രാത്രി ഒരു മണിയ്ക്ക് അലാറം വച്ചെഴുന്നേറ്റു. ടെന്റിൽ ലൈറ്റില്ലായിരുന്നു. ജനറേറ്റർ പ്രവർത്തിയ്ക്കുന്ന ശബ്ദം കേട്ടില്ല. അതായിരിക്കും ബൾബ് കത്താത്തത്. ഷൂസിടണം എന്നതൊഴിച്ചാൽ യാത്രയ്ക്ക് തയ്യാറായിട്ടാണ് ഞാൻ കിടന്നിരുന്നത്. ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ഷൂസിട്ടു. ജനറേറ്ററിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓരോ ദിവസവും രാത്രിയിൽ ടെന്റുകളിൽ കിട്ടുന്ന വെളിച്ചത്തെക്കുറിച്ചോർമ്മ വന്നത്. ഇതു പോലെ എന്തെല്ലാം കാര്യങ്ങൾ എഴുതാൻ വിട്ടു പോയിരിക്കും. ക്യാമ്പുകളിൽ വൈദ്യുതി വെളിച്ചമുണ്ട്. പക്ഷേ, നമ്മുടെ വൈദ്യുതിവകുപ്പിന്റെ കറന്റല്ലെന്നു മാത്രം. എല്ലായിടത്തും ജനറേറ്റർ ഉണ്ട്. അത് സന്ധ്യ മുതൽ രാത്രി 10 മണി വരെ പ്രവർത്തിയ്ക്കും. അതു കഴിഞ്ഞാൻ എങ്ങും അന്ധകാരം. കെഎംവിഎൻ ജോലിക്കാർ പോലും അപ്പോൾ കിടന്നു കഴിഞ്ഞിരിക്കും. അതുകൊണ്ട് സാധാരണ 8 മണിയ്ക്ക് മുമ്പേ ഞങ്ങൾക്ക് അത്താഴം കിട്ടാറുണ്ട്. ഭക്ഷണം തന്ന് പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കളയെല്ലാം വൃത്തിയാക്കാൻ സമയം കുറേ വേണമല്ലോ.
അലാറം വച്ചതെങ്ങനെയെന്നാണോ? അതിനല്ലേ മൊബൈൽ ഫോൺ. അതെന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. അതിപ്പോൾ മൊബൈൽ ഫോണായി പ്രവർത്തിയ്ക്കുന്നില്ലെന്നേ ഉള്ളൂ. മൊബൈൽ ഫോണിന്റെ കാര്യം പറഞ്ഞപ്പോൾ അതിന്റെ ഒരു ദോഷമാണ് മനസ്സിൽ വരുന്നത്. പണ്ട് പ്രേമിയ്ക്കുമ്പോൾ കാമുകീകാമുകന്മാർക്ക് അവരുടെ സമാഗമത്തേക്കാൾ കൂടുതൽ അവരുടെ വിരഹമായിരുന്നു. അമ്പലത്തിലോ കോളേജിലോ വച്ച് കണ്ടാലായി. പക്ഷേ, കാണാത്ത സമയമായിരുന്നു കൂടുതൽ. വിരഹം..... കടുത്ത വിരഹം....
പക്ഷേ ഈ വിരഹം നൽകുന്ന ആ സുഖമുണ്ടല്ലോ, അത് അവരുടെ സാമീപ്യം പോലെ തന്നെ ഹൃദയഹാരിയായിരുന്നു. അപ്പോഴാണ് പ്രേമം ശരിയ്ക്ക് വളരുന്നത്. കാണാതിരിക്കുമ്പോൾ രണ്ടു പേർക്കും എന്തൊക്കെ ആലോചിക്കാനുണ്ട്?
"എങ്ങു പോയ്, എങ്ങു പോയ് എൻജീവനായകൻ
എൻ പ്രേമ സാമ്രാജ്യ സാർവ്വഭൗമൻ?"
എന്ന് കാമുകി വ്യാകുലപ്പെടുമ്പോൾ
"എങ്ങുനിന്നെങ്ങുനിന്നെത്തിയെന്നോമനേ
എൻ പ്രേമ സാമ്രാജ്യ റാണിയാവാൻ?"
എന്നു കാമുകൻ സ്വപ്നം കാണുകയായിരിയ്ക്കും. ഇന്നതൊക്കെ പോയി. വിരഹത്തിന്റെ മധുരനൊമ്പരം ഇന്നില്ല. കാമുകിയെ കണ്മുന്നിൽ കാണാതാവുമ്പോൾ സെൽ ഫോണിൽ ഒരു വിളി മതി. ഫോണിന്റെ അങ്ങേ തലയ്ക്കൽ അവളുണ്ടാകും. പിന്നെ എന്ത് വിരഹം?
ഞാൻ എഴുന്നേൽക്കുമ്പോൾ അരവിന്ദ് ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേയ്ക്കാൻ പുറത്തേയ്ക്ക് പോയി. ഈ അർദ്ധരാത്രിയിൽ എന്തു പല്ലുതേപ്പ് എന്നായിരുന്നു എന്റെ തോന്നൽ. ഒരു സഹയാത്രികനും അതിനെ പിന്താങ്ങി. ഞാൻ ഒന്നേകാലോടെ ബാഗെല്ലാം പൂട്ടി യാത്രയ്ക്ക് തയ്യാറായി. ഇനി ചായ വരണം, ബോൺവിറ്റ വരണം, രണ്ടു മണി ആകണം; എന്നിട്ടേ യാത്രയുള്ളു. ഞാൻ അവിടെ ഇരുന്നു. ഇതിനിടയ്ക്ക് എന്നെ പിന്താങ്ങിയ സഹയാത്രികനും ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേയ്ക്കാൻ പുറത്തേയ്ക്ക് പോയി; ഇതൊരു പകർച്ചവ്യാധിയാണെന്ന ന്യായവും പറഞ്ഞു കൊണ്ട്. പിന്നെ ഞാനും വൈകിയില്ല, ആ പകർച്ചവ്യാധിക്കടിപെട്ടു. പല്ലു തേച്ച് വായിൽ വെള്ളമൊഴിക്കുമ്പോൾ പല്ലുകൾ കോച്ചിപ്പോയി. അസഹനീയമല്ലേ വെള്ളത്തിന്റെ തണുപ്പ്? എന്നാലും ആ തണുത്ത വെള്ളം കൊണ്ട് മുഖവും കഴുകി. തിരിച്ച് ടെന്റിലെത്തുമ്പോൾ ചായ റെഡി; ജനറേറ്ററും ലൈറ്റും പ്രവർത്തിക്കുന്നുണ്ട്. ചായ വാങ്ങി കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബോൺവിറ്റ റെഡിയെന്ന അറിയിപ്പ് വന്നു. ഡൈനിങ്ങ് ഹാളിലെത്തുമ്പോൾ ബോൺവിറ്റ കൂടാതെ കോൺഫ്ലെയ്ക്സും പാലും കൂടെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ബോൺവിറ്റയേ കുടിച്ചുള്ളു.
രണ്ടു മണിയോടെ എല്ലാവരും യാത്രയ്ക്ക് തയ്യാറായി. എല്ലാവരുടെ കയ്യിലും ടോർച്ചുണ്ട്. ചിലരുടെ നെറ്റി(തല)യിലാണ് ടോർച്ച്. കെഎംവിഎൻ ഫ്രീ ആയി തന്ന സാധാ ടോർച്ച് മുതൽ തലയിൽ പിടിപ്പിക്കുന്ന വിലകൂടിയ ടോർച്ച് വരെ ഉള്ളവർ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇത്തരം സാധനങ്ങളെ കുറിച്ച് പിന്നീടൊരിക്കലെഴുതാം.
രാത്രി ഏതാണ്ട് രണ്ടര മണിയോടെ സംഘം മുന്നോട്ട് നീങ്ങി. മുന്നിൽ മൂന്നാലു ഐടിബിപിക്കാരാണ്. തൊട്ടു പുറകെ ഞങ്ങൾ മലയാളികളും. ടോർച്ചിന്റെ വെളിച്ചമല്ലാതെ മറ്റൊരു പ്രകാശവുമില്ല. ആകാശത്ത് ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ല. ആകപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം.
ഞങ്ങൾ നടന്നു. മിക്കവാറും കയറ്റമാണ്. പോകുന്നത് ഏതോ അരുവിയുടെ തീരത്തു കൂടിയാണ്. അതിന്റെ കളകളാരവം കേട്ടുകൊണ്ട് ഞങ്ങൾ നടന്നു. ഇപ്പോൾ ചുറ്റും ഭീമാകാരന്മാരായ മലനിരകളില്ല. പേടിപ്പെടുത്തുന്ന ഗർത്തങ്ങളില്ല. നയനമനോഹരമായ പൂക്കളും പൂന്തോട്ടങ്ങളുമില്ല. എങ്ങും കൂരിരുട്ടു മാത്രമല്ലേ ഉള്ളൂ? വഴിയിൽ അങ്ങിങ്ങായി സൂര്യപ്രകാശത്തിൽ പ്രവർത്തിയ്ക്കുന്ന വിളക്കുകൾ മങ്ങി പ്രകാശിക്കുന്നുണ്ട്. പുറകോട്ടു നോക്കിയാൽ പൊട്ടു പോലെയുള്ള വെളിച്ചം നിരനിരയായി നീങ്ങുന്നത് കാണാം. സംഘത്തിലെ യാത്രികർ നടന്നു നീങ്ങുന്നതാണത്. ടോർച്ചാണാ പൊട്ടു പോലെയുള്ള വെളിച്ചത്തിനാധാരം. നല്ലപോലെ ശ്രദ്ധിച്ചാൽ കുതിരകളുടെ കഴുത്തിലെ ചെമ്പു കൊണ്ടുള്ള മണി കിലുങ്ങുന്ന ശബ്ദം കേൾക്കാം. യാത്രികരിൽ നല്ലൊരു ഭാഗം കുതിരപ്പുറത്തല്ലേ സഞ്ചാരം.
നടക്കും തോറും കയറ്റത്തിന്റെ ചെരിവ് കൂടിക്കൂടി വരികയാണ്. ബി.പി. കൂടുതലാണെന്ന് നെഞ്ചിലെ അസ്വസ്ഥത വിളിച്ചറിയിക്കുന്നുണ്ട്. എങ്കിലും ഞാൻ നടന്നു; കയറ്റങ്ങൾ കയറി. ഇപ്പോൾ നല്ല പോലെ കിതയ്ക്കുന്നുണ്ട്. ശ്വാസോച്ഛ്വാസം ഇപ്പോൾ വായിലൂടെ ആണ്. വായ തുറന്നു പിടിച്ചാണ് നടത്തം. നടക്കുമ്പോൾ ആദ്യം 'ആഹ്' എന്ന് പറയും; അപ്പോൾ ശ്വാസം നടക്കും. പിന്നീട് 'വൂ' എന്നു പറയും. അപ്പോൾ ഉച്ഛ്വാസം നടക്കും. ഇങ്ങന്നെ ഹാ... വൂ.... ഹാ... വൂ... എന്ന് വായ കൊണ്ട് (ശബ്ദം തനിയേ വരുന്നതാണ്!!) താളത്തിൽ ശ്വാസോച്ഛ്വാസം ചെയ്ത് മൂന്നാം കാലിന്റെ സഹായത്തോടേ (ചൂരൽ വടി കുത്തിക്കൊണ്ട്) "പതിനൊന്നാം നമ്പർ ബസ്" എന്നെ മുന്നോട്ട് നയിച്ചു. ഇപ്പോൾ മൂക്കിന്റെ യാതൊരാവശ്യവും ഇല്ലെന്നെനിയ്ക്ക് തോന്നി. പലപ്പോഴും ഞങ്ങൾ നിന്നു. എല്ലാവരും ഒപ്പമെത്താൻ. 4 മണി ആയപ്പോഴേയ്ക്കും ഞങ്ങൾ പകുതി ദൂരം പിന്നിട്ടിരുന്നു.
അഞ്ചു മണിയാകുമ്പോൾ നേരം വെളുക്കുകയും യാത്രയിൽ ആദ്യമായി ഞാൻ "ഹിമാലയ"മലനിരകൾ കാണുകയും ചെയ്തു. ഇതു വരെയും ഹിമാലയത്തിൽ വളരെ അപൂർവ്വമായി മാത്രമേ ഹിമാലയത്തെ ഹിമ ആലയമാക്കുന്ന ഹിമം കണ്ടിരുന്നുള്ളു. ബുധിയിൽ വച്ചും ഗുഞ്ചിയിൽ വച്ചും പേരിന് മാത്രമാണ് ഈ മഞ്ഞ് കണ്ടത്. തദ്ദേശീയർ ഈ മഞ്ഞിനെ ബർഫ് എന്നു പറയുന്നു. ഇപ്പോൾ ഈ സുര്യോദയത്തിൽ ഞാൻ ചുറ്റും കാണുന്നത് അക്ഷരാർത്ഥത്തിൽ ഹിമാലയമാണ്. അത്യധികമായ ഉയരത്തിലൂടെ ആണ് ഞങ്ങളിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 16000 അടി ഉയരെയാണ് ഞങ്ങളിപ്പോൾ. അന്തരീക്ഷത്തിൽ ഓക്സിജൻ കുറവായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടായിരിക്കാം ശ്വാസോച്ഛ്വാസത്തിന് ഇത്ര ബുദ്ധിമുട്ട്. കയ്യിൽ എവിടെയെങ്കിലും കർപ്പൂരം കെട്ടി വയ്ക്കണമെന്നും ഇടയ്ക്കിടയ്ക്ക് അത് മൂക്കിനടുത്തു വച്ച് വലിച്ചു ശ്വസിക്കണമെന്നുമാണ് നിർദ്ദേശം. പക്ഷേ, ഞാനതിനൊന്നും മിനക്കെട്ടിരുന്നില്ല. ഇവിടെ മലയിൽ മരങ്ങളില്ല. പുല്ലു പോലും ഇല്ല. എവിടെ നോക്കിയാലും വെള്ളനിറം മാത്രം. മുന്നോട്ടുള്ള വഴിയുടെ ഇരുവശങ്ങളിലും മഞ്ഞാണ്. വെള്ളം കെട്ടിക്കിടക്കുന്നതു പോലേയും ചെറിയ തടാകം പോലേയും പുഴ ഒഴുകി വരുന്നതു പോലേയും ഒക്കെ തോന്നിപ്പിക്കുന്ന ഹിമശേഖരങ്ങൾ. വഴിയിൽ കണ്ട ഹിമശേഖരത്തിൽ ഞാൻ എന്റെ മൂന്നാം കാൽ, (കുത്തി നടക്കുന്ന വടി), അമർത്തി നോക്കി. അമർത്തുന്നിടത്തെല്ലാം ചെറിയ കുഴിയുണ്ടാകുന്നു. ഞാൻ ആ മഞ്ഞ് കൈ കൊണ്ട് വാരിയെടുത്തു. ഞാനതിൽ നടന്നു നോക്കി. കാലതിൽ അമർന്നു പോകുന്നു. ചിലയിടത്ത് വടി കൊണ്ട് കുത്തുമ്പോൾ മഞ്ഞ് ചെറിയ കട്ടകളോ പാളികളോ ആയി ഇളകിപ്പോന്നു. ഇനിയും വേറേ ചില സ്ഥലങ്ങളിൽ മഞ്ഞ് പാറ പോലെ ഉറച്ച് കിടക്കുകയാണ്. അത് പൊട്ടുന്നില്ല. അത് പൊട്ടിക്കണമെങ്കിൽ ചുറ്റികയോ കട്ടപ്പാരയോ വേണ്ടി വരും. അതിലെങ്ങാൻ ചവിട്ടിയാൽ വഴുക്കി വീണ് എല്ലു പൊട്ടും. എന്തെല്ലാം തരം മഞ്ഞുകട്ടകൾ.
ഈ പരിശോധനയൊക്കെ നടക്കുമ്പോഴും എന്റെ വായ തുറന്നു തന്നെയാണ്. കയറ്റം കൂടുതൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹാ.......വൂ.........ഹാ........വൂ...... എന്ന ശ്വാസോച്ഛ്വാസം ഇപ്പോൾ ഹാ.... ഹാ.... എന്നായിരിക്കുന്നു. ശക്തമായി കിതയ്ക്കുകയാണ്. കിതപ്പിന്റെ ശബ്ദവും താളവുമാണ് ഈ ഹാ.. ഹാ.
നടത്തം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് മഴ പെയ്യാൻ തുടങ്ങി. റെയിൻകോട്ട് ധരിച്ചിരുന്നതിനാൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. മഴ മാത്രമോ? എല്ലു തുളയ്ക്കുന്ന തണുപ്പ്, ......... സഹിയ്ക്കാനാവാത്ത കാറ്റ്,... പോരാത്തതിന് കടുത്ത വിശപ്പും..... എങ്ങനെയൊക്കയോ നടന്ന് നടന്ന് അവസാനം ഞങ്ങൾ ചൈനയുടെ അതിർത്തിയായ ലിപുലേഖ് എന്ന സ്ഥലത്തെത്തി.
ലിപുലേഖ് - ഒരു മൊട്ടക്കുന്ന്, ഒരതിർത്തിയിൽ നാം പ്രതീക്ഷിച്ചേക്കാവുന്ന ഒന്നും അവിടെ ഇല്ല. പട്ടാളക്കാരുടെ സാന്നിദ്ധ്യമോ, ഒരു കെട്ടിടമോ, അതിർത്തി തിരിക്കുന്ന ഒരു വേലിയോ മനുഷ്യനിർമ്മിതമായ എന്തെങ്കിലുമോ അവിടെ ഇല്ല. അവിടെ നിന്നുകൊണ്ട്, അപ്പുറത്തേയ്ക്ക് നോക്കിയാൽ വളരെ താഴ്ന്ന പ്രദേശങ്ങളാണ്. കാരണം വ്യക്തം,..... കയറ്റത്തിന്റെ പാരമ്യത്തിലാണ് ഞങ്ങളിപ്പോൾ...... സമുദ്രനിരപ്പിൽ നിന്ന് 17000-ത്തോളം അടി ഉയരെയാണ് ഞങ്ങളിപ്പോഴുള്ളത്. ഇനിയുള്ളത് ഇറക്കത്തിന്റെ ചുവടുകളാണ്. അത് ചൈനയിലേക്കാണ് എന്നു മാത്രം. താഴെയുള്ള ആ സ്ഥലങ്ങളെല്ലാം മഞ്ഞു മൂടിക്കിടക്കുകയാണ്. ഒരു മരമോ പുൽക്കൊടിയോ കണ്ണിൽ പെടാനില്ല.
മഴ ശക്തമായി പെയ്യാൻ തുടങ്ങി. ഇടയ്ക്ക് വെളുത്ത മഞ്ഞിൻകണങ്ങളും വീഴുന്നുണ്ടായിരുന്നു. പൊടിപൊടിയായി മഞ്ഞു വീഴുന്നത് നല്ല രസകരമായി എനിയ്ക്ക് തോന്നി. അത് വീണ നിലമെല്ലാം വെള്ളനിറമായി മാറുന്നുണ്ടായിരുന്നു. അവിടെ കിടന്ന വലിയ വലിയ കറുത്ത കല്ലുകളെ ഈ മഞ്ഞിൻകണങ്ങൾ വെള്ളനിറമുള്ളതാക്കി മാറ്റി. മഴയും കൊണ്ടുകൊണ്ട് ഞങ്ങൾ,....... യാത്രികർ, പോർട്ടർമാർ, കുതിരകൾ, കുതിരക്കാർ, ഐടിബിപിക്കാർ.... മാമലയുടെ ആ അത്യുന്നതിയിൽ കൂട്ടം കൂടി നിന്നു. കൂടെ കുതിരപ്പുറത്തുള്ള ഞങ്ങളുടെ ലഗേജും.
തണുപ്പ് അസഹ്യം, വയറാണെങ്കിൽ വിശന്നു കരിയുന്നു. മഴ നനഞ്ഞ ഞാൻ ആകെ വിറയ്ക്കാൻ തുടങ്ങി. നിൽക്കാൻ പറ്റുന്നില്ല. അവസാനം ഞാനവിടെ ഒരു കല്ലിന്മേൽ ഇരുന്നു. ഇനിയുള്ള യാത്ര തിബറ്റിലാണ്. ഇനി ഈ പോർട്ടർമാർ ഞങ്ങളെ അകമ്പടി സേവിക്കില്ല. അവർ, ഇനി ഞങ്ങൾ തിരിച്ച് ഇവിടെ എത്തുന്ന ദിവസം വീണ്ടും ഞങ്ങളെത്തേടി ഇവിടെ കാണും. ഞാനെന്റെ പോർട്ടർക്ക് നാലായിരം രൂപ എണ്ണിക്കൊടുത്തു. 200രൂപ ഒരുത്തൻ കൈപ്പറ്റുകയും ചെയ്തു. ഇനിയും പോർട്ടർമാരെ വേണ്ടവർക്ക് തിബറ്റിൽ നിന്ന് തദ്ദേശീയരെ വിളിയ്ക്കാം. തിബറ്റിൽ എനിയ്ക്ക് പോർട്ടർ വേണ്ട. ആ തീരുമാനം ഞാൻ നേരത്തേ എടുത്തിരുന്നു.
ഏഴുമണി കഴിഞ്ഞിരിക്കുന്നു. കൃത്യസമയത്തു തന്നെ അതിർത്തിയിലെത്തിയിട്ടുണ്ട്. ഒരു തെർമോമീറ്ററുണ്ടായിരുന്നെങ്കിൽ അന്തരീക്ഷത്തിലെ ഊഷ്മാവ് എത്രയെന്നറിയാമായിരുന്നു എന്നെനിയ്ക്ക് തോന്നി. പക്ഷേ അത് കയ്യിലില്ലല്ലോ. അകലെ താഴോട്ട് നോക്കുമ്പോൾ ചൈന, അല്ല തിബറ്റ് കാണാം. ഞങ്ങളുടെ ക്ഷമ പരിശോധിച്ചു കൊണ്ട് സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ട്രാഫിക് ജാമിലകപ്പെട്ട ബസ്സിനെപ്പോലെ ഞങ്ങളുടെ സംഘം അവിടെ കുടുങ്ങിക്കിടന്നു, മുന്നോട്ടുള്ള പ്രയാണവും കാത്ത്. അപ്പോൾ അകലെ മലയുടെ ചുവട്ടിൽ നിന്ന് ഒരു സംഘം യാത്രികർ ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നടുക്കുന്നത് ഞാൻ കണ്ടു. കൈലാസ് മാനസസരോവർ യാത്രയുടെ നാലാമത്തെ ബാച്ച് കൈലാസദർശനം കഴിഞ്ഞ് തിരിച്ചു വരികയാണ്, ചൈനീസ് പട്ടാളക്കാരുടെ അകമ്പടിയോടെ. അവരെല്ലാം ലിപുലേഖ് വഴി ഇന്ത്യയിലേക്ക് കടക്കുന്നതു വരെ ഞങ്ങളവിടെ അക്ഷമരായി നിന്നു.
നാലാം ബാച്ചുകാർ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി. ചൈനീസ് പട്ടാളക്കാർ ഞങ്ങളെ ഓരോരുത്തരേയായി വിളിച്ച്, പാസ്പോർട്ട് വാങ്ങി, പരിശോധിച്ച്, മുഖം നോക്കി യഥാർത്ഥ യാത്രക്കാരൻ തന്നെ എന്നുറപ്പു വരുത്തി ടിബറ്റിന്റെ മണ്ണിലേക്ക് കടത്തി വിട്ടു. ഭൂമിയെ സംബന്ധിച്ചിടത്തോളം അത് മലയുടെ മറുവശമേ ആകുന്നുള്ളു. നമ്മൾ മനുഷ്യർക്കോ? രണ്ടു രാജ്യങ്ങളും! പാസ്പോർട്ട് പരിശോധിക്കുമ്പോഴും തുടർന്നും മഴ പെയ്തു കൊണ്ടിരുന്നു. കനത്തതല്ലായിരുന്നു എന്നു മാത്രം.
ലിപുലേഖിനപ്പുറം കുത്തനെ ഉള്ള ഇറക്കമാണ്. വഴി നിറയെ വഴുക്കലുള്ള മഞ്ഞും. പലരും അടി തെറ്റി വീണു. . . . .. വീഴാതിരിക്കാൻ സഹായിക്കാനായി ചൈനീസ് പട്ടാളക്കാർ വഴിയിൽ നിൽപ്പുണ്ടായിട്ടും. . . . .. ചൈനീസ് പട്ടാളക്കാർ തന്ന ഒരു കൈ സഹായവും വാങ്ങി ഞാൻ വീഴാതെ മുന്നോട്ട് നീങ്ങി. കൈ തന്ന പട്ടാളക്കാരിൽ പെണ്ണുങ്ങളും ഉണ്ടായിരുന്നു.
നടക്കുമ്പോൾ ഞനോർത്തു; ഭഗവാൻ ബുദ്ധനെ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ടിബറ്റിന്റെ മണ്ണിലാണല്ലോ ഞാനിപ്പോഴുള്ളത് എന്ന്. ആ ഓർമ്മ എന്നെ സന്തോഷിപ്പിച്ചെങ്കിലും ടിബറ്റിപ്പോൾ ചൈനയുടെ അടിമ രാജ്യമാണല്ലോ എന്ന ചിന്ത ആ സന്തോഷത്തെ മായ്ച്ചു കളയുക തന്നെ ചെയ്തു. മഞ്ഞിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്റെ മുന്നിലും പിന്നിലും എന്റെ സഹയാത്രികരുണ്ടായിരുന്നു.
അകലെയായി ബസ് കിടക്കുന്നു. അത് ഞങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്. ചൈനയിലെ യാത്ര ബസ്സിലാണ്. നടക്കുമ്പോൾ ജീപ്പുകൾ കണ്ടു. പക്ഷേ അവ ഞങ്ങൾക്ക് വേണ്ടിയല്ലായിരുന്നു. വഴിയിൽ കുതിരകളുണ്ട്. ഒരു കുതിരക്കാരൻ എന്നെ നിർബന്ധമായി അതിൽ പിടിച്ചു കയറ്റി. ശരീരം അത്യധികം കുലുങ്ങുന്നുണ്ടായിരുന്നെങ്കിലും കുതിരപ്പുറത്തുള്ള അനുഭവം കൊള്ളാമായിരുന്നു. ഏതാണ്ട് 2 കിലോമീറ്റർ ഞാൻ കുതിരപ്പുറത്ത് പോയിക്കാണും. അപ്പോൾ ബസ്സിനടുത്തെത്തി. വയർ കത്തിക്കാളുന്നതല്ലേ? വേഗം ഞാൻ അതിൽ കയറി ഇരിക്കുകയും ചെയ്തു. ബാഗിൽ തിന്നാനുള്ളതൊന്നും ഇല്ലായിരുന്നു. കുതിരപ്പുറത്തുള്ള അനുഭവം എഴുതുന്നത് പിന്നീടെപ്പോഴെങ്കിലും ആകട്ടെ.
എല്ലാവരും ബസ്സിലെത്തിയപ്പോൾ ബസ്സ് പുറപ്പെട്ടു. തിബറ്റിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവാണ്. ബസ്സിന്റെ വാതിൽ വലതു വശത്താണ്. എല്ലാം നമ്മുടെ ഇന്ത്യയിലേതിൽ നിന്ന് വിഭിന്നം. കുന്നും മലയും മലഞ്ചെരിവുകളും താണ്ടി ബസ്സ് നഗരത്തിലെത്തി. ഒരു മണിക്കോറോളം ഓടിയ ബസ്സ് ചൈനയുടെ Border Checking Office-ൽ എത്തിയാണ് നിന്നത്. ഡൽഹിയിലെ എംബസി മന്ദിരങ്ങളെ ഓർമമ്മിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടം. അവിടെ ഞങ്ങൾ ഇറങ്ങി. അവരുടെ കസ്റ്റംസ് ക്ലിയറൻസ് ഓഫീസാണത്. ഞങ്ങൾ അതിനകത്ത് കയറി. വിശാലമായ ഹാളിൽ ഞങ്ങളുടെ ബാഗുകളും ലഗേജും കൂട്ടിവച്ച് ചൈനക്കാർ അതിൽ മരുന്നു തളിച്ചു. കൃമികീടങ്ങളേയും രോഗാണുക്കളേയും അകറ്റുകയായിരിക്കും. ആകട്ടെ. ഇന്ത്യക്കാരൻ ഇതൊക്കെ ആയിട്ടാണ് യാത്ര ചെയ്യുന്നതെന്ന് അവർ കരുതുന്നുണ്ടോ ആവോ? പിന്നെ ഒരു ഇലക്ട്രോണിക് ഉപകരണം അതിന്മേൽ കാണിച്ചു. അതെന്തായിരുന്നുവോ ആവോ!! പിന്നീട് ബാഗുകൾ എക്സ്-റേ മെഷീനിൽ സ്കാൻ ചെയ്തു; ഞങ്ങൾ ഒരോരുത്തരേയായി ഒരു സ്ഥലത്ത് ഒരഞ്ചു സെക്കന്റ് നിറുത്തി. അതെന്തിനായിരുന്നുവോ ആവോ?, ഒരു പക്ഷേ, ഞങ്ങളേയും രോഗാണുമുക്തരാക്കാൻ അവരെന്തെങ്കിലും ചെയ്തതാകാം! ചെയ്യട്ടെ. എന്നാലും യാങ്കികൾ ചെയ്യുന്നതുപോലെ തുണി ഊരാനൊന്നും പറയുന്നില്ലല്ലോ; സമാധാനം. ഒടുവിൽ എല്ലാവരും വീണ്ടും ബസ്സിൽ തന്നെ എത്തിച്ചേർന്നു. ബസ്സ് ഞങ്ങളെ താമസിക്കാനുള്ള ഹോട്ടലിൽ എത്തിക്കുകയും ചെയ്തു.
കസ്റ്റംസ് ഓഫീസ് മുതലുള്ള വഴിയിൽ ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി ഒരു നഗരത്തിൽ കാണാവുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ട്. മലയിറങ്ങി ബസ്സ് പുറപ്പെടുന്ന സ്ഥലം മുതൽ പുഴയുണ്ട്. എല്ലായിടത്തും മലയുണ്ട്, ഇതാണ് ടിബറ്റൻ ഹിമാലയം. വഴിയ്ക്കിരുവശങ്ങളിലും വയലുകളുണ്ട്, കൃഷിയുണ്ട്, ജലസേചനമുണ്ട്; വയലുകളിൽ വിളവുമുണ്ട്.
ഇന്ത്യൻ ഹിമാലയം പോലെയല്ല ടിബറ്റൻ ഹിമാലയം. ധാരാളം പരന്ന സ്ഥലങ്ങൾ; ഉയരം കുറഞ്ഞ അപകടകരമല്ലാത്ത മലകൾ.
ഹോട്ടലിലെത്തി ഞങ്ങൾ റൂമെടുത്തു. അവർ തരുന്ന താക്കോലുമായി മുറിയിലേക്ക് പോയാൽ മതി. പണമൊന്നും ഇപ്പോൾ കൊടുക്കേണ്ട. അതെല്ലാം വിസയ്ക്കൊപ്പമാണ്. 750 ഡോളറല്ലേ ആകെ കൊടുക്കേണ്ടത്. റൂമിലെത്തി അധികം വൈകാതെ ഭക്ഷണം കിട്ടി. ഫ്രൈഡ് റൈസ്, വെജിറ്റബിൾ സൂപ്പ്.. എല്ലാം വയറു നിറയെ കഴിച്ചു.
ഞങ്ങൾ താമസിക്കുന്നത് പുരങ് ഹോട്ടലിലാണ് എന്ന് മുറിയിലെ ഒരു നോട്ടീസിൽ നിന്ന് മനസ്സിലായി. ചൈനക്കാരന്റെ ഇംഗ്ലീഷാണ് ബഹുകേമം. HOTAL എന്നാണവർ എഴുതിയിരിക്കുന്നത്. REMOTE CONTROL-ന് REMOVED CONTROL എന്നും THICK MATTRESS-ന് THIK MATERS എന്നുമാണവർ എഴുതി വച്ചിട്ടുള്ളത്. ഒരു മിലിറ്ററി ക്യാമ്പിന്റെ മുന്നിൽ വളരെ വലിയൊരു ബോർഡിൽ എഴുതി വച്ചതു പോലും തെറ്റാണ്. അവർ അവിടെ എഴുതിവച്ചതിങ്ങനെയാണ് - - - “DON’T COME CLOSE TO THE MILITARY RESTRICYED AREA”. വേണ്ടിയിരുന്നത് RESTRICTED എന്നായിരുന്നു.
ഈ സ്ഥലം തക്കലക്കോട് ആണത്രെ. ഒരു സ്ഥലത്തും തക്കലക്കോട് എന്ന പേര് എഴുതിവച്ചതായി ഞാൻ കണ്ടില്ല. അങ്ങനെ ഒരു പേരെഴുതിയ ഏതെങ്കിലും ബാങ്കോ കച്ചവടസ്ഥാപനമോ എങ്ങും കാണായില്ല. തക്കലക്കോട് എന്നു നാം പറയുന്നുണ്ടെങ്കിലും പുരങ് എന്നാണ് അവർ ആ സ്ഥലത്തിനു വിളിക്കുന്നതെന്നാണ് ചുറ്റുപാടിൽ നിന്നെനിയ്ക്ക് മനസ്സിലായത്. എഴുത്തെല്ലാം ചൈനീസിലാണെന്നതും അതിനൊരു കാരണമാകാം. സാധിക്കാവുന്ന സ്ഥലങ്ങളിലെല്ലാം ചീനൻ അവന്റെ ചെങ്കൊടി പാറിപ്പിച്ചിട്ടുണ്ട്.
ഫിനാൻസ് കമ്മിറ്റി 750 ഡോളറും പാസ്പോർട്ടും ഞങ്ങളുടെ കയ്യിൽ നിന്ന് ശേഖരിച്ചു. വിസയുടെ കാര്യമെല്ലാം അവർ നോക്കിക്കൊള്ളും. ചൈനയുടെ യുവാൻ കിട്ടുവാനും അവർ ഞങ്ങളോട് ഡോളർ വാങ്ങി. ചൈനയിൽ ചെലവാക്കാൻ അവിടത്തെ പണം വേണല്ലോ.
ഞങ്ങൾക്ക് വേണ്ട ഭക്ഷണകാര്യമൊക്കെ ചൈനക്കാർ ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട്. നമുക്കാണെങ്കിൽ ചൈനീസ് ഭക്ഷണം ഇഷ്ടക്കേടൊട്ടില്ല താനും. ഭക്ഷണത്തിനുള്ള പൈസയൊക്കെ ചൈനയ്ക്ക് വിസയുടെ കൂടെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും തോന്നുന്നു. എന്നിട്ടും ഞങ്ങളുടെ ഭക്ഷണ കമ്മിറ്റി അവരെ തിരസ്ക്കരിച്ചു. അവർ അഞ്ചോ ആറോ നേപ്പാളീസ് കുക്കുമാരെ ഏർപ്പാടാക്കി. ഭക്ഷണമുണ്ടാക്കാൻ. അവർക്കുള്ള കൂലി ഞങ്ങൾ യാത്രികർ കൊടുക്കണം. (ഒരു ലക്ഷം രൂപ പിരിച്ചു വച്ചിട്ടുണ്ടാല്ലോ. പിന്നെ പേടിയ്ക്കാനെന്താ?) കമ്മിറ്റിക്കാർ പച്ചക്കറിയും മറ്റും വാങ്ങാനുള്ള തിരക്കിലാണ്.
എനിയ്ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. അതുകൊണ്ട് വൈകുന്നേരം റോഡിലൂടെ നടന്നു. ഞങ്ങൾ താമസിക്കുന്ന സ്ഥലം ഒരു മിലിറ്ററി കണ്ടോണ്മെന്റ് ആണോ എന്നെനിക്ക് തോന്നിപ്പോയി. നിറയെ പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നു. ആളുകളെ കൂട്ടം കൂടി നിൽക്കാനൊന്നും പോലീസ് അനുവദിക്കുന്നില്ല. ജനങ്ങൾ വളരെ കുറവ്. പോലീസ് സ്റ്റേഷൻ, മിലിറ്ററി ക്യാമ്പ്, സൂപ്പർ മാർക്കറ്റുകൾ എന്തിന്, ആക്രിക്കടകൾ വരെ ഞാനവിടെ കണ്ടു. AGRICULTURAL BANK OF CHINA-യുടെ ഒരു ഓഫീസും അവിടെ കണ്ടു. ഇംഗ്ലീഷിനെ പൂർണ്ണമായും തിരസ്ക്കരിക്കുന്നതായിരുന്നു അവിടെയുള്ള ബോർഡുകളും മറ്റും.
പറഞ്ഞല്ലോ, ഇവിടത്തെ മലകൾ ഇന്ത്യയിലുള്ളതിൽ നിന്നും തികച്ചും വിഭിന്നം. ഭീകരമോ ഭീമാകാരമോ അല്ലാത്ത മലകൾ. പച്ചപ്പുൽ മൂടിയ മലകൾ. മഞ്ഞണിഞ്ഞ മലകളും ഉണ്ട്. മലകൾക്കെല്ലാം നടന്നെത്താവുന്ന ദൂരം മാത്രം; കയറിപ്പറ്റാവുന്ന ഉയരം മാത്രം. ഈ മലകൾ ഇടിയുകയില്ല; നിലം പൊത്തുകയില്ല, അവയ്ക്കു താഴെ മനുഷ്യവാസമാകാം. പോരാത്തതിന് മലകളുടെ സമീപത്തായി ധാരാളം സമതലങ്ങളും ഉണ്ട്. സമതലങ്ങളധികവും കൃഷിഭൂമികളാണ്. നല്ല തരം കെട്ടിടങ്ങളും കാണാം.
ഞാൻ കുറേ ദൂരം നടന്നു. അപ്പോൾ ദൂരെയായി വയലുകൾ കണ്ടു. നെല്ലു പോലെ എന്തോ ഒന്ന് കൃഷി ചെയ്തിട്ടുണ്ട്. പിന്നെ മഞ്ഞ പൂക്കളുള്ള ഒരു ചെടി കൂടി വയലിൽ ധാരാളം വളരുന്നത് ഞാൻ കണ്ടു. പിന്നീട് ഞാനറിഞ്ഞു അത് കടുകാണെന്ന്. തിരിച്ചു നടന്ന ഞാൻ വീണ്ടും മുറിയിൽ തന്നെ എത്തി.
റൂമിൽ ലൈറ്റ്, ടിവി എന്നിവ ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. സാരമില്ല, ആർക്കുവേണം ചൈനീസ് ടിവിയിലെ പരിപാടി? വൈകുന്നേരം ചെറിയ മഴ പെയ്തു. ഏഴരയ്ക്ക് സന്ധ്യയായി. അപ്പോൾ ചൈനീസ് സമയം രാത്രി 10 മണി. ആണത്രെ. എത്രയായാലെന്താ? അത് എനിയ്ക്ക് ഒരു വിഷയമല്ല.
സന്ധ്യയ്ക്ക് കമലമ്മയുടെ റൂമിൽ രാജേഷിന്റെ ഭജനയും കീർത്തനവും. കുറച്ചു പേർ അത് കേൾക്കാൻ എത്തിയിരുന്നു. ഞാനും. എന്തൊക്കെയാണ് കമലമ്മ താങ്ങിപ്പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്? മാർബിളിൽ പണിത ശിവലിംഗം, നിലവിളക്ക്, പൂജാസാധനങ്ങൾ, ഒരു മാസം ഉപയോഗിക്കാൻ വേണ്ട കൂവളഇലകൾ..... എല്ലാം കഴിയുമ്പോൾ മനസ്സിൽ എനിക്കൊരു കീർത്തനം പോലും വന്നില്ല. എത്ര പ്രാർത്ഥനാഗീതങ്ങൾ പഠിച്ചതായിരുന്നു.
രാത്രി സൂപ്പ്, ചോറ്, കോളിഫ്ലവർ കറി,... പിന്നെ ഉറക്കം.
രാത്രിയിൽ ആകാശം മൂടിക്കെട്ടിനിന്നു. ചന്ദ്രനും നക്ഷത്രങ്ങളുമില്ലാത്ത ആകാശത്തിൽ മേഘങ്ങൾ തേർവാഴ്ച നടത്തി.
രാവിലെ നേരത്തെ ഉണർന്നു. കെട്ടിടത്തിന്റെ മുൻഭാഗം തുറന്നു കിടക്കുകയാണ്. ഞാൻ പുറത്തേയ്ക്കിറങ്ങി. തെളിഞ്ഞ ആകാശം. ……….. മഞ്ഞു മൂടി വെള്ളയായി കിടക്കുന്ന മലകൾ. മൊട്ടയായ ഗിരിനിരകൾ... ഒരു സ്ഥലത്ത് മാത്രം അല്പം മരങ്ങൾ കണ്ടു. ഞാൻ റോഡിലേക്കിറങ്ങി. ഞായറാഴ്ചയായതുകൊണ്ടാണോ എന്തോ റോഡ് വിജനമാണ്. നഗരം ഉണരുന്നതേയുള്ളു. അതു കൊണ്ടും ആകാം. റോഡിന്റെ ഒരു വശത്ത് നിരനിരയായി മരങ്ങൾ. അവ എന്താണെന്നെനിയ്ക്ക് മനസ്സിലായില്ല. മരത്തിൽ നിറയെ ചെറിയ കിളികൾ. അവ റോഡിലേക്കും മറ്റും കൂട്ടമായി പറന്നിറങ്ങുന്നു. എന്തെല്ലാമോ കൊത്തിത്തിന്നുന്നു. ഞാനവയെ ശ്രദ്ധിച്ചു നോക്കി. നാട്ടിൽ കാണുന്ന തരം ചെറിയ കിളികൾ, പക്ഷേ പേരറിയുന്നില്ല. അവയുടെ തലയ്ക്കോ കൊക്കിനോ കണ്ണിനോ നാട്ടിലെ കിളികളിൽ നിന്നൊരു വ്യത്യാസവുമില്ല. പക്ഷേ മനുഷ്യന്റെ കാര്യമതാണോ? ലിപുലേഖ് കടന്നാൽ മനുഷ്യന്റെ രൂപത്തിനു മാറ്റമുണ്ട്. ചൈനക്കാരന്റെ മുഖം ഇന്ത്യക്കാരന്റേതിൽ നിന്നെത്ര വിഭിന്നം! എന്താണാവോ ഇവിടത്തെ കിളികൾക്കും പട്ടികൾക്കും ഈ വ്യത്യാസമില്ലാത്തത്?
ഇന്ന് പരിപൂർണ്ണ വിശ്രമത്തിന്റെ ദിനമാണ്; ഞായറാഴ്ച ആയതു കൊണ്ടല്ല, മറിച്ച് പാസ്പോർട്ട്, വിസ, ഡോളർ എന്നിവയുടെ പണിയുള്ളത് കൊണ്ട്. ഇന്ന് യാത്രയില്ല. മുന്നോട്ട് പോകാൻ ചീനയുടെ അനുമതി ഇല്ലാതെ ഇനിയെന്ത് യാത്ര? യാത്രാരേഖകൾ ശരിയാക്കി നാളെ രാവിലെ യാത്ര തുടരും. ഞാൻ കയ്യിലുള്ള മുഷിഞ്ഞ തുണി കഴുകിയും ബാഗ് ഒതുക്കിവച്ചും മറ്റും ഒരു ദിവസം ചെലവാക്കി. പലരും ചൈനീസ് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. എന്തൊക്കെയാണ് അവർ വാങ്ങിക്കൂട്ടിയതെന്ന് അവർക്കേ അറിയൂ. റെയ്ൻ കോട്ട്, ഷൂസ്, ഉടുപ്പുകൾ, ബാഗുകൾ, എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. തിന്നാനുള്ള സാധനങ്ങൾ വാങ്ങി വന്നവരും കുറവല്ല. ആരോ കാഡ്ബറിസ് മിഠായി വാങ്ങി വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിവാഹ വാർഷികമോ മറ്റോ ആണെന്ന കാരണത്താൽ. യാത്രയിൽ മുഴുവൻ പിറന്നാൾ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഇത്തരം മിഠായി വിതരണം ഒരു പതിവായിരുന്നു.
ചൈനയിലെ സാധനങ്ങളുടെ വില ഇങ്ങനെയാണ്.
ഒരു ചായ - 1 യുവാൻ, (1 യുവാൻ, = 7 രൂപ).
ഒരു മാങ്ങ - 12 യുവാൻ,
ഒരു പഴം – 4 യുവാൻ,
വെള്ളം ഒന്നര ലി – 7 യുവാൻ
ഇടയ്ക്കെപ്പോഴോ കൃഷ്ണേട്ടനോട് സംസാരിച്ചു. കൃഷ്ണേട്ടനോടെന്നല്ല പലരോടും ഉണ്ട് സംസാരം. എന്തൊക്കെ സംസാരിക്കാൻ കിടക്കുന്നു. മറ്റു യാത്രക്കാരെക്കുറിച്ചും യാത്രയിലെ ചില്ലറ അനുഭവങ്ങളെക്കുറിച്ചും മറ്റും സംസാരം മുറയ്ക്ക് നടക്കും. കൃഷ്ണേട്ടന്റെ സ്റ്റോക്കിലുള്ള ഒരു സാഹിത്യകൃതി കൂടി പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചു. അല്ലെങ്കിലും മാനസസരോവരത്തിൽ മുങ്ങി മനസ്സും ശരീരവും ശുദ്ധമാക്കാനുള്ളതല്ലേ? കയ്യിലുള്ള അഴുക്കെല്ലാം ഇപ്പോഴേ പുറത്തു കളയുന്നതല്ലേ ബുദ്ധി? എന്തിന് മാനസസരോവരം വൃത്തികേടാക്കണം? ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും തമ്മിലുള്ള സംവാദം കൃഷ്ണേട്ടൻ പുറത്തെടുത്തു. അതിങ്ങനെ.
ചെറുപ്പക്കാരൻ:
അമ്മുട്ടിയേ, നിൻ മുലമൊട്ടു കണ്ടാൽ കടിച്ചു തിന്നാൻ കൊതിയുണ്ടു പാരം...
ചെറുപ്പക്കാരിയുടെ മറുപടി:
കടിച്ചു തിന്നാൻ പഴമല്ല മൂഢാ, പണം തരേണം പുണരേണമെങ്കിൽ..
മാനസസരോവരത്തിലെ നീരാട്ടും കൈലാസദർശനവും ഒക്കെ കഴിഞ്ഞപ്പോൾ ഒരു ദിവസം ഞാൻ കൃഷ്ണേട്ടനോട് ഒരു കൃതി കൂടി ചോദിച്ചു വാങ്ങി. കിട്ടിയതിങ്ങനെയായിരുന്നു.
വൃന്ദാവനത്തിൽ മരുവീടിന വാസുദേവാ
നിന്നോടെനിക്ക് ചെറുതായൊരു ചോദ്യമുണ്ട്.
ധതിയുറി തൊടുവാൻ നീളമില്ലാത്ത നീ പോയ്
ത്രിഭുവനമീരടിയായളന്നതെങ്ങനെ നീ?
കൃഷ്ണേട്ടന് ഇപ്പോൾ വരുന്നതെല്ലാം വസുദേവരും കൃഷ്ണനുമാണ്. നോക്കൂ, എന്തൊരു മാറ്റം. അപ്പോൾ ഈ മാനസസരോവരത്തിലെ കുളി കൊണ്ട് പ്രയോജനമൊക്കെ ഉണ്ട്. അല്ലേ?
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ