2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 8

ജൂലായ് 1.........

യാത്ര പുറപ്പെടുന്ന ദിവസം......

ഞാൻ അതിരാവിലെ എഴുന്നേറ്റു...പല്ലു തേച്ചു....പരിമിതമായ സൗകര്യങ്ങളുള്ള ഡോർമിറ്ററിയിൽ ആളുകൾ ദിനചര്യകൾക്കും കുളിക്കുമായി തിരക്ക് കൂട്ടുകയാണ്...

നല്ല തിരക്ക്!! ഈ അസമയത്ത് എന്ത് ദിനചര്യ? എന്ത് കുളി? യാത്ര എയർകണ്ടീഷൻ ചെയ്ത ലക്ഷ്വറി ബസ്സിലാണെന്നിരിക്കേ ചൂടും വിയർപ്പുമൊന്നും ഏൽക്കില്ല... ഞാൻ കുളിയും മറ്റും മാറ്റി വച്ചു.......

കൊണ്ടുപോകാനുള്ള രണ്ടു ബാഗുകളും റഡിയാണ്. അതെല്ലാം തലേന്നേ തയ്യാറാക്കി വച്ചതാണല്ലോ. ഒന്നിൽ അന്നാന്ന് ആവശ്യമുള്ള വസ്തുക്കളാണ്... ടൂത്ത് പേസ്റ്റ്, ബ്രഷ്, മരുന്നുകൾ, തോർത്തുമുണ്ട് എന്നിങ്ങനെയുള്ളവ... മറ്റേതിൽ പിന്നീടാവശ്യമുള്ള വസ്തുക്കളാണ്. ചൈനയിലെത്തുമ്പോൾ വേണ്ടവ, മാനസസരോവരത്തിൽ പൂജയ്ക്ക് വേണ്ട സാധനങ്ങൾ എന്നിവ...

ഉണ്ട്, ഇനി മൂന്നാമതൊരു ബാഗ്. ചെറുത്. അധികം വന്നതും യാത്രക്ക് വേണ്ടാത്തതുമായ സാധനങ്ങളാണതിൽ.. അതിവിടെ ക്ലോക് റൂമിൽ വച്ചേ മതിയാകൂ. ഒരു മാസത്തിനു ശേഷം യാത്ര തീർന്ന് മടങ്ങിപ്പോകുമ്പോഴേ അത് വേണ്ടു.

ഞാൻ ക്ലോക് റൂമിലേക്ക് നടന്നു. അത് അടഞ്ഞു കിടക്കുകയാണ്. ഈ അതിരാവിലെ എന്ത് ക്ലോക് റൂം?

അടുത്ത് കണ്ട മുഖം ഞൻ ശ്രദ്ധിച്ചു. എവിടെയോ കണ്ടതു പോലെ.. ഓ, ഇദ്ദേഹമായിരുന്നു ഇന്നലത്തെ പൂജാരി... ഗുജറാത്ത് സമാജ് സദനിൽ ഇന്നലെ നടന്ന ഭജനയുടേയും ശിവപൂജയുടേയും. അവസാനം എല്ലാവരുടേയും കയ്യിൽ ചുവന്ന ചരട് കെട്ടി യാത്രാനുഗ്രഹം നൽകി വിട്ടത് ഇദ്ദേഹമായിരുന്നു. നെറ്റിയിലെ നീണ്ട കുറി ഇപ്പോഴും മാഞ്ഞിട്ടില്ല. അപ്പോൾ ഇദ്ദേഹം ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം...

ഞാൻ അദ്ദേഹത്തെ എന്റെ ഇംഗിതം അറിയിച്ചു. എന്റെ ഈ ചെറിയ ബാഗ് ക്ലോക് റൂമിൽ വയ്ക്കണം.രൂക്ഷമായിരുന്നു പ്രതികരണം, തികച്ചും നിഷേധാത്മകം..

പോരാ, ഇവരെയൊന്നും മെരുക്കാൻ എന്റെ ആവനാഴി പോരാ, ഞാൻ പതുക്കെ പിൻവാങ്ങി.

ദൈവാനുഗ്രഹം, മറ്റൊരു യാത്രി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ക്ലോക് റൂം തിരയുകയാണ്. തന്റെ ഭാണ്ഡസമാനമായ ലഗേജിൽ എന്റെ ചെറിയ ബാഗിനും ഇടമുണ്ടെന്ന് അയാൾക്ക് തോന്നിക്കാണും. അയാൾ എന്റെ ബാഗ് വാങ്ങി അയാളുടെ ഭാണ്ഡത്തിൽ നിക്ഷേപിച്ചു. (ഇതിനെയൊക്കെയാണ് പരസഹായം എന്നു പറയുന്നത്!) ഭാഗ്യം, ക്ലോക് റൂമിന്റെ ഇനിയുള്ള കാര്യം അയാൾ നോക്കിക്കൊള്ളും; ഞാനയാൾക്ക് നന്ദി പറഞ്ഞു.

ഞാൻ എന്റെ ബാഗെടുത്ത് പുറത്ത് തൂക്കി എന്റെ മലയാളി സുഹൃത്തുക്കളോടൊപ്പം കൂടി. എല്ലാവരും റോഡിലേക്കിറങ്ങി. ബസ് ഞങ്ങളേയും കാത്ത് അവിടെ കിടക്കുന്നു. മിക്കവാറും യാത്രികർ അതിനെ ചുറ്റിപ്പറ്റി ഉണ്ട്.

അടുത്തൊരു തട്ടുകട കണ്ടു. അടുപ്പിൽ ചായ കിടന്ന് തിളക്കുന്നു. മണി അഞ്ചല്ലേ? ഒരു ചായ കുടിച്ചേക്കാം...

ഞങ്ങൾ നാലുപേരും ചായ കുടിച്ചു. ചായ ആമാശയത്തിലെത്തിയോ എന്നു സംശയം; അത്രക്കേ ഉള്ളു ചായയുടെ അളവ്; പ്ലാസ്റ്റിക് കപ്പിലാണ് ചായ കിട്ടിയത്. ഡൽഹിയിൽ പ്ലാസ്റ്റിക് നിരോധിച്ചതുമാണ്.

ചായക്ക് 40 രൂപയെന്നു കേട്ടപ്പോൾ ഞാൻ ഞെട്ടി. ഒരു ചായക്ക് 10 രൂപ വാങ്ങാനുള്ള ന്യായമൊന്നും ഞാൻ കണ്ടില്ല. എല്ലാവരും അന്യനാട്ടുകാരും അന്യഭാഷക്കാരുമല്ലേ? അവരെ പിഴിയുക തന്നെ! കാറ്റുള്ളപ്പോഴല്ലേ തൂറ്റാൻ പറ്റൂ? ആരുണ്ടിവിടെ ചോദിക്കാൻ? ഇല്ലെങ്കിൽ നിരോധിച്ച പ്ലാസ്റ്റിക്കൊക്കെ ഉപയോഗത്തിൽ വരുമോ?

ചായയുടെ പണം കൊടുത്ത് ബസ്സിൽ കയറുമ്പോൾ അതിനകത്ത് ആളുകളില്ല. പറഞ്ഞിട്ടെന്താ? ഒരു സീറ്റുപോലും ഒഴിവില്ലാതെ സാധനങ്ങളാണ്. എല്ലാ സീറ്റും 'ബുക്ക്ഡ്' ആണ്. ഒടുവിൽ ഞാൻ ബസിന്റെ പുറകിലെ ആർക്കും വേണ്ടാത്ത ഒരു സീറ്റിൽ ഇരിപ്പായി; മടിയിൽ ബാഗും വച്ച്.

അല്പം കഴിഞ്ഞ് പുറത്തേക്ക് നോക്കുമ്പോഴുണ്ട്, പുറത്ത് ചായയും ബിസ്കറ്റും വിതരണം ചെയ്യുന്നു. ഛെ, പോട്ടെ. ഇതറിഞ്ഞിരുന്നെങ്കിൽ രൂപാ 40 കളയില്ലയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അവിടെത്തന്നെ ഇരുന്നു.

അധികം വൈകാതെ എല്ലാവരും സീറ്റുകളിൽ സ്ഥാനം പിടിച്ചു. എല്ലാവരുടേയും കഴുത്തിൽ പൂമാല, നെറ്റിയിൽ കളഭം, കൈത്തണ്ടയിൽ രുദ്രാക്ഷമാല, കയ്യിൽ ഭക്തിഗാനപുസ്തകങ്ങളും സിഡികളും... എല്ലാം സൗജന്യമായി സംഘാടകരും ഭക്തസമിതികളും കൊടുത്തതാണ്. എനിക്കും കിട്ടി ചില പുസ്തകങ്ങൾ..

ബസ് ഹോൺ അടിച്ചു. ഒരു 'കൺഡക്റ്റഡ് ടൂർ' തുടങ്ങുകയാണ്. ബസ്സിനു മുന്നിലെ പൂജകൾക്കും 'ഹരഹര മഹാദേവാ' വിളികൾക്കും ശേഷം ബസ് പുറപ്പെട്ടു. ബസിൽ നിറയെ അപരിചിതമായ മുഖങ്ങൾ.. ഈ മുഖങ്ങളുമായി വേണം ഇനിയുള്ള ഒരു മാസം വ്യാപരിക്കാൻ..

ഞാൻ യാത്രക്കാരുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചു. യാത്രികരിൽ 70 വയസ്സ് മുതലിങ്ങോട്ട് 27 വയസ്സ് വരെ ഉള്ളവർ ഉണ്ട്. ആണുങ്ങളുണ്ട്; പെണ്ണുങ്ങളുണ്ട്, അവിവാഹിതരുണ്ട്, വിവാഹിതരുണ്ട്, ദമ്പതിമാരുണ്ട്, സഹോദരങ്ങളുണ്ട്, സുഹൃദ്സംഘങ്ങളുണ്ട്, എന്തിന് കാമുകീകാമുകന്മാർ വരെ ഉണ്ടായിരുന്നുവോ എന്നെനിക്ക് സംശയമുണ്ട്. ഉദ്യോഗസ്ഥന്മാരുണ്ട്, വ്യവസായികളുണ്ട്, ഡോക്റ്റർമാരുണ്ട്, എൻജിനീയർമാരുണ്ട്, മറ്റു പലരുമുണ്ട്; സമൂഹത്തിന്റെ ഒരു ചെറിയ പരിച്ഛേദം തന്നെയാണീ ഗ്രൂപ്പ്. എല്ലാം കൂടി 52 പേർ. സംഘത്തിലുണ്ടായിരുന്ന ആളുകളുടെ സംസ്ഥാനം തിരിച്ചുള്ള ഏകദേശ കണക്ക് ഇങ്ങനെയാണ്.

ഗുജറാത്ത് - 12 പേർ
മഹാരാഷ്ട്ര - 8 പേർ
കർണ്ണാടക - 8 പേർ
ഡൽഹി - 7 പേർ
കേരളം - 3 പേർ
ഉത്തരപ്രദേശ് - 3 പേർ
ആന്ധ്രാപ്രദേശ് - 2 പേർ
ആസ്സാം - 2 പേർ
ബംഗാൾ - 2 പേർ
രാജസ്ഥാൻ - 2 പേർ
ചണ്ഡീഗർ - ഒരാൾ
ഹരിയാനാ - ഒരാൾ
പഞ്ചാബ് - ഒരാൾ

ഇതിൽ 4 പേർ മലയാളികളായിരുന്നു. 52 പേരിൽ 4 പേർ മലയാളികളാകുക എന്നത് അല്പം അപൂർവ്വമാണ്. പൂജ്യം, ഒന്ന്, രണ്ട് ... ഇത്രയേ മലയാളിയുടെ എണ്ണം ഒരു സംഘത്തിൽ സാധാരണ ഉണ്ടാകാറുള്ളു. മലയാളിയെങ്കിലും ഞാൻ ഉത്തർപ്രദേശുകാരനായാണ് സംഘത്തിലുള്ളത്. എന്തെന്നാൽ എന്റെ പാസ്പോർട്ട് ഗാസിയാബാദിൽ നിന്നാണ്. അപേക്ഷ നോയ്ഡയിൽ നിന്നും. മറ്റു മൂന്നു മലയാളികളുടെ പ്രസക്തി ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഞാനൊഴികെയുള്ള മൂന്നു പേരും ഒരർത്ഥത്തിൽ എന്നെത്തന്നെ പ്രതിനിധാനം ചെയ്യാനായിരുന്നു. അല്ലെങ്കിൽ 14 ജില്ലകളുള്ള കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിൽ നിന്നാകരുതായിരുന്നുവോ ഈ 3 പേർ? ഈ 3 പേരിൽ ഒരാൾ മലപ്പുറത്തുനിന്ന്.... അയാൾ ഞാൻ ജനിച്ചു വളർന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. അടുത്തയാൾ തിരുവനന്തപുരത്തുനിന്ന്.... അയാൾ ഞാൻ വീട് വച്ച് താമസിക്കുന്ന, എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട, എന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ കണ്ട ജില്ലയെ പ്രതിനിധീകരിക്കുന്നു. ഇനിയും അടുത്ത ആൾ കണ്ണൂരിൽ നിന്ന് .... അയാൾ എന്റെ ഭാര്യയുടെ ജില്ലയെ, ഞാൻ കൂടുതൽ സമയം ചെലവിടുന്ന ജില്ലയെ പ്രതിനിധീകരിക്കുന്നു. ഞാൻ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ഹിമാലയദർശനം നടത്തണം എന്നായിരിക്കും കൈലാസനാഥൻ അതുവഴി വിവക്ഷിച്ചത്.

യാത്രയെക്കുറിച്ച് പറയുമ്പോൾ അതിന്റെ ഒരു ഘടന വിസ്തരിക്കാതെ വയ്യ. ഒരു 'കൺഡക്റ്റഡ് ടൂർ'-ന്റെ എല്ലാ കെട്ടും മട്ടും ഈ യാത്രക്കുണ്ടായിരുന്നു. എങ്കിലും ഒരിക്കലും ഈ യാത്ര നേപ്പാൾ വഴിയുള്ള കൈലാസയാത്രയുമായി താരതമ്യം ചെയ്യരുത്. ആനയും ആടും തമ്മിലുള്ള സാമ്യമേ ഈ യാത്രകൾക്കുള്ളൂ. നേപ്പാൾ വഴിയുള്ള യാത്ര വെറും ആട്... ഞങ്ങളുടേത് ആനയും......ഞങ്ങൾ യാത്ര ചെയ്തത് നമ്മുടെ മുനിമാർ പണ്ട് യാത്ര ചെയ്ത വഴികളിലൂടെ ആണെന്ന് പറയപ്പെടുന്നു. ഹിമാലയം മുറിച്ച് കടന്ന് കൈലസത്തിലെത്തുക അത്ര എളുപ്പമല്ല.

ഒരു മാസം, അതായിരുന്നു യാത്രയുടെ ദൈർഘ്യം... ഈ ഒരു മാസം ഞങ്ങൾ അമ്പതു പേർ അർച്ചനയോടെ, ആരാധനയോടെ ഹരഹര മഹാദേവനെ ധ്യാനിച്ചും മനസാ ദർശിച്ചും ഹിമാലയത്തിൽ യാത്ര ചെയ്തു കഴിച്ചു കൂട്ടി.

അമ്പത് പേർ!!! ബാക്കി രണ്ടു പേർ എവിടെ എന്നായിരിക്കും????

അർച്ചനയേയും ആരാധനയേയും ചേർക്കുമ്പോൾ അമ്പതല്ല, 52 പേർ തന്നെ ഉണ്ട്. അർച്ചനയും ആരാധനയും സഹയാത്രികരാണ്; ഭക്തമാരുടെ വകയായുള്ള ദേവാർച്ചനയോ ദേവാരാധനയോ അല്ല തന്നെ!!

ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഗാസിയാബാദിലാണ് പിന്നീട് നിന്നത്. അവിടെ കൈലാസ് മാനസസരോവർ യാത്രാ സമിതിയുടെ വക വിപുലമായ സ്വീകരണം. . . . . സമിതിക്കാർ ഞങ്ങളെ സ്വീകരിച്ച് ഒരു വലിയ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി... പിന്നീട് സമ്മേളനം, പ്രസംഗങ്ങൾ, ഫോട്ടോയെടുപ്പ്, മാലയിടൽ, നെറ്റിയിൽ കുങ്കുമം ചാർത്തൽ, ഒരു മണിക്കൂറിൽ കുറയാത്ത പരിപാടികൾ. ഏറ്റവും പ്രായം കൂടിയ യാത്രിയേയും പ്രായം കുറഞ്ഞ യാത്രികളേയും (27 വയസ്സുള്ള രണ്ടു യുവാക്കൾ) ദമ്പതികളായ യാത്രികരേയും അവർ പ്രത്യേകം പ്രത്യേകം മാലയിട്ടാദരിച്ചു. സ്റ്റേജിൽ സംഘാടക സമിതിയുടെ വലിയൊരു നിര തന്നെ ഉണ്ടായിരുന്നു. പ്രസംഗിച്ചവരെല്ലാം ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേർന്നു. ഒടുവിൽ ഗംഭീരമായ പ്രാതൽ, പൂരി, ദാൽ, സബ്ജി, ചായ...എല്ലാം വയറു നിറയെ...

ഓരോ ആറു ദിവസം കൂടുമ്പോഴും 60 പേരോളം വരുന്ന ഒരു സംഘം ഇതുവഴി കൈലാസത്തിൽ പോകുന്നുണ്ട്. അവരെയെല്ലാം ഇങ്ങനെ സ്വീകരിക്കുന്ന ഈ സമിതിയുടെ ക്ഷമയും ഉത്സാഹവും എന്നിൽ അവരെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കി. ഈ സ്വീകരണം കൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുള്ളതായി എനിയ്ക്ക് തോന്നിയില്ല. അതു കൊണ്ട് തന്നെ ഇതൊരു നിഷ്കാമ കർമ്മമായി എനിയ്ക്ക് തോന്നി. ആ നാട്ടുകാർക്ക് ദൈവം നല്ലതു വരുത്തട്ടെ.

ധാരാളം തദ്ദേശീയർ പങ്കെടുത്ത ആ ചടങ്ങ് നടന്ന ഓഡിറ്റോറിയം ഒരു ഹോട്ടലിന്റെ വകയായിരുന്നു.... ബസ്സ് അവിടെ നിന്ന് പുറപ്പെടുമ്പോൾ എല്ലാവരുടെയും കഴുത്തിൽ രുദ്രാക്ഷവും പളുങ്കുമണികളും ഇഴ ചേർന്ന ഒരു മാലയുണ്ടായിരുന്നു - സമിതിക്കാർ സമ്മാനിച്ചത്.

എൻ എഛ് 24-ലൂടെ ബസ് കുതിച്ചും കിതച്ചും മുന്നോട്ടു നീങ്ങി. ഒരു വേള ബസ് ഗംഗാനദിയുടെ മുകളിലൂടെ പോകുന്നത് ഞാൻ ശ്രദ്ധിച്ചു. കലങ്ങി മറിഞ്ഞ് തീരം തല്ലി ഒഴുകുകയാണ് ഗംഗ. ഞാൻ പുറത്തേ സ്ഥലപ്പേർ നോക്കി. ബ്രിജ്ഘട്ട്, അതാണാ സ്ഥലം. ധാരാളം സ്നാനഘട്ടങ്ങൾ ഞാൻ ഗംഗാതീരത്ത് കണ്ടു. ഒരു പക്ഷെ, പുണ്യദേശമായി ഇവിടം കണക്കാക്കപ്പെടുന്നുണ്ടാകാം. . .

യാത്രയുടെ തുടക്കമായതുകൊണ്ട് യാത്രക്കാരെല്ലം ഉത്സാഹത്തിലായിരുന്നു. ഭജനയും കീർത്തനവും സ്നാക്സ് വിതരണവും മറ്റുമായി യാത്രികർ സമയം ചെലവിട്ടു. ഉത്തരേന്ത്യക്കാർ തന്നെയായിരുന്നു ഇതിനെല്ലാം മുന്നിൽ.

ബസ്സ് ഏതോ ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോൾ ഒരു നാടൻ കച്ചവടക്കാരൻ ബസ്സിൽ കയറി. അവന്റെ കയ്യിലെ വിൽപ്പനച്ചരക്ക് ഞാവൽപ്പഴങ്ങളായിരുന്നു. പണ്ടെന്നോ സ്കൂളിൽ പഠിക്കുന്ന കാലത്ത് തിന്നതാണ് ഞാവൽപ്പഴങ്ങൾ. . . അന്നെല്ലാം നിരത്തുവക്കിലൊക്കെ ധാരാളം ഞാവൽ മരങ്ങൾ നിൽക്കുമായിരുന്നു. നാടും നാട്ടുകാരും പുരോഗമിച്ചതുകൊണ്ടാകാം ഇപ്പോൾ നാട്ടിലൊന്നും ഞാൻ ഞാവൽ മരങ്ങൾ കാണാറേ ഇല്ല.

ഇതൊരു പക്ഷേ ഷുഗറുള്ളവർക്കും തിന്നാമായിരിക്കുമെന്നൊരു ചിന്ത എന്റെ മനസ്സിലുണ്ടായി. ഞാൻ പത്തു രൂപ കൊടുത്ത് ഒരു പൊതി വാങ്ങി... 7 ഞാവൽപ്പഴങ്ങൾ... ഓരോന്നും ഒരു ഈത്തപ്പഴത്തിന്റെ വലിപ്പമേയുള്ളു. ഹൗ, എന്തൊരു വില. ഞാൻ ഞാവൽപ്പഴങ്ങൾ ഓരോന്നായി തിന്നു. ഞാൻ അടുത്തിരുന്ന ഒരാളോടും ഒന്നു വേണമോ എന്നു പോലും ചോദിച്ചില്ല... എല്ലാ മുഖങ്ങളും എനിക്കപരിചിതങ്ങളായിരുന്നല്ലോ. പേരാത്തതിന് അവയെല്ലാം ചവർക്കുന്നവയും ആയിരുന്നു. അത് തിന്നുമ്പോൾ ചവർക്കുന്ന ഞാവൽപ്പഴങ്ങൾ തിന്ന പഴയ സ്കൂൾ ദിനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അതു തിന്നു കഴിയുമ്പോൾ വായയിലും തൊണ്ടയിലും അനുഭവപ്പെടുന്ന ഒരു വലിച്ചിൽ എനിക്കന്നും അനുഭവപ്പെട്ടു.

ഞാവൽപ്പഴങ്ങൾ മാത്രമല്ല, മാങ്ങയും പറങ്കിമാങ്ങയും ചക്കയും മറ്റും എത്ര തിന്നിരിക്കുന്നു പണ്ട്... പറമ്പിലും വഴിയിലും എല്ലാം പണ്ട് പറങ്കിമാങ്ങ കാണുമായിരുന്നു. ഇപ്പോഴെവിടെയുണ്ട് ഇതെല്ലാം? പറങ്കികൾ കൊണ്ടുവന്നതു കൊണ്ടായിരിക്കും ഇതിന് പറങ്കിമാങ്ങ എന്നു പറയുന്നത്! ഒരു പക്ഷേ വിദേശികളായ പറങ്കികളോടുള്ള കടുത്ത വൈരം ദേശാഭിമാനികളായ നമ്മളിൽ ഉണ്ടായതു കൊണ്ടാകാം നമ്മൾ പിന്നീട് ഈ പറങ്കിമാവെല്ലാം വെട്ടിക്കളഞ്ഞത്. എന്നു വച്ച് എത്ര പറങ്കിമാവാ വെട്ടിക്കളയുക? കാസർക്കോട് പോലെ ഏക്കറു കണക്കിൽ പറങ്കിമാവു വളരുന്നിടങ്ങളിൽ അതെല്ലാം നശിപ്പിക്കുക എന്നത് എളുപ്പമല്ല. അതിലുമെളുപ്പം ആളുകളെ ഇല്ലാതാക്കുന്നതാണ്. ആകാശത്തു നിന്നും താഴോട്ട് മരുന്നു തളിച്ചാൽ സാധിക്കാവുന്നതേ ഉള്ളൂ അത്. അതുകൊണ്ടാണല്ലോ നമ്മൾ അവിടെയൊക്കെ എൻഡോസൾഫാൻ തളിച്ചത്. ഇപ്പോൾ അവിടെയൊക്കെ നോക്കൂ... കുട്ടികൾ ഒന്നും പറങ്കിമാങ്ങാ എന്ന് പറഞ്ഞ് ഓടുന്നില്ല. എല്ലാം ഒരു ഭാഗത്ത് കിടപ്പാ.

ഡൽഹി, ഉത്തർ പ്രദേശ്, ഉത്തർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടേയാണ് കൈലാസയാത്ര കടന്നു പോകുന്നത്. എന്റെ മനസ്സ് പറങ്കിമാങ്ങയുടേയും ബിലാത്തിച്ചക്കയുടേയും മറ്റും പുറകേ ഓടിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ബസ് ഓടി ഓടി ഉത്തർഖണ്ഡിലെത്തിയിരുന്നു. ഉത്തരഖണ്ഡിനെ അവിടത്തുകാർ ഭക്ത്യാദരപൂർവ്വം 'ദേവതകളുടെ വാസഗൃഹം' ആയി കണക്കാക്കുന്നു; നമ്മൾ കേരളീയർ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നു വിശേഷിപ്പിക്കുന്നതുപോലെ.. ഒരു യാത്രികൻ കേരളത്തെ ' God's own country' ആയി വിശേഷിപ്പിച്ചപ്പോൾ മറ്റൊരു യാത്രികൻ കേരളീയരെ വിശേഷിപ്പിച്ചത് 'Devil's own people' എന്നാണ്.. ചെകുത്താന്റെ സ്വന്തം ആൾക്കാരെന്ന്. . . . കൊള്ളാം. . . ഉത്സവകാലങ്ങളിൽ കേരളം കുടിച്ചു തള്ളുന്ന കള്ളിന്റെ ഗ്രാഫ് ഹിമാലയത്തിലെ കൊടുമുടികൾ പോലെ എന്റെ മനസ്സിൽ ഉയർന്നു നിന്നിരുന്നതിനാൽ അതു കേട്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.

ഉത്തർഖണ്ഡിൽ പലയിടത്തും വലിയ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നത് കാണാം... ദേവഭൂമിയിലേക്ക് സ്വാഗതം എന്ന്... സൂക്ഷിച്ചു നോക്കിയാൽ താഴെ കോഴിയെ വെട്ടി വിൽക്കുന്നതും ആടിനെ തൊലിയുരിച്ച് മുറിച്ച് മുറിച്ച് വിൽക്കുന്നതും കാണാം... ദേവതകൾക്ക് അതു പഥ്യമാണോ എന്തോ? ദേ, വാ.... ദേ... വാ... എന്ന് അവർ പോകുന്നവരെയൊക്കെ ഹിന്ദിയിൽ വിളിക്കുന്നതും കാണാം... അങ്ങനെ പറയുന്നതു കൊണ്ടായിരിക്കും ദേവഭൂമി എന്നു പറയുന്നത്.

ഉത്തർഖണ്ഡിൽ ബദരീനാഥിനടുത്തുള്ള ത്രികോണാകൃതിയിലുള്ള ശതോപാന്ത് തടാകത്തിന്റെ മൂന്ന് മൂലകളിലായി സൃഷ്ടിസ്ഥിതിസംഹാരകർത്താകളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ പ്രപഞ്ചത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചുകൊണ്ട് ധ്യാനലീനരായി ഇരിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.. വിശ്വസിച്ചോട്ടെ.. നമുക്കെന്താ..

മഹേശ്വരൻ പാർവ്വതിയമ്മയെ കല്യാണം കഴിച്ചതും പാണ്ഡു കുന്തിയെ വരണമാല്യം ചാർത്തിയതും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്കെത്തിക്കാൻ തപസ്സിരുന്നതും ഒക്കെ ഈ ഭൂമിയിലത്രെ.. നമ്മുടെ സ്വന്തം ആദിഗുരു ശങ്കരാചാര്യസ്വാമികൾ നടന്നല്ലേ ഇവിടെയെത്തി ബദരീനഥിലും ജോഷീമഠിലുമൊക്കെ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്? ഹൗ! അദ്ദേഹമാണ് ശരിക്കും ദൈവം! ശകുന്തള, ദുഷ്യന്തൻ, കണ്വാശ്രമം എന്നൊക്കെ കേൾക്കുമ്പോൾ അനുരാഗം,പ്രേമവിവശത, വിരഹം എന്നീ മൃദുലവികാരങ്ങളാണ് മനസ്സിലോടിയെത്തുന്നത്. ഈ നാടകങ്ങളൊക്കെ അരങ്ങേറിയത് ഭാരതത്തിന്റെ ഉത്തരോപാന്തത്തിലുള്ള ഈ ഭൂമിയിലത്രെ! സ്വർഗ്ഗാരോഹണപർവതം എന്നൊന്നുണ്ടത്രെ! അതും ഇവിടെത്തന്നെ! അപ്പോൾ പിന്നെ ഇതൊരു ദേവഭൂമിതന്നെ.. നമുക്കതു വിട്ടു കളയാം.. കേരളം പിന്നെ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായെന്നേ ഇനി അറിയാനുള്ളു.. ഒരു പക്ഷേ, മലയാളി വിഷുവിനോ ഓണത്തിനോ വെള്ളമടിച്ച് പൂസായി ഇരിക്കുമ്പോൾ തലയിൽ ഉദിച്ച വല്ല ഐഡിയയും ആയിരിക്കും അത്! മലയാളിക്കല്ലാതെ മറ്റാർക്ക് തലയിൽ ഇത്തരം വെള്ളിവെളിച്ചം മിന്നും? എന്തായാലും പണക്കാരൻ ദൈവം ഇപ്പോൾ മലയാളിക്ക് തന്നെയാണ് ഉള്ളത് എന്നാണ് എന്റെ തോന്നൽ. നിധി കുറച്ചൊന്നുമല്ലല്ലോ പദ്മനാഭസ്വാമിക്ഷേത്രത്തിൽ കുഴിച്ച് മൂടി വച്ചിട്ടുള്ളത്?

ഞാൻ വീണ്ടും പുറത്തേക്ക് നോക്കുമ്പോൾ ബസ് ഹൽധ്വാനി എന്ന ടൗണിലെത്തിയിരുന്നു. ഹൽധ്വാനി എന്ന് ഞാനാദ്യമായി കേൾക്കുകയാണ്. അത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് അദ്വാനി എന്നാണ്. പാവം, എനിക്കെന്നും അദ്ദേഹത്തോട് ബഹുമാനവും അനുകമ്പയുമാണ്. ഈ മന്മോഹൻസിങ്ങും പണ്ടത്തെ ഐകെ ഗുജ്റാളുമൊക്കെ പ്രധാനമന്ത്രിയായ സ്ഥിതിക്ക് അദ്ദേഹത്തിനും കിട്ടണമായിരുന്നൂ ആ സ്ഥാനത്തൊരൂഴം. താമരയുടെ വിജയങ്ങൾക്ക് പിന്നിൽ എന്നും അദ്ദേഹത്തിന്റെ രഥം ഉരുളുന്നുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് അർഹതപ്പെട്ട ഒരവസരം ലഭിക്കാതെ പോയി.

ബസിന്റെ അടുത്ത ഹാൾട്ട് കാത്ത്ഗോഡത്തെത്തിയായിരുന്നു. എന്റെ ഭാഷയിൽ പറഞ്ഞാൽ ഗണേശമണ്ഡപത്ത്. ഇവിടെയായിരുന്നു ഉച്ചയൂണ്. അഗ്രാസ്വീറ്റ്സ് ഉൾപ്പെട്ട അതിഗംഭീരമായ സദ്യ കെ.എം.വി.എന്റെ ഗസ്റ്റ് ഹൗസിലായിരുന്നു.

ഗസ്റ്റ് ഹൗസിനു പുറത്ത് പിച്ചക്കാർ... പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികൾ കൈ നീട്ടി ഭിക്ഷ യാചിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദു:ഖം തോന്നി. അടുത്ത കൊല്ലം ഇതിലേ വരികയാണെങ്കിൽ ഇവരുടെയൊക്കെ ഒക്കത്തൊരു കുട്ടി കൂടി കണ്ടേക്കുമെന്നെനിക്കു തോന്നി. ഞാൻ കൊടുത്ത പത്തു രൂപ കൈ മാറ്റി പിടിച്ച ഒരുത്തി അടുത്ത നിമിഷം തന്നെ മറ്റൊരാളുടെ മുന്നിലും കൈ നീട്ടി.

ഗണേശമണ്ഡപത്തിനു മുന്നോട്ട് മല, ഹിമാലയം, തുടങ്ങുകയാണ്. ഇനി വലിയ ലക്ഷ്വറി ബസ്സുകൾക്ക് വഴിയിൽ സ്ഥാനമില്ല. ഞങ്ങൾ രണ്ടു മിനിബസ്സുകളിലേക്ക് സ്ഥലം മാറിയിരുന്നു. യാത്ര കൈലാസത്തിലേക്കാണെങ്കിലും സീറ്റിനാണല്ലോ ഭക്തിയേക്കാൾ പ്രാധാന്യം! അതുകൊണ്ട് തന്നെ സീറ്റിനായുള്ള തള്ള് വലുതായിരുന്നു. എങ്കിലും തെറ്റില്ലാത്ത സീറ്റ് ഞങ്ങൾ തരപ്പെടുത്തി. വൈകാതെ ബസ്സുകൾ പുറപ്പെടുകയും ചെയ്തു.

ബസ്സുകളുടെ ലക്ഷ്യം അൽമോറയാണ്. അവിടെയാണ് ഇന്നത്തെ ഹാൾട്ട്. യാത്ര ഹിമാലയത്തിന്റെ മലഞ്ചെരുവുകളിലൂടേ വളഞ്ഞും പുളഞ്ഞും മുന്നോട്ട് പോയി. ബസ് മുന്നോട്ട് പോകവേ വളരെ വലിയ ഒരു തടാകം അരികെ കണ്ടു. ഞാൻ സ്ഥലം ശ്രദ്ധിച്ചു. ഓ, ഇതാണ് ഭീംതൾ. ഭീമന്റെ പേരിലുള്ള ഈ തടാക(താൾ)ത്തിലെ വെള്ളം മലിനമാണെന്നെനിക്ക് തോന്നി. ചുറ്റും ധാരാളം കെട്ടിടങ്ങളും ആധുനികതയെ തലോലിക്കുന്ന ജനസഞ്ചയവും ഉള്ളപ്പോൾ വെള്ളം മലിനമായില്ലെങ്കിലേ പറയേണ്ടതുള്ളു. വെള്ളത്തിന്റെ ശുദ്ധിയല്ലല്ലോ നമ്മുടെ ലക്ഷ്യം... ജീവിത സൗകര്യങ്ങളല്ലേ?

ബസ് മുന്നോട്ട് പോകവേ, വൈകുന്നേരം ബൈഫോണ(?) എന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ഒരു ഹോട്ടലിൽ നിന്ന് ചായ കുടിച്ചു. ചിലർ ആ സമയത്ത് അടുത്തു തന്നെയുള്ള ഒരു വൈഷ്ണവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും മറ്റു ചിലർ കാണാൻ ഭംഗിയുള്ള ആ പരിസരത്തിന്റേയും അതിനടുത്തു കൂടി ഒഴുകുന്ന പുഴയുടേയും ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അൽമോറയിലെത്തുമ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. ഇരുട്ടായതിനാൽ സ്ഥലത്തെക്കുറിച്ചൊന്നും മനസ്സിലായില്ല. അതൊരു ഹിൽസ്റ്റേഷനാണെന്ന് അകലെ താഴെയായി പ്രകാശിച്ചു കൊണ്ടിരുന്ന വൈദ്യുത വിളക്കുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ കണ്ടതയി ഓർക്കുന്നില്ല, ഒരു പക്ഷേ ആകാശം മേഘാവൃതമായിരുന്നിരിക്കണം. തണുപ്പ് സഹിക്കാനാവാത്തതായിരുന്നു. നാലുപേർക്ക് താമസിക്കാവുന്നതായിരുന്നു ഗസ്റ്റ് ഹൗസിലെ മുറി. തികച്ചും സൗകര്യപ്രദം. മുറികളിലൊന്നും ഫാൻ ഇല്ല. ദൽഹിയിൽ തിളക്കുന്ന ചൂടുള്ള ഉഷ്ണകാലങ്ങളിൽ പോലും ഇവിടെ കടുത്ത തണുപ്പായിരിക്കും. പിന്നെ ആർക്ക്, എന്തിനീ ഫാൻ?

ചെന്ന പാടെ കിട്ടി ആവി പറക്കുന്ന വെജിറ്റബിൾ സൂപ്പ്. അതും കുടിച്ച് രാവിലെ മാറ്റി വച്ചിരുന്ന ദിനചര്യകളെല്ലാം ഞാൻ ചെയ്ത് തീർത്തു. ചൂടുള്ള വെള്ളത്തിലെ കുളി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. കുശാലായ അത്താഴം കഴിച്ച് ഗസ്റ്റ് ഹൗസിനു ചുറ്റും ഒന്ന് കറങ്ങി നടന്ന് ഉറങ്ങാൻ കിടന്നു.

........................................................................................................ തുടരും


അഭിപ്രായങ്ങളൊന്നുമില്ല: