2014, ഡിസംബർ 10, ബുധനാഴ്‌ച

തെളുവ്

ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകൾ 'ചെരിപ്പ്' ആണ് ധരിച്ചിരുന്നത്. വളരെ അധികം അകലെ അല്ലാത്ത കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ഹവായ് ചെരിപ്പ് ധരിച്ച് വഴുക്കി വീണ് 'പരിക്ക്' പറ്റിയ ആളുകളെ ഞാൻ അന്നൊക്കെ കണ്ടിട്ടുണ്ട്. എനിയ്ക്കും ഒരിക്കൽ ഇതുപോലെ തടഞ്ഞു വീണ് 'പരിക്ക്' പറ്റിയിരുന്നു. ഇന്ദിരാഗാന്ധിയെ വെടി വച്ചു കൊന്ന ദിവസമായിരുന്നു അത്. വൈകുന്നേരം ഞാൻ സെക്രട്ടേറിയറ്റിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം രാഷ്‌ട്രീയക്കാരോ മറ്റോ അവിടെ ബഹളമുണ്ടാക്കുകയും പോലീസ് അവിടെ നിന്ന എല്ലാവരേയും ലാത്തി വീശി അടിച്ചോടിക്കുകയും ചെയ്തു. ഞാൻ ഓടാൻ തുടങ്ങിയപ്പോൾ ഓടിക്കൊണ്ടിരുന്ന ഒരാൾ എന്റെ ഹവായ് ചെരിപ്പിൽ 'ചവിട്ടു'കയും ഞാൻ തടഞ്ഞ് റോഡിൽ വീഴുകയും ചെയ്തു. വീണുകിടക്കുന്ന എന്നെ ചവിട്ടിയാണ് പിന്നെ ആളുകൾ മുന്നോട്ടോടിയത്. എല്ലാവരും പോയപ്പോഴേക്കും ഞാനാകെ സമ്മന്തിയായിരുന്നു. കയ്യിലും കാലിലും ഒക്കെ തൊലിയും പോയിരുന്നു. ഒടുവിൽ പോലീസുകാരാണ് എന്നെ ആസ്പത്രിയിൽ കൊണ്ടുപോയത്. ഇൻജെക്ഷനും മുറിവിലെ മരുന്ന് വയ്ക്കലും എല്ലാം കഴിഞ്ഞ് ഞാൻ എങ്ങനെയോ എന്റെ ലോഡ്ജിൽ തിരിച്ചെത്തി.

അതൊക്കെ പഴയ കഥ. ഇപ്പോൾ 'ചെരിപ്പ്' ഒന്നും ഇല്ല. ഉള്ളത് 'ചെരുപ്പ്' ആണ്. ഇപ്പോൾ ആൾക്കാർക്ക് 'പരിക്ക്' പറ്റാറില്ല. പറ്റുന്നത് 'പരുക്ക്' ആണ്. ഇന്നാണെങ്കിൽ ഞാൻ വീഴുന്നത് 'ചെരുപ്പി'ൽ 'ചവുട്ടു'ന്നതു കൊണ്ടായിരിക്കും. ഇതൊക്കെ ഇപ്പോൾ തന്നെ പറയാമെന്ന് തോന്നിയത് ഇന്നത്തെ 'റിപ്പോർട്ടർ' ന്യൂസ് കണ്ടപ്പോഴാണ്.

നിയമസഭാ കമ്മിറ്റി അന്വേഷിക്കാമെങ്കിൽ താൻ "തെളുവ്" തരാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതുവരെ പോലീസ് 'തെളിവ്' ആണ് ശേഖരിച്ചു കൊണ്ടിരുന്നത്. ഇനി പത്രക്കാർക്ക് അത് "തെളുവ്" ആകാൻ വലിയ താമസമൊന്നുമുണ്ടാകില്ല. ഗണേഷ് കുമാറിന് പ്രേതം കയറിയതിനാൽ "വെളുവ്" ഇല്ലാതെ പറയുകയായിരിക്കും എന്ന് ആരെങ്കിലും പറയുമായിരിക്കും എന്നാണ് എന്റെ ഇപ്പോഴത്തെ ഒരു 'വെളിവ്'. ശബരിമലക്കാലമല്ലേ, 'പെരിയ' സ്വാമിയെ ഇനി ഇവർ 'പെരുയ' സ്വാമി ആക്കിയെന്നും ഇരിക്കും. 'പിട്ട്' എന്ന ഭക്ഷണത്തെ 'പുട്ട്' ആക്കിയവരാണല്ലോ നമ്മളുടെ പുതിയ തലമുറ. ഒന്നുമില്ലെങ്കിലും 'പെരിച്ചാഴി' പോയി 'പെരുച്ചാഴി' വന്ന കാലമല്ലേ? നല്ല 'എരിവും പുളിയും' ഉള്ള വാർത്തകൾ 'എരുവും പുളുവും' ഉള്ള വാർത്തയാക്കി അവതരിപ്പിക്കുമ്പോഴാണല്ലോ അവ സെൻസേഷനൽ ആകുന്നത്. അവർ വാർത്തയിൽ 'പുളു' പറയുകയാണെന്ന് ഞാൻ പറഞ്ഞില്ല, കെട്ടോ! അല്ലാ, ഞാൻ ചെരുപ്പ്, പരുക്ക്, പുട്ട്, വെളുവ്, തെളുവ് എന്നൊക്കെ ഇവിടെ പറഞ്ഞെന്നു വച്ച് എന്റെ 'പരുപ്പ്' ഇവിടെ വേവുമോ? ഇല്ല!

അതു പറഞ്ഞപ്പോഴാണ് അടുപ്പത്ത് എന്റെ 'പരിപ്പ്' വേവുകയാണല്ലോ എന്നോർത്തത്. അതിനിടയ്ക്കാണല്ലോ കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഈ പണി. അപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.

4 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ബാക്കിയൊക്കെ ഓക്കേ. പക്ഷേ, പുട്ട് ശരിക്കും പിട്ട് ആണോ? ആണെങ്കിൽ തെളുവ് കാണിക്ക്?

ആൾരൂപൻ പറഞ്ഞു...

മലയാളം ഡിക്ഷനറി നോക്കുക എന്നതാണ് ഒരേ ഒരു മാർഗ്ഗം.
നമ്മൾ കേരളത്തിലല്ലാത്തതുകൊണ്ട് ഡിക്ഷനറി കിട്ടാൻ പ്രയാസമായതു കൊണ്ട് നമുക്ക് ഓൺലൈൻ ഡിക്ഷനറി നോക്കാം.
http://www.shabdkosh.com/ml/ തെറ്റില്ലാത്ത ഒരു ഡിക്ഷനറി ആണ് എന്നാണ് എന്റെ പക്ഷം.. നോക്കുമല്ലോ.

Bipin പറഞ്ഞു...

കുറെ ആൾക്കാർ ഇപ്പഴും (ഇപ്പോഴും) എപ്പഴും ചെരിപ്പ് ധരിച്ച് പരിക്ക് പറ്റാറുണ്ട്. പക്ഷേ ഞങ്ങടെ പുട്ട് അന്നും ഇന്നും പുട്ട് തന്നെ. കിട്ടിയ കാശ് പുട്ടടിച്ചു തീർക്കുകയാണ് അല്ലാതെ പിട്ടടി അല്ല.

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

തെളുവ് കണ്ടു. ബോധ്യമായി. എന്നാലും ഈ പിട്ട് അങ്ങോട്ട്‌ ദഹിക്കുന്നില്ല!