2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

മാലിന്യമുക്ത ഭാരതം

ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ മൂത്രമൊഴിക്കാൻ 5 രൂപ വേണമെന്ന അനീതിക്കെതിരെ ജേപ്പി എന്നൊരാൾ ഭാര്യയേയും സുഹൃത്തിനേയും കൂട്ടി കേരളം മുഴുവൻ നടന്നെന്ന് മാതൃഭൂമിയിൽ വായിച്ചു. മൂത്രമൊഴിക്കാൻ 5 രൂപ കൊടുക്കുന്നതിലെന്ത് അനീതിയാണെന്ന് എനിയ്ക്ക് പിടി കിട്ടിയില്ല. മൂത്രമൊഴിച്ചാൽ അവിടം വൃത്തിയാക്കാൻ ചുരുങ്ങിയത് ഒരു കുപ്പി വെള്ളമെങ്കിലും വേണ്ടേ? ഒരു കുപ്പി വെള്ളത്തിന് ഇപ്പോഴെന്താ വില? അപ്പോൾ മൂത്രമൊഴിക്കാൻ ഒരു പതിനഞ്ച് രൂപ വാങ്ങാമെന്നാണെന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ഒരു രൂപയ്ക്ക് അരി കിട്ടുന്ന നാട്ടിൽ ഒരു കുപ്പി വെള്ളം ഫ്രീയായി കിട്ടാനായിരുന്നു ടിയാൻ സമരം നടത്തേണ്ടിയിരുന്നത്. പണ്ടൊക്കെ അങ്ങനെയല്ലായിരുന്നോ? നടന്നു പോകുമ്പോൾ വഴിയിലെവിടെയെങ്കിലും പൊതു കിണറുണ്ടാകും. അവിടെ പൊതുവായി ഉപയോഗിക്കാൻ ഒരു ബക്കറ്റും കയറും ഉണ്ടാകുകയും ചെയ്യും. വഴിയാത്രക്കാർ ആവശ്യത്തിന് വെള്ളം കോരിക്കുടിച്ച കാലങ്ങളായിരുന്നു അത്. ഇപ്പോൾ പൊതു കിണറുമില്ല, നല്ല വെള്ളവും ഇല്ല.

മാവേലിക്കരയെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത നഗരമായി പ്രഖ്യാപിച്ചതായി വാർത്ത. എന്നാണാവോ നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി മോദിജി ഭാരതത്തെ പ്ലാസ്റ്റിക് മാലിന്യ വിമുക്ത രാജ്യമായി പ്രഖ്യാപിക്കുകയാവോ? നമ്മളൊക്കെയല്ലേ ഈ നാട്ടിൽ ജീവിക്കുന്നത്? നമ്മുടെ സ്വഭാവവും ജീവിതരീതിയും വച്ചു നോക്കുമ്പോൾ അദ്ദേഹം അങ്ങനെയൊരു പ്രഖ്യാപനം നടത്താതിരിക്കാനാണ് സാദ്ധ്യത.

നാടിനെ നന്നാക്കാനാണ് മോദിജി ശുചിത്വഭാരതം പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ വകയായി ഒരു "കൈ കഴുകൽ" യജ്ഞവും ഈയിടെ പത്രത്തിൽ കാണുകയുണ്ടായി. ആരോഗ്യ രക്ഷയ്ക്ക് വേണ്ടി, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനാണ് അദ്ദേഹം എല്ലാവരേയും ഉദ്ബോധിപ്പിക്കുന്നത്.  അപ്പോൾ ആളുകളൊന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാറില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുക എന്ന നമ്മുടെ ആ പഴയ സ്വഭാവം അപ്പോൾ അന്യം നിന്നിരിക്കാനാണ് സാദ്ധ്യത. ശരിയായിരിക്കാം, ഭക്ഷണം കഴിഞ്ഞ ശേഷം പേപ്പർ (നാപ്കിൻ) കൊണ്ട് കൈ തുടക്കുന്നതാണല്ലോ നമ്മുടെ പുതിയ സംസ്കാരം!

സത്യത്തിൽ കൈ വൃത്തിയാക്കി വയ്ക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. അതില്ലാത്തതാണ് ഭാരതത്തിന്റെ ശാപം. യു.പി.എ മന്ത്രിസഭയിലെ പലരുടേയും കൈ വൃത്തി കേടായിരുന്നു; കറ പറ്റിയത് - അഴിമതിയുടെ. അതിൽ പലരും കൈ കഴുകി രക്ഷപ്പെട്ടു എന്നു വേണം കരുതാൻ. അപ്പോൾ കൈ കഴുകുന്നത് നല്ല കാര്യം തന്നെ. പക്ഷേ കൈ വൃത്തികേടാക്കരുതെന്നാണ് മോദി എല്ലാ മന്ത്രിമാർക്കും ഉപദേശം കൊടുത്തിരിക്കുന്നത്. അവരാരും കൈ വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും മോദിജി ഊർജ്ജം കളയുന്നുണ്ട്.

ജലമാണ് ജീവന്റെ അടിസ്ഥാനം എന്നാണ് പഠിച്ചിട്ടുള്ളത്. ജലമില്ലെങ്കിൽ ജീവനില്ല എന്നതാണ് അവസ്ഥ. ജലമുണ്ടോ എന്നാണല്ലോ ഈ ചന്ദ്രയാനവും മംഗളയാനവും മറ്റും അന്വേഷിക്കുന്നത്. സൂര്യനിൽ ജലമില്ല എന്നറിയാവുന്നത് കൊണ്ട് നമ്മൾ സൂര്യയാൻ വിടില്ല എന്നുറപ്പിക്കാം.

 ജലമാണ് ജീവന്റെ അടിസ്ഥാനം എന്നുള്ളതു കൊണ്ട് ജലം നശിക്കാതേയും വൃത്തികേടാകാതേയും സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതും ശുചിത്വഭാരതയജ്ഞത്തിന്റെ ഭാഗമാക്കണം.  ജലം അശുദ്ധമാകാതിരിക്കണമെങ്കിൽ നമ്മൾ ആദ്യമായി ചെയ്യേണ്ടത് മനുഷ്യമലം കുഴലിലൂടെ വെള്ളത്തിലൊഴുക്കി ദൂരേയ്ക്ക് കളയുന്ന രീതിയാണ്. എല്ലാ ജലവും അവസാനം കായലിലോ പുഴയിലോ ഒക്കെയാണല്ലോ എത്തിച്ചേരുന്നത്. അപ്പോൾ വെള്ളത്തിലൊഴുക്കുന്ന മലവും അവസാനം പുഴയിലൊക്കെത്തന്നെയാണ് എത്തുക. അതാണല്ലോ നമ്മൾ പത്രത്തിലൊക്കെ വായിക്കുന്നതും. വെള്ളമില്ലാതെ ഉപയോഗിക്കാവുന്ന ക്ലോസറ്റ് ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു? പണ്ടൊക്കെ കുഴിക്കക്കൂസായിരുന്നകാലത്ത് അതെല്ലാം മണ്ണിൽ ലയിച്ചുചേർന്ന് ഭൂമിയ്ക്ക് വളമാകുമായിരുന്നു. ഇപ്പോളെല്ലാം പ്ലാസ്റ്റിക്കിലൂടെയാണല്ലോ പോകുന്നത്. അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടം വരെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുക എന്ന സൗകര്യപ്രദമായ ഏർപ്പാടാണ് നമ്മൾ അവലംബിച്ചിട്ടുള്ളത്. അതാണല്ലോ നമ്മുടെ ചുറ്റുപാടുകൾ ഇത്രയും വൃത്തിഹീനമാകാൻ കാരണം. അതെല്ലാം വല്ല സസ്യങ്ങളുടേയും മൂട്ടിലിട്ടിരുന്നുവെങ്കിൽ അവ നന്നായി വളരുകയും ചുററ്റുപാടുകൾ വൃത്തികേടാകാതിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അങ്ങനെയൊക്കെ നോക്കാൻ നമുക്കുണ്ടോ സമയം. ടിവിയിലെ സീരിയലുകൾ കഴിഞ്ഞിട്ടു വേണ്ടേ എന്തിനെങ്കിലും സമയം കിട്ടാൻ? അപ്പോൾ ഏറ്റവും നല്ലത് തിന്നതിന്റെ ബാക്കിയൊക്കെ പ്ലാസ്റ്റിക് കവറിലിട്ട് വലിച്ചെറിയുക എന്നതു തന്നെ. ശുചിത്വഭാരതം പരിപാടി വിജയിക്കണമെങ്കിൽ "ഉപയോഗിക്കുക, വലിച്ചെറിയുക" എന്ന നമ്മുടെ ശൈലി മാറ്റേണ്ടിയിരിക്കുന്നു. പല തരം നാപ്കിനുകൾ, ഗർഭനിരോധന ഉറകൾ എന്നിവയൊക്കെ ആരോഗ്യകരമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനുള്ള വഴികൾ അവയുടെ നിർമ്മാതാക്കൾ തന്നെ രൂപപ്പെടുത്തേണ്ടതാണ്. ഇപ്പോൾ ഇതൊക്കെ ആളുകൾ എന്തു ചെയ്യുകയാണാവോ? എല്ലാം ക്ലോസറ്റിൽ തള്ളുകയാവും. അതാണല്ലോ എളുപ്പം.  എന്താകുമോ ആവോ നമ്മുടെ ശുചിത്വഭാരതം?

എഴുതാൻ ബോൾ പോയന്റ് പേന വേണ്ടെന്നും ഇനി പേനയും മഷിക്കുപ്പിയും മാത്രമേ ഉപയോഗിക്കൂ എന്നുമാണ് വട്ടോളി നാഷനൽ ഹൈസ്കൂൾ കുട്ടികൾ പറയുന്നത്. ഇതിൽ പരം നല്ല ഒരു കാര്യം കേക്കാനുണ്ടോ? എത്ര എത്ര പ്ലാസ്റ്റിക് മാലിന്യമാണ് പേനകളെന്ന പേരിൽ നാട്ടിൽ ഉണ്ടാകുന്നത്. കുട്ടികളേ, നിങ്ങൾക്ക് എന്റെ നല്ല നമസ്ക്കാരം.

ഇതെഴുതുമ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കയാണ്. ബീ.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യശക്തികളായി മുന്നേറുകയാണ്. ബി.ജെ.പി. ക്ക് ഹരിയാനയിലും കോൺഗ്രസ്സിന് മഹാരാഷ്‌ട്രയിലും അമ്പതോളം സീറ്റുകൾ കിട്ടിയിട്ടുണ്ട്. അപ്പോൾ രണ്ടും തുല്യമെന്ന് പറയാമല്ലോ. എന്നിട്ടും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറയുന്നത് കോൺഗ്രസ്സിന്റെ പരാജയത്തിൽ ദേശീയനേതൃത്വത്തിന് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ്. കോൺഗ്രസ് ജയിക്കുന്നത് ദേശീയനേതൃത്വത്തിന്റെ കഴിവു കൊണ്ടും പരാജയപ്പെടുന്നത് ജനങ്ങളുടെ വിവരക്കേടു കൊണ്ടുമാണത്രെ. ബിന്ദുകൃഷ്ണ നേതാവായിരിക്കുന്നിടത്തോളം കാലം, കോൺഗ്രസ് പാർട്ടി ഒരു കൃഷ്ണബിന്ദു (ബ്ലാക് സ്പോട്ട്) ആയി ചുരുങ്ങാനാണ് സാദ്ധ്യത.

മുഖം മറയ്ക്കുന്ന പർദ്ദയല്ല മുസ്ലിം സമൂഹത്തിന്റെ മുഖം എന്നാണ് ഡോ. ഫസൽ ഗഫൂർ പറയുന്നത്. വിദ്യാസമ്പന്നരായ സ്ത്രീകളാണത്രെ സമുദായത്തിന്റെ മുഖമുദ്ര. എന്നിട്ടെന്താണാവോ പർദ്ദയിടുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണം ഇങ്ങനെ വർദ്ധിച്ചു വരുന്നതാവോ? പർദ്ദ വിദ്യയുടെ അലവുകോലാകാതിരുന്നാൽ മതിയായിരുന്നു.  പണ്ട് മറയ്ക്കാത്ത മാറുമായി നടന്നിരുന്ന സ്ത്രീകൾ ഇപ്പോൾ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യമുള്ളവരാണ്. പക്ഷേ അത്രയ്ക്കങ്ങോട്ട് സ്വാതന്ത്ര്യം എടുക്കേണ്ട എന്നേ പാവം യേശുദാസ് പറഞ്ഞുള്ളു. പക്ഷേ എന്തായിരുന്നു സ്ത്രീകളുടെ ഒരു പ്രതിഷേധം.  ങാ, അതിനുള്ള സ്വാതന്ത്ര്യവും നാട്ടിലുണ്ടല്ലോ.

സി. പി. എമ്മിന്റെ ശുചിത്വ കാമ്പെയ്ൻ മോദിയുടെ അമ്പാസഡറാകാനല്ലെന്ന് കോടിയേരി. ശരിയായിരിക്കും, ശുഷ്കിച്ചു വരുന്ന പാർട്ടിയിലേക്ക് ആളെക്കൂട്ടാൻ ഇതുപകരിക്കുമോ എന്നു മാത്രമേ അവർ നോക്കുന്നുള്ളു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നവരാണ് കേന്ദ്രത്തിലെന്ന് പിണറായി. മാർക്സിസ്റ്റ് പാർട്ടിയിൽ ചേരുകയാണെങ്കിൽ അവരെല്ലാം മതനിരപേക്ഷതയെ പരിപോഷിപ്പിക്കുന്നവരാണെന്നേ അദ്ദേഹം പറയൂ.

എന്തായാലും എല്ലാവരും ഒത്തു പിടിച്ച് ശുചിത്വഭാരതം പരിപാടി വിജയിപ്പിച്ചിരുന്നുവെങ്കിൽ നാട് വൃത്തിയായിക്കിട്ടിയേനെ. ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് ബി. ജെ.പി പറഞ്ഞു കൊണ്ടിരുന്നത് കോൺഗ്രസ്മുക്ത ഭാരതം എന്നായിരുന്നു. ഇപ്പോളവർ നിലപാടൊന്നു കൂടി കടുപ്പിച്ചിരിക്കയാണ്. ഇപ്പോഴവർ പറയുന്നത് മാലിന്യമുക്ത ഭാരതംഎന്നാണ്. അതിനായവർ എ.എ.പിയുടെ ചൂലും പിടിച്ചു വാങ്ങിയിരിക്കുന്നു.





2 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഒരു മാന്ത്രിക വടി കൊണ്ട് മാലിന്യം എല്ലാം നീക്കം ചെയ്യുന്ന, ഒരു 'മിസ്റ്റർ ക്ലീൻ' വരാൻ വേണ്ടി നമ്മളെല്ലാം കാത്തിരിക്കുകയാണ്. ഒരിക്കലും വരാത്ത ഒരു മിസ്റ്റർ ക്ലീനിനു വേണ്ടി... നമ്മുടെ നാടിന്റെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. അതിനു വേണ്ടത് സാക്ഷരതയാണ്. അക്ഷരം കൂട്ടിവായിക്കാനുള്ള സാക്ഷരതയല്ല. ശുചിത്വ സാക്ഷരത. മാലിന്യനിർമാർജന സാക്ഷരത. ആരോഗ്യ സാക്ഷരത. അതിനു പറ്റില്ലെങ്കിൽ, കാത്തിരിക്കാം. എങ്ങാനും മിക്ലീ വന്നാലോ?!!!

ബൈ ദ വേ, സ്നേഹപൂർവ്വം സ്വാഗതം, കേഡിക്കാഴ്ച്ചകളിലേക്ക്...

Bipin പറഞ്ഞു...

മാലിന്യം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു. അതൊന്നു കുറയ്ക്കാൻ, അത് ശരിയായി സംസ്കരിയ്ക്കാൻ നാം ഓരോരുത്തരും ആത്മാർത്ഥ മായി പ്രവർത്തിച്ചേ മതിയാകൂ. മോദി അതിനൊരു നിമിത്തം എന്ന് മാത്രം.കൂടുതൽ സൗകര്യം നമ്മൾ ആഗ്രഹിയ്ക്കുമ്പോഴാണ്‌ കൂടുതൽ മാലിന്യം ഉണ്ടാകുന്നത്. സാധനം വാങ്ങാൻ കടയിൽ പോകുമ്പോൾ ഒരു പാത്രം, ചന്തയിൽ മീൻ വാങ്ങാൻ പോകുമ്പോൾ ഇല, വട്ടി എന്നിവ, പാല് വാങ്ങാൻ പോകുമ്പോൾ ഒരു മൊന്ത, അല്ലെങ്കിൽ കുപ്പി അങ്ങിനെ ഉള്ള കാലം മാറ്റി ഇന്ന് എല്ലാം പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്തു വാങ്ങുന്നു. അങ്ങിനെ പലതും. നമ്മുടെ ഈ രീതി മാറ്റണം. അങ്ങിനെ പലതും.