2014, നവംബർ 14, വെള്ളിയാഴ്‌ച

പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ

നാട്ടിൽ നടക്കുന്ന ശുചിത്വഭാരതം പരിപാടിയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.  നേതാക്കന്മാരൊക്കെ ചപ്പുചവറുകൾ വാരുന്നതേ മാദ്ധ്യമങ്ങളിൽ കണ്ടുള്ളൂ. ആരും കക്കൂസുകളോ റെയിൽവേസ്റ്റേഷനിലെ റെയിൽവേ ട്രാക്കുകളോ വൃത്തിയാക്കുന്നത് കണ്ടില്ല. അത് കുറച്ച് കടുപ്പമായിരിക്കും.

ശുചിത്വഭാരതം പരിപാടിക്ക് മുമ്പ് തന്നെ തുടങ്ങിയതാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കക്കൂസുകൾക്ക് വേണ്ടിയുള്ള സ്ത്രീകളുടെ മുറവിളികൾ. ഉത്തർപ്രദേശിൽ ഈയിടെ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത്, കൊന്ന്, മരത്തിൽ കെട്ടിത്തൂക്കിയത് അവർ പൊതുസ്ഥലത്ത് ഒന്നിനോ രണ്ടിനോ പോയപ്പോഴായിരുന്നു. മലമൂത്രവിസർജ്ജനത്തിന് സൗകര്യമില്ല എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ വധു വരന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ഇപ്പോൾ അവിടെ അത്ഭുതമല്ല. കക്കൂസ് നിർമ്മിക്കാനായി ഈയിടെ ഒരു മഹാരാഷ്‌ട്രക്കാരി തന്റെ താലി വിറ്റെന്നും വനിതാമന്ത്രി ചെന്ന് പുതിയ താലി പണിയിച്ചു കൊടുത്ത് എന്നും മറ്റും ഞാനീയിടെ പത്രത്തിൽ വായിച്ചു. സ്കൂളുകളിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലേ അംഗീകാരം കൊടുക്കൂ എന്നോ മറ്റോ ആണ് കേരളമന്ത്രിമാർ ഇപ്പോൾ പറയുന്നതത്രെ.

ഈ വാർത്തകളൊക്കെ ആയിരിക്കാം പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിൽ വളർത്തിയത്. അപ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വന്നത് തിരുവനന്തപുരത്തും (തമ്പാനൂർ) കൊല്ലത്തും ഉള്ള കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ പബ്ലിക് കംഫർട്ട് സ്റ്റേഷനുകളായിരുന്നു. ഞാൻ പറയുന്നത് 8-10 കൊല്ലം മുമ്പുള്ള കാര്യമാണു കെട്ടോ? ഇപ്പോഴതൊക്കെ അവിടെ ഉണ്ടോ ആവോ?  അന്നൊന്നും ഇപ്പോൾ സുലഭമായ 'സുലഭ് ടോയ്‌ലെറ്റ്' ഇല്ലായിരുന്നു. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്കുള്ള ബസ് യാത്രയിൽ ഈ രണ്ട് പബ്ലിക് കംഫർട്ട് സ്റ്റേഷനുകളിലും ഞാൻ ഓരോ തവണ കയറിയിട്ടുണ്ട്. ഒരു തവണ മാത്രം! അതു തന്നെ എന്റെ മൂക്കിന്റെ ഘ്രാണശക്തി കുറവായിരുന്നതു മൂലം. പിന്നീടൊരിക്കലും അവിടെ കയറിയിട്ടില്ല.

"ശൗചാലയം" എന്നായിരുന്നൂ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾക്ക് മലയാളത്തിൽ പറഞ്ഞിരുന്നത്. പക്ഷേ എവിടേയും അവയുടെ സ്ഥിതി വളരെ ശോചനീയമാണല്ലോ?. അതുകൊണ്ടായിരിക്കാം ഇപ്പോഴവയെ "ശോചനാലയം" എന്നു വിളിക്കുന്നത്. വിദ്യാ ബാലന്റെ പരസ്യത്തിൽ "ശോചനാലയം" എന്നാണ് കക്കൂസിന് പറയുന്നത്.  ഈ ഭോജനാലയത്തിൽ പോകുന്നവർക്കെല്ലാം പോകേണ്ടതുകൊണ്ടാണോ ആവോ ഇപ്പോഴിതിന് ശോചനാലയം എന്നു പറയ്ന്നത്? പറയുമ്പോൾ ഒരു പ്രാസമൊക്കെ വേണ്ടേ? അതായിരിക്കും.

ഞാൻ പബ്ലിക് കംഫർട്ട് സ്റ്റേഷനെക്കുറിച്ചും ആ സ്റ്റേഷനിൽ ആദ്യമായി കയറിയ വ്യക്തിയെക്കുറിച്ചും ചിന്തിച്ചു. 'പബ്ലിക്' എന്നാൽ പരസ്യമായ, രഹസ്യമല്ലാത്ത എന്നൊക്കെയാണർത്ഥം. കംഫർട്ട് എന്നാൽ ആശ്വാസം, സുഖം എന്നൊക്കെയും... അപ്പോൾ "പരസ്യമായി ഒന്നാശ്വസിച്ചു കളയാം" എന്ന് ആദ്യമായി അവിടെ കയറിയ വ്യക്തി കരുതിയിരിക്കണം. അതല്ലെങ്കിൽ 'പബ്ലിക്' എന്നെഴുതിയ അത്തരം സ്ഥലത്ത് ആര് പോകും? പക്ഷേ, ആ പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ മൂത്രപ്പുരയും കക്കൂസ്പുരയും വളരെ വൃത്തിയായി കിടന്നതു കാരണം അയാൾക്ക് നിരാശയായിരുന്നിരിക്കണം ഫലം. ആകെ അടുച്ചുറപ്പാക്കിയ ആ മുറികളിൽ പരസ്യമായ ആശ്വാസം എങ്ങനെ സാധിക്കും? അയാൾ രഹസ്യമായി അവിടെ ഇരുന്നോ നിന്നോ കാര്യങ്ങൾ സാധിച്ചിരിക്കണം. അങ്ങനെ കാര്യങ്ങൾ സാധിക്കുമ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ? അപ്പോൾ അയാൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" അല്ലേ എന്ന് തീർച്ചയായും സംശയിച്ചിരിക്കണം. സ്റ്റേഷനിൽ കാര്യങ്ങൾ രഹസ്യമായി ചെയ്യുമ്പോൾ അതിനെ എങ്ങനെ 'പരസ്യാശ്വാസകേന്ദ്രം' എന്നു വിളിക്കും? അവിടെ ഇരുന്നപ്പോൾ അയാൾ ഇനി അവിടെ വരാനുള്ള ആളുകളെ കുറിച്ച് ചിന്തിച്ചിരിക്കണം.

"ഇനി ഇവിടെ കയറുന്നവർക്ക് പരസ്യമായി കംഫർട്ട് കിട്ടണമെങ്കിൽ ഞാൻ എന്തു ചെയ്യണം?" ഉയർന്ന പൗരബോധമുള്ള അയാൾ അവിടെ ഇരുന്ന് ഗാഢമായി ചിന്തിച്ചു.  ഇപ്പോൾ ഇതൊരു "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണ്. ഇതിനെ ഒരു "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആക്കിയാലേ അത് സാധിക്കൂ എന്നയാൾക്ക് മനസ്സിലായി. "ചിന്തിക്കൂ, ഉത്തരം കിട്ടും" എന്നല്ലേ ആപ്തവാക്യം. അയാൾക്ക് ഉത്തരം കിട്ടുക തന്നെ ചെയ്തു.  അയാൾ വേഗം എഴുന്നേറ്റ് പുറത്ത് കടന്നു. വെള്ളമൊഴിക്കാനോ ആ സ്ഥലം വൃത്തിയാക്കാനോ അയാൾ മെനക്കെട്ടില്ല. വെള്ളമൊഴിച്ചു വൃത്തിയാക്കിയാൽ രണ്ടാമതായി വരുന്ന ആൾക്കും തന്നെപ്പോലെ രഹസ്യമായി കാര്യം സാധിക്കേണ്ടിവരുമല്ലോ എന്നയാൾ സങ്കടപ്പെട്ടു.

അധികനേരം കഴിഞ്ഞില്ല; പബ്ലിക് കംഫർട്ട് സ്റ്റേഷൻ എന്നു പേരുള്ള ആ പുതുപുത്തൻ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ നാറാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമതു വന്ന ആൾ അതിന്റെ വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് മൂത്രമൊഴിച്ച് തിരിച്ചു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആ പുതിയ കെട്ടിടമാകെ മലമൂത്രങ്ങളുടെ നാറ്റം തുടങ്ങി. അവിടന്നങ്ങോട്ട് വരുന്നവരെല്ലാം ആ കെട്ടിടത്തിന്റെ പുറത്ത് കാര്യങ്ങൾ പബ്ലിക് ആയി സാധിച്ച് സാധിച്ച് തിരിച്ച് പോയി. പിന്നീടതൊരു പതിവായി. ഇങ്ങനെയാണ് കെ.എസ്.ആർ.ടി.സി.യിലും നാടിന്റെ മറ്റു ഭാഗങ്ങളിലും "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" നിലവിൽ വന്നത്. "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" എന്ന ഈ ആശയം സാർവ്വത്രികമായതുകൊണ്ടാകാം ഇന്ത്യയിലെ റെയിൽവേ ട്രാക്കുകളിലും ഉത്തരേന്ത്യൻ നഗരങ്ങളിലും ചേരി പ്രദേശങ്ങളിലും എല്ലാം ആളുകൾ ഇപ്പോൾ വളരെ 'പബ്ലിക്' ആയിട്ടാണ് അവരുടെ കാര്യങ്ങൾ സാധിക്കുന്നത്.  അങ്ങനെയുള്ള ഒരു പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് ഞാൻ താഴെ  ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.


ഇപ്പോൾ എനിക്കൊരു സംശയമേ ഉള്ളൂ; നമ്മുടെ ആളുകൾക്ക് വേണ്ടത് "പബ്ലിക് കംഫർട്ട് സ്റ്റേഷൻ" ആണോ അതോ  "പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആണോ എന്ന്!

"പ്രൈവറ്റ് കംഫർട്ട് സ്റ്റേഷൻ" ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. അപ്പോൾ ചുംബനം, ആലിംഗനം എന്നിങ്ങനെയുള്ള നമ്മുടെ പുതിയ അവകാശങ്ങൾക്കും ഈ പ്രൈവറ്റ് കംഫർട്ട് സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കാമല്ലോ. 

അഭിപ്രായങ്ങളൊന്നുമില്ല: