2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 11

ഇന്നു മുതൽ ഒരു പുതിയ ലോകമാണ്. ഒരു പുതിയ ജീവിതക്രമമാണ്. ഇന്റർനെറ്റില്ലാത്ത, മൊബൈൽ ഫോണില്ലാത്ത, ടെലിവിഷനും എന്തിന്, ന്യൂസ് പേപ്പറുപോലുമില്ലാത്ത 3 ആഴ്ചകളാണ് ഇനിയുള്ളത്. ബാഹ്യലോകവുമായി ബന്ധമില്ലാത്ത ജീവിതം. ജോലി, കുടുംബം, വീട്ടുകാർ, എല്ലാം ഉടനെ എത്തിപ്പെടാൻ പറ്റാത്തത്ര അകലെയാണ്. ആധുനികതയുടെ പരിവേഷമില്ലാത്ത ജീവിതം..

എന്തായിരിക്കും കൈലസയാത്രയിലെ മുഖ്യമായ പരിപാടി?

ചോദിക്കാവുന്ന ചോദ്യം!

നടത്തം, നടത്തം, നടത്തം. അതു തന്നെ മറുപടി. രാവിലെ എഴുന്നേൽക്കുക, കിട്ടുന്നത് കഴിക്കുക, എന്നിട്ട് നടക്കുക.... കിലോമീറ്ററുകൾ അകലെയുള്ള അടുത്ത ക്യാമ്പിലേക്ക്.. ഭക്ഷണത്തെ കുറിച്ചൊന്നും വേവലാതി വേണ്ട. അതെല്ലാം സമയാസമയങ്ങളിൽ കെഎംവിഎൻകാർ തന്നു കൊള്ളും.

രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കും ഉണരുമ്പോൾ ഒന്നും രണ്ടും ഒക്കെ സാധിക്കണമെന്നു കരുതിയാൽ നടക്കുന്നതാണോ? അല്ല. അതെല്ലാം സൗകര്യം പോലെ. അതിനുമാത്രം വിശാലമാണല്ലോ ചുറ്റുമുള്ള മലകൾ.

നടക്കുമ്പോൾ അതീവ ശ്രദ്ധാലുവായിരിക്കണം. ഓരോ ചുവടും അളന്നും തൂക്കിയും വയ്ക്കണം... സൂക്ഷിച്ചും വീക്ഷിച്ചും. അല്ലെങ്കിൽ കാളിനദിയിൽ ജീവിതം അവസാനിച്ചതു തന്നെ. നടക്കുമ്പോൾ ഒന്നേ ഓർക്കേണ്ടതുള്ളു. കെ.പി.കേശവമേനോന്റെ "നാം മുന്നോട്ട്" എന്ന പ്രയോഗം. താഴോട്ട് നോക്കി മുന്നോട്ട് നടക്കുക. അടി തെറ്റരുതല്ലോ. നിരപ്പില്ലാത്ത, ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞ (ചൊറിയുന്ന തൂവ വരെയുണ്ട് വഴിയിൽ), അത്യധികം വഴുക്കലുള്ള, ചളി തെറിക്കുന്ന, ചിലപ്പോൾ ഒരടി പോലും വീതിയില്ലാത്ത, അഗാധ ഗർത്തങ്ങൾ അകമ്പടി സേവിക്കുന്ന, കാളിനദിയുടെ ഗർജ്ജനം പ്രതിധ്വനിക്കുന്ന വഴികളിലൂടെയുള്ള യാത്ര അത്ര അനായാസമല്ല തന്നെ. ചിലപ്പോൾ മുന്നിൽ കയറ്റം മാത്രം. കയറിയാൽ തീരാത്ത ഉയരങ്ങൾ.. അപ്പോൾ മുന്നോട്ട് എന്നത് മേലോട്ട് എന്നാകും. ചിലപ്പോൾ ശ്വാസം നിലക്കുന്നുണ്ടോ എന്നു പോലും തോന്നിപ്പോകും നടക്കുമ്പോൾ. തിരിഞ്ഞു നോക്കിയാൽ പിന്നിട്ട വഴികൾ കാണാം... മലഞ്ചെരിവുകൾ, ഒറ്റയടിപ്പാതകൾ, ഗർത്തങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മേഘമാലകൾ ....

കയറ്റം പോലെത്തന്നെയാണീ ഇറക്കവും. ഇറങ്ങാൻ തുടങ്ങിയാൽ പിന്നെ ഇറക്കം മാത്രം. ഇങ്ങനെയുള്ള കുറേ കയറ്റങ്ങളും ഇറക്കങ്ങളും കഴിയുമ്പോൾ ഒരു മല പിന്നിടുന്നു. അങ്ങനെ പല മലകളും. ജീവിതത്തിലെ സുഖദു:ഖങ്ങൾ തന്നെയാണീ പ്രകൃതിയിലെ കയറ്റങ്ങളും ഇറക്കങ്ങളും പ്രതിനിധാനം ചെയ്യുന്നത്.

നടക്കുക, നടക്കുക വീണ്ടും നടക്കുക... അതാണ് ഇനിയുള്ള പ്രധാന ജോലി. നടക്കുമ്പോൾ കണ്ണുകളെയും മനസ്സിനേയും അലഞ്ഞു തിരിയാൻ വിടാം. കാരണം നടക്കുക എന്നതല്ലാതെ കാര്യമായ ജോലിയൊന്നും ഇല്ലല്ലോ. കണ്ണുകൾക്ക് ഹിമാലയത്തിന്റെ പ്രകൃതിഭംഗിയിൽ അലിഞ്ഞമരാം. മനസ്സിന് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടാം.

മലയെ കീഴടക്കുകയല്ല മറിച്ച് മലയുമായി താദാത്മ്യം പ്രാപിക്കുകയായിരിക്കണം ലക്ഷ്യമെന്ന് നേരത്തേ ഉപദേശം കിട്ടിയിട്ടുണ്ട്. ഭീമാകാരമായ മലനിരകളെ അവഗണിക്കുന്ന തരത്തിലുള്ള നടത്തം പാടില്ല; ഗിരിനിരകളെ ബഹുമാനത്തോടെ നോക്കിക്കണ്ടും സൂക്ഷിച്ചും അവധാനതയോടെ നടക്കണം.

നടക്കുമ്പോൾ പുറകിലെ ബാഗിൽ പല തരം വസ്ത്രങ്ങൾ നിർബന്ധം. തണുപ്പ്, ചൂട്, മഴ, മഞ്ഞ്, കാറ്റ്.... ഏതും എപ്പോഴും വരാം. തണുപ്പകറ്റാൻ സ്വെറ്റർ, വെയിലിനെ തടുക്കാൻ സൺ സ്ക്രീൻ ക്രീം, മഴയെത്തടുക്കാൻ റെയ്ൻകോട്ട്, കാറ്റിനെ തടുക്കാൻ വിൻഡ് ചീറ്റർ, ... എല്ലം ബാഗിൽ ഉണ്ടായിരിക്കണം.. എപ്പോഴാണ് മഴ, എപ്പോഴാണ് മഞ്ഞ്.. എന്നൊന്നും പറയാനാവില്ല. ബോംബേയിലെ ഫാഷനും ഹിമാലയത്തിലെ അന്തരീക്ഷവും എപ്പോൾ മാറുമെന്ന് തദ്ദേശീയർക്കു പോലും പറയാവതല്ലല്ലോ.

പിന്നെ ഹിമാലയത്തിനൊരു വിശേഷതയുണ്ട്. ഒരു കാര്യത്തിൽ അത് അഗസ്ത്യകൂടത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്താണെന്നല്ലേ? "കൊഡൈക്കനാലിൽ കാക്കയില്ലത്രെ" എന്നു ഞാൻ പണ്ട് എൽ.പി. സ്കൂളിൽ പഠിച്ചിട്ടുണ്ട്. അതെന്തുകൊണ്ടാണെന്നൊന്നും ഇപ്പോഴും അറിയില്ല. അതുപോലെ "ഹിമാലയത്തിൽ അട്ടയില്ലത്രെ" എന്ന് ഇവിടെ എഴുതിവയ്ക്കാൻ പോന്നതാണ് ഈ യാത്രയിലെ എന്റെ അനുഭവം. രണ്ടാഴ്ച ഹിമാലയത്തിലൂടെ നടന്നിട്ട് ഒരട്ട പോലും എന്നെ കടിച്ചിട്ടില്ല. അഗസ്ത്യകൂടത്തിൽ പ്രതീക്ഷിക്കാവുന്നതാണോ ഈ സൗകര്യം?

നടക്കുമ്പോൾ ചെവിയിൽ പഞ്ഞി വയ്ക്കണമെന്നാണ് അഭിജ്ഞമതം. ബാഹ്യമായ ശബ്ദങ്ങളും കാളിയുടെ ഗർജ്ജനവും മനസ്സിനെ മഥിക്കാതിരിക്കാനാണത്. അനാവശ്യമായതൊന്നും കേൾക്കാതിരിക്കാനാണത്. ചെവിയിൽ പഞ്ഞി വച്ചില്ലെങ്കിൽ മൂക്കിൽ പഞ്ഞി വക്കേണ്ടി വരുമത്രെ,... കാളിയിൽ വീണ്.

പക്ഷേ ഞങ്ങളാരും ചെവിയിലോ മൂക്കിലോ പഞ്ഞി വച്ചില്ല,.... യാത്രയിലുടനീളം....

നടക്കുമ്പോൾ വഴി തെറ്റാനുള്ള സാദ്ധ്യത വിരളം. മുന്നോട്ടുള്ള ഗതി കാണിച്ചു കൊണ്ട് ചൂടുള്ള കുതിരച്ചാണകം വഴിയിൽ കിടപ്പുണ്ടാകും. അതിനെ പിൻതുടർന്നാൽ മതി.

യാത്രയുടെ ഏറ്റവും മുന്നിൽ ഒരു പോലീസുകാരൻ നടക്കും. അയാൾ ഉത്തർഖണ്ഡ് പോലീസിലെ ഒരു അംഗമാണ്. യാത്രക്കാരുടെ സുരക്ഷ അയാളുടെ കയ്യിലാണ്. അയാളുടെ കയ്യിൽ ഒരു വാക്കി ടാക്കിയും കാണും. ഇടയ്ക്കിടയ്ക്ക് അയാൾ അതിൽ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരിക്കും. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് പുറകെ. അയാളുടെ മുന്നിൽ നടക്കാൻ ശ്രമിച്ചാൽ അയാൾ ദേഷ്യപ്പെടാൻ തുടങ്ങും. കൂടെ നടക്കുമ്പോൾ അയാളോട് എന്തും സംസാരിക്കാം. അയാളും ഒരു മനുഷ്യനാണല്ലോ.

യാത്രയുടെ ഏറ്റവും പുറകിൽ കെഎംവിഎൻ ഗൈഡ് കാണും. യാത്രക്കാരുടെ സൗകര്യങ്ങൾ അയാളുടെ കയ്യിലാണ്. യാത്രക്കാർക്ക് അയാളുടെ കൂടെ നടക്കാം; അല്ലെങ്കിൽ അയാൾക്ക് മുന്നിൽ നടക്കാം. അയാളുടെ കൂടെ നടന്നാൽ ധാരാളം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം.

പോലീസുകാരന്റേയും കെഎംവിഎൻ ഗൈഡിന്റേയും ഇടയ്ക്കുള്ള ദൂരം നാഴികകളോളം വരും. നടക്കാനറിയാത്തവർ ഇരുന്നും നടന്നും വീണ്ടും ഇരുന്നും ഇഴഞ്ഞു മുന്നോട്ട് പോകാൻ മണിക്കൂറുകളെടുക്കും എന്നതു തന്നെ കാരണം. കുതിരയെ വാടകക്കെടുത്തവർക്ക് എപ്പോഴും കുതിരപ്പുറത്തിരിക്കാനാവില്ല. ഭൂമിയുടെ പ്രകൃതം അനുസരിച്ച് പലപ്പോഴും അവർക്ക് നടക്കേണ്ടതായി വരും. ഇവരുടെ ഒക്കെ പുറകെ ആയിരിക്കും കെഎംവിഎൻ ഗൈഡ്. പോലീസുകാരൻ നടക്കുന്നത് വേഗത്തിലായിരിക്കും. വേഗം നടക്കാനറിയുന്ന യാത്രക്കാർ മാത്രമേ അയാളുടെ പുറകെ കാണൂ.

നടക്കുമ്പോൾ വഴിയിൽ ആനയോ പുലിയോ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അഗസ്ത്യകൂടത്തിലും തിരുനെല്ലിക്കാടുകളിലുമൊക്കെ തെണ്ടി നടന്ന മലയാളിക്ക് തോന്നാം. ഇല്ല, ഈ ഹിമാലയത്തിൽ ആനയേയോ കടുവയേയോ പേടിക്കുകയൊന്നും വേണ്ട. ഹിമാലയത്തിൽ വന്യമൃഗങ്ങളുണ്ടെന്ന് കരുതേണ്ട. ഹിമാലയത്തിൽ മൃഗങ്ങൾക്ക് പറ്റിയ വനമുണ്ടോ എന്നു തന്നെ സംശയം. പിന്നെയാണോ മൃഗം?

അതെന്താണ് അങ്ങനെ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ തികച്ചും സ്വാഭാവികം. ഉത്തരം ലളിതവും. ഹിമാലയത്തിൽ കൂടുതലും ഉള്ളത് ഗാവും ഗായും മാത്രം. അതെന്താണ് ഈ ഗാവും ഗായും എന്നാണോ? രണ്ടും ഹിന്ദിയാണ്. ഗാവ് എന്നാൽ ഗ്രാമം; ഗായ് എന്നാൽ പശുവും. ഗ്രാമങ്ങളില്ലാത്ത ഹിമാലയ മലനിരകൾ തുലോം വിരളം... നടക്കുമ്പോൾ ദൂരേയ്ക്ക് നോക്കിയാൽ എവിടെയെങ്കിലും കാണും കുറച്ച് വീടുകൾ... ഒന്നുമില്ലെങ്കിൽ കുറച്ച് കുടിലുകളെങ്കിലും കാണും. ഒരു പത്തു വീടുണ്ടെങ്കിൽ അതൊരു ഗ്രാമമായി.

ഹിമാലയത്തിൽ പലയിടത്തും ഇളകിയ കറുത്ത മണ്ണാണ്. ഈ മണ്ണ് കൃഷിയ്ക്ക് അത്യധികം അനുയോജ്യമാണ്. മലഞ്ചെരിവുകൾ തട്ടുതട്ടായി തിരിച്ച് തദ്ദേശീയർ ഇവിടെ കൃഷി ചെയുന്നു. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പയർ, കടുക് എന്നിവയെല്ലം കൃഷി ചെയ്യുന്നുണ്ടെന്നാണ് എനിക്ക് മനസ്സിലായത്. ഇങ്ങനെ അങ്ങുമിങ്ങും കൃഷിയും ഗ്രാമങ്ങളുമുള്ളിടത്ത് എന്ത് വനം? എന്ത് വന്യമൃഗം?

പിന്നെ മിക്കവാറും ഉള്ള മൃഗം പശുവാണ്. ധാരാളം പശുക്കൾ വഴിയിൽ മേയുന്നത് കാണാം. പശുവിന് ഉത്തരേന്ത്യയിൽ ഉള്ള സ്ഥാനം വളരെ വലുതല്ലേ? എന്തെല്ലാം കഥകൾ പശുവിനെ ചുറ്റിപ്പറ്റിയുണ്ട്. ജീവിതത്തിൽ പാപങ്ങൾ മാത്രം ചെയ്ത ഒരാൾ മരിക്കുന്നതിനു മുമ്പ് മുറിവേറ്റ് നടക്കാൻ പറ്റാതെ അവശയായ ഒരു പശുവിനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്തിയത്രെ. അയാൾ മരിച്ചു പോയപ്പോൾ ഈ ഒരൊറ്റ കാരണത്താൽ അയാൾക്ക് സ്വർഗ്ഗം ലഭിച്ചു പോലും.

ആനപ്പിണ്ടമോ പുലിയുടെ കാട്ടമോ ഉണ്ടായേക്കുമെന്നു കരുതി ആരെങ്കിലും നടന്നാൽ പശുവിൻ ചാണകം പോലും കാണില്ല. അവിടെ കുതിരച്ചാണകം മാത്രമേ അവർ കാണൂ. പശുവിൻ ചാണകം തദ്ദേശീയർ നിലം മെഴുകാനും മറ്റുമായി വാരിക്കൊണ്ടു പോകും.

പശുക്കൾ മാത്രമല്ല ഹിമാലയത്തിലുള്ളത്. ആട്ടിൻ പറ്റങ്ങളെ ധാരാളം കാണാം. മിക്കവയും ചെമ്മരിയാടുകൾ. കൂടെ ആട്ടിടയന്മരേയും കാണാം. ആണുങ്ങളും പെണ്ണുങ്ങളും ആടിനെ മേക്കുന്നതു കാണാം. ആട്ടിൻ പറ്റങ്ങൾ പോലീസ് ക്യാമ്പിനടുത്തുകൂടെ പോകുമ്പോൾ പോലീസുകാർ അവയിൽ നിന്ന് നല്ലതിനെ നോക്കി പിടിക്കും; രാത്രിയിൽ ഇറച്ചി വയ്ക്കാൻ. പാവം ആട്ടിടയൻ, അവനെങ്ങനെ പ്രതിഷേധിക്കാനാണ്? അവന് എന്തു ചെയ്യാനാകും? മറുവശത്ത് പോലീസല്ലേ?

യാത്രയുടെ നാലാം ദിവസം രാവിലെ എഴുന്നേറ്റ പാടേ വെറും ചായയും പിന്നീട് ബോൺവിറ്റയും കഴിച്ച്, ശിർഖയിലെ ക്യാമ്പിൽ നിന്നും, ഞങ്ങൾ നടത്തം തുടങ്ങി. കൂടെ പോർട്ടർ പയ്യനുണ്ട്. അതു കാരണം എന്റെ കയ്യിൽ കുത്താനുള്ള വടി മാത്രമേ ഉള്ളു. ഞങ്ങൾ നടന്നു... കളകളാരവം പൊഴിച്ചു കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഏതോ ഒരു ചെറിയ അരുവിയുടെ കൂടെ... ദൂരെ വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർ തിരിക്കുന്ന മലനിരകൾ കാണാം. കയറ്റങ്ങൾ, ഇറക്കങ്ങൾ, സമനിരപ്പുകൾ എല്ലാമുണ്ട്. ഗാവും ഗായും ഉള്ളതല്ലേ, ഞങ്ങൾക്കെതിരേ ആളുകൾ നടന്നു പോകുന്നുണ്ട്. കുറേ കഴിഞ്ഞപ്പോൾ ചായ കുടിക്കാനുള്ള സ്ഥലത്തെത്തി. കെഎംവിഎൻകാർ ഏർപ്പാടാക്കിയ ഏതോ ഒരു സ്വകാര്യ ചായക്കട. ചപ്പാത്തിയും ആവി പറക്കുന്ന ദാൽ കറിയും ആയിരുന്നെന്ന് ചെറിയൊരോർമ്മ. ചായ കുടിച്ച് കയറ്റം കയറുമ്പോൾ അവിടെയെല്ലാം ഭംഗിയുള്ള ചെറിയ പൂക്കൾ. വിവിധങ്ങളായ നിറത്തോടേയും രൂപത്തോടേയും..അവിടന്നങ്ങോട്ട് ഹിമാലയത്തിൽ പലയിടത്തും പൂക്കളും പൂങ്കാവനങ്ങളും കണ്ടു.

പൂക്കൾ പ്രേമത്തിന്റെ അടയാളമാണ്. ഭക്തന് ദൈവത്തോടുള്ള തന്റെ പ്രേമം പ്രകടിപ്പിക്കാനായാലും കാമുകന് തന്റെ പ്രിയയോടുള്ള പ്രേമം പ്രകടിപ്പിക്കാനായാലും പൂക്കൾ കൂടിയേ തീരൂ. ലൈലാ മജ്നു മുതൽ എത്രയെത്ര പ്രേമ കഥകൾ കേട്ടിരിക്കുന്നു ചെറുപ്പം മുതൽ. പൂക്കൾ കാണുമ്പോൾ, പൂക്കളെന്നു കേൾക്കുമ്പോൾ,...... വയ്യ, പറയാതെ വയ്യ..... കഴിഞ്ഞുപോയ അത്തരം പ്രേമത്തിന്റേയും പ്രണയനൊമ്പരങ്ങളുടേയും മൃദുലഭാവങ്ങൾ എന്നിലുണർത്തുന്ന ദീപ്തസ്മരണകൾ പറയാതെ വയ്യ. എന്തെന്തെല്ലം പ്രണയനാടകങ്ങൾ ആടിത്തീർന്നിരിക്കുന്നൂ ഈ ഭൂമിയിൽ. എത്രയെത്ര കഥാപാത്രങ്ങൾ, പ്രണയഭാജനങ്ങൾ.

യുവമനസ്സുകളെ കീഴടക്കി എത്രയെത്ര സുന്ദരിമാർ ഈ ഭൂമിയിലൂടെ കടന്നു പോയി. തെന്നിന്ത്യയിൽ നിന്നും ബോളീവുഡിലെത്തിയ ദിവ്യഭാരതിയുടെ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല. എന്തൊരഴകായിരുന്നു ആ മുഖത്തിന്. സമാനതകളില്ലാത്ത സൗന്ദര്യം. മർലിൻ മൺറോയും അങ്ങനെയായിരുന്നു. എത്ര എത്ര പുരുഷന്മാർ ഒരു ഹരമായി അവരെ മനസ്സിൽ കൊണ്ടു നടന്നു. അവരുടെ ശരീരത്തിൽ പറ്റിക്കിടക്കുമ്പോൾ, വസ്ത്രങ്ങൾക്കു പോലും ഉണ്ടായിരുന്നൂ ഒരു പ്രത്യേക അഴക്. പക്ഷേ, സൗന്ദര്യം എത്ര ക്ഷണികമാണെന്ന് ലോകം ഇവരിലൂടെ മനസ്സിലാക്കി. അത്രയ്ക്ക് ഹ്രസ്വമല്ലയിരുന്നോ ഇവരുടെയൊക്കെ ജീവിതം?

പൂക്കളെവിടെയുണ്ടോ അവിടെ പൂത്തുമ്പികൾ കാണണം. പക്ഷേ ഞാനൊന്നിനേയും കണ്ടില്ല. പക്ഷേ ധാരാളം പൂമ്പാറ്റകളെ കണ്ടു. "കേരളത്തിലെ പൂമ്പാറ്റകൾ" എന്നോ മറ്റോ എവിടേയോ വായിച്ചതായി ഓർക്കുന്നു. അതുപോലെ "ഹിമാലയത്തിലെ പൂമ്പാറ്റകൾ" എന്നൊരു പഠനം നടന്നിട്ടുണ്ടോ എന്തോ? ഇതുപോലെ ധാരാളം പഠനങ്ങൾക്ക് ഹിമാലയം അവസരം നൽകുന്നുണ്ട്.

നടക്കുന്ന വഴിയിൽ പലയിടത്തും വലിയ കറുത്ത പാറകളുണ്ട്. പലയിടത്തും അതിൽ മഞ്ഞ പെയിന്റ് കൊണ്ട് മഹദ്വചനങ്ങൾ എഴുതി വച്ചിട്ടുണ്ട്. ചില സദ്വചനങ്ങൾ ശ്രദ്ധിയ്ക്കൂ.

“പരിശ്രം കാ ഫൽ മീഠാ ഹോത്താ ഹൈ- ലോ.നി.വി.”
"സുഖ് ഔർ ദു:ഖ് ജീവൻ കീ ഗാഡി കാ ദോ ഡിബ്ബേ ഹൈ - ലോ.നി.വി."

ഈ ലോ.നി.വി. എന്തെന്നല്ലേ? മധുരോദാരമായ ഇത്തരം ഉദ്ധരണികൾ കണ്ടപ്പോൾ "ലോ.നി.വി." ആർഷഭാരതത്തിന്റെ ഭാഗമായിരിക്കുമെന്ന് എന്റെ മനസ്സ് സന്ദേഹിച്ചു. അതിന്റെ പൂർണ്ണരൂപത്തിനായി ഞാൻ എന്റെ അതിശുഷ്കമായ പുരാണവിജ്ഞാനത്തിൽ അത്യധികം പരതി. വേദങ്ങൾ, വേദാന്തങ്ങൾ, ബ്രാഹ്മണങ്ങൾ, സംഹിതകൾ എന്നിങ്ങനെ ഏതിലെങ്കിലും ഈ "ലോ.നി.വി." ഉണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ നിരാശയയിരുന്നു ഫലം.

മുന്നോട്ട് നടക്കുമ്പോൾ "ലോ.നി.വി." യുടെ ഉദ്ധരണികൾ വീണ്ടും...

"പത്ഥർ ഗിർനേ കാ ഭയ് ഹെ - ലോ.നി.വി.",
"സാവ്ധാനി സെ ചലീയേ - ലോ.നി.വി."
"സത്യം ശിവം സുന്ദരം - ലോ.നി.വി"

എന്ത്? കല്ലു വീഴുമെന്ന്, ശ്രദ്ധയോടെ നടക്കണമെന്ന് ഒരു പുരാണവും ഉപദേശിക്കില്ല. അപ്പോൾ ഈ "ലോ.നി.വി." പുരാണത്തിലേതല്ലെന്നോ? മുന്നോട്ട് നടക്കവേ ഞാൻ വീണ്ടും അതിന്റെ പൂർണ്ണരൂപത്തിനായി എന്റെ മനസ്സിൽ പരതാൻ തുടങ്ങി. കല്ലു വീഴുമെന്ന് പറയുമ്പോൾ അത് പുരാണബാഹ്യമായ, … കാലികമായ എന്തോ ആണ്....

ഒടുവിൽ എനിക്ക് ഉത്തരം പിടി കിട്ടി. "ലോക് നിർമ്മാൺ വിഭാഗ്".. അതാണീ ലോനിവി. നമ്മുടെ സാക്ഷാൽ പൊതു മരാമത്ത് വകുപ്പ്. അതെ, അവരാണ് ഇവിടത്തെ എല്ലാ മരാമത്ത് പണികളും ചെയ്യുന്നത്. അവരാണീ ഉദ്ധരണികളുടെ കർത്താക്കൾ. യാത്രികരെ നേർവഴി നടത്തുകയാണവർ... ലോനിവിയ്ക്ക് സ്തുതിയായിരിക്കട്ടെ...

നടക്കുമ്പോൾ പലരും പ്രകൃതിയുടെ സൗന്ദര്യം തങ്ങളുടെ കാമറയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഞാൻ വെറുതേ നടന്നു. എന്റെ കയ്യിൽ കാമറയില്ലല്ലോ. മുന്നോട്ട് നടക്കവേ ഞങ്ങൾ ഒരു അരുവിയുടെ കരയിലെത്തിച്ചേർന്നു. പാലമുണ്ട്. അതു വഴി അക്കരെ കടന്നു. മനോഹരമയ പ്രകൃതി. തണുതണുത്ത ജലം. അന്തരീക്ഷം തണുത്തതായിരുന്നെങ്കിലും നടക്കുക കാരണം ശരീരം വിയർക്കുന്നുണ്ടായിരുന്നു. പലരും ആ പുഴയിലെ തണുത്ത വെള്ളത്തിൽ കുളിച്ചു. ഡസ്സെല്ലാം അഴിച്ച് വച്ച് ഞാനും കുളിച്ചു. പോർട്ടർ കൂട്ടിരുന്നു. അല്ലാതെ അവനെന്തു ചെയ്യാൻ?

അതെല്ലാം ജനവാസമുള്ള പ്രദേശങ്ങളാണ്. കുട്ടികളും മറ്റും പുഴക്കരയിലുണ്ട്. കുളി കഴിഞ്ഞ് ഡ്രസ്സുമിട്ട് ഞാൻ യാത്ര തുടർന്നു. വഴിയിൽ ഗാവും ഗായും കാണാം. കുറേ നടന്ന് പത്തരയോടെ ഞങ്ങൾ അടുത്ത ക്യാമ്പിലെത്തിച്ചേർന്നു. ഞങ്ങളായിരുന്നു സംഘത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത്. സംഘത്തിലെ അവസാനത്തെ ആളുകൾ ക്യാമ്പിലെത്തിയത് വൈകീട്ട് അഞ്ചരയോടെ ആയിരുന്നു എന്നു പറഞ്ഞാൽ ഞങ്ങളുടെ സ്പീഡും സംഘത്തിന്റെ സ്വഭാവവും മനസ്സിലാകുമല്ലോ. ഞാൻ ക്യാമ്പിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്കോർമ്മ വന്നു. പുഴയിൽ അഴിച്ചു വച്ച വാച്ചെടുത്തിട്ടില്ലെന്ന്. കിലോമീറ്ററുകൾ താണ്ടി തിരിച്ചു പോയാൽ അത് കിട്ടുമെന്നെന്താണൂറപ്പ്? പഴയതാണെന്ന് മുദ്ര കുത്തി ഞാനത് ഉപേക്ഷിച്ചു.

കുറേ കഴിഞ്ഞപ്പോൾ മറ്റൊരു കൂട്ടർ ക്യാമ്പിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി, ഞങ്ങൾ യാത്ര ചെയ്യുന്നത് ദേവഭൂമിയിലൂടെ തന്നെയാണെന്ന്. അവർ എന്റെ വാച്ച് കൊണ്ടുവന്നിരുന്നു. പുഴക്കരയിൽ ഞാൻ വച്ചിടത്ത് തന്നെ അതുണ്ടായിരുന്നുവത്രെ. കുട്ടികളൊന്നും അതെടുത്തില്ല. വെറെതെയല്ല ലോകരിതിനെ ദേവഭൂമിയെന്ന് വിളിക്കുന്നത്.

ഞങ്ങളെത്തിയ സ്ഥലം ഗാലയാണ്. ഗാല എന്നെഴുതിയ കെഎംവിഎൻന്റെ ബോർഡവിടെ കാണാം. “ഗാന്ധാരശില”യത്രെ കാലക്രമേണ ഗാലയായത്. ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെടുന്ന അന്നത്തെ ഗാന്ധാരത്തിൽ നിന്നും ധൃതരാഷ്ട്രർ ഗാന്ധാരിയെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോൾ അവർ സ്വന്തം നാടിന്റെ ഓർമ്മക്കായി കയ്യിൽ മനോഹരമായ മിനുസമുള്ള കുറേ കല്ലുകൾ കരുതിയിരുന്നത്രെ. പിന്നീട് കൗരവന്മാർ മൃഗയാവിനോദത്തിനു പോയപ്പോൾ ഈ കല്ലുകൾ കാട്ടിൽ കൊണ്ടു പോയി ഇട്ടെന്നും ആ സ്ഥലം ഗാന്ധാരശില എന്നറിയപ്പെട്ടെന്നും ആണ് പ്രൊഫ. ഷെപ്പേർഡ് എഴുതിയിട്ടുള്ളത്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

1 അഭിപ്രായം:

anushka പറഞ്ഞു...

നന്ദി.തുടര്‍‌ലക്കങ്ങള്‍‌ക്കായി കാത്തിരിക്കുന്നു.