മരിയ്ക്കാത്തവന് മലയാളത്തിൽ 'അമരൻ' എന്നു പറയുമെങ്കിലും മരണമില്ലായ്മയ്ക്ക് അമരത്വം എന്നല്ലാതെ അമരണം എന്നു പ്രയോഗിക്കാറില്ല. അതുകൊണ്ട് അമരണം എന്ന പദം ഞാനെന്റെ അനുഭവത്തിനായി മാറ്റി വയ്ക്കുന്നു.
മരണം എന്തെന്ന് നമുക്കറിയാം; പക്ഷേ എന്താണീ 'അമരണം' എന്നല്ലേ? നമുക്കു നോക്കാം.
ഒരു മരണവും വ്യാപകമായ ഒരു മോഷണവും തമ്മിലെന്തെങ്കിലും സാമ്യമോ താരതമ്യമോ ഉണ്ടോ? അതും നമുക്കൊന്നു നോക്കാം.
ആമുഖമായി പറയട്ടെ, പ്രദക്ഷിണത്തിന് അപ്രദക്ഷിണം എങ്ങനെയോ അങ്ങനെയാണ് 'അമരണ'ത്തെ മരണവുമായി താരതമ്യപ്പെത്താൻ എന്റെ അനുഭവം എന്നെ പ്രേരിപ്പിക്കുന്നത്! (ചലം - അചലം, ചലം - അചലം എന്ന് സ്കൂളിൽ പഠിയ്ക്കുമ്പോൾ എത്ര തവണ ഉരുവിട്ടു പഠിച്ചിരിയ്ക്കുന്നു. ചലമെന്നാൽ ചലിയ്ക്കുന്നത്; അചലമെന്നാൽ ചലിയ്ക്കാത്തത്. രണ്ടും വിപരീതപദങ്ങൾ. പക്ഷേ ചലത്തിന് അചലം പോലെയല്ല പ്രദക്ഷിണത്തിന് അപ്രദക്ഷിണം. കാരണം രണ്ടിലും ചലനമുണ്ട്, ദിശ മാത്രമേ മാറുന്നുള്ളൂ; മാത്രമല്ല, ചലിയ്ക്കുമ്പോൾ മാത്രമേ ദിശയുള്ളു.)
എന്തായാലും അനുഭവം ഞാൻ പറയാം.
രാജേട്ടൻ മരിച്ചിട്ടിപ്പോൾ അധികമായില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നൂ അന്ത്യം. അകാലത്തിലെന്ന് വേണമെങ്കിൽ പറയാം. ജീവൻ രക്ഷിയ്ക്കാൻ ഒരു സർജറി അത്യാവശ്യമാണെന്നു കണ്ടാണ് രാജേട്ടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. എന്തൊന്ന് ഒഴിവാക്കാനായിരുന്നുവോ ശസ്ത്രക്രിയ നടത്തിയത്, അതു തന്നെ ഒടുവിൽ ഒഴിവാക്കാനാകാതെ പോയി. രാജേട്ടൻ മരിച്ചു.
വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ? എന്ന് തുഞ്ചത്താചാര്യർ(?) പാടിയതെത്ര ശരി!
വിവരമറിഞ്ഞ പാടേ ഡൽഹിയിലുള്ള ഞാൻ കണ്ണൂരിലേയ്ക്ക് പുറപ്പെടാൻ തീർച്ചയാക്കി. ഞാൻ രാജേട്ടനെ അങ്ങനെ അവഗണിച്ചു കൂടാ. കാരണം അവരുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവായിരുന്നിട്ടും അവർക്കെന്നോട് ഒരു അനുജനോടെന്നോണം വാത്സല്യമുണ്ടായിരുന്നു. അതിനൊരു കാരണം ഇതുവരെ എനിയ്ക്കൊട്ടറിഞ്ഞും കൂടാ. അനുജന്മാരില്ലാഞ്ഞിട്ടോ മറ്റോ ആണോ എന്തോ? ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിപ്പെടുക ഇന്നത്തെ അവസ്ഥയിൽ അത്ര വേഗം നടക്കുന്ന കാര്യമല്ല. കണ്ണൂർ വിമാനത്താവളം വരുന്നതു വരെ കൊച്ചിയേയോ കോഴിക്കോടിനെയോ ആശ്രയിച്ചേ പറ്റൂ. അതും കോഴിക്കോട്ടേയ്ക്ക് നേരിട്ട് ഫ്ലൈറ്റൊട്ടില്ല താനും. അതുകൊണ്ട് പ്ലെയിനിലായിരുന്നിട്ടും എനിയ്ക്കടുത്ത ദിവസമേ അവരുടെ വീട്ടിലെത്തിച്ചേരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേയ്ക്കും സംസ്കാര കർമ്മങ്ങളൊക്കെ കഴിഞ്ഞിരുന്നു. എങ്ങും കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദു:ഖമാർന്ന മുഖങ്ങളും. മരണം നൽകുന്ന വേർപാട് അതനുഭവിച്ച എല്ലാർക്കും അറിയാം.
"ചത്തവർക്കു കണക്കില്ലയെങ്കിലും എത്ര പാർത്തു പഴകിയതാകിലും
ചിത്തത്തിൽ കൂറുള്ളവർചാകുമ്പോൾ പുത്തനായ് തന്നെ തോന്നുന്നഹോ മൃതി"
എന്നല്ലേ കവികൾ മരണത്തെ വർണ്ണിച്ചിട്ടുള്ളത്? അപ്പോൾ പിന്നെ അകാലത്തിൽ, അപ്രതീക്ഷിതമായി വന്നെത്തുന്ന മരണം സൃഷ്ടിക്കുന്ന അവസ്ഥ എന്തായിരിയ്ക്കും?
മരണം അനിവാര്യമാണ്; അപരിഹാര്യവും. മരണം ഇല്ലാത്ത അവസ്ഥയും ബുദ്ധിമുട്ടും കുഞ്ചൻ നമ്പ്യാർ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടല്ലോ. മരിച്ചവരോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജീവിച്ചിരിയ്ക്കുന്നവർ തുടർന്നും ജീവിക്കുക എന്നതാണ്. ഒരാൾ മരിയ്ക്കുമ്പോൾ കൂടെ കുടുംബാംഗങ്ങളും കൂട്ടത്തോടെ മരിയ്ക്കാൻ തുടങ്ങിയാൽ ലോകം എവിടെച്ചെന്നവസാനിയ്ക്കും? അതുകൊണ്ട് വീട്ടുകാർ ദു:ഖം കടിച്ചമർത്തി പതുക്കെ ദിനചര്യകളിലേയ്ക്ക് മടങ്ങുന്നു. വീട്ടുകാരുടെ ദു:ഖത്തിൽ പങ്കു കൊണ്ട് ഞാൻ കുറച്ചു ദിവസങ്ങൾ അവിടെ കൂടി. അവിടത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവവും അസാന്നിദ്ധ്യവും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാജേട്ടനിരുന്ന കസേര കാണുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലോടിയെത്തുകയായി. ഈ കസേരയിൽ ഇത്ര നാളും ഇരുന്ന ആളാണല്ലോ ഇപ്പോഴില്ലാത്തത് എന്ന ചിന്ത മനസ്സിൽ പൊന്തി വരികയായി. ചായ കുടിയ്ക്കാനിരുന്നാൽ വീണ്ടും രാജേട്ടൻ മനസ്സിലെത്തും. ഈ ഗ്ലാസ് ഇതുവരെ അവർ ചായ കുടിയ്ക്കാനുപയോഗിയ്ക്കുമായിരുന്നു. ഇപ്പോൾ ഗ്ലാസേയുള്ളൂ; രാജേട്ടനില്ല. രാത്രി കഞ്ഞി കുടിയ്ക്കുമ്പോഴും അവസ്ഥ അതു തന്നെ. കഞ്ഞി കുടിയ്ക്കുന്ന പ്ലെയ്റ്റുണ്ട്; രാജേട്ടനില്ല. കൈ കഴുകാനുള്ള വാഷ് ബേസിനും ടാപ്പുമുണ്ട്. പക്ഷേ കൈ കഴുകാൻ രാജേട്ടനില്ല. ടി.വി. യുടെ റിമോട്ടായാലും ബൾബിന്റെ സ്വിച്ചായാലും എല്ലാം കാര്യം ഇത് തന്നെ. ഇന്നലെ വരെ ഇതെല്ലാം പ്രവർത്തിപ്പിയ്ക്കാൻ ഒരാളുണ്ടായിരുന്നു; ഇന്നാ ആളില്ല. മരണത്തിന്റെ ഒരു കളി. ചായ കുടിയ്ക്കുമ്പോഴും കിടക്കുമ്പോഴും എന്നു വേണ്ട അന്നന്നത്തെ ഓരോ കാര്യവും ഓരോ വസ്തുവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കുമ്പോൾ രാജേട്ടന്റെ ഓർമ്മ മനസ്സിലെത്തുകയായി. രാജേട്ടന്റെ ബ്രഷും പേസ്റ്റുമുണ്ട്; പക്ഷേ രാജേട്ടനില്ല. മറ്റു കാര്യങ്ങളും അങ്ങനെ തന്നെ. രാജേട്ടന്റെ മുണ്ടുണ്ട്; ഷർട്ടുണ്ട്, പക്ഷേ ഉടുക്കാൻ രാജേട്ടനില്ല. രാവിലെ പത്രം വരുന്നുണ്ട്, പക്ഷേ വായിയ്ക്കാൻ രാജേട്ടനില്ല. ഫോൺ കോളുകൾ വരുന്നുണ്ട്; പക്ഷേ സംസാരിയ്ക്കാൻ രാജേട്ടനില്ല. രാജേട്ടന്റെ മൊബൈൽ ഫോൺ അനാഥമായി കിടപ്പുണ്ട്. അതു ശബ്ദിക്കുന്നുണ്ട്, അതിൽ കോളുകൾ വരുന്നുണ്ട്; പക്ഷേ അതെടുക്കാൻ രാജേട്ടനില്ല. എത്ര കാലം ഈ ഓർമ്മകൾ ഇങ്ങനെ മനസ്സിനെ അലട്ടിക്കൊണ്ടിരിയ്ക്കും? ചെരിപ്പ്, തോർത്ത്, മേശ, കിടക്ക, കട്ടിൽ എന്നു വേണ്ട ഓരോ വസ്തുവും എല്ലാ ദിവസവും രാജേട്ടന്റെ അഭാവം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
ഞാനിത്ര വരേയും വസ്തുക്കളെ കുറിച്ചു മാത്രമേ പറഞ്ഞുള്ളു; ബന്ധങ്ങളേയും ബന്ധുജനങ്ങളേയും പറ്റി ഒന്നും പറഞ്ഞില്ല. പക്ഷേ അതവിടെ നിൽക്കട്ടെ; അത് മറ്റെപ്പോഴെങ്കിലുമാകാം.
അപ്പോൾ മരണം എന്നു പറയുന്നതിതാണ്...... മറ്റുള്ളവരിൽ തന്റെ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇവിടെ ഇട്ടിട്ട് ഇങ്ങിനി വരാത്ത വിധം മറ്റെങ്ങോ പോകുക......... പിന്നീട് വസ്തുക്കളേയുള്ളു; വ്യക്തിയില്ല.
ഞാനിനി പതുക്കെ എനിയ്ക്കുണ്ടായ ഒരു അനുഭവത്തിലേയ്ക്കു വരട്ടെ. ഈയിടെ തീവണ്ടിയിൽ വച്ച് എന്റെ വലിയൊരു ബേഗ് മോഷണം പോയി. എന്റെ കണ്ണു വെട്ടിച്ച് ഞൊടിയിടയ്ക്കുള്ളിൽ കള്ളന്മാർ അതെടുത്തു കൊണ്ടുപോകുകയായിരുന്നു. വലിയൊരു യാത്രയുടെ തുടക്കമായിരുന്നതുകൊണ്ട് ഒരു മാതിരി സാധനങ്ങളൊക്കെ ആ വലിയ ബേഗിൽ കൊള്ളിച്ചിട്ടുണ്ടായിരുന്നു. കണ്ണട മുതൽ സെൽഫോൺ തുടങ്ങി കുറേ വസ്തുക്കൾ അബദ്ധവശാൽ അതിൽ വച്ചെന്നു പറഞ്ഞാൽ മതിയല്ലോ. ഭാര്യയും കൂടെയുള്ളതുകൊണ്ട് അവളുടെയും കുറെ നുള്ളു നുറുമ്പു സാധനങ്ങൾ അതിലുണ്ടായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു കള്ളന്മാർ ബേഗ് മോഷ്ടിച്ചത്. ടി. ടി. ഇ. യോടും പോലീസിനോടുമെല്ലാം ഞാൻ പരാതി പറഞ്ഞു നോക്കി. പക്ഷേ ആരും എന്റെ പരാതി ഉൾക്കൊണ്ടില്ല. പോലീസുകാർക്കുവേണ്ടി അവർ ആരെക്കൊണ്ടോ എന്റെ ബേഗ് എടുപ്പിച്ചതാണ് എന്നു വരെ എനിയ്ക്ക് അവരുടെ പെരുമാറ്റത്തിൽ നിന്നു തോന്നി. ഭാഗ്യത്തിനു ഹാൻഡ്ബേഗ് രണ്ടുപേരുടേയും കയ്യിലായിരുന്നതുകൊണ്ട് പൈസ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.
പിന്നീടത്തെ കാര്യം പറയണോ? കാര്യങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഞാനുണ്ട്; പക്ഷേ അറിയിയ്ക്കാൻ എനിയ്ക്കൊരു ഫോണില്ല. വണ്ടിയിലെ ബെർത്തിൽ കിടക്കാൻ ഞാനുണ്ട്. പക്ഷേ വിരിയ്ക്കാൻ ഒരു ഷീറ്റില്ല. രാവിലെ എഴുന്നേറ്റപ്പോൾ പല്ലു തേയ്ക്കാൻ ഞാനുണ്ട്; പക്ഷേ ഉപയോഗിയ്ക്കാൻ ബ്രഷും പേസ്റ്റുമില്ല. മുഖം തുടയ്ക്കാൻ ഞാനുണ്ട്; പക്ഷേ തുടയ്ക്കാനൊരു തോർത്തില്ല. ഡ്രസ്സു മാറ്റാൻ ഞാനുണ്ട്; പക്ഷേ മാറ്റാനൊരു ഡ്രസ്സില്ല. ബാഗിൽ കരുതിയ ഹവായ് ചെരുപ്പില്ല, അതുപയോഗിയ്ക്കാനുള്ള ഞാനിപ്പോഴുമുണ്ട്. ഉപയോഗിയ്ക്കാൻ കരുതിയിരുന്ന ഫ്ലാസ്ക് ഇപ്പോഴില്ല; അത് ഉപയോഗിയ്ക്കേണ്ടിയിരുന്ന ഞാൻ ഇപ്പോഴുമുണ്ട്. ഭാര്യയുടെ പൊട്ട്, ചീർപ്പ്, കണ്ണാടി എന്നു വേണ്ട ...... ഒന്നും ഇപ്പോഴില്ല; അതെല്ലാം ഉപയോഗിയ്ക്കേണ്ടിയിരുന്ന ഭാര്യ ഇപ്പോഴുമുണ്ട്. എന്തൊന്നു വേണമോ, അതില്ല........... ആൾ ബാക്കിയുണ്ട്, സാധനം ഒന്നുമില്ല.
അപ്പോൾ മോഷണം എന്നു പറയുന്നതിതാണ്...... തന്നിൽ സ്മരണകളുയർത്താൻ പാകത്തിൽ താനുപയോഗിച്ചതും ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും ഇങ്ങിനി വരാത്ത വിധം ഇവിടെ നിന്നും മറ്റെങ്ങോ പോകുക...........പിന്നീട് വ്യക്തിയേയുള്ളു; വസ്തുക്കളില്ല.
വലിയൊരു മോഷണത്തിനു വിധേയനായവനു മാത്രമേ അവന്റെ വിഷമം അറിയുകയുള്ളു. മരണത്തിന്റെ കാര്യം പറഞ്ഞതുപോലെത്തന്നെ. ഇതു രണ്ടും ഏകകാലത്തിൽ അനുഭവിച്ചറിഞ്ഞതുകൊണ്ടാകാം മരണവും മോഷണവും ഒന്നിച്ചെന്റെ മനസ്സിലെത്തിയത്. മരണത്തിൽ വ്യക്തി നഷ്ടമാകുകയും വസ്തുക്കൾ ബാക്കിയാകുകയും ചെയ്യുമ്പോൾ മോഷണത്തിൽ വ്യക്തി ബാക്കിയാകുകയും വസ്തുക്കൾ നഷ്ടമാകുകയും ചെയ്യുന്നു. രണ്ടവസരത്തിലുമുള്ള അനുഭവങ്ങളും വികാരങ്ങളും തികച്ചും വിപരീതമോ സമാനമോ???
എന്തായാലും ആദ്യത്തേത് മരണമെങ്കിൽ മറ്റേത് 'അമരണം' തന്നെ. പ്രദക്ഷിണത്തിനു അപ്രദക്ഷിണം പോലെ. മോഷണം അനുഭവിച്ചവനറിയാം അതൊരു തരം '(അ)മരണം' തന്നെ എന്ന്.
പക്ഷേ... ആദ്യത്തേത് അനിവാര്യവും അപരിഹാര്യവുമെങ്കിൽ മറ്റേത് തീർച്ചയായും 'നിവാര്യവും' പരിഹാര്യവും തന്നെ...... കള്ളനും പോലീസും വിചാരിക്കണമെന്നു മാത്രം!!!!
ഒരു മോഷണത്തെ ഒരു മരണവുമായി താരതമ്യം ചെയ്തതു കടുംകൈ ആയെങ്കിൽ എന്നോടു ക്ഷമിയ്ക്കുക; ആദ്യമേ ഞാൻ പറഞ്ഞില്ലേ, എന്റെ വി'കൃതി'കളെക്കുറിച്ച്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ