2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു വീട്ടമ്മയുടെ ചിന്തകൾ

പത്രം വായിക്കുകയായിരുന്നു വീട്ടമ്മ. വായിച്ചു വായിച്ച് എത്തിയത് സുഗന്ധലേപനങ്ങളിൽ ആയിരുന്നു. വാർത്ത ഇതാണ്.


വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ വീട്ടമ്മയ്ക്ക് ആകെ ആശയക്കുഴപ്പമായി.  സെന്റില്ലാതെ ജീവിക്കാനോ? എന്താ കഥ?  ശിവ, ശിവ!

അവർ ആലോചിച്ചു.  "മേത്ത് സ്പ്രേ അടിച്ചാൽ കാൻസർ വരൂത്രെ. ഓരോരുത്തരുടെ ഓരോ കണ്ടുപിടിത്തം!  മേത്ത് ഇത്തിരി മണല്യാതെ എങ്ങന്യാ പൊറത്തെറങ്ങ്വാ?  അസുഖം വന്നാൽ ചികിത്സിച്ചാ പോരേ? അതിനല്ലേ ഇവിടെ ഇക്കണ്ട മരുന്നും ആസ്പത്രീം? ഈ പത്രക്കാർക്ക് ന്യൂസൊന്നും കിട്ടാത്തതുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതി ഉണ്ടാക്കുന്നതായിരിക്കും.  പഴഞ്ചൻ സമ്പ്രദായമായ ഈ പത്രവും പത്രവായനയും നിറുത്തണ്ട സമയം വൈകിയിരിക്കുന്നു."

അവർ ചിന്തിച്ചു.... "ഇന്നു രാവിലെ കാപ്പിയുടെ കൂടെ കഴിച്ച റസ്ക്കിന് എന്താ രുചി? അമ്മേം പറയ്ണ്ടായി, റസ്ക്കിന് നല്ല സ്വാദുണ്ടെന്ന്! ബടെ ഒരാള് പറയും 'അതില് ടേസ്റ്റ് മേക്കറ് ചേർത്തിട്ടുണ്ട്, അത് കെമിക്കലാണ്, കഴിച്ചാൽ സൂക്കട് വരും'ന്നൊക്കെ. രുചില്യാതെ എന്തു ഭക്ഷണാ? ഇയാളെപ്പോലെ കുറേ പച്ചക്കറി കഴിച്ചിട്ടെന്താ? അതിലും വെഷല്ലേ? ഇനിപ്പൊ ടേസ്റ്റ് മേക്കറ് കഴിച്ച് സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അവർ ആലോചന തുടർന്നു......  നിറപറയുടെ കറിപ്പൊടിയിൽ മായം  ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തതും ചില പത്രങ്ങളാണ്. എന്തൊരു ചതിയാണവർ ചെയ്തത്! ഇപ്പോൾ ഈ വീട്ടിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപയോഗിക്കുന്നത് നിറുത്തിയിരിക്കുന്നു.  വീട്ടുകാരൻ വാങ്ങിത്തന്നാലല്ലേ ഉപയോഗിക്കാൻ പറ്റൂ... ഇനി മുതൽ മുളകും മല്ലിയും വാങ്ങി മിക്സിയിലിട്ട്  പൊടിച്ചാൽ മതിപോലും!. മായം ചേർത്ത കറിപ്പൊടി ചേർത്താൽ സൂക്കട് വരൂത്രെ. ന്നാലും ചത്തൊന്നും പോവില്ലല്ലോ! ഇനിപ്പൊ ത്തിരി സൂക്കട് വന്നാത്തന്നെ ചികിത്സിച്ചാപ്പോരേ? അതിനല്ലേ ഇവിടെ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

അടുത്ത വീട്ടിലൊക്കെ സ്കൂട്ടറും കാറുമുണ്ട്. അയൽവീട്ടിലെ പെണ്ണുങ്ങൾ കാറും സ്കൂട്ടറുമൊക്കെ ഓടിച്ച് പുറത്ത് പോകുമ്പോൾ അവർക്കൊക്കെ എന്താ ഗമ? ഇവിടെയും കാറും സ്കൂട്ടറും ഇല്ലാഞ്ഞിട്ടല്ല.. ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടെങ്കിലല്ലേ ഓടിക്കാൻ പറ്റൂ? ഞാൻ ഡ്രൈവിങ്ങ് പഠിക്കണ്ടാത്രെ!  സ്ക്കൂട്ടറൊക്കെ ഓടിച്ചാൽ അപകടം പറ്റൂത്രെ.  അപകടം എന്താ നാട്ടിലില്ലാത്തതാണോ? ഇനി അഥവാ വല്ലതും പറ്റിയാൽ തന്നെ ആസ്പത്രിയിൽ പോയാൽ പോരേ?  അതിനല്ലേ നാടു നിറേ  ഇക്കണ്ട മരുന്നും ആസ്പത്രീം?"

ന്നാളൊരീസം ഒരു 'ടങ് ക്‌ളീനർ' വാങ്ങിത്തരാൻ പറഞ്ഞപ്പൊ ഇവിടത്താള് പറയ്വാ... നാട്ടില് തെങ്ങും ഓലേം ഇല്ലാതാവുമ്പോ ഞാൻ നിനക്ക് ടങ് ക്‌ളീനർ വാങ്ങിത്തരാന്ന്!  അതു വരെ ഓലയുടെ ഈർക്കിൽ കൊണ്ട് നാവു വൃത്ത്യാക്ക്യാ മതീത്രെ... കഷ്ടം! ഈർക്കിലോണ്ടൊക്കെ നാവു വൃത്ത്യാക്ക്വാണെന്ന് ആൾക്കാർ കേട്ടാലെന്തു മോശാ!  നാട്ടില് ഉമിക്കരി കിട്ടാത്തത് ഭാഗ്യം. അല്ലെങ്കിൽ പല്ലു തേക്കാൻ പേസ്റ്റും കിട്ടില്യാര്ന്നു.

അവർ ഇരുന്നാലോചിച്ചു........... ഫൽഗ്വേട്ടന്റെ വീട്ടിലൊക്കെ എന്താ രസം. അവർ ഭർത്താവും ഭാര്യയും കൂടി ഒരുമിച്ചിരുന്ന് സീരിയൽ കാണുന്നത് കാണുമ്പൊ കൊതി വരും.. എന്തൊരു ഒത്തൊരുമയോടെയാ അവർ സീരിയൽ കാണുന്നത്. ഒരൊറ്റ സീരിയൽ അവർ ഒഴിവാക്കാറൂല്യ. ഇവിടത്തെ ആളുടെ കാര്യാ കഷ്ടം. സീരിയൽ എന്നു കേട്ടാൽ കലി വരും; മൂക്കു വിറക്കും! ടീവിയിലേക്ക് തിരിഞ്ഞു നോക്കില്ല. സത്യത്തിൽ ഒറ്റക്കിരുന്ന് സീരിയൽ കണ്ട് എനിയ്ക്ക് മടുത്തിരിക്കുന്നു. എന്താ അവർക്ക് എന്റെ കൂടെ ഇരുന്ന് സീരിയൽ കണ്ടാൽ?

രാവിലത്തെ കാര്യാ കൂടുതൽ കഷ്ടം...ഒറങ്ങാൻ വിടില്യ... രാവിലെ ശരിക്കും ഒരു 7 മണിക്കൊക്കെ എഴുന്നേറ്റാ പോരേ? പക്ഷേ സമ്മതിക്കില്ല... സൂര്യനുദിക്കുമ്പഴ്ക്കും ഉണരണത്രെ... എന്തൊരു നിയമം... ഇപ്പഴൊക്കെ ആളുകൾ രാത്രി 1ഉം 2ഉം മണിക്കൊക്കെ ഉറങ്ങി രാവിലെ 7ഉം 8ഉം മണിക്കാണുണരുന്നത്.  എന്തു സുഖമായിരിക്കും രാവിലെ പുതച്ചു മൂടിക്കിടക്കാൻ.....  ബോറൻ....

                               ..............................................വീട്ടമ്മ തന്റെ ചിന്തകൾ ഇനിയും തുടരും....

6 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ശോ! എത്ര പുരോഗമന ചിന്താഗതിക്കാരിയായ വീട്ടമ്മ!

Bipin പറഞ്ഞു...

ഇനിയും എത്രയെത്ര പരാതികൾ പറയാൻ കിടക്കുന്നു എന്റെ വീട്ടമ്മേ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പുരോഗതിയിൽ നിന്നും അധോഗതിയിലേക്ക്

വിനോദ് കുട്ടത്ത് പറഞ്ഞു...

ആള്‍രൂപന്‍........ വീട്ടമ്മ റോക്സ്........
പഞ്ച് ഡയലോഗ് കലക്കി......
അതിനല്ലേ..... ഈ കണ്ട ആശൂത്രിയും ഡോക്ടർമാരും......
മുടക്കു മുതൽ ഒരു കഷ്ടനഷ്ടം കൂടാതെ തിരിച്ചു പിടിക്കുന്ന ബിസിനസായി.......ആതുരസേവനം.......
നന്മകള്‍ നേരുന്നു......

റോസാപ്പൂക്കള്‍ പറഞ്ഞു...

ഈ ഭർത്താക്കന്മാരെക്കൊണ്ടു തീരെ പൊറുതിയില്ലാതായി. പാവം വീട്ടമ്മ :(

Punaluran(പുനലൂരാൻ) പറഞ്ഞു...

സർവ്വതും മായ ..ചോറ് മാത്രം സത്യം ..നന്നായി എഴുത്ത്