2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

കാറ്, വീട്, ജീവിതപങ്കാളി......

ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെന്ന് പണ്ട് സ്കൂളിൽ പോയപ്പോൾ പഠിച്ചതോർക്കുന്നു. ഇന്നിപ്പോൾ സ്കൂളിൽ പഠിപ്പിക്കുന്നത് അങ്ങനെതന്നെ ആണോ ആവോ? ലോകം ഒരു പാടു മാറിയ സ്ഥിതിക്ക് അടിസ്ഥാനാവശ്യങ്ങളും മാറിയിട്ടുണ്ടോ എന്തോ? ന്യൂജെൻ ആളുകൾക്കേ ഉത്തരം പറയാനൊക്കൂ.

എന്തായാലും ഏറ്റവും കൂടുതൽ അത്യാവശ്യം ഭക്ഷണം തന്നെയാണ്. അത്യാവശ്യമാണെങ്കിലും ഒരാൾക്ക് അതെത്ര വേണം എന്നു ചോദിച്ചാൽ "വിശപ്പു മാറാൻ മാത്രം" എന്നതായിരിക്കും ശരിയായ ഉത്തരം. അളവ് പറയാൻ പ്രയാസമാണ്; കാരണം എണ്ണാൻ പറ്റുന്ന ഒന്നല്ല ഭക്ഷണം. 'ഞാൻ ഉച്ചഭക്ഷണം കഴിച്ചു' എന്നോ 'വയറു നിറയെ ഉണ്ടു' എന്നോ 'ഒരു ശാപ്പാട് കഴിച്ചു' എന്നോ ഒക്കെ പറഞ്ഞാൽ കഴിച്ച ഭക്ഷണത്തിന്റെ അളവറിയാൻ കഴിയില്ല.  രണ്ടു പേരുടെ ഭക്ഷണം കഴിക്കുന്നവരും, കുട്ടികളേക്കാൾ കുറച്ച് ഭക്ഷണം കഴിക്കുന്നവരും ഒക്കെ നമ്മുടെ ചുറ്റും കാണാം. ഓരോരുത്തരുടേയും വയറിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണം ആരും തൂക്കി നോക്കാത്തതുകൊണ്ട് തൂക്കക്കണക്കിലും അത് പറയാൻ പറ്റില്ല.  'ഒരു പറ ചോറ്', 'ഒരു ചെമ്പ് ചോറ്' എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ?  ഹോട്ടലിൽ നിന്നാണ് കഴിക്കുന്നതെങ്കിൽ 'ഒരു തവി ചോറ്' എന്നു പറയേണ്ടി വരും. കാരണം അതിൽ കൂടുതലൊന്നും ഹോട്ടലിൽ നിന്നു കിട്ടുമെന്നു കരുതാനാവില്ല. കൃത്യമായ കാര്യം ഹോട്ടലിൽ നിന്നു കഴിക്കുന്നവർക്കേ പറയാനാകൂ. അതെന്തായാലും, പലഹാരങ്ങൾ പലതും നമുക്ക് എണ്ണത്തിൽ പറയാൻ പറ്റും. 5 ചപ്പാത്തി, 3 ബിസ്കറ്റ് എന്നൊക്കെ പറയാറുണ്ടല്ലോ?  വിശപ്പ് എന്ന ശാരീരികാവസ്ഥയാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണയിക്കുന്നത്. "ആർത്തി" എന്ന അവസ്ഥയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണ്ണയിക്കാം. ആർത്തിപ്പണ്ടാരം എന്നു കേട്ടിട്ടില്ലേ?  പക്ഷേ, ഭക്ഷണം ഇല്ലാതെ ജീവിക്കാൻ ഹീരാ രത്തൻ മനേക്കിനു മാത്രമേ സാധിക്കൂ. അദ്ദേഹമാണല്ലോ ബഹിരാകാശയാത്രികർക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുള്ള ട്രെയിനിങ്ങൊക്കെ കൊടുത്തത്.

ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഒന്നു കിടക്കുക എന്നതാണ് മനുഷ്യനാവശ്യം. അതിനു വേണ്ടതാണ് പാർപ്പിടം. പാർപ്പിടം മനുഷ്യന് ഒന്നേ ആവശ്യമുള്ളൂ.  ഭക്ഷണം എണ്ണാൻ പറ്റിയാലും ഇല്ലെങ്കിലും പാർപ്പിടം എണ്ണാനാകും. പക്ഷേ ആ എണ്ണത്തിൽ ഒരു കഥയുമില്ല.  കൂര, കുടിൽ, വീട്, ബംഗ്‌ളാവ്, കൊട്ടാരം എന്നിങ്ങനെ പലതരത്തിലും രൂപത്തിലും പാർപ്പിടം ഉണ്ട് എന്നതു തന്നെയാണ് ഈ കഥയില്ലായ്മക്കു കാരണം.
10 കൂര     = 1 കുടിൽ
10 കുടിൽ = 1 വീട്
10 വീട്     = 1 ബംഗ്‌ളാവ്
10 ബംഗ്‌ളാവ് = 1 കൊട്ടാരം
എന്ന തരത്തിലുള്ള മന:ക്കണക്കുകളൊന്നും പഴയ ഗുരുനാഥന്മാർ എഞ്ചുവടിയിൽ എഴുതിച്ചേർത്തിട്ടില്ല എന്നതിനാൽ പാർപ്പിടങ്ങളെ എണ്ണുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നുമില്ല.  അതെന്തായാലും പാർപ്പിടം ഒരു അടിസ്ഥാനാവശ്യമാണെന്നു തന്നെയാണ് നാട്ടിലങ്ങോളമിങ്ങോളം കാണുന്ന ചേരികൾ കാണിക്കുന്നത്. അല്ലെങ്കിൽ ഈ ചേരികൾ ഉണ്ടാകുമായിരുന്നില്ലല്ലോ.

മൂന്നാമത്തെ അടിസ്ഥാനാവശ്യമായി പഠിച്ചു വച്ചിട്ടുള്ള വസ്ത്രം ഇക്കാലത്ത് ഒരു അടിസ്ഥാനാവശ്യമാണെന്നു തോന്നുന്നില്ല എന്നാണ് എന്റെ ചിന്ത. ടിവിയിൽ വരുന്ന ചില വാർത്തകൾ കാണുമ്പോൾ (നോക്കിയിരിക്കുമ്പോൾ) ഉടുത്ത തുണി അറിയാതെ ഉരിഞ്ഞുപോകുന്നതുപോലെ ചിലപ്പോൾ തോന്നാറുണ്ട്.  സമൂഹത്തിനു സരിതോർജ്ജം പ്രദാനം ചെയ്യുന്നവരേയും ഇന്നത്തെ സൈബർലോകത്തെ പൊതുകാര്യങ്ങളും വച്ചു നോക്കുമ്പോൾ മനുഷ്യർക്കെന്തിനാ ഈ വസ്ത്രം എന്ന് എനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്.  പക്ഷേ വസ്ത്രങ്ങളുടെ ഡിമാന്റ് കൂടിക്കൂടി വരിക തന്നെയാണ്.  കാലാവസ്ഥയനുസരിച്ച് ഒരാൾക്ക് ഒരു സെറ്റ് ഡ്രസ്സോ അതിൽ കൂടുതലോ ആകാം. പക്ഷേ പണക്കാർക്കൊക്കെ നിരവധി ഡ്രസ്സുകളുണ്ട്. ഒരു ഡ്രസ്സ് ഒരു തവണ ധരിച്ചാൽ പിന്നെ അതുപയോഗിക്കാത്തവർക്ക് ഒരു കൊല്ലം 365 ഡസ്സെങ്കിലും വേണ്ടേ?

വീടുകളെക്കുറിച്ച് പറഞ്ഞു.  പണ്ടൊക്കെ കൂട്ടുകുടുംബമായിരുന്നു. അന്നൊക്കെ വീടുകളുടെ എണ്ണവും കുറവായിരുന്നു. പിന്നീട് അണുകുടുംബങ്ങൾ വന്നതോടെയാണ് വീടുകളുടെ എണ്ണം പെരുകാൻ തുടങ്ങിയത്. സുഖവും സൗകര്യവും (സ്വാർത്ഥത എന്ന് ഒറ്റവാക്ക്) തന്നെയായിരുന്നു അണുകുടുംബത്തിന്റെ പ്രചോദനം. അതു കൊണ്ടു തന്നെ എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു കല്യാണം കഴിയുമ്പോൾ ദമ്പതികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബാങ്ക് ലോണെടുത്തും ചിട്ടി പിടിച്ചും ബന്ധുക്കളോട് കടം വാങ്ങിയും അവർ എങ്ങനെയും അവരുടെ ലക്ഷ്യമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയെടുക്കും. പിന്നീടങ്ങോട്ട് കുറച്ചു കാലം കടം തിരിച്ചടക്കാനുള്ള തത്രപ്പാടിലായിരിക്കും ദമ്പതികൾ. എന്തൊരു ഒത്തൊരുമയോടെയായിരിക്കും അപ്പോഴവരുടെ ജീവിതം. ചെലവാക്കുന്ന ഓരോ പൈസക്കും പരസ്പരധാരണയുണ്ടായിരിക്കും. കടം ഒരു മാതിരി കൈപ്പിടിയിലൊതുങ്ങി എന്നു തോന്നുമ്പോൾ അവർ പതുക്കെ അടുത്ത സ്വപ്നം കാണാൻ തുടങ്ങിയിരിക്കും. സ്വന്തമായി ഒരു കാറ് എന്നതാണാ സ്വപ്നം.

അതത്ര ബുദ്ധിമുട്ടുള്ളതല്ല; വല്ല സെക്കന്റ് ഹാൻഡ് കാറോ ടാറ്റാ നാനോയോ വാങ്ങാൻ ഒന്നോ രണ്ടോ ലക്ഷം ചെലവാക്കിയാൽ മതി. അതുകൊണ്ടു തന്നെ ഒരു ചെറിയ കാറെന്ന ലക്ഷ്യം അവർ എങ്ങനെയും സാധിച്ചെടുക്കും. അപ്പോഴേക്കും കുട്ടികൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയിരിക്കും. മിക്കവാറും ഭാര്യക്കും ജോലി ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളെ സ്കൂളിൽ വിടുക, ഭാര്യയെ ഓഫീസിലാക്കുക എന്നീ ആവശ്യങ്ങൾക്ക് കാറ് വളരെ ഉപയോഗപ്രദമായി അനുഭവപ്പെടും. മാത്രമല്ല, വീക്കെൻഡുകളിൽ പിക്നിക്കിനു പോകാനും അവധിദിവസങ്ങളിൽ ബന്ധു-സുഹൃത്സമാഗമങ്ങൾക്കും ആവശ്യം പോലെ മാർക്കറ്റിൽ പോകാനും സിനിമ കാണാനും ഒക്കെ ഈ കാർ വളരെ അധികം സൗകര്യം ഒരുക്കും.

സ്വന്തമായ ജോലി, സ്വന്തമായ വീട്, സ്വന്തമായ കാറ്, സ്വന്തമായ ജീവിതം...... വീട്ടിൽ സുഖവും സന്തോഷവുമൊക്കെ ഉണ്ടാവാൻ ഇനിയെന്തു വേണം?  ജീവിതം അങ്ങനെ മുന്നോട്ട് പോകും... അങ്ങനെയിരിക്കുമ്പോഴായിരിക്കും അനുഭവങ്ങളുടെ വെളിച്ചത്തിൽ പുതിയ, വലിയൊരു കാറു കൂടി വേണമെന്ന തോന്നൽ ദമ്പതികൾക്കുണ്ടാകുന്നത്. ആ ആഗ്രഹം സ്വാഭാവികം മാത്രമല്ല ന്യായവുമാണ്. രണ്ടു കാറുണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും അവരവരുടെ സൗകര്യത്തിനനുസരിച്ച് പോകാനും വരാനും ഒക്കെ പറ്റും. സമൂഹത്തിൽ ആവശ്യമായ സ്റ്റാറ്റസ് സിംബൾ നേടിയെടുക്കാനും ഇത് സഹായകമാണ്. വീട്ടിൽ രണ്ടു കാറൊക്കെ ഇല്ലാത്തവനെ ഇപ്പോൾ സമൂഹത്തിൽ ആരു ശ്രദ്ധിക്കാനാ?

"സംഗീതമേ ജീവിതം, ഒരു മധുര സംഗീതമേ ജീവിതം
സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം" എന്നല്ലേ നമ്മൾ പാടിപ്പഠിച്ചിട്ടുള്ളത്. ജീവിതം അങ്ങനെ ഒരു സംഗീതം പോലെ പോകുമ്പോഴായിരിക്കും താമസിക്കുന്ന വീട് ഫാഷനില്ലാത്തതാണെന്നും, പഴഞ്ചനാനെന്നും പുതിയൊരെണ്ണം ഉണ്ടെങ്കിൽ ഇത്തിരി സൗകര്യമായി ജീവിക്കാമെന്നും പഴയത് വാടകക്ക് കൊടുത്തിട്ട് ലേശം പൈസ ഉണ്ടാക്കമെന്നുമൊക്കെ ദമ്പതികൾക്ക് തോന്നുക. പിന്നീടതിനാകും ശ്രമം. വലിയ ബുദ്ധിമുട്ടോ താമസമോ കൂടാതെ അത് സാധിച്ചെടുക്കുകയും ചെയ്യും. പുതിയ വീട്ടിൽ പിന്നീടങ്ങോട്ട് സ്വപ്നസമാനമായ ജീവിതമാണ്.  ജീവിതം സംഗീതമയമല്ലേ? അപ്പോൾ അതിൽ അല്പം രാഗമുണ്ടായേ പറ്റൂ. ജീവിതത്തിന് പറ്റിയ രാഗം അനുരാഗം തന്നെയാണ്.
"ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
കയ്യിൽ കവിതയും മുന്തിരിച്ചാറും
കൈ വന്നാലീ ലോകം മാറ്റുമന്നേരം"
എന്നല്ലേ കവി സംഗീതമയമായ ജീവിതത്തെപ്പറ്റിപ്പാടുന്നത്?  അങ്ങനെ ആരോമലോടൊത്ത് അനുരാഗം പങ്കിടുമ്പോൾ കയ്യിലൊരു സ്മാർട്ട്ഫോണും കാണും. കയ്യിൽ സ്മാർട്ട് ഫോണില്ലാത്തവൻ(ൾ) മനുഷ്യനാണോ? സ്മാർട്ട്ഫോണുണ്ടെങ്കിൽ എപ്പോഴും ചാറ്റിക്കൊണ്ടിരിക്കാം; ടെക്സ്റ്റ്,... ഓഡിയോ, ... വീഡിയോ... ഒക്കെ അയക്കാാം... പ്രമേയങ്ങൾ സ്വകാര്യത ഉള്ളതാകാം... ഫോർവേഡ് ചെയ്യാവുന്നതുമാകാം... നിമിഷങ്ങളും ദിവസങ്ങളും ഉന്മേഷദായകമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ആരെങ്കിലും ഒരു അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ടോ? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആ അതിർവരമ്പിന്മേൽ ആരെങ്കിലും കുപ്പിച്ചില്ലോ മുള്ളുവേലിയോ പിടിപ്പിച്ചിട്ടുണ്ടോ? ഇല്ല.... അപ്പോൾ വളരെ ദുർലഭമായിട്ടെങ്കിലും ചിലർ ആ അതിർവരമ്പ് ലംഘിച്ച് മറുകണ്ടം ചാടിയെന്നു വരും. അതിർവരമ്പ് ഏതെന്നല്ലേ? ഇതുവരെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചില്ലേ ദാമ്പത്യത്തെക്കുറിച്ച്! സംഗീതമയമായ ജീവിതത്തെക്കുറിച്ച്. അതു തന്നെ..!

ഒരു സന്ദർഭം കിട്ടിയാൽ ആരാ അതു വിട്ടു കളയുക.  സംഗീതമയമായ ചാറ്റിങ്ങിനിടയിൽ മനസ്സിനിണങ്ങിയ മറ്റൊരാളെ ഈ സൈബർലോകത്ത് കണ്ടുമുട്ടാനാണോ പ്രയാസം? ബന്ധങ്ങളുടെ അതിർവരമ്പിൽ കമ്പിവേലി ഇല്ലാത്തതുകൊണ്ട് പങ്കാളിയുമായുള്ള ചാറ്റിങ്ങ് പതുക്കെ പുതുതായി കിട്ടിയ വ്യക്തിയുമായിട്ടാകും... ചാറ്റിങ്ങ് പതിക്കെ ചീറ്റിങ്ങ് ആകും...  പിന്നെയോ?

"ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും" പിന്തിരിയാൻ പിന്നെ പുതിയ കമിതാക്കൾക്കാകില്ല. പഴയ വീടു പോരാ; പുതിയതാകട്ടെ  എന്നു തീർച്ചയാക്കിയ ദമ്പതികളിൽ ഒരാൾക്ക് പുതിയൊരു പങ്കാളി വേണമെന്നു തോന്നിയാൽ അവരെ കുറ്റം പറയാമോ?   രണ്ടു കാറ്, രണ്ടു വീട് എന്നൊക്കെയുള്ള കണക്ക് രണ്ടു പങ്കാളി, രണ്ടു ജീവിതം എന്നൊക്കെയാകുന്നത് തികച്ചും സ്വാഭാവികം. After all, ജീവിതം സുഖിക്കാനുള്ളതാണെന്നല്ലേ ജനം ധരിച്ചുവച്ചിരിക്കുന്നത്??

7 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ആഹാ ഹാ.സമ്മതിക്കണം.

ആൾരൂപൻ പറഞ്ഞു...

സുധീ, ഉടനെ ഞാനൊരു ചമ്മട്ടി വാങ്ങുന്നുണ്ട്.

Bipin പറഞ്ഞു...

രണ്ടിൽ നിർത്തിയാൽ മതി. പിന്നെയും പോകുമോ?

ആൾരൂപൻ പറഞ്ഞു...

രണ്ടിൽ കൂടുതലാണെങ്കിൽ അതിൽ Art of Living ഒരു ഉണ്ടാകും.

സുധി അറയ്ക്കൽ പറഞ്ഞു...

@@@@ബിബിൻ സർ!!!!

താങ്കളുടെ ബ്ലോഗിൽ കമന്റ്‌ ചെയ്യാൻ സാധിയ്ക്കുന്നില്ല...എത്തിക്കോളാം.

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഹോ! ആ വിചാരധാരയുടെ ഒഴുക്ക് അപാരം തന്നെ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

"ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും"
പിന്തിരിയാൻ പിന്നെ പുതിയ കമിതാക്കൾക്കാകില്ല.
പഴയ വീടു പോരാ; പുതിയതാകട്ടെ എന്നു തീർച്ചയാക്കിയ
ദമ്പതികളിൽ ഒരാൾക്ക് പുതിയൊരു പങ്കാളി വേണമെന്നു തോന്നിയാൽ
അവരെ കുറ്റം പറയാമോ? രണ്ടു കാറ്, രണ്ടു വീട് എന്നൊക്കെയുള്ള കണക്ക്
രണ്ടു പങ്കാളി, രണ്ടു ജീവിതം എന്നൊക്കെയാകുന്നത് തികച്ചും സ്വാഭാവികം. After all, ജീവിതം സുഖിക്കാനുള്ളതല്ലേ?


അതെ തീർച്ചയായും ജീവിതം സുഖിക്കാനുള്ളത് തന്നെയാണ് ഭായ്