2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 13

ഞാൻ പറഞ്ഞല്ലോ, ഈ യാത്രയിലെ മുഖ്യ പരിപാടി നടത്തമാണെന്ന്. ആറു ദിവസം നടക്കുമ്പോൾ ചൈനയുടെ അതിർത്തിയിലെത്തും. താണ്ടുന്ന സ്ഥലങ്ങൾ സാമാന്യമായി പറഞ്ഞാൽ ഒരുപോലെയുള്ളതാണ്. ആവർത്തനവിരസത ഉണ്ടാക്കുന്നതാണെങ്കിലും പറയട്ടെ, നടക്കുന്ന വഴിയാണ് മുഖ്യമെങ്കിൽ ഈ ആറുദിവസത്തേയും വിവരങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. മലകൾ, പുഴകൾ, മരങ്ങൾ, മഞ്ഞ്, കാറ്റ്, മലഞ്ചെരിവുകൾ ഇതൊക്കെത്തന്നെ. ഭക്ഷണത്തിന്റെ കാര്യമെടുക്കൂ, ഇന്നലെ പൂരിയായിരുന്നു. ഇന്ന് ചപ്പാത്തിയാണ്, രാത്രിയിൽ പായസം ഉണ്ടായിരുന്നു എന്നതൊക്കെ എടുത്തെഴുതാനുണ്ടോ? അപ്പോൾ വ്യത്യാസം വരുന്നത് അന്തരീക്ഷത്തിന്റെ കാര്യത്തിലും യാത്രയിൽ അപ്പോഴപ്പോൾ ഉണ്ടായേക്കാവുന്ന അനുഭവങ്ങളുടെ കാര്യത്തിലുമാണ്. ഇന്ന് മഴയാകാം, നാളെ വെയിലാകാം. അതനുസരിച്ച് യാത്രയുടെ രീതികളും അനുഭവങ്ങളും മാറും. അതാണ് പ്രധാനം.

ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന സംഭവം ഞങ്ങളുടെ സാധനങ്ങൾ ചുമന്നിരുന്ന ഒരു കുതിര കാളിനദിയിൽ വീണ് ഒലിച്ചു പോയതാണ്. അതിന്റെ പുറത്ത് നാലു പേരുടെ സാധനങ്ങളുണ്ടായിരുന്നു. മൊബൈൽ ഫോൺ മുതൽ വസ്ത്രങ്ങൾ തുടങ്ങി മാനസസരോവരത്തിൽ വേണ്ടിയിരുന്ന പൂജാസാമഗ്രികൾ വരെ കുതിരപ്പുറത്തുള്ള ചാക്കുകളിലുണ്ടായിരുന്നു. കാളി നദിയാകട്ടെ, നടക്കാൻ തുടങ്ങുന്നതു മുതൽ ഞങ്ങൾ കാണുന്നതുമാണ്. നദിയുടെ കരയിലൂടെയല്ലേ യാത്ര മുഴുവനും. പറഞ്ഞു വരുന്നതെന്തെന്നാൽ ഈ കുതിര വീണു ചത്തത് ഗാലയ്ക്ക് പോകും വഴിക്കായിരുന്നോ അതൊ ഗുഞ്ചിയിലേക്കുള്ള വഴിയിലേക്കായിരുന്നോ എന്നിപ്പോൾ ഓർമ്മയില്ലെന്നാണ്. അതാണ് പറഞ്ഞത്, ഏത് സ്ഥലത്തു വച്ച് വീണു എന്നതിന് വാർത്താമൂല്യം ഇല്ലെന്നാണ് എന്റെ പക്ഷം എന്ന്. ഇതെല്ലാം ഓർമ്മയിൽ നിന്നെഴുതുന്നതല്ലേ? എല്ലാം ശരിയാകണമെന്നില്ല. എല്ലാം ഓർത്തെടുക്കാൻ പ്രയാസം. ഇത് ഇത്രയും ധൃതി പിടിച്ചെഴുതുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇനിയും വൈകിയാൽ ഇനിയും മറക്കൂം. ഒന്നും എഴുതാൻ കാണുകയില്ല. അതുകൊണ്ട് ഈ എഴുതുന്നതെല്ലാം വെറും കരട്. പലതും വിട്ടു പോയിക്കാണും, പലതും ആവർത്തിച്ചെന്നിരിക്കും; പലയിടത്തും തെറ്റ് കണ്ടേക്കാം, പരസ്പരവിരുദ്ധമായി എഴുതിയിട്ടുണ്ടാകാം. ഇനി ഇതിനൊക്കെ പുറമേയാണ് അക്ഷരത്തെറ്റുകൾ. വരമൊഴിയിലെ എഴുത്തത്ര എളുപ്പമല്ല. റ എന്നെഴുതിയാൽ ര ആകും. ള എഴുതിയാൽ ല ആകും. എന്തൊക്കെ തൊന്തരവാ? ഈ അക്ഷരപ്പിശാചുക്കളെ അടിച്ചോടിക്കണമെങ്കിൽ കുറേ സമയയും വേണം. ശ്രദ്ധാപൂർവ്വം ഇരുന്ന് ഇതൊക്കെ ഒരു വട്ടം വായിക്കേണ്ടതുണ്ട്. അതെല്ലാം, ഇതൊന്ന് മുഴുവനായി എഴുതി കഴിയുമ്പോൾ ഒന്നിച്ച് വായിച്ച് തിരുത്തേണ്ടതാണ്. അത് പതുക്കെ ആകാം. അങ്ങനെ ഒരു ആവശ്യം വരികയാണെങ്കിൽ. (എന്താവശ്യം?) എല്ലം കഴിഞ്ഞിട്ടാകുമ്പോൾ പ്രസക്തമെന്നു തോന്നുന്ന കുറച്ചു (മാത്രം) ഫോട്ടോകളും ഇവിടെ ചേർക്കാം. സഹയാത്രികർ തന്നതാണവയെല്ലാം.

പരാപരൻ സൂര്യനു നൽകിടുന്ന
തൂവെള്ളി ചന്ദ്രന്നവനേകിടുന്നു
അവൻ നിലാവിൻവടിവിൽ ധരയ്ക്കായ്
അതാകെയർപ്പിച്ചമരുന്നു വാനിൽ.

എന്നല്ലേ കവി പാടിയിട്ടുള്ളത്?

പിന്നെ ഇത് കരടാണ് എന്നു പറഞ്ഞു. പക്ഷേ അത് കണ്ണിലെ കരട് പോലെയല്ല. കണ്ണിലെ കരട് പോലെ ഇത് ആർക്കും അസ്വസ്ഥതയൊന്നും ഉണ്ടാക്കില്ല എന്നു കരുതാം. തിരുത്ത് വേണ്ടി വരും എന്നുള്ള അർത്ഥത്തിലുപയോഗിക്കുന്ന കരട്. ഡ്രാഫ്റ്റ് എന്ന് ഇംഗ്ലീഷിൽ പറഞ്ഞാലേ ശരിക്കും മനസ്സിലാകൂ. പക്ഷേ, ഡ്രാഫ്റ്റ് എന്നു പറയുമ്പോൾ ബാങ്കിലെ ഡ്രാഫ്റ്റ് ആണെന്നു കരുതിയാലോ? നോക്കൂ, ഭാഷയുടെ ഒരു പരിമിതി. എന്തായാലും കാര്യം ഇപ്പോൾ ശരിക്കും മനസ്സിലായിക്കാണുമല്ലോ?

നടക്കുമ്പോൾ കുതിര അടി തെറ്റി വീഴുകയായിരുന്നുവത്രെ. കുതിരക്കാരനും കൂടെ വീണത്രെ. ഞാനത് കണ്ടില്ല, നന്നായി. എങ്ങനെയോ അയാൾ ചരിവിൽ പിടിച്ച് രക്ഷപ്പെട്ടത്രെ. അയാളുടെ വീട്ടുകാർക്ക് യോഗമുണ്ട്. പക്ഷേ അയാൾക്ക് വലിയ യോഗമൊന്നുമില്ല. ഈ സീസണിൽ കൈലാസയാത്രയുടെ ചുമട് താങ്ങി വല്ലതും സമ്പാദിക്കാൻ 60000 രൂപയോ മറ്റോ കൊടുത്ത് വാങ്ങിയതായിരുന്നുവത്രേ അയാളീ കുതിരയെ. ഇനി അയാളുടെ കാര്യം കട്ടപ്പൊക.

പക്ഷേ ഈ സംഭവം ചിലരുടെ സ്വഭാവം അറിയാൻ എന്നെ സഹായിച്ചു. അതിലൊരാളാണ് അമീഷ് എന്ന ചെറുപ്പക്കാരൻ. അയാൾ ഗുജറാത്തിൽ വസ്ത്രവ്യാപാരിയാണ്. അയാളെ 'അമ്യൂസ്' എന്നു വിളിക്കാനാണെനിക്കിഷ്ടം; കാരണം അയാൾ യാത്രികരെ എന്തെങ്കിലും പറഞ്ഞോ കാട്ടിയോ എപ്പോഴും അമ്യൂസ് ചെയ്തുകൊണ്ടിരുന്നു. അയാളുടെ മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് ഒലിച്ചു പോയ കൂട്ടത്തിലുണ്ടായിരുന്നു. ഈ അമ്യൂസാണ് മുമ്പെന്റെ വാച്ചെനിക്ക് കൊണ്ടുവന്നു തന്നത്. അതുകൊണ്ട് വിവരം അറിഞ്ഞപ്പോൾ ഞാനയാളെ എന്റെ അനുശോചനം അറിയിക്കാനായി കണ്ടു. പക്ഷേ സാധനങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞ് അയാൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുതിര ചത്ത് നെഞ്ചത്തടിച്ച് കരയുന്ന കുതിരക്കാരന്റെ മേക്കട്ട് കേറി "എന്റെ മൊബൈൽ ഫോൺ താ" എന്നു പറയുമായിരുന്നു. പക്ഷേ, അമ്യൂസ് എന്നോട് പറഞ്ഞത് "ഞാൻ കൈലാസം കണ്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ പോയ സാധനങ്ങളും ഭോലേബാബ വീട്ടിലെത്തിക്കും" എന്നാണ്. നോക്കണേ ഭക്തന്മാരുടെ ഒരു വിശ്വാസം.

അപ്പോൾ കൈലാസയാത്രയെ പറ്റിയല്ലേ പറഞ്ഞു വരുന്നത്. യാത്രയിലെ അടുത്ത പ്രധാന താവളം "ഗുഞ്ചി" ആണ്. കേൾക്കാനൊരു സുഖവുമില്ലാത്ത മറ്റൊരു സ്ഥലപ്പേര്. ഈ സ്ഥലപ്പേർ എങ്ങനെ വന്നെന്ന് പ്രൊ.ഷെപ്പേർഡ് പോലും ഒന്നും എഴുതിയിട്ടില്ല. ഗുഞ്ചിയിലെ ആണുങ്ങളെ "ഗുഞ്ചിയാൽ" എന്നു വിളിക്കുമത്രെ. രോഹിത് ഗുഞ്ചിയാൽ, ഏകേഷ് ഗുഞ്ചിയാൽ, നീരജ് ഗുഞ്ചിയാൽ, പൂർവ്വി ഗുഞ്ചിയാൽ എന്നൊക്കെ. അപ്പോൾ ഗുഞ്ചിയാൽമാരുടെ നാടിനെ ഗുഞ്ചി എന്നു വിളിക്കുന്നു എന്നു നമുക്ക് പറയാം. എന്താണീ ഗുഞ്ചിയാൽ എന്നൊന്നും ആരും ചോദിക്കില്ലല്ലോ. പേരല്ലേ? ആളുകളുടെ പേരാകുമ്പോൾ കുഞ്ചി എന്നും പഞ്ചു എന്നും ഒക്കെ ആകാമല്ലോ.

ഗുഞ്ചി എന്നു പറഞ്ഞപ്പോഴാണ് വഴിയിൽ കണ്ട മറ്റൊരു സ്ഥലത്തിന്റെ പേരോർത്തത് - "കചൗതി". കൈലാസദർശനം കഴിഞ്ഞ് ഇന്ത്യയിലെത്തി വഴിയിൽ ഇടയ്ക്കു വച്ച് ജീപ്പിൽ യാത്ര ചെയ്യവേ, പുറത്ത് അഗാധതയിലെ പുഴ കാണുമ്പോൾ എനിക്ക് തല ചുറ്റുന്ന പോലെ തോന്നുന്നുണ്ടായിരുന്നു. ജീപ്പിന്റെ നിയന്ത്രണം ഒന്നു പോയാൽ എല്ലാം തീർന്നു. അകലേക്ക് നോക്കാതെ ഞാൻ ജീപ്പിന്റെ മുന്നിലെ റോഡിലേക്ക് മാത്രം നോക്കിയിരുന്നു. അപ്പോൾ കചൗതി 13കിമി, കചൗതി 12കിമി, കചൗതി 11കിമി എന്നിങ്ങനെയുള്ള നാഴികക്കല്ലുകൾ കാണുന്നുണ്ടായിരുന്നു. സമതലത്തിലെത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ജീപ്പ് നിർത്തിയപ്പോൾ ഒരു സ്ഥലത്ത് മാത്രം ഞാൻ "കൻജ്യോതി" എന്നെഴുതിക്കണ്ടു. അതന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കൻജ്യോതിയാണ് കചൗതി ആയതെന്ന്. ഒരു പക്ഷേ, "കാനനജ്യോതി" ആയിരിക്കണം കൻജ്യോതി ആയത്; ചുറ്റും കാടല്ലേ? അതെന്തായാലും എന്താണ് ഗുഞ്ചി ആയതെന്ന് ആരു കണ്ടു?

കൈലാസയാത്രയ്ക്ക് പുറപ്പെട്ടവരുടെ വിധി നിർണ്ണയിക്കുന്ന സ്ഥലമാണ് ഈ ഗുഞ്ചി. യാത്ര തുടരാനുള്ള ആരോഗ്യം യാത്രികർക്കുണ്ടോ എന്ന പുന:പരിശോധന നടക്കുന്നതിവിടെയാണ്. കൈലാസപതിയെ കാണാൻ യോഗമില്ലാത്തവർ ഇവിടത്തെ മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് തിരിച്ച് പോകേണ്ടി വരും. പക്ഷേ, ഒരു സൗജന്യം ചിലപ്പോൾ കിട്ടിയേക്കും. ശിവന്റെ തന്നെ ആസ്ഥാനമായ ആദികൈലാസം സന്ദർശിക്കാൻ അവർ അനുമതി തന്നേക്കും. ആദികൈലാസത്തിലേക്കും ഇതു വഴിയാണ് പോകേണ്ടത്. ആദികൈലാസത്തിലേക്കുള്ള "ഗേറ്റ്വേ" ആണ് ഈ ഗുഞ്ചി.

ബുദ്ധിയിൽ നിന്നും ഞങ്ങൾ പുലർച്ചെ പുറപ്പെട്ടു. ചായയും ബോൺവിറ്റയും കുടിച്ചു കാണും, തീർച്ച. കാരണം പ്രാതൽ ചിയാലേഖ് എന്ന സ്ഥലത്തായിരുന്നു എന്നതുതന്നെ. പുറപ്പെടുമ്പോഴുള്ള കാര്യമൊന്നും ഇതുവരെ എഴുതിയില്ല. സൂര്യപ്രകാശം തട്ടുന്ന ശരീരഭാഗങ്ങളിലെല്ലാം സൺസ്ക്രീൻ ക്രീം പുരട്ടണം. മുഖത്തും കയ്യിലും അതു പുരട്ടും. തണുപ്പുകാരണം ചുണ്ട് വിണ്ടുകീറാതിരിക്കാൻ ചുണ്ടിൽ ലിപ്ബാം പുരട്ടും. കാലിൽ സോക്സ് ഇടുന്നതിനു മുമ്പ് പാദങ്ങളിൽ ആന്റിഫംഗൽ പൗഡർ കുടയും. പിന്നെ ഷൂസ്, ഗ്ലൗസ്, മങ്കീ ക്യാപ്, സൺ ഗ്ലാസ് (കൂളിങ്ങ് ഗ്ലാസെയ്!) റെയിൻ കോട്ട്, വിൻഡ് ചീറ്റർ എല്ലാം ഓരോരുത്തരുടേയും ആവശ്യം പോലെ...

ഞാനാകെ രണ്ടു ദിവസമാണ് ലിപ്ബാം പുരട്ടിയത്. രണ്ടോ മൂന്നോ ദിവസം ആന്റിഫംഗൽ പൗഡർ ഉപയോഗിച്ചു. മിക്കവാറും ദിവസം സൺസ്ക്രീൻ ക്രീം പുരട്ടിയിരുന്നു. അതിന്റെ ഗുണം ഉണ്ടായോ എന്തോ? യാത്രയൊക്കെ കഴിഞ്ഞ് ഓഫീസിലും വീട്ടിലും എത്തിയപ്പോൾ പറഞ്ഞു കേട്ടത് ഞാനാകെ കറുത്തു പോയി എന്നാണ്. മൂക്കെല്ലാം ചുവന്ന് പഴുത്ത ചക്കച്ചുള പോലെ ആയവരും കൂട്ടത്തിലുണ്ടായിരുന്നു. അത് സൺസ്ക്രീൻ ക്രീം പുരട്ടാഞ്ഞിട്ട് ആയിരുന്നുവോ ആവോ?

നടക്കുമ്പോൾ മലനിരകളെ ബഹുമാനിക്കണമെന്നും നല്ലതേ ചിന്തിക്കാവൂ എന്നും എപ്പോഴും "ഓം നം:ശിവായ" എന്നു ചൊല്ലണമെന്നും കെ.എം.വി.എൻ ഗൈഡ് ഉപദേശിച്ചിട്ടുണ്ട്. വഴിയിൽ ദോഷകരമായ ഒന്നും സംഭവിക്കാതിരിക്കാനാണത്രെ അത്. ദൈവങ്ങളെ സന്തോഷിപ്പിച്ചാലല്ലേ നല്ലത് വരൂ, അപ്പോൾ 'ഓം നം:ശിവായ' എന്നൊക്കെ പറയണം. അത് പക്ഷേ അദ്ദേഹം പറഞ്ഞു തരണ്ട കാര്യമൊന്നുമല്ല. നമ്മൾ മലയാളികൾക്കു പോലും അറിയാവുന്നതല്ലേ അത്? അതുകൊണ്ടാണല്ലോ നമ്മൾ പാലം കടക്കുവോളം "നാരായണാ.. നാരായാണാ..." എന്നു പറയുന്നത്. നമ്മൾ പാലം കടന്നാൽ പിന്നെ "കൂരായണാ.. കൂരായണാ.." എന്നും പറയും എന്നത് മറ്റൊരു കാര്യം. സാന്ദർഭികമായി നോക്കുമ്പോൾ അത് ശരിയാണെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പാലം കടന്നു കഴിയുമ്പോൾ ഏത് നാരായണൻ? നാരായണാ.. നാരായാണാ എന്ന് ഞാൻ എഴുതിയത് കാണുന്ന വല്ലവരും ഞാനൊരു ഹിന്ദു വർഗ്ഗീയവാദിയാണെന്നും അതുകൊണ്ടാണ് നാരായണന്റെ കാര്യം പറഞ്ഞതെന്നും കരുതാനിടയുണ്ട്. അതുകൊണ്ട് അങ്ങനെയൊന്നും കരുതാതിരിക്കാൻ പാലം കടക്കുവോളം "എന്റീശോയേ.. എന്റീശോയേ.." എന്നും "എന്റെ റബ്ബേ.. എന്റെ റബ്ബേ.." എന്നു പറയുന്നവരും ഉണ്ടായിരിക്കുമെന്നും കൂടി എഴുതട്ടെ.

ബുദ്ധിയിൽ നിന്നും യാത്ര തുടങ്ങുമ്പോഴേ കയറ്റമാണ്. കിലോമീറ്ററുകൾ കയറ്റം കയറിയിട്ടുണ്ടാകണം, അപ്പോൾ ഒരു സമതലപ്രദേശത്ത് എത്തി. ആദ്യമേ കണ്ടത് ഒന്നു രണ്ട് ചായപ്പീടികകളാണ്. അതിലൊന്നിൽ ഞങ്ങളുടെ പ്രാതൽ തയ്യാറായി വരുന്നതേയുള്ളു. അതുകൊണ്ട് ഞാൻ ചുറ്റുപാടുകൾ കാണാനിറങ്ങി. വെറും ചുറ്റുപാടുകളല്ല. യാത്രയിൽ എല്ലാവരും പ്രകീർത്തിക്കുന്ന സ്ഥലമാണിത്. എല്ലവരും പ്രതീക്ഷിച്ചിരുന്ന സ്ഥലമാണിത്. ഈ സ്ഥലം ചിയാലേഖ് എന്നറിയപ്പെടുന്നു. കുന്നു കയറി ഈ സമതലത്തിൽ എത്തുമ്പോൾ, മുൻധാരണയൊന്നുമില്ലാതെയായിരുന്നു ഞാൻ യാത്ര ചെയ്തിരുന്നതെങ്കിൽ, ഇത് സ്വപ്നമോ മായയോ എന്ന് ഞാൻ കരുതിപ്പോയേനെ! കാരണം ഞാൻ എത്തിയിട്ടുള്ളത് അതിവിശാലമായ ഒരു പൂന്തോട്ടത്തിലാണ്. ഈ ഹിമാലയത്തിൽ ആരാണ്, ആർക്കുവേണ്ടിയാണ് ഈ പൂന്തോട്ടം നട്ടു വളർത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്. കാരണം ഇത് നാടല്ലല്ലോ! പക്ഷേ ഞാൻ മനസ്സിലാക്കിയിരുന്നു.... അഥവാ അറിഞ്ഞു കഴിഞ്ഞിരുന്നു.. ഹിമാലയം ഒരു പുഷ്പാലയം കൂടിയാണെന്ന്. ഞാൻ, ജിജ്ഞാസയോടെ, പൂന്തോട്ടത്തിലേക്ക് ഒരു വിഹഗവീക്ഷണം നടത്തി....

ഭൂമിയോട്, മണ്ണിനോട്, ചേർന്ന് നിൽക്കുന്ന പൂക്കൾ. മിക്കവയും വെള്ള പൂക്കളാണ്; മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും ഉണ്ട്. ഈ പൂക്കളായിരിക്കാം പഞ്ചബാണൻ 'മലർശരം' തീർക്കാൻ ഉപയോഗിച്ചിരുന്നത്!! ഇന്നിപ്പോൾ കാമദേവനില്ല, കാമമേയുള്ളു... കാമദേവൻ എവിടെപ്പോയോ ആവോ? മനുഷ്യന്റെ കാമം സ്ത്രീസമൂഹത്തിനൊരു ശാപമായപ്പോൾ കാമത്തിനു വിത്തു പാകിയത് താനാണല്ലോ എന്ന ദു:ഖഭാരത്താൽ ടിയാൻ ജീവത്യാഗം ചെയ്തോ എന്തോ? അതോ, വല്ല യുവ മിഥുനങ്ങളെയും മലർശരമെയ്യുമ്പോൾ, ചീനക്കാരൻ പോലീസെങ്ങാൻ പിടിച്ച് അകത്തിട്ടതാകാനും മതി. മറ്റു നിറമുള്ള പൂക്കളും കുന്നിൻപുറത്തെ ഈ താഴ്വരയിൽ ഉണ്ട്. ലോകരിതിനെ valley of flowers എന്നു വിളിക്കുന്നു എന്നു പറയുമ്പോൾ ഇവിടത്തെ പൂക്കളെക്കുറിച്ച് ഒരു സാമാന്യ ജ്ഞാനം ലഭിക്കുമല്ലോ?

"ഫൂലോം കീ ഘാട്ടി മേം ലോ.നി.വി. അസ്കോട്ട് ആപ്കാ സ്വാഗത് കർത്താ ഹൈ" എന്നൊരു ബോഡും അവിടെ കാണാം. അസ്കോട്ട് എന്നത് സ്ഥലപ്പേരാണ്.

ചിയാലേഖിലെത്തുമ്പോൾ ദേവാലയസദൃശമായ ചെറിയൊരു കെട്ടിടം ഒരു ചെറിയ കുന്നിൻ മുകളിലായി ഞാൻ കണ്ടു. ഞാനങ്ങോട്ട് നടന്നു. പോലീസുകാരന്റെ അകമ്പടിയോടെ ഒരു സഹയാത്രികയും അവിടം ലക്ഷ്യമാക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പോലീസുകാരൻ പിൻവാങ്ങി. ......... ശരിയാണ്... അതൊരു അമ്പലമാണ്. പൂജാദികളോ മറ്റ് നിത്യകർമ്മങ്ങളോ ഇല്ലാത്ത, വിജനമായ, അവഗണനാഗ്രസ്തമായ ഒരു കെട്ടിടം..... ശിവനോ കാളിയോ ആണ് കേന്ദ്രസ്ഥാനത്ത്. ഞാനതിനു മുന്നിൽ അല്പനേരം ആരാധന(!)യോടെ നിന്നു... ഇത്തരം സന്ദർഭങ്ങളിൽ ഞാനൊന്നും പ്രാർത്ഥിക്കാറില്ല. പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ എന്റെ പ്രതിയോഗികളുടെ ഓർമ്മയാണോടിയെത്തുക. പിന്നെ പ്രാർത്ഥനയുടെ ഫലമെല്ലം കിട്ടുന്നതവർക്കായിരിക്കും... അതാണാവോ എന്റെ പ്രതിയോഗികൾ ഇങ്ങനെ ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നത്? ആ ക്ഷേത്രത്തിനടുത്തും പൂക്കൾ സമൃദ്ധം... ചുവന്ന ഒരു പൂവ് ഡോ. ആരാധന എനിക്കു കാണിച്ചു തന്നു. ഞാനതൊരു ചുവന്നുരുണ്ട കായ് ആണെന്നായിരുന്നു കരുതിയത്. അത്രക്കുണ്ട് പൂക്കളുടെ വൈവിധ്യം!!!

ഹിമാലയത്തിലെ പൂക്കളുടെ വൈവിധ്യം കണ്ട എനിയ്ക്ക് തോന്നിയത് അവിടത്തെ പൂക്കളുടെ മാത്രം ഫോട്ടോ എടുക്കാൻ ഒരു മാസത്തെ അവധി എടുത്ത് ഒരു ഒരു കാമറയും ഒരു "വൺ ടിബി" മെമ്മറി കാർഡു(?)മായി വരണമെന്നാണ്. പക്ഷേ, ആരെങ്കിലും സ്പോൺസർ ചെയ്യാമെങ്കിൽ മാത്രം ആലോചിക്കാവുന്ന കാര്യം.

ചിയാലേഖിൽ വച്ച് പോലീസുകാർ ആദ്യമായി ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. അവരുടെ റജിസ്റ്ററിൽ ഞങ്ങൾ ഒപ്പിട്ടു.

വീണ്ടും നടത്തം, നടത്തം, നടത്തം. നടത്തത്തെ കുറിച്ചെഴുതുകയാണെങ്കിൽ കുറേ ഉണ്ടാകും. 52 പേർ എങ്ങനെ നടന്നു എന്നെഴുതിയാൽ തന്നെ 52 വരിയാകും. അതു വേണ്ട. നടന്ന് കാലിലെ മസിൽ കയറുമ്പോൾ വേദന സഹിക്കാതെ 'വോളിനി' സ്പ്രേ ചെയ്യുന്നവർ മുതൽ ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഇനിയും വേണമെങ്കിൽ നടക്കാൻ തയ്യാർ എന്ന് തോന്നിച്ചവർ വരെ കൂട്ടത്തിലുണ്ടായിരുന്നു. പറഞ്ഞില്ലേ, ഗ്രൂപ്പിലെ ആദ്യസംഘം രാവിലെ 10 മണിക്ക് ലക്ഷ്യത്തിലെത്തുമ്പോൾ അവസാനസംഘം എത്തുന്നത് രാത്രി 8 മണിക്കായിരിക്കുമെന്ന്. ആലോചിച്ചു നോക്കൂ, ആ നടത്തത്തിന്റെ ഒക്കെ ഒരു സ്റ്റയില്.

എഴുതാനാണെങ്കിൽ നടത്തത്തെ കുറിച്ചു മാത്രമല്ല ഉള്ളത്. രാവിലത്തെ ഒന്നും രണ്ടും തൊട്ട് തുടങ്ങണം എഴുതാൻ. കൃഷ്ണേട്ടനെ പോലെ ചിലർക്ക് രാവിലത്തെ ഒന്നിനും രണ്ടിനും മുമ്പേ ഒരു പൂജ്യം കൂടിയുണ്ട്. ഇതൊക്കെ എഴുതാൻ എനിക്കെവിടെ സമയം? പകലും സന്ധ്യയും കഴിഞ്ഞ് അവസാനം രാത്രിയിൽ കിടന്നു കഴിയുമ്പോഴുള്ള കൂർക്കം വലിയുണ്ടല്ലോ, അതിനെക്കുറിച്ച് മാത്രമുണ്ട് ഒരു പേജെഴുതാൻ.

ഒരു പേജെഴുതിയില്ലെങ്കിലും കൂർക്കം വലിയെ തൊട്ടുരുമ്മി ഞനൊന്നു പോകാം.

യാത്രയുടെ ഒരാഴ്ച കഴിയുമ്പോഴേക്കും രാത്രിയിൽ ഒരു ടെന്റിൽ കിടക്കാൻ ഞങ്ങൾക്കൊരു സംഘം ഉണ്ടായിരുന്നു. ഞാൻ, സുരേഷ്, അരവിന്ദ്, കൃഷ്ണേട്ടൻ, ആനന്ദ്, പല്ലവ്, രാജേഷ് എന്നിവരായിരുന്നു ആ സംഘം. ഒരു ദിവസം ഞങ്ങളുടെ ടെന്റിൽ പുതിയ രണ്ടു പേർ കൂടെ കൂടി. അതിൽ ഒരാളുടെ കൂർക്കം വലി കാരണം അടുത്ത് കിടന്ന രാജേഷ് പുറത്തെവിടേയോ പോയി ഉറങ്ങുകയാണുണ്ടായത്. (ടെന്റിനു പുറത്ത് കിടുങ്ങുന്ന തണുപ്പാണേ!!) പിറ്റേ ദിവസം രാവിലെ ഇതേ കുറിച്ച് ചോദിച്ചപ്പോൾ രണ്ടു പേരിൽ അപരൻ പറഞ്ഞത് സാധാരണ ഉറങ്ങുന്നത് സ്റ്റീരിയോ വച്ചാണെന്നും ഇന്നലെ മോണോ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. അയാളുദ്ദേശിച്ചത് ഇന്നലെ ഒരാളേ കൂർക്കം വലിക്കാനുണ്ടായിരുന്നുള്ളൂ എന്നും സാധാരണ അയാളുടെ ഇരു വശത്തും (സ്റ്റീരിയോ) കൂർക്കം വലിക്കാരായിരിക്കും എന്നും ആണ്. പിന്നീട് ഉറങ്ങാൻ ഞങ്ങൾ അവരെ കൂടെ കൂട്ടിയിട്ടേ ഇല്ല.

ഇങ്ങനെ എന്തെല്ലാം ഉണ്ടാകും ഒരു ക്യാമ്പ് ജീവിതത്തെ കുറിച്ച് എഴുതാന്!!

ക്യാമ്പ് ജീവിതത്തെ കുറിച്ച് മാത്രമല്ല എഴുതാനുള്ളത്. ജനങ്ങൾ, അവരുടെ ജീവിതരീതി, ഭൂപ്രകൃതി തുടങ്ങി എന്തു വേണമെങ്കിലും എഴുതാം. ഒന്നുമില്ലെങ്കിൽ അവർ വീടുണ്ടാക്കുന്ന രീതിയെങ്കിലും എഴുതാം. കല്ലുകൾ മാത്രം ഉപയോഗിച്ചുള്ള വീടുകൾ, മേല്ക്കൂര പോലും കല്ലുകൾ കൊണ്ടാണ്. ചെറുതെങ്കിലും കൊട്ടാരസദൃശമായ ഡിസൈനുകളോടു കൂടിയ വീടുകൾ... അതൊക്കെ എഴുതാം .... ഇതിനൊരു പുനരെഴുത്തുണ്ടെങ്കിൽ...

വീണ്ടും യാത്രയെക്കുറിച്ച് തന്നെ ആകട്ടെ. പണ്ടത്തെ തണ്ണീർ പന്തലുകളെ ഓർമ്മിപ്പിക്കും വിധം, ക്ഷീണം തീർക്കാനായി, വഴിയിൽ പലയിടത്തും കെഎംവിഎൻ ചായയും സ്നാക്സും വിതരണം ചെയ്യുമായിരുന്നു. അല്ലെങ്കിൽ ചായക്കടകൾ കാണും. ചിലപ്പോൾ സമതലങ്ങളിലെ നടത്തവും ആശ്വാസം പകരും. കാരണം കയറ്റം കയറിയും ഇറക്കം ഇറങ്ങിയും തളരുമ്പോഴാകും ഈ സമതലങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടയിൽ ഞങ്ങൾ കൈലാസദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന സംഘത്തെ വഴിയിൽ കണ്ടിരുന്നു. പലരുമായും ഉപചാരവാക്കുകൾ കൈമാറുകയും ചെയ്തു. എന്നാണ്, എവിടെ വച്ചാണ് എന്ന് ഓർമ്മയില്ലെന്നു മാത്രം.

ഞങ്ങൾ ഗർബ്യാങ്ങിലെത്തുമ്പോൾ അവിടെ ഭാരതത്തിന്റെ പതാക പാറിക്കളിക്കുന്നത് കണ്ടു. അവിടെയുള്ള ഐടിബിപിയുടെയോ എസ്എസ്ബി (സീമാ ശസ്ത്ര് ബൽ) യുടെയോ ക്യാമ്പിലായിരുന്നു അത്. അവിടെ വച്ച് ഐടിബിപിക്കാർ ഞങ്ങളുടെ പാസ്പോർട്ട് പരിശോധിച്ചു. ചായയും സ്നാക്സും നൽകി. ചിലർ കസേരയിലിരുന്ന് വിശ്രമിച്ചു. മുന്നോട്ട് നടക്കുമ്പോൾ വലിയൊരാട്ടിൻ കൂട്ടത്തെ കണ്ടു. അതിൽ നിന്ന് നല്ലൊരെണ്ണത്തിനെ ഒരു പോലീസുകാരൻ പിടിച്ചു കൊണ്ടു പോയി. അവർക്ക് അന്നത്തെ ഭക്ഷണത്തിന് സ്വാദ് കൂട്ടാനാണാ ആടിന്റെ വിധി; പാവം. ആട്ടിടയന്റെ കാര്യമോ? പാവം..

ഗർബ്യാംഗിലെവിടെയോ വഴി ചളി നിറഞ്ഞതായിരുന്നു. മണ്ണ് വഴുവഴുപ്പുള്ളതും. കുത്തി നടക്കുന്ന വടിയുടെ സഹായം ഈ വഴിയിൽ അത്യന്താപേക്ഷിതമാണ്. വഴിലിലെവിടേയോ ചൂടുള്ള നീരുറവയും കാണുകയുണ്ടായി.

നടക്കുമ്പോൾ വഴിയിലെ ഒരു വീട്ടിൽ (അതോ കടയോ?) ഒരു റേഡിയോ കണ്ടു. ഇപ്പോൾ, ഈ കാലങ്ങളിൽ, കാണാൻ പ്രയാസമുള്ള ഒന്നാണീ റേഡിയോ. കെൽട്രോണിന്റെ പഴയ 'ക്രാന്തി' റേഡിയോ ആണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്. അന്നതിന് നൂറു രൂപയായിരുന്നു. 'ഒരു വീട്ടിൽ ഒരു റേഡിയോ' എന്ന മുദ്രാവാക്യവുമായി കെൽട്രോൺ തുടങ്ങിയതായിരുന്നു ഈ ക്രാന്തി റേഡിയോ. ടാറ്റ 'നാനോ' കാർ തുടങ്ങിയതു പോലെ പണം കുറഞ്ഞവരെ ഉദ്ദേശിച്ചായിരുന്നു ഈ റേഡിയോ ഇറക്കിയിരുന്നത്. ഇന്നിപ്പോൾ അത്തരം റേഡിയോക്കൊന്നും ഒരു സ്ഥാനവുമില്ല. ഇപ്പോൾ എല്ലാത്തിനും മൊബൈൽ ഫോൺ മതിയല്ലോ? ഫോൺ ചെയ്യാൻ മാത്രമല്ലല്ലോ സെൽ ഫോൺ; ഫോട്ടോ എടുക്കാനും പാട്ടു കേൾക്കാനും നോട്ടെഴുതാനും ഒക്കെ ഉപയോഗിക്കുന്നത് ഈ സെൽ ഫോണല്ലേ. ഇനി വന്നു വന്ന് എ.ടി.എം കാർഡിനും ഐഡന്റിറ്റി കാർഡിനും വരെ മൊബൈൽ ഫോൺ മതി എന്നതല്ലേ അവസ്ഥ.

ഗുഞ്ചിയിൽ ഞങ്ങളെത്തുമ്പോൾ അവിടെ ലോറി, ജീപ്പ്, ജെസിബി, ടിപ്പർ തുടങ്ങിയ വാഹന/യന്ത്രസാമഗ്രികളൊക്കെ ഉണ്ടായിരുന്നു. നടന്നു വരുന്ന വഴിയിലൂടെ ഇതൊക്കെ എങ്ങനെ ഇവിടെ എത്താനാണ്? അപ്പോഴല്ലേ അറിയുന്നത്, ഇതെല്ലാം ഹെലിക്കോപ്റ്ററിൽ ഇവിടെ എത്തിച്ചതാണെന്ന്. ആദികൈലാസത്തിലേക്ക് വാഹനയോഗ്യമായ റോഡുണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് സർക്കാർ. ബിആർഓ, ഗ്രെഫ് എന്നീ പട്ടാള സംവിധാനങ്ങളാണീ പണിയിൽ മുഴുകിയിട്ടുള്ളത്. ധാരാളം മലയാളികളും അതിലുണ്ട്. ഗുഞ്ചിയിൽ ഞങ്ങൾ മലയാളികളെ കണ്ട് സംസാരിച്ചു. ആദികൈലാസത്തിലേക്കുള്ള റോഡ് വരാൻ 15 കൊല്ലമെങ്കിലും എടുക്കും എന്നാണൊരു മലയാളി പറഞ്ഞത്. മല പൊട്ടിച്ച് വേണ്ടേ റോഡാക്കാൻ? മല വെടി വച്ച് തകർക്കുന്നത് ഞങ്ങൾ നോക്കി നിന്നു. ഗുഞ്ചിയിൽ ഗ്രാമങ്ങളും ബാങ്കും ഒക്കെ ഉണ്ട്.

ഗുഞ്ചിയിലെ ക്യാമ്പിനു സമീപത്തു കൂടെ ഒരു നദി ഒഴുകുന്നുണ്ട്. അതിനെ അവർ കുട്ടിനദി, കുട്ടിഗംഗ എന്നൊക്കെയാണ് വിളിക്കുന്നത്. അവർ മലയാളികളായതു കൊണ്ടൊന്നുമല്ല അങ്ങനെ വിളിക്കുന്നത്. കുട്ടി എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്ന നദിയായതു കൊണ്ട് ആ പേർ വീണതാണ്. കുന്തി എന്ന പേരാണത്രെ ലോപിച്ച് കുട്ടിയായത്. അപ്പോൾ കുന്തിപ്പുഴ എന്നു വേണം പറയാൻ. അല്ലെങ്കിലും അത് കുന്തിപ്പുഴ തന്നെയാണ്; കാരണം കുന്തിപ്പുഴയുടെ തീരത്തുള്ളതുപോലെ (കേരളത്തിലാണല്ലോ കുന്തിപ്പുഴ) മണ്ണിലുണ്ടാക്കുന്ന നമ്മുടെ തൃക്കാക്കരയപ്പനെ ഞാനിവിടെ കണ്ടു.

ഗുഞ്ചിയിലെ പ്രധാന അനുഭവം ഒരു സഹയാത്രികയ്ക്ക് ഉണ്ടായ അസുഖവും അതിൽ നിന്നവർക്കുണ്ടായ അത്ഭുതകരമായ മോചനവുമാണ്. അതില്ലാതിരുന്നെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിലെ രണ്ടു പേർ കൈലാസം കാണാതെ മടങ്ങിയേനെ. എപ്പോഴാണ്, എങ്ങനെയാണ് എന്നറിയില്ല അവർ ഗുഞ്ചിയിലെത്തുമ്പോൾ അവരുടെ കീഴ്ത്താടിയെല്ല് ചലിക്കുന്നില്ല. വായ് തുറന്നു തന്നെ ഇരുന്നു. സംസാരിക്കാനാവുന്നില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല. കീഴ്ത്താടി താഴ്ത്തി, ഒന്ന് വായ് തുറന്ന് പിടിച്ചു നോക്കൂ. അതാണ് ആ സ്ത്രീയുടെ എപ്പോഴുമുള്ള അവസ്ഥ. ഭാഗ്യത്തിന് ഗുഞ്ചിയാൽമാരുടെ നാട്ടിൽ ഐടിബിപി ക്യാമ്പും അവിടെ യോഗ്യരായ ഡോക്റ്റർമാരും ഉണ്ടായിരുന്നു. അവരൊക്കെയാണല്ലോ ഇപ്പോൾ ഞങ്ങളുടെ സംരക്ഷകർ.

ഡോക്റ്റർമാർ അവരെ പരിശോധിച്ചു. താടി കുടുങ്ങി പോയിട്ടാണുള്ളത്. അത് ഇളക്കണമെങ്കിൽ അവരെ ബോധം കെടുത്തണം; അനസ്തേഷ്യ കൊടുക്കണം. അതിനുള്ള സൗകര്യം ഗുഞ്ചിയിൽ ഇല്ല. നാട്ടിലേക്ക് തിരിച്ചു പോകാൻ അവർ രോഗിയെ(?) ഉപദേശിച്ചു. അന്നു രാത്രി മുഴുവൻ അവരങ്ങനെ കഴിഞ്ഞു എന്ന് വേണം കരുതാൻ. സന്ധ്യയോടെ മാത്രമേ ഈ വിവരം ഞങ്ങളൊക്കെ അറിഞ്ഞുള്ളു.

ഞങ്ങളുടെ ഗ്രൂപ്പിൽ ഭാഗ്യത്തിന് ഒരു റൈക്കി (REIKI) മാസ്റ്ററുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിറ്റേ ദിവസം പൂജയും തുടർന്ന് റെയ്ക്കി ചികിത്സയും നടന്നു. റെയ്ക്കി പ്രകാരം ചില മർമ്മസ്ഥാനങ്ങളുണ്ടത്രെ. അവിടെ യഥാവിഥി തടവിയും പിടിച്ചും മണിക്കൂറുകളെടുത്ത് അവരുടെ താടി പൂർവ്വസ്ഥിതിയിലായി. അപ്പോൾ ക്യാമ്പിലുയർന്ന ആർപ്പുവിളികളും മഹാദേവസ്തുതികളും അവർണ്ണനീയമാണ്. സന്തോഷാധിക്യത്താൽ ആ സ്ത്രീ ഞങ്ങളെ ഓരോരുത്തരേയും വന്ന് കെട്ടിപ്പിടിച്ചു. അവരുടെ താടി ശരിയായിരുന്നില്ലെങ്കിൽ അവരേയും കൊണ്ട് തിരിച്ചുപോകാൻ അവരുടെ സഹയാത്രികൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പറയേണ്ടതുണ്ടോ അവരുടെ സന്തോഷാധിക്യം? റെയ്ക്കി മാസ്റ്റർ പാണ്ഡുരംഗയ്ക്ക് സ്തുതിയായിരിയ്ക്കട്ടെ!!!!

ഗുഞ്ചിയിൽ നിന്നാൽ അന്നപൂർണ്ണ കൊടുമുടി കാണുമത്രെ. അതിനായി മണിക്കൂറുകളോളം ആളുകൾ ഊഴമിട്ട് കാത്തിരുന്നു, പക്ഷേ ആകാശം മേഘാവൃതമായിരുന്നതിനാൽ രണ്ടു ദിവസവും ആർക്കും അത് കാണാനായില്ല. അതോ, ഇനി ഇടയ്ക്കെങ്ങാൻ ആരെങ്കിലും അതു കണ്ടുവോ എന്തോ?

ഉച്ചയോടെ ഞങ്ങൾ ഗുഞ്ചിയിലെത്തിയിരുന്നു. അവിടെ നിന്ന് ഞങ്ങൾക്ക് കുതിരപ്പുറത്തെത്തിച്ച ബാഗുകൾ കിട്ടി. എല്ലാം നനഞ്ഞ് കുതിർന്നിരുന്നു. പ്ലാസ്റ്റിക്കോ പോളിത്തീനോ ഉപയോഗിച്ചായിരുന്നില്ലല്ലോ, വെറും വളച്ചാക്ക് പോലെയുള്ള കവറുകൊണ്ടായിരുന്നല്ലോ അത് പൊതിഞ്ഞിരുന്നത്. എല്ലാം വെയിലത്തിട്ട് ഉണക്കിയെടുത്തു. അതിലുണ്ടായിരുന്ന പുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായിത്തീർന്നിരുന്നു.

രണ്ടു വശത്തും മലകളുള്ള വിശാലമായ ഒരു ഭൂഭാഗമാണ് ഗുഞ്ചി. നടുവിലൂടെ പുഴ ഒഴുകുന്നു. രണ്ടു വശത്തും ഗ്രാമങ്ങളുണ്ട്. അകലെ ഒരു ഗ്രാമത്തിൽ വൈകുന്നേരം ഒരു ജാഥ കണ്ടു. കൊട്ടും കുരവയും സ്ത്രീകളും കുട്ടികളും മറ്റും മറ്റും ഉണ്ട്. പുഴയും മറ്റും താണ്ടി ഞങ്ങളവിടെ എത്തി. കരുതിയ പോലെ ക്ഷേത്ര സംബന്ധമായ എന്തോ ചടങ്ങാണ്. പക്ഷേ ക്ഷേത്രങ്ങളൊന്നുമില്ല. ഒരു മരത്തിന്റെ ചുവട്ടിലാണ് പൂജയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടക്കുന്നത്. ഗ്രാമീണരാണ്, പഹാഡികളാണ് എന്നൊക്കെ പറയാമെങ്കിലും നല്ല പണക്കാരും കൂട്ടത്തിലുണ്ട്. വില കൂടിയ ഹാൻഡികാം പിടിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ചിലരുടെ കയ്യിൽ ഒരു പ്ലേറ്റിൽ നമ്മുടെ മണ്ണിലുണ്ടാക്കുന്ന തൃക്കാക്കരയപ്പനെ കണ്ടു. എന്താണാവോ അത്? എന്തിനാണാവോ അത്? പരിപാടികൾ തുടങ്ങുന്നതേ ഉള്ളു എന്നതുകൊണ്ടും അത് തീരുന്നതു വരെ അവിടെ നോക്കിനിൽക്കാനാവില്ല എന്നതു കൊണ്ടും ഞാൻ തിരിച്ചു പോന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പോന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഗുഞ്ചിയിൽ സാറ്റലൈറ്റ് ഫോണുണ്ട്. മിനിറ്റിന് 3 രൂപയാണ് നിരക്ക്. ഞാൻ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു. മറ്റുള്ളവരും. അവിടെ ഒരു സോളാർ ഹീറ്ററുണ്ട്; അതുകൊണ്ട് കുളിക്കേണ്ടവർക്ക് ചൂടുവെള്ളം കിട്ടും, റേഷനാണെന്നു മാത്രം. ഒരു വിറകടുപ്പിൽ വെള്ളം ചൂടാക്കുന്നതും ഞാനവിടെ കണ്ടു.

ഗുഞ്ചിയിലെ ഐടിബിപി ക്യാമ്പിൽ ക്ഷേത്രമുണ്ട്. കാളീക്ഷേത്രമാണെന്നോർമ്മ. അതല്ലെങ്കിൽ ശിവക്ഷേത്രം. ഇവർ രണ്ടുമാണ് ഇവിടത്തെ പോപ്പുലർ ദൈവങ്ങൾ. പിന്നീടുള്ളത് ഷിർദ്ദിയിലെ സായി ബാബയാണ്. സന്ധ്യയ്ക്ക് എല്ലാവരും ക്ഷേത്രത്തിനകത്ത് ഭജനയുടേയും പൂജയുടേയും തിരക്കിലായിരുന്നു. ഞാനും ഒന്നവിടെ തല കാട്ടി.

ഇന്നും നാളെയും താമസം ഇവിടെ തന്നെ. ഒരു ദിവസം ഇവിടെ താമസിക്കുമ്പോൾ ഉയർന്ന മലയിലെ കാലാവസ്ഥയുമായി ശരീരം താദാത്മ്യം പ്രാപിക്കുമത്രെ. പിന്നെ നാളെയാണ് മെഡിക്കൽ ടെസ്റ്റ്. അതിനു ശേഷം അറിയാം ആരൊക്കെ എവിടെയൊക്കെ പോകുന്നൂ എന്ന്. കഴിഞ്ഞ ഒരാഴ്ചയായി പ്രഷറും ഷുഗറും മറന്ന ഭക്ഷണക്രമമാണ്. അതീ മെഡിക്കൽ ടെസ്റ്റിനെ ബാധിക്കുമോ? എന്തായാലും ഗംഭീരമായ അത്താഴം കഴിച്ച് ഞാൻ കിടന്നു; ഗുഞ്ചിയിലെ സൂര്യോദയവും പ്രതീക്ഷിച്ചു കൊണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാവിലെ നാലു മണിക്കെഴുന്നേറ്റു. ഗുഞ്ചിയിലെ സൂര്യോദയം കെങ്കേമമാണെന്ന് കേട്ടറിഞ്ഞിരുന്നു. ടെന്റിന്റെ വാതിൽ തുറന്ന് പുറത്ത് വന്നപ്പോൾ മഴ ചാറുന്നുണ്ട്. ഭൂമി നല്ല പോലെ നനഞ്ഞിട്ടുണ്ട്. രാത്രിയിൽ മഴ പെയ്തതു തന്നെ കാരണം.. ഉറക്കത്തിന്റെ മൂർദ്ധന്യത്തിൽ ഒന്നും അറിഞ്ഞില്ല. ആകാശം മേഘാവൃതമാണ്. സൂര്യോദയം കാണാനിടയില്ലെന്ന് മനസ്സിലായ ഞാൻ തിരികെ വന്ന് കിടന്നു. തണുക്കുന്നു. കൈകളിലും കാലുകളിലും ഗ്ലൗസും സോക്സും ഇട്ടിരുന്നെങ്കിൽ തണുക്കില്ലായിരുന്നു. രജായി മടക്കി വച്ച നിലയിൽ ഇരിപ്പുണ്ട്. പക്ഷേ ഞാനതെടുത്തില്ല. പലരും എടുത്തുപയോഗിച്ച രജായി എടുത്ത് പുതയ്ക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി. പിന്നീട് ചായ കൊണ്ടു വന്നപ്പോഴാണുണർന്നത്. പല്ലു തേക്കാതെ തന്നെ ചായ കുടിച്ചു. ഏഴര മണിയ്ക്ക് പ്രാതൽ റഡിയാകുന്നതു വരെ വർത്തമാനം പറഞ്ഞിരുന്നു. പ്രാതലിന് ഇഡ്ഡലിയും സാമ്പാറും... ആദ്യമായാണ് ക്യാമ്പിൽ സൗത്തിന്ത്യൻ ഭക്ഷണം കിട്ടുന്നത്. ചില നോർത്തിന്ത്യൻസിന്റെ മുഖത്ത് ഇഡ്ഡലി കാണുമ്പോൾ ചുളിവ് വീഴുന്നുണ്ടായിരുന്നു. അവർക്കിഷ്ടം റൊട്ടിയും ചപ്പാത്തിയും തന്നെ.

നല്ല ചൂടുള്ള സാമ്പാർ... ഇഡ്ഡ്ലിയും മോശമില്ല. വെറുതെ കിട്ടുന്നതല്ലേ.. പ്രഷറും ഷുഗറും ഒന്നും നോക്കാതെ ഞാൻ 7 ഇഡ്ഡ്ലിയും കുറേ സാമ്പാറും കഴിച്ചു.

എട്ടരക്ക് ഐടീബിപി വക യാത്രയെക്കുറിച്ച് ബ്രീഫിങ്ങ്. പോകാനുള്ള വഴിയും താമസകേന്ദ്രങ്ങളും അവർ മാപ്പ് സഹിതം വിവരിച്ചു. അവർ ചായയും സ്നാക്സും തന്നു. ഇത് ഐടിബിപി വക. രാവിലത്തെ പ്രാതൽ കെഎംവിഎൻ വകയാണല്ലോ. തുടർന്ന് എല്ലാവരും മെഡിക്കൽ ക്യാമ്പിലേക്ക് പോയി. ഓരോരുത്തരേയായി ചെക്കപ്പ് നടത്തി വിട്ടയയ്ക്കാൻ സമയമെടുക്കും. അതുകൊണ്ട് യാത്രികരിൽ പകുതി പേരെ അടുത്തുള്ള ഒരു പറമ്പിലേക്കവർ കൊണ്ടു പോയി. അവിടെ അവർ ഒരു കൈലാസമാനസസരോവർ സ്മൃതിവനം ഉണ്ടാക്കുന്നുണ്ട്. എല്ലാ യാത്രികരും അവിടെ ഒരു വൃക്ഷത്തൈ നട്ടു. അവർ അതിനെല്ലാം വെള്ളവും വളവും നൽകുകയും ചെയ്തു.

വിശദമായ മെഡിക്കൽ ടെസ്റ്റാണ്. പ്രഷർ, നെഞ്ച്, പുറം, പൊതുവായ ശരീരാരോഗ്യം എന്നിവയാണ് നോക്കുന്നത്. എന്റെ പ്രഷർ കൂടുതലായിരുന്നു. എങ്കിലും അവർ കടുംപിടുത്തമൊന്നും എടുത്തില്ല. കുതിരപ്പുറത്ത് യാത്ര ചെയ്യണമെന്ന് ഉപദേശിച്ച് എന്നെ അവർ യാത്രയ്ക്കനുവദിച്ചു. പ്രഷർ വളരെ കൂടുതലുള്ളവരെ അവർ വൈകുന്നേരം വീണ്ടും പരിശോധിച്ചു. അതിനിടയ്ക്ക് ധാരാളം ഗുളിക കഴിച്ച് പ്രഷർ കുറച്ചവരും ഉണ്ട്. എന്തായാലും എല്ലാവർക്കും മുന്നോട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.

ഉച്ചയ്ക്ക് ശേഷം തൊഴിലൊന്നുമില്ലയിരുന്നു. അതുകൊണ്ട് ഞങ്ങൾ നാടു കാണാനിറങ്ങി. ഞങ്ങൾക്ക് വഴികാട്ടിയായി കൃഷ്ണേട്ടന്റെ പോർട്ടറുണ്ടായിരുന്നു. ആ പയ്യന്റെ വീട് ഗുഞ്ചിയിലായിരുന്നു.

വേദവ്യാസൻ മഹാഭാരതം തീർത്തത് ഒരു മരത്തിന്റെ തോലിലത്രെ. ആ മരമാണെന്നു പറഞ്ഞ് ഒരു മരം പോർട്ടർ ഞങ്ങൾക്ക് കാട്ടിത്തന്നു. വേദവ്യാസൻ അതു വഴിയൊക്കെ പോയിട്ടുണ്ടത്രെ... പറഞ്ഞില്ലേ, ആദികൈലാസത്തിലേക്കുള്ള വഴിയാണത്. നടപ്പാതയേ ഇപ്പോഴുള്ളു. അത് വാഹനങ്ങൾക്ക് പോകാൻ പാകത്തിൽ വീതി കൂട്ടിക്കൊണ്ടിരിക്കയാണ്. അവിടെ ഉള്ള ഒരു സ്വാഗത കമാനത്തിൽ വേദവ്യാസന്റേയും ആദികൈലാസത്തിന്റേയും കാര്യം എഴുതി വച്ചിട്ടുണ്ട്. കയ്യിൽ കാമറയുള്ളവർ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. മലയുടേയും, മഞ്ഞിന്റേയും ഗ്രാമങ്ങളുടേയും വീടുകളുടേയും മറ്റും മറ്റും. പോർട്ടറുടെ വീട്ടിൽ നിന്ന് ചായ കുടിച്ചാണ് ഒടുവിൽ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങിയത്.

സന്ധ്യയ്ക്ക് പൂജയും ഭജനയും പല ടെന്റുകളിലും ഉണ്ടാകാറുണ്ട്. അതെല്ലാം വ്യക്തികളുടെ താല്പര്യം പോലെ ഇരിക്കും. രാജേഷ് ഒന്നാന്തരം വയലിനിസ്റ്റാണ്. നന്നായി ഭജന പാടും. എന്നും സന്ധ്യക്ക് ശ്രുതിപ്പെട്ടി വച്ച് കീർത്തനങ്ങൾ പാടുന്നത് രാജേഷിന് പതിവാണ്. ഇന്നും അതുണ്ടായി.

നാളെ യാത്ര നഭിദാങ്ങിലേക്കാണ്. എല്ലാവരും കെട്ടും ഭാണ്ഡവും മുറുക്കി ലഗേജ് കമ്മിറ്റിയെ ഏൽപ്പിച്ചു. അതിനി ചൈനയിലെത്തിയാലേ വേണ്ടൂ. "അവസാനം രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു" എന്ന് കഥയുടെ അവസാനം നാം പറയാറില്ലേ, അതുപോലെ പറയട്ടെ, "രാത്രിയിൽ സമൃദ്ധമായ ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി" എന്ന്.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * തുടരും

അഭിപ്രായങ്ങളൊന്നുമില്ല: