2013, ജൂൺ 30, ഞായറാഴ്‌ച

ദാമ്പത്യം


ഒരു സ്ത്രീ രാത്രിയിൽ ഉറക്കമുണർന്നപ്പോൾ തന്റെ കൂടെ ഉറങ്ങാൻ കിടന്ന ഭർത്താവിനെ കിടക്കയിൽ കണ്ടില്ല. പരിഭ്രാന്തയായ അവൾ വേഗം നൈറ്റ്ഗൗൺ എടുത്തണിഞ്ഞ് ബെഡ്രൂമിൽ നിന്ന് പുറത്തേയ്ക്ക് കടന്നു. തന്റെ പ്രിയതമന് ഇതെന്തുപറ്റിയെന്ന് അവൾ ഉദ്വേഗം പൂണ്ടു. ഉത്ക്കണ്ഠയോടെ അവൾ ഹാളിലെ നൈറ്റ്ലാമ്പ് ഓൺ ചെയ്യുകയും വീട്ടിലാകെ നേരിയ പ്രകാശം പരക്കുകയും ചെയ്തു. അടുക്കളയിൽ തീന്മേശക്കടുത്ത് മുന്നിലൊരു കപ്പ് കാപ്പിയുമായി വിഷാദമഗ്നനായിരിക്കുന്ന അയാളെ അവൾ ആ മങ്ങിയ വെളിച്ചത്തിൽ കണ്ടു. ചുമരിലേയ്ക്ക് നോക്കിക്കൊണ്ടിരുന്ന അയാൾ അഗാധമായ ചിന്തയിലായിരുന്നു; പരിസരം പോലും അയാൾ മറക്കുന്നതു പോലെ. അവളുടെ കാൽപ്പെരുമാറ്റം ചിന്തയിൽനിന്നയാളെ ഉണർത്തിയില്ല. മറ്റേതോ ലോകത്തിലാണെന്നതു പോലെ ചുമരിലേക്കുള്ള നോട്ടം അയാൾ തുടർന്നു. 

അവളയാളെ വീക്ഷിച്ചു.......... അയാൾ ഇടതുകൈ കൊണ്ട് പതുക്കെ കാപ്പിക്കപ്പ് എടുക്കുന്നതും വലതുകൈ കൊണ്ട് കൺകോണുകളിൽ ഘനീഭവിച്ച കണ്ണുനീർ തുടയ്ക്കുന്നതും അവൾക്ക് ദൃശ്യമായി. അവളാകെ അങ്കലാപ്പിലായി.

'പ്രിയനേ, എന്താണ് കാര്യം?' അയാളുടെ കവിളിൽ മന്ദമായി തലോടിക്കൊണ്ടവൾ അയാളെ ഈ ലോകത്തേയ്ക്ക് തിരിച്ചു കൊണ്ടു വന്നു.

'രാത്രിയുടെ അന്തസ്സാരശൂന്യമായ ഈ വേളയിൽ എന്തിനാണിവിടെ ഇങ്ങനെ സ്വയം നഷ്ടപ്പെട്ടിരിക്കുന്നത്?' അവൾ പതുക്കെ ചോദിച്ചു.

ചുമരിൽ നിന്നുള്ള നോട്ടം പിൻവലിച്ചുകൊണ്ടയാൾ ഇങ്ങനെ മൊഴിഞ്ഞു.

'20 വർഷം മുമ്പ് നമ്മളാദ്യമായി കണ്ടതും ശംഖുമുഖം കടപ്പുറത്ത് ഒന്നിച്ചിരുന്ന് തിരമാലകളെണ്ണിയതും ഞാനോർക്കുകയായിരുന്നു. അന്ന് നിനക്ക് വെറും പതിനേഴേ പ്രായമുണ്ടയിരുന്നുള്ളു.'

'നീ അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?' അയാൾ അലസമായി, ഒച്ച പൊങ്ങാത്ത വിധം അവളോടായി ചോദിച്ചു.

രാത്രിയുടെ വൈകിയ ഈ വേളയിലും ഭർത്താവ് തന്നെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നറിഞ്ഞ അവളുടെ മനസ്സ് ആർദ്രമായി. കൺകോണുകളിൽ നീർക്കണങ്ങൾ പ്രത്യക്ഷപ്പെട്ടു. തന്നെക്കുറിച്ചുള്ള ജാഗരൂകതയും ഉത്ക്കണ്ഠയുമാണ് ആ ലോലമനസ്സിൽ തിരയടിക്കുന്നതെന്നവൾക്ക് ബോദ്ധ്യമായി. അവൾക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു.

'ഉണ്ട്, അതൊക്കെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്; ആ ഓർമ്മകളില്ലാതെ ഞാനുണ്ടോ?' അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ മറുപടി പറഞ്ഞു.

ഭർത്താവിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി; പറയാൻ ബുദ്ധിമുട്ടുന്നത്പോലെ......

എങ്കിലും അയാൾ പറഞ്ഞൊപ്പിച്ചു. "നിന്റെ അച്ഛൻ, നമ്മളെ രണ്ടു പേരേയും എന്റെ കാറിൽ വച്ച് പിടികൂടിയത് നിനക്ക് ഓർമ്മ വരുന്നുണ്ടോ?"

അവൾ അയാളുടെ ചുമലിൽ കൈ വച്ചു; അവൾ പറഞ്ഞു: 'ഉണ്ട്, അതെല്ലാം, ഇന്നലെയെന്ന പോലെ ഞാൻ ഓർക്കുന്നുണ്ട്"

അയാൾ തുടർന്നു.... "നിന്റെ അച്ഛൻ എന്റെ നെറ്റിയിലേക്ക് പിസ്റ്റൾ ചൂണ്ടിക്കൊണ്ട് 'നീ ഇവളെ വിവാഹം കഴിക്കാത്ത പക്ഷം നിന്നെ ഞാൻ 20 വർഷത്തേക്ക് ജയിലിലേക്കയക്കും' എന്ന് എന്നെ ഭീഷണിപ്പെടുത്തിയത് നീ ഓർക്കുന്നുണ്ടോ?"

'ഉണ്ട്, അതും എന്റെ ഓർമ്മയിലുണ്ട്', അവൾ മന്ദമായി അയാൾക്ക് മറുപടി കൊടുത്തു.

അയാൾ വീണ്ടും കണ്ണുനീർ തുടച്ചു. "ഇന്നായിരുന്നു ആ 20 വർഷം കഴിയേണ്ടിയിരുന്നത്, എങ്കിൽ ഞാനിപ്പോൾ സ്വതന്ത്രനായേനേ", അയാൾ ഇരുളിലേക്ക് നോക്കിക്കൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു.
 * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *  * * * * *
ഒരു യാഹൂ ഗ്രൂപ്പ് മെയിലിൽ വന്ന ഒരു മെയിലിന്റെ ഉള്ളടക്കം ആണിത്. ഇംഗ്ലീഷിലുള്ള വിവരണം മലയാളത്തിലാക്കി എന്നതു മാത്രമാണെന്റെ കുറ്റം? (ഇതിന്റെ കോപ്പിറൈറ്റ് ആർക്കുള്ളതാണാവോ?)

അഭിപ്രായങ്ങളൊന്നുമില്ല: