2014, നവംബർ 15, ശനിയാഴ്‌ച

ഗംഗാജല വിതരണം

അഞ്ചു വർഷം മുമ്പാണ് ഞാൻ നോയ്ഡയിലെത്തിയത്. 'ട്രിഡ' എന്ന ട്രിവാൻഡ്രം ഡവലപ്മെന്റ് അതോറിട്ടി പോലെയോ 'വുദ' എന്ന വിശാഖപട്ടണം അർബൻ ഡവലപ്മെന്റ് അതോറിട്ടി പോലെയോ ഉള്ള ഒരു ഡവലപ്മെന്റ് അതോറിട്ടിയാണ് 'നോയ്ഡ' എന്നറിയപ്പെടുന്ന ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി. നാട്ടിൻപുറത്ത് ജനിച്ചതുകൊണ്ടും നടന്ന് നല്ല ശീലമുള്ളതുകൊണ്ടും നോയ്ഡയിൽ എത്തിയ അന്നുമുതൽ തുടങ്ങിയതാണ് ഓഫീസിൽ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള എന്റെ നടത്തം. 
നടക്കുമ്പോൾ ആദ്യദിവസം തന്നെ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ വട്ടത്തിലുള്ള ചെറിയ ഒരു ഇരുമ്പ്ബോർഡ് വഴിയോരത്തായി എന്റെ കണ്ണിൽ പെട്ടു. അതാണ് ഞാൻ മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അപ്പോൾ ഞാനതത്ര ഗൗനിച്ചില്ല. വഴിയിൽ എവിടെയെല്ലാം എന്തെല്ലാം കാണുന്നൂ, അതൊക്കെ ഗൗനിക്കാൻ നിന്നാൽ പിന്നെ അതിനേ സമയം കാണൂ. ഞാൻ മുന്നോട്ട് നടന്നു. 

മുന്നോട്ട് നടക്കവേ രണ്ട് ഫർലോങ്ങ് കഴിയുമ്പോൾ അതേ ബോർഡ് വീണ്ടും കാണുകയുണ്ടായി. അപ്പഴും ഞാൻ അതങ്ങു വിട്ടു കളഞ്ഞു. പക്ഷേ ഞാൻ മുന്നോട്ട് പോകവേ "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഈ ബോർഡുകൾ കൂടെക്കൂടെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും ഒരു കാര്യം എനിയ്ക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിന്റെ അടിയിലൂടേ ഒരു പൈപ്പ് ലൈൻ പോകുന്നുണ്ടെന്നും അതിന്റെ സ്ഥാനം കാണിക്കാനാണ് മണ്ണിന് പുറത്ത് ഈ ഇരുമ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നുമായിരുന്നു ഞാൻ മനസ്സിലാക്കിയ ആ കാര്യം. അപ്പോൾ എനിയ്ക്കുണ്ടായ അത്ഭുതം ചില്ലറയൊന്നുമല്ലായിരുന്നു. 

പൈപ്പ് ലൈൻ വഴി നോയ്ഡയിലെ ജനങ്ങൾക്ക് ഗംഗാജലം വിതരണം ചെയ്യുന്നു എന്നത് എന്റെ ചിന്തയ്ക്കും എത്രയോ അപ്പുറത്തായിരുന്നു. അതായിരുന്നു ഞാൻ അത്ഭുതപ്പെടാൻ കാരണം. ദക്ഷിണേന്ത്യക്കാർക്ക് അൽപ്പം ഗംഗാജലം കിട്ടാനുള്ള പെടാപ്പാട് ഞാനപ്പോൾ മനസ്സിലോർത്തു. ഗംഗാജലത്തിന്റെ മാഹാത്മ്യം അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.  ഗംഗാജലത്തിന്റെ സ്പർശമേറ്റിട്ടുള്ളവൻ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെ പോലെയും ഗംഗാജലം ലഭിക്കാത്ത പ്രദേശങ്ങൾ ചന്ദ്രനില്ലാത്ത രാത്രി പോലെയും ആയിരിക്കുമെന്ന് ഞാൻ കേട്ടിരുന്നു. ദു:ഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യജലസ്പർശത്താൽ സന്തുഷ്ടരായിത്തീരുമെന്നും അപ്രകാരം ഗംഗാജലം സർവ്വപാപവിനാശത്തിനു ഹേതുവാണെന്നും ഞാനെവിടെയോ വായിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അറിയാവുന്ന ഞാൻ നോയ്ഡക്കാരുടെ സൗഭാഗ്യമോർത്ത് അസൂയപ്പെട്ടു. 

അപ്പോൾ ഞാൻ ചിന്തിച്ചത് ഒരു മതേതരരാജ്യത്ത് ഇങ്ങനെ ഹിന്ദുക്കൾക്ക് വേണ്ടി ഗംഗാജലം വിതരണം ചെയ്യുന്നതിന് പൊതുമുതൽ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ പ്രവണതയല്ലേ എന്നാണ്? മായാവതിയാണ് അപ്പോൾ ഉത്തർപ്രദേശ് ഭരിച്ചുകൊണ്ടിരുന്നത്. ഇത് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സോപ്പിട്ട് ചാക്കിലാക്കി വോട്ട് തട്ടാനുള്ള മായാവതിയുടെ വർഗ്ഗീയ അജണ്ടയായിരിക്കുമെന്ന് ഞാനപ്പോൾ തീർച്ചയാക്കി. പക്ഷേ ഈ കോൺഗ്രസ്സോ മുലായം സിങ്ങ് യാദവോ മാർക്സിസ്റ്റ് പാർട്ടിയോ മായാവതിയുടെ ഇത്തരം വർഗ്ഗീയ അജണ്ടകളെ എതിർക്കാത്തതെന്താണെന്ന എന്റെ തന്നെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താൻ അപ്പോളെനിക്കായില്ല.  ഒന്നുമില്ലെങ്കിലും ന്യൂനപക്ഷമല്ലാത്ത മതന്യൂനപക്ഷങ്ങളെങ്കിലും ഈ അനീതിക്കെതിരേ ശബ്ദമുയർത്തേണ്ടതായിരുന്നുവെന്ന് ഞാൻ ഓർത്തു. 

നോയ്ഡയിലെ ഈ ഗംഗാജലത്തിന്റെ സബ്സ്ക്രിപ്ഷൻ എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു പക്ഷേ എല്ലാ ഹിന്ദുക്കളും ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകാമെന്ന് ഞാൻ കരുതി. അതല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ എടുക്കുന്നതു പോലെ താല്പര്യമുള്ളവർ മാത്രമേ ഈ ഗംഗാജലത്തിന്  കണക്ഷനെടുത്തിട്ടുണ്ടാകൂ എന്നും ഞാൻ ചിന്തിച്ചു. ഹിന്ദുക്കളിലും ഉണ്ടല്ലോ വിശ്വാസികളല്ലാത്തവർ. ഹിന്ദുക്കളിലും ഉണ്ടല്ലോ ഗംഗാജലത്തെ തള്ളിപ്പറയുന്നവർ.  എന്തായാലും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലിരുന്ന് ഗംഗാജലത്തിൽ കുളിക്കാനുള്ള നോയ്ഡക്കാരുടെ സൗഭാഗ്യമോർത്തപ്പോൾ എനിക്കവരോട് കണക്കില്ലാത്ത അസൂയ തോന്നി. ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഗംഗാജലത്തിൽ കുളിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടാകാം ഈ നോയ്ഡക്കാരെല്ലാം വലിയ സുഖത്തോടേയും സൗകര്യത്തോടേയും ധനധാന്യസമൃദ്ധിയോടേയും ജീവിക്കുന്നത് എന്ന് ഞാൻ വിശ്വസിച്ചു. 


3000 കിലോമീറ്റർ യാത്ര ചെയ്തു വന്നാലല്ലേ ദക്ഷിണേന്ത്യക്കാർക്ക് ഒരു തുള്ളി ഗംഗാജലം കിട്ടൂ എന്ന് ഞാനപ്പോൾ ദു:ഖത്തോടെ ഓർത്തു.  നോയ്ഡയിലേക്ക് കുടുംബസമേതം സ്ഥിരമായി താമസം മാറ്റുകയാണെങ്കിൽ ഗംഗാജലത്തിൽ കുളിച്ച് മോക്ഷം പ്രാപിക്കാമല്ലോ എന്ന് ഞാൻ ആഗ്രഹിച്ചു.   എന്നാൽ  ഈ പൈപ്പ് ലൈനുകൾ കേരളത്തിലേക്ക് നീട്ടാൻ ഒരു 'ഭഗീരഥൻ' ജന്മമെടുത്തിരുന്നുവെങ്കിൽ നമ്മൾ എല്ലാ കേരളീയർക്കും ഗംഗാജലത്തിൽ കുളിച്ച് മരിക്കാമായിരുന്നു എന്ന് ഞാനപ്പോൾ പകൽക്കിനാവ് കണ്ടു. ഗംഗാജലത്തിൽ കുളിച്ച് മരിക്കാനാകാത്തതുകൊണ്ടാണോ ഈശ്വരാ ഈ മലയാളികളിങ്ങനെ മദ്യത്തിൽ കുളിച്ച് നടക്കുന്നത് എന്നും ഞാൻ സംശയിച്ചു.



നോയ്ഡയിലുള്ള മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇനി ഈ ഗംഗാജലത്തിന് സബ്സ്ക്രൈബ് ചെയ്യുന്നുണ്ടാകുമോ എന്നറിയാൻ എനിയ്ക്ക് കൗതുകം തോന്നി.  ഇനി ഒരു പക്ഷേ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ ഗംഗാജലത്തിൽ കുളിച്ച് ഇപ്പോൾ ഹിന്ദുക്കളായി മാറിയിട്ടുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. ഇനി ഒരു പക്ഷേ ഗംഗാജലം ഹറാമാണെന്ന് പറഞ്ഞ് അവരൊക്കെ നോയ്ഡയിൽ നിന്ന് പണ്ടേ സ്ഥലം കാലിയാക്കിയിട്ടുണ്ടാകുമെന്നും ഞാൻ കരുതി. പക്ഷേ അതൊക്കെ എങ്ങനെ അറിയാനാണ്? ഇനി ഓഫീസിൽ ആരോടെങ്കിലും ഇമ്മാതിരി കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ ഒരു പക്ഷേ ഞാനൊരു വർഗ്ഗീയവാദിയാണെന്ന് കരുതാനും മതി. അതുകൊണ്ട് ആരോടും ഒരും സംശയവും ചോദിക്കാതെ എന്റെ ആകാംക്ഷകളെല്ലാം ഉള്ളിലൊതുക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കി.


എല്ലാ ദിവസവും കുളിക്കാൻ കുറച്ച് ഗംഗാജലം കിട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഈ ഗംഗാജലവിതരണലൈനിൽ എവിടെയെങ്കിലും ഒരു വാട്ടർ ടാപ്പ് ഉണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒരു കുളി പാസാക്കാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഗംഗാജലത്തിൽ കുളിച്ച് ഞാനും ഈ നോയ്ഡക്കാരെപ്പോലെ സമ്പന്നനും സർവ്വപ്രതാപിയും ഒക്കെ ആകുന്ന കാര്യം ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഒരു ദിവസം ഞാൻ രണ്ടു കിലോമീറ്ററോളം ഈ ഗംഗാജലവിതരണലൈനിന്റെ കൂടെ നടന്നു നോക്കിയെങ്കിലും എനിയ്ക്ക് എവിടെയും ഒരു വാട്ടർ ടാപ് കാണാനായില്ല. പവിത്രമായ ഈ ഗംഗാജലം അങ്ങനെ വാട്ടർ ടാപ്പിലൂടെ ഒഴുക്കിക്കളയാനുള്ളതാണോ? വല്ല കാക്കയോ പട്ടിയോ ആ വാട്ടർ ടാപ് അശുദ്ധമാക്കിയാലോ? മാത്രമല്ല, ഇനി വല്ല അഹിന്ദുവും അതിൽ കുളിച്ച് അശുദ്ധമാക്കിയാൽ പിന്നെ ഈ പുണ്യജലം വിതരണം ചെയ്തിട്ട് കാര്യവുമുണ്ടോ? 

ഈ ഗംഗാജലം വിതരണം ചെയ്യുന്നതാരാണാവോ? വല്ല ഹിന്ദുസംഘടനകളും ആകാം അത് നടത്തുന്നത്. അല്ലാതെ ആരാ ഇപ്പൊ ഗംഗാജലം വിതരണം ചെയ്യാൻ മെനക്കെടുക? അവർ ഗംഗാജലം വിതരണം ചെയ്യാനുള്ള ഒരു ചില്ലറ വില്പന കേന്ദ്രം തുടങ്ങിയിരുന്നെങ്കിൽ, പണം കൊടുത്തെങ്കിലും ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കാമായിരുന്നൂ എന്ന് ഞാൻ മോഹിച്ചു. എന്റെ മോഹങ്ങളെ വെറുതെയാവാൻ ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടാണ് ഒരു ദിവസം ഓഫീസിൽ നിന്ന് ലീവെടുത്ത്, കാലത്ത് തന്നെ ഒരു പ്ലാസ്റ്റിക്ബക്കറ്റുമെടുത്ത് ഞാൻ യാത്ര പുറപ്പെട്ടത്. നോയ്ഡയിൽ ഗംഗാജലം വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു വിതരണക്കാരും അവർക്കൊരു ഓഫീസും അവിടെ കുറേ ഗംഗാജലവും ഉണ്ടാകുമെന്ന സുചിന്തിതമായ എന്റെ അറിവായിരുന്നൂ ആ യാത്രയുടെ പുറകിൽ. രാവിലെ കുളിച്ച പാടേ നെറ്റിയിൽ കുറേ ഭസ്മം ഞാൻ വാരിപ്പൂശിയിരുന്നു. എന്നെ കണ്ടാൽ ഒരു ഹിന്ദുവാണെന്ന് തോന്നണമല്ലോ. അല്ലെങ്കിൽ ഗംഗാജലം കിട്ടാതെ പോയാലോ? 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നെഴുതിയ ഇരുമ്പുബോർഡുകളെ ഒന്നൊന്നായി പിന്തള്ളി ഞാൻ മുന്നോട്ട് നടന്നു. ഒരു ബക്കറ്റ് ഗംഗാജലം സ്വന്തമാക്കിയിട്ടേ തിരിച്ച് വീട്ടിലേക്കുള്ളൂ എന്ന എന്റെ തീരുമാനം എന്നെ മുന്നോട്ട് നയിച്ചു. ഞാൻ പിന്നിട്ട "നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്ന അല്പം ചില ബോർഡുകളുടെ ചിത്രങ്ങളാണ് ഞാൻ മേലേ കൊടുത്തിട്ടുള്ളത്. നടന്നു നടന്ന് ഞാൻ എത്തിയത് ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ മുന്നിലായിരുന്നു.


അടഞ്ഞു കിടന്ന അതിന്റെ ഗെയ്റ്റിൽ "ഭൂമിഗത് ജലാശയ് (ഗംഗാജൽ) സെക്റ്റർ - 62, നോയ്ഡ എന്ന വലിയ ബോർഡും ഉണ്ടായിരുന്നു. ഇവിടെയാണ് ഗംഗാജലം ശേഖരിച്ച് വച്ചിട്ടുള്ള ഭൂഗർഭ റിസർവോയർ എന്ന് എനിയ്ക്ക് അപ്പോൾ മനസ്സിലായി. ബക്കറ്റും പിടിച്ച് ഗേറ്റിനു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടിട്ടാകണം, ഒരാൾ പുറത്തേക്കിറങ്ങി വന്നു.

ഞാനൊരു അടിയുറച്ച ഹിന്ദുവാണെന്നും പരമശിവന്റെ വലിയ ഭക്തനാണെന്നും കൈലാസം വരെ നടന്നു പോയിട്ടുണ്ടെന്നും മാനസസരോവരത്തിൽ നാലു ദിവസം തുടർച്ചയായി മുങ്ങിക്കുളിച്ചിട്ടുണ്ടെന്നും പക്ഷേ കയ്യിലിരിപ്പ് മോശമായതിനാൽ ഇപ്പോഴും പാപഭാരങ്ങളുടെ ഒരു ചുമടുമായാണ് നടക്കുന്നതെന്നും മരിച്ചുപോകുമ്പോൾ സ്വർഗ്ഗത്തിൽ പോകാനാണ് ആഗ്രഹമെന്നും ഇതുവരെ ഗംഗാജലത്തിൽ കുളിക്കാൻ ഭാഗ്യം കിട്ടാത്ത ഞാൻ കേരളത്തിൽ നിന്നാണെന്നും ഒരു ബക്കറ്റു് ഗംഗാജലം കിട്ടിയാൽ മോക്ഷപ്രാപ്തിക്കായി ഒരു കുളി പാസാക്കാമായിരുന്നുവെന്നും  ന്യായമായ നിരക്കിൽ ഗംഗാജലത്തിന് പണം തരാമെന്നുമൊക്കെ ഞാൻ അയാളോട് എനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.  ഇത്രയും നടന്നിട്ട് ഒരു ബക്കറ്റ് ഗംഗാജലം കിട്ടാതെ പോകരുതല്ലോ!

ബക്കറ്റും പിടിച്ച് നിൽക്കുന്ന എന്റെ ഇംഗിതം മനസ്സിലാക്കിയ അയാൾ പറഞ്ഞു. "സഹോദരാ,  നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ; ഇത് കേരളത്തിലെ വാട്ടർ അതോറിട്ടി പോലെ ഇവിടുത്തെ വാട്ടർ അതോറിട്ടിയാണ്. നിങ്ങൾ കണ്ടത് വീടുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന കുഴലുകളും.  നോയ്ഡയിൽ ജാതിമതഭേദമെന്യേ ആളുകൾ കുടിക്കുന്നതും കുളിക്കുന്നതും ഈ വെള്ളമാണ്. ഹൃഷികേശിൽ നിന്ന് എത്തിക്കുന്നതുകൊണ്ടാണ് ഇതിന് ഗംഗാജലം എന്ന് പറയുന്നത്."

വിഡ്ഡിയായ ഞാൻ പിന്നെ അവിടെ നിന്നില്ല. കാലിയായ ബക്കറ്റുമായി ഞാൻ  വേഗം തിരിച്ചു നടന്നു. വീട്ടിൽ കിട്ടുന്ന വെള്ളം വാങ്ങാൻ വാട്ടർ അതോറിട്ടി വരെ നടന്നവനെ ആരും കാണരുതല്ലോ? അതുകൊണ്ട്  ഞാൻ വേഗം ബക്കറ്റെടുത്ത് തലയിൽ കമഴ്ത്തി. 

"നോയ്ഡ ഗംഗാജൽ വിതരൺ ലൈൻ" എന്നതിനു പകരം "നോയ്ഡ ജൽ വിതരൺ ലൈൻ" എന്നോ "നോയ്ഡ പാനി വിതരൺ ലൈൻ" എന്നോ  എഴുതിയിരുന്നെങ്കിൽ  ഞാനിങ്ങനെയൊരവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നല്ല്ലോ എന്ന് ഞാനപ്പോൾ ഓർത്തു.

2 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

ഈ നടത്ത നേരെ കാശിയിലേയ്ക്കു ആയിരുന്നുവെങ്കിൽ ഗംഗാ സ്നാനം നടത്തി മോക്ഷ പ്രാപ്തി നേടി വരാമായിരുന്നു. ങാ. തലവര. മുജ്ജന്മ പാപം.

ആൾരൂപൻ പറഞ്ഞു...

5 വർഷം മുമ്പ് "ഗംഗാജലവിതരണലൈൻ" എന്ന് കണ്ടപ്പോൾ എന്റെ മനസ്സിലുദിച്ച ഒരു സംശയം ഈയിടെ വെറുതെ ഇരുന്നപ്പോൾ വാക്കുകളാക്കി പുറത്തെടുത്തതാണ് ഇത്. 
വാക്കുകളെ താങ്ങി നിർത്താൻ കുറച്ച് ഫോട്ടോകളെടുക്കുകയും ചെയ്തു.  'നേരം പോക്കാൻ വേണ്ടി' മാത്രം എഴുതിയ ഒരു 'നേരമ്പോക്ക്' മാത്രമാണിത്.