2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 16

യാത്രാ ബ്ലോഗിന്റെ കാലമാണിത്. യാത്രാ ബ്ലോഗിന്റെ മാത്രമല്ല, ഫോട്ടോ ബ്ലോഗിന്റേയും കാലമാണിത്. ഇതു രണ്ടും ചേർന്ന ബ്ലോഗാണ് കൂടുതൽ പോപ്പുലർ. അതിനാണ് കൂടുതലും ഡിമാന്റ്. പിട്ടിന് പീര ഇടുന്ന പോലെയല്ലേ ബ്ലോഗിൽ പലപ്പോഴും ഫോട്ടോ ചേർക്കുന്നത്. അങ്ങനെയുള്ള കാലാവസ്ഥയിൽ, ഇത്രയും എഴുതിയ സ്ഥിതിയ്ക്ക് രണ്ടു ഫോട്ടോ ചേർത്തില്ലെങ്കിൽ മോശമല്ലേ? അതുകൊണ്ട് രണ്ടു മൂന്നു ഫോട്ടോ ചേർക്കുകയാണ്.

ഒരു ഫോട്ടോ, ഞാൻ യാത്ര ചെയ്തതിന് തെളിവായി ഗവണ്മെന്റ് തന്നതാണ്. അടുത്തത് ഞാൻ മാനസസരോവരത്തിൽ എന്റെ പാപനാശം വരുത്തുന്നതാണ്. മൂന്നാമത്തേത് കൈലാസത്തിനു മുന്നിൽനിന്ന് ശ്രീപാർവ്വതിയോടൊത്തു ചേർന്ന് എടുത്തതാണ്. മാനസസരോവരത്തിലെ കുളിയെല്ലാം കഴിഞ്ഞു കൈലാസത്തിനടുത്തെത്തുമ്പോൾ പാർവ്വതി പതിയെ നടന്നു വരുന്നുണ്ടായിരുന്നു. എന്നോടോപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ. വർഷങ്ങളായുള്ള തിബറ്റിലെ വാസം അവളുടെ മുഖം ഒരു ചൈനക്കാരിയുടേത് പോലെ ആക്കിയിരുന്നു. ഇതേത് പാർവ്വതി എന്ന് ചിത്രത്തിൽ നോക്കുന്നവർക്ക് തോന്നുക സ്വാഭാവികം. പർവ്വതത്തിന്റെ താഴ്വരകളിൽ ജനിച്ചു വളർന്ന യുവതികൾ പാർവ്വതിമാരല്ലാതെ മറ്റാരാണ്?

ഈ ചിത്രങ്ങൾക്ക് ഞാൻ എന്റെ സഹയാത്രികരായ അരവിന്ദിനും ചന്ദ്രൻ ആനന്ദിനും കടപ്പെട്ടിരിക്കുന്നു. അവരാണ് എന്റെ ഈ അപൂർവ്വ ചിത്രങ്ങൾ ഫിലിമിൽ ആക്കാനുള്ള വിശാലമനസ്കത കാണിച്ചത്. ശങ്കര ഭഗവാൻ അവർക്ക് നല്ലതു വരുത്തട്ടെ.



ഈ ഫോട്ടോകൾ കണ്ടാൽ ഇത് ഒറിജിനൽ ഫോട്ടോ അല്ല, കട്ട് & പെയ്സ്റ്റ് ചെയ്തതാണ്, മോർഫ് ചെയ്തതാണ് എന്നൊക്കെ സ്വാഭാവികമായും ആരും സംശയിക്കും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല. കാലം അതല്ലേ? ഏതെല്ലാം ഫോട്ടോകളാണ് കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള സൂത്രപ്പണിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ബോളീവുഡ്ഡിലെ മാധുരീ ദീക്ഷിത്, കരീനാ കപൂർ തുടങ്ങി ഏതൊക്കെ സിനിമാനടികളാണ് ഇങ്ങനെ മോർഫിങ്ങിന് വിധേയരായിട്ടുള്ളത്. അവരുടെ ഒക്കെ എന്നു പറഞ്ഞ് എന്തൊക്കെ തരം ഫോട്ടോകളാണ് പണ്ടൊക്കെ ഇന്റർനെറ്റ് വഴി പ്രചരിച്ചു കൊണ്ടിരുന്നത്? ഈ ഫോട്ടോകളിൽ എല്ലാവരുടേയും മുഖം 'മെയ്ക്ക് അപ്' ചെയ്ത് സുന്ദരമാക്കിയിരിക്കും. അങ്ങനെയാണല്ലോ ഈ ബോളീവുഡ്ഡുകാരൊക്കെ സുന്ദരികളും സുന്ദരന്മാരും ആകുന്നത്. പക്ഷേ, ഈ ഫോട്ടോകളിൽ അവരുടെ മുഖം മാത്രമേ 'മെയ്ക്ക് അപ്' ചെയ്തിരിക്കൂ. കഴുത്തിനു താഴെ കാലുവരെ ഒരു മെയ്ക്ക് അപ്പും കാണുകയില്ല. കാലിൽ ചെരിപ്പു കണ്ടെന്നിരിക്കും. കഴുത്തിനു താഴോട്ട് 'മെയ്ക്ക് അപ്' ഇല്ലാത്തതാണ് ശരീരം ആകർഷകമാകാൻ നല്ലത് എന്നറിയാവുന്നത് കൊണ്ടാണ് അവിടെയൊന്നും ഒരു 'മെയ്ക്ക് അപ്പും' ഇല്ലാത്തത് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ 'മെയ്ക്ക് അപ്' ഉള്ള സുന്ദരമായ മുഖവും 'മെയ്ക്ക് അപ്' ഇല്ലാത്ത ആകർഷകമായ ശരീരവും കാണാൻ എത്ര പേരാണ് പണ്ടൊക്കെ ഇന്റർനെറ്റ് കവലയിൽ കൂടി നിന്നിരുന്നത്. ഇരുന്നും കിടന്നും മറ്റുമുള്ള ഇത്തരം ഫോട്ടോകൾ എത്രയാണ് പണ്ടൊക്കെ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നത്. പിന്നെ ഇമ്മാതിരി വായിൽ നോട്ടമൊക്കെ സൈബർക്രൈം എന്ന വകുപ്പിൽ വരുമെന്ന പേടി തുടങ്ങിയപ്പോഴാണ് പലരും ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി ഒരു ഭാഗത്ത് ഒതുങ്ങിക്കൂടിയത്. ഈ കവലയിൽ ഞാനും കാഴ്ചക്കാരനായി നിന്ന കാലം എന്റെ ഓർമ്മയിൽ ഉണ്ട്. പിന്നീട് തല നരയ്ക്കുകയും അനുഭവങ്ങൾ ജീവിതമെന്തെന്ന് മനസ്സിലാക്കിത്തരുകയും ചെയ്തപ്പോൾ ഞാനും ഒരു ഭാഗത്ത് ഒതുങ്ങിക്കൂടുകയായിരുന്നു.

ഇനിയുള്ള ദിവസങ്ങളിലെ യാത്ര തിബറ്റിന്റെ മണ്ണിലാണ്. ചൈനക്കാരും തിബറ്റുകാരുമാണ് ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവരില്ലാതെ ഒരിടത്തും പോകാൻ പാടില്ല. വിദേശരാജ്യത്തല്ലേ?

രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങൾ ബസ്സിൽ യാത്ര തുടങ്ങി. മെറ്റൽ ചെയ്ത നല്ല റോഡ്. ഇരുവശത്തും കുന്നും മലകളും തന്നെ. മരങ്ങൾ ഇല്ല. പുഴ ഉണ്ട്. വിജനവും വിശാലവുമായ പ്രദേശങ്ങളും ഉണ്ട് റോഡിനിരുവശവും. ബസ്സ് കുറേ നേരം ഓടുമ്പോൾ അകലെ ചക്രവാളത്തിൽ ചൂണ്ടി അതാ കൈലാസം എന്ന് ആളുകൾ പറയാൻ തുടങ്ങിയിരുന്നു. പരിപൂർണ്ണമായും വെള്ള പുതച്ചു നിൽക്കുന്ന കൈലാസം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. ബസ്സിൽ ഓം നമ:ശിവായ, ഹരഹര മഹദേവാ എന്നും മറ്റും മുഴങ്ങിക്കേട്ടു. എന്റെ നാവിൽ നിന്നും പഞ്ചാക്ഷരങ്ങൾ ഉതിർന്നു വീണു. കുറേ ദൂരം ഓടിയ ബസ് ഹെലിപാഡ് പോലെയുള്ള ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. കുറച്ചകലെ ഒരു വലിയ തടാകം ഞങ്ങൾക്ക് കാണായി. അതത്രെ രാക്ഷസ്താൾ എന്ന തടാകം.

രാവണനുമായി ബന്ധപ്പെട്ടതാണീ തടാകം. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാൻ കടക്കുന്നില്ല. അതിന്റെ വിശദാംശങ്ങൾ ബ്ലോഗുകളിലും ഗ്രന്ഥങ്ങളിലും ലഭ്യമാണല്ലോ. ബസ്സ് നിന്ന സ്ഥലത്തു നിന്ന് കുറേ ദൂരം നടന്ന് അര കിലോമീറ്ററെങ്കിലും കുത്തനെ താഴോട്ട് പോയാലേ തടാകത്തിലെത്തു. വളരെ കുറച്ചു പേർ ആ റിസ്ക് എടുത്തു. ഞാനും.

ഇത്രയും വൃത്തിയുള്ള, ഇത്രയും പരിശുദ്ധമായ ഒരു ജലാശയം എന്റെ ജീവിതത്തിൽ ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ല; ഇനി ഭാവിയിൽ കാണുകയും ഇല്ല. കാണാൻ ശുദ്ധമായ ജലം. വൃത്തിയുള്ള പരിസരം. ഞാൻ രാക്ഷസതടാകത്തിലിറങ്ങി.

ഇത്രയും വൃത്തിയുള്ള, ഇത്രയും പരിശുദ്ധമായ ഒരു ജലാശയം എന്റെ ജീവിതത്തിൽ ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ല; ഇനി ഭാവിയിൽ കാണുകയും ഇല്ല. കാണാൻ ശുദ്ധമായ ജലം. വൃത്തിയുള്ള പരിസരം. ഞാൻ രാക്ഷസതടാകത്തിലിറങ്ങി.

എന്തൊരു തണുപ്പ്. ഞാനധികം നേരം ആ വെള്ളത്തിൽ നിന്നില്ല.

ഈ ജലാശയം വിഷമയമാണെന്ന വിശ്വാസം മൂലം ആരും അങ്ങോട്ട് പോകാത്തതാണ് ജലത്തിന്റേയും പരിസരത്തിന്റേയും ഈ വൃത്തിയ്ക്ക് കാരണം. മനുഷ്യനാണ് ഭൂമി വൃത്തികേടാക്കൂന്നത് എന്നതിന് ഈ വൃത്തിയല്ലാതെ വേറേ തെളിവു വേണോ? കുത്തനെയുള്ള കയറ്റം, കുതിച്ചും കിതച്ചും, കയറി ബസ്സിലേക്ക് മടങ്ങി വരുമ്പോൾ ഞാൻ ചിന്തിച്ചത് എന്തൊക്കെയാണെന്നോ? അറിയണമെങ്കിൽ തുടർന്നു വായിച്ചോളൂ.

ഒരാൾക്കെത്ര ഭാര്യമാരാകാം? പണ്ടൊക്കെ അതിനൊരു കണക്കൊന്നും ഇല്ലായിരുന്നു. അന്നൊക്കെ ആൾക്കാർ കുറവായിരുന്നു. പിന്നീട് ആളുകൾ വർദ്ധിക്കുകയും അവരുടെ സംസ്കാരം പുരോഗമിക്കുകയും ചെയ്തപ്പോൾ പല പുതിയ പ്രശ്നങ്ങളും ഉദയം ചെയ്തു. അതുകൊണ്ടാണ് "ഒരു വ്യക്തിയ്ക്ക് ഒരു പങ്കാളി" എന്ന് സർക്കാർ കണക്ക് വച്ചത്.

ഇത് ഓർത്തപ്പോൾ പണത്തിന്റെ കാര്യമാണ് എനിയ്ക്കോർമ്മ വന്നത്. ഒരാൾക്ക് എത്ര പണം സമ്പാദിക്കാം എന്നാണ് സർക്കാർ കണക്ക് വച്ചിരിക്കുന്നത്? എനിയ്ക്കറിഞ്ഞു കൂടാ. അങ്ങനെ ഒരു പരിധി ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ടല്ലേ നമ്മുടെ ആണ്ടിമുത്തു രാജമാരും സുരേഷ് കല്മാഡിമാരും കണക്കറ്റ് പണം സമ്പാദിച്ചത്? അപ്പോൾ അതിനും വേണം സർക്കാർ ഒരു പരിധി നിശ്ചയിക്കാൻ.

എന്തായാലും ഈ പെണ്ണും പണവും ആണുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയ്ക്കുന്നത്. കണ്ടില്ലേ, പെണ്ണ് മൂലം സന്തോഷ് മാധവന്മാരും പണം മൂലം രാജമാരും ജയിലിൽ കിടക്കുന്നത്? വെറുതെയല്ല "കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം" എന്ന് ആരോ പാടിയത്.

പെണ്ണും പണവും മാത്രമല്ല, മൂന്നാമതൊന്നു കൂടി ഈ വകുപ്പിൽ വരുന്നുണ്ട്. മണ്ണാണത്; ഭൂമി.

"പെണ്ണും പണവും" എന്നു പറയുന്നത് പോലെ നാം പറഞ്ഞു കേൾക്കുന്നതാണ് "പെണ്ണും മണ്ണും" എന്ന്. പെണ്ണും മണ്ണും നോക്കും തോറും, ശുശ്രുഷിക്കും തോറും, നന്നാകുമെന്ന് കേട്ടിട്ടില്ലേ? "മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി" എന്നും നാം കേട്ടിട്ടുണ്ട്.

മണ്ണും പെണ്ണും തമ്മിലുള്ള സാമ്യം കാണിക്കാനാണ് ഇത്രയൊക്കെ എഴുതിയത്. ശരിയ്ക്ക് എഴുതാൻ അറിയുന്നവർ രണ്ടു വരി കൊണ്ട് എഴുതുന്നതാണ് ഞാൻ വളച്ചു കെട്ടി, വലിച്ചു നീട്ടി പറഞ്ഞൊപ്പിച്ചത്. ഞാൻ പറഞ്ഞു വരുന്നത്, പെണ്ണിനെ ബലാൽസംഗം ചെയ്യുന്നതു പോലെയാണ് ആളുകൾ ഇപ്പോൾ "ടൂറിസം" എന്ന പേര് പറഞ്ഞ് ഭൂമിയെ ബലാൽസംഗം ചെയ്യുന്നത് എന്നാണ്. മണ്ണും പെണ്ണും ഒരുപോലെ എങ്കിൽ ഭൂമിയേയും ബലാൽസംഗം ചെയ്യാമല്ലോ. ആധുനികത ഭൂമിയ്ക്ക് നൽകിയ പുതിയ ശാപമാണ് ഈ ടൂറിസം. പണ്ടൊന്നും ആളുകൾക്ക് ഈ ടൂറിസം ഇല്ലായിരുന്നു. അന്നവർക്ക് വയലിൽ കൃഷിയും തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. ഇതു രണ്ടും ഉള്ളപ്പോൾ നാട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റില്ലായിരുന്നു. സ്വന്തം അമ്മയുടെ ശ്രാദ്ധത്തിന്, കാശിയ്ക്ക് പോകാൻ പോലും അന്നവരെ ഈ പശുവും കൃഷിയും അനുവദിക്കില്ലായിരുന്നു. ഇന്നൊ?

ഇന്ന് കൃഷിയില്ല. തൊഴുത്തിന്റെ സ്ഥാനത്ത് ഇപ്പോൾ കാർഷെഡ്ഡല്ലേ? പിന്നെന്തു പശു? പണ്ട് പശു പാൽ ഇങ്ങോട്ട് ഒഴിച്ചു തന്നിരുന്ന സ്ഥാനത്ത് ഇന്ന് കാറിന് പെട്രോൾ അങ്ങോട്ടൊഴിച്ചു കൊടുക്കുകയാണ്. സ്വാഭാവികമായും മനുഷ്യന് ചെയ്യാവുന്ന പണി ടൂറിസം മാത്രമാണ്. ഇങ്ങനെ തൂറിസത്തിന് പോയി, പെണ്ണിനെ ബലാൽസംഗം ചെയ്ത് വഴിയിൽ തള്ളുന്നതു പോലെ, മനോഹരമായ കുന്നിലും മലയിലും പോയി അവിടെ തൂറി വച്ച് വൃത്തികേടാക്കി ഒരു ക്വിന്റൽ പ്ലാസ്റ്റിക്കും കുറേ കൊക്കോകോളാ കുപ്പികളും അവിടെ കളഞ്ഞ്, (ഭൂമിയെ ബലാൽസംഗം ചെയ്ത്) തിരിച്ചു വരുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ ഒരു ചിന്ത കയറി വരുന്നു. ഒരാൾ ഒരു പെണ്ണിനെ കല്യാണം കഴിയ്ക്കുന്നതു പോലെ ഒരാൾ ഒരു സ്ഥലത്തേ തൂറിസത്തിന് പോകാൻ പാടൂ എന്ന് സർക്കാർ നിയമം കൊണ്ടു വരണമെന്ന്.

പക്ഷേ ഇഷ്ടമുള്ള സ്ഥലത്ത് പോകാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ടായിരിക്കും. 100 തവണ പെണ്ണ് കണ്ടിട്ടല്ലേ ഒന്നിനെ കെട്ടുന്നത്? അതുപോലെ ഇഷ്ടമുള്ള സ്ഥലങ്ങൾ നോക്കി മനസ്സിലാക്കി അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകാൻ ആർക്കും അനുമതിയാകാം. അങ്ങനെയാകുമ്പോൾ നാട് വല്ലാതെ വൃത്തികേടാകില്ല. ഇത് എന്റെ ഭ്രാന്തൻ ചിന്തയാണ് കെട്ടോ. വിട്ടേക്കൂ.

രാക്ഷസതടാകത്തിന്റെ കയറ്റം കയറി, കിതച്ച് കിതച്ച്, ബസ്സിൽ വന്നിരിക്കുമ്പോൾ തിബറ്റിലാണല്ലോ ഇപ്പോൾ ഉള്ളത് എന്ന ബോധം എനിയ്ക്ക് ഉണ്ടായി. ഇതെല്ലാം തിബറ്റിന്റെ മണ്ണാണ്. ചുറ്റുമുള്ള മനോഹരമായ പ്രകൃതി ഞാനൊരാവർത്തി കൂടി നോക്കിക്കണ്ടു. ആ ഭംഗി എഴുതി അറിയിക്കാനുള്ള വാക്കുകൾ എന്റെ വൊക്കാബുലരിയിൽ ഇല്ല. തിബറ്റുകാരെപ്പോലെ ശുദ്ധരും പാവങ്ങളുമായ മനുഷ്യർ ഭൂമിയിൽ കാണണമെന്നില്ല. അവരുടെ പ്രാർത്ഥനാരീതികൾ വിചിത്രമാണ് എന്ന് ബസ്സിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ എനിയ്ക്ക് മനസ്സിലായി. നമ്മൾ 'ഓം നമ:ശിവായ' എന്നൊക്കെ പറയുന്നതിന്റെ എത്രയോ കൂടിയ ഗൗരവത്തിലും ഭക്തിയിലും തിബറ്റുകാർ പറയുന്നത് 'ഓം മണിപദ്മേ ഹും' എന്നാണ്. ഇതവർ പറയുക മാത്രമല്ല ഒരു പേപ്പറിലോ തുണിയിലോ ഒക്കെ ലക്ഷക്കണക്കായി എഴുതി വിശേഷപ്പെട്ട സ്ഥലങ്ങളിൽ തൂക്കും. ഇങ്ങനെ എഴുതിയ പല വർണ്ണത്തിലുള്ള തുണികൾ () തിബറ്റിൽ പലയിടത്തും കാണം. അടുത്തു തന്നെ കല്ലുകൾ മേലേക്കുമേലെ എടുത്തു വയ്ക്കുകയും ചെയ്യും. ഇതും ഒരു പ്രാർത്ഥനാരീതിയാണെന്ന് തോന്നുന്നു. ഈ കല്ലുകളുടെ കൂട്ടത്തിൽ യാക്കുകളുടെ കൊമ്പും തലയോടും കൂടി വച്ചിരിക്കും. അതിന്മേലും ചിലപ്പോൾ 'ഓം മണിപദ്മേ ഹും' എന്ന് അവരുടെ ഭാഷയിൽ എഴുതിക്കാണും. ഈ തുണികളും കല്ലുകളും ഞാൻ ബസ്സിലിരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ കണ്ടു. പിന്നീട് ഇവ തിബറ്റിൽ ഒരു സാധാരണ കാഴ്ചയായി മാറിയിരുന്നു.

കുറേ കഴിഞ്ഞപ്പോൾ ബസ് പുറപ്പെട്ടു. റോഡ് നല്ല നിലവാരം പുലർത്തുന്നുണ്ട്; യാത്ര സുഖകരവും അന്തരീക്ഷം ഉല്ലാസപ്രദവും ആയിരുന്നു. കുറേ യാത്ര ചെയ്ത ബസ് പിന്നീട് മാനസസരോവരത്തിന്റെ തീരത്താണ് നിന്നത്. ഞങ്ങൾ പലരും തടാകത്തിൽ ഇറങ്ങി കുളിച്ചു. പലരും പ്രാർത്ഥനകളും പൂജകളും ചെയ്തു. പലരും ഫോട്ടോകൾ എടുത്തു. പലരും മണ്ണിൽ എന്തോ തിരയുന്നുണ്ടായിരുന്നു. ഞങ്ങളവിടെ എത്തുമ്പോൾ കൈലാസം കണ്ടു തിരിച്ചു വരുന്ന അഞ്ചാം ബാച്ചുകാരെ അവിടെ കണ്ടു.


ആൾരൂപൻ മാനസസരോവരത്തിൽ
(ചിത്രത്തിന് കടപ്പാട്: ശ്രീ. ചന്ദ്രൻ ആനന്ദ്, ബാംഗളൂർ)

കുളിക്കാൻ വേണ്ടി തടാകത്തിലിറങ്ങി വെള്ളം ചവിട്ടുമ്പോൾ അത് കലങ്ങുന്നു. കുളിക്കാൻ പറ്റുന്ന നല്ല സ്ഥലത്തല്ല ബസ് നിർത്തിയത് എന്ന് എനിയ്ക്ക് തോന്നി. അവിടങ്ങളിൽ സരോവരത്തിന്റെ പരിസരം വൃത്തികേടായി കിടന്നിരുന്നു. പ്ലാസ്റ്റിക് കവറുകൾ, പൊട്ടിയ കുപ്പിച്ചില്ലുകൾ, ഒഴിഞ്ഞ കൊക്കോകോള കുപ്പികൾ, കീറി മാലയായ തുണികൾ എന്നിങ്ങനെ പലതും പരിസരത്തിൽ കാണപ്പെട്ടു. മാനസസരോവരത്തിന് വികൃതമായ ഒരു മുഖമുണ്ടെന്ന് ഈ യാത്രക്കാർ കരുതട്ടെ എന്ന് ബസ് ഡ്രൈവർ തീരുമാനിച്ചോ എന്തോ. ഈ അഴുക്കുകൾ കണ്ടപ്പോൾ എനിക്കൊരു പരസ്യമാണ് ഓർമ്മ വന്നത്. പക്ഷേ ആ പരസ്യം ഞാനിവിടെ സന്ദർഭോചിതമായി മാറ്റി എഴുതുകയാണ്.

'ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം' എന്നാണ് പരസ്യം. "മനുഷ്യൻ എവിടെയുണ്ടോ അവിടെ മാലിന്യവുമുണ്ട്" എന്നാണ് ഞാനതിനെ മാറ്റുന്നത്... മനുഷ്യനുള്ളിടത്ത് മാലിന്യമുണ്ടെന്നു മാത്രമല്ല, മനുഷ്യൻ പരിഷ്ക്കാരിയാവും തോറും മാലിന്യത്തിന്റ അസഹനീയതയും വർദ്ധിക്കുന്നു. എന്റെ ഈ പ്രസ്താവന എനിക്കീ യാത്രയിൽ നിന്ന് മനസ്സിലായതാണ്. പണ്ടൊക്കെ... എന്നു പറഞ്ഞാൽ എന്റെ കുട്ടിക്കാലത്ത്.. മനുഷ്യൻ സാധനങ്ങൾ പൊതിഞ്ഞിരുന്നത് മരത്തിന്റെ ഇലകളിലായിരുന്നു. വാഴയില, തേക്കില, പൊടുവണ്ണിയില എന്നിവ സർവ്വദാ ഉപയോഗിക്കപ്പെട്ടു. ഉപയോഗം കഴിഞ്ഞ ഇത്തരം ഇലകൾ പരിസരം വൃത്തികേടാക്കുമെങ്കിലും അവ മണ്ണിൽ ക്ഷയിച്ചിരുന്നതു കൊണ്ട് പ്രകൃതിക്കോ മനുഷ്യനോ ദോഷമൊന്നുമില്ലായിരുന്നു.

പിന്നീട് നമ്മൾ പുരോഗമിക്കുകയും അതിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തപ്പോൾ നമ്മൾ ഇല മാറ്റി പകരം പേപ്പർ ഉപയോഗിക്കാൻ തുടങ്ങി. പേപ്പർ, പൊതിയാൻ ഉപയോഗിക്കുന്നതിനു മുമ്പ് നമുക്ക് പേപ്പറിനോടെന്ത് ബഹുമാനമായിരുന്നു. സാക്ഷാൽ സരസ്വതിയല്ലായിരുന്നോ പേപ്പർ? പേപ്പറിൽ ചവിട്ടില്ല, പേപ്പറിൽ ഇരിക്കില്ല, പേപ്പറിൽ കിടക്കില്ല, ഇങ്ങനെയൊക്കെ അല്ലായിരുന്നോ? വിദ്യാദേവതയെ നിന്ദിക്കരുതല്ലോ? പേപ്പർ, പൊതിയാനുള്ള വസ്തുവായപ്പോൾ നമ്മൾ മഹാത്മാക്കളേയും നിന്ദിക്കാൻ തുടങ്ങി. ഗാന്ധിജിയുടെ മുഖമുള്ള പേപ്പറിൽ മീൻ പൊതിയും, വീട്ടിലെത്തിയാൽ അത് മുറ്റത്ത് കളയും, പിന്നെ പേപ്പറിൽ, ഗാന്ധിജിയുടെ മുഖത്തായി ചവിട്ട്, അവസാനം ഗാന്ധിജി എത്തുന്നതോ വെറും കുപ്പയിൽ... ഗാന്ധിജി മാത്രമല്ല, ശിവനും പാർവ്വതിയും വരെ ഇങ്ങനെ ചവിട്ടേറ്റ് കുപ്പയിലെത്താൻ തുടങ്ങുകയും പിന്നീടത് ഒരു പതിവാകുകയും ചെയ്തു.

പേപ്പറിന് 'ആവരണം' ആവാനുള്ള യോഗ്യതയില്ലെന്നു കണ്ടപ്പോഴാണ് മനുഷ്യൻ പൊതിയാൻ വേണ്ടി പ്ലാസ്റ്റിക്കിനെ ഉപയോഗിക്കാൻ തുടങ്ങിയത്. പ്ലാസ്റ്റിക്കാവുമ്പോൾ എന്തൊരു സൗകര്യം!!! കടയിൽ പോകണം, സാധനം വാങ്ങണം, പിന്നെ ഒരു പ്ലാസ്റ്റിക് കവറിൽ അതിട്ട് വീട് വരെ കൊണ്ടു വരുന്നതിന്റെ സുഖം! ഹാ, പറയാവതാണോ, അത്? വീട്ടിലെത്തിയാൽ കവർ വലിച്ചൊരേറാണ്. അത് കുളത്തിലോ കായലിലോ, പശുവിന്റെ വയറ്റിലോ പോയാൽ എനിക്കെന്ത്? എനിക്ക് എന്റെ സൗകര്യമാണ് പ്രധാനം... അതുകൊണ്ട് പ്ലാസ്റ്റിക് ജയ ഹോ? ഇതാണ് മനുഷ്യധർമ്മം. ഇതിനൊപ്പം ഉപഭോക്തൃ സംസ്ക്കാരവും കൂടിയായപ്പോൾ സംഗതി പൊടിപൂരം! അതോടെ ഭൂമിയുടെ നാശവും തുടങ്ങി. യമുന വീണ്ടും കാളിന്ദിയായത് പ്ലാസ്റ്റിക് കാരണമല്ല, മറിച്ച് മനുഷ്യന്റെ ഈ സൗകര്യഭ്രമം കൊണ്ടാണ്. മനുഷ്യന്റെ ഈ മനോഭാവം മാറ്റി കാളിന്ദിയെ വീണ്ടും ഒരു യമുനയാക്കാൻ ഇനിയൊരു ശ്രീകൃഷ്ണൻ എന്നെങ്കിലും അവതരിക്കുമോ? എന്തായാലും, മനുഷ്യനുള്ളിടത്തേ മാലിന്യമുള്ളൂ.

ഇലയിൽ നിന്നും കടലാസ് വഴി പോളിത്തീൻ കവറിലേക്കുള്ള പരിഷ്കാരം പറഞ്ഞു വന്നപ്പോഴാണ് ആൺ പെൺ തിരിവിലെ പരിഷ്കാരങ്ങൾ എന്റെ മനസ്സിൽ ചേക്കേറിയത്. എന്റെ കുട്ടിക്കാലത്തൊക്കെ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉള്ള സമീപനത്തിൽ സമൂഹത്തിൽ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. രണ്ടും കുട്ടികൾ; അത്ര തന്നെ. പിന്നീട് ആ സമീപനം മാറി. എന്തിനും ഏതിനും മുദ്രാവാക്യം സാർവത്രികമായിത്തുടങ്ങിയിരുന്നു അക്കാലത്ത്. 'നാം രണ്ട്, നമുക്ക് രണ്ട്' എന്നായിരുന്നു കുടുംബങ്ങളെ സംബന്ധിക്കുന്ന മുദ്രാവാക്യം. അപ്പോഴാണ് ആൺകുട്ടികൾക്ക് വേണ്ടിയുള്ള വെമ്പൽ ദമ്പതിമാരിൽ രൂഢമൂലമാകുന്നത്. അങ്ങനെ Care for the Boy child, Carefree for the Girl child എന്നൊരു രീതി സമൂഹത്തിൽ നിലവിൽ വന്നു. ആൺകുട്ടികൾക്കാണ് ശ്രദ്ധ കിട്ടിയിരുന്നതെങ്കിലും പെൺകുട്ടികൾക്ക് കിട്ടുന്ന കെയർഫ്രീക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഹൗ, എത്ര എത്ര കെയർഫ്രീ ആണ് അന്നൊക്കെ വിറ്റഴിഞ്ഞിരുന്നത്. പിന്നീട് അതെല്ലാം പോയി. Stayfree, whispers എന്നിവയുടെ കടന്നു കയറ്റം കെയർഫ്രീയുടെ പ്രാധാന്യം തീരെ ഇല്ലാതാക്കി കളഞ്ഞു. അതിനെന്താ, അപ്പോഴേയ്ക്കും സമൂഹം അതിന്റെ നിലപാട് വീണ്ടും മാറ്റിയിരുന്നു. Life for the Boy child, Death for the Girl child എന്നല്ലായിരുന്നോ പുതിയ മുദ്രാവാക്യം? അങ്ങനെയാണല്ലോ പെൺ ഭ്രൂണഹത്യ സാർവത്രികമായതും പിന്നീടത് നിരോധിതമായതും. ഇപ്പോൾ വന്നു വന്ന് പെൺകുട്ടി ജനിച്ച് ഗവണ്മെന്റിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ച ശേഷം അതിനെ കൊന്നു കുഴിച്ചു മൂടുന്നതായിരിക്കുന്നു രീതി. കേരളത്തിൽ മാത്രമുണ്ട് അങ്ങിങ്ങ് ചില അമ്മത്തൊട്ടിലുകൾ. അതുകൊണ്ടാണോ എന്തോ കേരളത്തിൽ ആൺപെൺ അനുപാതത്തിൽ വലിയ വ്യത്യാസമില്ലാത്തത്? കാലത്തോടൊത്തുള്ള ഭാരതീയരുടെ ഈ മനംമാറ്റത്തെ നമ്മുടെ മഹാനദിയായ ഗംഗയെ കുറിച്ചുള്ള പരാമർശത്തിലൂടേ ജവഹർലാൽ നെഹ്രു Discovery of India-യിൽ വരച്ചു കാട്ടിയിട്ടുണ്ട്. ഗംഗയുടെ അന്നു മുതൽ ഇന്നു വരെയുള്ള കഥ ഇന്ത്യയുടെ നാഗരികതയുടേയും സംസ്ക്കാരത്തിന്റേയും കഥ കൂടിയാണെന്ന് ആണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ശരിയാണ്. ഗംഗ ഇന്ന് വളരേയധികം മലീമസമാണ്. ഇന്നത്തെ ഇന്ത്യയുടെ നാഗരികതയും സംസ്ക്കാരവും നെഹ്രു ഉപമിച്ച പ്രകാരം ഗംഗ പോലെയും.

ഗംഗാനദിയുടെ മാലിന്യവും ധാരാളം സംസാരത്തിനിട തരുന്നുണ്ട്. ഗംഗാനദി ശുദ്ധീകരിക്കാൻ ലോകബാങ്ക് ഒരു ബില്യൺ യു.എസ്. ഡോളറാണ് അനുവദിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന മലിനീകരണം ഗംഗയുടെ പരിസ്ഥിതിക്ക് വളരെയേറെ ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. ഇത് കേട്ടിട്ടാണോ എന്തോ, ഗംഗാനദി കുപ്പത്തൊട്ടിയാണെന്ന് ഏതോ സായിപ്പ് കഷ്ടകാലത്തിന് പറഞ്ഞു പോയി. ഒടുവിൽ അയാൾ മാപ്പു പറഞ്ഞേ ഇന്ത്യക്കാർ അയാളെ വെറുതെ വിട്ടുള്ളു. പക്ഷേ ഗംഗയിലേ മാലിന്യം ഗുരുതരമാണെന്ന് നമ്മുടേ വന്ദ്യവയോധികനായ അദ്വാനിജി പറഞ്ഞപ്പോൾ ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. അദ്ദേഹവും ലോകബാങ്കും പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി സായിപ്പെന്താണ് പറഞ്ഞത് എന്നാണ് എനിയ്ക്ക് മനസ്സിലാവാതെ പോയത്. സാധാ വ്യക്തി അഭിപ്രായം പറഞ്ഞു എന്നതായിരിക്കും സായിപ്പ് ചെയ്ത കുറ്റം. സ്വാമി നിഗമാനന്ദും ചെയ്തതതല്ലേ? അദ്ദേഹവും ഒരു വെറും 'സാധാ' അല്ലായിരുന്നോ.

'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് അംബാസഡർമാരെക്കുറിച്ച് ഓർമ്മ വരുന്നത്. ഇപ്പോൾ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മുദ്രാവാക്യം മാത്രമല്ല ഉള്ളത്; അംബാസഡർമാരും ഉണ്ട്. അംബാസഡർമാരെല്ലാം സ്പോർട്സ്കാരോ സിനിമക്കാരോ മാത്രം. "പണമുണ്ടാക്കുക, സുഖിക്കുക" എന്ന ലക്ഷ്യം മാത്രമുള്ള നമ്മളീ നവഭാരതീയർക്ക് പറ്റിയ അംബാസഡർമാർ ഇവരൊക്കെ തന്നെ. നമ്മുടെ മോഹൻലാലൊക്കെ എന്തിന്റെയൊക്കെ അംബാസഡറാ? അദ്ദേഹത്തിനും കണക്കിൽ പെടാത്ത സ്വത്തുണ്ടത്രെ. ഇന്ത്യൻ ആർമിയുടെ ലെഫ്റ്റ്നന്റ് കേണൽ മോഹൻലാലിനാണോ സിനിമാനടൻ മോഹൻലാലിനാണോ ഈ കണക്കിൽ പെടാത്ത പണം എന്ന് എനിക്കറിയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥന് കണക്കിൽ പെടാത്ത പണമുണ്ടായാലുള്ള അവസ്ഥ എന്തായിരിക്കും?

ഇമ്മാതിരി കാര്യങ്ങളൊക്കെ ആലോചിച്ചിരുന്ന സമയം കൊണ്ട് ബസ്സ് ഞങ്ങളേയും കൊണ്ട് ഓടിയോടി ഞങ്ങളുടെ അടുത്ത ക്യാമ്പ് ആയ 'ദർശൻ' എന്ന സ്ഥലത്തെത്തിയിരുന്നു.


ആൾരൂപൻ കൈലാസത്തിനു മുന്നിൽ ശ്രീപാർവ്വതിയോടൊത്ത്
(ചിത്രത്തിന് കടപ്പാട്: ശ്രീ. അരവിന്ദ് കെ കുട്ടി, ബാംഗളൂർ)


* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

1 അഭിപ്രായം:

Sankar പറഞ്ഞു...

വിജയഗോപാലന്‍ ചേട്ടോ നന്നായിട്ടുണ്ട്