2014, ഡിസംബർ 20, ശനിയാഴ്‌ച

ബുദ്ധന്റെ മണ്ണിൽ - മൂന്ന്

കാലം മുന്നോട്ടു പോകവേ ജാതക കഥകളിലൂടേയും പാഠപുസ്തകങ്ങളിലൂടേയും ഞാൻ പിന്നെ സിദ്ധാർത്ഥ ഗൗതമബുദ്ധനെക്കുറിച്ച പലതും മനസ്സിലാക്കി. രാജാവായി ജനിച്ച് തെണ്ടിയായി ജീവിച്ചവൻ....... ലൗകികസുഖങ്ങൾ വേണ്ടെന്ന് വയ്ക്കാൻ ധൈര്യം കാണിച്ചവൻ......... രാജ്യഭരണം മുൾക്കിരീടമായാലോ എന്ന് പേടിച്ച് മകനെ തെണ്ടിയാക്കിയവൻ.... ഏഷ്യാ ഭൂഖണ്ഡത്തിനാകെ വെളിച്ചമേകിയവൻ.... സത്യത്തിന്റേയും അഹിംസയുടേയും മഹത്വം ലോകത്തിനു കാണിച്ചു കൊടുത്തവൻ.... ദൈവമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞ നാസ്തികൻ..... പുനർജ്ജന്മമുണ്ടെന്നും നമ്മുടെ കർമ്മഫലങ്ങളാണ് നമ്മളനുഭവിക്കുന്നതെന്നും പറഞ്ഞവൻ.... കാമക്രോധലോഭമോഹങ്ങളുപേക്ഷിച്ച് മദ്ധ്യമാർഗ്ഗം തേടാൻ ലോകത്തെ ഉപദേശിച്ചവൻ....

ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു ചരിത്രപുരുഷൻ ലോകത്ത് മറ്റാരുണ്ട്? വെറുതേയല്ല,  ശ്രീബുദ്ധൻ എനിയ്ക്കൊരു ആരാധനാമൂർത്തി തന്നെയായി മാറി......... അതുകൊണ്ടു തന്നെയാണ് എനിയ്ക്ക് ആൺകുഞ്ഞ് പിറന്നപ്പോൾ അവനിടാൻ മറ്റൊരു പേർ മനസ്സിൽ വരാതെ പോയത്. ഞാനവന് സിദ്ധാർത്ഥ് എന്നു തന്നെ പേരിട്ടു. രണ്ടാമതും ആൺകുഞ്ഞു പിറന്നപ്പോൾ ഞാൻ പക്ഷഭേദം കാണിച്ചില്ല; തഥാഗത് എന്ന് പേരിടണമെന്ന് കരുതിയെങ്കിലും പേരിന്റെ പ്രചാരദൗർലഭ്യം പരിഗണിച്ച് അതിടാതെ ഗൗതം എന്ന് പേരിട്ടു.  കേരളത്തിൽ ജീവിക്കുന്ന ഞാൻ ബുദ്ധനെ വിടാൻ ഭാവമില്ല എന്ന് കരുതിയതിനാലാണോ എന്തോ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. "എങ്കിൽ നീ ഗൗതമബുദ്ധന്റെ പേരിലുള്ള നഗരത്തിൽ തന്നെ ജീവിച്ചു കൊള്ളുക" എന്നതായിരുന്നു ആ തീരുമാനം. അങ്ങനെയാണ് ഞാൻ ജീവിതത്തിന്റെ അർദ്ധശതകം തികയുമ്പോൾ ഉത്തരപ്രദേശിലെ  'ഗൗതം ബുദ്ധ നഗറി'ൽ എത്തുന്നത്... അതുകൊണ്ടെന്തുണ്ടായി? ലുംബിനിയും കപിലവസ്തുവും ബുദ്ധഗയയും സാരനാഥും കുശനഗറും സിദ്ധാർത്ഥ് നഗറും മഹാമായാ നഗറും മാത്രമല്ല  ഇന്ത്യ വിശദമായിത്തന്നെ കാണാനും അറിയാനും എനിയ്ക്കായി...... ഉത്തരേന്ത്യൻ സ്ഥലങ്ങൾ എനിയ്ക്ക് പരിചിതമായി.... ഹിമാലയമലനിരകൾ മാത്രമല്ല കൈലാസവും മാനസസരോവരവും വരെ എനിയ്ക്ക്  കാണുമാറായി......

 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  *   *   *   *   *   *   *   *   *
ബുദ്ധമതാനുയായികൾക്കും ഗൗതമബുദ്ധനെ ആരാധനയോടെ കാണുന്നവർക്കും ലുംബിനി എങ്ങനെയാണോ അതുപോലെയാണ് ക്രിസ്ത്യാനികൾക്ക് വത്തിക്കാനും മുസ്ലിങ്ങൾക്ക് മക്കയും എന്നു പറഞ്ഞാൽ ലുംബിനിയുടെ പ്രാധാന്യം ആർക്കും മനസ്സിലാകും. മരനിരകൾ തിങ്ങുന്ന മനോഹരമായ ഒരു ഗ്രാമീണജനപഥം - അതാണ് ലുംബിനി. ദക്ഷിണ നേപ്പാളിൽ ഭാരതത്തിന്റെ അതിർത്തിയോട് ചേർന്നാണ് ലുംബിനിയുടെ സ്ഥാനം. ഗോരഖ്പുർ ആണ് ലുംബിനിയുടെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ പറയാം.

കുറേ മാസങ്ങളായി ലുംബിനിയിൽ പോകണമെന്ന് തോന്നാൻ തുടങ്ങിയിട്ട്. ഒരു രാത്രിയാത്രകൊണ്ടെത്താവുന്ന അത്ര അടുത്താണ് ലുംബിനി. എന്നിട്ടും അത് നടന്നില്ല. എന്തിനും ഉണ്ടല്ലോ ഒരു സമയം? അടുത്താണെങ്കിലും മുൻകൂട്ടിയുള്ള ആസൂത്രണമില്ലാതെ അങ്ങോട്ടെത്തുക പ്രയാസമാണ്. ഗോരഖ്പൂരിലേക്ക് റെയിൽവേ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോൾ റിസർവേഷനു നോക്കിയാലും ഒരുമാസത്തേക്ക് വെയിറ്റിങ്ങ് ലിസ്റ്റേ കിട്ടൂ. അതാണ് പറഞ്ഞത്, മുൻകൂട്ടിയുള്ള ആസൂത്രണം വേണമെന്ന്. ഏതായാലും ഒടുവിൽ ഞങ്ങൾക്ക് ടിക്കറ്റ് കിട്ടുക തന്നെ ചെയ്തു. അങ്ങനെയാണ് ഞാനും മകനും ലുംബിനിയിലേക്ക് തിരിച്ചത്.


ഗോരഖ്പുർ പൂർവ്വോത്തർപ്രദേശിലെ ഒരു പുരാതനനഗരമാണ്.  ഗോരഖ്പൂരിൽ വണ്ടി ഇറങ്ങിയ ഞങ്ങൾ സൊനൗലിയിലേക്കുള്ള ബസ്സിൽ കയറിയിരുന്നു. ഇന്ത്യ - നേപ്പാൾ അതിർത്തിയിലുള്ള ഇന്ത്യൻ ഗ്രാമമാണ് സൊനൗലി. സുനൗലി എന്നും പറയും. ഒരാൾക്ക് 90 രൂപ. 3 മണിക്കൂറെടുത്തു, 95 കിലോമീറ്റർ താണ്ടി ഈ പ്രൈവറ്റ് ബസ്സ് സൊനൗലിയിലെത്താൻ. വഴിയിൽ പാരലലായി റെയിൽവേ ട്രാക്ക് കാണാം. സുനൗലിക്കടുത്തുള്ള 'നവതാൻവ' വരെ വേണമെങ്കിൽ തീവണ്ടിയിൽ പോകാം. പക്ഷേ വണ്ടി ദുർല്ലഭമാണെന്നു മാത്രം. മണ്ണും പൊടിയും ചളിയും നിറഞ്ഞ വൃത്തികെട്ട ഒരു സ്ഥലമാണ് സുനൗലി. ബസ് സ്റ്റോപ്പിൽ നിറയെ സൈക്കിൾ റിക്ഷക്കാരാണ്. ബസ്സിറങ്ങുന്നവരെ അവർ പൊതിഞ്ഞു. ലുംബിനിയിലേക്കുള്ള വഴി കാണാപ്പാഠമായ എനിയ്ക്ക് അവരുടെ ആവശ്യമില്ല. ഞങ്ങൾ മുന്നോട്ട് നടന്നു. പത്തടി നടന്നാൽ അതിർത്തിയായി. അവിടെ ഇന്ത്യയുടെ ഭാഗത്ത് ഇന്ത്യൻ പോലീസുകാരും നേപ്പാളിന്റെ ഭാഗത്ത് നേപ്പാളീ പോലീസുകാരും ഡ്യൂട്ടിയിലുണ്ട്. പാസ്പോർട്ടോ വിസയോ ആവശ്യമില്ലാത്ത ഞങ്ങൾ ആരേയും ഗൗനിക്കാതെ അതിർത്തി കടന്നു. അല്പം നടന്നതേ ഉള്ളൂ... ലുംബിനി എന്ന് പറഞ്ഞതും ചെറിയൊരു ബസ്സ് കിട്ടിയതും ഒരുമിച്ചായിരുന്നു.... അവിടെ എല്ലാം കുട്ടിബസ്സുകളാണ്. 20 രൂപ കൊടുത്ത് ഞങ്ങൾ 'ബൈരഹവ'യിൽ ഇറങ്ങി. "ലുംബിനി ഗെയ്റ്റ്' എന്നെഴുതിയ ഒരു കമാനം ഞങ്ങളെ സ്വാഗതം ചെയ്തു.  ഇന്ത്യയോട് ചേർന്നുള്ള ഒരു നേപ്പാളീ നഗരമാണ് ബൈരഹവ. അതിന്റെ പുതുക്കിയ പേർ സിദ്ധാർത്ഥ് നഗർ എന്നാണ്.

ഭൈരഹവയിലെ റോഡിൽ ബസ്സുകൾ നിറുത്തിയിട്ടുണ്ട്. എല്ലാം ചെറിയ ബസ്സുകൾ. നമ്മുടെ നാട്ടിലെ പോലെയുള്ള വലിയ ബസ്സുകളൊന്നും അവിടെ കണ്ടില്ല. .... ടൂറിസ്റ്റു ബസ്സുകളല്ലാതെ. ലുംബിനി....ലുംബിനി.... എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ബസ്സുകാർ യാത്രക്കാരെ വിളിക്കുകയാണ്. ആളൊഴിഞ്ഞ ഒരു ബസ്സിൽ ഞങ്ങൾ കയറി ഇരുന്നു. കണ്ടക്റ്റർക്ക് ഞാൻ 100 രൂപയെടുത്ത് കൊടുത്തു. 60 നേപ്പാളീ രൂപ അയാൾ തിരിച്ചു തന്നു. അപ്പോൾ ഒരാൾക്ക് 50 നേപ്പാളീ രൂപയാണ് ചാർജ്.  ഇവിടെ നിന്ന് 20 കിലോമീറ്ററേ ലുംബിനിയിലേക്കുള്ളു. അപ്പോൾ ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഒന്നുകിൽ ഇവിടെ ബസ് ചാർജ് വളരെ കൂടുതലാണ്. അല്ലെങ്കിൽ ഇവർ കൂടുതൽ പൈസ എടുത്തിട്ടുണ്ട്. ഒരു കിലോമീറ്ററിന് ഒന്നര രൂപയോളമായി നിരക്ക്; അതും സാധാ കുട്ടിബസ്സ്.  ബസ്സ് പുറപ്പെടാൻ സമയമെടുത്തു.  മണി ഉച്ചക്ക് 2 കഴിഞ്ഞിരുന്നു. റോഡിൽ നിറയെ കച്ചവടക്കാരാണ്. ഞങ്ങൾ അര കിലോ ഓറഞ്ച് വാങ്ങി കഴിച്ചു. 20 ഇന്ത്യൻ രൂപ.

ബസ്സിൽ മുഖം മറച്ച പർദ്ദയിട്ട ധാരാളം മുസ്ലിം സ്ത്രീകളെ കണ്ടു. അടുത്തകാലം വരെ ഹിന്ദു രാഷ്‌ട്രമായിരുന്നെങ്കിലും ഇവിടെ മുസ്ലിങ്ങൾക്ക് ഒരു പഞ്ഞവുമില്ലെന്ന് എനിയ്ക്ക് യാത്രയിൽ  ബോദ്ധ്യമായി. അല്ലെങ്കിലും എനിയ്ക്ക് ഈ പ്രദേശത്തെ ഒരു ഉത്തരേന്ത്യൻ ഗ്രാമമായി മാത്രമേ കാണാനായുള്ളു.  ഒരു മണിക്കൂറിലധികം യാത്ര ചെയ്ത് ലുംബിനിയുടെ ചളിയും മണ്ണും നിറഞ്ഞ സ്റ്റോപ്പിൽ ബസ് യാത്ര അവസാനിപ്പിക്കുമ്പോൾ മണി നാലാകുന്നുണ്ടായിരുന്നു. വെറും നാട്ടിൻ പുറം. പുരോഗതിയോ വികസനമോ ഉള്ളതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി.

ഞങ്ങൾ ലുംബിനിയിലെത്തുമ്പോൾ മഴ പെയ്തുകൊണ്ടിരിക്കുകയാണ്‌. ലുംബിനിയിൽ ഇത് മഴക്കാലമാണോ എന്തോ? എനിയ്ക്കങ്ങനെ തോന്നിയില്ല......  വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ എന്നെ കണ്ടതുകൊണ്ടുള്ള ലുംബിനിയുടെ സന്തോഷാശ്രുക്കളാണ്‌ ഈ മഴത്തുള്ളികളെന്ന് എനിയ്ക്ക് തോന്നി........

ബുദ്ധഭഗവാന്റെ പേര് മക്കൾക്കായി പകുത്തു നൽകിയവൻ, അഞ്ചു വർഷമായി ഗൗതമബുദ്ധന്റെ പേരിലുള്ള ജില്ലയിൽ താമസിക്കുന്നവൻ, ബുദ്ധമതക്കാർ ശ്രേഷ്ഠമെന്ന് കരുതുന്ന കൈലാസത്തിനെ വലം വച്ചവൻ, എന്തിനും ഒടുവിൽ ബുദ്ധന്റെ മദ്ധ്യമാർഗ്ഗം അവലംബിക്കുന്നവൻ.... അങ്ങനെയുള്ള ഞാൻ ലുംബിനിയുടെ അയൽവക്കത്ത് താമസിച്ചിട്ടും ഇതു വരെ  ലുംബിനിയിലേക്കൊന്ന് തിരിഞ്ഞു നോക്കിയില്ലാ എന്നു വരികിൽ ലുംബിനിയുടെ ആത്മാവിനെ അത് ശോകാർദ്രമാക്കാതെ വയ്യ. ആ ശോകമായിരിക്കാം ഒരു പക്ഷേ മഴയുടെ രൂപത്തിൽ പ്രകൃതിയിൽ ഇപ്പോൾ കാണുന്ന ഈ അശ്രുധാരകൾ.....

ലുംബിനീ, അങ്ങനെ തോന്നുമ്പോൾ വരാവുന്ന സ്ഥലമായിരുന്നോ ഈ നേപ്പാൾ? നിനക്കറിയാമോ, ശ്രീലങ്കയുടെ കാര്യം? ബുദ്ധമതത്തെ മനസ്സും ശരീരവും കൊണ്ട് ഏറ്റുവാങ്ങിയ രാജ്യമാണ് ശ്രീലങ്ക. പക്ഷേ ബുദ്ധമതത്തിന്റെ നാടിനോട് അവർക്കത്തെ പിടിപ്പില്ലായിരുന്നു. അവരുടെ കടലിന്റെ സമീപത്തെത്തിയാൽ അവർ ഞങ്ങളെ  പിടിച്ച് ജയിലിലിടും. പിന്നത്തെ ജീവിതം പറയണോ? ഈ അടുത്ത കാലത്തല്ലേ കടലിൽ നിന്ന് പിടിച്ച കുറച്ച് തമിഴരെ ശ്രീലങ്കക്കാർ തൂക്കിക്കൊല്ലാൻ തീരുമാനിച്ചത്? പക്ഷേ ഇന്ന് ഞങ്ങൾക്കൊരു പ്രധാനമന്ത്രി ഉണ്ട്. അദ്ദേഹം രാജപക്ഷേയോട് പറഞ്ഞു, "ആശാനേ, അത് എന്റെ പിള്ളേരാണ്, അവരെ അങ്ങ് വിട്ടേര്" എന്ന്. പിന്നെ എന്തുണ്ടായി? രാജപക്ഷേ 'പക്ഷേ' എന്നു പോലും പറയാതെ അവരെ ജയിലിൽ നിന്നങ്ങു വിട്ടു. തമിഴർ ഒടുവിൽ ഇന്ത്യൻ തീരത്തെത്തുമ്പോൾ അവരെ സ്വീകരിക്കാൻ പനീർശെൽവം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

ഇതൊക്കെത്തന്നെയല്ലേ ലുംബിനീ, ഞാൻ നിന്റെ മണ്ണിൽ കാൽ കുത്തുവാൻ വൈകിയതിന്റെ കാരണം? സംഗതി ഹിന്ദു രാഷ്‌ട്രം ഒക്കെത്തന്നെ ആയിരുന്നു. അയൽവാസിയും ആണ്. എങ്കിലും നേപ്പാളിന് ഉള്ളുകൊണ്ട് ഇന്ത്യയോട് അത്ര പോരായിരുന്നു എന്ന് നിനക്കറിയാമല്ലോ? ചൈനയോടൊരു പ്രത്യേക മമതയും. പോരാത്തതിന് മാവോയിസ്റ്റുകളുടെ നാടും. അടുത്ത കാലത്തല്ലേ ഈ മാവോയിസ്റ്റുകൾ അവിടെ 'പ്രചണ്ഡ'മായ ഒരു ഭരണം കാഴ്ച വച്ചത്?  പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ ഒരു ഇന്ത്യക്കാരൻ ബുദ്ധഭഗവാൻ  ജനിച്ച നാട്ടിൽ വന്നാൽ ജയിലിലായിപ്പോയാലോ എന്നൊരു പേടി എനിയ്ക്കുണ്ടായിരുന്നു. പിന്നെ എന്റെ ഭാര്യയുടെ കാര്യമാണ് കഷ്ടം...  പക്ഷേ, ഞാൻ പറഞ്ഞില്ലേ, എനിക്കിപ്പോഴാ പേടി ഇല്ല. ലുംബിനിയിൽ വച്ച് നേപ്പാളീ പോലീസെന്നെ പിടിച്ചാൽ പിന്നെ ഞങ്ങളുടെ മോഡിജി വെറുതേ ഇരിക്കുമോ? അദ്ദേഹം കൊയ്‌രാളയെ ഒരു വിളി വിളിക്കുകയേ വേണ്ടു; ഞാൻ ഫ്രീ... പിന്നെ ഞാൻ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ സാക്ഷാൽ ഇന്ത്യൻ പ്രസിഡന്റല്ലേ എന്നെ ഇവിടെ സ്വീകരിക്കുക? അതൊക്കെയാണ് ലുംബിനീ, ഞാൻ ഇപ്പോൾ ഇങ്ങോട്ടെഴുന്നള്ളിയത്....

ഞാൻ ബാഗിലെ കുടയെടുത്ത് തുറന്നു. പക്ഷേ അതിൽ രണ്ടു പേർക്ക് നിൽക്കാനാകില്ല. മാത്രമല്ല പുറകിൽ കിടക്കുന്ന ബാഗ് നനയുകയും ചെയ്യുന്നു.... ഞാൻ കുട പൂട്ടി... എന്തിന് അതു കൂടി നനക്കണം? ഞങ്ങൾ മഴയത്ത് നടന്നു.... ഇല്ല... മഴ കുറയുന്നുണ്ട്.... കൊള്ളാവുന്നതേയുള്ളു.  ധാരാളം ലാമമാരും കാഷായവസ്ത്രധാരികളും അവിടെ കാണപ്പെട്ടു.  ഞങ്ങൾ മുന്നോട്ട് നടന്നു. അപ്പോൾ ഒരു വശത്തായി "ലുംബിനി: ലോകസമാധാനത്തിന്റെ ഉറവിടം" എന്നെഴുതിയ കമാനം കണ്ടു. അടുത്തു തന്നെ ധാരാളം സൈക്കിൽ റിക്ഷക്കാർ ഒരു സവാരി കിട്ടണേ എന്നു മോഹിച്ച് നിൽപ്പുണ്ട്. പക്ഷേ ഞാനവരെ ഗൗനിച്ചില്ല. നടക്കുന്നതാണ് എനിയ്ക്ക് പഥ്യം. ഞങ്ങൾ നടന്നു. മുന്നോട്ടും വശങ്ങളിലേക്കും വഴികൾ കാണുന്നുണ്ട്. വഴി ശരി തന്നെയോ എന്ന സംശയത്തിൽ ഞാൻ നടന്നു. എത്തപ്പെട്ടത് തൂവെള്ള നിറമണിഞ്ഞ സാക്ഷാൽ മഹാമായാക്ഷേത്രത്തിനുമുന്നിൽ തന്നെയായിരുന്നു.

                                                                                        . . . . . . . . . . . . . . . . . . . . . . . . . . . തുടരും.

അഭിപ്രായങ്ങളൊന്നുമില്ല: