കാളി നദിയുടെ ആരവം കേട്ടു കൊണ്ടാണുണർന്നത്. എഴുന്നേറ്റ് നോക്കുമ്പോൾ വെള്ളത്തിന് ശക്തിയായ ഒഴുക്കുണ്ടെന്ന് മനസ്സിലായി. വെള്ളത്തിന് മണ്ണിന്റേയോ ചളിയുടേയോ ഒക്കെ നിറം. മഴക്കാലമല്ലേ? തീരങ്ങളെ കാർന്നു തിന്നു പോകുമ്പോൾ നിറം ഇങ്ങനെയാകാതെ പറ്റില്ല. വെള്ളത്തിലൂടെ മരമോ മൃഗമോ മറ്റെന്തെങ്കിലും സാധനങ്ങളോ ഒഴുകിപ്പോകുന്നതായൊന്നും കണ്ടില്ല.
പുഴയ്ക്കപ്പുറം നേപ്പാളാണത്രെ. ഭാരതത്തേയും നേപ്പാളിനേയും വേർതിരിക്കുന്നത് ഈ കാളി നദിയാണത്രെ. പുഴയ്ക്കപ്പുറം ആളുകൾ നടന്നു പോകുന്നത് കാണാം. അങ്ങോട്ട് നോക്കുമ്പോൾ അതൊരു വിദേശമാണെന്ന് തോന്നാനുള്ള യാതൊന്നും ഞാനവിടെ കണ്ടില്ല. അല്ലെങ്കിലും ഈ അതിർത്തികളൊക്കെ ഉള്ളത് മനുഷ്യന്റെ മനസ്സിലല്ലേ? ഭൂമിക്കറിയില്ലല്ലോ നേപ്പാൾ, ഭാരതം എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന്. കാളി നദിക്കറിയില്ലല്ലോ താനാണ് ഈ രാജ്യങ്ങളെ വേർതിരിക്കുന്നതെന്ന്.
ഹിമാലയത്തിന്റെ കടുത്ത തണുപ്പിലായിരിക്കും ഇനിയുള്ള ദിവസങ്ങൾ. ദിവസേനയുള്ള കുളിയൊന്നും ഇനി കാണില്ല. തുണി നനച്ചുണക്കാനൊന്നും സൗകര്യം കിട്ടണമെന്നില്ല. ദിനചര്യകളും കുളിയും പ്രാതലുമെല്ലാം തീർത്ത് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ അവിടെ അഞ്ചെട്ട് ജീപ്പുകൾ ഞങ്ങൾക്കായി കാത്തു കിടപ്പുണ്ട്. മുറ്റത്ത് നിറയെ പിച്ചക്കാർ. കാണുന്നവരോടെല്ലാം അവർ കൈ കാട്ടുന്നുണ്ട്.
യാത്രക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള അവസാനത്തെ സ്ഥലമാണിത്. ഇനി വല്ലതും വാങ്ങണമെങ്കിൽ തിബത്തിലെത്തണം. അതുകൊണ്ടു തന്നെ ആളുകൾ തങ്ങളുടെ കയ്യിലില്ലാത്ത സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. പുഴയ്ക്ക് കുറുകെ ഒരു തൂക്കുപാലമുണ്ട്. പലരും അതു കടന്ന് നേപ്പാളിലേക്ക് പോയി. അവിടെ ചൈനീസ് സാധനങ്ങൾ സുലഭമായി കിട്ടും. വിലയും കുറവത്രെ. സാധനങ്ങൾക്ക് ഇന്ത്യൻ രൂപ കൊടുത്താൽ മതി. പകൽ സമയങ്ങളിൽ അങ്ങോട്ട് പോകുന്നതിന് വിലക്കൊന്നുമില്ല. സന്ധ്യക്ക് മുമ്പ് തിരിച്ചെത്തണമെന്നു മാത്രം. 'ദ നോർത്ത് ഫെയ്സ്'-ന്റെ റെയ്ൻകോട്ട് വാങ്ങി വരുന്ന യാത്രക്കാരനെ ഞാൻ കണ്ടു.
ഗസ്റ്റ് ഹൗസിന്റെ മുന്നിൽ ആളുകളുടെ ലഗേജിന്റെ തൂക്കം നോക്കുന്ന തിരക്കാണ്. അതെല്ലാം ചെയ്യുന്നത് കെഎംവിഎൻ-ന്റെ ആൾക്കാരും ലഗേജ് കമ്മിറ്റിയുമാണ്.ഇനിയുള്ള യാത്രയിൽ ഒന്നോ രണ്ടോ ദിവസത്തേക്കാവശ്യമായ സാധനങ്ങൾ കയ്യിലെ ബാഗിൽ കരുതുകയും ബാക്കി വരുന്ന സാധനങ്ങൾ മറ്റൊരു ബാഗിൽ വച്ച് അത്തരം ബാഗുകൾ ചാക്കുകളിൽ നിറച്ച് കുതിരപ്പുറത്തുമാണ് പൊണ്ടുപോകുക. രണ്ടു ബാഗും കൂടി 20കിലോയിൽ കൂടുന്നില്ലെന്നുറപ്പ് വരുത്താനാണ് അത് തൂക്കി നോക്കുന്നത്. എന്റെ പുറത്തു തൂക്കുന്ന ബാഗിന് 7കിലോയും കുതിരപ്പുറത്ത് കേറ്റേണ്ട ബാഗിന് 12കിലോയും ഭാരമുണ്ടായിരുന്നു.
ജൂൺ മുതൽ സപ്തംബർ വരെയുള്ള നാലുമാസങ്ങളാണ് കൈലാസയാത്രയുടെ സമയം. ഈ സമയത്ത് ഈ നാട്ടുകാരുടെ പ്രധാന വരുമാനമാർഗ്ഗം ഈ യാത്രയാണ്. ഒരു പോർട്ടർക്ക് 8500 രൂപയും ഒരു കുതിരയ്ക്ക് 10000 രൂപയുമാണ് നിരക്ക്. പോർട്ടറേയും കുതിരയേയും വാടകക്കെടുക്കുന്ന യാത്രക്കാർ ധാരാളമാണ്. 18500 രൂപയാണ് അത്തരം യാത്രക്കാരിൽ നിന്നും കിട്ടുന്നത്. 12 ദിവസമാണ് ഇത്രയും കൂലി കിട്ടാൻ പണിയെടുക്കേണ്ടത്. ഇതിനു പുറമേ നല്ലൊരു തുക ചില യാത്രക്കാർ അവസാനം അവർക്ക് പാരിതോഷികമായി കൊടുക്കാറുണ്ട്. കൊടുത്തില്ലെങ്കിൽ അവർ കിട്ടുവോളം ചോദിക്കും എന്നാണെന്റെ അനുഭവം. ഇതിനെല്ലം പുറമേ ദൈനന്ദിനമായ ചെലവുകൾക്കും അവർ യാത്രികളെ സമീപിക്കും. ദിനന്തോറും കൂലിയിൽ പെടാത്ത പണം കൊടുക്കുന്നവരുണ്ട്, കൊടുക്കാത്തവരും. പോർട്ടർമാർ സഹായകരമാണോ എന്നത് തികച്ചും വ്യക്തിപരമായ അനുഭവമാണ്. എനിക്ക് പോർട്ടർ വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എനിക്കെന്റെ പോർട്ടർ പയ്യൻ വലിയ സഹായമായതായി അഭിപ്രായമില്ല.
യാത്രയിൽ ഒരു ദിവസം 20കിലോമീറ്ററോളം നടക്കണം. നടത്തം എന്നു പറഞ്ഞാൽ നമ്മൾ റോഡിലൂടെ നടക്കുന്നതുപോലെയൊന്നും അല്ല. കുത്തനേയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായിരിക്കും. നഗര ജീവിതം ശീലമാക്കിയവർക്ക് അത് എളുപ്പമല്ല. പിന്നെ പ്രായമായവരും പ്രഷറുള്ളവരും ഒക്കെ യാത്രക്കാരായി കാണും. അവരിൽ പലർക്കും കിലോമീറ്ററുകൾ നടക്കുക എന്നത് ചിന്തിക്കാനാവില്ല. അത്തരക്കാരാണ് ഈ പോർട്ടറേയും പോണിയും വാടകക്കെടുക്കുന്നത്. പിന്നെ വേറെ ഒരു കൂട്ടരുണ്ട്. അവരുടെ മനസ്സിൽ കൈലാസം മാത്രമേ കാണൂ. എന്തു വില കൊടുത്തും കൈലാസം കണ്ടേ മടങ്ങൂ എന്നു പറഞ്ഞാണ് അവർ യാത്ര പുറപ്പെടുന്നത്. അത്തരക്കാരും മുൻപിൻ ചിന്തിക്കാതെ പോർട്ടറേയും പോണിയും വാടകക്കെടുക്കും. കൈലാസം കണ്ടിറങ്ങുമ്പോൾ ഈ യാത്രക്കാർ അളവറ്റ നന്ദിയാണ് പോർട്ടർമാരോടും കുതിരക്കാരോടും കാണിക്കുക. കൈലാസം കണ്ടത് അവരുള്ളത് മാത്രം കൊണ്ടാണ് എന്ന് ബോദ്ധ്യമുള്ള അവരാണ് പാരിതോഷികങ്ങൾ വാരിക്കോരി കൊടുക്കുക.എന്താ, ജീവിതത്തിലെ വലിയൊരു ആഗ്രഹമല്ലേ അവർ മൂലം സഫലീകരിച്ചിരിക്കുന്നത്?
പിന്നെ വേറേ ചിലരുണ്ട്. തങ്ങൾ എവറസ്റ്റ് കയറുകയാണെന്നായിരിക്കും അവരുടെ ഭാവം. അപ്പോൾ പിന്നെ അവരുടെ കൂടെ ഒരു 'ടെൻസിങ് നോർക്കെ' ഉണ്ടാവേണ്ടതല്ലേ? ഒരു അസിസ്റ്റന്റ് കൂടെ ഇല്ലെങ്കിൽ കുറച്ചിലായി അവർക്ക് തോന്നും. അവർ ഒരു പോർട്ടറെ ഏർപ്പാടാക്കും. എന്നിട്ട് എന്തിനും ഏതിനും അവരെ വിളിക്കും. കൂടെക്കൂടെ പോർട്ടർക്ക് കാമറ കൊടുത്ത് തന്റെ ഫോട്ടോ എടുക്കാനും പറയും.
പിന്നെ എന്നെപ്പോലുള്ളവരും പോർട്ടറെ വിളിക്കും. അധികൃതരുടെ പേടിപ്പെടുത്തലുകൾ മൂലമാണ് അത് സംഭവിക്കുന്നത്. പോർട്ടർ ഇല്ലാത്തതു മൂലം ഞാൻ ഗ്രൂപ്പിനൊരു ഭാരമാകരുതെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഒരാൾ മാത്രമാണ് കുതിരയോ പോർട്ടറോ ഇല്ലാതെ യാത്ര ചെയ്തത്.
ഇന്ന് മുതൽ നടത്തം തുടങ്ങുകയാണ്. ആവശ്യക്കാർക്ക് കുത്തി നടക്കാൻ ചൂരൽ വടി വാങ്ങാം. വടികൾ ഡൽഹിയിൽ നിന്ന് വാഹനത്തിൽ ഇവിടെ എത്തിച്ചിട്ടുണ്ട്. ഞാൻ ഒരെണ്ണം കൈക്കലാക്കി. അതിന്മേൽ എന്റെ പേരെഴുതി സ്വന്തമാക്കാൻ സഹയാത്രികർ സഹായിച്ചു. കയ്യിൽ കുത്തി നടക്കാൻ ഒരു വടിയുണ്ടെങ്കിൽ മല കയറ്റം ആയാസരഹിതമാണെന്ന് ഞാനെന്റെ അഗസ്ത്യകൂട യാത്രകളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
എല്ലാവരും ജീപ്പിൽ സ്ഥലം പിടിക്കുകയാണ്. ഞാൻ എന്റെ ചെറിയ ബാഗുമെടുത്ത് ഒരു ജീപ്പിൽ വന്നിരുന്നു. അവിടേയും പിച്ചക്കാർ കൈ നീട്ടിക്കൊണ്ടിരുന്നു. ഓരോ ജീപ്പിലും ഏഴും എട്ടും ആളാണുള്ളത്. സീറ്റു കിട്ടിയവർ ഫോട്ടോ എടുക്കുകയും മഹാദേവന് സ്തുതി പാടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.
വൈകതെ ജീപ്പുകൾ പുറപ്പെട്ടു. തുടക്കത്തിൽ അതൊരു ജീപ്പ്ജാഥ പോലെ ഉണ്ടായിരുന്നെങ്കിലും കുറേ കഴിഞ്ഞപ്പോൾ എല്ലം ഒറ്റയ്ക്കൊറ്റയ്ക്കായി. ചെറിയ ഗ്രൂപ്പുകളായതു കൊണ്ട് ഫോട്ടോ എടുക്കാനും മറ്റും ഓരോ ജീപ്പുകാരും അവിടേയും ഇവിടേയും ഒക്കെ നിറുത്തിയതു കൊണ്ടായിരുന്നു അത്.
ഇതെല്ലാം വാടകക്കെടുത്ത പ്രൈവറ്റ് ജീപ്പുകളാണ്. കുറേ കഴിഞ്ഞപ്പോൾ ഞാൻ കയറിയ ജീപ്പ് കേടായി. പിന്നെ കിലോ മീറ്ററുകളോളം അത് എങ്ങനെയൊക്കെയോ ഉരുണ്ടും പിരണ്ടും മുന്നോട്ട് പോയി. പിന്നീട് പകരം വന്ന ജീപ്പാകട്ടേ, അതിനേക്കാൾ അബദ്ധമായിരുന്നു. ബെല്ലും ബ്രെയ്ക്കുമില്ലാത്ത ആ ജീപ്പിലെ യാത്രയിൽ മുഴുവൻ ഞാൻ ജീവനും കയ്യിൽ പിടിച്ച് ഇരുന്നു, കാരണം റോഡിന്റെ ഒരു വശത്ത് ആളെ വിഴുങ്ങുന്ന ഭദ്രകാളീനദിയോ അതിന്റെ പോഷകനദിയോ ആയിരുന്നു എന്നതു തന്നെ.
കുറേ കഴിയുമ്പോൾ ജീപ്പ് നിന്നു. ഒരാൾ ഒരു കുപ്പി വെള്ളവുമായി പുറത്തേക്കോടുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ അയാൾ ഒന്നിനു (അതോ രണ്ടോ?) പോയിരിക്കയാണെന്നറിഞ്ഞു. അല്പം കഴിഞ്ഞു അയാൾ തിരിച്ചു വരുമ്പോൾ എല്ലാവരോടുമായി ഗുജറാത്ത് സദനിലെ ഭക്ഷണത്തെ പറ്റി കുറ്റം പറയുന്നുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഗുജറാത്ത് സദനിലെ ഭക്ഷണം കഴിച്ചതെന്നും കഴിഞ്ഞ ദിവസങ്ങളിൽ വെറുതെ കിട്ടുന്ന ഭക്ഷണം ആളുകൾ വാരിവാരി തിന്നുകയായിരുന്നു എന്നും ഞാനപ്പോൾ ഓർത്തു. എന്തായാലും ജീപ്പ് പുറപ്പെടുമ്പോൾ അയാൾ വളരെ ആശ്വാസത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ആലോചിച്ചാൽ അറിയുന്നതല്ലേ അയാൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ആശ്വാസവും അതിമുമ്പനുഭവപ്പെട്ട അസ്വസ്ഥതയും.
കുറേ കഴിയുമ്പോൾ ജീപ്പ് വീണ്ടും നിന്നു. എല്ലാവരും ഇറങ്ങണമെന്ന നിർദ്ദേശം വന്നു. ഇറങ്ങി നോക്കുമ്പോഴുണ്ട്, മുന്നിലെ റോഡ് ഇടിഞ്ഞു പൊളിഞ്ഞ്, ജീപ്പിന് മുന്നോട്ട് പോകാനാവാത്ത വിധം കിടക്കുന്നു. എല്ലാവരും പൊളിഞ്ഞ റോഡിന് അപ്പുറത്തേയ്ക്ക് നടന്നെത്തി. ഗ്രൂപ്പിലെ പലരും അവിടെ ഇരിപ്പുണ്ട്. ഇനി ഇവിടന്നങ്ങോട്ട് വേറെ ജീപ്പിൽ പോകണം. അതിനാണീ ഇരുപ്പ്. മണിക്കൂറോളം കാത്തിരുന്ന ശേഷം കിട്ടിയ ജീപ്പിൽ ഞങ്ങൾ അടുത്ത ലക്ഷ്യമായ നാരായണാശ്രമത്തിലെത്തിച്ചേർന്നു. ഞങ്ങൾ യാത്ര ചെയ്ത ജീപ്പിനു മുകളിൽ നിറയെ തദ്ദേശീയരായിരുന്നു. അപകടകരമെന്ന് എനിക്ക് തോന്നിയ, ജീപ്പിനു മുകളിലെ, ആ യാത്ര അവർക്ക് സർവ്വസാധരണമായിരുന്നു. അവർക്കതിൽ പേടിക്കാനൊന്നുമില്ല. ഒരു വേള പഴക്കമേറിയാലിരുളും തെല്ലു വെളിച്ചമായ് വരും എന്നല്ലെ കവി പാടിയിരിക്കുന്നത്?
നാരായണാശ്രമത്തിനു താഴെയുള്ള വിശാലമായ മൈതാനത്ത് ഉച്ചയോടെ ജീപ്പ് നിന്നു. ഞങ്ങളുടെ മോട്ടോർ യാത്ര അവിടെ അവസാനിക്കുകയും ചെയ്തു.
നാരായണാശ്രമം. എന്താണീ സ്ഥലത്തിന്റെ പേരാവോ? നല്ല ഭംഗിയുള്ള പ്രദേശം. ഭംഗിയുള്ളൊരു കെട്ടിടം കണ്ടു. അതാണ് നാരായണാശ്രമം. അതിന്റെ മുറ്റവും പറമ്പും നിറയെ പൂക്കളും പൂന്തോട്ടങ്ങളുമാണ്. എല്ലാം ആശ്രമക്കാർ നട്ടു വളർത്തിയതാണ്. ആശ്രമത്തിനകത്ത് ഒരു ക്ഷേത്രമുണ്ട്. ഞങ്ങൾ ഷൂസ് ഊരി വച്ച് അവിടെ ദർശനം നടത്തി. ഉച്ചയാണെങ്കിലും ക്ഷേത്രത്തിൽ പൂജാരിയുണ്ട്. പ്രസാദം കിട്ടി.
അന്നദാനം എന്നു പറയാമോ എന്തോ, പുറത്ത് നിന്നും ചായയും കഴിക്കാൻ അല്പം ഭക്ഷണവും കിട്ടി. അതെന്താണെന്നോർമ്മയില്ല. അവരുടെ ഓഫീസിൽ കയറി 100 രൂപ സംഭാവന കൊടുത്തു. അവർ റസീറ്റ് തന്നു. ഞാൻ ആ പ്രദേശം മുഴുവൻ ചുറ്റി നടന്നു. മനോഹരമായ അന്തരീക്ഷം. ഭംഗിയുള്ള പ്രകൃതി. എങ്ങും പച്ചപ്പ്. ചുറ്റും മലകൾ കാണാം. ഫോട്ടോഗ്രാഫർമാർക്കും വിഡിയോഗ്രാഫർമാർക്കും കൊയ്ത്തുത്സവം തന്നെയായിരുന്നു അവിടെ.
ഇന്ന് ഉച്ച ഭക്ഷണം ഇല്ല. ഇനി അടുത്ത ക്യമ്പിലെത്തിയാലേ എന്തെങ്കിലും കഴിക്കനൊക്കൂ. കുത്തി നടക്കുന്ന വടിയും പിടിച്ച് ഞാൻ ആശ്രമത്തിന്റെ മുന്നിലെ ചെരിവിൽ വന്നിരുന്നു. മിക്കവാറും യാത്രികരും അവിടെയുണ്ട്. പലരും വെടി പറഞ്ഞിരിക്കുകയാണ്. സംസാരത്തിന് വിഷയത്തിനാണോ പഞ്ഞം? രണ്ടു ദിവസത്തെ യാത്രയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടിരുന്നു. പലരും ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നു. ഭാഷയുടേയും സംസ്ഥാനത്തിന്റേയും അടിസ്ഥാനത്തിൽ തന്നെയയിരുന്നു ഈ വേർ തിരിവ്. ഞാനുള്ളത് നാലു പേരടങ്ങിയ മലയാളീ സംഘത്തിലായിരുന്നു. ഞങ്ങൾക്ക് കൂടുതൽ ആഭിമുഖ്യം ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിൽ നിന്നും ഉള്ള ദക്ഷിണേന്ത്യൻ ഗ്രൂപ്പുകളോടും ആയിരുന്നു.
ധാരാളം കുതിരകൾ അങ്ങിങ്ങായി മേയുന്നുണ്ട്. നാട്ടുകാരായ ധാരാളം ആളുകൾ, ചെറുപ്പക്കാർ, അങ്ങിങ്ങായി ഇരിപ്പുണ്ട്. അവരാണ് പോർട്ടർമാരും കുതിരക്കാരും. അവർ ഞങ്ങളേയും ഞങ്ങൾ അവരേയും കാത്തിരിക്കയാണ്. ഒരു മണിക്കൂറോളം അവിടെ ഇരുന്നു. എന്താണാവോ ഈ ഇരിപ്പിന് കാരണം.
കുറേ കഴിഞ്ഞപ്പോൾ കെഎംവിഎൻകാർ വന്നു. അവർ ഞങ്ങളുടെ പേരുകൾ ഒന്നൊന്നായി വിളിച്ചു. തദ്ദേശീയരുടേയും. അവർ ഓരോരുത്തരേയും ഓരോ പോർട്ടറെ ഏൽപ്പിക്കുകയാണ്. എനിയ്ക്കും കിട്ടി ഒരു പോർട്ടരെ. ഡിഗ്രിക്ക് പഠിക്കുന്ന മീശ മുളക്കാത്ത ഒരു പയ്യൻ. എന്റെ മലയാളീ സുഹൃത്തുക്കൾക്ക് കിട്ടിയതും ഈ പ്രായക്കാരെത്തന്നെയായിരുന്നു.
പോർട്ടർമാരേയും കുതിരക്കാരേയും കിട്ടിയവർ പിന്നീടവിടെ നിന്നില്ല. രാത്രിയാവുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താനായിരുന്നു എല്ലാവർക്കും തിടുക്കം. അങ്ങനെ കുതിരക്കാരും പോർട്ടർമാരുമായി മറ്റൊരു സംഘം യാത്രികർ കൂടി കൈലാസം ലക്ഷ്യമാക്കി കാൽനട യാത്ര തുടങ്ങി.
നാരായണാശ്രമത്തിൽ നിന്ന് 52 പേരടങ്ങുന്ന ഞങ്ങളുടെ സർവ്വകക്ഷി (രാഷ്ട്രീയ കക്ഷികളല്ലാട്ടോ) നിവേദകസംഘം (മഹാദേവന് നിവേദനവുമായിട്ടായിരിക്കുമല്ലോ പലരും പുറപ്പെട്ടിരിക്കുന്നത്) പദയാത്ര തുടങ്ങുമ്പോൾ എന്റെ മുന്നിൽ അധികം പേരില്ല. മലയാളികളായ നാ ലുപേരടങ്ങിയ ഒരു ചെറുസംഘമാണ് മുന്നിൽ പോകുന്നത് എന്നതു തന്നെ അതിന് കാരണം. ഭക്തന്മാരെ പ്രതിനിധീകരിച്ച് അരവിന്ദും രാഷ്ട്രീയക്കാരെ പ്രതിനിധീകരിച്ച് സുരേഷും മറുനാടൻ (മരുനാടല്ലാട്ടോ) മലയാളികളെ പ്രതിനിധീകരിച്ച് ഞാനും (ഞാനിപ്പോൾ ഭാരതത്തിന്റെ ഹൃദയ ഭൂമിയിലാണല്ലോ വാസം, പാസ്പോർട്ട് പോലും ഗാസിയാബാദിൽ നിന്നാണ്.) പെൻഷൻകാരെ പ്രതിനിധീകരിച്ച് റിട്ടയേഡ് ഇൻസ്പെക്റ്റർ മിസ്റ്റർ കൃഷ്ണനും ആണ് ഈ മലയാളീ സംഘത്തിലുള്ളത്. സംഘത്തിന്റെ ഗമ കുറയരുതെന്നു കരുതിയാവണം കൃഷ്ണൻ കുതിരപ്പുറത്താണ് സവാരി. ഓവർകോട്ടും തൊപ്പിയും മറ്റും ധരിച്ച് കുതിരപ്പുറത്തിരുന്ന് മുന്നോട്ട് നീങ്ങുമ്പോൾ വീരപാണ്ഡ്യകട്ടബൊമ്മനിലെ ശിവാജി ഗണേശനാണ് താൻ എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ ഇരിപ്പ് കണ്ടപ്പോൾ എനിയ്ക്ക് തോന്നി.
ഞാൻ ബാഗ് എന്റെ പോർട്ടർക്ക് കൊടുത്തു. കയ്യിലെ വടിയും കുത്തി ഞാൻ അനായാസമായി നടന്നു. യാത്രയിൽ വലിയ കയറ്റമൊന്നും ഇല്ലായിരുന്നു. അല്പം നടന്നാൽ ഞനൊന്ന് നിൽക്കും. പ്രകൃതി എങ്ങനെ എന്നൊക്കെ ചുറ്റും നോക്കും. വളരെ മനോഹരമായിരുന്നു വഴിയിലെ കാഴ്ചകൾ. എങ്കിലും വഴിയിൽ നിറയെ പ്ലാസ്റ്റിക് വെയിസ്റ്റുകളായിരുന്നു. കൊക്കോകോളാ കുപ്പികളും ലെയ്സ്, കുർകുറെ എന്നിവയുടെ കവറുകളും മിഠായിക്കവറുകളും അതുപോലെയുള്ള മറ്റു പ്ലാസ്റ്റിക് കവറുകളും ഹിമാലയത്തിലെ വഴിയിൽ അനേകം ഉണ്ടായിരുന്നു. പലയിടത്തും കുതിരച്ചാണകം വീണ് മുന്നോട്ടുള്ള വഴി വൃത്തികേടായി കിടന്നിരുന്നു. അന്തരീക്ഷം നല്ലതായിരുന്നെങ്കിലും ഭൂമി മലിനമായിരുന്നു. ആർക്കുണ്ട് ഭൂമിയുടെ ആയുസ്സിലും ആരോഗ്യത്തിലും താല്പര്യം?
മുന്നോട്ട് നീങ്ങുമ്പോൾ ആളുകൾ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുമ്പോൾ മുന്നോട്ട്, മേലോട്ട് എന്ന ചിന്തയേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അഞ്ചാറു കിലോമീറ്റർ ഒറ്റയ്ക്കും കൂട്ടായും നടന്നു കാണുമെന്ന് കരുതുന്നു, അപ്പോഴേയ്ക്കും ഞങ്ങൾ അന്നത്തെ രാത്രി കഴിയാനുള്ള കെഎംവിഎൻ ക്യാമ്പിലെത്തിച്ചേർന്നു.
ഈ സ്ഥലത്തിന് ശിർഖ എന്നാണ് പേര്. ശൂർപ്പണഖ എന്ന പേരിൽ നിന്നാണ് ശിർഖ ഉണ്ടായതെന്ന് പ്രൊ. വിക്റ്റർ ഷെപ്പേർഡ് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പണ്ട് രാവണൻ കൈലാസത്തിൽ പോകുമ്പോൾ സഹോദരി ശൂർപ്പണഖയും കൂടെ കൂടി പോലും. പക്ഷേ കൈലാസം പവിത്രമായതുകൊണ്ട് ഋതുമതികൾ അങ്ങോട്ട് പോകരുതെന്ന് നിർബ്ബന്ധം പിടിച്ച രാവണൻ ശൂർപ്പണഖയെ തന്റെ തപസ്സ് തീരുവോളം ഇവിടെ താമസിപ്പിച്ചു പോലും. അങ്ങനെ ശൂർപ്പണഖ താമസിച്ച സ്ഥലം ശൂർപ്പണഖാഘട്ട് എന്നറിയപ്പെട്ടുവത്രേ. അത് പിന്നെ ലോപിച്ച് ലോപിച്ച് ശിർഖ ആയത്രെ. എന്തയാലും ഇപ്പോഴീ സ്ഥലം ശിർഖ എന്നറിയപ്പെടുന്നു.
ഇന്നു മുതൽ രാത്രി ഉറക്കം ക്യാമ്പുകളിലാണ്. അലൂമിനിയം കൊണ്ടും ഫൈബർഗ്ലാസു കൊണ്ടും മറ്റും ഉണ്ടാക്കുന്നതാണീ ടെന്റുകൾ. ചിലത് സാധാരണ മുറികൾ പോലെ തന്നെ കാണും. ചിലതിന്റെ ആകൃതി സിലിൻഡറിന്റെ പകുതി മണ്ണിൽ കമഴ്ത്തി വച്ച പോലെയാണ്. ഓരോ ക്യാമ്പിലും 5ഉം 6ഉം ഒക്കെ ടെന്റുകൾ കാണും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറേ ടെന്റുകളാണ്. ചിലതിനകത്ത് കട്ടിലും നല്ല കിടക്കകളും കാണും. ചിലയിടത്ത് കട്ടിൽ കാണില്ല. നിലത്ത് ആയിരിക്കും കിടക്ക വിരിച്ചിട്ടുണ്ടാകുക. ആദ്യം എത്തുന്നവർക്ക് നല്ല ടെന്റും കട്ടിലും ഒക്കെ എടുക്കാം.
നാട്ടിലെ ടെലിഫോൺ ബൂത്തില്ലേ? അതു കുറേ എണ്ണം അവിടെ കാണും. അതിലൊന്നു ടെലിഫോൺ ബൂത്തു തന്നെയാണ്. ബാക്കിയുള്ളവ കക്കൂസുകളും കുളിമുറികളുമാണ്. ഭക്ഷണം കഴിക്കാൻ പ്രത്യേകം ഹാൾ ഊണ്ട്. ക്യാമ്പുകളിൽ സാധാരണ ടെലിഫോൺ സൗകര്യം ലഭ്യമല്ല. ദിവസവും ഒരു മണിക്കൂറോ മറ്റോ സാറ്റലൈറ്റ് ഫോൺ പ്രവർത്തിക്കും അപ്പോൾ എല്ലാവർക്കും ഒന്നോ രണ്ടോ പേർക്ക് ഫോൺ ചെയ്യാം. 3 രൂപയാണ് മിനിറ്റിന് ചാർജ് എന്നാണെന്റെ ഓർമ്മ. ശിർഖയിൽ ടെലിഫോൺ ബൂത്തൊന്നും ഇല്ല. ക്യാമ്പിലെ സൗകര്യങ്ങൾ പരിമിതമാണെങ്കിലും ക്യാമ്പുകളിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുപോകാവുന്നതേ ഉള്ളൂ.
ചെന്ന പാടേ ഞാനൊരു ടെന്റിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. കൂടെയുള്ളവർ അടുത്ത കട്ടിലുകളിലും. വൈകാതെ ഞങ്ങൾക്ക് വെള്ളവും മറ്റുപചാരങ്ങളും ലഭ്യമായി. പിന്നീട് ചായയും രാത്രിയിൽ ഗംഭീരമായ അത്താഴവും ഉണ്ടായിരുന്നു. അല്ലെങ്കിലും ഭക്ഷണത്തിനൊന്നും ഒരു കുറവും ഉണ്ടാകാറില്ലല്ലോ.
സന്ധ്യാസമയത്ത് എല്ലാവരും ക്യാമ്പിനു പുറത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് നേരം പോക്കി. ചുറ്റും മലകൾ. അകലെ മൊട്ടക്കുന്നുകളും കാടുകളും ജനങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും കാണാം. മൂടൽ മഞ്ഞ് വന്നും പോയും ഇരിക്കും. മൂടൽ മഞ്ഞുള്ളപ്പോൾ പിന്നീടൊന്നും മുന്നിൽ കാണാൻ കഴിയില്ല. വന്ന പോലെ അതു പോകുകയും ചെയ്യും. എവിടെ നിന്നാണ് ഈ മൂടൽ മഞ്ഞു വരുന്നതെന്നോ എവിടേക്കാണത് പോകുന്നതെന്നോ മനസ്സിലാക്കുക പ്രയാസം.
ഇനി നാളെ മുതൽ നടത്തം മാത്രമേയുള്ളു. സൂര്യനുദിക്കുന്നതിനു മുമ്പ് യാത്ര തുടങ്ങിയാൽ പൊള്ളുന്ന വെയിലാകുന്നതിനു മുമ്പ് അടുത്ത ക്യാമ്പിലെത്താം. രാവിലെ നടക്കാൻ തയ്യാറായി എല്ലാവരും നേരത്തെ ഉറങ്ങാൻ കിടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ