2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 9

പതിവു പോലെ അതിരാവിലെ എഴുന്നേറ്റു. ഞങ്ങളെ എഴുന്നേൽപ്പിച്ചത് കെ.എം.വി.എൻ. കാരുടെ 'ചായ...ചായ..' വിളികളായിരുന്നു. ഇംഗ്ലീഷിൽ 'ക്ലോക്ക്‌വർക്ക്' എന്നൊരു വാക്കുണ്ട്. സ്പ്രിങ്ങ് തിരിച്ചു വച്ചാൽ അത് ലൂസാവുന്നതു വരെ തെറ്റൊന്നും കൂടാതെ കൃത്യമായി ഓടുന്ന മെക്കാനിക്കൽ വാച്ചിന്റെ പ്രവർത്തനമാണ് അതിന്റെ അടിസ്ഥാനമെങ്കിലും കൃത്യമായി പ്രവർത്തിക്കുന്ന മറ്റു സംവിധാനങ്ങളെ വിശേഷിപ്പിക്കാനും ക്ലോക്ക്‌വർക്ക് എന്ന പ്രയോഗം ഉപയോഗിക്കാറുണ്ട്. കെഎംവിഎന്റെ ജീവനക്കാർ പ്രവർത്തിക്കുന്നതു കണ്ടാൽ തീർച്ചയായും അതൊരു ക്ലോക്ക്‌വർക്ക് ആണോ എന്ന് തോന്നിപ്പോകും. അഞ്ചു മണിക്ക് ചായ എന്നു പറഞ്ഞാൽ അഞ്ച് മണിക്ക് ചായ കിട്ടിയിരിക്കും. അവർ മൂലം ഒരിക്കലും ഞങ്ങളുടെ യാത്ര വൈകിയിട്ടില്ല. ആ ജീവനക്കാരെക്കുറിച്ചു പറയാൻ എനിക്കൊരു പരാതിയും ഇല്ല. അത്രയ്ക്ക് സേവനസന്നദ്ധതയോടെയും ആത്മാർത്ഥതയോടേയും ആണ് അവർ ജോലി ചെയ്യുന്നത്. ഇത് തന്നെയാണ് ഐടിബിപിക്കാരെ കുറിച്ചും പറയാനുള്ളത്. കൈലാസ് യാത്രയുടെ ജീവനാഡികളാണ് കെഎംവിഎനും ഐടിബിപിയും.

ഒരു കണ്ടക്റ്റഡ് ടൂറിനെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും അല്ലാതെ മറ്റൊന്നും ഇന്നത്തെ യാത്രയെക്കുറിച്ചെഴുതാനാവില്ല. ഇന്നലത്തെപ്പോലെ ഇന്നും, ദിവസം മുഴുവൻ ബസ്സിലിരിപ്പു തന്നെ. ഇടയ്ക്ക് ഭക്ഷണത്തിനു വേണ്ടി മാത്രമേ അതിൽ നിന്നിറങ്ങേണ്ടു. വഴിയിൽ തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ രാത്രി വൈകുന്നതിനു മുമ്പ് ലക്ഷ്യത്തിലെത്തും. ധാർചുലയിലെ കെഎംവിഎൻ ഗസ്റ്റ് ഹൗസാണ് ഇന്നത്തെ ലക്ഷ്യം. അവിടെയാണ് ഇന്നത്തെ ഉറക്കം.

ചുമലിൽ ബാഗ് തൂക്കിയവർ.... കാമറ കയ്യിലേന്തിയവർ... വിഡിയോഗ്രാഫിക്ക് തയ്യാറായി നടക്കുന്നവർ... എല്ലാവരും ബസ്സിൽ കയറുന്നു; ചിലർ മാത്സര്യബുദ്ധിയോടെ സീറ്റുകൾ പിടിക്കുന്നു... സീറ്റ് കിട്ടിയവർ കുശലം പറയുന്നു .... കിട്ടാത്തവർ അടുത്ത ബസ്സിൽ കയറി ഇരിക്കാനൊരിടം തേടുന്നു... സെൽ ഫോണിൽ യാത്രയെക്കുറിച്ച് ആരോടൊക്കെയോ സംസാരിക്കുകയാണ് ഇനിയും ഒരു കൂട്ടർ... അവരെല്ലാം നേരത്തെ ബസ്സിൽ സാധനങ്ങൾ വച്ച് സീറ്റ് ഉറപ്പിച്ചവരാണ്. ച്യൂയിങ്ങ് ഗം നുകരുന്നവരേയും ഞാൻ കണ്ടു.

രാവിലെ, പ്രഭാതസുര്യന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു, അൽമോറയുടെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ.. പലരും അത് കാമറയിൽ പകർത്താൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. ഭംഗിയുള്ള ധാരാളം മലനിരകളും അകലെയായി കാണുന്നുണ്ടായിരുന്നു.

ഏതാണ്ട് 6 മണിയോടെ ഞങ്ങൾ അൽമോറ വിട്ടു.. എങ്ങും മലകൾ... കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും... ഹെയർ പിൻ വളവുകൾ.... റോഡെല്ലാം നല്ല ഗതാഗതയോഗ്യമാണെന്നത് എടുത്തു പറയേണ്ടതു തന്നെ. അതുകൊണ്ടു തന്നെ യാത്ര സുഖകരവും ആസ്വാദ്യവും ആയിരുന്നു. ചുറ്റുമുള്ള കാഴ്ചകൾ വളരെ നല്ലതായിരുന്നു. റോഡിനിരുവശവും പലതരം മരങ്ങൾ... ചിലയിടങ്ങളിൽ സൂചിയിലമരങ്ങൾ നല്ല ചിട്ടയായി വളരുന്നത് കാണാം... വച്ചു പിടിപ്പിച്ചതു പോലെ... അങ്ങിങ്ങായി വെള്ളച്ചാലുകളും ഉണ്ടായിരുന്നു. തെളിനീരൊഴുകുന്ന ഈ വെള്ളച്ചാലുകൾ കാണുമ്പോൾ നോയ്ഡയിലെ പുഴ പോലെ ഒഴുകുന്ന ഡ്രയ്നേജിലെ നാറുന്ന വെള്ളമാണോർമ്മ വരുക. അറിയാതെ മൂക്കു പൊത്തിക്കും ആ ഡ്രയ്നേജ് പുഴകൾ.

മൂന്നോ നാലോ മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ബസ്സ് കെ.എം.വി.എന്റെ ഒരു ഗസ്റ്റ് ഹൗസിനു മുന്നിൽ പാർക്ക് ചെയ്തു. ബാഗേശ്വർ എന്ന സ്ഥലമായിരുന്നു അത്. ബസ് നിന്നത് പ്രാതൽ കഴിക്കാനായിരുന്നു. കെ.എം.വി.എൻ. ഗസ്റ്റ് ഹൗസിലായിരുന്നു പ്രാതൽ. പൂരി, തൈര്, ഉരുളക്കിഴങ്ങ് കറി, ചായ.. ഇത്രയുമായിരുന്നൂ പ്രാതലിന്റെ ഐറ്റങ്ങൾ. എല്ലാം ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ടത്...

പ്രാതലിനു ശേഷം ബസ് വീണ്ടും മലകളും മരങ്ങളും ഹെയർപിൻ വളവുകളും താണ്ടിക്കൊണ്ടിരുന്നു. മദ്ധ്യാഹ്ന ഭക്ഷണം ചൗക്കോടി എന്ന സ്ഥലത്തായിരുന്നു. ചൗക്കോരി എന്നും പറയും. ചൗക്കോരിയിൽ ഒരു കുന്നിൻ മുകളിലാണ് കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസ്. പശ്ചിമ ഹിമാലയത്തിലെ നയനാഭിരാമമായ പ്രദേശങ്ങളിൽ ഒന്നാണിത്. ഇവിടെ നിന്നാൽ ഹിമാലയത്തിലെ അനേകം ഗിരിശിഖരങ്ങൾ കാണാം. അതൊരു ഭംഗിയുള്ള കാഴ്ച തന്നെയാണ്. ചക്രവാളവും മലനിരകളും വേർതിരിക്കാനാവാത്തവിധം ചേർന്നു നിൽക്കുന്നതായി എനിക്കു തോന്നി. ഒന്നോ രണ്ടോ ദിവസം പ്രകൃതിയോട് ചേർന്നു നിൽക്കാനും ഹിമാലയത്തിന്റെ ഭംഗി ആസ്വദിക്കാനും വളരെയധികം പറ്റിയതാണ് ശാന്തവും സ്വച്ഛവുമായ ചൗക്കോരി. ആളുകൾ പലരും അവിടെ നിന്ന് ധാരാളം ഫോട്ടോ എടുത്തുകൊണ്ടിരുന്നു.

ചൗക്കോരിയിൽ നിന്ന് ഊണ് കഴിഞ്ഞ് പുറപ്പെട്ട യാത്രയെ കുറേ സമയം കഴിഞ്ഞപ്പോൾ കുറച്ച് പോലീസുകാർ കൈ കാട്ടി നിറുത്തി. തൊട്ടടുത്ത് കൊടി വച്ച പോലീസ് കാറുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ഞാൻ ഉത്ക്കണ്ഠാപൂർവ്വം അന്വേഷിക്കുമ്പോൾ ബസ്സുകൾ രണ്ടും പോലീസ് കാറിനു പുറകെ ലൈനപ്പ് ചെയ്യുകയായിരുന്നു. കൈ കാട്ടിയ പോലീസുകാർ ഐടിബിപിക്കാരത്രെ. അവർ ഞങ്ങളെ ഔദ്യോഗികമയി സ്വീകരിക്കാനെത്തിയതാണ്. അല്പസമയത്തിനുള്ളിൽ ഐടിബിപിയുടെ കൊടി വച്ച കാർ മുന്നിലും ബസ്സുകൾ രണ്ടും പിന്നിലുമായി യാത്ര തുടർന്നു. മുന്നിലെ പൈലറ്റ് കാർ ഞങ്ങളെ അവരുടെ കാമ്പിലേക്ക് ആനയിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ ബസ് നിന്നാൽ കാറും നിൽക്കും. കൈലാസ് യാത്രികരെ ഐടിബിപിക്കാർ വിനയബഹുമാനപുരസ്സരം സ്വീകരിക്കുന്നതായി എനിക്കു തോന്നി. കുറേ പോയപ്പോൾ വഴിയിലതാ വലിയൊരു കല്ലു കിടക്കുന്നു. കാറിനതിനെ കടന്നു പോകാനായെങ്കിലും ബസ്സിനത് സാധിച്ചില്ല. ഒടുവിൽ പൈലറ്റ് കാർ നിറുത്തുകയും എവിടെ നിന്നോ അവർ ഒരു കട്ടപ്പാര കൊണ്ടുവന്ന് പാറ പൊട്ടിച്ചുമാറ്റുകയും ബസ്സിന് മുന്നോട്ട് വഴിയൊരുക്കുകയും ചെയ്തു. ഏതാണ്ട് അര മണിക്കൂറെങ്കിലും പോലീസിന്റെ അകമ്പടിയിൽ യാത്ര ചെയ്ത ശേഷം ഞങ്ങൾ 'മൈത്രി' എന്ന് ഞാൻ വിളിക്കുന്ന മിർത്ഥിയിലെ ഐടിബിപിയുടെ അതിപ്രധാനമായ കേന്ദ്രത്തിലെത്തിച്ചേർന്നു.

അപ്പോൾ സമയം വൈകുന്നേരം നാലഞ്ചു മണിയായിക്കാണും എന്നാണണെന്റെ ഓർമ്മ. അവിടെ പ്രാദേശികവും പരമ്പരാഗതവുമായ നൃത്തവാദ്യങ്ങളോടെ അവർ ഞങ്ങളെ സ്വീകരിച്ചു. സ്വീകരിക്കാൻ അവരുടെ കമാന്റന്റ് തന്നെ എത്തിയിരുന്നു. തീർത്ഥയാത്രക്കാലത്ത് ഐടിബിപിക്കാരുടെ മുഖ്യമായ ജോലി യാത്രികരെ സഹായിക്കുക എന്നാണ്. അതവർ അങ്ങേയറ്റം ശുഷ്ക്കാന്തിയോടെ ചെയ്യുകയും ചെയ്യുന്നുണ്ട്. എത്തിയപാടേ എല്ലാവർക്കും കൂടിക്കാൻ വെള്ളം തന്നു. അതിവിടങ്ങളിലെ ഒരു ഉപചാരമാണ്. ഞങ്ങൾ വെള്ളം വാങ്ങിക്കുടിച്ചു. അതും ഉപചാരത്തിന്റെ ഭാഗം തന്നെ. അവരുടെ മതിൽക്കെട്ടിനകത്ത് ചെറിയൊരു ക്ഷേത്രമുണ്ട്. ഞാനുൾപ്പെടെ പലരും അവിടെ ദർശനം നടത്തി. പ്രസാദമായി തീർത്ഥവും കളഭവും കൽക്കണ്ടവും കിട്ടി... പിന്നീട് ഞങ്ങൾ അവരുടെ ക്യാമ്പിനകത്തേക്ക് പോയി.

ഐടിബിപിയുടെ നോട്ടീസ് ബോർഡിൽ പോയ വർഷങ്ങളിൽ കൈലാസം സന്ദർശിച്ച എല്ലാ ഗ്രൂപ്പുകളുടേയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ ഞങ്ങളുടെ ഫോട്ടോയും അവിടെ കാണും. രണ്ടാമതും മൂന്നാമതും യാത്ര ചെയ്യുന്നവർ തങ്ങളുടെ പഴയ ഫോട്ടോ അവിടെത്തന്നെ ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു.

യാത്ര ചെയ്യുന്ന ഓരോ ബാച്ചിന്റേയും ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിവിടെ വച്ചാണ്. അവർ ഞങ്ങളെ അതിനായി തയ്യാറാക്കിയ വേദിയിലേക്കാനയിച്ചു. ഓരോരുത്തരും നിൽക്കേണ്ട അല്ലെങ്കിൽ ഇരിക്കേണ്ട സ്ഥലം അവർ ഓരോരുത്തരുടേയും പേർ എഴുതി മാർക്ക് ചെയ്തിട്ടുണ്ട്. അവിടെ സ്ഥാനം പിടിക്കുകയേ വേണ്ടു. സംഘത്തിന്റെ രണ്ടറ്റത്തും ഓരോ ജവാന്മാർ നിൽക്കും. മുന്നിലെ നിരയിൽ നടുക്കായി അവരുടെ കമാന്റന്റ് ഇരിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളും പട്ടാളച്ചിട്ടയിലാണ്. ഫോട്ടോ എടുക്കൽ നിമിഷങ്ങൾ കൊണ്ട് കഴിയും.. പറഞ്ഞിട്ടെന്താ, ഫോട്ടോ വരുമ്പോൾ ചിലരുടെ തല കാണില്ല.. അവർ ആളുകളെ നിറുത്തുന്നത് ഉയരം നോക്കിയല്ല എന്നും യാത്രക്കാരുടെ ലിസ്റ്റ് നോക്കിയാണെന്നതും തന്നെ അതിന്റെ കാരണം. ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഉയരമല്ലേ നോക്കേണ്ടത്? വെറുതെയല്ല ഇവരെയൊക്കെ പോലീസ് എന്നു പറയുന്നത്...

വൈകുന്നേരത്തെ ചായ ഈ ക്യാമ്പിലായിരുന്നു. അതിഗംഭീരമായ ടീ പാർട്ടി തന്നെ. എന്തായിരുന്നു വിഭവങ്ങൾ എന്നൊന്നും ഓർക്കുന്നില്ല. ചായക്കു ശേഷം മുന്നോട്ടുള്ള യാത്രയുടെ വിശദമായ പവർ പോയന്റ് പ്രസന്റേഷനും സംശയം തീർക്കലുകളും പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളുമൊക്കെയാണ്. സത്യത്തിൽ ഇതൊരു ബോറൻ പരിപാടിയാണ്. യാത്രയെക്കുറിച്ചുള്ള ബ്രീഫിങ്ങ് ഇത് മൂന്നാമത്തേയോ നാലാമത്തേയോ തവണയാണ്. വേദിയിൽ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. അത് ആരായിരുന്നുവോ ആവോ? 'പർവ്വതങ്ങളിൽ ഞാൻ കൈലാസമാകുന്നൂ' എന്ന ഗീതയിലെ കൃഷ്ണന്റെ ഉദ്ബോധനം അദ്ദേഹം പ്രസംഗമദ്ധ്യേ ഞങ്ങളെ ഓർമ്മിപ്പിച്ചു... കൂടെ കൈലാസയാത്രയുടെ ധന്യതയും പരാമർശിക്കപ്പെട്ടു.

ഒരു മണിക്കൂറോളം നേരത്തെ കാര്യപരിപാടികൾക്കു ശേഷം ഞങ്ങൾ ഐടിബിപി ക്യാമ്പ് വിട്ടു... അവരുടെ കാറിന്റെ അകമ്പടിയോടെ തന്നെ... ധാർചുല എന്നെഴുതിയ ബോർഡ് കാണുന്നതു വരെ അവർ ഞങ്ങൾക്ക് വഴി കാണിച്ചു. തികച്ചും നിസ്വാർത്ഥമായ സേവനമാണീ പോലീസുകാർ ചെയ്യുന്നത്.

മൈത്രിയിൽ നിന്നും മുന്നോട്ടുള്ള പാത അത്യധികം അപകടം പിടിച്ചതാണ്. ഒരു വശത്ത് അഗാധതയിൽ അപകടകാരിയായ നദി. മറുവശത്ത് അപകടകരമായ മല. പോകുന്നത് എപ്പോഴും പുഴയിലേക്കിടിഞ്ഞു താഴാവുന്ന റോഡിലൂടെ... പോരാത്തതിന് ഹെയർപിൻ വളവുകളും... പുഴയിലേക്ക് നോക്കിയാൽ പേടി തോന്നും. പലയിടത്തും റോഡ് ഇടിഞ്ഞു പോയത് കാരണം യാത്ര ദുഷ്കരമായിരുന്നു. അവിടെ ബസ്സോടിക്കുന്ന ഡ്രൈവർമാരുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 30-ഓളം പേരുടെ ജീവനും കയ്യിൽ വച്ചാണ് അവർ ബസ്സോടിക്കുന്നത്. അത്തരം ദുർഘടമായ വഴിയിലൂടെ നിത്യേന വണ്ടിയോടിക്കുന്ന അവർക്ക് പ്രത്യേകമായ പാരിതോഷികമോ റിസ്ക് അലവൻസോ സർക്കാർ സ്ഥിരമായി കൊടുക്കണമെന്നെനിക്ക് തോന്നി. വഴിയിൽ എന്തെങ്കിലും അപകടം പറ്റിയാൽ സർക്കാറിനെ ഉത്തരവാദികളാക്കില്ലെന്നും നഷ്ടപരിഹാരം ചോദിക്കില്ലെന്നും അപകടത്തിനുത്തരവാദി താൻ തന്നെയാണെന്നും വെറുതെയല്ല സർക്കാർ യാത്രക്കാരനെക്കൊണ്ട് മുദ്രക്കടലാസിൽ എഴുതിച്ച് ഒപ്പിട്ടു വാങ്ങുന്നത്. അത്രക്ക് അപകടം പിടിച്ചതാണീ വഴിയിലെ യാത്ര.

കാണുമ്പോൾ തന്നെ പേടി തോന്നിപ്പിക്കുന്ന ഈ പുഴയും റോഡും നീണ്ടു നീണ്ടു കിടക്കുകയാണ്. ഓടിയിട്ടും ഓടിയിട്ടും ബസ്സ് ലക്ഷ്യത്തിലെത്താത്തതു പോലെ എനിക്ക് തോന്നി. കുറേ കഴിഞ്ഞപ്പോൾ ചുറ്റും ഇരുട്ടു വ്യാപിച്ചു. രാത്രിയാകുകയാണ്. ഇരുട്ടിൽ ബസ്സ് വീണ്ടും മുന്നോട്ട് പോയി. ഒടുവിൽ എട്ടു മണിയോടെ ബസ്സ് കെഎംവിഎൻ-ന്റെ ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നു. ബസ്സിന്റെ ശബ്ദം നിലച്ചപ്പോൾ കാളി നദി ഇരമ്പുന്ന ഗർജ്ജനം എനിക്ക് കേൾക്കായി. കാളി നദിയോട് ചേർന്നായിരുന്നൂ ഈ ഗസ്റ്റ് ഹൗസ്.

പോർട്ടറും പോണിയും ആവശ്യമുള്ളവർ ഇവിടെ റജിസ്റ്റർ ചെയ്യണം എന്ന നിർദ്ദേശം വന്നു. കുതിരക്കാണ് അവർ പോണി എന്നു പറയുന്നത്. പോർട്ടറെ വിളിക്കുകയാണെങ്കിൽ തിബത്തിലേക്കുള്ള ഇന്ത്യൻ അതിർത്തിവരെ അയാൾ യാത്രക്കാരന്റെ ബാഗ് ചുമന്നു കൊള്ളും. 5ഓ 6ഓ കിലോ ഭാരമുള്ള ബാഗ് നമ്മൾ നടക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമ്മുടെ പുറത്തു കിടന്നുകൊള്ളും. പക്ഷേ, പോർട്ടറില്ലാതെയുള്ള യാത്ര അപകടകരമാണെന്ന് അധികൃതർ പറയുമ്പോൾ മുമ്പ് കൈലാസയാത്ര നടത്തിയ പരിചയമില്ലാത്ത എന്നെപ്പോലെയുള്ളവർ എന്തു ചെയ്യും? ബാഗ് തൂക്കുക മാത്രമല്ല, അപകടകരമായ സ്ഥലങ്ങളിൽ അവർ നമ്മെ കൈ പിടിച്ചു നടത്തും എന്നു കൂടി പറയുമ്പോൾ അവരെ അവിശ്വസിക്കാനൊക്കുമോ? ഞാനാണെങ്കിൽ എന്റെ ബാഗ് ഞാൻ തന്നെ തൂക്കും എന്ന് മനസാ കരുതിയതും ആണ്. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ എനിക്കപരിചിതനെങ്കിലും രണ്ടു തവണ കൈലാസത്തിൽ പോയിട്ടുള്ള, മൂന്നാമത്തെ തവണയും ഇപ്പോൾ പോകുന്ന ഒരാളോട് പോർട്ടറുടെ ആവശ്യമുണ്ടോ എന്നന്വേഷിച്ചു. അയാളും പറഞ്ഞത് പോർട്ടർ സഹായിക്കാനില്ലെങ്കിൽ ഞാൻ കാളി നദിയിൽ ഒഴുകിപ്പോയേക്കുമെന്നാണ്. ഒടുവിൽ മനസ്സില്ലാമനസ്സോടെ ഞാൻ 300 രൂപ കൊടുത്ത് പോർട്ടറെ ബുക്ക് ചെയ്തു.

പറയുമ്പോൾ മുഴുവൻ പറയണമല്ലോ. 5ഉം 10ഉം കിലോ ഭാരം തൂക്കി ധാരാളം ദൂരം നടന്ന ശീലം എനിക്കുണ്ട്. ഞാൻ കൈലാസത്തിലും അതുപോലുള്ള "ഹിമാലയൻ" മലകളിലും പോയിട്ടില്ലെന്നേയുള്ളു. എന്താ അഗസ്ത്യകൂടവും മരുത്വാമലയും ഒന്നും മലയല്ലേ? അവിടെയൊക്കെ ഈ ഞാൻ ഒറ്റയ്ക്കല്ലേ എന്റെ ബാഗ് തൂക്കിയിരുന്നത്? ബാഗ് എനിക്കൊരു പ്രശ്നമല്ല. പിന്നെ പുഴയിലേക്ക് വീണു പോകുമോ എന്ന പേടിയേ എനിക്കുണ്ടായിരുന്നുള്ളു. കൈലാസത്തിലേക്ക് പോകുമ്പോൾ 6 ദിവസമാണ് ഞാൻ പോർട്ടറേയും കൂട്ടി നടന്നത്. ഇന്നായിരിക്കും പുഴയിലേക്ക് വീഴുന്ന അപകടകരമയ സ്ഥലം കാണുക എന്ന് ഞാൻ ഈ ആറു ദിവസവും മനസ്സിൽ കരുതി. ഒടുവിൽ തിബത്തിന്റെ അതിർത്തിയിലെത്തിയപ്പോൾ എനിക്ക് മനസ്സിലായി അങ്ങനെയുള്ള സ്ഥലമൊന്നും ഇല്ലെന്ന്. ഒരു പോർട്ടറുടെ കൂലി 8500 രൂപയാണ്. അതവർക്കൊരു വരുമാനമാർഗ്ഗമാണ്. അന്നാട്ടുകാർക്ക് അതു കിട്ടാനാണ് അധികൃതർ പോർട്ടർമാർക്കു വേണ്ടി യാത്രക്കാരെ ഇങ്ങനെ നിർബന്ധിക്കുന്നത്.

ഇനി പോർട്ടർമാരുടെ കാര്യമോ? പോർട്ടറെ വിളിക്കാമെന്ന് ഞാൻ തീർച്ചയാക്കുമ്പോൾ എന്റെ മനസ്സിൽ മറ്റൊന്നു കൂടി ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വലുതായി വശമില്ലെങ്കിലും അറിയുന്ന വിധത്തിൽ പോർട്ടറോട് നടന്നു പോകുന്ന സ്ഥലത്തെ കുറിച്ചും ഹിമാലയത്തെ കുറിച്ചും എല്ലാം ചോദിച്ചു മനസ്സിലാക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ പോർട്ടർമാരെ കണ്ടപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ച് പോയി. മീശ മുളയ്ക്കാത്ത പയ്യന്മാർ. കോളേജിൽ പഠിക്കാൻ പൈസ ഉണ്ടാക്കാനാണ് അവർ ഈ പോർട്ടർ വേഷം കെട്ടുന്നത്. അവർക്കുണ്ടോ ഹിമാലയത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ആധികാരികമായ അറിവ്? അവർക്കുണ്ടോ പ്രായമായവരെ കൈ പിടിച്ച് നടത്താനുള്ള ത്രാണി?

പോർട്ടറുടെ കാര്യം അവിടെ നിൽക്കട്ടെ. അതിന്റെ ബാക്കി പിന്നീട് പറയാം. ഞങ്ങൾ ഗസ്റ്റ് ഹൗസിലെ മുറിയിൽ സ്ഥാനം പിടിച്ചു. ചൂടു വെള്ളത്തിൽ വിശദമായി സുഖമായി കുളിച്ചു. പകൽ മുഴുവൻ ബസ്സിലിരുന്നതു മൂലമുള്ള ക്ഷീണം കുളി കഴിഞ്ഞപ്പോൾ പോയി. കുളി കഴിഞ്ഞ് ഭക്ഷണം. ഭക്ഷണം അതിഗംഭീരം തന്നെ. ഭക്ഷണവും വിഭവങ്ങളും കണ്ടാൽ, ചെയ്യുന്നത് ഒരു തീർത്ഥയാത്രയാണെന്ന് ആരും പറയുകയില്ല.

ഗസ്റ്റ് ഹൗസിന്റെ ഒരു വശം മുഴുവൻ ഗ്ലാസായതിനാൽ മുറിയിൽ നിന്നാൽ കാളി നദി നല്ല പോലെ കാണാം. പുഴയ്ക്ക് വലിയ വീതി ഉള്ളതായി എനിക്ക് തോന്നിയില്ല. പുഴയ്ക്കപ്പുറം ധാരാളം കെട്ടിടങ്ങൾ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിച്ചു കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു. അത് നേപ്പാൾ ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു. കാളി നദിയിൽ വെള്ളം കുത്തി മറിഞ്ഞൊഴുകുകയാണ്. നദി അലറുന്ന ശബ്ദം മുറിയിലും കേൾക്കാം.

കാളി നദിക്ക് മഹാകാളീനദി എന്നും കാളീഗംഗ എന്നും പറയുമത്രെ. പക്ഷേ നദിയെ കുറിച്ചുള്ള വർണ്ണനകൾ യാത്രയിലുടനീളം കേട്ടപ്പോൾ എനിയ്ക്ക് തോന്നിയത് ഇതിനെ ഭദ്രകാളീനദി എന്നു തന്നെ പറയണമെന്നാണ്. ഭദ്രകാളി എന്നു കേൾക്കുമ്പോൾ ചുകന്ന നാക്കു നീട്ടി ഒരു കയ്യിൽ വാളും മറുകയ്യിൽ ചോര ഇറ്റിറ്റു വീഴുന്ന തലയും കഴുത്തിൽ തലയോടുകൾ കൊണ്ടുണ്ടാക്കിയ മാലയും ആയി രൗദ്രഭാവത്തിൽ നിൽക്കുന്ന കാളിയുടെ രൂപമാണ് എന്റെ മനസ്സിൽ വരുക. കാളി നദിയും ഇങ്ങനെത്തന്നെയാണ്. അതെപ്പോഴും രൗദ്രയാണ്. ഒരാൾ അതിൽ വീണാൽ അയാളുടെ ശവം പോലും കിട്ടില്ല. കഴിഞ്ഞ തവണ ഒരു കൈലാസയാത്രികൻ അതിൽ വീണു പോയത്രെ. ശവം പോലും കിട്ടിയില്ല. പട്ടാളക്കാരും പുഴയിൽ ഒലിച്ചു പോയിട്ടുണ്ട്. അവരും തഥൈവ. മനുഷ്യർ മാത്രമല്ല മൃഗങ്ങളും കാളിയിൽ ഒഴുകിപ്പോകുന്നത് സർവ്വസാധരണമത്രെ. അപ്പോൾ ഈ നദിയ്ക്ക് കൂടുതൽ ചേരുക ഭദ്രകാളീനദി എന്ന പേരാണ്. എനിക്ക് അങ്ങനെയൊക്കെ പറയാം. കാരണം ഞാനിനി കാളി നദി കാണാനൊന്നും പോകുന്നില്ല. പക്ഷേ, എന്നും കാളിനദിക്കരയിൽ ജീവിക്കുന്നവർ അതിനെ ഭദ്രകാളീ എന്നൊക്കെ വിളിച്ച് പ്രകോപിപ്പിച്ചാൽ അതിന്റെ രൗദ്രഭാവവും ദ്രോഹവും കൂടുകയേയുള്ളു. അതുകൊണ്ടാണവർ വളരെ വിനയത്തോടെയും ബഹുമാനത്തോടെയും മഹാകാളീനദി എന്നു വിളിക്കുന്നത്.

ഇന്നത്തോടെ ബസ് യാത്ര അവസാനിച്ചിരിക്കുകയാണ്. നാളെ ഇനി ജീപ്പിലാണ് യാത്ര. അതും ഉച്ചവരെ. ഉച്ച കഴിഞ്ഞാൽ നടത്തം തുടങ്ങുകയാണത്രെ. അടുത്ത മൂന്നാഴ്ചത്തേക്ക് നഗരജീവിതത്തോട് വിട പറയുകയാണ്. വെറും കുന്നും മലകളും മരങ്ങളും പുഴകളും ആയിരിക്കും ഇനിയുള്ള ദിവസങ്ങളിലെ ചുറ്റുപാടുകൾ. മുന്നോട്ട് പോകുന്നത് പതിനൊന്നാം നമ്പർ ബസ്സിലും. വ്യത്യസ്തമായ അ ദിനങ്ങളെ ഓർത്തു കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും

അഭിപ്രായങ്ങളൊന്നുമില്ല: