2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കല്പവസ്തു

പണ്ടൊരു കുട്ടിയോട് പശുവിനെ കുറിച്ച് ഒരു പ്രബന്ധമെഴുതാൻ പറഞ്ഞപ്പോൾ പശുവിനെ സാധാരണയായി തെങ്ങിലാണ്‌ കെട്ടുക എന്നെഴുതി പിന്നീടങ്ങോട്ട് തെങ്ങിനെക്കുറിച്ചെഴുതിയത്രെ. പശുവിനെക്കുറിച്ചറിയാത്തവനും തെങ്ങിനെക്കുറിച്ചറിയും എന്നതു കൊണ്ടാകണം ഇങ്ങനെ സംഭവിച്ചത്. എന്നാൽ ഇന്ന് കാര്യം വ്യത്യസ്തമാണ്‌. ഇന്നാരെങ്കിലും പശുവിനെക്കുറിച്ചെഴുതാൻ പറഞ്ഞാൽ പശുവിനെ കൊല്ലുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടാണ്‌ ഉള്ളത്; ഇങ്ങനെ ചെയ്തത് നരേന്ദ്രമോഡിയാണ്‌; ആർ എസ് എസ് എന്ന ഭീകരസംഘടനയാണ്‌ ഇതിന്റെ പിന്നിൽ എന്നൊക്കെയുള്ള കാര്യങ്ങളാകും എഴുതുക. നാട്ടിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികൾ മനസ്സിലാക്കുക.

അതെന്തായാലും ഞാൻ പറഞ്ഞുവരുന്നത് തെങ്ങിനെക്കുറിച്ചാണ്‌. കല്പവൃക്ഷം എന്നല്ലേ അതിനെ നമ്മൾ പറയുന്നത്? തെങ്ങിന്റെ വേരു മുതൽ ഓല വരെ എല്ലാ ഭാഗങ്ങളും നമുക്ക് വളരെയധികം പ്രയോജനം ചെയ്യും എന്നതിനാലാണ്‌ നമ്മൾ അങ്ങനെ കല്പവൃക്ഷം എന്നു പറയുന്നത്.

ഞാനാലോചിച്ചു; തെങ്ങിന്റെ ഓല കൊണ്ടുള്ള ഉപയോഗങ്ങൾ.... പണ്ടാണെങ്കിൽ പുരകെട്ടാൻ ഓല നിർബ്ബന്ധമായിരുന്നു. പല തരത്തിൽ ഓല മെടഞ്ഞുണ്ടാക്കുമായിരുന്നു. പന്തലിടാനും ഷെഡ് കെട്ടാനും പറമ്പിൽ കക്കൂസ് കെട്ടാനും... എന്തിന്‌, ഓലപ്പന്തുണ്ടാക്കാനും പല തരം കളിപ്പാട്ടങ്ങളുണ്ടാക്കാനും ഓല ആവശ്യമായിരുന്നു. ഒന്നാന്തരം വിറകായും ഓല ഉപയോഗിച്ചിരുന്നു. അടുക്കളയിൽ, അടുപ്പിൽ തീ പടർന്നു പിടിക്കാൻ ആദ്യം വേണ്ടിയിരുന്നത് ഉണങ്ങിയ ഓലയായിരുന്നു. കുരുത്തോല കൊണ്ടും ഉണ്ടായിരുന്നു പല തരം ഉപയോഗങ്ങൾ.

ഇന്നിപ്പോൾ ഓലയുടെ ആവശ്യം എന്താണ്‌? ഒന്നുമില്ല. സത്യത്തിൽ അതൊരു സ്ഥലം മുടക്കിയാണിപ്പോൾ. ആരെങ്കിലും ഓല കൊണ്ട് പുര കെട്ടാറുണ്ടോ? ഇല്ല. ആരെങ്കിലും പന്തലിടാനോ ഷെഡ് കെട്ടാനോ ഓല ഉപയോഗിക്കാറുണ്ടോ? ഇല്ല. ആരെങ്കിലും ഓലയിൽ നിന്നുണ്ടാക്കുന്ന ഈർക്കിൽ ചൂലുകൾ ഉപയോഗിക്കുന്നുണ്ടോ? ഇല്ല. ഇമ്മാതിരി ആവശ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉപയോഗിക്കുന്നത് പ്ളാസ്റ്റിക് ഉത്പന്നങ്ങളാണ്‌. എവിടെയും പന്തലിടാനും ഷെഡ് കെട്ടാനും ഉപയോഗിക്കുന്നത് നല്ല നീലനിറമുള്ള പ്ളാസ്റ്റിക് ഷീറ്റുകളാണ്‌. കുരുത്തോലയുടെ ഉപയോഗത്തിന്‌ ചൈനീസ് നിർമ്മിതമായ നല്ല പ്ളാസ്റ്റിക് കുരുത്തോലകൾ മാർക്കറ്റിൽ ഉണ്ടായിരിക്കും. തെങ്ങോല കൊണ്ടുള്ള കിടക്കപ്പായ ഇപ്പോൾ കിട്ടാൻ പ്രയാസം; ഒക്കെ പ്ളാസ്റ്റിക്കിലല്ലേ ഇപ്പോൾ?

പണ്ടൊക്കെ പല്ലുതേച്ചു കഴിഞ്ഞാൽ ഈർക്കിൽ കൊണ്ടാണ്‌ നാവു വൃത്തിയാക്കിയിരുന്നത്. ആ സ്ഥാനം ഇപ്പോൾ പ്ളാസ്റ്റിക് കരസ്ഥമാക്കിയിരിക്കുന്നു.

പണ്ടു ചിരട്ട കൊണ്ട് ഹൃദ്യമായ എന്തെല്ലാം കൗതുകവസ്തുക്കൾ ഉണ്ടാക്കിയിരുന്നു. ഇന്നു ചിരട്ടയെവിടെ? കൗതുകവസ്തുക്കളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിലല്ലേ ഉണ്ടാക്കുന്നത്?

പണ്ടൊക്കെ വീടിന്റെ മുറ്റത്ത് നല്ല ഭംഗിയുള്ള ചെറിയ ചെന്തെങ്ങുകൾ കാണുമായിരുന്നു. ചെന്തെങ്ങിന്റെ നാളികേരം കാണാൻ എന്തു ഭംഗിയാണ്‌! ഇന്നതൊക്കെ പോയി. പ്ളാസ്റ്റിക്കിലുള്ള ചെറിയ തെങ്ങുകൾ പ്ളാസ്റ്റിക്കു കൊണ്ടുണ്ടാക്കിയത് ചിലരുടെ സ്വീകരണമുറികളിൽ ഇപ്പോൾ കാണാറുണ്ട്; അത്ര മാത്രം....

പണ്ടൊക്കെ മരപ്പണിക്ക് തെങ്ങിന്റെ തടി ഉപയോഗിക്കുമായിരുന്നു. കട്ടിലിന്റെ അഴികളുണ്ടാക്കാനും കോണിപ്പടികളുടെ പിടികൾ ഉണ്ടാക്കാനും തെങ്ങു വേണമായിരുന്നു. നല്ല മൂത്ത തെങ്ങിൻ തടി നല്ല ആരുള്ളതാണെങ്കിലും നല്ല ഉറപ്പും ഭംഗിയും ഉള്ളതായിരുന്നു. വാർണീഷ് ഇട്ടുകൊടുത്താൽ ഒരുകാലത്തും കേടുവരാത്തതായിരുന്നു ഈ തെങ്ങിൻ തടികൾ. ഇന്നിപ്പോൾ തെങ്ങിൻ തടി ആർക്കും വേണ്ട. അതിനു പകരം എന്തെല്ലാം വസ്തുക്കളുണ്ടിന്ന്‌!

കല്പവസ്തു എന്നു പറഞ്ഞാൽ മലയാളിക്ക് മനസ്സിലാകില്ല; മനസ്സിലാകണമെങ്കിൽ കല്പവൃക്ഷം എന്നു വേണം പറയാൻ. അങ്ങനെയാണല്ലോ തെങ്ങിനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്? പക്ഷേ, കല്പവൃക്ഷം എന്ന തെങ്ങല്ല ഞാൻ കല്പവസ്തു കൊണ്ടുദ്ദേശിച്ചത്; മറിച്ച് എന്തിനും ഏതിനും എപ്പോഴും സുലഭമായി ലഭ്യമായ പ്ളാസ്റ്റിക്കുകളെക്കുറിച്ചാണ്‌. പ്‌ളാസ്റ്റിക്കാണല്ലോ ഇന്ന് മലയാളിയുടേയും ഭാരതീയന്റേയും എല്ലാ ഭൗതികാവശ്യങ്ങളും ക്ഷണനേരം കൊണ്ട് സാധിച്ചു തരുന്നത്!  ഭൂമിയും പ്രകൃതിയും പരിസരവും നശിച്ചാലും ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കുമാണല്ലോ ഇന്ന് ജീവിതത്തിൽ പ്രാധാന്യം.

3 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

വീണ്ടും ചെറിയ വലിയ ചിന്തകൾ!!!!

ആൾരൂപൻജീ ...ദാ പിടിച്ചോ ഈയുള്ളവന്റെ വകയായി ഒരു നമോവാകം.

സജീവ്‌ മായൻ പറഞ്ഞു...

ഇത് പ്ലാസ്റ്റിക് ചെകുത്താന്റെ കാലമാണ്
പറഞ്ഞിട്ട് കാര്യമില്ല
പറഞ്ഞാല്‍ അങ്ങയുടെ ഭാഷയില്‍ എല്ലാവനും കൂടി നമ്മളെ ചമ്മട്ടി
കൊണ്ടടിക്കും. വീടുകളില്‍ക്കൂടി ഇപ്പോള്‍ അരി തെറുക്കാന്‍ പ്ലാസ്റ്റിക്‌
മുറമാണ് ഉപയോഗിക്കാറ്.
എല്ലാത്തരം പ്ലാസ്റ്റിക്കുകളും നിരോധിക്കണം.

ആൾരൂപൻ പറഞ്ഞു...

സജീവ്, പ്‌ളാസ്റ്റിക് ചെകുത്താൻ എന്നു പറയാതെ; സുഖസൗകര്യങ്ങൾക്ക് പുറകെ പായുന്ന കാലം എന്നു വേണം പറയാൻ....