2014, നവംബർ 10, തിങ്കളാഴ്‌ച

കരിങ്കണ്ണാ, നോക്ക്

വയസ്സാകുകയല്ലേ, സ്വന്തമായൊരു വീടുണ്ടായിരുന്നെങ്കിൽ കിടന്നു ചാവാൻ ഒരു സൗകര്യവും ചാവുമ്പോൾ ഒരു സമാധാനവും ഉണ്ടാകുമായിരുന്നു എന്ന വെളിപാടാണ് ഒരു വീടുണ്ടാക്കമെന്ന  എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് നാട്ടിൽ ഭാര്യക്ക് പൈതൃകമായി കിട്ടിയ സ്ഥലത്ത് വീടിന്റെ പണി തുടങ്ങിയത്. അതിൽ പിന്നെ ഭാര്യ നാട്ടിലാണ്. ഞാൻ പതിവുപോലെ നഗരത്തിലും. പണി നടക്കണമെങ്കിൽ ആരെങ്കിലും മേൽനോട്ടം വഹിക്കണ്ടേ? ഞാൻ ലീവെടുത്ത് നാട്ടിൽ പോയി നിൽക്കാമെന്നാണെങ്കിൽ എത്രകാലമാ നിൽക്കുക? അപ്പോഴേയ്ക്കും കഞ്ഞിയിൽ പാറ്റ വീണേക്കും. അതുകൊണ്ട് 'ഞാൻ പോയി നിന്നോളാം' എന്ന് ഭാര്യ തന്നെയാണ് എന്നോട് പറഞ്ഞത്.

കോഴിയ്ക്ക് മുല വരുന്നത് പോലെയാണ് പണിയുടെ പുരോഗതി.  എന്നും രാത്രിയിൽ ഭാര്യ ഫോൺ ചെയ്യുമ്പോൾ അത് എനിയ്ക്ക് മനസ്സിലാകും. ഒറീസ്സക്കാരും കൽക്കട്ടക്കാരുമായ തൊഴിലാളികൾ എത്തിയെങ്കിൽ മാത്രമേ പണി നടക്കുകയുള്ളു. അവരൊക്കെ ഒരിക്കൽ നാട്ടിൽ പോയാൽ എപ്പോഴാണ് തിരിച്ചെത്തുക എന്നതിനൊന്നും ഒരു തീർച്ചയുമില്ല. എന്തായാലും പണി പതുക്കെ മുന്നോട്ട് നീങ്ങി. വീടിന്റെ ചുമരുകളൊക്കെ ആകാൻ തുടങ്ങിയപ്പോഴാണ് ഒരു ദിവസം ഉറങ്ങാൻ കിടക്കവേ ഒരു വേണ്ടാത്ത ചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയത്. "റോഡുവക്കിലല്ലേ വീടുപണി നടക്കുന്നത്. വഴിപോക്കരൊക്കെ വീട് പൊങ്ങുന്നതും നോക്കിയായിരിക്കില്ലേ നടന്നു പോകുന്നത്. അവരുടെ കണ്ണു തട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യണം" എന്നതായിരുന്നു ആ ചിന്ത.

അടുത്ത ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.

"നീ, ഒരു കാര്യം ചെയ്യണം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി ഒരു പലക പറമ്പിൽ വയ്ക്കണേ? വഴിപോക്കരുടെ കണ്ണു തട്ടാതിരിക്കാനാ"

"ഇവിടെ കുട്ടികളൊന്നുമില്ല എഴുതാൻ" അവൾ പറഞ്ഞു.

"നോക്ക്, നീയല്ലേ എന്റെ കുട്ടി, നീയെഴുതിയാൽ മതി", ഞാൻ പറഞ്ഞു.

എന്റെയല്ലേ ഭാര്യ,  ഇത്രയും പറഞ്ഞാൽ കാര്യം നടക്കുമെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.

"ശരി", അവൾ സമ്മതിച്ചു.

"ഇനി ഈ പലകക്ക് ഞാനെവിടെ പോകാനാ?" അവളെന്നോട് ചോദിച്ചു.

" അത് നമ്മുടെ ആശാരിയോട് പറഞ്ഞാൽ മതി, മുറ്റത്ത് ആവശ്യമില്ലാതെ കിടക്കുന്ന ഒരു ചെറിയ പലക അയാളെടുത്ത് തരും", ഞാൻ പറഞ്ഞു.

"അതിന് നമ്മുടെ മുറ്റത്ത് മരപ്പണിയൊന്നുമില്ലല്ലോ, അതൊക്കെ ആശാരിയുടെ വർക്ക് ഷോപ്പിലല്ലേ? പണി തീർന്ന ജനലും വാതിലും മാത്രമേ ആശാരി ഇങ്ങോട്ട് കൊണ്ടു വരാറുള്ളൂ." അവളുടെ മറുപടി.

"എന്നാലും നീയൊന്ന് ഫോൺ ചെയ്ത് നോക്ക്. ആശാരി ഒരെണ്ണം തരാതിരിക്കില്ല. ആവശ്യം പറഞ്ഞാൽ മതി." ഞാനവളെ പ്രോത്സാഹിപ്പിച്ചു.

രണ്ട് ദിവസത്തെ ശ്രമഫലമായി അവളൊരു ചെറിയ മരപ്പലക തരപ്പെടുത്തി.  കിട്ടിയ പാടേ അവളതെന്നോട് ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. താൻ ശ്രമിച്ചാൽ കാര്യങ്ങൾ സാധിക്കും എന്നറിയിക്കാനുള്ള വെമ്പൽ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.

"ഇനി നീ ഒരു കാര്യം ചെയ്യ്, ഒരു കരിക്കട്ടയെടുത്ത് ആ പലകയിൽ കരിങ്കണ്ണാ, നോക്ക് എന്നെഴുതിക്കോ. എന്നിട്ട് അത് വല്ല തെങ്ങിൻ തയ്യിലോ മരത്തിലോ കെട്ടിത്തൂക്കിക്കോ, നോക്കുന്നവർ കാണട്ടെ." ഞാൻ പറഞ്ഞു.

" ഈശ്വരാ, നമ്മൾ ഗാസല്ലേ ചേട്ടാ, അടുക്കളയിൽ ഉപയോഗിക്കുന്നത്? ഞാനെവിടെ ഈ കരിക്കട്ടയ്ക്ക് പോകാനാ?" വീണ്ടും അവളുടെ വക തർക്കുത്തരം.

"പണിക്കാർ ഊണിനു പോകുമ്പോൾ നീ അയൽ വീടുകളിലൊക്കെ ഒന്നു ചോദിച്ച് നോക്ക്, കിട്ടാതിരിക്കില്ല." ഞാൻ പ്രതിവചിച്ചു. 

അടുത്തൊക്കെ പാവപ്പെട്ടവരും അട്ടപ്പാടികളുമായ ആളുകൾ താമസിക്കുന്നുണ്ടാകുമെന്നും അവരൊക്കെ അടുക്കളയിൽ വിറകല്ലാതെ മറ്റൊന്നും ഉപയോഗിക്കില്ലെന്നും ഉള്ള ഉറച്ച വിശ്വാസമായിരുന്നു എനിയ്ക്ക്.

അവൾക്ക് മറുത്തൊന്നും എന്നോട് പറയാൻ പറ്റുമായിരുന്നില്ല.  അതുകൊണ്ട് "നോക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ താഴെ വച്ചു.

പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോഴേ എനിക്കവളെ ഫോണിൽ കിട്ടിയുള്ളൂ. അടുത്തുള്ള കുടിലായ കുടിലിലെല്ലാം താൻ പോയെന്നും അവർക്കെല്ലാം 2 ഗാസ് സിലിണ്ടർ ഉണ്ടെന്നും നമുക്ക് ഒരു സിലിണ്ടറേ ഉള്ളൂ എന്നോർത്തപ്പോൾ വല്ലാത്ത നാണം തോന്നിയെന്നും ടൗണിൽ പോയാൽ കരിക്കട്ട വാങ്ങാൻ കിട്ടുമെന്ന് ആ കുടിലുകളിലുള്ള പെണ്ണുങ്ങൾ അവളോട് പറഞ്ഞു എന്നും മറ്റും ഫോണെടുത്തപ്പോൽ ഒറ്റ ശ്വാസത്തിൽ അവൾ  എന്നോട് പറഞ്ഞൊപ്പിച്ചു. നാണം കാരണമാണോ എന്തോ, അവളുടെ ശബ്ദം പൊങ്ങുന്നേ ഇല്ലായിരുന്നു.

ഈശ്വരാ, ഒരു കഷ്ണം കരിക്കട്ടയ്ക്ക് വേണ്ടി ടൗണിൽ പോകാനോ? എനിയ്ക്ക് ചിന്തിക്കാനായില്ല. പണ്ടൊക്കെ നാട്ടിൻ പുറത്ത് കരിക്കട്ടക്കും വെണ്ണീറിനുമൊന്നും ഒരു പഞ്ഞവുമില്ലായിരുന്നു. ഇപ്പോൾ നോക്കണേ, കാലം പോയ പോക്ക്!

10-15 കിലോമീറ്റർ പോയാലേ ടൗണിലെത്തു. ബസ്സിൽ കയറി ടൗണിൽ പോകുന്നത് അവൾക്ക് ചിന്തിക്കാനേ ആവില്ല. പണ്ടെപ്പോഴോ അങ്ങനെ പോയിട്ടുണ്ട്. ഒന്നും പറയണ്ട; നെഞ്ഞത്ത് തൊട്ടു, ചന്തിയിൽ നുള്ളി, തുടയിൽ മാന്തി, ഹൊ, എന്തൊക്കെയായിരുന്നു തിരിച്ച് വീട്ടിലെത്തിയപ്പോഴുള്ള അവളുടെ ആവലാതികൾ. പിന്നീടവൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

" നീ, ടൗണിലൊന്നും പോണ്ട", ഞാനവളെ സമാധാനിപ്പിച്ചു.

"നമുക്കൊരു കാര്യം ചെയ്യാം. നമ്മുടെ പ്ലാനൊന്നു മാറ്റാം. കരിങ്കണ്ണാ, നോക്ക് എന്ന് എഴുതി വയ്ക്കുന്നതിനു പകരം ഒരു നോക്കുകുത്തി ഉണ്ടാക്കി നമുക്ക് പറമ്പിൽ തൂക്കാം. അതാകുമ്പോൾ ഇമ്മാതിരി പുകിലൊന്നുമില്ലല്ലോ." ഞാൻ പറഞ്ഞു.

അവളതിനു മറുപടിയൊന്നും പറഞ്ഞില്ല. ബസ്സിൽ കയറേണ്ട എന്നു കേട്ടപ്പോഴുള്ള ആശ്വാസത്തിന്റെ ആലസ്യത്തിലായിരുന്നിരിക്കണം അപ്പോഴവൾ എന്ന് ഞാൻ ഊഹിച്ചു..

"നീ ഒരു കാര്യം ചെയ്യ്, എന്റെ പഴയ ഒരു ഷർട്ടും മുണ്ടും എടുത്ത് വയ്ക്ക്. ബാക്കി ഞാൻ നാളെ വിളിക്കുമ്പോൾ പറയാം". ഞാൻ ഫോൺ താഴെ വച്ചു.

എന്റെ പഴയ മുണ്ടുകളും ഷർട്ടുകളുമെല്ലാം വെള്ളപ്പൊക്കക്കാർക്ക് കൊടുത്തുപോയെന്നും കഴിഞ്ഞ ഓണത്തിന് വാങ്ങിയ പുതിയ മുണ്ടും ഷർട്ടും എടുത്തു വച്ചിട്ടുണ്ടെന്നും പിറ്റെ ദിവസം വിളിച്ചപ്പോൾ അവൾ പറഞ്ഞു.

അതു കേട്ടപ്പോൾ അവൾ ഈ ലോകത്തൊന്നുമല്ലേ എന്നാണ് ഞാൻ സംശയിച്ചത്. പുതിയ മുണ്ടും  ഷർട്ടും എടുത്ത് ബോധമുള്ള ആരെങ്കിലും നോക്കുകുത്തി ഉണ്ടാക്കുമോ? ഇനി ഇപ്പോൾ അത് വേണ്ട എന്ന് പറഞ്ഞാൽ പഴയ മുണ്ടിനും ഷർട്ടിനും ഇനി ഞാനെവിടെ പോണം എന്നായിരിക്കും ഒരു പക്ഷേ അവളുടെ അടുത്ത ചോദ്യം. അതുകൊണ്ട് കോലമുണ്ടാക്കാൻ എന്റെ പുതുപുത്തൻ മുണ്ടും  ഷർട്ടും തന്നെ ആകട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറയ്ക്കാൻ കുറേ വൈക്കോൽ സംഘടിപ്പിക്കാൻ ഞാൻ അവളോട് പറഞ്ഞു. അതു കേട്ടപ്പോൾ അവൾക്ക് വന്ന ദേഷ്യത്തിന് കണക്കില്ലായിരുന്നു. കൊയ്തും മെതിയും ഒന്നും ഇല്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ വൈക്കോൽ സംഘടിപ്പിക്കേണ്ടത് എന്നായി അവൾ.

അവൾ പറയുന്നത് എനിയ്ക്ക് മനസ്സിലായില്ല. കൊയ്തും മെതിയും ഇല്ല, വൈക്കോൽ ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ അവൾ കേരളത്തിലല്ലേ ഉള്ളത് എന്ന് ഞാൻ സംശയിച്ചു. പശുക്കളുള്ള വീടുകളിലൊക്കെ വൈക്കോൽ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞത് അവളെ തൃപ്തിപ്പെടുത്തിയില്ല. മില്മാ പാൽ വാങ്ങുന്ന കേരളത്തിലാണോ പശുക്കൾ എന്നായി അവൾ. കൊല്ലങ്ങൾ കൂടുമ്പോൾ നാട്ടിലൊന്നോടിപ്പോയി തിരിച്ചെത്തുന്ന ഈ ഞാനവളോടേന്തു പറയാനാണ്? ഞാനറിയുന്ന കേരളത്തിൽ കൊയ്തും മെതിയും കൃഷിയും പശുവുമൊക്കെ ഉണ്ടായിരുന്നു.

നാളികേരത്തിന്റെ തൊണ്ട് വാങ്ങി ചകിരിയാക്കിയാൽ മുണ്ടിന്റേയും  ഷർട്ടിന്റേയും ഉള്ളിൽ നിറച്ച് നോക്കുകുത്തി ഉണ്ടാക്കാമല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, "എന്നാൽ വൈക്കോൽ വേണ്ട, ചകിരി മതി" എന്ന്.

നാളികേരമില്ലാത്ത ഈ നാട്ടിൽ നിന്നാണോ ഞാൻ ചകിരി വാങ്ങേണ്ടത് എന്നായി അവൾ. എനിയ്ക്കൊന്നും മനസ്സിലായില്ല.

"നീ ഇപ്പോൾ കേരളത്തിലല്ലേ?", ഞാൻ അവളോട് ചോദിച്ചു. അതവൾക്ക് ഇഷ്ടപ്പെട്ടില്ല.  ഞാനിപ്പോൾ കണ്ണൂരിൽ തന്നെ ആണെന്നും കേരളത്തിലിപ്പോൾ തെങ്ങത്ര സാധാരണമല്ലെന്നും  ഉള്ള തെങ്ങിന് മണ്ടയോ മണ്ടയുള്ള തെങ്ങിന് തേങ്ങയോ ഇല്ലെന്നും ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തെങ്ങിൽ കയറാൻ ആളില്ലെന്നും അതുകൊണ്ട് അവിടെ ചകിരി വാങ്ങുന്ന കാര്യമില്ലെന്നും അവൾ നിർബന്ധം പിടിച്ചു.

ഞാനാണെങ്കിലോ? മുണ്ടിന്റേയും ഷർട്ടിന്റേയും ഉള്ളിൽ കുറേ വൈക്കോൽ നിറക്കാം, മുണ്ടിനു താഴെ തേഞ്ഞ് ഓട്ടയായ ഒരു ഹവായ് ചെരിപ്പ് പിടിപ്പിക്കാം, ഷർട്ടിന്റെ കോളറിനു മേലെ ഒരു കുടം കമഴ്ത്താം എന്നൊക്കെ മനസ്സിൽ കാണുകയായിരുന്നു. പിന്നീടത് ആ പറമ്പിൽ വച്ചാൽ ആരും വീടുപണി നോക്കില്ലെന്നും അഥവാ നോക്കിയാൽ തന്നെ അവരുടെ കണ്ണൊന്നും കൊള്ളുകയില്ലെന്നും കണക്കു കൂട്ടാൻ ശ്രമിക്കുകയായിരുന്നു.  എന്റെ മനസ്സിലെ നോക്കുകുത്തിക്ക്  ഏതാണ്ട് താഴേ കൊടുത്ത രൂപമായിരുന്നു.

കഴിഞ്ഞ ആഴ്ച വൈശാലിയിലെ മലയാളിപ്പീടികയിൽ നിന്ന് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയപ്പോൾ 300 രൂപയോളമായത് ഞാനോർത്തു. 302 രൂപ എന്നാണ് അതിന്മേൽ എഴുതിയിരുന്നത്. അതോർത്തപ്പോൾ, ചകിരി വാങ്ങാൻ വയ്യ എന്ന എന്റെ ഭാര്യയുടെ നിലപാട് എനിയ്ക്ക് മനസ്സിലായി. നാട്ടിൽ നാളികേരം ഒരപൂർവ്വവസ്തുവായി വരികയായിരിക്കും. പിന്നെ എവിടന്നാ ചകിരി കിട്ടുക? അല്ലെങ്കിലും ഈ മോഡേൺ മലയാളിക്കെന്തിനാ നെല്ലും നാളികേരവും?

ചാലക്കുടിയിലുണ്ടാക്കുന്ന KPL Shudhi എന്ന എണ്ണക്കമ്പനിയുടെതായിരുന്നു  302  രൂപയുടെ ഈ വെളിച്ചെണ്ണ. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു ഡൽഹിയിലേക്ക് വരുമ്പോൾ  ഒരു 4 കുപ്പി വെളിച്ചെണ്ണ കൊണ്ടുവരാൻ ഇന്നസെന്റിനോട് പറയാമായിരുന്നൂ എന്ന് എനിയ്ക്കപ്പഴേ തോന്നിയതായിരുന്നൂ. കേരളത്തിലാകുമ്പോൾ അതൊരു 150 രൂപക്ക് കിട്ടാതിരിക്കുമോ? അതിന്  ഇന്നസെന്റിന് എന്നെ പരിചയമുണ്ടായിട്ടു വേണ്ടേ? അല്ലാതെ, എനിയ്ക്ക് അദ്ദേഹത്തെ അറിയാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?  അല്ലെങ്കിലും അദ്ദേഹത്തിന് വെളിച്ചെണ്ണ കൊണ്ടു വരലാണോ പണി?  ഒരു പൊട്ടന്റെ ഓരോ ചിന്തകളെയ്.

ഒരു നോക്കുകുത്തി ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായില്യേ എന്ന് എന്റെ മനസ്സെന്നോട് ചോദിക്കാൻ തുടങ്ങിയിരുന്നു. ഉറങ്ങുമ്പോൾ മാത്രമല്ല ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാം  പറമ്പിൽ കുത്തിവയ്ക്കാനുള്ള നോക്കുകുത്തിയായിരുന്നു എന്റെ മനസ്സിൽ.  ഒരു നോക്കുകുത്തി ഉണ്ടാക്കാനുള്ള ബുദ്ധി എനിയ്ക്ക് തരണേ എന്ന് നിസ്സഹായനായ  ഞാൻ ഓരോ ദിവസവും രാവിലെ നോയ്ഡ അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചു.  പണ്ടൊക്കെയാണെങ്കിൽ ഒരു സ്കൂൾ കുട്ടി വിചാരിച്ചാൽ സാധിക്കുന്നതായിരുന്നു ഒരു നോക്കുകുത്തി. കഷ്ടം, കരിക്കട്ടയില്ലാത്ത കേരളം ഒരു കനലായി എന്റെ മനസ്സിൽ എരിഞ്ഞു.

ഓഫീസിലേക്ക് നടക്കുമ്പോൾ എല്ലാദിവസവും ഞാൻ ഐസക് ന്യൂട്ടനെക്കുറിച്ച് ചിന്തിച്ചു. തലയിൽ ആപ്പിൾ വന്നു വീണതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഗുരുത്വാകർഷണസിന്താന്തം കണ്ടുപിടിക്കാൻ കഴിഞ്ഞത്.  പണ്ട് ചെറുപ്പത്തിൽ മാങ്ങ പെറുക്കാൻ പോയപ്പോൾ എത്ര മാങ്ങ എന്റെ തലയിൽ വീണിട്ടുണ്ട്. എന്നിട്ട് എന്തെങ്കിലും സിന്താന്തം കണ്ടുപിടിക്കാൻ എനിയ്ക്ക് കഴിഞ്ഞോ? അതെങ്ങന്യാ? തലയിൽ ആപ്പിൾ വീണാലല്ലേ വല്ലതും നടക്കൂ? വല്ല ഹിമാചൽ പ്രദേശിലും ജനിച്ചിരുന്നെങ്കിൽ എന്റെ തലയിലും മാങ്ങക്കു പകരം ആപ്പിൾ വീഴുമായിരുന്നൂ എന്നും ഗുരുത്വാകർഷണത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് സിന്താന്തം ഞാനും കണ്ടുപിടിക്കുമായിരുന്നൂ എന്നും ഞാനപ്പോൾ ഓർത്തു. ങാ, എന്തിനും ഒരു സമയമുണ്ട്, അല്ലേ ദാസാ?

ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ "ഠോ" എന്ന ഒരൊച്ച കേട്ടാണ് റോഡിൽ ഞാൻ നിന്നത്. നോക്കുമ്പോൾ ഒരു വലിയ കണ്ടൈനർ ലോറി റോഡിൽ ഒരു വശം ചരിഞ്ഞു നിൽക്കുകയാണ്. അതിന്റെ ടയർ പഞ്ചറായിട്ടാണുള്ളത്. അതിൽ നിന്നാണാ ചെവി തുളക്കുന്ന ശബ്ദം വന്നതും.  ഞാൻ നോക്കുമ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ചാടി ഇറങ്ങുകയാണ്.

ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയായതിനാൽ എനിയ്ക്ക് ധൃതിയൊന്നുമില്ലായിരുന്നു. ഞാൻ പതുക്കെ ലോറിയുടെ അടുത്തേക്ക് നടന്നു. ലോറിയുടെ പുറകിൽ ഹിന്ദിയിൽ വലിയ അക്ഷരത്തിൽ "ബുരി നസർവാലേ, തേരാ മുഹ് കാലാ" എന്ന് എഴുതി വച്ചിരുന്നത് ഞാൻ കണ്ടു. അതിന്റെ താഴെ രണ്ട് രാക്ഷസരൂപങ്ങളും തൂക്കിയിട്ടിരുന്നു.  പിന്നെ വൈകിയില്ല; "കരിങ്കണ്ണാ, നോക്ക്" എന്നെഴുതിയ പലകയും വൈക്കോൽ നിറച്ച നോക്കുകുത്തിയും മനസ്സിൽ നിന്ന് പിഴുതെറിഞ്ഞ ഞാൻ നേരേ അടുത്തുള്ള ഗാസിയാബാദ് ചന്തയിലേക്ക് നടന്നു. അവിടെ നിന്ന് 2 രാക്ഷസരൂപങ്ങൾ വാങ്ങുകയും "ഇതവിടെ തൂക്കിക്കോ" എന്ന് ഒരെഴുത്തോടു കൂടി രണ്ടും ഭാര്യക്കയച്ചുകൊടുക്കുകയും ചെയ്തു.



ഈ രാക്ഷസന്മാർ രണ്ടുപേരുമിപ്പോൾ എന്റെ വീടുപണി നടക്കുന്ന പറമ്പിന്റെ മുന്നിലൂടെ പോകുന്നവരെ നോക്കിപേടിപ്പിക്കുകയായിരിക്കും.













അഭിപ്രായങ്ങളൊന്നുമില്ല: