2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 7

ജൂൺ 27

ഇന്നാണ് വിദൂരദേശങ്ങളിൽ നിന്നുള്ളവർ ഗുജറാത്ത് സമാജ് സദനിൽ എത്തേണ്ടത്.

ഞാൻ ഓഫീസിൽ നിന്ന് അല്പം നേരത്തേ ഇറങ്ങി. നേരേ നോയ്ഡ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്... അവിടെ നിന്ന് സിവിൽ ലൈൻസ് സ്റ്റേഷനിലേക്കും.

ഞാൻ ഗുജറാത്ത് സദന്റെ ഡോർമിറ്ററിയിലെത്തുമ്പോൾ അവിടെ യാത്രികരുടെ തിരക്ക്. എല്ലാവരും 3 ദിവസം താമസിക്കാൻ പറ്റിയ ഇടം തേടുകയാണ്. ചെറുപ്പക്കാരും വയസ്സന്മാരും സ്ത്രീകളും ഒക്കെയുണ്ട്. ഞാൻ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മലയാളികൾ രണ്ടു പേരും എത്തിയിട്ടുണ്ട്. ഞാനവരെ കണ്ടു. സംസാരിച്ചു. നാളെ ഹാർട്ട് ആന്റ് ലങ്ങ്സ് ആസ്പത്രിയിൽ (DLHI) കാണാമെന്ന് പറഞ്ഞ് മടങ്ങി.

അടുത്ത ദിവസം രാവിലെ ഞാൻ ഒഴിഞ്ഞ വയറുമായി DLHI-ൽ എത്തി അവിടത്തെ വിശാലമായ സ്വീകരണമുറിയിൽ ഇരിപ്പുറപ്പിച്ചു. ഒഴിഞ്ഞ വയറുമായി വേണം പരിശോധനക്കെത്താ ൻ എന്നാണ് നിർദ്ദേശം. സെക്യൂരിറ്റിക്കാർ മാത്രമേ അവിടെയുള്ളു. അവർ എനിക്ക് ഒരു മഞ്ഞ കടലാസ് തന്നു. മെഡിക്കൽ ടെസ്റ്റ് സംബന്ധമായ നിർദ്ദേശങ്ങളാണ്. ഞാൻ അത് വായിച്ചു കൊണ്ടിരുന്നു. അപ്പോഴുണ്ട് അരക്കയ്യൻ ഷർട്ടും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഒരാൾ നടന്നു വരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ മലയാളിയാണെന്ന് എനിയ്ക്ക് മനസ്സിലായി. ഞാനയാളെ വിളിച്ച് അടുത്തിരുത്തി. പരിചയപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ഒരു റിട്ടയേഡ് പോലീസ് ഓഫീസറാണ് അയാൾ. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കവേ ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളെത്തി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കെ എം വി എൻ-ന്റെ ഒരു ലക്ഷ്വറി ബസ് ആസ്പത്രിയുടെ മുന്നിൽ വന്നു നിന്നു. അതിൽ നിന്നിറങ്ങിയതെല്ലാം മെഡിക്കൽ ടെസ്റ്റിനായുള്ള കൈലാസയാത്രികരായിരുന്നു. കൈലാസയാത്രാമോഹികളായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി; കാരണം ഇതിൽ എത്ര പേർ കൈലാസയാത്രയ്ക്ക് അർഹത നേടും എന്നത് ഈ ടെസ്റ്റിനു ശേഷമേ പറയാനൊക്കൂ. ഗുജറാത്ത് സദനിൽ നിന്നായിരുന്നു ആ ബസ് പുറപ്പെട്ടത്.

നിമിഷങ്ങൾ കൊണ്ട് ആസ്പത്രിയുടെ സ്വീകരണമുറി ആളുകളാൽ നിറഞ്ഞു. വിദേശമന്ത്രാലയത്തിലേയും കെഎംവിഎൻ-ലേയും ഉദ്യോഗസ്ഥരെ കൂടാതെ ആശുപത്രിയിലെ സ്വീകരണ വിഭാഗത്തിലെ ജീവനക്കാരും അവിടെ സന്നിഹിതരായി. ആസ്പത്രിയിലെ ഉദ്യോഗസ്ഥർ മിക്കതും ചെറുപ്പക്കാരികളാണ്. ഒതുങ്ങിയ ശരീരവും വടിവൊത്ത രൂപവുമുള്ള അവർ ആശുപത്രിയുടെ യൂനിഫോമിൽ സുന്ദരികളായി എന്റെ കണ്ണുകൾക്ക് തോന്നി. അവരെ കാണുന്നതു വരെ അതൊരു ഗവണ്മെന്റ് ആശുപത്രിയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അതൊരു സ്വകാര്യ ആശുപത്രിയാണെന്ന് എനിയ്ക്ക് മനസ്സിലായി. സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇങ്ങനെ നല്ലൊരു ടീമിനെ കാണാൻ പറ്റൂ. ഗവണ്മെന്റ് ആഫീസുകളിലെല്ലാം നിയമനത്തിന് നിയമങ്ങളുണ്ടല്ലോ, അവിടെ സൗന്ദര്യവും ശരീര വടിവും നോക്കി ഉദ്യോഗസ്ഥരെ നിയമിക്കാനാവില്ലല്ലോ. എന്തായാലും ഈ ചെറുപ്പക്കാരികളാണ് വളരെ ചുറുചുറുക്കോടെ ഞങ്ങളെ വിവിധങ്ങളായ ടെസ്റ്റുകൾക്ക് പല ലാബുകളിലേക്കും ആനയിച്ചത്.

സ്വീകരണമുറി ആളുകളുടെ സംസാരത്താൽ ശബ്ദമുഖരിതമായിരുന്നു. യാത്രക്കാർ പരസ്പരം പരിചയപ്പെടുന്ന തിരക്കിലും മറ്റും ആയിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരി തന്റെ കയ്യിലുള്ള മൈക്രോഫോണിലൂടേ എല്ലാവരും നിശ്ശബ്ദരായിരിക്കാൻ നിർദ്ദേശം നൽകി. പിന്നീട് ചെയ്ത് തീർക്കേണ്ട നടപടിക്രമങ്ങളുടേയും നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിന്റേയും വിശദാംശങ്ങൾ മൈക്കിലൂടെ അറിയിച്ചു. പിന്നീട് ഓരോരുത്തരേയായി പേരുകൾ വിളിച്ചു. പാസ്പോർട്ടും വിസാ ഫീയും മന്ത്രാലയാധികൃതർക്ക് നൽകി മെഡിക്കൽ ഫോമും വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് ഓരോരുത്തരായി മെഡിക്കൽ ചെക്കപ്പിന് ആശുപത്രിയുടെ ഉള്ളിലേക്ക് പോയി. 400 രൂപയാണ് വിസാ ഫീ.

60 ആളുകളുടെ പേരുകൾ വിളിച്ചു എന്നു തോന്നുന്നു. അതു കഴിയുമ്പോൾ സെലക്ഷൻ കിട്ടിയ ചിലർ തങ്ങളുടെ പേർ വിളിച്ചില്ല എന്ന് പരാതി പറയുന്നുണ്ടായിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റുകളാണ്. അർഹതയുള്ള പേരുകൾ ലിസ്റ്റിലില്ലയിരുന്നു. അതെല്ലാം പിന്നീടവർ ശരിയാക്കി, വന്നവരെയെല്ലാം മെഡിക്കൽ ടെസ്റ്റിനയച്ചു.

അധികം വൈകാതെ എന്റെ ഊഴം വന്നെത്തി. എവിടെ പോയാലും കുറച്ചധികം നേരം കാത്തിരിക്കേണ്ടി വന്നു. പത്തറുപത് പേരല്ലേ ഒരുമിച്ച് ഈ ടെസ്റ്റുകളെല്ലാം ചെയ്യാൻ വന്നിരിക്കുന്നത്? ഞാൻ ആദ്യം ചെയ്തത് പരിശോധിക്കാനുള്ള രക്തവും മൂത്രവും നൽകുകയാണ്. ഇനി എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. വയറാണെങ്കിൽ വിശക്കുന്നുമുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ യാതൊരു സൂചനയും എവിടെ നിന്നും കിട്ടിയില്ല. അടുത്തത് നെഞ്ചിന്റെ എക്സ്-റേ ആയിരുന്നു. . എങ്ങോട്ട് പോകുമ്പോഴും ഒരു ചെറുപ്പക്കാരി കൂടെ കാണും.

പിന്നീട് ഒ പി ഡി-യിൽ ജനറൽ ചെക്കപ്പിനായി പോയി. അവിടെ ശരീരഭാരം, ബ്ലഡ് പ്രഷർ എന്നിവ നോക്കി. ബ്ലഡ് പ്രഷർ നോക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, കൈലാസനാഥൻ എന്നെ തുണച്ചു എന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. നഴ്സ് എന്റെ മുന്നിലെ യാത്രക്കാരന്റെ ബി.പി. നോക്കുന്നത് ഞാൻ കണ്ടപ്പോൾ എനിയ്ക്ക് ആശ്വാസവും ചിരിയും ആണ് വന്നത്. നെഞ്ചിടിപ്പ് താനേ താണും കാണും. അവർ ബി.പി. നോക്കാൻ ഉപയോഗിച്ചത് ഞാൻ മൂലക്കിട്ട അതേ തരം ബി.പി. മോണിറ്ററായിരുന്നു.

എന്റെ ബി.പി. നോക്കുമ്പോൾ ഞാൻ നഴ്സിനോട് ചോദിച്ചു; ഇതിൽ കാണുന്ന പ്രഷർ ശരിയാണോ എന്ന്. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. എന്റെ പ്രഷർ നോർമലിൽ നിന്നല്പം കുറവായിട്ടാണ് മോണിറ്റർ കാണിച്ചത്. കൂടുതലെന്തു വേണം? ആ ആസ്പത്രിയിലാകട്ടെ പിന്നീട് അടുത്ത ദിവസം പോയ ആസ്പത്രിയിലാകട്ടെ, മറ്റേതെങ്കിലും സ്ഥലത്ത് ഞാൻ ആ മോണിറ്റർ വേറെ കണ്ടില്ല എന്നു കൂടി ഇവിടെ എഴുതട്ടെ. ഹര ഹര മഹാദേവാ!!

അടുത്തത് ഇ.സി.ജി. ആയിരുന്നു. ഇ.സി.ജിക്ക് മുമ്പ് പുരുഷന്മാരുടെ നെഞ്ചിലെ രോമങ്ങൾ ഷേവ് ചെയ്ത് കളയുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതു പ്രകാരം ഒരാളെന്റെ നെഞ്ച് ഷേവ് ചെയ്തു. പക്ഷേ ഷേവിന്റെ മുമ്പും പിമ്പും എന്റെ നെഞ്ചിൽ എനിയ്ക്ക് വ്യത്യാസമൊന്നും തോന്നിയില്ല. (ആകെ നാലു രോമങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളൂ.) ഇ. സി. ജിക്ക് ശേഷം ഡോക്റ്റർ വിശദമായി നെഞ്ചും പുറവും സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. പതിവ് ചോദ്യങ്ങളും.

അടുത്തത് ടി എം ടി ആയിരുന്നു. മണിക്കൂറുകളെടുത്തു അതു കഴിഞ്ഞു പുറത്ത് വരാൻ. കാരണം അവിടത്തെ ക്യൂ അത്ര നീണ്ടതായിരുന്നു എന്നതു തന്നെ. ടി എം ടി കഴിയുമ്പോൾ അവിടെ വച്ച് ആസ്പത്രി വക പ്രാതൽ കിട്ടി. വയർ നിറഞ്ഞില്ലെങ്കിലും വിശപ്പ് ശമിപ്പിക്കാൻ അത് തികയുമായിരുന്നു. അപ്പോൾ സമയം 12 മണിയോളമായിരുന്നു.

അടുത്തത് പി.എഫ്.ടി ആയിരുന്നു. ഒരു കുഴലിലൂതുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ശക്തി, അല്ലെങ്കിൽ ഊതുമ്പോൾ പുറത്തു വരുന്ന കാറ്റിന്റെ ശക്തി, ഒരു ഉപകരണം രേഖപ്പെടുത്തും. എനിക്കത് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. വെരി ഗുഡ്, വെരി ഗുഡ് എന്ന് ടെക്നീഷ്യൻ(?) ഞാൻ ഊതുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു. അയാളെന്നെ ശക്തിയിൽ ഊതാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഈ സമയം കൊണ്ട് ചിലരുടെ പരിശോധനകളൊക്കെ തീർന്നിരുന്നു. ഒന്നു പോലും തുടങ്ങാത്തവരും ഉണ്ടായിരുന്നു. ചിലരുടെ പരിശോധനകൾ അഞ്ചു മണി വരെ ഉണ്ടായിരുന്നു. പലരും അന്ന് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് അവരുടെ മുഖത്ത് കാണാനും ഉണ്ടായിരുന്നു. വീട്ടിൽ പോയവരെ രാത്രി വിളിച്ചു വരുത്തി വീണ്ടും പരിശോധിച്ച സംഭവവും അന്നുണ്ടായി.

ഉച്ചക്ക് ഒന്നര മണിയോടെ ആസ്പത്രിയിൽ നിന്ന് പാക്ക്ഡ് ലഞ്ച് കിട്ടി. അത് ഭക്തസേവാസമിതി ഏർപ്പാടാക്കിയതായിരുന്നു.

രണ്ടു മണിയോടെ ഞാൻ വീണ്ടും രക്തം കൊടുത്തു; ഭക്ഷണ ശേഷമുള്ള ഷുഗർ പരിശോധിക്കാൻ. അതോടു കൂടി എന്റെ പരിശോധനകൾ അവസാനിച്ചു.

പരിശോധനകൾ കഴിയുമ്പോൾ ഒരു അഭിമുഖമുണ്ട്. ആസ്പത്രിയുടെ ഒരു ഡയറക്റ്ററുമായി. അതൊരു സ്ത്രീ ആണ്. ആണിനെപ്പോലൊരു പെണ്ണ്. അവർക്കറിയേണ്ടത് ആസ്പത്രിയിൽ എനിയ്ക്കുണ്ടായ അനുഭവവും എന്റെ പ്രതികരണവുമായിരുന്നു. ഞാൻ ആസ്പത്രി ജീവനക്കാർ വളരെ നല്ലവരും രോഗികളെ സഹായിക്കുന്നവരുമാണെന്ന് അവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഞങ്ങളേയും കൊണ്ട് ആസ്പത്രിയിൽ അങ്ങോളമിങ്ങോളം നടന്ന സുന്ദരികളായ ചെറുപ്പക്കാരികളെ മനസ്സിലോർത്തുകൊണ്ടായിരുന്നൂ ഞാൻ ആ സർട്ടിഫിക്കറ്റ് നൽകിയത്. വളരെ കുറഞ്ഞ നിരക്കിൽ ഈ പരിശോധനകൾ ചെയ്യുന്നത് അവർക്ക് സാമ്പത്തികമായി നല്ലതല്ലെങ്കിലും ഒരു സേവനമെന്ന നിലയിൽ യാത്രികരെ സഹായിക്കാൻ സാധിക്കുന്നതിൽ അവർക്ക് സംതൃപ്തിയുണ്ടെന്നു അവരെന്നോട് പറഞ്ഞു. കേരളത്തെ കുറിച്ചും യു.പി-യിലെ രാഷ്ട്രീയത്തെ കുറിച്ചും മറ്റും സംസരിച്ച ശേഷമാണ് ഞാൻ അവിടെ നിന്ന് പോന്നത്.

രണ്ടു മണിക്ക് ഞങ്ങളെ ഒരു ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു. യാത്രയെക്കുറിച്ചും യാത്രയിൽ വരാവുന്ന അസുഖങ്ങളെക്കുറിച്ചും ക്ലാസാണത്രെ. ഇതിൽ ചിലരൊന്നും പങ്കെടുത്തില്ല. അവർ ടിഎംടി, പിഎഫ്ടി എന്നിങ്ങനെയുള്ള ടെസ്റ്റുകളുടെ തിരക്കിലായിരുന്നു.

ആമുഖമായി സംസാരിച്ചത് ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്ന ലേഡീ ഡയറക്റ്ററായിരുന്നു. അവർക്ക് പ്രസംഗിക്കാനറിയില്ലെന്ന് അറിയിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. പിന്നീട് യാത്രയെക്കുറിച്ചും ഹിമാലയത്തിന്റെ ഉന്നതിയിൽ വരാവുന്ന അസുഖങ്ങളെ കുറിച്ചും വിശദമായ പവർ പോയന്റ് പ്രസന്റേഷനുണ്ടായി. ഒരു ഡോക്റ്ററുടെ വകയായിരുന്നു അത്. അത് കണ്ട് കഴിഞ്ഞാൽ ആരും യാത്ര പോകില്ല. അത്രക്കാണ് അസുഖങ്ങളുടെ ഗുരുതരാവസ്ഥ. എന്തെല്ലാം തരം അസുഖങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്നോ?

സമുദ്രനിരപ്പിൽ നിന്നും 2500മീറ്റർ ഉയരത്തിനപ്പുറം ഓക്സിജൻ കുറവായിരിക്കുമെന്നും അതുണ്ടാക്കുന്ന അസുഖങ്ങൾ ചില്ലറയല്ലെന്നും പറഞ്ഞ് അവർ ആളുകളെ പേടിപ്പിക്കും. തലവേദന, രുചിക്കുറവ്, ഓക്കാനം, ഛർദ്ദി, തളർച്ച, ക്ഷീണം, തലകറക്കം, കാഴ്ചക്കുറവ്, ഉറക്കക്കുറവ് എന്നീ നിസ്സാര അസുഖങ്ങളിൽ തുടങ്ങി ജീവന് അപകടകരമായ തലച്ചോറിലെ കോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ബോധക്ഷയം, കോമ, പക്ഷാഘാതം, മാനസിക വിഭ്രാന്തി, മരണം, അതു കൂടാതെ ശ്വാസകോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, കഫത്തിൽ രക്തം, ഇനിയും പോരാഞ്ഞ് കണ്ണിലെ റെറ്റിനക്ക് ക്ഷതം, കാഴ്ചനഷ്ടം, മുഖത്തും ശരീരമാസകലവും നീർവീക്കം തുടർന്നുള്ള അസ്വസ്ഥത എന്നിങ്ങനെയെല്ലാം അവർ വിസ്തരിക്കും. മരുന്നിനു പുറമേ എല്ലാത്തിനും പരിഹാരം ഒന്നേയുള്ളു; യാത്ര മതിയാക്കി തിരിച്ചു പോരലാണത്. ഇതെല്ലാം കേട്ട് യാത്രക്കാർ ഭയചകിതരായിരിക്കുന്നു എന്നുറപ്പു വന്നപ്പോൾ അവർ ഇന്നത്തെ പരിപാടി അവസാനിച്ചിരിക്കുന്നു എന്നും മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ട് നാളെ ഐ ടി ബി പി-ക്കാർ പ്രഖ്യാപിക്കും എന്നും പറഞ്ഞ് ക്ലാസവസാനിപ്പിച്ചു. തുടർന്ന് ഞാൻ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം കാലത്ത് ഏഴര മണിയോടെ ഞാൻ ഗുജറാത്ത് സദനിലെത്തി. അവിടെ തമ്പടിച്ചിട്ടുള്ളവർ പലരും അവിടത്തെ കാന്റീനിലേക്കുള്ള പുറപ്പാടിലാണ്. യാത്രികർക്ക് ഭക്ഷണം സൗജന്യമാണ്. ഞാനും കാന്റീനിലേക്ക് നീങ്ങി. എന്റേയും പ്രാതൽ അവിടെ നിന്നായിരുന്നു, സൗജന്യമായി. അവിടെ നിന്ന് എത്ര യാത്രികർ ഭക്ഷണം കഴിച്ചു എന്നതിന് ഒരു കണക്കും സൂക്ഷിക്കുന്നില്ല. കഴിക്കുന്നത് യാത്രികനാണോ എന്നും നോക്കുന്നില്ല. ഒരു ബാച്ചിൽ 60 പേരുണ്ടെങ്കിലും 50 പേരിൽ കൂടുതൽ ആളുകൾ അവിടെ താമസിക്കുന്നില്ല. ഒരു പക്ഷേ 60 പേരുടെ പേരിലും കാന്റീൻകാർക്ക് പണം കിട്ടുന്നുണ്ടായിരിക്കണം. ആരുണ്ടിതൊക്കെ നോക്കാൻ?

ഇന്നത്തെ പ്രോഗ്രാം ഡൽഹിയിൽ മദൻഗീറിലെ ടിഗ്രി ക്യാമ്പിൽ ഐടിബിപി ആസ്പത്രിയിലാണ്. കെഎംവിഎൻ ഏർപ്പാടാക്കിയ ബസ്സിലാണ് ഇന്നും യാത്ര. ഇന്ന് ബസ്സിൽ ഞാനും ഉണ്ട്. ഇന്നലെ കണ്ട മുഖങ്ങളെല്ലാമുണ്ട് ബസ്സിൽ. മെഡിക്കൽ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ എല്ലാവരുടെയും മുഖത്തുണ്ട്.

ഐടിബിപി ക്യാമ്പിന്റെ കോൺഫ്രൻസ് ഹാളിൽ ഞങ്ങളെത്തുമ്പോൾ സമയം ഏതാണ്ട് 10 മണി. വെള്ളം, ചായ എന്നീ ഉപചാരങ്ങൾ കൃത്യമായി നടന്നു. യാത്രയെ കുറിച്ച് വിശദമായ ഒരു അവലോകനവും അവതരണവും ഉണ്ടെന്നറിഞ്ഞു. പക്ഷേ അതെല്ലാം തുടങ്ങാൻ സമയമെടുത്തു. ഹാളിനകത്ത് ഐടിബിപിയുടെ പതാകയും മറ്റും വച്ചിട്ടുണ്ട്. അതിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കലായിരുന്നു വെറുതെ ഇരിക്കുമ്പോൾ പലരുടേയും പണി. അതിനിടെ അവർ തന്ന പേപ്പറുകൾ ഞങ്ങൾ പൂരിപ്പിച്ചു നൽകി.

ഇവിടേയും തലേ ദിവസത്തെ പോലെ പവർ പോയന്റ് പ്രസന്റേഷൻ തന്നെയായിരുന്നു. തലേന്നത്തേക്കാൾ വിശദമായി. പറയുന്നത് മുഴുവൻ ഹിന്ദിയിൽ. അതു കൊണ്ടു തന്നെ എനിക്ക് പലതും മനസ്സിലാകാതെ പോയി. ഇവിടേയും സംസാരിച്ചത് ഒരു ഡോക്റ്റർ ആയിരുന്നു. അയാൾ പലപ്പോഴും ഒരു 'ഗ്യാരഹ് നമ്പർ ബസ്'-ന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നു. ഒടുവിലാണ് അത് നടക്കാനുള്ള രണ്ട് കാലുകളെ കുറിച്ചാണ് എന്ന് കൂടെയുള്ള സുരേഷിൽ നിന്ന് മനസ്സിലായത്. ഹിമാലയത്തിലെ യാത്രയും കാലാവസ്ഥയും നേരത്തെ പറഞ്ഞ അസുഖങ്ങളും മറ്റും വിശദമായി പ്രതിപാദിക്കപ്പെട്ടു. ലാമയുടെ നാട്ടിൽ പോയി ഗാമയാവരുതെന്നും ഇവരാണ് പറഞ്ഞത്. രണ്ടോളം മണിക്കൂർ നേരത്തെ പ്രസന്റേഷനു ശേഷം ഞങ്ങളോട് മെഡിക്കൽ ചെക്കപ്പിന് ഹാജരാകാൻ പറഞ്ഞു.

ഇന്നത്തെ മെഡിക്കൽ ചെക്കപ്പ് കാത്തിരിപ്പിന്റേതാണ്. എപ്പോൾ വിളിക്കുമെന്നൊരറിവുമില്ല. ഇത് പട്ടാളക്കാരുടെ മെഡിക്കൽ ക്യാമ്പാണ്. പട്ടാളക്കാരും കുടുംബങ്ങളും ഡോക്റ്റർമാരെ കാണുന്ന തിരക്കിലാണ്. അതു കഴിഞ്ഞേ ഉള്ളൂ ഞങ്ങളുടെ ഊഴം. ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.

അതിലിടക്ക് അവിടെ ഒരു വാൻ വന്നു നിന്നു. യാത്രക്കാവശ്യം വരുന്ന വിവിധങ്ങളായ വസ്ത്രങ്ങളാണ് അതിൽ. സൗജന്യ വില. സോക്സിന് വെറും പത്തു രൂപ. ഇതാണ് ഞാൻ ഓരോന്നും 45 രൂപ വച്ച് വാങ്ങിയത്. ഇതറിഞ്ഞിരുന്നെങ്കിൽ അന്നത് വാങ്ങേണ്ടായിരുന്നു എന്നെനിയ്ക്ക് തോന്നി. ഇനി ഈ തോന്നലിനെന്തു ഫലം? പലരും പലതും വാങ്ങി; ഞനൊന്നും വാങ്ങിയില്ല.

അപ്പോഴേക്കും മെഡിക്കൽ ചെക്കപ്പ് തുടങ്ങിയിരുന്നു. അവരുടെ കയ്യിൽ ഇന്നലത്തെ മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് കാര്യമായിട്ടൊന്നുമില്ല. പ്രഷർ നോക്കുന്നതേയുള്ളു. അപ്പോൾ തന്നെ അവർ ഫയലിലെഴുതുന്നുണ്ട് അതാത് വ്യക്തി യാത്രക്ക് യോഗ്യനാണോ എന്ന്. ടെസ്റ്റ് കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തെല്ലാം പ്രസന്നത. അവരെല്ലാം മെഡിക്കൽ ടെസ്റ്റ് പാസായിക്കാണും.

എന്നെ ടെസ്റ്റിനു വിളിക്കുമ്പോൾ വിളിച്ചയാൾ എന്നോട് നന്നായി ചിരിച്ചു. ചിരപരിചിതനോടെന്ന പോലെ. എന്താണാവോ അതിനു പിന്നിൽ!! പക്ഷേ ആ ചിരിയിൽ എന്റെ മെഡിക്കൽ ടെസ്റ്റിന്റെ ഫലം ഞാൻ മുൻകൂട്ടി കണ്ടു. എന്റെ റിസൾട്ട് പോസിറ്റീവായിരിക്കുമെന്നെനിയ്ക്ക് തോന്നി.

ഒരു ലേഡീ ഡോക്റ്ററാണെന്റെ ബി.പി. നോക്കിയത്. അതല്പം കൂടുതലായിരുന്നു. പക്ഷേ അതവർ അത്ര ഗൗനിച്ചില്ലെന്ന് എനിക്ക് തോന്നി. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ നല്ലതേ എഴുതൂ എന്നെനിക്ക് മനസ്സിലായി. ഞാൻ പുറത്തിറങ്ങി.

ഒന്നാം നിലയിലെ കാന്റീനിൽ ഊൺ റെഡിയായിരുന്നു. പലരും കഴിക്കുകയും ചെയ്തിരുന്നു. ഞാനും കഴിച്ചു വയർ നിറയെ ചപ്പാത്തിയും ദാലും സബ്ജിയും മറ്റും മറ്റും... അത് അമർനാഥ് യാത്രാ സമിതിയുടെ വകയായിരുന്നു. അവർ ഞങ്ങൾക്കെല്ലാം ഒരു ബെൽട്ട് പൗച്ച് സൗജന്യമായി തരികയും ചെയ്തു.

ഊണിനു ശേഷം എല്ലാവരും കോൺഫ്രൻസ് ഹാളിൽ വീണ്ടും ഒത്തു കൂടി. ഞങ്ങളുടെ ഗ്രൂപ്പിന് ഒരു ലീഡറെ സർക്കാർ നിയോഗിച്ചിരുന്നു. ആ ലീഡറും അവിടെ ഉണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ മെഡിക്കൽ ടെസ്റ്റിന്റെ അന്തിമ ഫലം പുറത്തു വന്നു. ഒരാൾ മാത്രം അയോഗ്യനാക്കപ്പെട്ടു. ഭർത്താവ് അയോഗ്യനാണെന്നറിഞ്ഞ അയാളുടെ ഭാര്യ യാത്ര വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

യാത്ര പോകുന്നതാരൊക്കെയെന്ന് അറിഞ്ഞു കഴിഞ്ഞു. ഇനി വേണ്ടത് പോകാനുള്ള അന്തിമമായ തയ്യാറെടുപ്പാണ്. യാത്രികരിൽ നിന്ന് 3 കമ്മിറ്റികൾ ഉണ്ടായി. ഫുഡ് കമ്മിറ്റി, ലഗേജ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി.

ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്റേതാണ്. ഭക്തജന സന്നദ്ധസംഘടനകൾ ഞങ്ങളെ മാലയിട്ടും തിലകം ചാർത്തിയും അനുമോദിച്ചു. ഹാളിൽ ഹരഹരമഹാദേവാ വിളികൾ ഉയർന്നു. പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളും മറ്റും മറ്റും...

പൊട്ടിച്ചിരിയും മതി മറന്ന ആഘോഷങ്ങളും വേണ്ടെന്നു വച്ചിട്ട് വർഷങ്ങളായിരിക്കുന്നു. ഞാനതിൽ നിന്നെല്ലം ഒഴിഞ്ഞു നിന്നു. വീട്ടിലേക്ക് വിളിച്ച് കൈലാസത്തിൽ പോകാൻ അനുമതി കിട്ടിയതായി ഭാര്യയോട് പറഞ്ഞു.

അതിലിടയ്ക്ക് ഓരോരുത്തരും അപ്പോൾ തന്നെ 2000രൂപ ഫിനാൻസ് കമ്മിറ്റിക്ക് കൊടുക്കാൻ നിർദ്ദേശമുണ്ടായി. ആകെ പണം ഒരു ലക്ഷത്തിനു പുറത്ത്. ഇതെങ്ങനെയൊക്കെ ചെലവായെന്ന് യാത്ര കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും എനിക്കറിയില്ല; ഇനിയൊട്ടറിയാനും പോകുന്നില്ല. ഇന്ത്യയിൽ ജനാധിപത്യമാണത്രെ.

യാത്രയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ പറഞ്ഞു മാത്രമല്ല സംഘാടകർ ഞങ്ങളെ പേടിപ്പിച്ചത്. കൈലാസത്തിലേക്കുള്ള വഴികൾ ആപത്തു നിറഞ്ഞതാണെന്നും ആളുകൾ വഴിയിൽ നിന്നും പുഴയിലേക്ക് തെന്നി വീണ് ശവം പോലും കിട്ടാത്ത അവസ്ഥ വരുമെന്നും അതുകൊണ്ട് എല്ലാവരും സഹായത്തിന് പോർട്ടർമാരെ നിർബന്ധമായും വിളിക്കണമെന്നും യാത്ര ചെയ്യാൻ കുതിരയെ ഏർപ്പാടാക്കണമെന്നും പോർട്ടറേയും കുതിരയേയും നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടാതെ പോകുമെന്നും മറ്റും അവർ ഞങ്ങളെ ഉപദേശിച്ചപ്പോൾ എന്നെപ്പോലെ ഉള്ളവർ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു പോർട്ടർക്ക് 8500 രൂപയും കുതിരക്ക് 9500 രൂപയോളവും ആയിരുന്നൂ ചാർജ്ജ്. എന്തായാലും കാത്തിരുന്ന് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.

വൈകുന്നേരത്തോടെ ബസ് യാത്രികരേയും കൊണ്ട് ഗുജറാത്ത് സദനിലേക്ക് മടങ്ങി. മാർഗമദ്ധ്യേ ഞാൻ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.

യാത്രയിൽ യാതൊരു കാരണവശാലും ഒഴിഞ്ഞു പോകരുതെന്ന് മുന്നറിയിപ്പു കിട്ടിയ 3 സാധനങ്ങ ളാണ്. സൺ സ്ക്രീൻ ലോഷനും ലിപ് ബാമും ആന്റിഫംഗൽ പൗഡറും. യാത്രയിൽ ചുട്ടു പൊള്ളുന്ന സൂര്യനെ നേരിടേണ്ടി വരുമെന്നും സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങൾ പൊള്ളിപ്പോകുമെന്നും അതൊഴിവാക്കാൻ സൺ സ്ക്രീൻ ലോഷൻ വാങ്ങി പുരട്ടണമെന്നും രണ്ടു ദിവസവും ഞങ്ങൾക്ക് നിർദ്ദേശം കിട്ടുകയുണ്ടായി. സൺ സ്ക്രീൻ ലോഷന്റെ നിലവാരം പറയുന്നത് SPF ഉപയോഗിച്ചാണ്. SPF എന്നാൽ Sun Protection Factor, (വെയിലിനെ തടുക്കാനുള്ള കഴിവ്) എന്നർത്ഥം. SPF 50 ഉള്ള ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങണമെന്നാണ് നിർദ്ദേശം വന്നത്. വൈകുന്നേരം മെഡിക്കൽ സ്റ്റോറുകളിൽ ഞാനിത് അന്വേഷിച്ചു നടന്നു. മിക്കയിടത്തും നോയ്ഡയിലുണ്ടാക്കുന്ന LOTUS-ന്റെ 175 രൂപയുടെ ലോഷനേ ഉള്ളു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. എനിക്കതിനോട് വലിയ ഇമ്പം തോന്നിയില്ല. ഞാൻ തപ്പി നടന്ന് ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങി. 500 രൂപ കൊടുത്ത്. പിന്നീട്, യാത്ര തുടങ്ങി പലരേയും പരിചയപ്പെട്ടപ്പോൾ ഞാൻ കണ്ടു, പലരുടേയും പക്കൽ LOTUS-ന്റെ ലോഷൻ ആയിരുന്നു ഉള്ളത് എന്ന്. ലിപ് ബാമും ആന്റിഫംഗൽ പൗഡറും ഞാൻ വാങ്ങിയെങ്കിലും ഞാനതൊന്നും കാര്യമായി യാത്രയിലുടനീളം ഉപയോഗിച്ചില്ല.

അടുത്ത ദിവസം രാവിലെ കൈലാസത്തിലേക്ക് ഒരുക്കി വച്ച വലിയ ബാഗും എടുത്ത് വീടു ഭദ്രമായി പൂട്ടി ഒരു മാസത്തെ യാത്രയ്ക്ക് തയ്യാറായി മെട്രോ വഴി ഞാൻ ഗുജറത്ത് സദനിലെത്തി. അവിടെ പേര് റജിസ്റ്റർ ചെയ്ത് ഡോർമിറ്ററിയിലെ ഒരു കിടക്ക സ്വന്തമാക്കി. ബാഗ് അടുത്തുള്ള പെട്ടിയിൽ വച്ചു. നാളെ അതിരാവിലെ കൈലാസത്തിലേക്ക് പുറപ്പെടാനുള്ളതാണ്. അതുകൊണ്ട് ഇന്ന് രാത്രി ഇവിടെയാണ്.

ഇന്നത്തെ ജോലി മുഴുവൻ വിദേശമന്ത്രാലയത്തിലാണ്. ബോണ്ട് കൊടുക്കണം, മറ്റു പേപ്പറുകൾ ഏൽപ്പിക്കണം, പാസ്പോർട്ട് തിരിച്ചു വാങ്ങണം, 22000 രൂപയുടെ ഡി.ഡി. ഏൽപ്പിക്കണം, അതിന്റെ റസീറ്റ് കിട്ടണം, ഗ്രൂപ്പ് വിസയുടെ കോപ്പി സ്വന്തമാക്കണം, പിന്നെ യാത്രയുടെ വിവരണങ്ങളും വിശദാംശങ്ങളും അവിടെയും കാണും....

9 മണിയോടെ പുറപ്പെട്ട ബസ്സ് നഗരം ചുറ്റി 10മണിയോടെ വിദേശമന്ത്രാലയ ത്തിലെത്തി. മെറ്റൽ ഡിറ്റക്റ്ററും മറ്റുമുള്ള സെക്യൂരിറ്റി ചെക്ക്. ഞങ്ങൾ നിയുക്ത ഹാളിലേക്ക് ആനയിക്കപ്പെട്ടു. അല്ലെങ്കിൽ സാധാരണക്കാരന് അതിനകത്ത് കയറിപ്പറ്റാനൊന്നും ഒക്കില്ല. ഹാളിൽ ഞങ്ങളല്ലതെ ആരുമില്ല. അവിടെ വലിയ അശോകസ്തംഭവും മറ്റുമുണ്ട്. അതിനെ ചുറ്റിപ്പറ്റി ഫോട്ടോ എടുക്കാൻ ചിലർ മിടുക്കു കാട്ടി.

പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വരികയും യാത്രക്ക് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു. ഊണു കഴിക്കാൻ പാകത്തിൽ ഉച്ചയോടെ ഞങ്ങൾ ഗുജറാത്ത് സദനിലെത്തി.

പിന്നീടുള്ള സമയത്ത് ഞാൻ, ചെയ്തു തീർക്കേണ്ട ചില്ലറ പണികൾ ചെയ്യുകയും എന്റെ ലഗേജ് നിർദ്ദേശിക്കപ്പെട്ട നിലയിൽ റെഡിയാക്കി വയ്ക്കുകയും ചെയ്തു.

സന്ധ്യക്ക് ഗുജറാത്ത് സദന്റെ അങ്കണത്തിൽ പൂജയും ഭജനയും യാത്രയയപ്പ് സമ്മേളനവും തുടർന്ന് അതിഗംഭീരമായ അത്താഴവുമുണ്ടായിരുന്നു. ഡൽഹിയിലെ ഒരു മന്ത്രി സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വച്ച് ഡൽഹി ഗവണ്മെന്റിന്റെ ഭക്തസേവാസമിതിയുടെ വക യാത്രാകിറ്റുകൾ വിതരണം ചെയ്തു. ടോർച്ച്, പൂജാ സാധനങ്ങൾ, റെയിൻകോട്ട്, ബാഗ് തുടങ്ങി കുറച്ച് സാധനങ്ങൾ അതിലുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്ക് വലിയ പ്രയോജനം ചെയ്തില്ല. വലിയ പോളിത്തീൻ ബാഗ് തരുമെന്ന് പറഞ്ഞിരുന്നെങ്കിലും കിട്ടിയത് മഴ പെയ്താൽ ഉള്ളിൽ നനയുന്ന തരത്തിലുള്ള വളച്ചാക്കുകളായിരുന്നു. പൂജയുടെ അവസാനം പൂജാരിയുടെ വകയായി ആരതിയും കളഭം ചാർത്തലും യാത്രികരുടെ കയ്യിൽ ചരടു കെട്ടലും ഉണ്ടായിരുന്നു.

മാസങ്ങളായി ഉദ്വേഗത്തോടെ കാത്തിരുന്ന ദിവസം നാളെയാണ് ... ഞാനോർത്തു. അങ്ങനെ നാളെ കൈലാസത്തിലേക്ക് പുറപ്പെടുകയാണ്.

11 മണിയോടെ ഞാൻ കിടക്കാൻ നോക്കുമ്പോൾ ആളുകൾ അവരുടെ യാത്രക്കുള്ള കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. യാത്രക്കുള്ള ആളുകളുടെ ഈ തയ്യാറെടുപ്പ് രാവേറെ ചെല്ലുവോളം ഡോർമിറ്ററിയിൽ നടന്നു കൊണ്ടിരുന്നു.  


........................................................................................................ തുടരും



അഭിപ്രായങ്ങളൊന്നുമില്ല: