2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 12

യാത്ര പുറപ്പെട്ടിട്ട് ഒരാഴ്ചയാകുന്നു. ഈ സമയം കൊണ്ട് കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അധികം പേരും ഭക്തന്മാർ തന്നെയാണ്. ചിലർ യാത്ര ഇഷ്ടപ്പെടുന്നവരാണ്. അവർക്ക് നാടെന്നോ നഗരമെന്നോ ഉള്ള വേർതിരിവൊന്നുമില്ല. കൈലാസം അവർക്ക് പല ലക്ഷ്യങ്ങളിലൊന്നു മാത്രം. യാത്രികരിൽ പലരും മൂന്നാമതും നാലാമതും കൈലാസം സന്ദർശിക്കുന്നവരാണ്. കൈലാസദർശനത്തിനായി വർഷം തോറും ഒന്നിൽ ചില്വാനം ലക്ഷം രൂപ മുടക്കാനും ഒരു മാസം മാറ്റിവയ്ക്കാനും അവർക്കൊരു വിഷമവുമില്ല. 'ഭോലേബാബ' വിളിക്കുന്നതാണത്രെ. അങ്ങനെയാണിവിടത്തുകാർ ശിവനെ വിളിക്കുക. 18 തവണ കൈലാസത്തിൽ പോകാനാണൊരാളുടെ പ്ലാൻ. അയാളൊരു കോണ്ട്രാക്റ്റർ ആണ്. അയാൾക്കതൊക്കെ ആകാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തേയും അവസാനത്തേയും യാത്രയാണ്. ഇത്രയും സമയവും പണവും ഇതിനായി മുടക്കുക എനിക്കിനി അസാദ്ധ്യം.

യാത്രികരുമായി സമരസപ്പെടുന്നതു വരെ പരമശിവന്റെ ആസ്ഥാനമായാണ് ഞാൻ കൈലാസത്തെ കണ്ടിരുന്നത്. യാത്രികരുമായുള്ള സഹവാസം എനിയ്ക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തന്നു. പാർവ്വതീ പരമേശ്വരന്മാരുടെ ഗ്രീഷ്മകാലവസതി മാത്രമത്രേ ഈ കൈലാസം. ജൂൺ മുതൽ സപ്തംബർ വരെയുള്ള സമ്മർ സീസണിൽ മാത്രമേ അവരവിടെ കാണൂ. അതാണീ സമയത്ത് കൈലാസയാത്ര നടത്തുന്നതിന്റെ പൊരുൾ. ശിവന്റെ യഥാർത്ഥ വാസം ആദികൈലാസത്തിലത്രെ.

ഉത്തർഖണ്ഡിലാണ് ആദികൈലാസം. ഗുഞ്ചിയിൽ നിന്ന് 36 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താൽ ഇവിടെ എത്തുമത്രേ. (തിബത്തൻ)കൈലാസത്തിന്റെ ഒരു ചെറുപതിപ്പാണ് ഈ ആദികൈലാസം. മാനസസരോവരവും ഗൗരീകുണ്ഡും ഇവിടെ ഉണ്ടത്രെ. ഭക്തർ കൈലാസം പോലെ തന്നെ പ്രാധാന്യം ആദികൈലാസത്തിനു നൽകുന്നുണ്ട്. സന്ദർശകരും നിരവധി.

കൈലാസവും ആദികൈലാസവും കൂടാതെ 3 സ്ഥലങ്ങൾ കൂടിയുണ്ട് ശിവന്റെ ആവാസസ്ഥാനമായിട്ട്. ഇവയെല്ലാം കൂടി പഞ്ചകൈലാസം എന്നാണറിയപ്പെടുന്നത്. ബാക്കിയുള്ള 3 സ്ഥലങ്ങളും ഹിമാചൽ പ്രദേശിലാണ്. ഖണ്ഡകൈലാസം, കിന്നരകൈലാസം, മണിമഹേഷ് എന്നിവയാണവ. ഓം പർവ്വതവും അർദ്ധനാരീശ്വരന്മാരുടെ ആവാസ സ്ഥാനമാണെന്നൊരു വിശ്വാസം ചിലർ വച്ചു പുലർത്തുന്നുണ്ട്. അപ്പോൾ അമർനാഥ് ഗുഹയുടെ കാര്യമോ? ആർക്കറിയാം?

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് ഖണ്ഡകൈലാസം സ്ഥിതി ചെയ്യുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഭക്തർ ഇവിടെ സന്ദർശിക്കുന്നത്. ഭസ്മാസുരന് വരം കൊടുത്ത ശേഷം അസുരനിൽ നിന്ന് രക്ഷപ്പെടാനായി ശിവൻ ഇവിടെയാണത്രെ സമാധിയിൽ ഇരുന്നത്. ഏതാണ്ട് 19000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഇവിടെ സന്ദർശിക്കരുതെന്ന ഉപദേശം അധികൃതർ നൽകാറുണ്ട്.

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് കിന്നരകൈലാസം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 20000 അടി ഉയരത്തിൽ ഇത് സ്ഥിതി ചെയ്യുന്നു. അർദ്ധനാരീശ്വരന്മാരുടെ ശൈത്യകാല വസതിയത്രെ ഇത്. ജന്മാഷ്ടമി നാളിലാണത്രെ ഇവിടം സന്ദർശിക്കേണ്ടത്. ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലാണ് മണിമഹേഷ് നില കൊള്ളുന്നത്. പാർവ്വതീ പരമേശ്വരന്മാരുടെ ക്രീഡാസ്ഥലമായിട്ടാണ് മണിമഹേഷ് കരുതപ്പെടുന്നത്.

രാവിലെ “ഗാന്ധാരശില”യിൽ നിന്ന് പുറപ്പെട്ടു. പ്രാതൽ കഴിച്ചില്ലായിരുന്നു. എന്നു വച്ചാൽ കുടിച്ചത് ചായയും ബോൺവിറ്റയുമെന്നർത്ഥം. വഴിയിൽ വളരെ ചെറിയൊരു സിമന്റ് കൂടാരം കണ്ടു. അതൊരു അമ്പലമാണ്; ശിവന്റെ പ്രതിഷ്ഠ. ഞങ്ങള് കൈലാസയാത്രികരെ പ്രതീക്ഷിച്ചായിരിക്കാം... അവിടെ ഒരു പൂജാരിയുണ്ടായിരുന്നു. അയാൾ ഞങ്ങൾക്ക് പ്രസാദം തന്നു. ഞാനൊരു 10 രൂപ അയാൾക്കിട്ടു കൊടുത്തു. അയാൾ മുഷിയരുതല്ലോ.

നടക്കുമ്പോൾ പലപ്പോഴും അകലെ അഗാധതയിൽ കാളി നദിയോ മറ്റേതെങ്കിലും നദിയോ കാണുന്നുണ്ടായിരിക്കും. ആളുകൾ നടന്നുണ്ടായ ഒരു വഴിയാണൊ അത് എന്നു വരെ തെറ്റിദ്ധരി ക്കത്തക്ക വിധം അകലെയായിരിക്കും ആ അഗാധത. ഇതുപോലെ തന്നെയാണ് മലയുടെ ഔന്നത്യവും. കാതങ്ങൾ ഉയരെ നിന്ന് ഒരു സംഘം കുതിരകൾ ഇറങ്ങിവരുന്നത് ഞാൻ താഴെ നിന്ന് കണ്ടപ്പോൾ ഉറുമ്പരിക്കുന്നതു പോലെയാണ് തോന്നിയത് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അല്പനേരം നോക്കിനിന്നപ്പോഴാണ് ആ വരുന്നത് കുതിരകളാണെന്ന് എനിക്ക് മനസ്സിലായത്. മലയുടെ ഉയരവും നദിയുടെ താഴ്ചയും അറിയാൻ വേറെ രണ്ടുദാഹരണങ്ങൾ ആവശ്യമുണ്ടോ?

ഇറക്കം, ഇറക്കം, ഇറക്കം.... കിലോമീറ്ററുകൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ലഖൻപൂർ എന്ന സ്ഥലത്തെത്തി. ഈ സ്ഥലത്തിന് പ്രത്യേകതയൊന്നുമില്ല. സ്ഥലം വേർതിരിച്ചറിയാൻ ഒരു പേര്. അത്ര തന്നെ. അല്ലെങ്കിലും ഈ ലഖൻപൂരും, ഗാലയും ശിർഖയും ബുധിയുമെല്ലാം ഒരുപോലെത്തന്നെ. മലകളും പുഴകളും മലഞ്ചെരിവുകളുമായി ഹിമാലയത്തിന്റെ പ്രകൃതം പേറുന്ന സ്ഥലങ്ങൾ. നാഴികക്കല്ലുകൾ മനസ്സിലാക്കാൻ ഓരോ സ്ഥലത്തിനും ഓരോ പേർ.

രാവിലെ 7 മണി. ലഖൻപൂരിൽ നിന്ന് പ്രാതൽ. ചപ്പാത്തിയും കടലക്കറിയും ചായയും. കാളിനദിയുടെ തീരത്താണീ ചായക്കട. വീണ്ടും നടന്ന ഞങ്ങൾ (കുറച്ചു പേർ മാത്രം) 9 മണിയോടെ മാൽപയിലെത്തി. ഉച്ചഭക്ഷണം മാല്പയിലാണ്. 9 മണിയ്ക്കെന്ത് ഊണാ? പേരിന് കഴിച്ചെന്നു വരുത്തി. അവിടെ ചോറിന് പതിവു വിഭവങ്ങൾക്ക് പുറമേ പുതിയിനസ്സമ്മന്തിയും ഉണ്ടായിരുന്നു. ഈ മാല്പയിലാണ് വർഷങ്ങൾക്ക് മുമ്പ് മലയിടിഞ്ഞ് വീണ് കൈലാസയാത്രികർ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അവരുടെ സ്മാരകമായി ചെറിയ ചെറിയ മന്ദിരങ്ങൾ അവിടെ കാണാം. എല്ലാം ബന്ധുക്കൾ പണി കഴിപ്പിച്ചത്.

രാവിലെ പുറപ്പെടുമ്പോൾ റെയ്ൻകോട്ട് ഇടണമെന്ന് കെഎംവിഎൻ-ന്റെ നിർദ്ദേശമുണ്ടായിരുന്നു. മഴ പെയ്യുമെന്ന് ഇവർക്കെങ്ങനെ മനസ്സിലായി എന്ന് ഞാനപ്പോൾ കരുതി. പക്ഷേ വഴിയിൽ വച്ച് അതിന്റെ ഉത്തരം എനിക്ക് കിട്ടി. മലയിൽ പലയിടത്തും വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും ഉണ്ട്. ലഖൻപൂരിൽ നിന്ന് മാല്പ വരെയുള്ള വഴി മുഴുവൻ ഉയർന്നു നിൽക്കുന്ന പാറകൾ വെട്ടി ഉണ്ടാക്കിയതാണ്. ഞങ്ങൾ നടക്കുമ്പോൾ, ആ പാറകൾക്കു മുകളിലൂടേ ഒഴുകുന്ന വെള്ളം ഞങ്ങളുടെ തലയിൽ മഴ പെയ്യുന്ന പോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നൂ റെയ്ൻകോട്ട് ഇടണമെന്ന നിർദ്ദേശം.

മാല്പയിലെത്തുമ്പോൾ കനത്ത മഴ പെയുന്നുണ്ടായിരുന്നു. മഴയെ വക വയ്ക്കാതെ ഞങ്ങൾ നടന്നു. കൈലാസത്തിലേക്കുള്ള, കുതിരച്ചാണകം മെഴുകിയ, നാറിയ വഴിയിലൂടേ... അടുത്ത ക്യാമ്പായ ബുധി വരെയുള്ള വഴി വൃത്തികെട്ടതും വഴുക്കലുള്ളതും മറ്റുമായിരുന്നു.

നടക്കുമ്പോൾ വഴിയിൽ പലയിടത്തും വലിയ വിള്ളലുകൽ ഉണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും ഈ വിള്ളലുകൾ അടർന്ന് പുഴയിലേക്ക് വീഴാം. ജീവൻ അപകടത്തിലാണ്. പക്ഷേ അ വിള്ളലുകളെ പുഴയിലേക്ക് തള്ളിയിടാനുള്ള ഭാരമൊന്നും എന്റെ ശരീരത്തിനില്ലാത്തതുകൊണ്ട് എനിക്കത്ര പേടിക്കേണ്ടിയിരുന്നില്ല.

ഹിമാലയത്തിലെ ഇളകിയ കറുത്ത മണ്ണിൽ മഴവെള്ളം വീണ് വഴിയിലെങ്ങും കെട്ടിക്കിടക്കുന്നത് കണ്ണിന് കൗതുകമൊന്നും നൽകില്ല. ഈ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുതിരച്ചാണകം വീണ് കുതിരകൾ തന്നെ അതിൽ ചവിട്ടി ഒരു തരം കുഴമ്പു പോലെ ആക്കിക്കഴിയുമ്പോൾ അതിൽ നിന്നൊരു തരം വല്ലാത്ത നാറ്റം പുറപ്പെടും. നടക്കുമ്പോൾ അതു സഹിക്കാം. സഹിക്കാനാവാത്തത് ആ കുഴമ്പ്, കുതിരകൾ ചവിട്ടി തെറിപ്പിച്ച് നമ്മുടെ ശരീരവും വസ്ത്രങ്ങളും അഴുക്കാക്കുന്നതാണ്. ചളിയിലൂടെ പോകുന്ന കുതിരകൾ പദയാത്രികർക്കൊരു ശല്യമാണ്. അവ ചളി തെറിപ്പിച്ചുകൊണ്ടേ ഇരിക്കും.

വഴിയിലെവിടേയും മനോരമ ദൃശ്യങ്ങൾ. മലകൾ, പുഴകൾ, ഹർഷോന്മാദം പകരുന്ന ദൃശ്യങ്ങൾ... എല്ലാം മനസ്സിനെ രമിപ്പിക്കുന്നവ. അല്ലാതെ 'മനോരമ'യിൽ വന്ന ദൃശ്യങ്ങളല്ല. രാജകീയപ്രൗഡിയുള്ള മലകൾ. ഹിമാലയത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന മലകൾ. വെള്ളച്ചാട്ടങ്ങളും വെള്ളച്ചാലുകളും വേർതിരിക്കുന്ന മലനിരകൾ.... മേലേ നിന്നും ഇടിഞ്ഞു വീഴുന്ന പാറകൾ... ഭീകരമായ പാറകൾ... ഭീമാകാരമായ പാറകൾ... മോഹനമായ പാറകൾ... മോഹിപ്പിക്കുന്ന പാറകൾ... കൂടെ കുതിരച്ചാണകം മണം പരത്തുന്ന പാതകൾ.. ഒരടി വീതിയുള്ള പാതകൾ...താഴെ കാളി നദി....

മൂടൽ മഞ്ഞ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന അന്തരീക്ഷം. ഒരു വേള ചുറ്റും നോക്കിയാൽ മൂടൽ മഞ്ഞല്ലാതെ മറ്റൊന്നും കാണില്ല. ധവളമായ ആകാശമാണ് മുന്നിലെന്ന് ആരെങ്കിലും അപ്പോൾ ധരിച്ചാൽ അവരെ കുറ്റം പറയാനാകില്ല.

രണ്ടു ഭാഗത്തും ഉത്തുംഗമായ പർവ്വതങ്ങൾ, നടുക്ക് കാളി നദി. അതിന്റെ ഓരത്തു കൂടിയാണ് യാത്ര. കാളിനദിയുടെ മറുകര നേപ്പാളാണ്. പുഴ കടന്നാൽ നേപ്പാളിലെത്താം. വിജനമായ മലഞ്ചെരിവുകൾ. അവിടെയൊക്കെ നേപ്പാൾ ഗവണ്മെന്റിന്റെ കണ്ണെത്തുക പ്രയാസം. പ റഞ്ഞല്ലോ, ഉത്തുംഗമായ മലകൾ കടന്നുവേണം അവർക്ക് നദിക്കരയിലെത്താൻ. ഫലമോ. നമ്മുടെ നാട്ടുകാർ പുഴ കടന്ന് അക്കരെ പോയി കൃഷി ചെയ്യുമത്രെ.

ലമേരി എന്ന സ്ഥലത്തു നിന്ന് ഹോട്ടലായി പ്രവർത്തിക്കുന്ന ഒരു വീട്ടിൽ നിന്ന് ചായ കുടിച്ചു. വഴിയിൽ നിന്നു കൊണ്ടു തന്നെ. ഒരു ചായയ്ക്ക് 10 രൂപ. ചായ കുടിക്കുമ്പോൾ ഞാൻ വീട്ടിനുള്ളിലേക്ക് പാളി നോക്കി. ഒരു ഹിമാലയൻ സുന്ദരി അവിടെ ഇരുന്ന് കുട്ടിയ്ക്ക് പാൽ കൊടുക്കുന്നു. അവിടെ വച്ച് ഇരുപത്തൊന്നാം വയസ്സിൽ 12-ൽ പഠിക്കുന്ന ഒരു പഹാഡിയെ കണ്ടു. ലമേരിയിൽ പോലീസുകാരുടെ കുറേ കെട്ടിടങ്ങളുണ്ട്. എല്ലാം പ്രാദേശികമായ രീതിയിൽ പണി ചെയ്തത്.

വഴിയിലെവിടേയോ പി.ഒ. കുരീല, പിൻ-262547 എന്നെഴുതിയ ഒരു പോസ്റ്റ് ഓഫീസും കണ്ടു. ഗ്രാമവും ഗ്രാമീണരും ഉള്ളതല്ലേ എന്തെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനവും അപ്പോൾ കാണേണ്ടതു തന്നെ.

ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണമെന്നയിരുന്നു നിർദ്ദേശം. എന്നിട്ടോ? 300മില്ലി വെള്ളം പോലും കുടിച്ചില്ല. തണുത്തു മരവിച്ച അന്തരീക്ഷത്തിൽ എന്ത് വെള്ളം കുടി?

ഉച്ചയോടെ ഞങ്ങൾ അടുത്ത ക്യാമ്പായ ബുധിയിലെത്തിച്ചേർന്നു. ഏകലവ്യനെ ഒതുക്കാൻ ദ്രോണാചാര്യർക്ക് പണ്ട് "ബുദ്ധി' ഉദിച്ച സ്ഥലമത്രേ ഇന്നത്തെ ബുധി എന്നാണ് പ്രൊ. ഷെപ്പേഡ് എഴുതിയിട്ടുള്ളത്.. തന്റെ അരുമശിഷ്യനായ അർജുനൻ ലോകോത്തരനായ വില്ലാളിവീരനാണെന്നും അർജുനനെ കവച്ചു വയ്ക്കാൻ മറ്റൊരാളും ജനിച്ചിട്ടില്ലെന്നും രാജാവിനെ ബോദ്ധ്യപ്പെടുത്തി സന്തോഷിപ്പിച്ച്, ആവോളം ഗുരുദക്ഷിണ തരപ്പെടുത്തുന്ന കാലത്താണ് ഏകലവ്യന്റെ വരവ്. ശബ്ദം കേട്ട് ഏകലവ്യൻ ലക്ഷ്യത്തിൽ അമ്പെത്തിക്കുന്നത് കണ്ട് ദ്രോണൻ അന്തിച്ചു നിന്നു. തന്നെ ഗുരുവായി സങ്കല്പിച്ച് സ്വയമായി അഭ്യസിച്ചാണ് ഈ പാടവം ആർജിച്ചതെന്ന് കേട്ടപ്പോൾ ദ്രോണൻ ഞെട്ടിപ്പോയി. ഒന്നിനും പോരാത്ത ഈ കാട്ടാളപ്പയ്യൻ തന്റെ അർജുനന് കനത്ത ഭീഷണിയും തന്റെ ഉപജീവനത്തിന് കടുത്ത വിഘാതവും ആയിരിക്കുമെന്ന് മനസ്സിലാക്കാൻ ദ്രോണന് അധികസമയം വേണ്ടി വന്നില്ല. ഏകലവ്യനെ നിഷ്പ്രഭനാക്കാൻ ദ്രോണൻ ദിവസങ്ങളോളം ഹിമാലയത്തിലിരുന്ന് തല പുകച്ചു. ഒടുവിൽ ഏകലവ്യന്റെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങാനുള്ള 'ബുദ്ധി' ഹനുമാൻ പർവ്വതത്തിന്റെ ചെരുവിലിരുന്ന ദ്രോണന്റെ തലയിൽ മിന്നി. അങ്ങനെ ഹനുമാൻ പർവ്വതത്തിന്റെ താഴെയുള്ള പ്രദേശം ബുദ്ധി എന്നറിയപ്പെട്ടു. അത് പിന്നീട് ബുധി ആയത്രെ. ഈ സ്ഥലത്തിന് ബുദ്ധി എന്ന് ആളുകൾ ഇപ്പോഴും പറയാറുണ്ട്.

‘ബുദ്ധി’യിലെത്തിയപ്പോൾ കെഎംവിഎൻ-കാർ പതിവുപോലെ കുടിക്കാൻ വെള്ളം തന്നു. അത് ഒരു ചുവന്ന വെള്ളമായിരുന്നു. അതെന്താണെന്ന് അപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി. 'ബുരാംശ്' എന്ന പേരിൽ തദ്ദേശീയമായി അറിയപ്പെടുന്ന, ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ദേശീയമരത്തിന്റെ പൂക്കളിൽ നിന്നെടുക്കന്ന ഒരു പാനീയമായിരുന്നൂ അത്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും പറ്റിയതാണത്രെ അത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഈ പാനീയം ലിറ്റർ കണക്കിലാണ് ചിലർ വാങ്ങിക്കൊണ്ടുപോയത്.

വെയിലുണ്ട്. ഞങ്ങൾ യാത്രയിൽ മലിനമായ ഷൂസും സോക്സും മറ്റും കഴുകി ഉണക്കാൻ വച്ചു. മുഷിഞ്ഞ തുണികൾ കഴുകി ഉണക്കാനിട്ടു. ഇതെല്ലാം ക്യാമ്പിൽ ആദ്യമെത്തുന്നവർക്കുള്ള സൗകര്യങ്ങളാണ്. കേട്ടിട്ടില്ലേ? Early Bird catches the worm എന്ന്. വൈകി എത്തുന്നവർക്ക് കിടക്കാൻ പോലും നല്ല സ്ഥലം കിട്ടണമെന്നില്ല.

ക്യാമ്പിനടുത്ത് ഗ്രാമമുണ്ട്. വീടുകളുണ്ട്, ഹോട്ടലുണ്ട്, കടകളുമുണ്ട്. ഞാൻ അതിലേ നടന്നു. അടുത്തു തന്നെ ഐടിബിപിയുടെ ക്യാമ്പും ഉണ്ട്. ധാരാളം പോലീസുകാർ അവിടെ നിൽപ്പുണ്ട്.

ഞാൻ വെറുതെ ചോദിച്ചു, ദക്ഷിണേന്ത്യക്കാർ ആരെങ്കിലും അവരിലുണ്ടോ എന്ന്. ആശാവഹമായിരുന്നു പ്രതികരണം. ഒരു മലയാളി ഉണ്ടെന്നും അയാൾ പുറത്തെങ്ങോ പോയിരിക്കയാണെന്നും മറുപടി.

കുറേ കഴിയുമ്പോഴുണ്ട് ഒരു മലയാളിപ്പയ്യൻ ഞങ്ങളുടെ ടെന്റിന്റെ മുറ്റത്ത്. അവനാണ് ഐടിബിപിയിലെ മലയാളി. പേര് അരുൺ. വിജനമായ മലയിൽ മലയാളം പറയാൻ കിട്ടുന്ന അപൂർവ്വ അവസരമാണ് അവനിത്. ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു.

ക്യാമ്പിനടുത്ത് ഭീമാകാരമായ മല നിൽപ്പുണ്ട്. അതാണ് ഹനുമാൻ മല എന്ന് പറഞ്ഞു തന്നത് അരുൺ ആണ്. ടെന്റിനടുത്തായി വളരുന്ന കഞ്ചാവ് ചെടി കാണിച്ചു തന്നതും അരുണാണ്. അവിടെ അതൊന്നും അത്ര കുറ്റകരമായി പറഞ്ഞു കേട്ടില്ല. അടുത്തൊക്കെ കൃഷിസ്ഥലങ്ങൾ. പയറും മറ്റു പലതും അവിടെ കൃഷി ചെയ്തത് കണ്ടു. വിളയാത്ത പ്ലം, ആപ്പിൾ എന്നിവയും ചുറ്റുപാടുകളിൽ കണ്ടു.

അരുൺ എനിക്ക് പുതിയൊരറിവ് തന്നു. ഒരാവശ്യത്തിലൂടെയായിരുന്നു അത്. കൈലാസത്തിൽ നിന്ന് മടങ്ങുമ്പോൾ മാനസസരോവരത്തിന്റെ തീരത്തു നിന്നും കുറേ കല്ലുകൾ കൊണ്ടു വരണമെന്നായിരുന്നു ആവശ്യം. കാരണവും പറഞ്ഞു. അവിടത്തെ കല്ലുകളെല്ലാം ദിവ്യങ്ങളത്രെ. ഏതെങ്കിലും ഒരു ദൈവത്തിന്റെ എന്തെങ്കിലും ഒരു രൂപം അവിടത്തെ കല്ലുകളിൽ കാണുമത്രെ. ഓം എന്നെഴുതിയ കല്ലുകളും കാണുമത്രെ. അത്തരം കുറച്ച് കല്ലുകളാണ് അരുൺ ആവശ്യപ്പെട്ടത്. രൂപങ്ങളുണ്ടായാലും ഇല്ലെങ്കിലും കല്ലുകൾ കൊണ്ടുവരുന്ന കാര്യം ഞാനേറ്റു.

മാനസ സരോവരത്തിന്റെ തീരത്ത് കല്ലുകൾ പെറുക്കി ഞങ്ങൾ അര ദിവസം ചെലവഴിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ചൊരു രൂപവും അ കല്ലുകളിൽ കാണാൻ കഴിഞ്ഞില്ല. കൂടെയുള്ള സുരേഷിന് കിട്ടിയ ഒരു കല്ലിൽ ഓം എന്ന് അവ്യക്തമായി ഉണ്ടായിരുന്നു. ഞാൻ ഏതാണ്ട് 100ഓളം ചെറിയ കല്ലുകൾ നാട്ടിൽ കൊണ്ടുവരികയുണ്ടായി. അതിൽ കുറച്ച്, ഓരോന്നു വീതം, സഹപ്രവർത്തകർക്ക് കൊടുത്തു. ഒരാൾക്ക് കിട്ടിയ കല്ലിൽ, ഗണപതിയുടെ രൂപമുണ്ടെന്നയാൾ അവകാശപ്പെട്ടു. അയാൾ അതിന്റെ ഫോട്ടോ എടുത്ത് എന്നെ കാണിച്ചു. ശരിയാണ്, ഗണപതിയുടെ ആനത്തലയും ചെവിയും അവ്യക്തമായി അതിൽ ഉണ്ടായിരുന്നു.

ഒന്നുണ്ട്, മിക്കവാറും കല്ലിൽ എന്തെങ്കിലും ഒക്കെ കാണും. അത് ഗണപതിയാണോ സരസ്വതിയാണോ എന്നൊക്കെ തോന്നുന്നത് നമ്മുടെ മനോധർമ്മം പോലെ ഇരിക്കുമെന്ന് മാത്രം.

വെറും ആവർത്തന വിരസത. എങ്കിലും എഴുതട്ടെ. ബുധിയിൽ ഇരുന്നുകൊണ്ട് മുന്നോട്ട് നോക്കിയാൽ മലയും പുഴയും മഞ്ഞും എല്ലാം കാണാം. പുഴയ്ക്കപ്പുറം നേപ്പാളാണ്. പക്ഷേ മലകൾക്കോ മണ്ണിനോ ആളുകൾക്കോ രൂപത്തിലോ ഭാവത്തിലോ ഒരു മാറ്റവുമില്ല.

കാളിനദിയുടെ ഭീകരതയെക്കുറിച്ച് പല കഥകളും അരുണിൽ നിന്നെനിയ്ക്ക് കിട്ടി. ആരാണാവോ ഈ നദിയ്ക്ക് കാളി എന്ന് പേരിട്ടത്? കാളിയെന്ന പേരിട്ടതുകൊണ്ടിവൾ രുദ്രയായതാണോ? അതോ രുദ്രയായതു കൊണ്ടിവൾക്കീ പേരു വീണതാണോ? ആവോ? ആർക്കറിയാം?

ഭക്ഷണത്തെ കുറിച്ച് പറയുന്നതും ആവർത്തനം തന്നെ. അതുകൊണ്ടതു വിടാം. അതെല്ലാം എണ്ണയിട്ട യന്ത്രം പോലെ (clockwork) കെഎംവിഎൻ-കാർ ചെയ്തുകൊള്ളും.

പറഞ്ഞല്ലോ, ഒരാഴ്ചയാകുമ്പോഴേക്കും യാത്രികൾക്കിടയിൽ പുതിയ സൗഹൃദങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ടു തന്നെ വൈകുന്നേരങ്ങളിലും രാത്രികളിലും, കളിയും കാര്യവും പറഞ്ഞ് സമയം കൊല്ലാനും തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ വിവാഹപ്രായം തെറ്റിയ അവിവാഹിതരുണ്ടായിരുന്നു. അവരെ പെണ്ണു കെട്ടാൻ പ്രേരിപ്പിക്കലായിരുന്നു ഒരു ബംഗാളിദായുടെ പ്രധാന പരിപാടി. മലയാളി ഗ്രൂപ്പിലെ കൃഷ്ണേട്ടൻ നല്ലപോലെ കവിതയും പുരാണവും ഒക്കെ ചൊല്ലും. ജീ, വൈലോപ്പിള്ളി തുടങ്ങിയവരുടെ കവിതകൾ തൊട്ട് മാപ്പിളപ്പാട്ടുകൾ വരെ പാടും. ഇടയ്ക്ക് ഓരോ ചോദ്യമുണ്ടെന്നോട്. ഈ ദശരഥന്റെ പേരറിയാമോ? ഉത്തരവും പുള്ളി തന്നെ തരും. നേമി എന്ന്. അങ്ങനെ എന്തെല്ലാം ചോദ്യവും ഉത്തരവും.

കൃഷ്ണേട്ടൻ പാടിയ ഒരു മാപ്പിളപ്പാട്ടിങ്ങനെയായിരുന്നു.

ഇഹലോകജീവിതം ശാശ്വതമാണെന്ന് മനസ്സിൽ കരുതല്ലേ, മനുശാ,
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞു നീ യാത്ര തിരിക്കുമല്ലോ
കള്ള് കുടിക്കല്ലേ, കളവ് നടത്തല്ലേ ശീട്ടു കളിക്കല്ലേ.
കരുണാനിധിയായ റബ്ബിന്റെ കല്പന തെറ്റി നടക്കല്ലേ
പോറ്റിവളർത്തും പിതാവിന്റുപദേശം തട്ടിക്കളയല്ലേ
പുത്തൻ മണവാട്ടി കൂട്ടിനു കിട്ടുമ്പം തള്ളേ മറക്കല്ലേ മനുശാ.

ഒരു പാട്ടോ കവിതയോ കിട്ടിയാൽ പിന്നെ അതിനെ കുറിച്ചായി ചർച്ച. "പ്രായപൂർത്തി സാഹിത്യ"ത്തിന്റെ കൂടി ആശാനാണ് കൃഷ്ണേട്ടൻ. അത്തരം ഒരു പാട്ടും കൃഷ്ണേട്ടന്റേതായിട്ടുണ്ട്. അതിങ്ങനെ.

ചേതോഹരാംഗി, ചെറിയോരു പെണ്ണേ,
ചേതം നിനക്കങ്ങൊരു കിണ്ടി വെള്ളം
സുഖം നമുക്കങ്ങിരുവർക്കുമൊപ്പം
ലാഭം, നിനക്കങ്ങൊരു പുത്രനുണ്ടാം.

ഇതിൽ ആദ്യത്തെ 4 വരി ഒരു പുരുഷൻ ഒരു ചെറുപ്പക്കാരിയോട് പറഞ്ഞ കാര്യവും പിന്നത്തെ 2 വരികൾ അയാൾക്ക് കിട്ടിയ മറുപടിയുമത്രെ.

“കയ്പ നട്ടു നനക്കേണം പന്തലിട്ടു വളർത്തണം
കായ് മൂന്നാലറുത്തിട്ട് കറിയഞ്ചു ചമക്കണം.”

മറുപടി തികച്ചും 'A' ആയതിനാൽ അതിനെ ഈ 2 വരിയിൽ ഒളിച്ച് വച്ചിരിക്കയാണ്. അതിവിടെ എഴുതുക അസാദ്ധ്യം.

ഇങ്ങനെയുള്ള സാഹിത്യത്തിന്റെ ഒരു ഭണ്ഡാഗാരമാണ് കൃഷ്ണേട്ടൻ. ഒന്നുമില്ലെങ്കിലും അദ്ദേഹം പോലീസിൽ നിന്നാണെന്നോർമ്മയുണ്ടായാൽ മതി.

ഇതെല്ലാം വെറും 'അഡൾട്ട്സ് ഓൺലി' ആണല്ലോ കൃഷ്ണേട്ടാ എന്നു പ റഞ്ഞാൽ ഉടനെ വരും നല്ല വെജിറ്റേറിയൻ വരികൾ. അത്തരം നാലു വരികളാണ് താഴെ.

ചെമ്മീൻ, ഉപ്പുള്ളി, കാന്താരി
മഞ്ഞളും മുളകും തഥാ
ഇവ കൂട്ടി അരച്ച സമ്മന്തി
ബ്രാഹ്മണർക്കും ഭുജിച്ചിടാം.

തമാശകൾ മുറക്ക് നടക്കുന്നുണ്ടായിരുന്നെങ്കിലും ഉടനെ നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്ക്കണ്ഠ ഉണ്ടായിരുന്നു. നാളത്തെ യാത്ര ഗുഞ്ചിയിലേക്കാണ്. അവിടെ ഒരു ദിവസത്തെ താമസമുണ്ട്. ഉയരത്തിലേക്ക് പോകുമ്പോഴുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ പ്രകൃതിയുമായി ഇണങ്ങാനും മെഡിക്കൽ ടെസ്റ്റിനുമാണ് ഈ താമസം. മെഡിക്കൽ ടെസ്റ്റ് കഴിയുമ്പോഴറിയാം ആർക്കൊക്കെയാണ് കൈലാസത്തിൽ പോകാൻ ഭാഗ്യമുള്ളതെന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

അഭിപ്രായങ്ങളൊന്നുമില്ല: