2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഇംഫാല്‍ യാത്ര

ഇത്തവണ വീണുകിട്ടിയ യാത്ര മണിപ്പൂരിലേയ്ക്കായിരുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേയ്ക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു ഇത്‌.

സമയത്തു തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ Terminal 1-ലെത്തി. ഞങ്ങള്‍ മൂന്നു പേരുണ്ട്‌. ഏറ്റവും പ്രായക്കൂടുതല്‍ എനിയ്ക്കാണ്‌. മറ്റു രണ്ടു പേരും ചെറുപ്പക്കാരാണ്‌. വൃദ്ധനായിട്ട്‌ ഞാന്‍ മാത്രമേയുള്ളൂ എന്ന് ധ്വനി. വയസ്സന്‍മാരുടെ മനസ്സിനു പ്രായമില്ല എന്ന കാര്യം ചെറുപ്പക്കാര്‍ക്കറിയില്ലല്ലോ!

ഞാന്‍ തന്നെയാണ്‌ 'check-in counter'-ല്‍ പോയി ചെക്ക്‌-ഇന്‍ ചെയ്തതും എല്ലാര്‍ക്കും Boarding Pass എടുത്തതും. ഒറ്റയ്ക്കാണെങ്കില്‍ ഞാന്‍ എപ്പോഴും Window Seat ചോദിച്ചു വാങ്ങുകയാണ്‌ പതിവ്‌. പക്ഷേ, പ്രായക്കൂടുതലുള്ള ഞാന്‍, തീവണ്ടിയില്‍ കൊച്ചുകുട്ടികള്‍ ചെയ്യുന്നതുപോലെ, ജനലിനടുത്തുള്ള സീറ്റില്‍ കയറി ഇരിക്കുന്നത്‌ ശരിയല്ലല്ലോ! അതുകൊണ്ട്‌ ഞാന്‍ window seat-ന്റെ കാര്യത്തില്‍ പ്രത്യേകിച്ചു താല്‍പര്യമൊന്നും കാണിച്ചില്ല..

മൂന്നു പേർക്കും ഒരേ വരിയിലാണ്‌ സീറ്റ്‌ കിട്ടിയത്‌. വിമാനത്തില്‍ കയറിയ പാടേ കൂട്ടത്തിലൊരുത്തന്‍ ജനാലയ്ക്കല്‍ കയറിയിരിയ്ക്കുകയും ചെയ്തു. ആള്‍ക്കാര്‍ നടക്കുന്ന വഴിയോട്‌ ചേര്‍ന്ന സീറ്റിലാണ്‌ ഞാന്‍ ഇരുന്നത്‌. മനമില്ലാ മനസ്സോടെ.

വിമാനത്തില്‍ കയറുമ്പോള്‍ വാതില്‍ക്കല്‍ തന്നെ air hostess-മാര്‍ നില്‍ക്കുന്നുണ്ടായിരുന്നു, Good morning പറഞ്ഞു കൊണ്ട്‌. എനിയ്ക്ക്‌ അവരെ കണ്ടതും വല്ലാത്ത മടുപ്പു തോന്നി. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍തരി ആ കൂട്ടത്തിലുണ്ടായിട്ടു വേണ്ടേ? എന്റെ ഭാര്യയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഉപ്പിട്ടാല്‍ വേവുന്ന ഒരെണ്ണം' അക്കൂട്ടത്തിലില്ലായിരുന്നു. അവിടെ നിന്ന എയര്‍ഹോസ്റ്റസ്സുമാരെല്ലാം ചെറുപ്പക്കാരികളാണ്‌. പെണ്‍കുട്ടികളാണ്‌ എന്നു തന്നെ വേണമെങ്കില്‍ പറയാം. പക്ഷേ, ഒന്നിനും മുഖസൌന്ദര്യം എന്നു പറയുന്ന ഒരു സാധനം ഇല്ലായിരുന്നു. അവരെ കാഴ്ചയില്‍ കൂടുതല്‍ മോശക്കാരാക്കിയത്‌ അവരുടെ യൂനിഫോമാണ്‌ എന്നു വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികള്‍ തൊപ്പി വച്ചാല്‍ പോയില്യേ കാര്യം? എല്ലാത്തിനും ഉണ്ട്‌ തൊപ്പി. അതാണ്‌ അവരെ കൂടുതല്‍ അനാകര്‍ഷിതരാക്കുന്നതെന്നെനിയ്ക്ക്‌ തോന്നി. ശരീരത്തിലാണെങ്കില്‍ മിനിസ്കര്‍ട്ടും ഫുള്‍ക്കയ്യന്‍ കോട്ടും - ഒരു ചേർച്ചയുമില്ലാത്ത വേഷം.

യാത്രയ്ക്ക്‌ പുറപ്പെടുന്നതുവരെ ഏതാണ്‌ വിമാനം എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല. കാറിലിരിക്കുമ്പോഴാണ്‌ GoIndigo ആണെന്ന്‌ കൂടെയുള്ളവര്‍ പറയുന്നത്‌. തിന്നാനും കുടിയ്ക്കാനും ഒന്നും പറ്റില്ലാ എന്ന്‌ അപ്പോഴേ ബോദ്ധ്യമായി. വിമാനത്തില്‍ തിന്നാനില്ലാഞ്ഞിട്ടല്ല, ഒന്നും വെറുതെ കിട്ടില്ലാ എന്നതു തന്നെ കാരണം. ഒരു പേക്കറ്റ്‌ ഫ്രൂട്ടിയ്ക്ക്‌ അമ്പതു രൂപാ, രണ്ട്‌ സമോസയ്ക്ക്‌ നൂറ്റിമുപ്പത്‌ രൂപാ എന്നൊക്കെപ്പറഞ്ഞാല്‍ അത്‌ നമുക്കൊന്നും പറ്റില്ല. അങ്ങിങ്ങിരിയ്ക്കുന്ന സായ്പ്പന്‍മാരെ ഉദ്ദേശിച്ചാണവ. പിന്നെ ചിലരുണ്ട്‌ അതു വാങ്ങുന്നവര്‍, അവര്‍ അതു വാങ്ങിക്കഴിയ്ക്കും, പൈസ ചോദിയ്ക്കുമ്പഴേ പറ്റിയ അബദ്ധം അവര്‍ക്കു മനസ്സിലാവുള്ളൂ. ചോദിച്ച പൈസയും കൊടുത്ത്‌ പിന്നെ അവര്‍ മിണ്ടാതിരിയ്ക്കും. ആദ്യമായി private airline-ല്‍ കയറിയപ്പോള്‍ എനിയ്ക്കും പറ്റിയിരുന്നു ഈ അബദ്ധം.

വിമാനത്തില്‍ നിറയെ ആളായിരുന്നു. അത്‌ സമയത്തു തന്നെ പുറപ്പെടുകയും ചെയ്തു. പുറത്തേയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ അടുത്ത്‌ ജനലില്ലാത്തതു കൊണ്ടും Air India-യിലെപ്പോലെ news papers-ഉം TV screen-ഉം ഇല്ലാത്തതു കൊണ്ടൂം എനിയ്ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. സീറ്റ്‌ പോക്കറ്റില്‍ കിടന്ന അവരുടെ ബ്രോഷറെടുത്തു മറിച്ചു നോക്കി. ഉടനെ ബുക്കു ചെയ്താല്‍ തിരുവനന്തപുരത്തേയ്ക്ക്‌ 4281 രൂപയും കൊച്ചിയ്ക്ക്‌ 3682 രൂപയും കൊണ്ട്‌ ടിക്കറ്റ്‌ കിട്ടും. പക്ഷേ ഉടനെയൊരു യാത്ര ഇപ്പോഴാവില്ല. ഞാനാ ബ്രോഷര്‍ അവിടെത്തന്നെ വച്ചു.

കൂടെയുള്ളവര്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിയ്ക്കയാണ്‌. എന്തോ, ഞാനതിലൊന്നും പങ്കു ചേര്‍ന്നില്ല. ഞാന്‍ കണ്ണടച്ച്‌ സീറ്റിലിരുന്നു. വിമാനം പോകുന്ന വഴി ഞാന്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. രാവിലെയാണ്‌, ചിലപ്പോള്‍ തൊട്ടു തൊട്ടു കിടക്കുന്ന മേഘമാലകള്‍ക്കു മുകളിലൂടെയായിരിയ്ക്കും വിമാനം പറക്കുന്നത്‌. നാഴികകളോളം പരന്നു കിടക്കുന്ന വെളുവെളുത്ത മേഘമാലകള്‍ കാണാന്‍ നല്ല രസമാണ്‌. കച്ചവടക്കാരന്റെ കയ്യിലുള്ള വലിയ വെളുത്ത പഞ്ഞിമിഠായി പോലെയുണ്ടാവും അത്‌ കാണാന്‍. ആ മേഘമാലകള്‍ക്കു മുകളിലൂടെ വിമാനം പറക്കുമ്പോള്‍ പഞ്ഞിമിഠായിയുടെ പുറത്തുകൂടെ ഉറുമ്പരിയ്ക്കുന്നതാണെനിയ്ക്കോര്‍മ്മ വരുക.

താഴെ ഗംഗാ നദി കാണുന്നുണ്ടോ? വാരാണസി? ത്രിവേണീ സംഗമം? നോക്കാനൊരു മാര്‍ഗ്ഗവുമില്ല............... വിമാനത്തില്‍ എയര്‍ഹോസ്റ്റസ്സുമാര്‍ ഭക്ഷണം വില്‍പനയിലാണ്‌. ഞാന്‍ കണ്ണടച്ചു തന്നെയിരുന്നു.

ആകാശത്തില്‍ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുകയാണ്‌. വെളിച്ചം ജനലിലൂടെ വിമാനത്തിനുള്ളിലെത്തുന്നുണ്ട്‌. വിമാനം ഇപ്പോള്‍ ഒരു പക്ഷേ കല്‍ക്കട്ടാ നഗരത്തിന്റെ മുകളിലൂടെയായിരിയ്ക്കും പറക്കുന്നത്‌. ഒരു പക്ഷെ, ഹുഗ്ളീ നദിയും ബംഗാള്‍ ഉള്‍ക്കടലുമൊക്കെ കാണുമായിരുന്നിരിക്കണം. അങ്ങനെയിരിയ്ക്കേ വിമാനം ഗുവഹാട്ടി വിമാനത്താവളത്തില്‍ ഇറങ്ങുകയാണെന്നറിയിപ്പുണ്ടായി. അല്‍പം കഴിഞ്ഞു അവിടെ ഇറങ്ങുകയും ചെയ്തു.

കുറച്ചു പേരെ അവിടെ ഇറക്കുകയും വേറെ കുറെ പേരെ കയറ്റുകയും ചെയ്ത്‌ ഒരു മണിക്കൂറിനകം വിമാനം ഇംഫാല്‍ ലക്ഷ്യമാക്കി വീണ്ടും പറന്നുയർന്നു. ഇപ്പോള്‍ വിമാനം മലകള്‍ക്കു മുകളിലൂടെയാണ്‌ പോകുന്നത്‌. എന്റെ സീറ്റിലിരുന്നിട്ടും എനിയ്ക്കു ദൂരെ മലനിരകള്‍ കാണാന്‍ കഴിഞ്ഞു. ഏതാണാവോ ഈ മലനിരകള്‍? ഒരു പക്ഷേ താഴെ ബ്രഹ്മപുത്രാ നദി ഇപ്പോള്‍ കാണുന്നുണ്ടായിരിയ്ക്കണം.

ഗുവഹാട്ടിയില്‍ നിന്നു ഇംഫാലിലേയ്ക്ക്‌ അര മണിക്കൂറില്‍ താഴെയേ സമയം വേണ്ടു. ഞങ്ങള്‍ പതിനൊന്നരയോടെ ഇംഫാലില്‍ ഇറങ്ങി. ഒരു വശത്ത്‌ ചെറിയ മലകള്‍ കണ്ടതൊഴിച്ചാല്‍ ഇംഫാല്‍ മിക്കവാറും പരന്ന പ്രദേശം തന്നെയാണെന്നെനിയ്ക്കു തോന്നി. ദിനാന്തരീക്ഷ സ്ഥിതി ഏതാണ്ട്‌ ദല്‍ഹിയിലേതുപോലെ തന്നെയായിരുന്നു.

ഞാന്‍ എന്റെ മൊബൈല്‍ ഓണ്‍ ചെയ്തു. പക്ഷേ range ഇല്ലായിരുന്നു; signal ഇല്ലായിരുന്നു. എനിയ്ക്കു നിരാശ തോന്നി. BSNL-ന്‌ ഇവിടെയെന്തേ signal ഇല്ലാതെ പോയത്‌ എന്നു ഞാന്‍ അതിശയിച്ചു. ജീപ്പിലിരിയ്ക്കുമ്പോള്‍ 'ക്യാ യഹാം BSNL നഹീ ചാലൂ ഹെ?' എന്നു ഞാന്‍ ഡ്രൈവറോട്‌ ചോദിച്ചു. 'pre-paid ആണോ?' എന്നായിരുന്നു അയാളുടെ പ്രതികരണം. അയാള്‍ അനുമാനിച്ചതുപോലെ എന്റെ മൊബൈല്‍ pre-paid തന്നെയായിരുന്നു. അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ധാരാളം നടക്കുന്നതുകാരണം അവിടങ്ങളില്‍ അന്യസംസ്ഥാനങ്ങളിലെ pre-paid ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ലത്രെ. ഗത്യന്തരമില്ലാതെ ഞാനെന്റെ സെല്‍ഫോണ്‍ ഓഫാക്കി പോക്കറ്റിലിട്ടു.

അര മണിക്കൂറിനകം ഞങ്ങള്‍ ഗസ്റ്റ്‌ ഹൌസിലെത്തി. ഗസ്റ്റ്‌ ഹൌസെന്ന പേരേയുള്ളൂ. നാലഞ്ചു കുടുംബങ്ങള്‍ താമസിക്കുന്ന Type III quarters-ന്റെ ഒരു കെട്ടിടം. പലതിലും ആളുകള്‍ താമസിക്കുന്നുണ്ട്‌. മുറ്റത്ത്‌ കോഴിയും കുട്ടികളുമൊക്കെയുണ്ട്‌. സാധാരണ കുടുംബങ്ങള്‍. വീടുകള്‍ക്ക്‌ മുന്നില്‍ ഗണപതിയുടേയും വിഷ്ണുവിന്റെയും പടമുള്ള കലണ്ടറുകള്‍ തൂക്കിയിട്ടുണ്ട്‌. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു 2-bed room flat ആണ്‌ ഞങ്ങളെ കാത്തിരിയ്ക്കുന്ന ഗസ്റ്റ്‌ ഹൌസ്‌.

സമയം ഒരു മണിയോടടുക്കുന്നു. ഞങ്ങള്‍ സാധനങ്ങളൊക്കെ 'ഗസ്റ്റ്‌ ഹൌസില്‍' വച്ചു. അവിടെ കറന്റില്ലായിരുന്നു. ഹൌസ്‌ കീപ്പര്‍ ഒരു മണിക്കൂറിനകം ഭക്ഷണം തയ്യാറാക്കി. ഞങ്ങള്‍ അതു കഴിച്ച്‌ ഞങ്ങളുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി നഗരത്തിലേയ്ക്ക്‌ വച്ചു പിടിച്ചു. അപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു.

ഇംഫാല്‍ നഗരം ഏതെങ്കിലും തരത്തില്‍ ആകര്‍ഷകമാണെന്നെനിയ്ക്കു തോന്നിയില്ല. ഒരു സാധാരണ നഗരം. വലിയ വലിയ കെട്ടിടങ്ങളോ പണക്കാരുടെ ബംഗ്ളാവുകളോ ഒന്നും കണ്ടില്ല. യാത്രയില്‍ ചൈനീസ്‌/തിബറ്റന്‍ മാതൃകയില്‍ ഒന്നു രണ്ടു കെട്ടിടങ്ങള്‍ കണ്ടു. ഒന്ന്‌ കാണാന്‍ തെറ്റില്ല. സാമാന്യം വലുതുമാണ്‌. അത്‌ ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടേതാണ്‌. മറ്റേത്‌ ഒരു പുതിയ മാര്‍ക്കറ്റ്‌ കോംപ്ളക്സാണ്‌. അവിടെ കച്ചവടക്കാർ മുഴുവന്‍ പെണ്ണുങ്ങളാണ്‌. പച്ചക്കറികള്‍, തുണികള്‍, കരകൌശല വസ്തുക്കള്‍ എന്നു വേണ്ട, ഒരു മാതിരി സാധനങ്ങളൊക്കെ ജീപ്പിലിരുന്ന്‌ ഞാന്‍ കണ്ടു. അവിടെ മാത്രമല്ല, വഴിയിലെവിടെ നോക്കിയാലും സ്ത്രീകള്‍ കച്ചവടം നടത്തുന്നതു കാണാം. ഇവിടത്തെ ആണുങ്ങള്‍ പൊതുവെ മടിയന്‍മാരാണാത്രെ. ആ, അന്വേഷിച്ചറിയണം.

പെണ്ണുങ്ങളുടെ വേഷമാണ്‌ വിശേഷം. നീണ്ട വരകളുള്ള ബെഡ്ഷീറ്റ്‌ ചുറ്റിയ പോലെയുണ്ടാകും അവരുടെ അരയ്ക്കു താഴെയുള്ള വേഷം. അരയ്ക്കു മേലെയുള്ളത്‌ തണുപ്പകറ്റാനുള്ള, അരയ്ക്കു താഴെ വരെയെത്തുന്ന, ഫുള്‍ക്കയ്യന്‍ വുളന്‍ ഡ്രസ്സാണ്‌. ചുരുക്കം ചിലര്‍ ബെഡ്ഷീറ്റിനു മുകളില്‍ ദാവണി പോലെ ഒന്ന്‌ ഉടുത്തിട്ടുണ്ട്‌. ചിലര്‍ കഴുത്തില്‍ ഒരു ദുപ്പട്ട ഇട്ടിട്ടുണ്ട്‌. എന്തായാലും സാരിയോ ചുരിദാറൊ ഉടുത്തവർ വളരെ ചുരുക്കം എന്നു പറയാം. ആണുങ്ങളുടെ വേഷത്തിന്‌ പ്രത്യേകതയൊന്നും തോന്നിയില്ല. അതോ, ആണുങ്ങളെ ഞാന്‍ ശ്രദ്ധിച്ചില്ലാ എന്നുണ്ടോ? ഇതു കേട്ടാല്‍ എന്റെ ഭാര്യ പറയും ഞാന്‍ പെണ്ണുങ്ങളെയും നോക്കി നടന്നിരിയ്ക്കുമെന്ന്‌. എത്ര തവണ ഞാനവളോട്‌ പറഞ്ഞിട്ടുണ്ട്‌ പത്തില്‍ രാഹു നില്‍ക്കുന്നവര്‍ വായില്‍ നോക്കികളാണെന്ന്‌.

മണിപ്പൂരിലെ ആളുകള്‍ക്ക്‌ ഏതാണ്ട്‌ ചൈനക്കാരുടേതിനു സമാനമായ മുഖമാണുള്ളത്‌. സ്ത്രീകള്‍ സുന്ദരികളൊന്നുമല്ല. എന്നാലും യൌവ്വനത്തില്‍ അവരുടെ മുഖത്തിനു ഒരു പ്രത്യേകം സൌന്ദര്യമോ ആകര്‍ഷണമോ ഉള്ളതായി എനിയ്ക്കു തോന്നി. അവരുടെ വെളുവെളുത്ത നിറവും തുടുതുടുത്ത കവിളും അത്യാകര്‍ഷകമായി എനിയ്ക്കനുഭവപ്പെട്ടു.

വൈകുന്നേരം ഞങ്ങള്‍ ഏയര്‍പോർട്ടിലേയ്ക്ക്‌ പോയി. ബോസ്‌ വരുന്നുണ്ട്‌. സ്വീകരിക്കണം. അതും ഞങ്ങളുടെ ജോലിയില്‍ പെടുന്നു. ജീപ്പില്‍ നിന്നിറങ്ങി arrival terminal-ലേയ്ക്ക്‌ നടക്കുമ്പോള്‍ ചെവിയില്‍ വന്നു പെട്ടത്‌ മലയാളത്തിലുള്ള സംസാരം. തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന രണ്ടു പേര്‍ മലയാളികളാണെന്ന്‌ ഒറ്റ നോട്ടത്തില്‍ എനിയ്ക്കു മനസ്സിലായി. ഞാന്‍ വേഗം മൂന്നാമനായി അവരുടെ കൂടെ നിന്നു. 'ഇതാരപ്പാ?' എന്ന് അവര്‍ അതിശയിയ്ക്കുമ്പോള്‍ ഞാന്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി.

അവരിലൊരാള്‍ പോലീസ്‌ വേഷത്തിലായിരുന്നു. കരുനാഗപ്പള്ളിക്കാരന്‍ സുരേഷ്‌. മറ്റേയാള്‍ ഒറ്റപ്പാലത്തുകാരന്‍ മനോജ്‌. രണ്ടു പേരും അസം റൈഫിള്‍സിലാണ്‌. മനോജ്‌ കമാന്റന്റാണ്‌‌. രണ്ടുപേരും ആരെയോ സ്വീകരിയ്ക്കാന്‍ ഏയര്‍പോര്‍ട്ടില്‍ വന്നതായിരുന്നു. പോലീസിന്റെ കയ്യില്‍ തോക്കും വാക്കി-ടാക്കിയുമുണ്ട്‌. അത്ഭുതം, വാക്കി-ടാക്കിയില്‍ കേള്‍ക്കുന്നതും മലയാളത്തിലുള്ള സന്ദേശങ്ങളാണ്‌. അത്രയ്ക്കുണ്ടത്രേ അസം റൈഫിള്‍സില്‍ മലയാളിയുടെ എണ്ണം. പണ്ട്‌ ഒരു പാലക്കാട്ടുകാരന്‍ മേനോന്‍ അസം റൈഫിള്‍സിന്റെ തലവനായിരുന്നപ്പോള്‍ എടുത്തവരാണത്രെ അവരെല്ലാം.

വളരെ മനോഹരമാണത്രെ മണിപ്പൂർ‍. പക്ഷേ, സംസ്ഥാനത്ത്‌ വലിയ തോതിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖല ക്ഷീണത്തിലാണ്‌. വെറും നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബര്‍മ്മയിലെത്താം. തുറന്നു കിടക്കുന്ന അതിര്‍ത്തി വഴി വേണമെങ്കില്‍ ബര്‍മ്മയിലെ ഗ്രാമപ്രദേശങ്ങളൊക്കെ പോയി കാണാമത്രെ.

ഓഫീസിലിരിയ്ക്കുമ്പോള്‍ പല തവണ കറന്റ് വരുകയും പോവുകയും ചെയ്തിരുന്നു. നാലു മണിക്കൂറിലധികം വീടുകളിലൊന്നും കറന്റ്‌ കിട്ടാറില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌. നാട്ടുകാരുടെ ബുദ്ധിമുട്ടെത്രയെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ഇതേ കാരണത്താല്‍ മാര്‍ക്കറ്റുകളും കടകളും ആറു മണിയോടെ അടയ്ക്കുമത്രെ. രാത്രിയില്‍ ഞങ്ങള്‍ റോഡൊക്കെ ശ്രദ്ധിച്ചു. ആളനക്കം കുറവ്‌. തികച്ചും വിജനവും ഇരുള്‍ നിറഞ്ഞത്തും. തലസ്ഥാനത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പ്രദേശങ്ങളുടെ സ്ഥിതി പറയാനുണ്ടോ? ഇവിടത്തുകാർ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാലു മണിക്കൂറാണ്‌ കറന്റ്‌ കിട്ടുന്നതെങ്കില്‍ നമ്മള്‍ കേരളീയരും ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്തേനെ.

സമയം ആറുമണി ആയപ്പോഴേയ്ക്കും നല്ല പോലെ ഇരുട്ടു പരന്നിരുന്നു. ചീവീടുകള്‍ നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു നഗരത്തിന്റെ യാതൊരു ലക്ഷണവും ഇംഫാല്‍ രാത്രിയില്‍ പ്രകടമാക്കിയില്ല. ഗസ്റ്റ്‌ ഹൌസില്‍ ധാരാളം കൊതുകുണ്ടായിരുന്നു. പക്ഷേ ആമ മാര്‍ക്ക്‌ കൊതുകുതിരി കത്തിക്കൊണ്ടിരുന്നതിനാല്‍ കൊതുകിന്റെ ഉപദ്രവമൊന്നും ഉണ്ടായില്ല. രാത്രിയില്‍ കിടക്കുമ്പോള്‍ ഉപയോഗിയ്ക്കാന്‍ കൊതുകുവലയും ഉണ്ടായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റിരുന്നതിനാലും മൊബൈലും ഡാറ്റാകാര്‍ഡും പ്രവര്‍ത്തിക്കാത്തതിനാലും ഞാന്‍ ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു.

ഭാരതത്തിന്റെ വളരെയധികം കിഴക്കുഭാഗത്തായതിനാല്‍ രാവിലെ മണി അഞ്ചാകുമ്പോഴേയ്ക്കും നേരം പുലർന്നിരിയ്ക്കും. ഏതാണ്ട്‌ മൂന്ന് മണിയായിക്കാണണം ഒരു പൂവന്‍ കോഴി "താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറം" പ്രവർത്തിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. അഞ്ചു മണിയ്ക്ക്‌ ഞാന്‍ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ വന്നു നോക്കുമ്പോള്‍ നേരം പരപരാ വെളുത്തിരുന്നു. താഴെ മുറ്റത്ത്‌ പൂവന്‍ കോഴി പിടകളെ മുട്ടിയുരുമ്മിക്കൊണ്ട്‌ നടക്കുന്നു. ഇവനായിരുന്നു നിര്‍ത്താതെ അലാറം പ്രവര്‍ത്തിപ്പിച്ചത്‌.

രാവിലെ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ജോലിസ്ഥലത്തേയ്ക്കു പുറപ്പെട്ടു. ഉച്ചയ്ക്ക്‌ അവിടെ നിന്നു മടങ്ങുകയും ഹോട്ടലില്‍ നിന്ന് ഊണു കഴിക്കുകയും ചെയ്തു. എയർപോർട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ ഞങ്ങള്‍ ഇലക്ട്രോണിക്‌ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റില്‍ കയറി. പൌനാ ബസാര്‍. തിരക്കു പിടിച്ച മാര്‍ക്കറ്റ്‌. TV, DVD player എന്നു വേണ്ട വീട്ടിലേയ്ക്കു വേണ്ട ഒരു മാതിരി സാധനങ്ങളൊക്കെ കുറഞ്ഞ വിലയ്ക്ക്‌ ഇവിടെ കിട്ടും. എല്ലാം ചൈനീസ്‌ സാധനങ്ങളാണെന്നു മാത്രം. കുറച്ചു കടകളില്‍ കയറിയതല്ലാതെ ആരും ഒന്നും വാങ്ങിയില്ല.

വിനോദ സഞ്ചാരപ്രധാനമായ ഒരു സ്ഥലവും ഞങ്ങള്‍ പോയി കണ്ടില്ല. ഔദ്യോഗികമായി തിരക്കുപിടിച്ച രണ്ടു ദിനങ്ങള്‍ അതിനു പറ്റിയതല്ല. അവധി ദിവസങ്ങള്‍ കിട്ടുമ്പോഴേ അത്തരം കാര്യങ്ങള്‍ പരിഗണിയ്ക്കാനാവൂ.

മടക്കം Air India-യുടെ വിമാനത്തിലായിരുന്നു. ഈ വിമാനത്തില്‍ വച്ച്‌ ഞാനാദ്യമായി നെറ്റിയിലെ സിന്ദൂരരേഖയില്‍ കുങ്കുമം ചാര്‍ത്തിയ ഒരു ഏയര്‍ഹോസ്റ്റസ്സിനെ കണ്ടു. നോക്കണേ കാലത്തിന്റെ ഒരു മാറ്റം! പണ്ട്‌ കല്യാണം കഴിഞ്ഞവരെ ഏയര്‍ഹോസ്റ്റസ്സുമാരായി എടുക്കാറേയില്ലായിരുന്നു. അതല്ലെങ്കില്‍ കല്യാണം കഴിഞ്ഞതിന്റെ ഒരു ലക്ഷണവും അവരുടെ മുഖത്തു കാണില്ലായിരുന്നു. പിന്നെ അതൊക്കെ പോയെന്നു തോന്നുന്നു, അമ്മൂമ്മമാരാണോ എന്നു തോന്നുമാറ്‌ പ്രായമുള്ള എയര്‍ഹോസ്റ്റസ്സുമാരേയും ഇപ്പോള്‍ Air India-യില്‍ കാണാന്‍ കഴിയും. ഉലഞ്ഞ മാറും മലമടക്കുകള്‍ പോലെയുള്ള വയറും തൂങ്ങിയ കവിളും ഒക്കെയായിട്ടുള്ളവരെ എന്തിനാണാവോ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നത്‌? അതിലും നല്ലതല്ലേ 'എയര്‍ഹോസ്റ്റു'മാരായി ചെറുപ്പക്കാരെയെടുക്കുന്നത്‌? ആത്യന്തികമായി നോക്കിയാല്‍ ഈ ഭക്ഷണം വിളമ്പല്‍ തന്നെയല്ലേ അവരുടെ ജോലി.

എയര്‍ഹോസ്റ്റസ്സുമാരായി പെണ്ണുങ്ങളെ എടുക്കുന്ന പക്ഷം കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരികളെ തന്നെ വേണം എടുക്കാന്‍. ചുണ്ടു ചുവപ്പിച്ചും കവിളു തുടുപ്പിച്ചും വിമാനത്തിന്റെ പാത്‌വേയിലൂടെ cat walk നടത്തുന്ന (അതോ അരയന്നനടയോ?) ചെറുപ്പക്കാരികളായ എയര്‍ഹോസ്റ്റസ്സുമാരായിരുന്നു പണ്ടൊക്കെ വിമാനത്തിലെ എന്റെ മുഖ്യ ആകര്‍ഷണം. പക്ഷേ ഇന്നത്തെ എയര്‍ഹോസ്റ്റസ്സുമാര്‍ വിമാനത്തിലെ മുഖ്യ അനാകര്‍ഷണമാണെന്നു വേണം പറയാന്‍.

പക്ഷേ രണ്ടു ദിവസം മുമ്പെവിടെയോ വായിച്ചതു കേട്ടപ്പോള്‍ കൂടുതല്‍ താല്‍പര്യക്കുറവാണുണ്ടായത്‌. ഹിജഡകളെ എയര്‍ഹോസ്റ്റസ്സുമാരായി എടുക്കുന്നു പോലും. ഭാഗ്യത്തിനു ഇന്ത്യയിലല്ലെന്നു മാത്രം.

ഗുവഹാട്ടി വഴി തന്നെയായിരുന്നൂ വിമാനം മടങ്ങിയതും. രാത്രി ഒമ്പത്‌ മണിയോടെ ഞങ്ങള്‍ സുഖമായി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാത്രി ഭക്ഷണം Air India-യുടെ വകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയത്‌ പുതുതായി പണിത ആധുനികത്വവും ആഡംബരത്വവും വിളിച്ചോതുന്ന Terminal 3-യിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: