2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 14

രാവിലെ വയർ നിറയെ പ്രാതലും കഴിച്ച് ഗുഞ്ചിയിൽ നിന്നും പുറപ്പെടുമ്പോൾ പോർട്ടർമാർക്കും കുതിരക്കാർക്കും പുറമേ മറ്റൊരു കൂട്ടർ കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഐടിബിപിക്കാർ. അതിൽ ഡോക്റ്റർമാരും വനിതാ പോലീസുകാരും ഉണ്ടായിരുന്നു. വനിതാപോലീസുകാർ ചെറുപ്പക്കാർ; വെറും പെൺകുട്ടികൾ. ഈ ഐടിബിപിക്കാർ ഞങ്ങളുടെ മുന്നിലും പിന്നിലുമായി നടന്നു.

നടത്തത്തെക്കുറിച്ചെഴുതുന്നത് ആവർത്തന വിരസതയേ ഉണ്ടാക്കൂ. കാരണം താണ്ടിയ വഴികളെ കുറിച്ച്, നേരത്തെ എഴുതിയതല്ലാതെ മറ്റൊന്നും എഴുതാനില്ല എന്നതു തന്നെ. പിന്നെ വേണമെങ്കിൽ പ്രകൃതിയെ കുറിച്ച് വർണ്ണിയ്ക്കാം. വേണമെങ്കിൽ ഇവിടത്തെ ശുദ്ധവായുവിനെ കുറിച്ച് എഴുതാം. (നോയ്ഡയിലെ ശ്വാസവായുവിനെ എങ്ങനെ ഇവിടത്തെ വായുവുമായി താരതമ്യം ചെയ്യും?) മലകളെക്കുറിച്ചും പൂക്കളെക്കുറിച്ചും വീണ്ടും വീണ്ടും എഴുതാം. കാരണം അവ വഴിയിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയല്ലേ? പക്ഷേ നല്ല വാക്ചാതുര്യം ഇല്ലാതെ എന്തു പ്രകൃതി വർണ്ണന?

ഡൽഹിയിൽ എത്ര കാക്കകളുണ്ടെന്ന് പണ്ട് അക്ബർ ബീർബലിനോട് ചോദിച്ചു പോലും. അതുപോലൊരു ചോദ്യം എന്റെ കയ്യിലും ഉണ്ട്. പക്ഷേ ഞാൻ അക്ബറൊന്നുമല്ലല്ലോ. അതിനാൽ ചോദ്യം കേൾക്കാൻ ആളില്ലാത്തതു കൊണ്ട് ഞാനത് കയ്യിൽ തന്നെ വച്ചിരിക്കയാണ്. ചോദ്യം ഇതാണ്. ഹിമാലയത്തിൽ എത്ര മലയുണ്ട്? ആരെങ്കിലും ഉത്തരം പറഞ്ഞാൽ തന്നെ കിട്ടുന്ന ഉത്തരം കൃത്യമായിരിക്കുമെന്ന് എന്താണുറപ്പ്?

ഹനുമാൻ പർവ്വതം, ബ്രഹ്മ പർവ്വതം, വിഷ്ണു പർവ്വതം, കുന്തി പർവതം, നാഗ പർവ്വതം എന്നിങ്ങനെ പർവ്വതങ്ങളുടെ നിര വലുതാണ്. ഇതൊന്നും എവറസ്റ്റ്, കാഞ്ചൻജംഗ എന്നീ വൻകിട പർവ്വതങ്ങളുടെ കൂട്ടത്തിൽ വരുന്നതല്ല. കൈലാസം തുടങ്ങിയ മദ്ധ്യനിര(?) പർവ്വതങ്ങളുടെ കൂട്ടത്തിലും വരില്ല. കേട്ടിടത്തോളം ഓരോ ദൈവത്തിന്റെ പേരിലും ഹിമാലയത്തിൽ മലകൾ കാണാം. പാണ്ഡവപർവ്വതമുണ്ട്. ഒന്നല്ല, അഞ്ചെണ്ണം തന്നെ. കൗരവപർവ്വതങ്ങൾ ഉണ്ടോ എന്നറിയില്ല. എങ്കിൽ അവ തന്നെ 101 ആയി. ഹിമാലയത്തിലെ മലകളുടെ എണ്ണം ഐടിബിപിക്കാർ എടുത്തിട്ടുണ്ടോ ആവോ? ഉണ്ടാകണം. കാരണം ഓരോ മലയും അവർ കയറി ഇറങ്ങും. ഓരോ സമയത്ത് ഓരോന്നായി. ചൈനക്കാരാരെങ്കിലും അവിടങ്ങളിൽ കയറി ഒളിച്ചിരിക്കുന്നുണ്ടോ എന്ന് നോക്കാനാണത്രെ അത്. നമ്മുടെ അതിർത്തി കാക്കലാണല്ലോ അവരുടെ പണി.

മലകളുടെ രൂപവൈവിധ്യം എടുത്തുപറയത്തക്കതാണ്. ചില മലകൾ മൊട്ടക്കുന്നുകളാണ്. ചിലത് പുല്മേടുകളും. ഇനിയും ചിലതിൽ കാടുകളാണ്. ചില മലകൾ വെറും പാറകളാണ്. ഹൗ, അത്തരം ചില മലകൾ കണ്ടാൽ തമിഴ് നാട്ടിലെ വല്ല ക്ഷേത്രങ്ങളുമാണെന്നാർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. ചില മലകൾ കല്ലടുക്കി വച്ചതു പോലെ തോന്നും. ഒരു മലയിൽ പാറയിൽ നിറയെ മാളങ്ങളായിരുന്നു. തെങ്ങിൽ മരംകൊത്തി കൂടുണ്ടാക്കാറില്ലേ? അതുപോലത്തെ ഓട്ടകൾ.. ഇങ്ങനെ എന്തെല്ലാം മലകൾ. പെന്നും പേപ്പറും കാമറയുമായി നടന്നാലേ എല്ലാം വിവരിക്കാൻ പറ്റൂ. അതാണ് പറഞ്ഞത് കുറേ ഡോക്റ്ററേറ്റ് എടുക്കാനുള്ള വിഷയങ്ങൾ ഹിമാലയത്തിലുണ്ടെന്ന്.

നടക്കുമ്പോൾ കാളിനദിക്കപ്പുറം നേപ്പാളിലെ ഗ്രാമങ്ങൾ കാണാം. ഇപ്പുറത്തെ ഇന്ത്യൻ ഗ്രാമീണരും അപ്പുറത്തെ നേപ്പാൾ ഗ്രാമീണരും തമ്മിൽ വൈവാഹികബന്ധമൊക്കെ ഉണ്ടത്രെ. നടക്കുമ്പോൾ ചിലപ്പോൾ ആകാശത്ത് പരുന്ത് പ്രത്യക്ഷപ്പെടും. വലിയ വലിപ്പമുള്ളവയാണീ പരുന്തുകൾ. എന്തിനെയാണാവോ അവ ലക്ഷ്യം വയ്ക്കുന്നത്? പരുന്തല്ലാതെ മറ്റു കിളികളെ കണ്ടതായി ഓർക്കുന്നില്ല.

പിന്നെ പറയാനുള്ളത് കുതിരകളെക്കുറിച്ചും കുതിരപ്പുറത്ത് കൈലാസദർശനം നടത്തുന്ന യാത്രികരെ കുറിച്ചുമാണ്. പാപപരിഹാരാർത്ഥമാണോ ഇവരെല്ലാം കൈലാസത്തിൽ പോകുന്നത്? സരോവരത്തിൽ മുങ്ങിയാൽ ശരിക്കും പാപം പോകുന്നുണ്ടോ? കുതിരയുടെ പുറത്തിരുന്ന് അതിനെ അപകടകരമായ, ദുർഗ്ഗമമായ വഴികളിലൂടേ നാഴികകളോളം നടത്തി കഷ്ടപ്പെടുത്തിയാണോ മോക്ഷം തേടി പോകേണ്ടത്? അവരീ യാത്രയ്ക്ക് കുതിരകളെ ഉപയോഗിക്കുന്നത് കൊണ്ടല്ലേ എന്നെപ്പോലെയുള്ള യാത്രികർ നടന്നു പോകുന്ന വഴി കുതിരച്ചാണകം വീണ് മലിനമാകുന്നത്? അതിന്റെ പാപം അവർക്കല്ലാതെ കുതിരയ്ക്കല്ലല്ലോ. ഇതൊന്നും അറിയാഞ്ഞിട്ടാണോ അവർ കുതിരപ്പുരത്ത് പോകുന്നത്? അതോ എന്തു പാപം കിട്ടിയിട്ടായാലും വേണ്ടിയില്ല എനിക്ക് കൈലാസം കണ്ടാൽ മതിയെന്ന സ്വാർത്ഥത കൊണ്ടോ?

ഇനി കുതിരയുടെ കാര്യം നോക്കൂ. നടന്നു പോകുമ്പോൾ ഞാൻ കുതിരയുടെ കുളമ്പടികൾ ശ്രദ്ധിച്ചിരുന്നു. കല്ലും പാറയും കുഴിയും ചരിവും ഉള്ള വഴികളിൽ കുളമ്പെവിടെ വയ്ക്കണം എന്നറിയാതെ കുതിര കുഴങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അതാലോചിച്ചു നിൽക്കാനുണ്ടോ കുതിരയ്ക്ക് നേരം. കൂടെയുള്ള കുതിരക്കാരൻ നോക്കുന്നതു തന്നെ കുതിര മുന്നോട്ട് പോകുന്നില്ലേ എന്നാണ്. കുളമ്പടികൾ അവിടെ നിൽക്കട്ടെ. പല കുതിരകളും വയറിളകി ചാണകമിട്ട് പോകുന്നത് ഞാൻ കണ്ടു. അത് അസുഖം കൊണ്ടാണോ എന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ആവോ? നമ്മുടെ മേനകാഗാന്ധിയൊന്നും ഈ കുതിരകളുടെ പങ്കപ്പാടറിഞ്ഞില്ലെന്നുണ്ടോ?

വഴിയുടെ ഇരു വശത്തും എണ്ണിയാലൊടുങ്ങാത്ത, വർണ്ണിച്ചാൽ തീരാത്ത പൂക്കൾ കാണും. ഈ പൂക്കൾ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് കാമദേവനാണ്. കാമദേവൻ ഏതോ കവിയുടെ മനസ്സിലുദിച്ച ഭാവനാസൃഷ്ടിയാകാം. പിന്നെ പൂവു കൊണ്ടുണ്ടാക്കുന്ന അമ്പ്. പൂവമ്പ് കൊള്ളുമ്പോഴുള്ള അനുഭൂതി ഒന്ന് ആലോചിച്ചു നോക്കൂ. കാമദേവന്റെ പൂവമ്പ് എന്ന അമ്പും ഭാവനാസൃഷ്ടിയാകാം. പക്ഷേ പൂക്കൾ.. ഹിമാലയത്തിലെ പൂക്കൾ ഭാവനാസൃഷ്ടിയല്ല. അവ പച്ചപ്പരമാർത്ഥമാണ്. അപ്പോൾ തിരിച്ചു ചിന്തിച്ചാൽ കാമദേവനും പരമാർത്ഥമായിരുന്നുവോ? ആയിരുന്നു എന്ന് ഞാൻ പറയും. പൂവമ്പൻ ഇല്ലായിരുന്നെങ്കിൽ പിന്നെ ഹിമാലയത്തിലീ പൂവിന്റെയൊന്നും സാന്നിദ്ധ്യമുണ്ടാകു മായിരുന്നില്ല എന്നേ ഞാൻ വിശ്വസിക്കൂ. പക്ഷേ, കാമദേവൻ ഇപ്പോഴില്ല എന്ന് ഞാൻ അറിയുന്നു. ഉണ്ടായിരുന്നെങ്കിൽ ഈ പൂക്കളിങ്ങനെ അനാഥമായി നിൽക്കുകയില്ലായിരുന്നു.

ശിവനും ബ്രഹ്മാവും ഇപ്പോഴും ഉണ്ടെങ്കിൽ കാമദേവനും ഇപ്പോഴുണ്ടാകേണ്ടതല്ലേ? കൈലാസത്തിൽ നിന്നും ചിയാലേഖ് വഴി ആദികൈലാസത്തിലേക്ക് വരുമ്പോൾ തീർച്ചയായും അർദ്ധനാരീശ്വരന്മാർ അനാഥമായി നിൽക്കുന്ന പൂക്കൾ കണ്ടിരിക്കും. ഇറുത്തെടുക്കാൻ ആളില്ലാതെ ഈ പൂക്കളെന്താ ഇങ്ങനെ നിൽക്കുന്നത് എന്ന് തീർച്ചയായും മഹേശ്വരി മഹേശ്വരനോട് ചോദിച്ചിരിക്കും. "ആരവിടെ, പഞ്ചബാണനെ വിളിയ്ക്കൂ" എന്ന് തീർച്ചയായും മഹേശ്വരൻ തന്റെ കിങ്കരന്മാരോടാജ്ഞാപിച്ചിരിക്കും. കിങ്കരന്മാർ കാമദേവനെ തേടി അങ്ങുമിങ്ങും ഓടിയിരിക്കും. ഒടുവിൽ ആരും വരുന്നില്ലെന്ന് മനസ്സിലാക്കിയ മഹാദേവൻ തന്റെ തൃക്കണ്ണാൽ പൂവമ്പൻ എവിടെ ഉണ്ടെന്ന് നോക്കിയിരിക്കും. ചൈനയുടെ പൗരത്വമെടുത്ത് ബെയ്ജിങ്ങിലേക്ക് ചേക്കേറിയ പഞ്ചബാണനെ അദ്ദേഹം മനസ്സിൽ കണ്ടിരിക്കും. അതോ ചൈനക്കാരന്റെ ജയിലിലായിരുന്നുവോ പൂവമ്പൻ? തിബത്തിൽ വച്ച് വല്ല യുവമിഥുനങ്ങളേയും പൂവമ്പെയ്യുമ്പോൾ ചീനക്കാരൻ മലർശരനെ പിടിച്ചതാകാം. തിബത്തിപ്പോൾ ചൈനയിലാണെന്നൊന്നും സ്വർഗ്ഗത്തിലും മറ്റും കറങ്ങി നടക്കുന്ന പൂവമ്പൻ അറിഞ്ഞു കാണില്ല. അവർക്കെല്ലാം കൈലാസഭൂമിയും ഭാരതഭൂമിയും ഒന്നു ചേർന്ന ജംബുദ്വീപല്ലേ അറിയൂ. ചൈനക്കെതിരേ വിരലനക്കാൻ ഒബാമയ്ക്ക് പോലും ആകില്ലെന്നിരിക്കേ മഹാദേവൻ എന്തു ചെയ്യാൻ? അതെന്തായാലും നഷ്ടം മുഴുവൻ ഹിമാലയത്തിലെ പൂക്കൾക്കാണ്. വിടരാനും കൊഴിയാനുമേ ഇപ്പോഴവയ്ക്ക് ഗതിയുള്ളൂ.

കാമദേവനെ തിരഞ്ഞ് ശിവന്റെ പിന്നാലെ എന്റെ മനസ്സ് പോകുമ്പോൾ നടന്നു നടന്ന് ഞങ്ങൾ കാലാപാനി എന്ന സ്ഥലത്തെത്തി. കാലാപാനി.... വളരെ വിശേഷപ്പെട്ട ഒരു സ്ഥലമാണത്. ഇവിടെ നിന്നാണ് കാളിനദി ഉത്ഭവിക്കുന്നത് എന്ന് ഞാൻ കേട്ടറിഞ്ഞിരുന്നു. അതിന്റെ ഉത്ഭവം കാണാൻ ഞാൻ വളരെ ഉത്സുകനായിരുന്നു. പണ്ട് കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിൽ പോകുമ്പോൾ കേൾക്കുമായിരുന്നു ഈ സൗപർണ്ണികാ നദി ഉത്ഭവിക്കുന്നത് കുടജാദ്രിയിൽ നിന്നാണെന്ന്. പക്ഷേ കുടജാദ്രിയിൽ പോയപ്പോൾ സൗപർണ്ണികയുടെ ഉത്ഭവമൊന്നും വിശ്വസനീയമാം വിധം അവിടെ കണ്ടില്ല. അതുപോലെ തന്നെയാണ് നെയ്യാറിന്റെ കാര്യവും. നെയ്യാർ അഗസ്ത്യ്കൂടത്തിൽ നിന്നത്രെ ഉത്ഭവിക്കുന്നത്. പക്ഷേ അഗസ്ത്യകൂടത്തിൽ പല നാൾ അലഞ്ഞു നടന്നിട്ടും എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കാളിനദിയുടെ ഉത്ഭവത്തിൽ ഞാൻ പ്രതീക്ഷ അർപ്പിച്ചു.

കാലാപാനി.

എങ്ങനെ ഈ പേർ വന്നുവോ ആവോ? അന്തമാൻ ദ്വീപുകളിലും ഇങ്ങനെ ഒരു പേർ കേട്ടിട്ടുണ്ട്. അതിനെ ആസ്പദമാക്കി മോഹൻലാലിന്റെ ഒരു സിനിമയും ഉണ്ടല്ലോ. കാണേണ്ട സ്ഥലമാണ് അന്തമാൻ ദ്വീപുകൾ. ബ്രിട്ടീഷുകാരുടെ കെട്ടിടങ്ങളെ വിഴുങ്ങിക്കൊണ്ട് ആല്മരങ്ങൾ വളർന്നു നിൽക്കുന്നത് ഒരു കാഴ്ച തന്നെയാണ്. പോർട്ട് ബ്ലയറിൽ നിന്ന് മദ്രാസിലേക്ക് സ്വരാജ്ദ്വീപ് എന്ന കപ്പലിന്റെ ഡീലക്സ് റൂമിൽ താമസിച്ചു കൊണ്ടുള്ള 3 ദിവസത്തെ യാത്രയും അവിസ്മരണിയം തന്നെ. കപ്പലിന്റെ മറ്റെവിടെ താമസിച്ചിട്ടും ഒരു കാര്യവുമില്ല. ചർദ്ദിച്ച് വശം കെടുകയേ ഉള്ളു.

കാലാപാനിയിൽ ഒരു കാളീക്ഷേത്രമുണ്ട്. അതിന്റെ അടിയിൽ നിന്ന് ആണ് കാളിനദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. അഥവാ, കാളിക്ഷേത്രത്തിൽ നിന്നുത്ഭവിക്കന്ന നദിയെ കാളിനദിയെന്നു പറയുന്നു. ഇപ്പോൾ മനസ്സിലായില്ലേ ഈ നദിയ്ക്ക് എങ്ങനെ ഈ പേർ വീണെന്ന്?

കാലാപാനിയിൽ ഐടിബിപി ക്യാമ്പുണ്ട്. അവരാണീ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. അവരിൽ മുസ്ലിം പേരുള്ളവരും ഉണ്ട്. പോലീസുകാരാണോ ക്ഷേത്രം നടത്തുന്നത് എന്ന് ചോദിക്കരുത്. തിരുവനന്തപുരത്തെ പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പാങ്ങോട്ടുള്ള പട്ടാളക്യാമ്പിനത്രെ. കാലാപാനിയിലെ കാളിക്ഷേത്രത്തിലേക്ക് കയറുന്നിടത്ത് ഭക്തരെ സ്വാഗതം ചെയ്തു കൊണ്ട് വലിയ ഓട്ടുമണികളും കമാനങ്ങളുമുണ്ട്. അതു കഴിഞ്ഞാൽ ഒരു വലിയ ആഴം കുറഞ്ഞ കുളമാണ്. തെളിഞ്ഞ വെള്ളം. അടിഭാഗം കാണാം. തികഞ്ഞ പാറ. അതുകൊണ്ട് മലമുകളിലാണ്, പാറപ്പുറത്താണ് ഈ കുളം എന്നു പറയാം. കാളിക്ഷേത്രത്തിന്റെ അടുത്തുനിന്നു ഒരു ഉറവ ഈ കുളത്തിലേക്ക് വരുന്നുണ്ട്. ഇതാണ് കാളിനദിയുടെ ഉത്ഭവമായി വിശ്വസിക്കുന്നത്. കൂളം നിറയെ വെള്ളമാണ്. കുളം നിറഞ്ഞുള്ള വെള്ളം ഒരു ചെറിയ തോടു വഴി മലയുടെ താഴേക്ക് ഒഴുകുകയാണ്. ഇതാണ് കാളിനദിയായി ഭക്തന്മാർ കാണക്കാക്കുന്നത്. ഈ ചെറിയ തോട്ടിലെ വെള്ളം വന്നു വീഴുന്നത് മേലേനിന്ന് എവിടേ നിന്നോ ഒഴുകിവരുന്ന സാമാന്യം വലിയ അരുവിയിലാണ്. അതിന് പേരില്ലായിരിക്കണം. അല്ലെങ്കിൽ അതിന്റെ പേരല്ലേ ഈ കാളി നദിയ്ക്ക് വരേണ്ടിയിരുന്നത്. അങ്ങോട്ടൊന്നും കടക്കേണ്ട. വിശ്വാസത്തിന്റെ കാര്യമാവുമ്പോൾ വെറുതെ അങ്ങോട്ട് വിശ്വസിച്ചാൽ പോരേ?

ഐടിബിപിക്കാർ ഞങ്ങളെ കാര്യമായി തന്നെ സ്വീകരിച്ചു. അവിടെയും ബുരാംശ് പാനീയവും മരച്ചീനി ചിപ്സ് പോലെ ഒരു സ്നാക്സും കിട്ടിയെന്നാണോർമ്മ. പിന്നീട് ഞാൻ ഷൂസൊക്കെ ഊരി കാളിക്ഷേത്ര ത്തിനുള്ളിലേക്ക് പോയി. അവിടെ പൂജയും ഭജനയും ഒക്കെ നടക്കുന്നുണ്ട്. കൂടെയുള്ളവരും അതിനകത്തുണ്ട്. ക്യൂ ഉണ്ട്. ഞാൻ ക്യൂവിൽ നിന്നു. ഓരോരുത്തരേയായി ശ്രീകോവിലിന്റെ ഉള്ളിലേക്ക് കടത്തി വിടുന്നത് ഞൻ പുറത്തു നിന്ന് കണ്ടു. എന്റെ ഊഴം ആയപ്പോൾ ഞാനും അകത്തു കയറി. പൂജാരി എന്നെ അവിടെ ഇരുത്തി. തൊഴാനും നമസ്കരിക്കാനും ഒക്കെ പൂജാരി അവസരം തന്നു. പ്രസാദവും തന്നു. ശ്രീകോവിലിനുള്ളിൽ എല്ലാവരേയും കയറ്റുന്നുണ്ട്. ഞാൻ കുളിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. എന്റെ ഡ്രസ്സ് നാറുന്നുണ്ടോ എന്ന് കൂടെയുള്ളവർക്കേ അറിയൂ. എന്നിട്ടും എന്നെ ശ്രീകോവിലിൽ കയറ്റി. സ്ത്രീകളും അതിനകത്ത് കയറി. അവരിൽ എത്ര പേർ മാസമുറയിൽ ആയിരുന്നുവോ ആവോ? ക്ഷേത്രം ഗവണ്മെന്റിന്റേത് ആകുമ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെ ആണ്.

ക്ഷേത്രത്തിലെ പ്രതിഷ്ഠ കാളിയുടേതാണ്. കാളീക്ഷേത്രമാകുമ്പോൾ അതിത്ര പറയാനുണ്ടോ? പക്ഷേ അടുത്തു തന്നെ ശിവജിയ്ക്കും ഉണ്ട് അർഹിക്കുന്ന സ്ഥാനമാനങ്ങൾ. അവിടെ അത്ര തിരക്കില്ലെന്ന് മാത്രം. പുറത്തിറങ്ങി ഞൻ ക്ഷേത്രത്തിനെ ഒന്ന് വലം വച്ചു. ക്ഷേത്രത്തിന്റെ പുറകിൽ ഉയർന്നു നിൽക്കുന്ന മലയാണ്. കറുത്ത പാറകളുള്ള മല. എതിർവശത്തെ ഉയർന്ന മലയിൽ ഒരു ഗുഹയുണ്ട്. ആരെങ്കിലും കാണിച്ചു തന്നാലേ അത് കാണൂ. കൈലാസത്തിലേക്ക് പോകുമ്പോൾ ഞങ്ങളീ ഗുഹ കണ്ടില്ലായിരുന്നു. തിരിച്ചു വരുമ്പോഴാണത് കണ്ടത്. ഇതാണ് വ്യാസഗുഹ. വേദവ്യാസൻ പണ്ടിവിടെ തപസ്സിരുന്നിട്ടുണ്ടത്രെ. ഈ ഗുഹയിലേക്കൊന്നും യാത്രികർക്ക് പ്രവേശനമില്ല. ഗുഹയിലേക്കെന്നല്ല, ഈ മലയിലേക്കും. ഈ മലയിലേക്കെന്നല്ല ചിയാലേഖിനു ശേഷമുള്ള ഒരു മലയിലേക്കും യാത്രക്കാർക്കോ തദ്ദേശീയർക്കോ പ്രവേശനമില്ല. എല്ലം തന്ത്രപ്രധാനമായ അതിർത്തി പ്രദേശങ്ങളല്ലേ? പശുക്കൾക്കും ആടുകൾക്കും മാത്രം നിർബ്ബാധം അവിടെയൊക്കെ പോകാം. പോലീസ് സമ്മതിച്ചിരുന്നെങ്കിൽ വ്യാസന്റെ ഗുഹയിലൊന്ന് കേറാമായിരുന്നു എന്നെനിക്ക് തോന്നി. ഒരര ദിവസം ഉണ്ടെങ്കിൽ സാധിക്കാവുന്നതേ ഉള്ളൂ അത്.

അര മണിക്കൂറോളം കാളീക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ഞാൻ യാത്ര തുടർന്നു. പലരും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. ചെറിയ കയറ്റമാണ്. ഇടതു വശത്ത് കാളിനദിയെ കാളിനദിയാക്കുന്ന പുഴ മേലേനിന്നൊഴുകി വരുന്നുണ്ട്. അല്പം അകലെ ഞാൻ നിന്നു. ഇവിടെയാണ് കെഎംവിഎൻ ക്യാമ്പ്. എല്ലാവരും ഇവിടെ വിശ്രമത്തിലാണ്. ഊണു കഴിഞ്ഞേ ഇനി യാത്രയുള്ളു. അവിടെയും കിട്ടി ബുരാംശ് പാനീയം.

ഇവിടെ ഒരു കസ്റ്റംസ് ഏന്റ് എമിഗ്രേഷൻ ഓഫിസുണ്ട്.ഇന്ത്യയിൽ നിന്ന് ഇതുവഴി വിദേശത്ത് പോകുന്നവർ പാസ്പോർട്ട് ഇവിടെ സമർപ്പിക്കുകയും യാത്ര സംബന്ധമായ രേഖകൾ പൂരിപ്പിച്ചു നൽകുകയും വേണം. അതെല്ലാം ചെയ്തു. ഉച്ചയ്ക്ക് ഊണു കഴിച്ച് യാത്രാ തീയതി സീൽ അടിച്ച പാസ്പോർട്ടും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.

നടക്കുമ്പോൾ വൻകുടലിൽ നിന്ന് താഴോട്ട് ഒരു മർദ്ദം അനുഭവപ്പെട്ടു. അതെ, ശരീരം പ്രതികരിക്കുകയാണ്. രാവിലെ ശൗചാലയ സന്ദർശനമൊന്നും ഉണ്ടായിട്ടില്ലല്ലോ. പ്രാതലിനു സമൂഹ ഭക്ഷണമായതിനാൽ ആവശ്യത്തിന് വലിച്ചു വാരി തിന്നുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം വെറുതെ കിട്ടുമ്പോൾ സ്വന്തം വയറാണെന്നൊന്നും ആരും ചിന്തിക്കാറില്ലല്ലോ? ഇനിയിപ്പോൾ അടുത്ത ക്യാമ്പിലെത്തിയിട്ടേ കാര്യം സാധിക്കുകയുള്ളു. അതല്ലെങ്കിൽ ഉത്തരേന്ത്യയിലെ സാധരണക്കാരെപ്പോലെ വഴിയിലെവിടേയെങ്കിലും സാധിക്കണം. അതു വയ്യ.

സമയം കഴിയും തോറും മർദ്ദം കൂടിക്കൂടി വന്നു. പക്ഷേ, അതത്ര സാരമാക്കാനില്ല. ഒരു മാതിരി മർദ്ദമൊക്കെ പിടിച്ച് നിർത്താനുള്ള ശേഷി സ്ഫിങ്റ്റർ പേശികൾക്കുണ്ട്. ഞാനതവഗണിച്ചു. ശാരീരികമായ ഈ ചോദന മനുഷ്യനു മാത്രമേ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നുള്ളു. അവന് കാര്യം സാധിക്കണമെങ്കിൽ ചുറ്റുപാടുകൾ നോക്കണം, അല്പം സ്വകാര്യത വേണം, ആവശ്യത്തിന് വെള്ളവും വേണം. പക്ഷിമൃഗാദികൾക്ക് ഇത്തരം ബുദ്ധിമുട്ടുകളില്ല. എപ്പോൾ തോന്നുന്നുവോ അപ്പോൾ അവിടെ സാധിയ്ക്കാം. വെള്ളം വേണ്ട, ആരെങ്കിലും കാണുമെന്ന നാണം വേണ്ട, ആരും ഒരു പരാതിയും പറയില്ല. പശുവോ കാളയോ ആണെങ്കിൽ അത് വാരിയെടുക്കാൻ ആളെ കിട്ടിയെന്നും വരും. വിശേഷബുദ്ധി വരുത്തുന്ന ഓരോ പുലിവാല്. ഇല്ലെങ്കിൽ മനുഷ്യനും ആകാമായിരുന്നു ഇങ്ങനെയൊക്കെ.

സമയം കഴിയും തോറും മർദ്ദം ഗാസായി മാറാൻ തുടങ്ങിയിരുന്നു. നടക്കുകയായതുകൊണ്ടും അടുത്താളില്ലാത്തതുകൊണ്ടും ഗാസിന് പുറത്ത് പോകാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഇനി അസ്വസ്ഥതയുടെ മണിക്കൂറുകളാണ്. ഇനി മാംസപേശികൾ വലിയാൻ തുടങ്ങും, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. കൂടെക്കൂടെ ഗാസ് പുറത്ത് പോകുമ്പോൾ കൃഷ്ണേട്ടൻ പാടിയ വരികളാണ് എന്റെ ചിന്തയിൽ കേറി വന്നത്. അതിങ്ങനെയാണ്.

“ഡും ഡും പരമസുഖം നിശ്ശബ്ദേ പ്രാണസങ്കടം
വിട്ടുവിട്ട് ഇളക്കീടിൽ കൂടെക്കൂടെ മണത്തിടും”

ശബ്ദത്തോടെ ഗാസ് പുറത്തു പൊകുന്നതിനെയാണ് കൃഷ്ണേട്ടൻ ഡും ഡും എന്നു പറയുന്നത്. നിയന്ത്രിച്ച് വിടുന്നതിനെ 'നിശ്ശബ്ദേ' എന്നും. അടിവയറ്റിൽ മാംസപേശികൾ വലിഞ്ഞു മുറുകുകയാണ്. വല്ലാത്ത അസ്വസ്ഥത. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. അധികം വൈകാതെ ഞങ്ങൾ രാത്രിയിൽ ക്യാമ്പ് ചെയ്യാനുള്ള നാഭിദാങ് എന്ന സ്ഥലത്തെത്തിച്ചേർന്നു.

എത്തിയ പാടെ ഞാൻ അന്വേഷിച്ചത് ടോയ്‌ലെറ്റാണ്. TOILAT എന്ന് എഴുതി വച്ച സ്ഥലം ഞാൻ കണ്ടു പിടിച്ചു. അടുത്ത് തന്നെ വലിയ ടാങ്കിൽ വെള്ളമുണ്ട്. ഞാൻ ബക്കറ്റിൽ വെള്ളമെടുത്ത് അതിനകത്തേയ്ക്ക് കയറി. ടോയ്‌ലെറ്റ് അന്വേഷിക്കുന്നതിനിടയിൽ ഞാൻ ഡൈനിങ്ങ് ഹാൾ കണ്ടിരുന്നു. DAINING HALL എന്നാണ് അവിടെ എഴുതി വച്ചിരിക്കുന്നത്. ഉത്തരേന്ത്യക്കാരന്റെ ഒരു ഇംഗ്ലീഷ്. പക്ഷേ എനിക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല. I have sitted there for hours എന്നും I have holded the file എന്നും പറയുന്ന എന്റെ സഹപ്രവർത്തകരെ ഞാൻ ഓർത്തു. അവരോടുള്ള സഹവാസം കൊണ്ടായിരിക്കണം, ഞാനും ഇപ്പോൾ അങ്ങനെയൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു. ഇന്നാളൊരു ദിവസം എന്റെ വായിൽ നിന്ന് വീണത് I have went there എന്നാണ്. നോക്കണേ എന്റെ ഒരു മിസ്റ്റെയ്ക്ക്. അത് ഞാൻ ജീവിതത്തിൽ ആദ്യമായി വരുത്തിയതാണ്. ഉടനെ ഞാൻ അത് I have gone there എന്ന് തിരുത്തുകയും ചെയ്തു.

ഇംഗ്ലീഷിന്റെ പ്രയോഗം ചിന്തിച്ചിരുന്ന നേരം കൊണ്ട് കാര്യം സാധിച്ച് സ്ഫിങ്റ്റർ പേശി മുതൽ മേലോട്ട് അത്യധികമായ സുഖം അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ചുറ്റുപാടുകളെല്ലാം വൃത്തിയാക്കി ബക്കറ്റെടുത്ത് യഥാസ്ഥാനത്ത് വച്ച് ഞാൻ ദൂരെ കാണുന്ന മലയിലേക്ക് നോക്കി നിന്നു. ഹായ്, എന്തൊരാശ്വാസം!! മാംസപേശികളെല്ലാം അയഞ്ഞിരിക്കുന്നു. എന്തൊരു സുഖം. ഇതല്ലേ ഏറ്റവും വലിയ സുഖം എന്ന് എനിയ്ക്ക് തോന്നാൻ തുടങ്ങി.

ഇത്രയും നല്ല സുഖം കയ്യിൽ കിടക്കുമ്പോൾ ഈ ആണുങ്ങളെന്തിനാണ് പെണ്ണുങ്ങളുടെ പുറകെ പോകുന്നതെന്ന് ഞാൻ ചിന്തിച്ചു. എന്തിനാണവരെ പീഡിപ്പിച്ച്, പേരിന് ഒരു സുഖം വരുത്തി, പിന്നീട് അവരെ വഴിയിൽ തള്ളി, ജയിലിൽ പോകാൻ തയ്യാറാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. നല്ലൊരു പാട്ടു കേട്ടാൽ സുഖം വരും എന്ന ചിലരുടെ അഭിപ്രായവും എനിക്കത്ര ശരിയായി തോന്നിയില്ല. എനിയ്ക്കിപ്പോൾ അനുഭവപ്പെടുന്ന സുഖം ഒരു പാട്ടു കേട്ടാലൊന്നും കിട്ടില്ലെന്ന് ഞാൻ പറയും. അതു മാത്രമല്ല ഈ സുഖം ഇരുതലയുള്ള വാളു പോലെയാണ്. പാട്ടു കേട്ടാൽ സുഖം വരും എന്നു തീർച്ചയാണ്, എന്നു വച്ച് പാട്ടു കേട്ടില്ലെങ്കിൽ അസുഖം വരുമോ? ഇല്ല തന്നെ. പക്ഷേ ഇതങ്ങനെ അല്ല. ഇത് സാധിച്ചാൽ പരമ സുഖം, സാധിച്ചില്ലെങ്കിലോ. അതൊരു ബുദ്ധിമുട്ടാ. കുറേ കഴിയുമ്പോൾ അസുഖവും വരാൻ തുടങ്ങും. അപ്പോൾ ചെയ്തു കഴിയുമ്പോൾ സുഖം വരുന്നതും ചെയ്തില്ലെങ്കിൽ അസുഖം വരുന്നതുമായ ഒരു കാര്യമേ ഉള്ളു. അതിതാണ്. ഇത് മാത്രമാണ്. ഈ സുഖം ചില്ലറ യൊന്നുമല്ല. ചെറിയ കുട്ടികൾക്ക് പോലും അതറിയാം. അതുകൊണ്ടാണല്ലോ ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികൾ പായ വൃത്തികേടാക്കി ഇട്ടിട്ട് കിടന്ന് ചിരിക്കുന്നത്. എന്തൊരു സന്തോഷ മായിരിക്കും ആ കുട്ടികൾക്കപ്പോൾ. അവർക്കും ഉണ്ടല്ലോ ഈ സ്ഫിങ്റ്റർ പേശിയും മറ്റും. എന്തായാലും ഒരു കാര്യം ഉറപ്പ്. ശാരീരിക സുഖങ്ങളിൽ ഒന്നാമൻ ഇവൻ തന്നെ. സ്ഫിങ്റ്റർ പേശി വലിഞ്ഞു മുറുകുന്നതുവരെ കാത്തു നിൽക്കണമെന്നു മാത്രം.

ഞാൻ ശാരീരിക സുഖങ്ങളെ കുറിച്ച് ചിന്തിച്ചു നിൽക്കേ എന്റെ ഒരു മലയാളി സുഹൃത്ത് "അതീവ ഗൗരവത്തോടെ" ടോയ്ലെറ്റിലേക്ക് വച്ച് പിടിക്കുന്നതു ഞാൻ കണ്ടു. എന്നെ കാണാനോ നോക്കാനോ ഉള്ള ക്ഷമയോ താൽപര്യമോ അയാൾ കാണിച്ചില്ല. അയാളുടെ മുഖത്തെ പേശികൾ വരെ വലിഞ്ഞു മുറുകുന്നുണ്ടോ എന്നെനിയ്ക്ക് സംശയം തോന്നി. കുറേ സമയം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അയാളുടെ മുഖത്ത് എന്തൊരു പ്രസന്നതയായിരുന്നെന്നോ? "കൊച്ചു കള്ളാ" എന്നു വിളിയ്ക്കുകയാണെന്ന് തോന്നത്തക്ക വിധത്തിൽ ഞാനയാളെ നോക്കി ഒന്നു ചിരിച്ചു. അയാളുടെ കാര്യം എനിയ്ക്ക് പിടി കിട്ടിയതായി അയാൾക്ക് മനസ്സിലായി. ചമ്മലൊഴിവാക്കാൻ അയാളെന്നോട് പറഞ്ഞു "ചേട്ടാ, ഞാനൊരു 2 ജി. ബി. ഡാറ്റ ഡൗൺലോഡ് ചെയ്തു" എന്ന്.

കണ്ടോ, ഈ ചെറുപ്പക്കാർ ഇപ്പോൾ കമ്പ്യൂട്ടറിന്റെ ഭാഷയിലേ സംസാരിയ്ക്കൂ. (കമ്പ്യൂട്ടറിന്റെ ഭാഷ ബൈനറി ആണെന്നൊന്നും പറഞ്ഞ് എന്നെ തിരുത്തല്ലേ.) അയാൾ പറഞ്ഞത് കേട്ടോ? ഡൗൺലോഡ് ചെയ്തത്രെ. അതിലെ തെറ്റ് ശ്രദ്ധിച്ചോ? ഡൗൺലോഡ് ചെയ്താൽ നമുക്ക് കിട്ടുകയല്ലേ ചെയ്യുക. ഇത് അയാൾ കളയുകയല്ലേ ചെയ്തത്? താഴോട്ടാണ് കളഞ്ഞത് എന്നതു കൊണ്ട് ഡൗൺലോഡ് ചെയ്തു എന്ന് പറയുന്നത് മണ്ടത്തരമല്ലേ? അപ്പോൾ അൺലോഡ് ചെയ്തു എന്നു പറയണമായിരുന്നു. പക്ഷേ അതവർ പറയില്ല. അങ്ങനെ പറഞ്ഞാൽ അവർ കൂലിക്കാരായോ എന്നൊരു സംശയം അവർക്ക് വരും. കൂലിക്കാരല്ലേ ഈ ലോഡിങ്ങും അൺലോഡിങ്ങും ഒക്കെ ചെയ്യുന്നത്? അതുകൊണ്ട് ഒരൊത്തുതീർപ്പ് എന്ന നിലയിൽ "ഓഫ്ലോഡ് ചെയ്തു എന്ന് പറയണം" എന്നയാൾക്ക് പറഞ്ഞു കൊടുത്താലോ എന്ന് ഞാൻ കരുതി. പക്ഷേ ഞനൊന്നും പറഞ്ഞില്ല. "ഓ, ഇയാളൊരു വിവരക്കാരൻ" എന്നോ മറ്റോ അയാളെക്കൊണ്ടെന്തിന് തിരിച്ച് പറയിപ്പിക്കണം?

യാത്രക്കാർ എല്ലാവരും ക്യാമ്പിലെത്താൻ രാത്രി 8 മണി വരെ എടുത്തു. അവരും വഴിയിലൊക്കെ വച്ച് സ്ഫിങ്റ്റർ പേശിയുടെ മുറുക്കം കളഞ്ഞിട്ട് ആയിരിക്കുമല്ലോ വരുന്നത്.

നവിദാങിലെ പ്രധാന ആകർഷണം ഓം പർവ്വതമാണ്. നവിദാങിൽ നിന്ന് നോക്കിയാൽ അകലെയുള്ള ഒരു മലയിൽ പ്രകൃതി ഓം എന്ന് മഞ്ഞു കൊണ്ട് സംസ്കൃതത്തിൽ എഴുതിയത് കാണാം. ഹിന്ദി അക്ഷരങ്ങൾക്ക് മേലേ നമ്മൾ വരയ്ക്കുന്ന വിലങ്ങനെയുള്ള വര ഈ ഓം-ന് ഇല്ല എന്നതാണ് അത് സംസ്കൃതത്തിൽ ആണ് എന്ന് ഞാൻ പറയാനുള്ള കാരണം. മേഘങ്ങൾ മാറി ആകാശം തെളിയുമ്പോഴേ ഈ ഓം കാണുകയുള്ളു. അതുകൊണ്ടുതന്നെ ഞങ്ങളാരും ഈ ഓം കണ്ടില്ല. മണിക്കൂറുകളോളം ഞങ്ങൾ കാത്തിരുന്നെങ്കിലും ഓമിന്റെ പൊടി പോലും ഞങ്ങൾക്ക് കാണാനായില്ല. തിരിച്ചു വരുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഞ്ഞും മേഘവും നീങ്ങിക്കിട്ടാൻ കുറേ ഭക്തന്മാർ ഓം നമ:ശിവായ എന്നും ഹരഹര മഹാദേവാ എന്നുമൊക്കെ കുറേ നേരം ജപിച്ചിരുന്നിരുന്നു. എങ്കിലും മേഘങ്ങൾ ഞങ്ങളോട് ഒട്ടും കനിഞ്ഞില്ല. ഓം മേഘായ നമ:, ഓം മഞ്ഞായ നമ: എന്നൊക്കെ ഒന്നു ജപിച്ചു നോക്കാമായിരുന്നു എന്ന ബുദ്ധി എനിയ്ക്ക് വന്നപ്പോഴേയ്ക്കും ഞങ്ങൾ നഭിദാങ് വിട്ടിരുന്നു. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അല്ലെങ്കിലും എന്റെ ട്യൂബ് ലൈറ്റ് കുറേ കഴിഞ്ഞേ കത്തൂ.

നവിദാങിലെ ക്യാമ്പിൽ നിന്ന് താഴേക്ക് നോക്കിയാൽ ഒരു പുഴ ഒഴുകിപ്പോകുന്നത് കാണാം. അതായിരിക്കാം കാലാപാനിയിൽ വച്ച് കാളീക്ഷേത്രത്തിൽ നിന്നുള്ള നീരുറവയെ ഏറ്റുവാങ്ങി കാളിനദിയാകുന്നത്. ക്യാമ്പിൽ നിന്ന് ചുറ്റും നോക്കുമ്പോൾ പതിവു പോലെ കാണുന്നത് പുഴയും മലകളും തന്നെ. കൂടാതെ ചെരിയൊരുയരത്തിൽ രണ്ടു ചെറിയ ക്ഷേത്രങ്ങളും കാണാം. ഞാനവിടെ ഒന്നു ചുറ്റിയടിച്ചു. അപ്പോഴുണ്ട് കുറച്ചു ദൂരത്തിൽ ഒരു ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കിടക്കുന്നു. പണ്ടെങ്ങാണ്ട് തകർന്നു പോയതാണത്രെ അത്. അതിന്റെ ബോഡി മാത്രമാണവിടെയുള്ളത്.

സമയം സന്ധ്യയാകുകയാണ്. തണുപ്പ് സഹിയ്ക്കാനാവുന്നില്ല. ഞാൻ പതിവു പോലെ ഷർട്ടും സ്വെറ്ററും റെയിൻകോട്ടും ഗ്ലൗസും സോക്സും മങ്കീ ക്യാപ്പും എല്ലാം വാരിക്കേറ്റി തണുപ്പിനെ വെല്ലു വിളിച്ചു. സന്ധ്യയ്ക്ക് വെജിറ്റബിൾ സൂപ്പ് കിട്ടിയപ്പോൾ ആസ്വദിച്ച് കുടിച്ചു.

നാളെ പുലർച്ചെ രണ്ടു മണിക്ക് യാത്ര പുറപ്പെടണം. കിലോമീറ്ററുകൾ താണ്ടിയാലേ ചൈനാതിർത്തിയിൽ എത്തൂ. രാവിലെ 7 മണിക്ക് അവിടെ എത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ യാത്ര പാതി വഴിയിൽ മുടങ്ങിയത് തന്നെ. രാത്രിയിൽ നേരത്തേ അത്താഴം കഴിച്ച് എല്ലാവരും കിടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

അഭിപ്രായങ്ങളൊന്നുമില്ല: