2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

കല്യാണം

കല്യാണം എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ശൈശവം പിന്നിടാത്ത ഒരാൺകുട്ടി അവന്റെ അച്ഛനോട് പറഞ്ഞതാണ്. "അച്ഛൻ എന്റെ അമ്മയെയല്ലേ കല്യാണം കഴിച്ചത്? അതുകൊണ്ട് ഞാൻ അച്ഛന്റെ അമ്മയെയാണ് കല്യാണം കഴിയ്ക്കുന്നത്" എന്നാണ് നിഷ്കളങ്കമായ ആ മനസ്സിൽ നിന്ന് പുറത്തേയ്ക്ക് വന്നത്. ആ കുഞ്ഞ് എത്ര ആലോചിച്ചിട്ടുണ്ടാകും ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ!!!! അമ്മ പ്രസവിച്ചത് ആൺകുട്ടിയെയാണ് എന്ന് അറിഞ്ഞപ്പോൾ "ഇനി ഞാനാരെ കല്യാണം കഴിയ്ക്കും?" എന്ന് പറഞ്ഞ് കരഞ്ഞ ആറു വയസ്സുകാരനായ ഒരു ആൺകുഞ്ഞിനേയും എനിയ്ക്കറിയാം.  ആണുങ്ങൾ പെണ്ണുങ്ങളെയാണ് കല്യാണം കഴിയ്ക്കുക എന്ന് ഈ ചെറുപ്രായത്തിലെ കുട്ടികൾക്ക് വരെ അറിയാം എന്നാണ് ഇതൊക്കെ കാണിയ്ക്കുന്നത്.

പക്ഷേ ഐസ്‌ലാന്റിലെ ഭരണാധികാരിയായ സ്ത്രീ കല്യാണം കഴിച്ചത് വേറൊരു സ്ത്രീയെയാണത്രെ! കല്യാണം എന്നാൽ എന്താണെന്നാണാവോ അവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത്? ഈശ്വരാ, നേരത്തെ പറഞ്ഞ കുട്ടികളുടെ ബുദ്ധി കൂടി ഈ ഭരണാധികാരിക്കില്ലാതെ പോയോ? ഇതിനൊക്കെ ആരെങ്കിലും കല്യാണം എന്ന് പറയുമോ?
ഭരണാധികാരി ഇങ്ങനെയാണെങ്കിൽ അവിടത്തെ പൗരന്മാരുടെ കാര്യം ചിന്തിക്കാതിരിക്കയായിരിക്കും ഭേദം എന്നെനിയ്ക്ക് തോന്നി. എന്തായാലും ഈ ഭരണാധികാരിയുടെ ശ്രദ്ധേയമായ കാര്യം ഇതാണെങ്കിൽ നാട്ടുകാരും ഇത് തന്നെയായിരിക്കും പിന്തുടരുന്നത്. വെറുതെയൊന്നും നാട്ടുകാർ അവരെ ഭരണാധികാരിയായി അവരോധിക്കുകയില്ലല്ലോ?

ഭരണാധികാരിയുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ ഭരണാധികാരിയുടെ ചിന്ത മനസ്സിൽ കടന്നു കൂടിയത്.  അദ്ദേഹത്തിന്റെ ശക്തി സാമ്പത്തിക വൈദഗ്ദ്ധ്യം ആയതുകൊണ്ടല്ലേ നമ്മുടെ രാജ്യം സാമ്പത്തികമായി ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നത്? നമ്മുടെ നാട്ടിലെ ജീ. ഡി. പി. (GDP) മേലോട്ടാണെന്ന് ആർക്കാണറിയാത്തത്?  പക്ഷേ നമ്മുടെ ജീ.ഡി.പി (GDP), ജീ.എൻ.പി (GNP), നാഷനൽ ഇൻകം (NI) എന്നിവയിലൊന്നും ആശാവഹമായ പുരോഗതി ഇല്ലെന്ന് ഏതോ കുബുദ്ധി പറയുകയുണ്ടായി. ജീ. ഡി. പി. എന്നാൽ "ഗാസ്-ഡീസൽ പ്രൈസ്" (Gas-Diesel Price-നു പകരം Gold-Diesel Price എന്നും ആകാം ) എന്നാണെന്ന് അയാൾക്കറിയില്ലെന്ന് തോന്നുന്നു. അതല്ലെങ്കിൽ അയാൾ കല്യാണം കഴിക്കാത്തവനോ ഭാര്യയും കുടുംബവും ഇല്ലാത്ത ആളോ ആകാനേ വഴിയുള്ളൂ. നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം നമ്മുടെ ജീഡിപി ഉത്തരോത്തരം മേലോട്ടാണെന്ന്. എന്തായാലും ആൾക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷവും സന്താപവും ഇപ്പോൾ ഒരേ നിലവാരത്തിലാണ്. ഒരു കുപ്പി ബിയറിനും ഒരു ലിറ്റർ പെട്രോളിനും വിലയിൽ വലിയ അന്തരം ഉണ്ടാകാൻ വഴിയില്ല. 

ഈയിടെ ഒരു സുഹൃത്ത് എന്നെ ആശംസിച്ചത് നിങ്ങളുടെ നേട്ടങ്ങൾ പെട്രോൾവില പോലെ വർദ്ധിക്കട്ടെ എന്നാണ്. ആത്മാർത്ഥമായാണ് അയാൾ എന്നെ ആശംസിക്കുന്നതെന്ന് എനിയ്ക്കത് കേട്ടപ്പോൾ മനസ്സിലായി, ഞാനയാൾക്ക് അതുകൊണ്ടു തന്നെ ഹൃദയപൂർവ്വം നന്ദി പറയുകയും ചെയ്തു.  സങ്കടപ്പെട്ടിരിക്കുന്ന ഒരാളോട് ടിയാൻ പറഞ്ഞത് "നിങ്ങളുടെ ദു:ഖം ഇന്ത്യൻ രൂപയുടെ വില പോലെ കുറയട്ടെ" എന്നാണ്!. കുട്ടികൾ ബലൂൺ വീർപ്പിക്കുന്നത് കണ്ടാൽ അയാൾ ചിലപ്പോൾ "ഇന്ത്യയിലെ അഴിമതി പോലെയല്ലേ ബലൂണിൽ കാറ്റ് നിറയുന്നത്" എന്ന് പറഞ്ഞേക്കാനും മതി.

പെട്രോൾ വിലയുടെ കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഒരു ജാമാതാവ് തന്റെ ശ്വശുരനോട്  പറഞ്ഞ കാര്യം ഓർമ്മ വന്നത്. പയ്യൻ ഇങ്ങനെ പറഞ്ഞത്രേ; "അമ്മാവാ, സ്ത്രീധനമായി എനിയ്ക്ക് കാറ് വേണ്ട, അതല്ലെങ്കിൽ മോളെ അവിടെത്തന്നെ നിർത്തിക്കോളൂ, എനിയ്ക്ക് രണ്ടും കൂടി താങ്ങാനാവില്ല!"  എന്തായാലും "Do not drink and drive" എന്ന് റോഡുകളിൽ കാണുന്ന പരസ്യം ഇനി മായ്ച്ചു കളയാവുന്നതേയുള്ളു. എത്ര പേർക്ക്  രണ്ടിനും കൂടി ഒരേ ദിവസം പണം ചെലവാക്കാനാകും? അതോ മദ്യത്തിന് പെട്രോളിനേക്കാൾ വില കുറവായിരിക്കുമോ? അങ്ങനെയാണെങ്കിൽ പരസ്യം Just drink, don't drive എന്ന് പുതുക്കാവുന്നതുമാണ്. ഒരു പക്ഷേ നമ്മുടെ ഭാരതത്തിലായിരിക്കും കാറിന് ഏറ്റവും വിലക്കുറവും പെട്രോളിന് ഏറ്റവും വിലക്കൂടുതലും. അതെന്തായാലും നാനോകാറിന്റെ ഒരു മാസത്തെ EMI അതിന്റെ ഒരു മാസത്തെ പെട്രോൾ ചെലവിനേക്കാൾ കുറവാകാനേ വഴിയുള്ളു. പെട്രോൾ പമ്പുകളിൽ അടുത്ത ഭാവിയിൽ കാണാൻ സാദ്ധ്യതയുള്ള ഒരു പരസ്യം ഇങ്ങനെയാകാം.

"200 ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ ഒരു നാനോകാർ തികച്ചും സൗജന്യമായി സ്വന്തമാക്കൂ! ഉടൻ വാങ്ങൂ, സ്റ്റോക്ക് പരിമിതം."

പറഞ്ഞു തുടങ്ങിയത് കല്യാണത്തെ കുറിച്ചാണെങ്കിലും എത്തിപ്പെട്ടത് പെട്രോളിന്റെ വിലയിലാണ്. പെട്രോളിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമുള്ള ഈ സുവിശേഷങ്ങളെല്ലാം ഇന്റർനെറ്റ് വഴി പ്രചരിക്കുന്നതാണ്. സന്ദർഭവശാൽ ഞാനതിവിടെ എഴുതിപ്പോയെന്നേ ഉള്ളൂ. പെട്രോളിന്റെ വില എന്നു പറയുമ്പോൾ ഗാസിന്റെ വില എന്നും പറയാം. പെട്രോളില്ലെങ്കിലും ജീവിക്കാം, പക്ഷേ ഗാസ് ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്? ഗാസ് വില കൂടിയപ്പോൾ അടി തെറ്റിയത് എനിയ്ക്കാണ്. സ്വർണം ഇല്ലെങ്കിലും കല്യാണം കഴിയ്ക്കാം; പക്ഷേ ഗാസ് ഇല്ലാതെ കല്യാണം നടക്കുമോ? ഈയിടെ ഞാൻ പെണ്ണു കാണാൻ പോയപ്പോൾ ഒരുത്തി ചോദിച്ചത് ഗാസ് വാങ്ങാനൊക്കെ കയ്യിൽ പണമുണ്ടോ എന്നാണ്. അടുക്കളയിൽ മുടങ്ങാതെ ഗാസ് തരപ്പെടുത്താമെങ്കിലേ പെണ്ണാലോചിച്ച് ഇങ്ങോട്ടു വരേണ്ടു എന്നാണ് മറ്റൊരിടത്തു നിന്ന് ഒരു കിളിമൊഴി എന്നോട് പറഞ്ഞത്. താടിയും മുടിയും നരയ്ക്കാൻ തുടങ്ങിയിട്ടും നിനക്ക് പെണ്ണും പിടക്കോഴിയുമൊന്നും ആവുന്നില്ലേ എന്ന് ബന്ധുക്കളും നാട്ടുകാരും ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്തു. 365 ദിവസം വീട്ടിൽ ഗാസൊപ്പിക്കാനുള്ള തന്ത്രങ്ങളൊന്നും എന്റെ ചിന്തയിൽ ഞാൻ കണ്ടില്ല.

അവസാനം വന്ന് വന്ന് കല്യാണം എന്ന് കേട്ടാൽ എന്റെ മനസ്സിൽ ഗാസ് എന്ന് പതിയാൻ തുടങ്ങി. ഗാസും പെണ്ണും രണ്ടും കൂടി ഒത്തു കിട്ടുന്ന കാര്യം അവതാളത്തിലാണെന്ന് എനിയ്ക്ക് മനസ്സിലായി തുടങ്ങി. അവസാനം നാട്ടുകാരുടെ ചോദ്യം കേട്ട് എന്റെ ഗാസ് പോകാൻ തുടങ്ങി. എത്ര കാലമാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യങ്ങൾക്കുത്തരം പറയാതെ നടക്കുക? അങ്ങനെയാണ് ഞാൻ കല്യാണത്തെ പേടിച്ച് നാടു വിടാൻ തീർച്ചയാക്കിയത്. തട്ടിപ്പു നടത്തി ഒന്നിലധികം കല്യാണം കഴിയ്ക്കുന്ന വിരുതന്മാരോട് എനിയ്ക്ക് വന്ന അസൂയക്കപ്പോൾ കണക്കില്ലായിരുന്നു.

കല്യാണത്തെ പേടിച്ച് നാടു വിടുന്നെങ്കിൽ ഉത്തരപ്രദേശിലേക്കു തന്നെ പോകണം. അതല്ലേ ഭാരതത്തിന്റെ ഹൃദയഭൂമി. ആത്മീയതയുടേയും സംന്യാസത്തിന്റേയും ഋഷിപരമ്പരകളുടേയും നാടല്ലേ അത്. അപ്പോൾ അവിടെ കല്യാണത്തിനത്ര പ്രസക്തിയൊന്നും കാണില്ല. അവിടേയാകുമ്പോൾ ഹരിദ്വാറിലോ ഋഷികേശിലോ പിച്ചയെടുത്തെങ്കിലും ജീവിക്കാമല്ലോ എന്നു ഞാൻ കരുതി. അങ്ങനെയാണ് ഞാൻ ഈ വടക്കേ ഇന്ത്യയിലെത്തിയത്. "അത് കല്യാൺസിങ്ങിന്റെ നാടാണ്, സൂക്ഷിക്കണം" എന്ന് നാടു വിടുമ്പോൾ കൂട്ടുകാരൻ പറഞ്ഞതിന്റെ പൊരുൾ പക്ഷേ എനിയ്ക്കപ്പോൾ പിടി കിട്ടിയില്ല.

ഉത്തരപ്രദേശത്തെത്തിയ ഞാൻ എനിയ്ക്കറിയാവുന്ന മുറിഹിന്ദിയിൽ അവിടത്തുകാരോട് സംസാരിച്ചു. വളരെ പുരോഗതിയും വിദ്യാഭ്യാസവുമൊക്കെയുള്ള കേരളത്തിൽ നിന്നാണ് ഞാൻ വരുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ പുരോഗതിയുടെ കാര്യത്തിൽ അവരും പിന്നിലല്ലെന്നും ഗ്രാമകല്യാണവും ജനകല്യാണവും അവരുടെ മുഖ്യലക്ഷ്യമാണെന്നും ഒരു കല്യാണരാജ്യം സൃഷ്ടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ എന്നെ ബോദ്ധ്യപ്പെടുത്തി. "കല്യാൺരാജ്യ്" എന്നവർ പറഞ്ഞപ്പോൾ "ഗാസ് സിലിൻഡർ" എന്നാണ് ഞാൻ കേട്ടത്. കല്യാണം എന്ന വാക്കു തന്നെ പേടിച്ച ഞാൻ കല്യാൺ എന്നു കേട്ടപ്പോഴത്തെ അവസ്ഥ പറയാവതല്ല.


അവിടത്തെ രാഷ്ട്രീയക്കാരെല്ലാം കല്യാൺകാര്യകർത്താക്കളാണെന്നവർ പറഞ്ഞപ്പോൾ രാഷ്ട്രീയക്കാർക്ക് ഈ ബ്രോക്കർ പണിയും ഉണ്ടോ എന്ന് ഞാൻ അതിശയിച്ച് പോയി. ഈശ്വരാ, പല കല്യാൺകാര്യ പദ്ധതികളും അവർ അവിടെ നടപ്പാക്കിയിട്ടുണ്ടത്രെ. എന്തിന്? ശിശുകല്യാണം വരെ അവരുടെ അജണ്ടയിലുണ്ടെന്ന് എനിയ്ക്ക് അവരുമായുള്ള കുറച്ചു കാലത്തെ സംസർഗ്ഗത്തിൽ നിന്ന് മനസ്സിലായി. ശൈശവവിവാഹം നിരോധിച്ചതല്ലേ എന്ന് ചോദിക്കാനുള്ള ഹിന്ദിയൊന്നും എന്റെ കൈവശം ഇല്ലാതെ പോയി എന്നു പറഞ്ഞാൽ മതിയല്ലോ.

ശിശുകല്യാണവും ജനകല്യാണവും ഗ്രാമകല്യാണവും ഒക്കെയായി അവർ അവിടെ ഒരു കല്യാണ്മയരാജ്യം സൃഷ്ടിച്ചെടുക്കുമ്പോൾ അവർ എന്നെയും പിടിച്ച് പെണ്ണു കെട്ടിക്കില്ലേ എന്നൊരു ഭയം എനിയ്ക്കുള്ളിൽ ഉടലെടുത്തു. ഗ്രാമീണരെല്ലാം ഒത്തുകൂടി സമൂഹവിവാഹം കഴിക്കുന്നതാകും ഗ്രാമകല്യാണമെന്ന് ഞാൻ ഊഹിച്ചു. ഗ്രാമകല്യാണം വഴി അവരങ്ങനെ ജനകല്യാണം ലക്ഷ്യമിടുന്നു. കൊള്ളാം! ഭരണകർത്താക്കളായ കല്യാണസിങ്ങന്മാരുടെ ഉദ്ദേശം എനിയ്ക്ക് മനസ്സിലായി. ഇവിടെ പെണ്ണു കിട്ടുന്നത് അല്ലെങ്കിൽ പെണ്ണു കെട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് എനിയ്ക്ക് മനസ്സിലായി.


വീട്ടിൽ ഗാസ് സിലിൻഡറില്ലാതെ ഒരു പെണ്ണിനെ കല്യാണം കഴിച്ചാലുള്ള ബുദ്ധിമുട്ട് എന്റെ ചിന്തയിൽ വീണ്ടും പൊന്തിവന്നു. വീട്ടിൽ ഗാസ് സിലിണ്ടറില്ലാതെ പെണ്ണിനെ കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടുവരുന്നത് ഒരു തരം സ്ത്രീപീഡനമാണെന്ന ഒരു ചിന്ത എന്റെ മനസ്സിൽ മുളപൊട്ടി. അങ്ങനെഒരു പീഡനം സംഭവിച്ചാൽ ഈ നാട്ടുകാർ എന്നെ കൊണ്ടുപോയി ഇടുന്നത് വല്ല തിഹാർ ജയിലിലുമായിരിക്കും. അതാലോചിച്ചപ്പോൾ എന്റെ മനസ്സൊന്നു കാളി. അതിലും ഭേദം സ്വന്തം നാട്ടുകാരുടെ കളിയാക്കലുകൾ സഹിച്ച് നാട്ടിൽ തന്നെ കഴിയുന്നതാകും എന്നെനിയ്ക്ക് ബോദ്ധ്യപ്പെട്ടു. പിന്നെ ഞാനവിടെ നിന്നില്ല; വേഗം കേരളത്തിലേക്കു തന്നെ തിരിച്ചു പോന്നു.

അഭിപ്രായങ്ങളൊന്നുമില്ല: