊണിലും ഉറക്കത്തിലും.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് യൂനിഫോമിട്ട ബസ് കണ്ടക്ക്റ്ററെ കാണുന്നത്. കാക്കി പാന്റും കാക്കി ഷർട്ടും ഇട്ട് തോളിലൊരു ബാഗും തൂക്കി വിരലിൽ കിടന്ന വിസിൽ വായിൽ വച്ച് "ഷുൾൾൾൾൾൾ......ൾൾൾൾൾൾ...ൾൾൾൾൾൾൾൾൾൾ" എന്ന് ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചത്തിൽ നീട്ടി വിളിക്കുന്നത് കണ്ടപ്പോൾ എനിക്കൊരു കണ്ടക്റ്ററാണ് ആകേണ്ടത് എന്ന് തീരുമാനിക്കാൻ നിമിഷങ്ങൾ പോലും എനിയ്ക്ക് വേണ്ടി വന്നില്ല. ഇത്രയും ഉച്ചത്തിൽ വിസിൽ വിളിക്കാൻ ഈ ലോകത്ത് വേറേ ആർക്കുണ്ട് സ്വാതന്ത്ര്യം? ഹൊ, ക്ലാസിൽ വായിൽ വിരൽ വച്ച് വിസിൽ വിളിച്ചതിന് ടീച്ചർ ചെവി പിടിച്ച് തിരുമ്മിയതിന്റെ വേദന ഈ അമ്പത്തഞ്ചാം വയസ്സിലും മാറിയിട്ടില്ല. ഏതായാലും, കണ്ടക്റ്ററാകുക എന്ന തീരുമാനത്തോടെ ഒരു പോലീസാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

വർഷങ്ങൾ കഴിയുമ്പോൾ ഞാൻ ഒമ്പതാം ക്ലാസിൽ എത്തിയിരുന്നു. അപ്പോഴേയ്ക്കും എനിയ്ക്ക് പെൺകുട്ടികളെ കാണുമ്പോൾ എന്തൊക്കെയോ തോന്നാൻ തുടങ്ങിയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവരെ ഞാൻ ഒളിഞ്ഞും ഒളിക്കാതെയും നോക്കാനും തുടങ്ങിയിരുന്നു. അങ്ങനെ ഇരിക്കേയാണ് ഒരു ദിവസം ഒരു പോസ്റ്റ്മാൻ വീട്ടിൽ വന്ന് വാതിലിൽ മുട്ടിയത്. ഒരു കത്ത് തരാനായിരുന്ന് അയാൾ വന്നത്. അയാൾക്കും ഏതാണ് കണ്ടക്റ്ററുടെ വേഷം തന്നെയായിരുന്നു. കയ്യിൽ ഒരു കാലൻ കുട ഉണ്ട് എന്നത് മാത്രമായിരുന്നു ഞാൻ കണ്ട വ്യത്യാസം. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും ചെന്ന് വാതിലിൽ മുട്ടാനുള്ള പോസ്റ്റ്മാന്റെ ഈ സ്വാതന്ത്ര്യം കണ്ടപ്പോൾ എനിയ്ക്കൊരു പോസ്റ്റ്മാൻ ആയാൽ മതി എന്ന് ഞാനപ്പോൾ തീർച്ചയാക്കി. വീടുകളിൽ പോകാനും പെൺകുട്ടികളെ കാണാനും ഒരു പോസ്റ്റ്മാനാകുന്നതായിരിക്കും നല്ലത് എന്നതായിരുന്നു ആ തീരുമാനത്തിന്റെ അടിസ്ഥാനം. ഏതായാലും, പോസ്റ്റ്മാനാകുക എന്ന ആ തീരുമാനത്തോടെ ഒരു കണ്ടക്റ്ററാകാനുള്ള എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

പത്താം ക്ലാസ് പാസായപ്പോഴാണ് ഇനിയും പഠിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത്. അന്നൊക്കെ നാട്ടിൻപുറങ്ങളിൽ അച്ഛനമ്മമാർ കുട്ടികളുടെ പഠിത്തത്തിലൊന്നും തലയിടാറില്ലായിരുന്നു. ബി.എ., ബി. എസ്സി., ബി.കോം. എന്നൊക്കെയുള്ള ബിരുദങ്ങളെടുത്ത് ചെറുപ്പക്കാർ നാട്ടിൽ തേരാ പാരാ നടക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ പ്രീഡിഗ്രി പഠിക്കാനൊന്നും ഞാൻ മെനക്കെട്ടില്ല. ബി.എസ്സി. തോറ്റ ഒരുത്തനാണ് "നീ 'ടൈപ് റൈറ്റിങ്ങ്' പഠിച്ചോ" എന്നെന്നെ ഉപദേശിച്ചത്. ടൈപ്രൈറ്ററിൽ  A മുതൽ Z വരെയും Z മുതൽ A വരെയും ടൈപ് ചെയ്തപ്പോൾ ഇതിൽ വലിയ കഥയില്ലെന്നും ഇനി മറ്റെന്തെങ്കിലും പഠിക്കാമെന്നും ഞാൻ തീർച്ചയാക്കി. അങ്ങനെയാണ് ഞാൻ പോളിടെക്നിക്കിൽ പോയി ചേർന്നത്. പോളിടെക്നിക്കിൽ പഠിച്ചാൽ ഒരു വർക്ക്ഷോപ്പ് തുടങ്ങാമെന്നും വലിയ മുതലാളിയാകാമെന്നുമൊക്കെ എന്നോട് പറഞ്ഞത് ടൈപ്രൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതലാളിയായിരുന്നു. 'മെക്കാനിക്കൽ' പഠിച്ചാൽ ഒരു വെൽഡിങ്ങ് വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'ഓട്ടോമോബൈൽ' പഠിച്ചാൽ ഒരു കാർ വർക്ക്ഷോപ്പ് തുടങ്ങാമെന്നും 'എലക്ട്രോണിക്സ്' പഠിച്ചാൽ ഒരു റേഡിയോ വർക്ക്ഷോപ്പ് തുടങ്ങാമെന്നും ഒക്കെ അയാളാണ് എനിക്ക് പറഞ്ഞു തന്നത്. അയാൾ പറഞ്ഞത് അന്ന് എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വേഗം പോയി അടുത്തുള്ള പോളിടെക്നിക്കിൽ ചേർന്നു. ഏതായാലും, പോസ്റ്റ്മാനാകുക എന്ന എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കാതെ പോകുന്നത് എന്ന് ഞാനപ്പോൾ ഓർത്തതേയില്ല.

പോളിടെക്നിക്കിൽ എനിക്ക് എലക്ട്രോണിക്സിനാണ് പ്രവേശനം കിട്ടിയത്. അപ്പോൾ ഒരു റേഡിയോ വർക്ക്ഷോപ് തുടങ്ങുന്ന കാര്യം സ്വപ്നം കണ്ട എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഹായ്, എപ്പോഴും പ്രേമഗാനങ്ങൾ കേട്ടുകൊണ്ട് ജോലി ചെയ്യാൻ ഒരു റേഡിയോ മെക്കാനിക്കിനല്ലാതെ വേറേ ആർക്കുണ്ട് സൗകര്യം. ഒരു റേഡിയോ ഓൺ ചെയ്തു വച്ച്

"പ്രേമനായകാ.. അരികിൽ വരൂ...
ആരാധികയുടെ അരികിൽ വരൂ... "

എന്നൊക്കെയുള്ള പാട്ടു കേട്ട്, കേടു വന്ന റേഡിയോ നന്നാക്കുന്ന എന്നെ ഞാനപ്പോൾ എന്റെ മനസ്സിൽ കണ്ടു.

മൂന്നു കൊല്ലത്തെ പഠിത്തം തീരുമ്പോൾ പോളിടെക്നിക്കിന്റെ നോട്ടീസ് ബോർഡിൽ ഒരു കാമ്പസ് ഇന്റർവ്യൂവിന്റെ പരസ്യം കിടന്നിരുന്നു. അന്ന്  കാമ്പസ് എന്നതും ഇന്റർവ്യൂ എന്നതും എന്താണെന്നറിയാത്ത ഞാൻ, അത് ശ്രദ്ധിച്ചതേയില്ല. പിന്നീട് റിസൾട്ട് വന്ന് മാർക്ക്‌ലിസ്റ്റ് വാങ്ങാൻ ചെന്നപ്പോഴാണറിയുന്നത് ഒരു പറ്റം കുട്ടികൾ ജോലിക്ക് ചേർന്നു കഴിഞ്ഞിരുന്നു എന്ന്. പിന്നെ ഞാൻ അമാന്തിച്ചതേയില്ല; ആ കമ്പനിയിൽ ഒരപേക്ഷ കൊടുക്കുകയും അവരെന്നെ ജോലിക്കെടുക്കുകയും ചെയ്തു. അന്നൊക്കെ എലക്ട്രോണിക്സ് പഠിച്ചാൽ ജോലി കിട്ടുക എളുപ്പമായിരുന്നു. എന്തായാലും അതോടുകൂടി പാട്ടും കേട്ട് റേഡിയോ നന്നാക്കുക എന്റെ ലക്ഷ്യമാണ് സാക്ഷാത്ക്കരിക്കാതെ പോയത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

ജോലിക്ക് ചേരുമ്പോൾ അവിടെ അല്പസ്വൽപ്പം ട്രെയിനിങ്ങിന്റെയൊക്കെ ആവശ്യമുണ്ട്. എനിയ്ക്ക് വയ്സ്സ് 18, മീശ മുളക്കുന്നതേയുള്ളു. അവരെന്നെ ഒരു പറ്റം ചെറുപ്പക്കാരികളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തി. എന്റെ ചുറ്റും ഇരുന്നവർക്കും വയസ്സ് 18 മുതൽ 25 വരെയൊക്കെ കാണും. പെൺകുട്ടികളെ ഒളിഞ്ഞും തെളിഞ്ഞും നോക്കാൻ നടന്നിരുന്ന ഞാൻ അവരുടെ ഇടയിൽ ഇരുന്നു വിയർത്തു. നാക്ക് പുറത്ത് വരാതെയായി. എങ്ങനെയൊക്കെയോ ഞാൻ രണ്ട് മാസം തള്ളിനീക്കി. ഭാഗ്യം. വേറൊരു കമ്പനിക്കാർ എന്നെ ജോലിക്ക് വിളിച്ചു. അന്നൊന്നും എലക്ട്രോണിക്സ് ഡിപ്ലോമ പാസായവന് ജോലിക്ക് പഞ്ഞമില്ലായിരുന്നു. 5 കൊല്ലത്തെ ബോണ്ടെഴുതി ജോലിക്ക് ചേർന്ന ഞാൻ പിന്നെ അവിടെ നിന്നില്ല. മറ്റൊരാളറിയാതെ അവിടെ നിന്ന് സ്ഥലം വിടുമ്പോൾ സാക്ഷാത്ക്കരിക്കാൻ എനിക്ക് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു.

പുതിയ കമ്പനിയിൽ ഞാൻ ചേർന്നത് ഉറച്ച മനസ്സോടും ഉറച്ച കാൽവയ്പ്പുകളോടും കൂടിത്തന്നെ ആയിരുന്നു. നേരത്തെ പറ്റിയ പറ്റ് ഇനി പറ്റരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. 

കാലം കുറേ കടന്നു പോയി. അപ്പോഴേക്കും എന്റെ പ്രായക്കാർ ഓരോരുത്തരായി കല്യാണം കഴിക്കാൻ തുടങ്ങിയിരുന്നു. ഒരുത്തൻ കല്യാണം കഴിച്ച പെണ്ണിന്റെ പേര് വിജയശ്രീ എന്നായിരുന്നു. കല്യാണം കഴിഞ്ഞ് വിജയശ്രീലാളിതനായി അവൻ ഒരു ദിവസം ഓഫീസിൽ വന്നപ്പോഴാണ് എനിയ്ക്കും വേണ്ടേ ഒരു കല്യാണം എന്ന് ഞാൻ എന്നോട് ചോദിച്ചത്. കല്യാണം കഴിക്കുന്നെങ്കിൽ പ്രേമിച്ച് കഴിക്കണമെന്നും അത് സഹപ്രവർത്തകയെയാണെങ്കിൽ ഒരുപാട് ഗുണമുണ്ടായിരിക്കുമെന്നും അപ്പോഴെനിയ്ക്ക് തോന്നി. പക്ഷേ വിജയശ്രിയെപ്പോലെ മുഖശ്രീയുള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ചുറ്റും കണ്ടില്ല. അല്ലെങ്കിൽ ഈ കാലം കൊണ്ട് ആരെയെങ്കിലും ഞാൻ പ്രേമിച്ചു പോകില്ലായിരുന്നുവോ? (സ്വന്തം മുഖത്തിന് ശ്രീ ഇല്ലെന്ന് ആരും സമ്മതിക്കില്ലെന്ന് ഞാൻ പറയേണ്ടതായിട്ടില്ലല്ലോ?) 

അവസാനം, കല്യാണം കഴിക്കുമ്പോൾ സാക്ഷാത്ക്കരിക്കാനായി ഞാൻ ഒരു സ്വപ്നം കരുതി വച്ചു. ഒരു ലിംകാ റെക്കോർഡ്. ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള അച്ഛൻ എന്നതിന് നേരേ എന്റെ പേർ ചേർക്കണമെന്നതായിരുന്നു ഞാൻ കരുതി വച്ച ആ സ്വപ്നം.  
എന്റെ പല സ്വപ്നങ്ങളും 'പഴയ ആ മലർപ്പൊടിക്കാരൻ നീയല്ലയോ?' എന്നെന്നോട് ചോദിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. കല്യാണം കഴിഞ്ഞ് ആദ്യത്തെ കുട്ടിക്ക് 'ഫാരെക്സ്'ഉം 'ഗ്രെയ്പ് വാട്ടർ'ഉം ഒക്കെ വാങ്ങുമ്പോൾ ലിംകാ ബുക്കിലെ അച്ഛനാകാനുള്ള സാമ്പത്തികാവസ്ഥ എനിയ്ക്കില്ല എന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. മാത്രമല്ല കുട്ടികളുടെ എണ്ണം 2 ആയി നിർത്തിയാലേ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ അലവൻസ് കിട്ടൂ എന്നു കൂടി ഞാൻ മനസ്സിലാക്കിയതോടെ ഞാൻ എന്റെ സ്വപ്നത്തിനും കുടുംബാസൂത്രണം ഏർപ്പെടുത്തി. അതോടുകൂടി ലിംക ബുക്കിലെ റെക്കോഡ് എന്ന എന്റെ സ്വപ്നവും സാക്ഷാത്ക്കരിക്കാതെ പോയി. 

ഇതിനിടക്ക് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനുള്ള പല അവസരങ്ങളും എനിയ്ക്ക് കിട്ടിയിരുന്നു. ഉത്തരേന്ത്യയിലൊക്കെ ഹിന്ദി പത്രങ്ങൾക്കാണ് പ്രചാരം. ഈ ഹിന്ദി പത്രങ്ങളിലെ പരസ്യപേജുകളിലൊക്കെ സാക്ഷാത്ക്കാർ (साक्षात्कार) എന്ന പരസ്യം അന്ന്  ധാരാളമായി കാണുക പതിവായിരുന്നു. നമ്മുടെ നാട്ടിലൊക്കെ എവുപ്രാസ്യമ്മയെപ്പോലുള്ള വിശുദ്ധരോട് പ്രാർത്ഥിക്കുന്നവർ 'ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഉപകാരസ്മരണ' എന്ന് മലയാള പത്രങ്ങളിൽ പരസ്യം കൊടുക്കാറില്ലേ?  അതുപോലെ വല്ല ആഗ്രഹങ്ങളും സാക്ഷാത്ക്കരിച്ചവരായിരിക്കും ഈ സാക്ഷാത്ക്കാർ എന്ന പരസ്യം കൊടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു. ഈ ഊഹിക്കുക, ഊഹിക്കുക എന്നത് പണച്ചെലവുള്ള കാര്യമല്ലല്ലോ. അല്ലെങ്കിൽ വാർത്തകൾ നല്ലോണം മനസ്സിലാകാൻ ഹിന്ദി നല്ലോണം പഠിക്കണമായിരുന്നു. അതും ഉണ്ടായിട്ടില്ലല്ലോ. എന്തായാലും ഉത്തരേന്ത്യയിൽ സാക്ഷാത്ക്കാരങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിയ്ക്ക് ആ പത്രപരസ്യങ്ങളിൽ നിന്ന് മനസ്സിലായി.

ഇനി എനിയ്ക്ക് സാക്ഷാത്ക്കരിക്കാനായിട്ടുള്ളത് നല്ലൊരു ജോലിക്കാരൻ എന്ന പേരു സമ്പാദിക്കുക എന്നത് മാത്രമായിരുന്നു. അതിനായി ഞാൻ രാവും പകലും പരിശ്രമിച്ചു. പക്ഷേ, ആൾപ്പാർപ്പില്ലാത്ത എന്റെ തലയിൽ റ്റ്യൂബ്‌ലൈറ്റ് കത്താൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ ബുദ്ധിമാന്മാരായ എന്റെ മേലുദ്യോഗസ്ഥന്മാർ രണ്ടുമൂന്നു ദശാബ്ദക്കാലത്തെ നിരീക്ഷണപരീക്ഷണങ്ങൾക്ക് ശേഷം എന്നെ ഒരു മൂലക്ക് പ്രതിഷ്ഠിച്ചു. അതോടെ ഒരു 'ശ്രംശ്രീ'ആകാമെന്ന എന്റെ പ്രതീക്ഷയും സാക്ഷാത്ക്കരിക്കപ്പെടാതെ പോയി.

ജീവിതത്തിലെ പ്രതീക്ഷകളൊന്നും ഇതുവരെ സാക്ഷാത്ക്കരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം അപ്പോഴേയ്ക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. ഇനിയും കേരളത്തിൽ നിൽക്കുന്നത് പന്തിയല്ലെന്ന തോന്നലാണ് ഉത്തരേന്ത്യയിലേക്ക് കുടിയേറാൻ എന്നെ പ്രേരിപ്പിച്ചത്. അവിടെ സാക്ഷാത്ക്കാരം എളുപ്പമാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയാണ് കേരളം വിട്ട് ഞാൻ ഡൽഹിയുടെ പ്രാന്തപ്രദേശത്തെത്തുന്നത്. ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നത് മാത്രമായിരുന്നു ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ എന്റെ ലക്ഷ്യം.

പുതിയ ഓഫീസിൽ ജോലിക്ക് ചേർന്നപ്പോൾ പലരും എന്നെ പരിചയപ്പെടാൻ വന്നു. എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ചായിരുന്നു.
"തുമാരാ സാക്ഷാത്ക്കാർ കൈസേ ഥാ?",  "തുമാരാ സാക്ഷാത്ക്കാർ ജബ് ഥാ?" എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങൾ.

നമ്മുടെ പപ്പടത്തിന് അവർ 'പപ്പടം' എന്ന് പറയാറില്ല; 'പപ്പട്' എന്നേ പറയൂ. അതു കൊണ്ടാണല്ലോ നമ്മളതിന് ഹിന്ദി എന്ന് പറയുന്നത്.  അതുപോലെ അവർ 'സാക്ഷാത്ക്കാരം' എന്ന് മുഴുവൻ പറയില്ല; 'സാക്ഷാത്ക്കാർ' എന്നേ പറയൂ. അവർ 'സ്നേഹം' എന്ന് മുഴുവൻ പറയില്ല; 'സ്നേഹ്' എന്നേ പറയൂ.  ഇതൊക്കെ അറിയാവുന്ന ഞാൻ, അവരുടെ ചോദ്യത്തിന് ജീവിതത്തിലൊന്നും തന്നെ ഇതുവരെ ഞാൻ സാക്ഷാത്കരിച്ചിട്ടില്ലെന്നും ഇനി വേണം സാക്ഷാത്ക്കരിക്കാനെന്നും എനിയ്ക്കറിയാവുന്ന പൊട്ടഹിന്ദിയിൽ പറഞ്ഞൊപ്പിക്കും. അവർക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നുവോ ആവോ?

പുതുതായി ജോലിക്ക് ചേർന്ന എന്നോട് ഓഫീസിൽ കാണുന്നവരൊക്കെ എന്റെ സാക്ഷാത്ക്കാരത്തെക്കുറിച്ച് ചോദിക്കുന്നതിന്റെ പൊരുൾ എനിയ്ക്ക് ഒട്ടും പിടി കിട്ടിയില്ല. ഈ ചോദ്യം ചോദിച്ചവർ മിക്കവരും വെറും ചെറുപ്പക്കാരായിരുന്നു. അല്ലെങ്കിലും ഈ ഐ. ടി. ക്കാരൊക്കെ ചെറുപ്പക്കാരാണല്ലോ? ഞാൻ മധ്യവയസ്ക്കനായതു കൊണ്ട് ജീവിതസ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ സാക്ഷാത്ക്കരിച്ചിട്ടുണ്ടാകും എന്നു കരുതിയിട്ടായിരിക്കും അവരിങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ സമാധാനിച്ചു.

ജോലിക്ക് ചേർന്ന് ദിവസങ്ങൾ പലത് കഴിഞ്ഞെങ്കിലും എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ സാക്ഷാത്ക്കാരത്തെ കുറിച്ച് മാത്രമായിരുന്നു.  എന്നാലും "എന്റെ ലക്ഷ്യങ്ങളൊക്കെ ഞാൻ സാക്ഷാത്ക്കരിച്ചിരിക്കുന്നു" എന്ന് അവരോടൊക്കെ പറയാൻ എനിക്കാവുന്നില്ലല്ലോ എന്ന് ഞാൻ വല്ലാതെ വ്യാകുലപ്പെട്ടു.

ഒരു ദിവസം, കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ ഐ. എ. എസ്. ഇന്റർവ്യൂവിന് ലീവെടുത്ത് പോയി. ഐ. എ. എസ്. സാക്ഷാത്ക്കാറിന് പോകുകയാണെന്നയാൾ എന്നോട് ഹിന്ദിയിൽ പറഞ്ഞത്. ഐ. എ. എസ്. എന്ന മോഹം സാക്ഷാത്ക്കരിച്ചിട്ടേ ഇനി അയാൾ വരൂ എന്നാണ് എനിയ്ക്കന്ന് മനസ്സിലായത്. അല്ലാതെ മറ്റെന്താണ് ഐ. എ. എസ്. ഇന്റർവ്യൂവിന് പോകുന്നവന് സാക്ഷാത്ക്കരിക്കാനുള്ളത്?

അങ്ങനെ ഇരിക്കേയാണ് ഹിന്ദി അറിയാത്തവരൊക്കെ ഹിന്ദി പഠിക്കണമെന്ന ഉത്തരവ് ഓഫീസിലെ നോട്ടീസ് ബോർഡിൽ കണ്ടത്. അധികം വൈകാതെ ഹിന്ദി സെല്ലിലെ ഒരാൾ എന്നെ വന്ന് കണ്ട് അതിനുള്ള ബുക്കും പേപ്പറുകളും ഏൽപ്പിക്കുകയും ചെയ്തു. പലതും എഴുതിയ കൂട്ടത്തിൽ അതിൽ आप एक साक्षात्कार के लिए उपस्थित होना पड़ेगा എന്നുകൂടി എഴുതിയിരുന്നു. അതിന്റെ പുറകിൽ കൊടുത്ത ഇംഗ്ലീഷ് ട്രാൻസ്ലേഷൻ (You have to appear for an interview) നോക്കിയപ്പോഴാണ് എനിയ്ക്ക് ഈ "ഉത്തരേന്ത്യൻ സാക്ഷാത്ക്കാരം" എന്താണെന്ന് മനസ്സിലായത്.

ഉത്തരേന്ത്യയിൽ സാക്ഷ്ത്ക്കാരത്തിനുള്ള അവസരങ്ങൾ വളരെയധികമുണ്ടെന്ന് എനിയ്ക്ക് മനസ്സിലായിരുന്നെങ്കിലും എന്റെ ലക്ഷ്യസാക്ഷാത്ക്കാരം ഒരു മരീചിക തന്നെ എന്ന് അപ്പോഴാണ് ശരിക്കും ബോദ്ധ്യപ്പെട്ടത്. ഉത്തരേന്ത്യയിലേക്ക് ചാടിപുറപ്പെട്ടതിലെ മണ്ടത്തരം ഞാനപ്പോൾ ഓർക്കാതിരുന്നില്ല. ങാ, മരിക്കുന്നതിനുമുമ്പ് എന്തെങ്കിലുമൊക്കെ  സാക്ഷാത്ക്കരിക്കപ്പെട്ടേക്കും.  'अच्छे दिन' വരുന്നുണ്ട് എന്നല്ലേ നമ്മുടെ മോദിജി നമ്മോട് പറയുന്നത്?

കാലം ഇപ്പോൾ കുറച്ചായി. ഓഫീസിൽ പുതുതായി വരുന്ന ഉദ്യോഗാർത്ഥികളുടെ സാക്ഷാത്ക്കാരമൊന്നും ഇപ്പോൾ ഞാനില്ലാതെ നടക്കാറില്ല. ചെറുപ്പത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഈ ഒരു കാര്യം ഞാനേതായാലും ഇപ്പോൾ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

ഞാനിത് കുത്തിക്കുറിക്കുമ്പോൾ ടിവിയിൽ ചുംബനസമരത്തെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. ആണും പെണ്ണും ശാരീരികബന്ധം പുലർത്തി എന്നു പറഞ്ഞ് എന്തെങ്കിലും അടിച്ചു തകർക്കപ്പെടണമെന്ന എന്റെ ആഗ്രഹം ആരെങ്കിലും സാക്ഷാത്ക്കരിക്കണമേ എന്നു മാത്രമേ എനിക്കീ വാർത്തകൾ കാണുമ്പോൾ പറയാനുള്ളൂ. ഒരു ചുംബനസമരമൊന്നും കാഴ്ചക്ക് പോരാ.

    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *     *     *     *    *

സാക്ഷാത്ക്കാരം (മലയാളം) - നിറവേറ്റൽ
സാക്ഷാത്ക്കാരം (ഹിന്ദി) - Interview (കൂടിക്കാഴ്ച)