2015, മേയ് 27, ബുധനാഴ്‌ച

മാണിസ്സാറിന് സത്യപരിശോധന പോരേ?

അരുവിക്കരയിലെ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വാർത്ത. മുന്നണികൾ പോകേണ്ടത് 'അരുവിക്കര'യിലേക്കാണെങ്കിലും 'കടൽക്കര'യിലേക്ക് പോകുന്ന മട്ടിലാണ് അവരുടെ മനോഭാവം എന്നെനിക്ക് തോന്നുന്നു. വോട്ടർമാരെല്ലാവരും കൂടെ ചേർന്ന് തോല്പിച്ചു വിട്ടാൽ കടലിൽ വീഴുന്നതിനു സമാനമായിരിക്കും. പിന്നെ ഉടനെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കാര്യം കട്ടപ്പൊകയാകാനേ വഴിയുള്ളു.

പിണറായി വീരേന്ദ്രകുമാറിനെ യൂഡീഫിലേക്കയച്ചിരുന്നില്ലെങ്കിൽ അവർ അധികാരത്തിൽ വരില്ലായിരുന്നു. അങ്ങനെ വരുമ്പോൾ പിണറായി യൂഡീഫിന്റെ അഭ്യുദയകാംക്ഷിയാണെന്നു പറയേണ്ടി വരും. ഇപ്പോൾ ഷിബു ബേബി ജോൺ പറയുന്നത് യൂഡീഎഫിന് പ്രയാസം നേരിടുമ്പോഴൊക്കെ സഖാവ് വീ. എസ്. സഹായിക്കാനെത്തുന്നുണ്ട് എന്നാണ്. അങ്ങനെയെങ്കിൽ പരസ്പരം സഹായിക്കുന്നതു കൊണ്ടാകും ഇരു മുന്നണികളും മാറിമാറി അധികാരത്തിലെത്തുന്നത്. എങ്കിൽ നമുക്കിനി വേണ്ടത് വേറെ ഒരു മുന്നണി തന്നെയാണ്.

എൽഡീഫിനേയും യൂഡീഫിനേയും ജനങ്ങൾക്ക് മടുത്ത സ്ഥിതിക്ക് പുതിയൊരു മുന്നണിയുണ്ടായിരുന്നെങ്കിൽ ജനങ്ങൾക്കൊന്നു പരീക്ഷിച്ചു നോക്കാമായിരുന്നു. അഴിമതിയാണ് മുഖ്യവിഷയമെന്നിരിക്കേ അരുവിക്കരയിലേക്ക് പറ്റിയ നല്ല സ്ഥാനാർഥി നമ്മുടെ ബിജു രമേശായിരിക്കും. അദ്ദേഹമല്ലേ നല്ല ആർജ്ജവത്തോടെ ബാർ കോഴ ഈ അവസ്ഥയിലെത്തിച്ചത്? അദ്ദേഹത്തിന്റെ ബാറുകളെല്ലാം പൂട്ടിപ്പോയതിലുള്ള സങ്കടവും ദേഷ്യവും ഒക്കെയാണ് അദ്ദേഹത്തെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നല്ലേ തൽപ്പരകക്ഷികൾ പറഞ്ഞു നടക്കുന്നത്? അങ്ങനെ വരുമ്പോൾ തേരാ പാരാ നടക്കുന്നതിനു പകരം എലക്ഷനു നിൽക്കുന്നതല്ലേ എന്തുകൊണ്ടും നല്ലത്? ജയിച്ചാൽ എം എൽ എ ആകാം, അഴിമതിക്കെതിരേ പോരാടാം, അല്ലെങ്കിൽ മാണിയെപ്പിന്തുടർന്ന് നഷ്ടങ്ങളൊക്കെ നികത്തിയെടുക്കാം... അങ്ങനെ സാദ്ധ്യതകൾ പലതാണ്. തോറ്റാലോ? നഷ്ടപ്പെടാനൊന്നുമില്ല. എന്തായാലും കെട്ടിവച്ച കാശു കിട്ടും. ബിജു രമേശിനെക്കാൾ മെച്ചമായ സ്ഥാനാർത്ഥി ഇന്നത്തെ അവസ്ഥയിൽ മറ്റാരുണ്ട്? ഇനി അദ്ദേഹത്തിനു വയ്യെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളിയായാലും മതി. അമ്പിളിയാണല്ലോ നുണപരിശോധനയിലൂടെ ബിജു രമേശിന്റെ മാനം രക്ഷിച്ചത്? കേസിൻ വഴിത്തിരിവുണ്ടാക്കിയതും ഇതാണല്ലോ. ബീജെപിയും ബിജു രമേശും ബാലകൃഷ്ണപ്പിള്ളയും പീ സി തോമസും പീസീ ജോർജും ജോർജിന്റെ കൂടെ നിൽക്കുന്ന അരുവിക്കരയിലെ സകലമാന നാടാന്മാരും കൂടി ചേർന്ന് ഒത്തു പിടിച്ചാൽ അരുവിക്കരയിൽ രണ്ടു മുന്നണികളേയും കടൽക്കരയിലേക്കൊതുക്കാൻ കഴിയാവുന്നതേ ഉള്ളു.  മതപരിഗണന കൂടാതെ ഏകീകൃത നാടാര്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്, നാടാര്‍ സംയുക്ത സമിതി നാളെ പുത്തരിക്കണ്ടം മൈതാനിയില്‍ നാടാര്‍ സംഗമം നടത്തുകയാണത്രെ. മത പരിഗണന കൂടാതെ ഈ മൂന്നാം മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് അവർക്ക് നാളെ ഒരു തീരുമാനമെടുക്കാവുന്നതേയുള്ളു. അതാകുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു ഉത്തേജനവും ആകും. പക്ഷേ അതൊക്കെ സംഭവിച്ചാലല്ലേ എന്തെങ്കിലും നടക്കൂ? കേരളീയർക്ക് വിധിച്ചിട്ടുള്ളത് യൂഡീഫോ എൽഡിഫോ മാത്രമാണല്ലോ!  മതമില്ലാത്ത നാടാർ സംഗമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തത് 'ഘർ വാപ്പസി'യാണ്. ഇനി ഇപ്പോൾ നാടാന്മാർ മതപരിഗണന വേണ്ടെന്നു വച്ച് ഒരു മതകുമോ? അങ്ങനെ വല്ല 'ഘർ വാപ്പസി'യും നടക്കുമോ? എങ്കിൽ അച്ചന്മാരുടെ കാര്യമാകും കട്ടപ്പൊക.

രാത്രിയിൽ സൂര്യനുദിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് നമുക്കറിയാമെങ്കിലും അമ്പിളി പകൽ സമയത്ത് ഇങ്ങനെ പ്രശ്നമുണ്ടാക്കുമെന്ന് നമ്മൾ കരുതിയിരുന്നില്ല. അമ്പിളിയുടെ നുണപരിശോധന ഇപ്പോൾ രാഷ്ട്രീയക്കാർക്ക് മാത്രമല്ല ബാർ മുതലാളിമാർക്കും പ്രശ്നമായിരിക്കുന്നു. അതുകൊണ്ടാണല്ലോ നുണ പരിശോധനക്ക് തങ്ങളില്ലെന്ന് അവർ പ്രഖ്യാപിച്ചു കളഞ്ഞത്. എന്തായാലും കെ. എം. മാണി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നത്. സത്യത്തിൽ അതിന്റെ ആവശ്യമുണ്ടോ? ഇനി ഒരു കൊല്ലം കൂടിയേ അദ്ദേഹത്തിനവിടെ ഇരിക്കാൻ പറ്റൂ. അത്രയും കാലം അദ്ദേഹം അവിടെ ഇരുന്നാൽ ഇവർക്കെന്ത് നഷ്ടമാണ് വരുന്നത്? മാണിക്കും വലിയ ലാഭമൊന്നും ഇനി ഈ ചെറിയ കാലയളവിൽ കിട്ടാനില്ല. അതുകൊണ്ട് മാണി മന്ത്രിയായി തുടരട്ടെ എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇനി പുതിയ മന്ത്രി വരുമ്പോൾ മന്ത്രിമന്ദിരംറിപ്പയർ ചെയ്യാനും പെയിന്റടിക്കാനുമൊക്കെ വേണ്ടുന്ന ചെലവൊക്കെ നോക്കുമ്പോഴും മാണി തന്നെ തുടരുന്നതാണ് കേരളത്തിനു നല്ലത്. ആ പണം കെ.എസ്.ആർ.ടി.സിക്കാർക്ക് പെൻഷൻ കൊടുക്കാനെങ്കിലും തികയാതെ വരുമോ?കുറച്ച് ലക്ഷങ്ങൾ ചെലവാകാതെ എന്തു മരാമത്തും പെയിന്റടിയും?

സത്യത്തിൽ കേരളത്തിൽ അഴിമതിക്കെതിരേ പോരാടുന്നത് ആം ആദ്മിക്കാരോ പീ. സീ. ജോർജോ ആർ. ബാലകൃഷ്ണപ്പിള്ളയോ ഒന്നുമല്ല. പിണറായിക്കമ്പനിക്കും അതിനുള്ള താല്പര്യം കുറവല്ലേ? സാക്ഷാൽ ബിജു രമേശാണ് അസൂയാർഹമായ ആ സ്ഥാനത്ത് വിരാജിക്കുന്നത്. തുടക്കത്തിൽ അദ്ദേഹം ഒറ്റക്കായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ധീരവും ദൃഡവുമായ നിലപാടും പിടിച്ചു നിൽപ്പും ഒടുവിൽ ഫലം കാണുകയാണ്; ബാർ കോഴ സത്യം തന്നെയാണെന്നാണ് ഒടുവിൽ ഗവണ്മെന്റിനും അന്വേഷണക്കാർക്കും ബോദ്ധ്യമായി വരുന്നത്; ജനങ്ങൾക്കത് പണ്ടേ അറിയുന്നതാണല്ലോ?

അടുത്ത എലക്ഷനിൽ ബിജു രമേശ് മൽസരിക്കണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങൾ അദ്ദേഹത്തെ ജയിപ്പിക്കാതിരിക്കില്ല. അഴിമതിക്കെതിരേയുള്ള ജനങ്ങളുടേ ആദ്യത്തെ പ്രതികരണമാകട്ടെ അദ്ദേഹത്തിന്റെ വിജയം. ഒന്നുമില്ലെങ്കിലും ഒരു വലിയ അഴിമതിയല്ലേ അദ്ദേഹം പുറത്തു കൊണ്ടു വന്നത്?

പാവം, മാണി. അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നൊക്കെ പറഞ്ഞാൽ എന്തൊരന്യായമാണ്. അദ്ദേഹത്തെപ്പോലെയുള്ള പുണ്യാളന്മാർ അധികമുണ്ടോ? അദ്ദേഹം സത്യമേ പറയൂ എന്ന് ആർക്കാണ് അറിയാത്തത്? അദ്ദേഹം നുണ പരിശോധനക്ക് വിധേയനാകാത്തത് ആ യന്ത്രത്തെ പേടിയുള്ളതു കൊണ്ടൊന്നുമല്ല. ജീവിതത്തിൽ ഒരു തവണ അബദ്ധം പറ്റാത്ത മനുഷ്യരുണ്ടോ? അങ്ങനെ അബദ്ധവശാൽ, നുണപരിശോധനയിൽ പറയുന്നത് "ഞാൻ കോഴ വാങ്ങിയില്ല" എന്നായിപ്പോകുമോ എന്നാണദ്ദേഹത്തിന്റെ പേടി മുഴുവൻ! അതുകൊണ്ടു മാത്രമാണ് അദ്ദേഹം ഈ പരിശോധനക്ക് മടിച്ചു മടിച്ച് നിൽക്കുന്നത്. ഇത്രയും സത്യസന്ധനായ അദ്ദേഹത്തെ നുണപരിശോധനക്ക് വിധേയനാക്കുക എന്നത് കേരളീയർ അനുവദിക്കൻ പാടില്ല തന്നെ. സത്യത്തിൽ അദ്ദേഹത്തെ സത്യപരിശോധനക്ക് വിധേയനാക്കുന്നതാണ് ഉചിതം. ശരിയും അതാണ്. അതാകുമ്പോൾ അദ്ദേഹത്തിനും സന്തോഷവും സമ്മതവും ആയിരിക്കും. സത്യപരിശോധനയിൽ "ഞാൻ കോഴ വാങ്ങി" എന്ന സത്യം പറയാമല്ലോ; അതിലെന്താ തെറ്റ്?  എന്നിട്ടും ഈ വിജിലൻസുകാർ സത്യപരിശോധനയെക്കുറിച്ച് ആലോചിക്കാതെ നുണപരിശോധന, നുണപരിശോധന എന്നു പറയുന്നതാണ് എനിയ്ക്ക് മനസ്സിലാകാത്തത്.

2015, മേയ് 2, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - പത്ത്

മഹാപരിനിർവ്വാണക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഞാൻ ത്യാഗധനനായ ശ്രീബുദ്ധനെക്കുറിച്ച് ചിന്തിച്ചു.....നിരവധി ആളുകൾ, അല്ല, ഒരു കാലഘട്ടം തന്നെ  അദ്ദേഹത്തെ ദൈവമായോ ദൈവത്തെപ്പോലെയൊ കരുതിയിട്ടും താൻ ദൈവമാണെന്ന് അദ്ദേഹം പറഞ്ഞില്ല എന്നതല്ലേ അദ്ദേഹത്തിന്റെ മഹത്വം. തന്റെ ജീവിതകാലത്ത് ആബാലവൃദ്ധം ജനങ്ങൾ ശ്രീബുദ്ധനെ സർവ്വാത്മനാ സ്വീകരിച്ചെങ്കിലും ആ അവസ്ഥ ദുരുപയോഗം ചെയ്യാൻ അദ്ദേഹം മെനക്കെട്ടിട്ടില്ല. ആ അവസ്ഥയിൽ അദ്ദേഹത്തിനും പറയാമായിരുന്നു താൻ ദൈവമാണെന്ന്‌. പക്ഷേ അങ്ങനെ പറയുന്നതിലെ പൊള്ളത്തരം അറിയാൻ മാത്രം ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ശ്രീബുദ്ധനു ശേഷം ജന്മമെടുത്തവരും ഭാരതത്തിനു പുറത്തുള്ളവർ ദൈവമായി കണക്കാക്കുന്നവരും താൻ ദൈവമാണെന്നോ തനിക്കു മുമ്പ് ദൈവം ഇല്ലായിരുന്നുവെന്നോ ഭാവിച്ചവരാണ്‌. മനുഷ്യൻ ദൈവസൃഷ്ടിയാണ് എന്നു വിശ്വസിക്കുമ്പോൾ, ഇവരാണ്‌ ദൈവമെങ്കിൽ അതിനു മുമ്പുള്ള മനുഷ്യരേയോ ലോകത്തേയോ അവർ അംഗീകരിക്കുന്നില്ല എന്നല്ലേ അതിനർത്ഥം? ഇതിൽ പരം ഒരനർത്ഥം വേറേ എന്താണുള്ളത്? യാഥാർത്ഥ്യം മനസ്സിലാകാത്തവരും അംഗീകരിക്കാത്തവരുമാണോ ദൈവങ്ങൾ? കഷ്ടം! അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ മനുഷ്യർക്കുമില്ലേ?

താൻ ദൈവമാണെന്നു പറഞ്ഞില്ല എന്നു മാത്രമല്ല ദൈവമില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ആയിരുന്നു ശരിയായ നാസ്തികൻ. ദൈവമില്ല എന്നു പറയുമ്പോഴും ശ്രീബുദ്ധൻ കർമ്മഫലത്തിലും പുനർജ്ജന്മത്തിലും മറ്റും വിശ്വസിച്ചു. അവനവന്റെ കർമ്മഫലം വരും ജന്മങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പഠിപ്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ഉണ്ടായേ പറ്റൂ എന്ന് ഞാൻ പറയും. കാരണം കർമ്മഫലം അനുഭവിക്കണമെങ്കിൽ ആ കർമ്മഫലത്തെ ആരെങ്കിലും നല്ലതായും ചീത്തയായും വിലയിരുത്തണമല്ലോ. അതല്ലേ നാം വിശ്വസിക്കുന്ന ദൈവത്തിന്റെ ഒരു ജോലി? ആരുടെ ഏതു കർമ്മവും ഒരു കൂട്ടർക്ക് നല്ലതായി അനുഭവപ്പെടുമ്പോൾ മറ്റൊരു കൂട്ടർക്ക് ഹാനികരമായേ തോന്നൂ. അപ്പോൾ ദൈവമെന്ന ഒരു മോഡറേറ്റർ ഇല്ലെങ്കിൽ നമുക്കെങ്ങനെ അർഹിക്കുന്ന കർമ്മഫലം ലഭിക്കും? നമുക്ക് ശരിയായ കർമ്മഫലം ലഭിക്കുന്നു എന്ന് ഒരാൾ ഉറപ്പു വരുത്താനില്ലെങ്കിൽ കിട്ടുന്ന ഫലം തെറ്റിപ്പോയാലോ? ഇനി ദൈവത്തിനും തെറ്റുമ്പോഴായിരിക്കുമോ നല്ലവർ അകാരണമായി ശിക്ഷിക്കപ്പെടുന്നത്? അങ്ങനെയെങ്കിൽ പിന്നെ ഈ ദൈവത്തിന്റെ ആവശ്യമെന്താണ്‌?

കർമ്മഫലവും പുനർജ്ജന്മവുമൊക്കെ ഉണ്ടെങ്കിൽ ദൈവം ഉണ്ടാകാതെ പറ്റില്ല തന്നെ. എങ്കിൽ ശ്രീബുദ്ധന്‌ പിഴച്ചുവോ?  ഇനി ശ്രീബുദ്ധൻ പറയും പോലെ പുനർജ്ജന്മം ഉണ്ടെങ്കിൽ സ്വർഗ്ഗവും നരകവും കൂടി ഉണ്ടായേ പറ്റൂ. മരണത്തിനും പുനർജനനത്തിനും ഇടയിൽ കഴിഞ്ഞുകൂടാൻ അവയല്ലാതെ ഒരു സ്ഥലം വേറേ ഉണ്ടോ?

ശ്രീബുദ്ധന്റെ മറ്റൊരു മഹത്വം അദ്ദേഹത്തിന്റെ ഹൃദയവിശാലതയാണ്‌. താൻ പറയുന്നത് അക്ഷരം  പ്രതി പഠിച്ചു പാടാൻ അദ്ദേഹം അനുയായികളെ നിർബന്ധിച്ചില്ല. താൻ പറയുന്നത് മനസ്സിലാക്കി വിശകലനം ചെയ്യാനും വിലയിരുത്തി ശരിയെന്നു തോന്നിയാൽ അനുധാവനം ചെയ്യാനുമാണ്‌ അദ്ദേഹം പറഞ്ഞത്. അല്ലാതെ, തന്നെ പ്രതിനിധീകരിക്കുന്ന പുരോഹിതന്മാർ പറയുന്നത് കേട്ട് നടക്കാൻ നിർബന്ധിക്കുകയായിരുന്നില്ല. അതാണ്‌, അദ്ദേഹത്തിന്റെ വിശാലമനസ്ക്കത. ഭാരതത്തിന്റെ പാശ്ചാത്യരാജ്യക്കാർ ഇതെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ ആവോ? അവരുടെ മതങ്ങൾ അനുവർത്തിക്കുന്ന ഭാരതീയരും?

ആറു വർഷത്തെ കൊടുംതപസ്സിനു ശേഷമാണ്‌ സിദ്ധാർത്ഥൻ ബുദ്ധനായത്. പക്ഷേ തപസ് ചെയ്തിട്ടില്ലാത്ത, അദ്ദേഹത്തിന്റെ ഭാര്യാപിതാവും ബുദ്ധനായിരുന്നു. “സുപ്രബുദ്ധൻ” എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പേര്‌. തന്റെ പുത്രി യശോധര ഭർതൃനഷ്ടത്താൽ മാനസികാഘാതമേറ്റ് കാലം കഴിക്കുമ്പോൾ അദ്ദേഹവും ഏറെ തപിച്ചിട്ടുണ്ടാകും. തപം ചെയ്തവർ ബുദ്ധന്മാരാകാതെ പറ്റില്ലല്ലോ?

പുരാതനഭാരതത്തിൽ ആരെങ്കിലും അന്യദേശക്കാരെ കീഴടക്കിയിട്ടുണ്ടെങ്കിൽ അത് രാജാവാകാൻ മടിച്ച് ശ്രീബുദ്ധനായ സിദ്ധാർത്ഥൻ മാത്രമാണ്‌. സൈന്യവും ആയുധങ്ങളും ഉപയോഗിച്ച് കീഴടക്കുന്നതിനു പകരം ആശയപരമായാണ്‌ കീഴടക്കിയതെന്ന ഒരു വലിയ വ്യത്യാസമുണ്ടെന്നു മാത്രം.

സഹജീവികളോടും മൃഗങ്ങളോടും ദയ കാണിക്കണമെന്ന് പഠിപ്പിച്ച ശുദ്ധാത്മാവാണ്‌ ബുദ്ധൻ. മരങ്ങൾ വെട്ടിക്കളയുന്നതു പോലും അദ്ദേഹം എതിർത്തിരുന്നു. മരങ്ങൾക്കും ജീവനുണ്ടെന്നും അവയിൽ നിന്ന്‌ നമ്മൾ പാഠങ്ങൾ പഠിക്കണമെന്നും വരെ അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചു. അമ്പേറ്റു വീണ അരയന്നത്തിന്റെ ജീവനു വേണ്ടി രാജസദസ്സു വരെ പോയവനാണ്‌ സിദ്ധാർത്ഥൻ. അങ്ങനെയുള്ള ഒരാൾ മൃഗമാംസം കഴിക്കുക എന്നത് ചിന്തിക്കാൻ പോലുമാവില്ല. എന്നിട്ടാണ്‌ ബുദ്ധൻ പന്നിമാംസം കഴിച്ചിട്ടാണോ മരിച്ചത് എന്ന് നമ്മളിപ്പോൾ ഗവേഷണം നടത്തുന്നത്.

ബുദ്ധന്റെ ജനനം എത്ര അലൗകികമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുത്. വെളുത്ത കൊമ്പനാനയുടെ രൂപത്തിൽ സ്വപ്നത്തിലാണ്‌ സിദ്ധാർത്ഥന്റെ ഗർഭധാരണം നടന്നതെന്നും ജനിച്ച പാടെ എഴുന്നേറ്റ് ഏഴടി നടന്നുവെന്നും വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്തിയെന്നും എഴുതിപ്പിടിപ്പിച്ച ചരിത്രകാരന്മാർ എന്തുകൊണ്ടാണ്‌ വിഷം തീണ്ടിയ ഭക്ഷണമാണ്‌ കഴിച്ചതെന്നും ഗുരുതരമായ വയറിളക്കം ബാധിച്ചാണ്‌ ശ്രീബുദ്ധൻ മരിച്ചതെന്നും എഴുതി വച്ചത്? സാധുബ്രാഹ്മണനായ പൂന്താനം വരെ ഉടലോടെ സ്വർഗ്ഗത്തിൽ പോയെങ്കിൽ ബുദ്ധനും അങ്ങനെ പോകാവുന്നതേ ഉണ്ടായിരുന്നുള്ളു. ജ്ഞാനോദയത്തിനു ശേഷം, സ്വർഗ്ഗാരോഹണം ചെയ്ത അമ്മയ്ക്ക് മുക്തിമാർഗ്ഗം ഉപദേശിക്കാൻ സ്വർഗ്ഗത്തിൽ പോയി മടങ്ങിയവനാണ്‌ ബുദ്ധൻ എന്നു വരെ കണ്ടു പിടിച്ച ഗ്രന്ഥകാരന്മാർക്ക് സ്വർഗത്തിലേക്കുള്ള വഴി പോലും ബുദ്ധനറിയാമായിരുന്നെന്നും ദിവ്യമായ ഒരു മരണം അദ്ദേഹം അർഹിച്ചിരുന്നെന്നും അറിയാതെ പോയോ? അദ്ദേഹം സസ്യബുക്കാണോ മാംസബുക്കാണോ എന്നു വരെ ചരിത്രകാരന്മാർക്ക് സംശയമാണ്‌. ജന്തുക്കളോടും സസ്യങ്ങളോടും മാറ്റാരും കാട്ടാത്ത അനുകമ്പ കാട്ടിയ അദ്ദേഹം പന്നിമാംസം കഴിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അവസാനം കഴിച്ചത് പന്നിമാംസമാണോ എന്ന് ഗവേഷണം നടത്തുന്നതിനു പകരം അദ്ദേഹം ജീവിതകാലത്ത് എപ്പോഴെങ്കിലും മാംസം കഴിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ ഇവരെന്തേ മെനക്കെടാഞ്ഞത്? ക്ഷേത്രങ്ങളിൽ നടക്കുന്ന ജന്തുബലികളിൽ അദ്ദേഹം അതീവ ഖിന്നതയും വെറുപ്പും പ്രകടിപ്പിച്ചിരുന്നു. എത്ര നേരം വേണമെങ്കിലും പട്ടിണി കിടക്കാൻ തയ്യാറുള്ള അദ്ദേഹം ജീവിതകാലത്ത് മാംസം കയ്യുകൊണ്ടോ നാവു കൊണ്ടോ തൊട്ടിട്ടുണ്ടാകില്ല. പിന്നെയാണോ ചാവാനായിട്ടൊരു മാംസഭോജനം? അതോ ഇനി എമ്പതാം വയസ്സിൽ അദ്ദേഹത്തിന്റെ ബുദ്ധിയെല്ലാം പോയി“ അത്തും പിത്തും” ആയി വല്ലതും വാരി തിന്നിരിക്കുമോ? അതിനു വഴിയില്ല. തന്റെ നിർവ്വാണം അടുത്തെത്തിയെന്നും താൻ ഇഹലോകം വെടിയുകയാണെന്നും പറഞ്ഞായിരുന്നുവല്ലോ അദ്ദേഹത്തിന്റെ സമാധി.

സിദ്ധാർത്ഥൻ തപസ്സു ചെയ്തതു മുഴുവൻ മരത്തിന്റെ ചോട്ടിലായിരുന്നു. ബുദ്ധനും മരവും തമ്മിൽ അമ്മയും കുഞ്ഞും പോലെയുള്ള ബന്ധമാണുള്ളത്. മരമില്ലെങ്കിൽ ബുദ്ധനില്ല എന്നു നിസ്സംശയം പറയാം. മരമാണ് ബുദ്ധനെ സൃഷ്ടിച്ചത് എന്നേ ഞാൻ പറയൂ. അത്ര വലുതാണ് ഗൗതമസിദ്ധാർത്ഥനെ ശ്രീബുദ്ധനാക്കുന്നതിൽ മരങ്ങൾ വഹിച്ച പങ്ക്. മരങ്ങളെ നിരന്തരമായി നിരീക്ഷിച്ചതുകൊണ്ടായിരിക്കുമോ അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായിട്ടുണ്ടാകുക? അദ്ദേഹത്തിന്റെ ബോധം മരത്തിൽ നിന്നും കിട്ടിയതല്ലെങ്കിൽ എന്തിനാണ് പിന്നെ ആ മരത്തിനെ ബോധിവൃക്ഷം എന്നു വിളിച്ചത്? ബോധിവൃക്ഷത്തിന്റെ ബോധമല്ലേ സിദ്ധാർത്ഥനെ ബുദ്ധനാക്കിയത്? ഒരർത്ഥത്തിൽ നോക്കിയാൽ മരങ്ങളുടെ സന്ദേശങ്ങൾ തന്നെയല്ലേ ശ്രീബുദ്ധനും ലോകർക്ക് നൽകിയത്?

മരങ്ങളുടെ അഭൗമമായ, അമാനുഷമായ ഗുണങ്ങൾ, പ്രകടനങ്ങൾ ഞാൻ ഓർത്തെടുത്തു. മരങ്ങൾ നൽകുന്ന സന്ദേശങ്ങൾ നിരവധിയല്ലേ?  കാറ്റ്, മഴ, വെയിൽ എന്നീ പ്രാകൃതിക പ്രതിഭാസങ്ങളെ മരങ്ങൾ കൂസലില്ലാതെ നേരിടുന്നു. ചിലത് കാറ്റത്ത് ഒടിഞ്ഞു പോകുന്നു; മറ്റു ചിലത് പിഴുതെറിയപ്പെടുന്നു.  ചില മരങ്ങൾ പേമഴയിൽ കൂപ്പു കുത്തുന്നു. വെയിലത്ത് ഉണങ്ങിപ്പോകുന്ന മരങ്ങളുമുണ്ട്. പക്ഷേ അവ എല്ലാ പ്രതിബന്ധങ്ങളേയും വരുംവരായ്കകൾ നോക്കാതെ നേരിടുന്നു. നമ്മൾ അക്ഷോഭ്യരായിരിക്കണം; പ്രതിബന്ധങ്ങളിൽ തളരരുത് എന്നല്ലേ ഇതിലൂടെ മരങ്ങൾ മനുഷ്യനു നൽകുന്ന സന്ദേശം?

മരങ്ങൾ നിർമ്മമരായി (without attachment) ക്ഷമാശീലരായി രാവും പകലും പിന്നിടുന്നു. ഏതെങ്കിലും മരം  എപ്പോഴെങ്കിലും എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാറുണ്ടോ?  (മരങ്ങൾ മറിഞ്ഞ് വീണ് വീടുകൾ നശിക്കുന്നതിന് മരത്തെ കുറ്റം പറയരുതല്ലോ. സ്വയം നശിച്ച് മറ്റുള്ളവരെ നശിപ്പിക്കാൻ മരമെന്താ വല്ല മനുഷ്യബോംബുമാണോ? കാറ്റല്ലേ മരത്തിനെ ഒടിച്ചു വീഴ്ത്തുന്നത്?) ഇതാണ് മരങ്ങൾ നൽകുന്ന അടുത്ത പാഠം - നമ്മൾ നിർമ്മമരും ക്ഷമാശീലരുമായി ജീവിക്കുക. മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കൂക.

മരത്തിൽ എന്തെല്ലാം പക്ഷികൾ കൂടു കൂട്ടുന്നു? ഏതെങ്കിലും മരം അത് തട്ടിത്തെറിപ്പിക്കുന്നുണ്ടോ? ഇതാണ് അടുത്ത പാഠം - നമ്മളെ ആശ്രയിക്കുന്നവർക്ക് അഭയം കൊടുക്കുക. അവരെ തള്ളിവിടുകയോ തള്ളിപ്പറയുകയോ ചെയ്യാതിരിക്കുക.

പഴങ്ങൾ നിറയുമ്പോൾ മരങ്ങൾ അവയുടെ ശാഖകൾ താഴോട്ട് കുനിക്കുന്നു. മരത്തിൽ കയറാനറിയാത്തവർക്കും ഫലങ്ങൾ പ്രാപ്യമാകണം എന്നല്ലേ മരങ്ങൾ പറയുന്നത്? ഇതാണ് അടുത്ത പാഠം - നമുക്ക് സമ്പത്ത് കൂടുംതോറും നമ്മൾ ഉദാരമതികളാകുക; മഹാമനസ്ക്കരാകുക. നമ്മുടെ അധികമുള്ള ധനം പാവപ്പെട്ടവർക്ക് കൊടുക്കുക.

മരത്തിൽ ഇത്തിക്കണ്ണികൾ വളരുമ്പോൾ മരം എതിർക്കുന്നുണ്ടോ? ഇല്ല. കൂടാരത്തിൽ കഴുത്ത് വയ്ക്കാൻ ഒട്ടകത്തിന് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയാണ് ഇത്തിക്കണ്ണി പറ്റിയ ചെറിയ മരങ്ങളുടെ അവസ്ഥ. വലിയ മരങ്ങളെ ഇത്തിക്കണ്ണിക്കൊന്നും ചെയ്യാൻ പറ്റില്ല.  നമുക്ക് ദോഷം വരാത്ത കാലത്തോളം നമ്മളെ ചൂഷണം ചെയ്യുന്നവരേയും സഹിക്കൂ എന്നല്ലേ അടുത്ത പാഠം?

മരങ്ങളില്ലെങ്കിൽ മനുഷ്യരില്ല. മനുഷ്യരാശിയുടെ നിലനിൽപ്പിന് മരങ്ങൾ  പശ്ചാത്തലമൊരുക്കുന്നു. അതുപോലെ മറ്റുള്ളവരുടെ നിലനിൽപ്പിന് നമ്മളും പശ്ചാത്തലമൊരുക്കുക; ചുരുങ്ങിയത് സഹകരിക്കുകയെങ്കിലും ചെയ്യുക.  പക്ഷേ എന്തെന്തെല്ലാം ജീവജാലങ്ങൾ മനുഷ്യന്റെ ജീവിതരീതിയാൽ നശിച്ചുപോകുന്നു!

മരങ്ങൾ നിശ്ശബ്ദം, ക്ഷമയോടെ മനുഷ്യന് വശംവദമായി നില നിൽക്കുന്നു. നമ്മളും നിശ്ശബ്ദം, ക്ഷമയോടെ സമൂഹത്തിന് വശംവദമായി ജീവിക്കേണ്ടവരല്ലേ? പക്ഷേ പ്രകൃതി മുഴുവൻ തനിക്കു വേണ്ടിയാണ് എന്നല്ലേ ആധുനിക മനുഷ്യന്റെ മനോഭാവം?

മരങ്ങൾ കാലക്രമേണ ക്രമാനുഗതമായി ഉന്നതിയിലേക്ക് വളരുന്നു. നമ്മളും വളരേണ്ടത് ഉന്നതിയിലേക്കാണ്. പണവും പദവിയുമല്ലാതെ എന്തുന്നതിയാണ് മനുഷ്യൻ വലുതാകുമ്പോൾ പ്രാപിക്കുന്നത്? അതു പറഞ്ഞപ്പോഴാണ് "നിങ്ങൾ മലമുകളിൽ കയറുന്നത് ലോകം മുഴുവൻ നിങ്ങളെ കാണണം എന്നു കരുതിയാകരുത്; മറിച്ച് നിങ്ങൾക്ക് ലോകം മുഴുവൻ കാണണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കണം" എന്ന് ആരോ പറഞ്ഞത് എന്റെ മനസ്സിൽ കേറി വന്നത്.

മരങ്ങൾ നമ്മോട് എപ്പോഴെങ്കിലും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടോ? ഇല്ല. നമ്മൾ അത്രക്കങ്ങോട്ട് പോയില്ലെങ്കിലും ഈ ആശയം മനസ്സിൽ വച്ചു കൂടേ? തീർച്ചയായും അത് ജീവിതത്തിന് മുതൽ കൂട്ടാവും. സമൂഹത്തിനും. ഏതെങ്കിലും മരത്തിന് എപ്പോഴെങ്കിലും മറ്റൊരു മരത്തിനാൽ അസൂയ ഉണ്ടായിട്ടുണ്ടോ? ഇല്ല. ഈ ഗുണമല്ലേ നമുക്കും വേണ്ടത്?

ഏതെല്ലാം മരങ്ങൾ കുപ്പയിലും കുണ്ടിലുമായി എവിടെയെല്ലാം നിൽക്കുന്നു. ഏതെങ്കിലും മരം എപ്പോഴെങ്കിലും അതിന്റെ സ്ഥാനത്തെ കുറിച്ച് പരാതി പറയുന്നുണ്ടോ?  അതുകൊണ്ട് നമ്മൾക്ക് നമ്മുടെ പരാതിക്ക് ഒരു കുറവെങ്കിലും വരുത്തരുതോ?

ഏതെങ്കിലും മരം മറ്റൊരു മരത്തെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ? മുല്ലവള്ളി മുറ്റത്തെ മാവിൽ അടരുന്നത് അതിൽ പെടുത്തരുതേ. മുല്ലവള്ളിക്ക് പടരാൻ കൊടുക്കുന്ന മാവിനെപ്പോലെ നമ്മളെ സമീപിക്കുന്ന അശരണർക്ക് നമുക്കൊരഭയമായിക്കൂടേ? മരങ്ങൾ അയല്മരത്തോട് ശണ്ഠ കൂടുന്നുണ്ടോ? ഇല്ല; നമുക്കും അതായിക്കൂടേ?

ഞാൻ മോശമായി, എന്റെ ഭാവി ഇരുളടഞ്ഞു, എനിക്കൊന്നുമില്ല എന്നിങ്ങനെയുള്ള വിചാരവികാരങ്ങൾ മരങ്ങൾ പ്രകടിപ്പിക്കാറുണ്ടോ? ഇല്ല; നമുക്കും അതൊന്ന് ശ്രമിച്ചു നോക്കിക്കൂടേ?  ചൂടും തണുപ്പും ഏകാന്തതയും എല്ലാം അവർ സഹിക്കുന്നതോടൊപ്പം തന്നെ സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറക്കുന്ന തണൽ മരങ്ങൾ നമുക്ക് തരുന്നു.

ലക്ഷോപലക്ഷം വർഷങ്ങളായി മരങ്ങൾ ഈ ഭൂമിയിലുണ്ടല്ലോ. അവ സ്വയം ആർജ്ജിച്ചതല്ലേ ഈ നന്മകൾ? ജലമോ വളമോ കുറഞ്ഞാലും മരം വളരുകയും നിലനിൽക്കുകയും ചെയ്യുന്നു. അതുപോലെ ഒറ്റപ്പെടലുകളോ മോശപ്പെട്ട സാഹചര്യങ്ങളോ തന്റെ വളർച്ചയെ തടയാൻ മനുഷ്യൻ അനുവദിക്കരുത്. വേണ്ടപ്പെട്ടവരോ സമൂഹമോ ഒറ്റപ്പെടുത്തിയാലും നമ്മൾ സദാചാരവും സദ്ഗുണവും കൈ വിടരുത്. മോശമായ ചുറ്റുപാടുകളിൽ വളർന്ന് പന്തലിക്കുന്ന മരങ്ങളെപ്പോലെ തന്നിൽ തന്നെ വിശ്വാസമർപ്പിച്ച് മുന്നേറുകയും ലോകർക്ക് മാതൃകയാകുകയും ചെയ്താൽ എന്തായിരിക്കും ആ ജീവിതവിജയം?.

ചെടി അല്ലെങ്കിൽ വിത്ത്, വളരുന്ന മണ്ണ് മോശമായേക്കാം. പക്ഷേ വളർന്നുകഴിഞ്ഞാൽ മരച്ചുവട് ഉറപ്പുള്ളതും വൃത്തിയുള്ളതുമായിരിക്കും. ജന്മം കൊണ്ടോ ജനിച്ച ചുറ്റുപാടുകൾ മോശമായത് കൊണ്ടോ വളർന്നുകഴിഞ്ഞാൽ നമ്മൾ മോശക്കാരാകരുത്.

മരങ്ങളുടെ ഇമ്മാതിരി അലൗകികമായ സന്ദേശങ്ങൾ സിദ്ധാർത്ഥൻ മരങ്ങളെ നിരീക്ഷണം ചെയ്ത് മനസ്സിലാക്കിയിട്ടുണ്ടാകും. ആ നിരീക്ഷണങ്ങളായിരിക്കാം അദ്ദേഹത്തിന് ബോധോദയം നൽകിയത്. ആ ബോധമായിരിക്കാം അദ്ദേഹത്തെ മദ്ധ്യമാർഗ്ഗം പിന്തുടരാൻ പഠിപ്പിച്ചത്.  മരത്തിൽ നിന്നു കിട്ടിയ സന്ദേശങ്ങളായിരിക്കും അദ്ദേഹം പ്രചരിപ്പിച്ചത്. ശാന്തിയും സമാധാനവും സത്യവും മറ്റും അദ്ദേഹത്തെ പഠിപ്പിച്ചത് മരങ്ങളായിരിക്കും.

ഇമ്മാതിരിയുള്ള ഭ്രാന്തൻ ചിന്തകൾ വെറും ഭ്രാന്തനായ എനിയ്ക്കേ തോന്നൂ.  ഇതൊക്കെ ആരെങ്കിലും വായിക്കാനിടയായാൽ "എന്തൊരസംബന്ധമാണെഴുതി വച്ചിരിക്കുന്നത്; എങ്കിൽ പിന്നെ മരമായി ജീവിച്ചാൽ പോരേ?"  എന്നു ചോദിച്ചേക്കാം. ചോദ്യം തീർച്ചയായും ശരിയാണ്. പക്ഷേ മനുഷ്യനായിരിക്കുമ്പോൾ മരത്തിന്റെ ഗുണം കൂടി കാണിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായിരുന്നൂ എന്നേ ഇതു കൊണ്ടൊക്കെ ഉദ്ദേശിക്കുന്നുള്ളു.

ശ്രീബുദ്ധന്റെ ജീവിത സന്ദേശങ്ങളോർത്തുകൊണ്ട് ഞാൻ മഹാപരിനിർവ്വാണക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറി.


2015, മേയ് 1, വെള്ളിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - ഒമ്പത്

റോഡ് ആൾത്തിരക്കുള്ളതോ വാഹനങ്ങൾ അധികമുള്ളതോ അല്ല. അങ്ങിങ്ങ്, സ്കൂൾ കുട്ടികൾ നടന്നു പോകുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. തനി നാടൻ കുട്ടികൾ. റോഡിനിരുവശവും പ്രധാനമായും വയലുകളാണ്. അതല്ലെങ്കിൽ കെട്ടിടങ്ങളും അവയ്ക്ക് പുറകിൽ വയലുകളും. കെട്ടിടങ്ങളെല്ലാം വിവിധ രാജ്യങ്ങളുടെ ബുദ്ധവിഹാരങ്ങളാണ്. അവയെല്ലാം പുതിയതും ഭംഗിയുള്ളതുമാണ്. ആഗ്രഹങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരാണ് ബുദ്ധസന്യാസിമാരെങ്കിലും ഈ കെട്ടിടങ്ങളും അതിനകത്തെ ജീവിതവും അത്രയ്ക്കങ്ങട് മോശമാകാൻ ഇടയില്ല എന്ന് ഈ കാഴ്ചകൾ തന്നെ വിളിച്ചു പറയുന്നുണ്ട്. എല്ലാ കെട്ടിടങ്ങളും അതാതു രാജ്യക്കാരുടെ കെട്ടിടനിർമ്മാണരീതി അനുസരിച്ചുണ്ടാക്കിയവയാണ്. പരിചയമുള്ളവർക്ക് ഏതാണ് തായ് ടെമ്പിൾ, ഏതാണ് കൊറിയൻ ടെമ്പിൾ, ഏതേതാണ് ചൈനീസ് ടെമ്പിൾ, ബർമ്മീസ് ടെമ്പിൾ എന്നൊക്കെ അനായാസം പറയാനാകും.  കയ്യിൽ കാമറയുള്ളവർ ഈ ബുദ്ധവിഹാരങ്ങളുടെ ഫോട്ടോ എടുക്കാതെ മുന്നോട്ട് നീങ്ങില്ല. കാമറയ്ക്കും ബ്ലോഗുകൾക്കും ഇണങ്ങുന്നതാണീ കെട്ടിടങ്ങളുടെ കെട്ടും മട്ടും.ആരും ഒന്നു നോക്കിപ്പോകും. എന്നാൽ ഞങ്ങളുടെ കയ്യിലെ മൊബൈൽ കാമറയിൽ ഈ കെട്ടിടങ്ങളുടെ രൂപം ഒതുക്കിനിർത്താൻ ഞങ്ങളൊട്ടും തുനിഞ്ഞില്ല.

മുന്തിയ തരം ഒന്നോ രണ്ടോ ഹോട്ടലുകളും വഴിയിൽ കണ്ടു. പാശ്ചാത്യരായ സന്ദർശകരൊക്കെ വരുമ്പോൾ താമസിക്കുന്നത് ഇവിടെയൊക്കെ ആയിരിക്കാം. ഈ കെട്ടിടങ്ങളെ മാറ്റി നിറുത്തിയാൽ പിന്നെ ഈ പ്രദേശം വെറും നാട്ടിൻപുറമെന്നോ വയലേല എന്നോ പറയണം. അല്ലാതെ മറ്റു വികസനം ഒന്നും അവിടെ കണ്ടില്ല. അല്ലെങ്കിലും വികസനം എന്ന വാക്കിന്റെ അർത്ഥം പലർക്കും പലതാണല്ലോ!

വിശാലമായി പരന്നു കിടക്കുന്ന ഈ വയലേലകൾ ഒരു കാലത്ത് ജനപദങ്ങൾ ആയിരുന്നെന്നോ? വിശ്വസിക്കാൻ പ്രയാസം! പണ്ട് സ്കൂളിൽ സാമൂഹ്യപാഠത്തിൽ പഠിച്ച കറുത്ത എക്കൽ മണ്ണാണെവിടേയും. കേരളത്തിലാണെങ്കിൽ ഇപ്പോൾ വയലുള്ളിടത്ത് പണ്ടും വയലായിരുന്നു എന്നു സാമാന്യമായി പറയാം. തിരിച്ചായാലും കുറേയൊക്കെ ശരിയായിരിക്കും. അതാലോചിച്ചപ്പോഴാണ്‌ കേരളത്തിലെ സാധാരണ ജനങ്ങൾ ഈ രാഷ് ട്രീയക്കാർക്കും ക്വാറി ഉടമകൾക്കും എതിരേ വച്ചു പുലർത്തുന്ന നിഷേധ മനോഭാവം എന്റെ ഓർമ്മയിൽ വന്നത്. ഒന്നുമില്ലെങ്കിലും ഭാരതം ഒരു സോഷ്യലിസ്റ്റ് രാജ്യമല്ലേ? പോരാത്തതിന്‌ കേരളം സാമ്പത്തിക സമത്വത്തിന്റെ സന്ദേശവാഹകരായ മാർക്സിസ്റ്റ്കാരുടെ കോട്ടയും. അപ്പോൾ കേരളത്തിൽ ഉച്ചനീചത്വങ്ങളില്ലാതെ സമത്വം നിലനില്ക്കേണ്ടതല്ലേ? അതിനാണ്‌ മലകളായ മലകൾ ഇടിച്ചും ജലാശയങ്ങളായ ജലാശയങ്ങൾ മണ്ണിട്ടു നികത്തിയും കേരളത്തെ ഒരു സമതലപ്രദേശമാക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ; കുന്നും കുഴിയും ഇല്ലാത്തെ ഒരു കേരളത്തെ. ഹായ്, എന്തൊരു ഭംഗിയായിരിക്കും ആ സമത്വമുള്ള കേരളം? റോട്ടിലെ കുന്നും കുഴിയും അടക്കുന്നതും ഇങ്ങനെ ഒരു റോഡ് സമത്വം ഉണ്ടാക്കാനല്ലേ? ആർക്കാ റോഡിൽ കുന്നും കുഴിയും ഇഷ്ടപ്പെടുക?  അതുപോലെ പ്രകൃതിയിലെ അസന്തുലിതാവസ്ഥ ഒഴിവാക്കി കേരളത്തിലൊരു ഭൂസമത്വം ഉണ്ടാക്കാനാണ്‌ ഈ ക്വാറി ഉടമകൾ രാഷ് ട്രീയക്കാരുടെ സഹായത്തോടെ യത്നിക്കുന്നത്. അതിന്‌ അവർ കേൾക്കുന്ന പഴിയോ? പാവങ്ങൾ! ഈ ജനങ്ങളെ ഇനി എന്താ ചെയ്യുക?

അടുത്തുള്ള വയലുകളിൽ കരിമ്പുചെടികളാണ് കാണുന്നത്. വയലുകളിൽ പെണ്ണുങ്ങളും കുട്ടികളുമുണ്ട്. എന്തോ പണിത്തിരക്കിലാണവർ. ഒരു പക്ഷേ കരിമ്പു വെട്ടുകയാകും അവർ. എവിടേയും പണിയെടുക്കാൻ പെണ്ണുങ്ങളും കുട്ടികളും തന്നെ വേണം. റോഡിൽ വലത് വശത്തോട്ട് മറ്റൊരു റോഡ് പോകുന്നുണ്ട്. ബുദ്ധന്റെ ചിതാഭസ്മവും അസ്ഥികളും മറ്റും വീതിച്ചു നൽകിയ സ്ഥലത്തേക്കാണ് ആ റോഡ് പോകുന്നത് എന്നെഴുതിയ ഒരു ബോർഡും (Buddha’s  Relic  Distribution Site)  അവിടെ കണ്ടു. വെട്ടിയെടുത്ത കരിമ്പിൻ തണ്ടുകളുമായി ഒരു ട്രാക്റ്റർ അതു വഴി ഓടിച്ചു പോയി. ഞങ്ങൾ മുന്നോട്ട് നടന്നു. വലതു വശത്തായി ഒരു ബുദ്ധവിഹാരം കണ്ടു. അത് ജപ്പാന്റെയോ ശ്രീലങ്കയുടേയോ മറ്റോ വകയാണെന്നു തോന്നുന്നു; പക്ഷേ അടഞ്ഞു കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഇടതു വശത്തായി ഗവണ്മെന്റ് വകയായുള്ള മ്യൂസിയം കാണായി. ഞങ്ങൾ അതിന്റെ മുന്നിൽ നിന്നു. 10 മണിക്കേ തുറക്കൂ. മണിക്കൂറുകൾ ഇനിയുമുണ്ട്. പക്ഷേ കഷ്ടം; ഇന്നു തിങ്കളാഴ്ചയാണ്, മ്യൂസിയത്തിനവധിയാണ്. അപ്പോൾ മുന്നിൽ കാണുന്ന ഇതിന്റെ ഉള്ളിൽ കയറുന്ന കാര്യം മറക്കാമെന്ന് ഞാൻ തീർച്ചയാക്കി. ബുദ്ധന്റെ ചരിത്രം വിളിച്ചോതുന്നതും കാലങ്ങളായി കുശനഗറിലെ മണ്ണിൽ നിന്നു കിട്ടിയുട്ടുള്ളതുമായ പ്രാചീനവസ്തുക്കളാണ് അവിടെ പ്രദർശിപ്പിച്ചിട്ടുള്ളതത്രെ.

 ഞങ്ങൾ മുന്നോാട്ട് തന്നെ നടന്നു. റോഡിനിരുവശത്തും ബുദ്ധവിഹാരങ്ങൾ തന്നെ. പണി തീർന്നതും പണി നടക്കുന്നതും എല്ലാമുണ്ട്. കാവിയണിഞ്ഞ ചില ബുദ്ധഭിക്ഷുക്കളെയും അവിടെ കണ്ടു. എല്ലാം പൂർവ്വേഷ്യക്കാരാണ്. കൊറിയ, തായ്ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടേതാണി വിഹാരങ്ങൾ. വേണമെങ്കിൽ അവിടെയൊക്കെ കേറി നോക്കാമായിരിക്കാം.

മ്യൂസിയത്തിനെതിർവശത്തായി തായ്‌ലന്റിന്റെ വകയായുള്ള ബുദ്ധവിഹാരമാണ്. വാറ്റ് തായ് ടെമ്പിൾ എന്നാണവരതിനെ വിളിക്കുന്നത്. തായ്‌ലന്റിന്റെ ശില്പമാതൃകയിലുള്ളതാണ് കെട്ടിടം. കാണാൻ നല്ല ചേല്. സംസ്കൃതത്തിലെ വാടിക എന്ന വാക്കിൽ നിന്നത്രേ ഈ വാറ്റ് എന്ന വാക്കിന്റെ തുടക്കം. നോക്കണേ, സംസ്കൃതത്തിന്റെ ഒരു സ്വീകാര്യത! ഗേറ്റുകൾ അടഞ്ഞു കിടക്കുകയാണ്. അവിടേയും അകത്ത് കയറുവാൻ നിർവ്വാഹമില്ല. അതും ഞങ്ങൾ റോഡിൽ നിന്നു കൊണ്ടു തന്നെ നോക്കിക്കണ്ടു.   അല്ലെങ്കിലും ഈ കെട്ടിടങ്ങളിലൊന്നും കേറി നോക്കാനല്ലല്ലോ ഇങ്ങോട്ട് പോന്നത് എന്ന് ഞാൻ സമാധാനിച്ചു. അപ്പോൾ ഇതാണേറ്റവും സൗകര്യം. എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കൊണ്ട് ഞങ്ങൾ റോഡിലൂടെ നടന്നു. റോഡിലൂടെ നടന്നു കൊണ്ട് എല്ലാ ബുദ്ധവിഹാരങ്ങളും നോക്കിക്കണ്ടു എന്നും വേണമെങ്കിൽ പറയാം.
വാറ്റ് തായ് ടെമ്പിൾ, കുശനഗർ

ഒരു പത്തിരുപത് മിനിറ്റ് നടന്നപ്പോഴേക്കും  റോഡിനിടതു വശത്തായി ചെറിയൊരാൾത്തിരക്കും അതിനടുത്ത് ഒരു മൈതാനത്തിനകത്ത് ഒരു ചെറിയ കുന്നും ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടു. അതാണ് ശ്രീബുദ്ധന്റെ ഭൗതികദേഹം സംസ്കരിച്ച സ്ഥലമത്രെ. വിശാലമായ ഒരു പുൽമൈതാനത്തിലാണ് ഈ ശവകുടിരം നിലകൊള്ളുന്നത്. ഞങ്ങൾ അതിനുള്ളിലേക്ക് നടന്നു. നിറയെ സന്ദർശകരാണ്; മിക്കവാറും എല്ലാവരും പൂർവ്വേഷ്യക്കാരാണ്; പലരും വെള്ള വസ്ത്രം ധരിച്ചവർ; ആണുങ്ങളും പെണ്ണുങ്ങളും കൂട്ടത്തിലുണ്ട്. സന്ദർശകരാണെങ്കിലും എല്ലാവരും ഭക്തന്മാരാണ്; ഭയഭക്തി ബഹുമാനങ്ങളോടെയാണ് അവർ അവിടെ സമയം ചെലവഴിക്കുന്നത്.  മൈതാനത്തിന്റെ പല സ്ഥലത്തായി വിദേശിയരായ സന്ദർശകർ ബുദ്ധന് പ്രണാമമർപ്പിച്ചുകൊണ്ട് പൂജകളും കീർത്തനങ്ങളും മറ്റും നടത്തുന്നുണ്ട്.  എങ്കിലും ആകപ്പാടെ ഒരു ശാന്തത. ധാരാളം ആളുകൾ മൈതാനത്തിരുന്നു് ധ്യാനിക്കുന്നുമുണ്ട്.

ഷൂസും സോക്സും ഊരി വച്ച് ഞങ്ങൾ മൈതാനത്തിന്റെ മദ്ധ്യഭാഗത്തുള്ള ബുദ്ധസമാധിയിലെത്തി. ശരിക്കും ഒരു കുന്ന്. ഇഷ്ടിക കൊണ്ടുണ്ടാക്കിയതാണെന്നു മാത്രം. കമഴ്ത്തി വച്ച ഒരു അർദ്ധഗോളത്തിന്റെ രൂപമാണെന്നു വേണമെങ്കിൽ പറയാം. ഇഷ്ടിക അടുക്കി കെട്ടിയുണ്ടാക്കിയ ഈ വലിയ കുന്നു കണ്ടപ്പോൾ ഞാനറിയാതെ ഓർത്തുപോയത് ഈജിപ്തിലെ പിരമിഡാണ്. അതിന്റെ നാലയലത്ത് എത്തില്ലെങ്കിലും ഇമ്മാതിരി ഒരു ഇഷ്ടികക്കുന്നുണ്ടാക്കാനും വേണം ഇത്തിരി സമയവും ഊർജ്ജവും. മൈതാനത്തിൽ, നശിച്ചുപോയ ചിരപുരാതനമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണെന്നു തോന്നത്തക്ക വിധത്തിലുള്ള അസ്ഥിവാരങ്ങൾ കാണാം. അതെല്ലാം എന്തായിരുന്നുവോ ആവോ? വല്ല ഗൈഡുമാരോടും ചോദിച്ചാൽ പറഞ്ഞു തരുമായിരിക്കും. ഈ കുന്നു മാത്രം എങ്ങനെ കേടുകൂടാതെ രക്ഷപ്പെട്ടുവോ ആവോ? ഒരു പക്ഷേ ശവകുടീരങ്ങൾ മുഗളന്മാർക്ക് ഹറാമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കണം അവരതിനെ ഒഴിവാക്കിയത്. ഇല്ലെങ്കിൽ അവർ അതും തച്ചു തരിപ്പണമാക്കിയേനേ.

ഈ ഇഷ്ടികക്കുന്നിനെയാണ് രാമാഭർ സ്തൂപം എന്നു പറയുന്നത്. അതിന്റെ ഉച്ചാരണം ഇങ്ങനെത്തന്നെയാണോ ആവോ? കുന്നിനെ സ്തൂപം എന്നു പറയുന്നത് അനുചിതമായി എനിയ്ക്കു തോന്നി. പക്ഷേ ഇവിടെ എന്റെ തോന്നലിനെന്തു പ്രസക്തി? മുകുടബന്ധനചൈത്യം എന്നും ബുദ്ധമതക്കാർ ഇതിന്റെ പറയുന്നുണ്ട്. അപ്പോൾ ഇവിടെയാണ് ലോകത്തിന്റെ ത്യാഗധനനായ ഗൗതമസിദ്ധാർത്ഥ ബുദ്ധദേവൻ അന്ത്യനിദ്ര കൊള്ളുന്നത്. കുന്നിനു ചുറ്റും ആളുകൾ പ്രദക്ഷിണംവയ്ക്കുകയാണ്. ഒരിടത്ത് പൂജാപുഷ്പങ്ങളും മറ്റും അർപ്പിക്കാനുള്ള സൗകര്യമുണ്ട്. ധാരാളം നെയ്ത്തിരി കത്തിച്ചു വച്ചിട്ടുണ്ട്. അവിടെയാണ് കൂടുതലും ആളുകൾ. പൂക്കളുടേയും ചന്ദനത്തിരിയുടേയും ഗന്ധം പരിസരമാകെ അനുഭവപ്പെടുന്നുണ്ട്.

ലുംബിനിയിൽ നിന്ന് തുറക്കണമെന്നു കരുതിയിരുന്നതും എന്നാൽ അവിടെ നിന്നു തുറക്കാൻ പറ്റാതെ പോയതുമായ എന്റെ ഭാണ്ഡം ഞാൻ പതുക്കെ കെട്ടഴിച്ചു. അതിനുള്ളിൽ നിന്നും ഞാൻ ചന്ദനത്തിരിക്കൂടുകളും കർപ്പൂരക്കെട്ടും പുറത്തെടുത്തു. (ഇവിടെയെങ്കിലും അതുപയോഗിക്കാൻ സാധിച്ചതിൽ ഞാൻ സമാധാനിച്ചു. ഇല്ലെങ്കിൽ ഞാൻ അത് തിരിച്ചുകൊണ്ടുപോകേണ്ടി വന്നേനെ.) ഒരു നെയ് വിളക്കിൽ കാട്ടി ഞാൻ അവയെല്ലാം കത്തിച്ച് അവിടെ ഒരു സ്ഥലത്ത് ഭക്തിപൂർവ്വം വച്ചു തൊഴുതു. (കുനിഞ്ഞു നിന്ന് ചന്ദനത്തിരി കത്തിക്കുന്ന എന്നെ താഴെ കൊടുത്ത ചിത്രത്തിൽ കാണാം.) എന്റെ മനസ്സിലപ്പോൾ ശ്രീബുദ്ധനുണ്ടായിരുന്നില്ല. കരഞ്ഞു വീർത്ത കണ്ണുകളുമായി അന്തപുരത്തിലിരിക്കുന്ന യശോധരയായിരുന്നു എന്റെ മനസ്സിൽ. കൈകാലിട്ടടിച്ച് നിഷ്ക്കളങ്കമായിച്ചിരിക്കുന്ന, യശോധരയുടെ കുട്ടിയായിരുന്നു എന്റെ മുന്നിൽ. എല്ലാം കാലത്തിന്റെ കളി. 3000 വർഷങ്ങൾക്കപ്പുറം എന്നോ  എപ്പഴോ ശ്രീബുദ്ധന്റെ ദേഹം കത്തിയമർന്ന  പ്രശാന്തശാന്തമായ ആ ഇഷ്ടികക്കുന്നിന്റെ മുന്നിൽ ചന്ദനത്തിരി പുകയുന്നതും നോക്കി ഞാൻ നിന്നു. പിന്നീട് അതിനെ ഒരു വട്ടം പ്രദക്ഷിണം വച്ചു.  തന്റേയും തന്റെ കുടുംബത്തിന്റേയും വംശത്തിന്റെ തന്നേയും നാശത്തിനല്ലാതേ അദ്ദേഹത്തിന്റെ ത്യാഗം എന്തിനെങ്കിലും ഉപകരിച്ചുവോ? ലോകത്തെ തച്ചുടക്കുന്ന ഐ.എസ്. ഐ.എസും അൽ ക്വൈദയും മറ്റും ഉണ്ടാകാൻ കിടക്കുന്നതേ ഉള്ളൂ എന്ന് അദ്ദേഹത്തിന്‌ എന്തേ മനസ്സിലാകാതെ പോയത്?  വിശ്വശാന്തി ദേവന്റെ ബാമിയാനിലെ ഭീമാകാരമായ കൽപ്രതിമ പൊടിച്ചു കളഞ്ഞപ്പോൾ അവരൊക്കെ നേടിയതെന്താണാവോ?
രാമാഭർ സ്തൂപം - ഒരു ക്ലോസ് അപ് കാഴ്ച 

നാലു സ്ഥലങ്ങളിൽ തീർത്ഥയാത്രകൾ ചെയ്യാനാണ്‌ ബുദ്ധൻ അനുയായികളെ ഉപദേശിച്ചത്. ഒന്ന് അദ്ദേഹം ജനിച്ച ലുംബിനിയിൽ; അടുത്തത് അദ്ദേഹത്തിന്‌ ബോധോദയം ജനിച്ച ബോധ്ഗയയിൽ; മൂന്നാമത്തേത് അദ്ദേഹം ആദ്യമായി പ്രഭാഷണം ചെയ്ത കാശിയിലെ സാരനാഥത്തിൽ; പിന്നെ നാലാമത്തേതും അവസാനത്തേതും അദ്ദേഹം സമാധിയായ ഈ കുശനഗരത്തിലും..... അപ്പോൾ എന്റെ ഈ തീർത്ഥയാത്രകൾ അവസാനിക്കുകയാണ്‌. ഓം, മണിപദ്മേ ഹും!

എന്റെ കുശനഗരസന്ദർശനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഞാൻ പതുക്കെ മൈതാനത്തിലേക്ക് നടന്നു. അതിനകത്ത് ഞാൻ അവിടേയും ഇവിടേയും നടന്നു. എങ്ങും ശാന്തത മാത്രം. മതിലിനു പുറത്തായി കുറച്ചകലെ ഒരു നദി എന്റെ കണ്ണിൽ പെട്ടു. അതത്രെ ഹിരണ്യാവതിപ്പുഴ.  ഹിരണ്യാവതിപ്പുഴയുടെ തീരത്തായിരുന്നു ശ്രീബുദ്ധന്റെ സമാധി. പുഴ എന്നു പറയുവാനൊന്നുമില്ല; ഒരു ചെറിയ തോട്. അതിൽ വെള്ളമുള്ളതായി എനിയ്ക്കു തോന്നിയില്ല. 3000 വർഷങ്ങൾക്കിപ്പുറവും ഹിരണ്യാവതിനദി നിലനിൽക്കുന്നതിൽ എനിയ്ക്ക് അതിശയം തോന്നി. എന്തെന്തെല്ലാം കഥകൾ പറയാനുണ്ടാകും ഈ നദീതീരങ്ങൾക്ക്! പൗരാണികതയുടെ പുണ്യം പേറുന്ന ഹിരണ്യാവതി. എങ്ങനെയാണ് ഈ തോടിന് ഈ പേർ ലഭിച്ചത് ആവോ?
രാമാഭർ സ്തൂപം  - ഒരു ദൂരക്കാഴ്ച

ഞങ്ങൾ തിരിച്ചു നടന്നു. അടുത്തു തന്നെ വലതു വശത്തായി ഒരു ചെറിയ അമ്പലം പോലെ ഒന്നു കാണായി. ഒന്നു രണ്ടു കുടിലുകളും. ഞങ്ങൾ അങ്ങോട്ട് നടന്നു. അതെ, അതൊരു ചെറിയ അമ്പലം തന്നെയാണ്. അവിടം വിജനമാണ്; ആൾപ്പെരുമാറ്റമൊന്നും കണ്ടില്ല. അമ്പലം അടഞ്ഞു കിടന്നു. ഒരു പക്ഷേ വല്ല കാളീക്ഷേത്രവും ആകാം. അതിനാണിവിടെയൊക്കെ കൂടുതൽ പോപ്പുലാരിറ്റി. ഇനി അതല്ലെങ്കിൽ ഭൈരവന്റേതാകാനും മതി. ‘ഭൈരോബാബ’ എന്ന് പറഞ്ഞാൽ ആളുകൾക്ക് വലിയ ഭയഭക്തിയാണ്. ക്ഷേത്രത്തിൽ നിന്ന് രണ്ടടി നടന്നാൽ ഹിരണ്യാവതി നദിയായി. അവിടെ ഒരു കുളിക്കടവാണെന്നു തോന്നുന്നു. പക്ഷേ വെള്ളം നന്നേ കുറവ്. പുഴയിൽ പുല്ലുകൾ ആസുരമായി വളരുകയാണ്. ഇനി ഇതായിരിക്കുമോ കുശപ്പുല്ലുകൾ? ഒന്നുമില്ലെങ്കിലും കുശന്റെ നഗരത്തിൽ വളരേണ്ടത് കുശപ്പുല്ലുകൾ തന്നെ. പുഴയുടെ തീരത്ത് അനേകം ചെറിയ ചെറിയ സിമന്റ് സ്തൂപങ്ങൾ കണ്ടു. അവ എന്താണാവോ? മുസ്ലിം പള്ളിയിലെ ശ്മശാനങ്ങളിൽ മീസാൻ കല്ലുകൾ കുഴിച്ചിട്ടിട്ടുള്ളതാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
ഹിരണ്യാവതി തീരത്തെ മീസാൻ കല്ലുകൾ (ഈശ്വരാ, എന്താണാവോ അത്?)

ഞങ്ങൾ വീണ്ടും റോഡിലേക്കിറങ്ങി ഞങ്ങളുടെ പദയാത്ര തുടർന്നു. കൊറിയൻ ടെമ്പിളും വിയറ്റ്നാം ടെമ്പിളും ഗവണ്മെന്റ് മ്യൂസിയവും മറ്റും പിന്നിട്ട് ഞങ്ങൾ Buddha's Relic Distribution Site ലക്ഷ്യമാക്കി നടന്നു. ഒഴിഞ്ഞ വയലുകളിൽ ട്രാക്റ്റർ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. വെയിൽ ചൂടു പിടിക്കാൻ തുടങ്ങുന്നു. വയലിൽ നീണ്ടു കിടക്കുന്ന റോഡിലൂടെ ഞങ്ങൾ നടന്നു. ദൂരം ഒരു ഫർലോങ്ങോളം മാത്രം. അടഞ്ഞു കിടക്കുന്ന ഗെയ്റ്റിൽ അട്ടപ്പാടിയായ ഒരു കാവല്ക്കരൻ നില്ക്കുന്നു. അയാൾ ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്നു. ചുറ്റുമതിൽ കൊണ്ട് കെട്ടിയടച്ച ആ കോമ്പൗണ്ടിനുള്ളിലുത് ഒരു വൃക്ഷമുത്തശ്ശിയും അതിനു ചുറ്റും കെട്ടിയുയർത്തിയ വൃത്താകാരമായ ഒരു സിമന്റ് തറയുമാണ്. (അതാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.) ചുറ്റും പ്രദക്ഷിണവഴിയും ഉണ്ട്. ഞങ്ങൾ ഷൂസൂരി വച്ച് അങ്ങോട്ട് കയറി. മറ്റൊരട്ടപ്പാടി അവിടെ അടിച്ചു വാരുന്നുണ്ടായിരുന്നു. അയാൾ പണത്തിനു കൈ നീട്ടി. ഞാനയാളെ മുഷിപ്പിച്ചില്ല. മരച്ചുവട്ടിലെ ഭണ്ഡാരത്തിലും ഞാൻ കാണിക്ക അർപ്പിച്ചു.
 Buddha's Relic Distribution Site

ഈതെന്തു മരമാണാവോ?  അറിയില്ല. മരത്തിന്റെ തറയിലേക്ക് കയറുന്നിടത്ത് Buddha’s Relic Distribution Site എന്നെഴുതിയ ശിലാഫലകം കൊത്തി വച്ചിട്ടുണ്ട്. ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരുകളാണതിൽ കോറിയിട്ടിട്ടുള്ളത്. 2012-ൽ ആണിതിന്റെ സ്ഥാപനം. സാലവൃക്ഷ(?)ത്തറയുടെ ചുറ്റും പാടങ്ങളാണ്. കൊയ്തൊഴിഞ്ഞ പാടങ്ങൾ. 3000 വർഷങ്ങൾക്ക് മുമ്പ് ഇതൊരു ജനപദമായിരുന്നുവോ എന്ന സംശയം എന്നിൽ വീണ്ടും മുള പൊട്ടി. അതോ ഈ വയലിൽ ആയിരുന്നുവോ ചിതാഭസ്മം വീതിക്കാൻ എല്ലവരും ഒത്തു കൂടിയത്? ആയിരിയ്ക്കാം. മുമ്പൊക്കെ കൊയ്തൊഴിഞ്ഞ പാടങ്ങളിലല്ലേ നമ്മൾ ഉത്സവങ്ങൾ നടത്തി വന്നത്? ഇപ്പോൾ കൊയ്തും പോയി; മെതിയും പോയി. പാടങ്ങൾ വിമാനത്താവളങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ സംഭവിച്ചാലല്ലേ പറ്റൂ?

അപൂർവ്വമായേ സന്ദർശകർ ഇങ്ങോട്ടു വരുന്നുള്ളൂ. ഗേറ്റിനു വെളിയിൽ കടക്കുമ്പോൾ കാവല്ക്കാരൻ കൈ നീട്ടി. കണ്ടാലറിയാം അവരുടെയൊക്കെ ജീവിത നിലവാരം. ഒരു പത്തു രൂപ ഞാനയാൾക്കും കൊടുത്തു. കൈ നീട്ടാനാണെന്നു തോന്നുന്നു ഇവരെ ഇവിടെ നിയോഗിച്ചിട്ടുള്ളത്.  തിരിച്ചു നടക്കുമ്പോൾ എന്നെപ്പോലെയുള്ള പ്രാന്തന്മാരല്ലേ ഈ മരവും മറ്റും വന്നു നോക്കൂ എന്ന് ആ വിജനതയിൽ എനിയ്ക്ക് തോന്നിപ്പോയി.
 ബുദ്ധന്റെ ചിതാഭസ്മം വീതിച്ചെടുത്തവരുടെ പേരെഴുതിയ ശിലാഫലകം

ഞങ്ങൾ വീണ്ടും നടന്നു. നടക്കുമ്പോൾ, ഞങ്ങൾ താമസിച്ച ടിബറ്റൻ മൊണാസ്റ്ററിയെ ഒരിക്കൽ കൂടി ഞങ്ങൾ കടന്നു പോയി. അടുത്തു തന്നെ, മാതാ ക്വർ മന്ദിരം എന്ന വലിയ ബോർഡ് കാണാം. വല്ല അമ്പലവും ആണെന്നാണ് ഞാൻ കരുതിയത്. അല്ല; പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിതസ്മാരകമാണത്. ഇവിടമാണത്രെ ശ്രീബുദ്ധൻ ജീവൻ വെടിഞ്ഞ കൃത്യമായ സ്ഥലം. അവിടെ ശ്രീബുദ്ധന്റെ ചിരപുരാതനമായ ഒരു ബൃഹദ് പ്രതിമയാണുള്ളത്. നശിച്ചുപോയ കെട്ടിടാവശിഷ്ടങ്ങളും കാണാം. റോഡ് L ഷെയ്പിൽ വലത്തോട്ട് തിരിയുന്നിടത്ത് ഇടതു വശത്തായിട്ടാണ് പൗരാണികപ്രതിമ പരിരക്ഷിച്ചിട്ടുള്ള ഈ മന്ദിരം ഉള്ളത്. ഒരു കൈ താഴേക്കു തൂക്കിവച്ചിട്ടുള്ള പ്രതിമയുടെ ഈ അവസ്ഥക്ക് “ഭൂമിസ്പർശമുദ്ര” എന്നാണത്രെ പറയുന്നത്. പ്രതിമസംബന്ധമായതെല്ലാം ASI അവിടെ ഒരു സിമന്റ് ഫലകത്തിൽ കുറിച്ചു വച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും നടന്നു. ഇടതു വശത്ത് UP ടൂറിസത്തിന്റെ വല്യ ഹോട്ടൽ, പിന്നെ ASI ഓഫീസ്, ബിർലയുടെ വകയായുള്ള ബുദ്ധ ടെമ്പിൾ, ശിവക്ഷേത്രം എന്നിങ്ങനെ കാണാനും കേറിനോക്കാനുമായി ഇനിയും കാഴ്ചകളേറേ. ഭക്ഷണം കഴിക്കാൻ റോഡുവക്കിൽ ധാരാളം ഹോട്ടലുകളും തട്ടുകടകളും പെട്ടിപ്പീടികകളും കാണാം. റോഡിന്റെ വലതു വശത്തായി മഹാപരിനിർവ്വാണക്ഷേത്രവും അതിന്റെ അപ്പുറത്തായി ചൈനീസ് ടെമ്പിളും ബർമ്മീസ് ടെമ്പിളും തലയുയർത്തി നില്ക്കുന്നു. സാമാന്യം വലിയതാണ് രണ്ടും. കാണാനും കാര്യമായുണ്ട്.  ഇതൊന്നും ഞാനെഴുതേണ്ട കാര്യമല്ല. കാക്കത്തൊള്ളായിരം ബ്ലോഗുകളിവിടെത്തന്നെ കാണും. മറ്റു മാദ്ധ്യമങ്ങൾ വേറേയും. ഇത് പിന്നെ ഒരു നേരമ്പോക്ക് എന്നു മാത്രം.  വഴി തെറ്റിയും തപ്പിത്തടഞ്ഞും വരുന്നവരേ ഇവിടെയെത്തൂ. അവർക്കിതൊക്കെ വേണമെങ്കിൽ നോക്കുകയും ആകാം. എന്തായാലും ഞങ്ങൾ   നേരേ  ശ്രീബുദ്ധന്റെ മഹാപരിനിർവ്വാണ ക്ഷേത്രത്തിന്റെ പരിസരത്തിലേക്ക് കയറി. ഗെയ്റ്റുണ്ട്; കാവല്ക്കാരുണ്ട്; സന്ദർശകരേഖകളുണ്ട്. ഞങ്ങൾ പേരും അഡ്രസ്സും എഴുതി അകത്തു കയറി.
        ബുദ്ധനും ബുദ്ധുവും: മഹാപരിനിർവ്വാണ ക്ഷേത്രത്തിലെ ശയ്യാവലംബിയായ ബുദ്ധപ്രതിമക്ക് കാവൽ നില്ക്കുന്ന ആൾരൂപൻ
                                                                                  
                                                                                                                     .........................തുടരും