2014, നവംബർ 22, ശനിയാഴ്‌ച

അല്ലാഹുവിന്റെ സ്വന്തം നാട്

ഹിന്ദുക്കളുടെ ഏറ്റവും വലിയ ക്ഷേത്രം ഉള്ളത് കേരളത്തിലോ ഇന്ത്യയിലോ നേപ്പാളിലോ അല്ല. മറിച്ച് കംബോഡിയയിലെ സിയംറിപ്പ് പ്രവിശ്യയിലാണ്.  "അംഗോർവാട്ട്"!!! ഹൊ, എന്താണതിന്റെ ഒരു വിസ്തീർണ്ണം! സമയവും പണവുമുള്ളവൻ പോയിക്കാണേണ്ടതു തന്നെയാണ്. ലോകാത്ഭുതങ്ങളുടെ കണക്കെടുക്കുന്ന സമയത്ത്  അത് മണ്മറഞ്ഞു കിടന്നതു കൊണ്ടായിരിക്കണം ആ പട്ടികയിൽ അതിന് സ്ഥാനം കിട്ടാതെ പോയത്. പിന്നീടാണല്ലോ ഏതോ സായിപ്പ് അതിന് ശാപമോക്ഷം കൊടുത്തത്.  അതിനു ശേഷമാണ് അങ്ങനെയൊന്ന് അവിടെ നിലനിന്നിരുന്നു എന്ന സത്യം  നവലോകം അറിഞ്ഞത്.  അതുകൊണ്ടു തന്നെ, ദൈവം അവിടെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു.  പോരാത്തതിന് അതിപ്പോൾ വെറുമൊരു വിനോദസഞ്ചാര കേന്ദ്രം മാത്രവും ആണ്.

ദൈവം നമ്മുടെ കേരളത്തിലാണ് എന്ന് ആർക്കാ അറിയാത്തത്? അതുകൊണ്ടല്ലേ നാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്? ലോകത്ത് ഏറ്റവും കൂടുതൽ പണമുള്ള ക്ഷേത്രം പത്മനാഭസ്വാമിയുടേതാണെന്ന് ഇപ്പോൾ നമുക്കറിയാമല്ലോ. ദൈവത്തിന് അത് പണ്ടേ അറിയാമായിരുന്നു.  ഇത്രയും പണം കേരളത്തിലിട്ടിട്ട് ദൈവം എവിടെ പോകാനാ? പോയിടത്ത് ഒരു മന:സമാധാനം കിട്ടുമോ? അപ്പോൾ എന്താ നല്ലത്? ഇവിടെയങ്ങ് കൂടുക തന്നെ. അങ്ങനെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത് എന്നാണ് കൃഷ്ണൻ കുട്ടി പറയുന്നത്.

ഒസാമാ ബിൻ ലാദനെ യാങ്കികൾ വെടി വച്ചു കൊന്നത് ആബട്ടാബാദിൽ വച്ചാണല്ലോ. അത് പോലത്തെ പേരുള്ള മറ്റു സ്ഥലങ്ങളാണ് ഹൈദരാബാദ്, സെക്കന്തരാബാദ്, ഫൈസാബാദ്, ഫരീദാബാദ്, അക്ബറാബാദ്, ഷാജഹാനാബാദ്, ഔറംഗബാദ്, അഹമ്മദാബാദ്, ജലാലാബാദ്, ഇസ്ലാമാബാദ് എന്നിവ. ഞാൻ താമസിക്കുന്നതും അതു പോലൊരു സ്ഥലത്താണ് - ഗാസിയാബാദ്.

ഇങ്ങനെയുള്ള ധാരാളം പേരുകൾ മുമ്പ് കേട്ടിരുന്നെങ്കിലും ആബട്ടാബാദ് എന്നത് മനസ്സിൽ തട്ടിയത് ലാദന് വെടി കൊണ്ടപ്പോഴാണ്.  മേല്പറഞ്ഞ സ്ഥലപ്പേരുകളിലൊക്കെ പൊതുവായുള്ളത് 'ആബാദ്' എന്ന വാക്കാണ്. ഈ സ്ഥലപ്പേരുകൾ തുടങ്ങുന്നതാകട്ടെ ഹൈദർ, സെക്കന്തർ, ഫൈസ്, ഫരീദ്, അക്ബർ, ഷാജഹാൻ, അഹമ്മദ്, ജലാൽ എന്നിങ്ങനെയുള്ള  വളരെ പരിചിതമായ ഒരു മുസ്ലിം പേരുകൊണ്ടുമാണ്.   എന്നാൽ 'ആബട്ടാബാദ്' അങ്ങനെയല്ല. ആബട്ട് എന്നോ ആബട്ടൻ എന്നോ ഒരു മുസ്ലിം പേര് കേട്ടതായോ ഉള്ളതായോ സ്ഥിരീകരണമില്ല. അംബട്ടൻ എന്നു കേട്ടിട്ടുണ്ടെങ്കിലും അതൊരു മലയാളം വാക്കാണ്. അതിന്റെ അർത്ഥമാകട്ടെ 'ബാർബർ' എന്നുമാണ്. അംബട്ടൻ എന്ന വാക്കിന്റെ ഉത്പത്തി സംസ്കൃതത്തിൽ നിന്നും ആണു താനും. അപ്പോൾ ഈ അംബട്ടന് മുസ്ലിങ്ങളുമായി ബന്ധമില്ലെന്നും ആബട്ടാബാദിലെ ആബട്ട് മറ്റെന്തോ ആണെന്നും ഞാൻ ഊഹിച്ചു.  ഊഹിച്ചാൽ മതിയോ? അതിനൊരു വ്യക്തത വേണ്ടേ? അങ്ങനെയാണ് ഞാൻ ആബട്ടാബാദിന്റെ വിശദവിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിച്ചത്.

'ആബാദ്' എന്നത് ഒരു പേർഷ്യൻ വാക്കാണെന്നും അതിന്റെ പൊതുവായൊരർത്ഥം 'സ്ഥലം' എന്നാണെന്നും ഗൂഗിൾ / വിക്കി ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദ് എന്നാൽ ഇസ്ലാമിന്റെ സ്ഥലമെന്നും അക്ബറാബാദ് അക്ബറുടെ സ്ഥലമെന്നുമൊക്കെ എനിക്ക് ഗൂഗിളിൽ നിന്ന് മനസ്സിലായി. ആബട്ടാബാദ് എന്നത് മേജർ ജെയിംസ് ആബട്ട് എന്ന ബ്രിട്ടീഷുകാരൻ താമസിച്ച സ്ഥലമാണെന്നും അങ്ങനെ എനിയ്ക്ക് മനസ്സിലായി.  മാത്രമല്ല ആബാദ് എന്ന് അവസാനിക്കുന്ന ഒരുപാട് പേരുകളും ഞാൻ കണ്ടു. അതിലൊന്നാണ്  തുഗ്ലക്കാബാദ്.  തുഗ്ലക്ക് പരിഷ്കാരങ്ങളുടെ കർത്താവായ തുഗ്ലക്കിന്റെ ഈ സ്ഥലം ഡല്ഹിയിലാണ്. അതിനടുത്താണല്ലോ ഞാൻ താമസിക്കുന്ന ഗാസിയാബാദ്. ആസ്ത്രേലിയൻ പ്രധാനമന്ത്രിയും ഒരു ആബട്ടാണെന്ന്  (Tony Abbot) ഇപ്പോൾ നരേന്ദ്രമോദി അവിടെ പോയ വാർത്ത വായിച്ചപ്പോൾ മനസ്സിലായി.

ആബാദുകളുടെ കൂട്ടത്തിൽ കണ്ട മറ്റൊരു പേരാണ് അല്ലഹാബാദ്. ആബാദ് എന്നാൽ സ്ഥലമാണെങ്കിൽ മേലെഴുതിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ അല്ലഹാബാദ് അല്ലാഹുവിന്റെ സ്ഥലമാകാനേ പറ്റൂ. മാത്രമല്ല അല്ലഹാബാദ് ഇന്ത്യയിലാണ് താനും. അപ്പോൾ ഇന്ത്യയല്ലേ അല്ലാഹുവിന്റെ സ്വന്തം നാട്?   'പ്രയാഗ' എന്നായിരുന്നുവല്ലോ ആ സ്ഥലത്തിന്റെ പ്രാചീനമായ മൂലനാമം.  അല്ലാഹു ഇവിടെയാണെന്ന് പിന്നീട് ജനങ്ങൾക്ക് തോന്നിയപ്പോൾ ആയിരിക്കും  ആ സ്ഥലപ്പേർ അല്ലഹബാദാക്കിയിട്ടുണ്ടാകുക. അങ്ങനെയാണല്ലോ മറ്റു 'ആബാദു'കളുണ്ടായത്. ദൈവം അദൃശ്യനാണല്ലോ.  അല്ലാഹു ഇവിടെ ഒക്കെത്തന്നെ കാണണം. അല്ലെങ്കിൽ അല്ലഹാബാദ് എന്ന ആ പേർ ഇവിടെ വരില്ലല്ലോ?  അപ്പോൾ ദൈവം ഇന്ത്യയിൽ തന്നെയാണ്!

ദൈവത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് യേശുക്രിസ്തു തന്റെ അന്ത്യനാളുകളിൽ ഉത്തരേന്ത്യയിലും ഹിമാലയത്തിലുമുണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓർമ്മയിൽ വന്നത്. അപ്പോൾ അദ്ദേഹവും ഇവിടെ തന്നെ ഉണ്ടായിരിക്കണം.  'പ്രയാഗ' എന്നാൽ പ്രാർത്ഥിക്കാനുള്ള സ്ഥലമെന്നാണർത്ഥം. അതറിഞ്ഞ അദ്ദേഹം ഒരു പക്ഷേ അവിടെ വന്ന് പ്രാർത്ഥിച്ചും കാണണം. അപ്പോൾ  ഹിന്ദുവിന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ദൈവം ഈ അല്ലഹാബാദിൽ ഉണ്ടായിരിക്കും.  ഒരു പക്ഷേ ഈ മൂന്നു പേരും അവിടെ ഒരുമിച്ച് ചേർന്നതുകൊണ്ടായിരിക്കും അല്ലഹാബാദിനെ ത്രിവേണീ സംഗമം എന്നു പറയുന്നത്. അല്ലേ?   മൂന്നു നദികൾ സന്ധിക്കുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് ത്രിവേണീ സംഗമം എന്നു പറയുന്നത് എന്നാണ് ഒരു പക്ഷം. അതിനവർ ചൂണ്ടിക്കാട്ടുന്നത് ഗംഗയ്ക്കും യമുനക്കും പുറമേ അദൃശ്യമായ ഒരു നദിയേ (സരസ്വതി) ആണ്. അദൃശ്യമായ ഒരു നദിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എളുപ്പമല്ലേ അദൃശ്യരായ മൂന്ന് ദൈവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.  അങ്ങനെയാണെങ്കിൽ ഇവിടെയുള്ള ഏകദൈവത്തെയായിരിക്കും  മൂന്നായിക്കണ്ട് മൂന്നു മതസ്ഥർ അവരുടെ വിശ്വാസങ്ങളിൽ കൊണ്ടുനടക്കുന്നത്.  ആ ദൈവത്തെയാണ് വൈക്കം മുഹമ്മദ് ബഷീർ 'അനാദി' എന്ന് വിളിച്ചിരിക്കുക. എന്തായാലും 'പ്രയാഗ' അല്ലഹാബാദ് ആയിരിക്കുന്നിടത്തോളം കാലം അത് അല്ലാഹുവിന്റെ സ്ഥലമായി ഗണിക്കാവുന്നതേ ഉള്ളൂ..

                                                     *    *    *    *    *    *    *

ദൈവങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഇന്റെർനെറ്റിൽ കണ്ട ഒരു തമാശ ഓർമ്മ വന്നത്. അതിങ്ങനെ.

ഓരു സായിപ്പ് ലോകത്തിലുള്ള എല്ലാ വലിയ പള്ളികളും കാണാനിറങ്ങി. അയാൾ ആദ്യം പോയത് അമേരിക്കയിലേക്കാണ്. പള്ളിയിലെ പ്രാർത്ഥനക്കിടെ അൾത്താരയിൽ അയാളൊരു സ്വർണ്ണനിർമ്മിതമായ ടെലിഫോൺ കണ്ടു. അടുത്ത് പോയി നോക്കിയപ്പോൾ "ഒരു കോളിന് 10,000 ഡോളർ" എന്നവിടെ എഴുതി വച്ചിരുന്നു. ആകാംക്ഷ മൂലം അതെന്താണെന്ന് അയാൾ പള്ളീലച്ചനോട് തിരക്കി. അത് സ്വർഗ്ഗത്തിലേക്കുള്ള 'ഹോട്ട് ലൈൻ' ആണെന്നും 10,000 ഡോളർ കൊടുത്താൽ ദൈവത്തോട് നേരിട്ട് സംസാരിക്കാമെന്നും അച്ചൻ അയാളോട് പറഞ്ഞു. അച്ചനോട് നന്ദി പറഞ്ഞ് അയാൾ അവിടെ നിന്നിറങ്ങി.

അയാൾ പിന്നീട് കനഡയിലെത്തിയപ്പോൾ അവിടത്തെ വലിയ പള്ളിയിലും 10,000 ഡോളറിന്റെ ഈ ഹോട്ട് ലൈൻ കാണുകയുണ്ടായി. ദൈവത്തോട് സംസാരിക്കുന്നുണ്ടോ എന്ന് അയാളോട് അവിടത്തെ വികാരി ചോദിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി അയാളവിടെ നിന്നിറങ്ങി.

പിന്നീട് യൂറോപ്പ്, ആഫ്രിക്ക, ചൈന, ജപ്പാൻ, ആസ്ത്രേലിയ  എന്നിവിടങ്ങളിലെല്ലാം അയാൾ പോകുകയും അവിടെയുള്ള പ്രധാന പള്ളികളിലൊക്കെ അയാളീ 10,000 ഡോളറിന്റെ ഹോട്ട് ലൈൻ ഫോൺ കാണുകയും ചെയ്തു.

പിന്നീടയാൾ എത്തിയത് ഇന്ത്യയിലായിരുന്നു. ഗോവയിൽ വന്നിറങ്ങിയ അയാൾ നേരേ പോയത് മഡ്ഗാവിലുള്ള വലിയൊരു പള്ളിയിലായിരുന്നു. അവിടേയും അയാൾ ഈ സ്വർണ്ണനിർമ്മിതമായ ഫോൺ കാണുകയുണ്ടായി. അവിടേയും "ഒരു കോളിന് 10,000 ഡോളർ" എന്നെഴുതി വച്ചിരുന്നു.

ഗോവയിൽ നിന്നയാൾ മംഗലാപുരം വഴി കൊച്ചിയിലെത്തി. മട്ടാഞ്ചേരിയിലെ ഒരു പള്ളിയിൽ പ്രാർത്ഥിക്കാൻ നിൽക്കവേ സ്വർണ്ണനിർമ്മിതമായ ഫോൺ അവിടേയും കാണുകയുണ്ടായി. പക്ഷേ അതിന്റെ താഴെ "ഒരു കോളിന് ഒരു രൂപ" എന്നെഴുതി വച്ചത് അയാളെ അത്ഭുതപ്പെടുത്തി. ആകാംക്ഷാഭരിതനായ അയാൾ അവിടെ കണ്ട വികാരിയോട് ചോദിച്ചു.

"അച്ചോ, ഞാൻ ലോകം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഈ ഫോണും കണ്ടിട്ടുണ്ട്. എല്ലായിടത്തും ദൈവത്തോട് സംസാരിക്കാൻ 10,000 ഡോളർ കൊടുക്കണം. പിന്നെ ഇവിടെ മാത്രം എന്താ അച്ചോ ഒരു രൂപ? അതെന്താ, ഇവിടെ ഇത്ര വിലക്കുറവ്?"

പള്ളീലച്ചൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"മകനേ, നീ ഇപ്പോൾ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ; God' own country എന്ന് ഞങ്ങൾ മലയാളത്തിൽ പറയും. ഇതിപ്പോൾ വെറും ലോക്കൽ കോളല്ലേ? ദൈവത്തെ വിളിച്ചോളൂ."

തന്റെ കയ്യിലിരിപ്പെന്തെങ്കിലും ദൈവം മനസ്സിലാക്കുമോ എന്ന് പേടിച്ച് അയാൾ വേഗം അവിടെ നിന്നിറങ്ങി.
                                                       *    *    *    *    *    *    *

PS: ക്ഷമിക്കുക;  ആരുടേയെങ്കിലും വികാരങ്ങളോ വിചാരങ്ങളൊ വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമേ അല്ല. വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ അക്ഷരങ്ങളുടെ രൂപത്തിലാക്കി ഇവിടെ പകർത്തുന്നു എന്നതല്ലാതെ ഞാനതൊട്ട് ചെയ്യുന്നുമില്ല. ഈ അക്ഷരങ്ങൾ ആരുടേയും വിചാരവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: