നാട്ടിൻപുറങ്ങളിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നത് സാധാരണമാണ്. നല്ല പാലും ചാണകവും കിട്ടാൻ ഇതാണ് നല്ല മാർഗ്ഗം. ഞാൻ കുട്ടിയായിരുന്ന കാലത്ത് എന്റെ വീട്ടിലും ആടുകളേയും പശുവിനേയും വളർത്തിയിരുന്നു. പശു കുത്തുമോ എന്നുള്ള പേടി കാരണം പൈക്കളെ കൈകാര്യം ചെയ്തിരുന്നത് മുതിർന്നവരായിരുന്നു. എങ്കിലും ആടുകളേയും പശുക്കുട്ടികളേയും നോക്കുന്നതും മേക്കുന്നതുമൊക്കെ കുട്ടികളുടെ ജോലിയായിരുന്നു. അങ്ങനെ ആടുകളോടും ആട്ടിൻകുട്ടികളോടും പശുക്കുട്ടികളോടും അടുത്തിടപെടാനുള്ള അവസരം എനിയ്ക്ക് കുട്ടിക്കാലത്ത് ലഭിച്ചിരുന്നു. ആടിനേയും കൂട്ടി പറമ്പിലും പാടത്തും പോകുക എന്നത് ഞങ്ങൾ കുട്ടികളുടെ അവധിദിനങ്ങളിലെ ഒരു സ്ഥിരം പതിവായിരുന്നു. മരങ്ങളിൽ കയറി, ആടുകൾക്ക് അപ്രാപ്യമായതും അവയ്ക്ക് ഏറെ ഇഷ്ടപ്പെട്ടതുമായ ഇലകൾ പറിച്ചു കൊടുക്കുക എന്നത് എന്റെ ഒരു പ്രിയപ്പെട്ട വിനോദം കൂടിയായിരുന്നു. അത്തരം ഇലകൾ കിട്ടുമ്പോൾ ആടിന്റേയും ആട്ടിൻകുട്ടികളുടേയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്. മാത്രമല്ല ഇലകൾ തിന്നു കഴിയുമ്പോൾ അവ നമ്മുടെ കയ്യിലും മറ്റും നക്കിത്തരുകയും ചെയ്യും; ഒരു പക്ഷേ അവർ ഇഷ്ടപ്പെട്ട സാധനം കിട്ടിയതിന്റെ നന്ദി അറിയിക്കുന്നതായിരിക്കും അത്. ഇങ്ങനെ മരങ്ങളിൽ കയറി ഇലകൾ പറിച്ചതുകൊണ്ടാകണം പത്താം ക്ലാസ് കഴിയുമ്പോഴേക്കും ഞാൻ ശരിക്കും ഒരു ‘മരംകേറി’ ആയി മാറിയിരുന്നു.
ആട്ടിൻകുട്ടികളുടെ കാര്യമാണ് ഏറ്റവും രസം. ജനിച്ച് രണ്ടു ദിവസം കഴിയുമ്പോഴേക്കും അവ തുള്ളിച്ചാടാൻ തുടങ്ങും. ആട്ടിൻകുട്ടികളുടെ ഈ തുള്ളിക്കളി കാണാൻ നല്ല രസമാണ്. തുള്ളിക്കളിക്കുന്നതിനിടയിൽ അവ ഓടിച്ചെന്ന് ആടമ്മയുടെ അമ്മിഞ്ഞ മുട്ടിമുട്ടിക്കുടിക്കും. വാലാട്ടിക്കൊണ്ട് അങ്ങനെ പാൽ കുടിക്കുമ്പോൾ ആട് അവയെ നക്കിക്കൊണ്ടേ ഇരിക്കും. ആട്ടിൻകുട്ടികളുടെ കളി കണ്ടിരിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും. ആട്ടിൻകുട്ടികളെ എടുക്കുന്നതും മിനുസമുള്ള ദേഹം തടവിക്കൊടുക്കുന്നതും മറ്റും അവയ്ക്ക് മാത്രമല്ല നമുക്കും ഇഷ്ടമാവും; ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കൂട്ടുകാരാണ് ആട്ടിൻകുട്ടികൾ എന്നാണ് എന്റെ പക്ഷം. അവ ഒരു തരത്തിലും നമ്മെ ഉപദ്രവിക്കുകയില്ല. എനിയ്ക്ക് ഇപ്പോഴും ആട്ടിൻകുട്ടികളെ കാണുമ്പോൾ ഒന്നെടുക്കണമെന്നു തോന്നാറുണ്ട്.
ആടിനെപ്പറ്റി പറയുമ്പോൾ ആട്ടിൻകാട്ടത്തെക്കുറിച്ചു പറയാതെ വയ്യ. ഗുളിക ഗുളികയായി ആട് കാട്ടമിടുമ്പോൾ എനിയ്ക്ക് ഒരു അറപ്പും തോന്നാറില്ലായിരുന്നു. (ആട്ടിൻകാട്ടം എവിടെ കിടക്കുന്നു; നായക്കാട്ടവും മനുഷ്യമലവും എവിടെ കിടക്കുന്നു?) ആട് ഗുളികരൂപത്തിലാണെങ്കിൽ ആട്ടിൻകുട്ടികൾ കുന്നിക്കുരുവിന്റെ രൂപത്തിലാണ് കാട്ടമിടുക. ആരാണീശ്വരാ, ആടിന്റെ വയറ്റിലിരുന്ന് ഇതിങ്ങനെ ഉരുട്ടി ഉരുട്ടി ഗുളികയാക്കുന്നത് എന്ന് ചെറുപ്പക്കാലത്ത് ഞാൻ കുറച്ചൊന്നുമല്ല ചിന്തിച്ചിട്ടുത്. ചിന്തകൾ ഇമ്മാതിരി ഒക്കെ ആയതുകൊണ്ടായിരിക്കണം വലുതായപ്പോൾ ഞാനിങ്ങനെയൊക്കെ ആയത്. നല്ലത് ചിന്തിച്ചാലല്ലേ മനുഷ്യൻ നന്നാവൂ? പക്ഷേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ?
ആട്ടിൻകുട്ടികളെപ്പോലെത്തന്നെയാണ് പശുക്കുട്ടികളും. സൗമ്യവും നിഷ്ക്കളങ്കവുമാണ് പശുക്കുട്ടികളുടെ പെരുമാറ്റം. എനിയ്ക്ക് പശുക്കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ദോശ, പഴം മുതലായ ഭക്ഷണപദാർത്ഥങ്ങളുടെ ഒരു പങ്ക് ഞാൻ ആരും കാണാതെ പശുക്കുട്ടിക്ക് കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും പഴത്തൊലി കൊടുക്കുമ്പോൾ ഞാൻ തൊലി കളഞ്ഞ പഴമാണ് അവയ്ക്കു കൊടുക്കുക. എപ്പോഴും കിട്ടാത്ത ഭക്ഷണമല്ലേ; അതുകൊണ്ടാകും ദോശയും മറ്റും കിട്ടിയാൽ ആർത്തിയോടെ അവ അത് തിന്നും. അതൊക്കെ കൊടുക്കുന്നതിനാലാവണം പശുക്കുട്ടികൾക്ക് എന്നോട് വളരെ ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക ശബ്ദം ഈ മൃഗങ്ങൾ പുറപ്പെടുവിക്കും. പശുക്കുട്ടികളുടെ കാര്യമോർക്കുമ്പോൾ ദു:ഖകരമായ ഒരോർമ്മ എന്റെ മനസ്സിലുണ്ട്. വീട്ടിലെ പശു ഒരിക്കൽ പെറ്റത് ഒരു ആൺപശുക്കുട്ടിയെ ആയിരുന്നു. ഞങ്ങൾ അതിന് 'മൂരിക്കുട്ടി' എന്നാണ് പറയുക. അവ വളർന്നാണ് കാളകൾ ഉണ്ടാകുന്നത്. വീടുകളിൽ കാളകളെ വളർത്താറില്ല. കുറച്ച് വലുതാകുമ്പോൾ അവയെ വിറ്റുകളയുകയാണ് വീടുകളിൽ പതിവ്. പാലിന് വേണ്ടത് പശുവല്ലേ? അല്ലാതെ കാളകളല്ലല്ലോ. അതിനെ ഞാൻ 5-6 മാസം ലാളിച്ചു വളർത്തി.
ഞാൻ എൽ. പി. സ്കൂളിൽ പഠിക്കുന്ന കാലമാണ്. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ട് എന്റെ മൂരിക്കുട്ടി വഴിയിലെ ഒരു മുസ്ലിമിന്റെ വീട്ടുമുറ്റത്ത് നില്ക്കുന്നു. അത് എന്നെക്കണ്ടിട്ടാണ് കരഞ്ഞത്. ആ കരച്ചിൽ എനിയ്ക്ക് മനസ്സിലാകുകയും തിരിഞ്ഞു നോക്കുകയും ചെയ്തപ്പോഴാണ് ഞാനതിനെ കാണുന്നത്. അയാളുടെ വീട്ടിൽ എന്തോ വിശേഷമുണ്ടെന്നും (കുറിക്കല്യാണമോ മറ്റോ) അതിന് ഇറച്ചിക്കറി വയ്ക്കാൻ എന്റെ വീട്ടിലെ മൂരിക്കുട്ടിയെ അയാൾ വാങ്ങിയിരിക്കയാണെന്നും എനിയ്ക്കുടനെ മനസ്സിലായി. എനിയ്ക്ക് വന്ന സങ്കടത്തിന് അതിരില്ലായിരുന്നു. പക്ഷേ അയാളുടെ മുറ്റത്തേക്ക് കയറാനുള്ള ധൈര്യമൊന്നും എനിക്കില്ലാത്തതിനാൽ അതിനെ ഒന്നു തടവാൻ പോലും എനിയ്ക്ക് പറ്റിയില്ല. വലിച്ചിട്ട് കിട്ടാത്ത കാലുമായി ഞാൻ മുന്നോട്ട് നടന്നു. എനിയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാൻ കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ആ മൂരിക്കുട്ടി കരഞ്ഞുകൊണ്ടേ ഇരുന്നു. പാവം. അതിനെ രക്ഷിക്കാൻ കുട്ടിയായ എനിയ്ക്ക് കഴിയില്ല എന്നായിരുന്നു എന്റെ വിചാരം.
ഈ സംഭവത്തിനു ശേഷമാണ് ഞാൻ ആദ്യമായി സിദ്ധാർത്ഥനെ കുറിച്ച് അറിയുന്നതും പഠിക്കുന്നതും. L. P. സ്കൂളിലെ മലയാളം പാഠപുസ്തകത്തിലെ ഒരു പാഠത്തിലായിരുന്നു സിദ്ധാർത്ഥനെ കുറിച്ചുള്ള ഒരു കഥ ഉണ്ടായിരുന്നത്. കഥ ഇങ്ങനെയാണ്. സിദ്ധാർത്ഥൻ രാജകുമാരനാണ്. കപിലവസ്തുവിലെ ശാക്യമഹാരാജാവായ ശുദ്ധോദനന്റെ മകൻ. സിദ്ധാർത്ഥന്റെ കസിനാണ് ദേവദത്തൻ. രണ്ടു പേരും ഒരുമിച്ചാണ് വളരുന്നതും പഠിക്കുന്നതും. സിദ്ധാർത്ഥൻ ഒരു സാധുക്കുട്ടിയായിരുന്നെങ്കിൽ ദേവദത്തൻ മഹാക്രൂരനായിരുന്നു. ഒരു ദിവസം ദേവദത്തൻ ഒരു അരയന്നത്തെ അമ്പെയ്ത് വീഴ്ത്തി. ഇതു കണ്ട സിദ്ധാർത്ഥൻ ഉടനെ ഓടിച്ചെന്ന് അരയന്നത്തെ എടുക്കുകയും അമ്പ് വലിച്ചൂരി അതിനെ ശുശ്രൂഷിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ദേവദത്തൻ അവിടെ എത്തുകയും അരയന്നം തന്റേതാണെന്ന് അവകാശമുന്നയിക്കുകയും ചെയ്തു. എന്നാൽ ദയാലുവായ സിദ്ധാർത്ഥൻ അരയന്നത്തെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വിട്ടുകൊടുത്താൽ ക്രൂരനായ ദേവദത്തൻ അതിനെ കൊല്ലുമെന്ന് സിദ്ധാർത്ഥന് അറിയാമായിരുന്നു. ഒടുവിൽ രണ്ടുപേരും അരയന്നത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തർക്കമായി. തർക്കം ഒടുവിൽ രാജാവിന്റെ മുന്നിലെത്തി. മനുഷ്യന് ജീവജാലങ്ങളെ കൊല്ലാൻ അധികാരമില്ലെന്നും അരയന്നത്തിന്റെ ജീവൻ നിലനിർത്താൻ ശ്രമിച്ച സിദ്ധാർത്ഥനാണ് അരയന്നത്തിന്റെ അവകാശി എന്നുമായിരുന്നു രാജഗുരുവിന്റെ അന്തിമവിധി. അങ്ങനെ സിദ്ധാർത്ഥൻ ഒരു ജീവിയെ രക്ഷിച്ചു. ഈ കഥ വായിച്ചു പഠിച്ചപ്പോഴേ ഞാൻ സിദ്ധാർത്ഥനെ മനസ്സിൽ മാർക്ക് ചെയ്തിരുന്നു. കുട്ടികൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്ന് ആ കഥ എന്നെ പഠിപ്പിച്ചു. ഒരു മൂരിക്കുട്ടിയെ രക്ഷിക്കാൻ കഴിയാത്ത എന്നെക്കുറിച്ച് എനിയ്ക്ക് അപ്പോൾ ലജ്ജ തോന്നാതിരുന്നില്ല. എന്തായാലും സിദ്ധാർത്ഥൻ എന്ന പേർ എന്റെ മനസ്സിൽ പതിയാൻ ഈ കഥ ഇടയാക്കി. "സിദ്ധാർത്ഥാ, നീയാടാ ആൺകുട്ടി" എന്ന് അപ്പോൾ എന്റെ മനസ്സ് എന്നോടു തന്നെ പറഞ്ഞു. കുട്ടികൾ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്ന് അങ്ങനെ കുട്ടിക്കാലത്ത് തന്നെ എനിയ്ക്ക് മനസ്സിലായെങ്കിലും വലുതായിട്ടുപോലും എന്തെങ്കിലുമൊക്കെ കാര്യം നടത്താൻ എനിയ്ക്ക് ആകാതെ പോയി എന്നു പറഞ്ഞാൽ എന്റെ കഴിവുകേടിനെ പറ്റി മറ്റെന്ത് പറയണം?
.................... തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ