2015, മേയ് 2, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - പത്ത്

മഹാപരിനിർവ്വാണക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഞാൻ ത്യാഗധനനായ ശ്രീബുദ്ധനെക്കുറിച്ച് ചിന്തിച്ചു.....നിരവധി ആളുകൾ, അല്ല, ഒരു കാലഘട്ടം തന്നെ  അദ്ദേഹത്തെ ദൈവമായോ ദൈവത്തെപ്പോലെയൊ കരുതിയിട്ടും താൻ ദൈവമാണെന്ന് അദ്ദേഹം പറഞ്ഞില്ല എന്നതല്ലേ അദ്ദേഹത്തിന്റെ മഹത്വം. തന്റെ ജീവിതകാലത്ത് ആബാലവൃദ്ധം ജനങ്ങൾ ശ്രീബുദ്ധനെ സർവ്വാത്മനാ സ്വീകരിച്ചെങ്കിലും ആ അവസ്ഥ ദുരുപയോഗം ചെയ്യാൻ അദ്ദേഹം മെനക്കെട്ടിട്ടില്ല. ആ അവസ്ഥയിൽ അദ്ദേഹത്തിനും പറയാമായിരുന്നു താൻ ദൈവമാണെന്ന്‌. പക്ഷേ അങ്ങനെ പറയുന്നതിലെ പൊള്ളത്തരം അറിയാൻ മാത്രം ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ശ്രീബുദ്ധനു ശേഷം ജന്മമെടുത്തവരും ഭാരതത്തിനു പുറത്തുള്ളവർ ദൈവമായി കണക്കാക്കുന്നവരും താൻ ദൈവമാണെന്നോ തനിക്കു മുമ്പ് ദൈവം ഇല്ലായിരുന്നുവെന്നോ ഭാവിച്ചവരാണ്‌. മനുഷ്യൻ ദൈവസൃഷ്ടിയാണ് എന്നു വിശ്വസിക്കുമ്പോൾ, ഇവരാണ്‌ ദൈവമെങ്കിൽ അതിനു മുമ്പുള്ള മനുഷ്യരേയോ ലോകത്തേയോ അവർ അംഗീകരിക്കുന്നില്ല എന്നല്ലേ അതിനർത്ഥം? ഇതിൽ പരം ഒരനർത്ഥം വേറേ എന്താണുള്ളത്? യാഥാർത്ഥ്യം മനസ്സിലാകാത്തവരും അംഗീകരിക്കാത്തവരുമാണോ ദൈവങ്ങൾ? കഷ്ടം! അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ മനുഷ്യർക്കുമില്ലേ?

താൻ ദൈവമാണെന്നു പറഞ്ഞില്ല എന്നു മാത്രമല്ല ദൈവമില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ആയിരുന്നു ശരിയായ നാസ്തികൻ. ദൈവമില്ല എന്നു പറയുമ്പോഴും ശ്രീബുദ്ധൻ കർമ്മഫലത്തിലും പുനർജ്ജന്മത്തിലും മറ്റും വിശ്വസിച്ചു. അവനവന്റെ കർമ്മഫലം വരും ജന്മങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പഠിപ്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ഉണ്ടായേ പറ്റൂ എന്ന് ഞാൻ പറയും. കാരണം കർമ്മഫലം അനുഭവിക്കണമെങ്കിൽ ആ കർമ്മഫലത്തെ ആരെങ്കിലും നല്ലതായും ചീത്തയായും വിലയിരുത്തണമല്ലോ. അതല്ലേ നാം വിശ്വസിക്കുന്ന ദൈവത്തിന്റെ ഒരു ജോലി? ആരുടെ ഏതു കർമ്മവും ഒരു കൂട്ടർക്ക് നല്ലതായി അനുഭവപ്പെടുമ്പോൾ മറ്റൊരു കൂട്ടർക്ക് ഹാനികരമായേ തോന്നൂ. അപ്പോൾ ദൈവമെന്ന ഒരു മോഡറേറ്റർ ഇല്ലെങ്കിൽ നമുക്കെങ്ങനെ അർഹിക്കുന്ന കർമ്മഫലം ലഭിക്കും? നമുക്ക് ശരിയായ കർമ്മഫലം ലഭിക്കുന്നു എന്ന് ഒരാൾ ഉറപ്പു വരുത്താനില്ലെങ്കിൽ കിട്ടുന്ന ഫലം തെറ്റിപ്പോയാലോ? ഇനി ദൈവത്തിനും തെറ്റുമ്പോഴായിരിക്കുമോ നല്ലവർ അകാരണമായി ശിക്ഷിക്കപ്പെടുന്നത്? അങ്ങനെയെങ്കിൽ പിന്നെ ഈ ദൈവത്തിന്റെ ആവശ്യമെന്താണ്‌?

കർമ്മഫലവും പുനർജ്ജന്മവുമൊക്കെ ഉണ്ടെങ്കിൽ ദൈവം ഉണ്ടാകാതെ പറ്റില്ല തന്നെ. എങ്കിൽ ശ്രീബുദ്ധന്‌ പിഴച്ചുവോ?  ഇനി ശ്രീബുദ്ധൻ പറയും പോലെ പുനർജ്ജന്മം ഉണ്ടെങ്കിൽ സ്വർഗ്ഗവും നരകവും കൂടി ഉണ്ടായേ പറ്റൂ. മരണത്തിനും പുനർജനനത്തിനും ഇടയിൽ കഴിഞ്ഞുകൂടാൻ അവയല്ലാതെ ഒരു സ്ഥലം വേറേ ഉണ്ടോ?

ശ്രീബുദ്ധന്റെ മറ്റൊരു മഹത്വം അദ്ദേഹത്തിന്റെ ഹൃദയവിശാലതയാണ്‌. താൻ പറയുന്നത് അക്ഷരം  പ്രതി പഠിച്ചു പാടാൻ അദ്ദേഹം അനുയായികളെ നിർബന്ധിച്ചില്ല. താൻ പറയുന്നത് മനസ്സിലാക്കി വിശകലനം ചെയ്യാനും വിലയിരുത്തി ശരിയെന്നു തോന്നിയാൽ അനുധാവനം ചെയ്യാനുമാണ്‌ അദ്ദേഹം പറഞ്ഞത്. അല്ലാതെ, തന്നെ പ്രതിനിധീകരിക്കുന്ന പുരോഹിതന്മാർ പറയുന്നത് കേട്ട് നടക്കാൻ നിർബന്ധിക്കുകയായിരുന്നില്ല. അതാണ്‌, അദ്ദേഹത്തിന്റെ വിശാലമനസ്ക്കത. ഭാരതത്തിന്റെ പാശ്ചാത്യരാജ്യക്കാർ ഇതെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ ആവോ? അവരുടെ മതങ്ങൾ അനുവർത്തിക്കുന്ന ഭാരതീയരും?

ആറു വർഷത്തെ കൊടുംതപസ്സിനു ശേഷമാണ്‌ സിദ്ധാർത്ഥൻ ബുദ്ധനായത്. പക്ഷേ തപസ് ചെയ്തിട്ടില്ലാത്ത, അദ്ദേഹത്തിന്റെ ഭാര്യാപിതാവും ബുദ്ധനായിരുന്നു. “സുപ്രബുദ്ധൻ” എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പേര്‌. തന്റെ പുത്രി യശോധര ഭർതൃനഷ്ടത്താൽ മാനസികാഘാതമേറ്റ് കാലം കഴിക്കുമ്പോൾ അദ്ദേഹവും ഏറെ തപിച്ചിട്ടുണ്ടാകും. തപം ചെയ്തവർ ബുദ്ധന്മാരാകാതെ പറ്റില്ലല്ലോ?

പുരാതനഭാരതത്തിൽ ആരെങ്കിലും അന്യദേശക്കാരെ കീഴടക്കിയിട്ടുണ്ടെങ്കിൽ അത് രാജാവാകാൻ മടിച്ച് ശ്രീബുദ്ധനായ സിദ്ധാർത്ഥൻ മാത്രമാണ്‌. സൈന്യവും ആയുധങ്ങളും ഉപയോഗിച്ച് കീഴടക്കുന്നതിനു പകരം ആശയപരമായാണ്‌ കീഴടക്കിയതെന്ന ഒരു വലിയ വ്യത്യാസമുണ്ടെന്നു മാത്രം.

സഹജീവികളോടും മൃഗങ്ങളോടും ദയ കാണിക്കണമെന്ന് പഠിപ്പിച്ച ശുദ്ധാത്മാവാണ്‌ ബുദ്ധൻ. മരങ്ങൾ വെട്ടിക്കളയുന്നതു പോലും അദ്ദേഹം എതിർത്തിരുന്നു. മരങ്ങൾക്കും ജീവനുണ്ടെന്നും അവയിൽ നിന്ന്‌ നമ്മൾ പാഠങ്ങൾ പഠിക്കണമെന്നും വരെ അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചു. അമ്പേറ്റു വീണ അരയന്നത്തിന്റെ ജീവനു വേണ്ടി രാജസദസ്സു വരെ പോയവനാണ്‌ സിദ്ധാർത്ഥൻ. അങ്ങനെയുള്ള ഒരാൾ മൃഗമാംസം കഴിക്കുക എന്നത് ചിന്തിക്കാൻ പോലുമാവില്ല. എന്നിട്ടാണ്‌ ബുദ്ധൻ പന്നിമാംസം കഴിച്ചിട്ടാണോ മരിച്ചത് എന്ന് നമ്മളിപ്പോൾ ഗവേഷണം നടത്തുന്നത്.

ബുദ്ധന്റെ ജനനം എത്ര അലൗകികമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുത്. വെളുത്ത കൊമ്പനാനയുടെ രൂപത്തിൽ സ്വപ്നത്തിലാണ്‌ സിദ്ധാർത്ഥന്റെ ഗർഭധാരണം നടന്നതെന്നും ജനിച്ച പാടെ എഴുന്നേറ്റ് ഏഴടി നടന്നുവെന്നും വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്തിയെന്നും എഴുതിപ്പിടിപ്പിച്ച ചരിത്രകാരന്മാർ എന്തുകൊണ്ടാണ്‌ വിഷം തീണ്ടിയ ഭക്ഷണമാണ്‌ കഴിച്ചതെന്നും ഗുരുതരമായ വയറിളക്കം ബാധിച്ചാണ്‌ ശ്രീബുദ്ധൻ മരിച്ചതെന്നും എഴുതി വച്ചത്? സാധുബ്രാഹ്മണനായ പൂന്താനം വരെ ഉടലോടെ സ്വർഗ്ഗത്തിൽ പോയെങ്കിൽ ബുദ്ധനും അങ്ങനെ പോകാവുന്നതേ ഉണ്ടായിരുന്നുള്ളു. ജ്ഞാനോദയത്തിനു ശേഷം, സ്വർഗ്ഗാരോഹണം ചെയ്ത അമ്മയ്ക്ക് മുക്തിമാർഗ്ഗം ഉപദേശിക്കാൻ സ്വർഗ്ഗത്തിൽ പോയി മടങ്ങിയവനാണ്‌ ബുദ്ധൻ എന്നു വരെ കണ്ടു പിടിച്ച ഗ്രന്ഥകാരന്മാർക്ക് സ്വർഗത്തിലേക്കുള്ള വഴി പോലും ബുദ്ധനറിയാമായിരുന്നെന്നും ദിവ്യമായ ഒരു മരണം അദ്ദേഹം അർഹിച്ചിരുന്നെന്നും അറിയാതെ പോയോ? അദ്ദേഹം സസ്യബുക്കാണോ മാംസബുക്കാണോ എന്നു വരെ ചരിത്രകാരന്മാർക്ക് സംശയമാണ്‌. ജന്തുക്കളോടും സസ്യങ്ങളോടും മാറ്റാരും കാട്ടാത്ത അനുകമ്പ കാട്ടിയ അദ്ദേഹം പന്നിമാംസം കഴിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അവസാനം കഴിച്ചത് പന്നിമാംസമാണോ എന്ന് ഗവേഷണം നടത്തുന്നതിനു പകരം അദ്ദേഹം ജീവിതകാലത്ത് എപ്പോഴെങ്കിലും മാംസം കഴിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ ഇവരെന്തേ മെനക്കെടാഞ്ഞത്? ക്ഷേത്രങ്ങളിൽ നടക്കുന്ന ജന്തുബലികളിൽ അദ്ദേഹം അതീവ ഖിന്നതയും വെറുപ്പും പ്രകടിപ്പിച്ചിരുന്നു. എത്ര നേരം വേണമെങ്കിലും പട്ടിണി കിടക്കാൻ തയ്യാറുള്ള അദ്ദേഹം ജീവിതകാലത്ത് മാംസം കയ്യുകൊണ്ടോ നാവു കൊണ്ടോ തൊട്ടിട്ടുണ്ടാകില്ല. പിന്നെയാണോ ചാവാനായിട്ടൊരു മാംസഭോജനം? അതോ ഇനി എമ്പതാം വയസ്സിൽ അദ്ദേഹത്തിന്റെ ബുദ്ധിയെല്ലാം പോയി“ അത്തും പിത്തും” ആയി വല്ലതും വാരി തിന്നിരിക്കുമോ? അതിനു വഴിയില്ല. തന്റെ നിർവ്വാണം അടുത്തെത്തിയെന്നും താൻ ഇഹലോകം വെടിയുകയാണെന്നും പറഞ്ഞായിരുന്നുവല്ലോ അദ്ദേഹത്തിന്റെ സമാധി.

സിദ്ധാർത്ഥൻ തപസ്സു ചെയ്തതു മുഴുവൻ മരത്തിന്റെ ചോട്ടിലായിരുന്നു. ബുദ്ധനും മരവും തമ്മിൽ അമ്മയും കുഞ്ഞും പോലെയുള്ള ബന്ധമാണുള്ളത്. മരമില്ലെങ്കിൽ ബുദ്ധനില്ല എന്നു നിസ്സംശയം പറയാം. മരമാണ് ബുദ്ധനെ സൃഷ്ടിച്ചത് എന്നേ ഞാൻ പറയൂ. അത്ര വലുതാണ് ഗൗതമസിദ്ധാർത്ഥനെ ശ്രീബുദ്ധനാക്കുന്നതിൽ മരങ്ങൾ വഹിച്ച പങ്ക്. മരങ്ങളെ നിരന്തരമായി നിരീക്ഷിച്ചതുകൊണ്ടായിരിക്കുമോ അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായിട്ടുണ്ടാകുക? അദ്ദേഹത്തിന്റെ ബോധം മരത്തിൽ നിന്നും കിട്ടിയതല്ലെങ്കിൽ എന്തിനാണ് പിന്നെ ആ മരത്തിനെ ബോധിവൃക്ഷം എന്നു വിളിച്ചത്? ബോധിവൃക്ഷത്തിന്റെ ബോധമല്ലേ സിദ്ധാർത്ഥനെ ബുദ്ധനാക്കിയത്? ഒരർത്ഥത്തിൽ നോക്കിയാൽ മരങ്ങളുടെ സന്ദേശങ്ങൾ തന്നെയല്ലേ ശ്രീബുദ്ധനും ലോകർക്ക് നൽകിയത്?

മരങ്ങളുടെ അഭൗമമായ, അമാനുഷമായ ഗുണങ്ങൾ, പ്രകടനങ്ങൾ ഞാൻ ഓർത്തെടുത്തു. മരങ്ങൾ നൽകുന്ന സന്ദേശങ്ങൾ നിരവധിയല്ലേ?  കാറ്റ്, മഴ, വെയിൽ എന്നീ പ്രാകൃതിക പ്രതിഭാസങ്ങളെ മരങ്ങൾ കൂസലില്ലാതെ നേരിടുന്നു. ചിലത് കാറ്റത്ത് ഒടിഞ്ഞു പോകുന്നു; മറ്റു ചിലത് പിഴുതെറിയപ്പെടുന്നു.  ചില മരങ്ങൾ പേമഴയിൽ കൂപ്പു കുത്തുന്നു. വെയിലത്ത് ഉണങ്ങിപ്പോകുന്ന മരങ്ങളുമുണ്ട്. പക്ഷേ അവ എല്ലാ പ്രതിബന്ധങ്ങളേയും വരുംവരായ്കകൾ നോക്കാതെ നേരിടുന്നു. നമ്മൾ അക്ഷോഭ്യരായിരിക്കണം; പ്രതിബന്ധങ്ങളിൽ തളരരുത് എന്നല്ലേ ഇതിലൂടെ മരങ്ങൾ മനുഷ്യനു നൽകുന്ന സന്ദേശം?

മരങ്ങൾ നിർമ്മമരായി (without attachment) ക്ഷമാശീലരായി രാവും പകലും പിന്നിടുന്നു. ഏതെങ്കിലും മരം  എപ്പോഴെങ്കിലും എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാറുണ്ടോ?  (മരങ്ങൾ മറിഞ്ഞ് വീണ് വീടുകൾ നശിക്കുന്നതിന് മരത്തെ കുറ്റം പറയരുതല്ലോ. സ്വയം നശിച്ച് മറ്റുള്ളവരെ നശിപ്പിക്കാൻ മരമെന്താ വല്ല മനുഷ്യബോംബുമാണോ? കാറ്റല്ലേ മരത്തിനെ ഒടിച്ചു വീഴ്ത്തുന്നത്?) ഇതാണ് മരങ്ങൾ നൽകുന്ന അടുത്ത പാഠം - നമ്മൾ നിർമ്മമരും ക്ഷമാശീലരുമായി ജീവിക്കുക. മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കൂക.

മരത്തിൽ എന്തെല്ലാം പക്ഷികൾ കൂടു കൂട്ടുന്നു? ഏതെങ്കിലും മരം അത് തട്ടിത്തെറിപ്പിക്കുന്നുണ്ടോ? ഇതാണ് അടുത്ത പാഠം - നമ്മളെ ആശ്രയിക്കുന്നവർക്ക് അഭയം കൊടുക്കുക. അവരെ തള്ളിവിടുകയോ തള്ളിപ്പറയുകയോ ചെയ്യാതിരിക്കുക.

പഴങ്ങൾ നിറയുമ്പോൾ മരങ്ങൾ അവയുടെ ശാഖകൾ താഴോട്ട് കുനിക്കുന്നു. മരത്തിൽ കയറാനറിയാത്തവർക്കും ഫലങ്ങൾ പ്രാപ്യമാകണം എന്നല്ലേ മരങ്ങൾ പറയുന്നത്? ഇതാണ് അടുത്ത പാഠം - നമുക്ക് സമ്പത്ത് കൂടുംതോറും നമ്മൾ ഉദാരമതികളാകുക; മഹാമനസ്ക്കരാകുക. നമ്മുടെ അധികമുള്ള ധനം പാവപ്പെട്ടവർക്ക് കൊടുക്കുക.

മരത്തിൽ ഇത്തിക്കണ്ണികൾ വളരുമ്പോൾ മരം എതിർക്കുന്നുണ്ടോ? ഇല്ല. കൂടാരത്തിൽ കഴുത്ത് വയ്ക്കാൻ ഒട്ടകത്തിന് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയാണ് ഇത്തിക്കണ്ണി പറ്റിയ ചെറിയ മരങ്ങളുടെ അവസ്ഥ. വലിയ മരങ്ങളെ ഇത്തിക്കണ്ണിക്കൊന്നും ചെയ്യാൻ പറ്റില്ല.  നമുക്ക് ദോഷം വരാത്ത കാലത്തോളം നമ്മളെ ചൂഷണം ചെയ്യുന്നവരേയും സഹിക്കൂ എന്നല്ലേ അടുത്ത പാഠം?

മരങ്ങളില്ലെങ്കിൽ മനുഷ്യരില്ല. മനുഷ്യരാശിയുടെ നിലനിൽപ്പിന് മരങ്ങൾ  പശ്ചാത്തലമൊരുക്കുന്നു. അതുപോലെ മറ്റുള്ളവരുടെ നിലനിൽപ്പിന് നമ്മളും പശ്ചാത്തലമൊരുക്കുക; ചുരുങ്ങിയത് സഹകരിക്കുകയെങ്കിലും ചെയ്യുക.  പക്ഷേ എന്തെന്തെല്ലാം ജീവജാലങ്ങൾ മനുഷ്യന്റെ ജീവിതരീതിയാൽ നശിച്ചുപോകുന്നു!

മരങ്ങൾ നിശ്ശബ്ദം, ക്ഷമയോടെ മനുഷ്യന് വശംവദമായി നില നിൽക്കുന്നു. നമ്മളും നിശ്ശബ്ദം, ക്ഷമയോടെ സമൂഹത്തിന് വശംവദമായി ജീവിക്കേണ്ടവരല്ലേ? പക്ഷേ പ്രകൃതി മുഴുവൻ തനിക്കു വേണ്ടിയാണ് എന്നല്ലേ ആധുനിക മനുഷ്യന്റെ മനോഭാവം?

മരങ്ങൾ കാലക്രമേണ ക്രമാനുഗതമായി ഉന്നതിയിലേക്ക് വളരുന്നു. നമ്മളും വളരേണ്ടത് ഉന്നതിയിലേക്കാണ്. പണവും പദവിയുമല്ലാതെ എന്തുന്നതിയാണ് മനുഷ്യൻ വലുതാകുമ്പോൾ പ്രാപിക്കുന്നത്? അതു പറഞ്ഞപ്പോഴാണ് "നിങ്ങൾ മലമുകളിൽ കയറുന്നത് ലോകം മുഴുവൻ നിങ്ങളെ കാണണം എന്നു കരുതിയാകരുത്; മറിച്ച് നിങ്ങൾക്ക് ലോകം മുഴുവൻ കാണണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കണം" എന്ന് ആരോ പറഞ്ഞത് എന്റെ മനസ്സിൽ കേറി വന്നത്.

മരങ്ങൾ നമ്മോട് എപ്പോഴെങ്കിലും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടോ? ഇല്ല. നമ്മൾ അത്രക്കങ്ങോട്ട് പോയില്ലെങ്കിലും ഈ ആശയം മനസ്സിൽ വച്ചു കൂടേ? തീർച്ചയായും അത് ജീവിതത്തിന് മുതൽ കൂട്ടാവും. സമൂഹത്തിനും. ഏതെങ്കിലും മരത്തിന് എപ്പോഴെങ്കിലും മറ്റൊരു മരത്തിനാൽ അസൂയ ഉണ്ടായിട്ടുണ്ടോ? ഇല്ല. ഈ ഗുണമല്ലേ നമുക്കും വേണ്ടത്?

ഏതെല്ലാം മരങ്ങൾ കുപ്പയിലും കുണ്ടിലുമായി എവിടെയെല്ലാം നിൽക്കുന്നു. ഏതെങ്കിലും മരം എപ്പോഴെങ്കിലും അതിന്റെ സ്ഥാനത്തെ കുറിച്ച് പരാതി പറയുന്നുണ്ടോ?  അതുകൊണ്ട് നമ്മൾക്ക് നമ്മുടെ പരാതിക്ക് ഒരു കുറവെങ്കിലും വരുത്തരുതോ?

ഏതെങ്കിലും മരം മറ്റൊരു മരത്തെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ? മുല്ലവള്ളി മുറ്റത്തെ മാവിൽ അടരുന്നത് അതിൽ പെടുത്തരുതേ. മുല്ലവള്ളിക്ക് പടരാൻ കൊടുക്കുന്ന മാവിനെപ്പോലെ നമ്മളെ സമീപിക്കുന്ന അശരണർക്ക് നമുക്കൊരഭയമായിക്കൂടേ? മരങ്ങൾ അയല്മരത്തോട് ശണ്ഠ കൂടുന്നുണ്ടോ? ഇല്ല; നമുക്കും അതായിക്കൂടേ?

ഞാൻ മോശമായി, എന്റെ ഭാവി ഇരുളടഞ്ഞു, എനിക്കൊന്നുമില്ല എന്നിങ്ങനെയുള്ള വിചാരവികാരങ്ങൾ മരങ്ങൾ പ്രകടിപ്പിക്കാറുണ്ടോ? ഇല്ല; നമുക്കും അതൊന്ന് ശ്രമിച്ചു നോക്കിക്കൂടേ?  ചൂടും തണുപ്പും ഏകാന്തതയും എല്ലാം അവർ സഹിക്കുന്നതോടൊപ്പം തന്നെ സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറക്കുന്ന തണൽ മരങ്ങൾ നമുക്ക് തരുന്നു.

ലക്ഷോപലക്ഷം വർഷങ്ങളായി മരങ്ങൾ ഈ ഭൂമിയിലുണ്ടല്ലോ. അവ സ്വയം ആർജ്ജിച്ചതല്ലേ ഈ നന്മകൾ? ജലമോ വളമോ കുറഞ്ഞാലും മരം വളരുകയും നിലനിൽക്കുകയും ചെയ്യുന്നു. അതുപോലെ ഒറ്റപ്പെടലുകളോ മോശപ്പെട്ട സാഹചര്യങ്ങളോ തന്റെ വളർച്ചയെ തടയാൻ മനുഷ്യൻ അനുവദിക്കരുത്. വേണ്ടപ്പെട്ടവരോ സമൂഹമോ ഒറ്റപ്പെടുത്തിയാലും നമ്മൾ സദാചാരവും സദ്ഗുണവും കൈ വിടരുത്. മോശമായ ചുറ്റുപാടുകളിൽ വളർന്ന് പന്തലിക്കുന്ന മരങ്ങളെപ്പോലെ തന്നിൽ തന്നെ വിശ്വാസമർപ്പിച്ച് മുന്നേറുകയും ലോകർക്ക് മാതൃകയാകുകയും ചെയ്താൽ എന്തായിരിക്കും ആ ജീവിതവിജയം?.

ചെടി അല്ലെങ്കിൽ വിത്ത്, വളരുന്ന മണ്ണ് മോശമായേക്കാം. പക്ഷേ വളർന്നുകഴിഞ്ഞാൽ മരച്ചുവട് ഉറപ്പുള്ളതും വൃത്തിയുള്ളതുമായിരിക്കും. ജന്മം കൊണ്ടോ ജനിച്ച ചുറ്റുപാടുകൾ മോശമായത് കൊണ്ടോ വളർന്നുകഴിഞ്ഞാൽ നമ്മൾ മോശക്കാരാകരുത്.

മരങ്ങളുടെ ഇമ്മാതിരി അലൗകികമായ സന്ദേശങ്ങൾ സിദ്ധാർത്ഥൻ മരങ്ങളെ നിരീക്ഷണം ചെയ്ത് മനസ്സിലാക്കിയിട്ടുണ്ടാകും. ആ നിരീക്ഷണങ്ങളായിരിക്കാം അദ്ദേഹത്തിന് ബോധോദയം നൽകിയത്. ആ ബോധമായിരിക്കാം അദ്ദേഹത്തെ മദ്ധ്യമാർഗ്ഗം പിന്തുടരാൻ പഠിപ്പിച്ചത്.  മരത്തിൽ നിന്നു കിട്ടിയ സന്ദേശങ്ങളായിരിക്കും അദ്ദേഹം പ്രചരിപ്പിച്ചത്. ശാന്തിയും സമാധാനവും സത്യവും മറ്റും അദ്ദേഹത്തെ പഠിപ്പിച്ചത് മരങ്ങളായിരിക്കും.

ഇമ്മാതിരിയുള്ള ഭ്രാന്തൻ ചിന്തകൾ വെറും ഭ്രാന്തനായ എനിയ്ക്കേ തോന്നൂ.  ഇതൊക്കെ ആരെങ്കിലും വായിക്കാനിടയായാൽ "എന്തൊരസംബന്ധമാണെഴുതി വച്ചിരിക്കുന്നത്; എങ്കിൽ പിന്നെ മരമായി ജീവിച്ചാൽ പോരേ?"  എന്നു ചോദിച്ചേക്കാം. ചോദ്യം തീർച്ചയായും ശരിയാണ്. പക്ഷേ മനുഷ്യനായിരിക്കുമ്പോൾ മരത്തിന്റെ ഗുണം കൂടി കാണിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായിരുന്നൂ എന്നേ ഇതു കൊണ്ടൊക്കെ ഉദ്ദേശിക്കുന്നുള്ളു.

ശ്രീബുദ്ധന്റെ ജീവിത സന്ദേശങ്ങളോർത്തുകൊണ്ട് ഞാൻ മഹാപരിനിർവ്വാണക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറി.


അഭിപ്രായങ്ങളൊന്നുമില്ല: