2014, നവംബർ 16, ഞായറാഴ്‌ച

ശുചീകരണരംഗത്തെ വെല്ലുവിളികൾ

ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് വരെ കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ മുമ്പന്തിയിലായിരുന്നു. അക്കാലത്തൊക്കെ ഞാൻ തിരുവനന്തപുരത്തായിരുന്നു താമസം. 'ത്രിവേന്ദ്രം' വളരെ വൃത്തിയുള്ള സ്ഥലമാണെന്ന് അക്കാലത്ത് അവിടെ വരുന്ന ഉത്തരേന്ത്യക്കാർ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ നമ്മൾ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കഴിച്ചുകൊണ്ടിരുന്നത്. അന്നൊന്നും ഈ 'ഷവർമ്മ'യെന്താണെന്നൊന്നും നമ്മൾ കേരളീയർക്കറിയില്ലായിരുന്നുവല്ലോ? അന്നൊക്കെ നമ്മൾ മുളകരച്ചു വച്ച കൂട്ടാനും കൊത്തമ്പാല അരച്ചുവച്ച സാമ്പാറും ഒക്കെയാണ് കഴിച്ചിരുന്നത്.  പിന്നീടാണ് നമ്മൾ പുതിയ കാഴ്ചപ്പാടും പുതിയ സംസ്കാരവും കൈക്കൊണ്ടത്.  അപ്പോഴാണ് മുളക് പൊടി, മല്ലിപ്പൊടി എന്നിങ്ങനെ പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത 'പാക്ക്ഡ് ഫുഡ്' സംസ്കാരത്തിലേക്ക് നമ്മൾ മാറിയത്.   മോരിൻ വെള്ളത്തിനും നാരങ്ങ വെള്ളത്തിനും പകരം നമ്മൾ കൊക്കോകോള, സ്പ്രൈറ്റ് എന്നിങ്ങനെയുള്ള നല്ല ഉശിരൻ പാനീയങ്ങൾ സ്വായത്തമാക്കി.  അങ്ങനെയാണ് "എന്തു ചെയ്താലും എന്തെങ്കിലുമൊക്കെ വെയ്സ്റ്റ് ഉണ്ടാകുക" എന്ന അവസ്ഥ സംജാതമായത്.  അങ്ങനെ പുതിയൊരു ഉപഭോഗ സംസ്കാരം നമ്മൾ അഭിമാനപൂർവ്വം കൈക്കൊള്ളുകയും മുറുകെപ്പിടിക്കുകയും ചെയ്തു. അപ്പോൾ മുതലാണ് വീടുകളിൽ നിന്ന് കൊട്ടക്കണക്കിന് മാലിന്യങ്ങൾ റോഡിലേക്കു് വലിച്ചെറിയുക എന്ന നവസംസ്കാരം നമ്മൾ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ കേരളത്തിന്റെ നാടും നഗരവും മാത്രമല്ല മുക്കും മൂലയും വരെ നാറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ 'കേരളം നാറ്റിച്ചു' എന്നു സാരം.

ഈയിടെ നമ്മൾ കൊച്ചിയിൽ നടത്തിയ ചുംബന സമരം ഓർമ്മയില്ലേ? അതോർക്കുമ്പോൾ ഞാനെന്റെ കവിൾ വെറുതേ തടവും. ഒരു കിഴവി പോലും എനിക്കൊരു ഉമ്മ തന്നില്ല; കഷ്ടം. ബാലപീഡനമാകുമോ എന്ന് പേടിച്ച് നവജാതശിശുവിനു പോലും ഞാനൊരു ഉമ്മ കൊടുത്തതുമില്ല. അതിനെന്താ? നമ്മുടെ ചുംബനസമരം ഏറ്റുപിടിക്കാൻ ഹൈദരാബാദിൽ മലയാളികളായ ചുണക്കുട്ടികളുണ്ടായിരുന്നു. അവരവിടെ എന്നെപ്പോലെയുള്ളവരെ കൊതിപ്പിച്ചുകൊണ്ട് ഉമ്മവച്ചുമ്മവച്ചു നടന്നു.................... മലയാളികൾ കൊച്ചിയിലും ഹൈദരാബാദിലും മാത്രമല്ലല്ലോ ഉള്ളത്............. അധികം വൈകിയില്ല, ഡൽഹിയിലും ചുംബനസമരം അരങ്ങേറി. അപ്പോഴേക്കും, ഉമിനീരിലൂടെയായിരിക്കണം ഈ ചുംബനാവേശം ഇന്ത്യയൊട്ടുക്കും എബോള പോലെ പടർന്നു കഴിഞ്ഞിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നമ്മുടെ ചുംബനാവേശം ഇന്ത്യയൊട്ടാകെ അലയടിച്ചതുപോലെ നമ്മുടെ ഉപഭോഗസംസ്കാരവും ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു. അനുകരണത്തിൽ (അതും പാശ്ചാത്യരെ) നമ്മൾ ഭാരതീയർക്കു പുറകേ നിൽക്കാനല്ലേ മറ്റു രാജ്യക്കാർക്ക് യോഗ്യതയുള്ളൂ? നമ്മൾ ലെയ്സ് പോലത്തെ 'കുറുകുറ' പലഹാരങ്ങളും ഷവർമ്മയും നമ്മുടെ ഭക്ഷണമാക്കി. ഹോട്ടൽ ഭക്ഷണം സ്റ്റാറ്റസ് സിംബളാക്കി. എത്രയെത്ര പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് നമ്മളിപ്പോൾ ദിവസം തോറും വീട്ടിൽ നിന്ന് പുറന്തള്ളുന്നത്? ഹോട്ടലുകളിൽ നിന്നോ?  അങ്ങനെ ഇന്ത്യയാകെ മാലിന്യക്കൂമ്പാരമായി മാറി. ഞാനിപ്പോൾ താമസിക്കുന്ന ഉത്തരേന്ത്യയിൽ, ഒരാൾ 10 പച്ചക്കറികൾ വാങ്ങുക 10 പ്ലാസ്റ്റിക് കവറുകളിലാണ്. അതെല്ലാം കൂടെ ഇടാൻ പതിനൊന്നാമതൊരു കവറും. പിന്നെ എന്തുവേണം നാടു നന്നാവാൻ?  ഉത്തരേന്ത്യയിലെ, ഉയർന്ന വിദ്യാഭാ(!)സവും പണവും ഉള്ളവൻ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്കവനെ വെടി വയ്ക്കാനാണ് തോന്നുക. ഡൽഹിയിൽ വർഷങ്ങളായി പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്. അതാണ് ഞാൻ കണ്ട ഏറ്റവും വലിയ തമാശ. ഡൽഹിയിൽ ഓരോ കൊല്ലവും ടൺ കണക്കിനായിരിക്കും പ്ലാസ്റ്റിക് വെയ്സ്റ്റ് കുന്നുകൂടുന്നത്. നിയമം കൊണ്ടുനടക്കാനാകില്ലെങ്കിൽ ഗവണ്മെന്റും "വെയ്സ്റ്റ്" ആകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഡൽഹിയിലെ പ്ലാസ്റ്റിക് ഉപഭോഗം. 

മാലിന്യം കൂടുന്നതിനനുസരിച്ച് നാട്ടിൽ മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരുടെ എണ്ണം കൂടിയില്ല. ജനസംഖ്യയ്ക്കൊപ്പം മാലിന്യവും വർദ്ധിച്ചു. ഉണ്ടാകുന്ന ദുർഗ്ഗന്ധത്തിന്റെ അളവും അപ്പോൾ കൂടാതെ തരമില്ലല്ലോ?

റോഡുകളിൽ മാലിന്യം കുന്നുകൂടുന്നത് പോലെ ഓഫീസുകളിൽ ഫയലുകളും കുന്നുകൂടി. 'സർക്കാർ കാര്യം മുറപോലെ' എന്നാകുമ്പോൾ ഫയലുകൾ കുന്നു കൂടാതെ പറ്റില്ലല്ലോ? കേരളത്തിലെ വിദ്യാഭ്യാസവകുപ്പിൽ ഫയലുകൾ നീങ്ങാത്തതുകാരണം ഒരു പാവം ടീച്ചർക്ക് വർഷങ്ങളായി ശമ്പളം കിട്ടാത്ത കാര്യം എനിക്കറിയാം. പാവം, ടീച്ചർ. ഭർത്താവിന്റെ കയ്യിൽ നിന്ന്  ബസ്സ് കൂലിക്ക് പണം വാങ്ങി സ്കൂളിൽ  പോയി പഠിപ്പിക്കുന്ന ആ ടീച്ചറുടെ കാര്യം ഒന്നോർത്തു നോക്കൂ.  വർഷങ്ങളോളമായി ഈ അദ്ധ്യാപനം........ ശമ്പളം കിട്ടുമെന്ന് യാതൊരു  പ്രതീക്ഷയും കൂടാതെ!

മുമ്പൊന്നും നമുക്ക് 20 മണിക്കൂർ പണിയെടുക്കുന്ന പ്രധാനമന്ത്രി ഇല്ലായിരുന്നു. സ്ഥാനം കൂടുന്തോറും മേലനങ്ങാതിരിക്കുക എന്നതാണ് ഔദ്യോഗികധർമ്മം എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സൗകര്യപൂർവ്വം അന്ന് വിശ്വസിച്ചു. അതാകുമ്പോൾ പണിയൊന്നും ചെയ്യേണ്ടല്ലോ?   പാവയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രിയെക്കുറിച്ച് പല കാർട്ടൂണുകളും ആയിടക്ക് കാണുമായിരുന്നു.

മതഭീകരതയും വർഗ്ഗീയതയും ലോകനേതാക്കൾ ചാർത്തിക്കൊടുത്ത തൊട്ടുകൂടായ്മയും ഒക്കെ കാരണമാണോ എന്തോ ഇത്രകാലം നരേന്ദ്രമോദി(ജി) ഗുജറാത്തിൽ ഒതുങ്ങിക്കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് പൊതുതെരഞ്ഞെടുപ്പ് സമയത്തും ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാവേളയിലും ആയിരിക്കണം അദ്ദേഹം ഭാരതമാകെ കുമിഞ്ഞുകൂടിയ ഈ മാലിന്യം കാണാനിടവന്നിട്ടുണ്ടാകുക.  അങ്ങനെയായിരിക്കണം ഈ മാലിന്യം അടിച്ചുവാരാൻ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങിയിരിക്കുക. അതേതായാലും നന്നായി. നാട്ടിൽ മാലിന്യമുണ്ടെന്ന് ഇപ്പോൾ നാട്ടുകാർക്ക് ഒരു തോന്നലുണ്ടായിട്ടുണ്ട്. അതുകൊണ്ടായോ? എനിയ്ക്ക് മനസ്സിലാകാത്തത് ഈ കോരിയെടുത്ത മാലിന്യമെല്ലാം മോദിജി എന്തു ചെയ്തു എന്നാണ്? അതിനെ കുറിച്ച് ആരും ഒന്നും എഴുതിക്കണ്ടില്ല. ഇവിടെ നിന്ന് കോരുന്നത് അവിടെ കൊണ്ടുപോയി ഇടുകയാണെങ്കിൽ അതിലെന്തു മാലിന്യനിർമ്മാർജ്ജനം? ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കാക്കുന്നതിന് ചികിത്സ എന്ന് പറയാമോ?  അവിടെയാണ് അബ്ദുൾകലാം ഇന്നലെ പറഞ്ഞതിന്റെ പ്രസക്തി കിടക്കുന്നത്.

ആന്റീബയോട്ടിക്കുകളുടെ ഉപയോഗത്തിനല്ല, രോഗപ്രതിരോധശക്തി വളർത്തി എടുക്കുന്നതിനാകണം ആതുരസേവനരംഗം ശ്രദ്ധ നൽകേണ്ടതെന്ന് അദ്ദേഹം ഇന്നലെ പ്രസംഗിക്കുകയുണ്ടായി. സമ്പൂർണ്ണ രോഗപ്രതിരോധശേഷിയുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് ആയുർവ്വേദരംഗം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുത്തു.

ഇതേ തത്വമാണ് ശുചീകരണരംഗത്തും നമ്മൾ അനുവർത്തിക്കേണ്ടത്. മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യമെന്ന് എന്തേ വി.ഐ.പി. കളാരും പറയാത്തത്? മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം നേരിടുന്ന വെല്ലുവിളിയെന്ന് എന്തേ അദ്ദേഹം സമൂഹത്തിന് പറഞ്ഞുകൊടുക്കാത്തത്? മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ഇല്ല. മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്! അതെല്ലാം വി.ഐ.പി. പറഞ്ഞാലേ നാട്ടുകാർ ശ്രദ്ധിക്കൂ. ഇല്ലെങ്കിൽ മാലിന്യമെല്ലാം റോട്ടിലെത്തും, തീർച്ച.

എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരൻ ധൂർത്തടിക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചാൽ അതൊരു വാർത്തയേ അല്ല. അവന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ടാണെന്നേ ജനം പറയൂ. മറിച്ച് റിമ കല്ലിങ്ങലോ അനൂപ് മേനോനോ അങ്ങനെ ചെയ്താൽ അതൊരു വാർത്തയാണ്!  ഇതാണ് സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ പറഞ്ഞു വന്നത് മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചല്ലേ? അതോ മാലിന്യ നിർമ്മാണത്തെക്കൂറിച്ചോ? അതോ മാലിന്യ നിയന്ത്രണത്തെക്കുറിച്ചോ? ഏതായാലും കാര്യം മനസ്സിലായല്ലോ?  മേൽപ്പറഞ്ഞ സാധാരണക്കാരനും പണക്കാരനും പോലെയാണ് മുനിസിപ്പാലിറ്റിയിലെ ശുചീകരണജോലിക്കാരനും ഫയൽ നോക്കുന്ന ഓഫീസറും. ഓഫീസറുടെ പണി കുന്നുകൂടുന്നത് ആരും ഗൗനിക്കുന്നില്ല. ചവറു വാരുന്നവന്റെ പണി കുന്നുകൂടുന്നതേ അവർ കാണുന്നുള്ളൂ.   ഫയലുകൾ കുന്നുകൂടിക്കിടക്കുന്നത് മോദി(ജി) കാണുന്നേയില്ല. അല്ലെങ്കിൽ അദ്ദേഹം ആ ഫയലുകളൊക്കെ എടുത്ത് തീർപ്പ് കൽപ്പിക്കുമായിരുന്നില്ലേ? അതിനു പകരം അദ്ദേഹം കണ്ടത് കൂടിക്കിടക്കുന്ന മാലിന്യം മാത്രമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം അത് വാരിക്കളയാൻ ഏർപ്പാടുണ്ടാക്കിയത്. അതോ ജോലിക്കാരന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതാണ് ഓഫീസറുടെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിലും എളുപ്പം എന്നു തോന്നിയിട്ടോ? ആർക്കറിയാം, പാവം, ശുചീകരണ ജോലിക്കാർ!

ഏത് മാലിന്യമാണ് നമ്മളിപ്പോൾ കോരിമാറ്റേണ്ടത്? റോട്ടിലെ ഗൃഹമാലിന്യങ്ങളോ അതോ മരുന്നുനിർമ്മാണകമ്പനികളിലെ എലിവിഷങ്ങളോ? ഛത്തീസ്ഗഢിൽ സ്ത്രീകൾക്ക് കൊടുത്ത മരുന്നിൽ എലിവിഷമുണ്ടായിരുന്നെവെന്നത് അത്യന്തം ദു:ഖകരമാണ്. ചെറിയ കുടുംബം സ്വപ്നം കണ്ട പാവം കുറേ ചെറുപ്പക്കാരികൾക്കാണ് മരുന്നുനിർമ്മാണകമ്പനിയിലെ മാലിന്യം കാരണം ജീവൻ നഷ്ടപ്പെട്ടത്. അവരുടെ കുഞ്ഞുങ്ങൾക്കും ഭർത്താക്കന്മാർക്കും ഉണ്ടായ വിഷമങ്ങൾ ആരറിയുന്നു.പാവം.

മാലിന്യനിർമ്മാർജ്ജനമല്ല മറിച്ച് മാലിന്യനിയന്ത്രണമാണ് സമൂഹത്തിനാവശ്യം എന്നും മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടും  മാലിന്യം ഇല്ലാതാക്കാൻ വേണ്ടി മാലിന്യം ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടും  മാലിന്യം ഉണ്ടാകാതിരിക്കാൻ, ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറക്കാൻ, ഉണ്ടാകുന്ന മാലിന്യങ്ങൾ ഉത്ഭവത്തിൽ തന്നെ ഇല്ലാതാക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട് എന്നും ജനങ്ങൾ അതിനാണ് മുൻഗണന കൊടുക്കേണ്ടണ്ട് എന്നും അങ്ങനെയായാൽ മാലിന്യനിർമ്മാർജ്ജനം എളുപ്പമായിരിക്കുമെന്നും പറഞ്ഞുകൊണ്ടും എന്റെ ഈ കുത്തിത്തിരിപ്പുകൾ ഇവിടെ അവസാനിപ്പിക്കട്ടെ.

4 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

മാലിന്യം ഉത്പാദിപ്പിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ശുചീകരണരംഗം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഒരിക്കൽ കൂടി പറഞ്ഞുകൊണ്ടും....
ഭക്ഷണം / വസ്ത്രം / ടെക്നോളജി / സൗന്ദര്യം / കുന്തം / കുടച്ചക്രം എന്നു തുടങ്ങി വിപണി നമ്മെ സ്വാധീനിക്കാത്ത കാലത്തോളം അണ്‍പോസ്സിബിൾ മാഷേ... അണ്‍പോസ്സിബിൾ!!!
പിന്നെ, ഫയലും നോക്കാത്ത മാലിന്യവും നോക്കാത്ത ഒരു പ്രധാന മന്ത്രിയേക്കാൾ നല്ലതല്ലേ മാലിന്യമെങ്കിലും നോക്കുന്ന പ്രധാന മന്ത്രി?

ആൾരൂപൻ പറഞ്ഞു...

ഞാനാരേയും കുറച്ചുകണ്ടിട്ടില്ല. വായനക്ക് നന്ദി.

Bipin പറഞ്ഞു...

മാലിന്യം ഉണ്ടാകാതെ നിയന്ത്രിയ്ക്കുക ആണ് വളരെ അത്യാവശ്യം. എന്നിരുന്നാലും ഉണ്ടാകുന്ന മാലിന്യം എങ്ങിനെ പാരിസ്ഥിതിക ദോഷം വരാതെ സംസ്കരിയ്ക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം.

'സ്വച്ഛ ഭാരത്‌ അഭിയാനു ' അഭൂത പൂർവമായ സ്വീകരണമാണ് ലഭിച്ചത്. ഇത്രയും അംഗീകാരവും ജന സമ്മിതിയും നേടിയ മറ്റൊരു പദ്ധതി സ്വതന്ത്ര ഭാരതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്. ഭാരതം മാലിന്യ മുക്തമാക്കാനുള്ള സംരംഭം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ വൻ തോതിലാണ് സ്വാധീനം ചെലുത്തിയത്. ഇത്രയും കാലം ആഗ്രഹിച്ചിരുന്ന ഒരു കാര്യം സാക്ഷാത്കരിയ്ക്കാൻ പോകുന്നു എന്ന ആഹ്ലാദം അവരിൽ തിര തല്ലി .

ഈ തൂത്തു വാരിയ മാലിന്യം എല്ലാം എവിടെ പോയി എന്നത് ആലോചിയ്ക്കേണ്ട കാര്യമാണ്.

മാലിന്യം എന്ന് മുറവിളി കൂട്ടുന്നു. നഗരത്തിൽ ഒരു വീട്ടിൽ പച്ചക്കറിയുടെ അവശിഷ്ട്ടവും ( അത് ചെടികൾക്ക് ഇടാം) ആഹാര സാധന അവശിഷ്ട്ടങ്ങളും ആണ് വേസ്റ്റ് ആയി വരുന്നത്. അത് എത്ര കാണും? വളരെ കുറഞ്ഞ അളവ്. 5 സെന്റ്‌ സ്ഥലം എങ്കിലും ഉള്ളവർക്ക് അത് മണ്ണിൽ കുഴിച്ചിടാം. ഫ്ലാറ്റ് കാർക്ക് രണ്ടോ മൂന്നോ ചെടിച്ചട്ടിയിൽ നിക്ഷേപിച്ച് മണ്ണിട്ട്‌ മൂടി വളം ആക്കാം. പ്ലാസ്ടിക് മാത്രമാണ് അവശേഷിയ്ക്കുന്നത്.

ഹോട്ടലുകാർ,കടകൾ തുടങ്ങിയ ഇടങ്ങളിൽ ആണ് കൂടുതൽ മാലിന്യം ഉണ്ടാകുന്നത്. അത് അവരുടെ പങ്കാളിത്തത്തോട് കൂടി സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കി പരിഹരിയ്ക്കണം.

ആൾരൂപൻ പറഞ്ഞു...

"നഗരത്തിൽ ഒരു വീട്ടിൽ പച്ചക്കറിയുടെ അവശിഷ്ടവും ( അത് ചെടികൾക്ക് ഇടാം) ആഹാര സാധന അവശിഷ്ടങ്ങളും ആണ് വേസ്റ്റ് ആയി വരുന്നത്. അത് എത്ര കാണും? വളരെ കുറഞ്ഞ അളവ്.
ഫ്ലാറ്റ്കാർക്ക് രണ്ടോ മൂന്നോ ചെടിച്ചട്ടിയിൽ നിക്ഷേപിച്ച് മണ്ണിട്ട്‌ മൂടി വളം ആക്കാം. പ്ലാസ്ടിക് മാത്രമാണ് അവശേഷിയ്ക്കുന്നത്."

ഈ എഴുതിയതിൽ കുറച്ച് ശരിയുണ്ട്. പക്ഷേ ..... 
മനുഷ്യന്റെ ഉപഭോഗസംസ്കാരം ഇപ്പോൾ വീടുകളിലുണ്ടാക്കുന്ന മാലിന്യങ്ങൾ (അവശിഷ്ടങ്ങൾ) കുറച്ചൊന്നുമല്ല. 
ഐസ് ക്രീം മുതൽ ബിരിയാണി വരെയുള്ളതും അനുബന്ധവുമായ എന്തെല്ലാം വസ്തുക്കൾ വീട്ടിലെത്തിക്കുന്നു. അവസാനം ബാക്കി വരുന്നത് എത്ര പാക്കിങ്ങ് വസ്തുക്കളാണ്. 
ആരെങ്കിലും ഇപ്പോൾ ഭക്ഷണം മുഴുവനായി കഴിക്കുമോ? പകുതി കളയും. അതൊക്കെ ഒരു തരം സ്റ്റാറ്റസ് സിംബളാ. 
ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ഓരോ വീട്ടിൽ നിന്നും ഒരു കിലോയിൽ കുറയാത്ത വെയ്സ്റ്റ് പുറത്ത് പോകുന്നുണ്ട്. (എനിയ്ക്ക് വെയ്സ്റ്റ് ഉണ്ടാകാറില്ല, ഞാൻ കറിവേപ്പില വരെ തിന്നുന്നവനാണ്. കുടിക്കുന്നത് കഞ്ഞിയും.) 
ഇവിടുത്തുകാർക്ക് ഓരോ സാധനം വാങ്ങാനും ഒരു പ്ലാസ്റ്റിക് കവർ വേണം. അവർക്കൊക്കെ ചുറ്റുപാടുകളല്ല സ്വന്തം പാടുകളാണ് മനസ്സിൽ. 
കാഴ്ചപ്പാടില്ലാത്ത വിദ്യാഭ്യാസമാണ് സത്യത്തിൽ മനുഷ്യനെ ദുഷിപ്പിക്കുന്നത്. വിദ്യാഭാസ(!)മുള്ളവനാണ് കൂടുതൽ വെയ്സ്റ്റ് ഉത്പാദിപ്പിക്കുന്നത് എന്നാണ് എന്റെ കണ്ണിൽ പെട്ട കാര്യം.
 വിദ്യാഭാസം നല്ല ജോലിക്കും ജോലി നല്ല സൗകര്യങ്ങൾക്കും വേണ്ടിയാണെന്നാണ് ഇവരുടെയൊക്കെ വിചാരം.