2015, ജൂൺ 21, ഞായറാഴ്‌ച

ഒരു സ്പീഡ്പോസ്റ്റിന്റെ സ്പീഡ്

പ്രീമിയം തത്ക്കാൽ, തത്ക്കാൽ എന്നൊക്കെ പറഞ്ഞ് പുതിയ ടിക്കറ്റുകളും പുതിയ സേവനങ്ങളുമായി യാത്രക്കാരെ  റയിൽവേ പിഴിയുന്നുണ്ടെങ്കിലും ഡൽഹിയിൽ നിന്നു സാധാരണക്കാരന് കേരളത്തിലെത്താനുള്ള താങ്ങാവുന്ന മാർഗ്ഗം തീവണ്ടി തന്നെയാണ്. 3000 കിലോമീറ്റർ ദൂരം താണ്ടാനായി രണ്ടു ദിവസം വണ്ടിയിലിരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അത് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ.

പറയുന്നത് തീവണ്ടിയാത്രയെ പറ്റിയാണെങ്കിലും പറഞ്ഞു വരുന്നത് നമ്മുടെ തപാൽ വകുപ്പിനെ കുറിച്ചാണ്. തീവണ്ടി ഡൽഹിയിൽ നിന്ന് കേരളത്തിലെത്താൻ 2 ദിവസമെടുക്കുമെങ്കിൽ തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്താൻ ചുരുങ്ങിയത് ഒരു 3 ദിവസമെങ്കിലും എടുക്കും; എടുക്കണം. കാരണം ഈ ആർട്ടിക്കിൾ, അയക്കുന്ന പോസ്റ്റ് ഓഫീസിൽ നിന്ന് ഡൽഹി റയിൽവേ സ്റ്റേഷനിലും, കേരളത്തിൽ റയിൽവേ സ്റ്റേഷനിൽ നിന്ന് പോസ്റ്റ് ഓഫീസിലും എത്താൻ വേറേയും സമയം വേണമല്ലോ? അപ്പോൾ തീവണ്ടി വഴിയാണ് ഈ സ്പീഡ് പോസ്റ്റ് വരുന്നതെങ്കിൽ അത് മേൽവിലാസക്കാരനു കിട്ടാൻ ഒരു 4 ദിവസം വേണമെന്നു സാമാന്യമായി പറയാം.

പക്ഷേ ഈ സ്പീഡ്പോസ്റ്റ് അയക്കുന്നത് സാധാരണക്കാരനാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന തപാൽ വകുപ്പ് ആ വകുപ്പിൽ വരുന്നില്ല. അതല്ലെങ്കിൽ സ്പീഡ് ഇല്ലാത്ത തീവണ്ടിയിൽ സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ അയക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഉപഭോകതാവിനോട് പ്രതിജ്ഞാബദ്ധതയുള്ളവർ വളരെ വേഗം തന്നെ അത് മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കുമല്ലോ. ഉപഭോക്താവ് ദൈവമാണെന്നും രാജാവാണെന്നും മറ്റും വിശ്വസിക്കുന്ന നാട്ടിൽ അങ്ങനെ ചെയ്തില്ലെങ്കിൽ മോശമല്ലേ? അങ്ങനെയാണ് സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ വിമാനത്തിൽ അയക്കുന്ന ഏർപ്പാട് തപാൽ വകുപ്പ് തുടങ്ങിയതും തുടരുന്നതും.

ഡൽഹിയിൽ നിന്ന് തീവണ്ടിമാർഗ്ഗം അയക്കുന്ന സ്പീഡ് പോസ്റ്റ് ആർട്ടിക്കിൾ 4 ദിവസം കൊണ്ട് മേൽവിലാസക്കാരന് കിട്ടാമെങ്കിൽ 2 ദിവസം കൊണ്ട് എത്തിക്കാൻ ഈ വിമാനം വഴിയുള്ള ചരക്കുനീക്കം സഹായിക്കും. അതായത് ഞാൻ ഡൽഹിയിൽ നിന്ന് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ഇന്നയച്ചാൽ അത് നാളെ കേരളത്തിലെ എന്റെ വീട്ടിലെത്തും. ആഹാ, ഇതിനെയൊക്കെയല്ലേ സേവനം എന്നു പറയുന്നത്. ഇനി നോക്കിക്കോളൂ, വിമാനം വഴി ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ കേരളത്തിലെത്തിയതിന്റെ ചരിത്രം.

ഡൽഹിയോട് ചേർന്നു കിടക്കുന്ന നോയ്ഡയിൽ നിന്ന്, ഞാൻ ജൂൺ12ന് ഒരു മണിക്ക്, കേരളത്തിലേക്ക് ഒരു സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ ബുക്ക് ചെയ്യുന്നു.  4 മണിയോടെ, അവർ അത് ചാക്കിലാക്കി നോയ്ഡയിലെ സ്പീഡ്പോസ്റ്റ് കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് (NSH- National Sorting Hub) അയക്കുന്നു. അന്നു തന്നെ ഏഴരമണിക്ക് ആ ചാക്ക് നോയ്ഡ NSH-ൽ എത്തുന്നു. അന്നു തന്നെ രാത്രി ഒമ്പതര മണിയോടു കൂടി അവർ ആ ചാക്ക് തുറന്ന് ആർട്ടിക്കിൾ തരം തിരിച്ച്, എന്റെ ആർട്ടിക്കിൾ എടുത്ത് കണ്ണൂരിലേക്ക് പോകാനുള്ള മറ്റൊരു ചാക്കിൽ നിക്ഷേപിക്കുന്നു. എന്നിട്ട് രാത്രി പത്തര മണിയോടെ അവർ കണ്ണൂരിലേക്കുള്ള ചാക്ക്, മറ്റു ചാക്കുകളോടൊപ്പം ഡൽഹിയിലെ പാലം വിമാനത്താവളത്തിലേക്കയക്കുന്നു. നോക്കൂ, അവരുടെ ജോലിയിലെ ഒരു ശുഷ്ക്കാന്തി!

എനിക്കീ വിവരങ്ങൾ എവിടുന്നു കിട്ടീ എന്നല്ലേ? ഞാൻ അവരുടെ വെബ്സൈറ്റിൽ സ്പീഡ്പോസ്റ്റ് ആർട്ടിക്കിൾ പിന്തുടർന്ന് ശേഖരിച്ച വിവരങ്ങളാണിത്. (Speed Post Tracking - എല്ലാവരും ചെയ്യുന്നത് മാത്രം!) അപ്പോൾ ബാക്കി തുടരാം.

അന്നു രാത്രി തന്നെ (ജൂൺ 13ന് പുലർച്ചക്ക്) ആ ചാക്ക് പാലം വിമാനത്താവളത്തിലെ TMO (Transit Mail Office)-യിൽ എത്തുന്നു. 13ന് രാവിലെ 5 മണിയോടെ അവർ അത് കൊച്ചിയിലെ NSH-ലേക്കയക്കുന്നു. അയക്കുന്നത് വിമാനത്തിലായിരിക്കും. അല്ലാതെ വിമാനത്താവളത്തിൽ തീവണ്ടി കാണില്ലല്ലോ. പക്ഷേ ഏത് വിമാനത്തിലാണ് അയച്ചത്? എത്രമണിക്കാണ് അയച്ചത് എന്നീ വിവരങ്ങൾ അവർ രേഖപ്പെടുത്തുന്നില്ല. പോകട്ടെ, അത് നമ്മളെന്തിനറിയണം?

ഇനിയാണ് രസം. Speed Post Tracking പ്രകാരം, അതിരാവിലെ കൊച്ചിയിലെ നാഷനൽ സോർട്ടിങ്ങ് ഓഫീസി (NSH) ലേക്കയച്ച ചാക്ക് അന്നു രാത്രി എട്ടര മണിയോടെ ന്യൂഡൽഹി റയിൽവേസ്റ്റേഷനിലെ ട്രാൻസിറ്റ് മെയിൽ ഓഫീസിൽ (New Delhi RS TMO) എത്തുന്നു. അത്ഭുതം....

അപ്പോൾ തന്നെ, ശുഷ്ക്കാന്തിയുള്ള ജീവനക്കാർ വെറും 15 മിനിറ്റിന്റെ മാത്രം അകലത്തിൽ (എട്ടേമുക്കാലിന്) എന്റെ കത്തടങ്ങിയ ചാക്ക് മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ NSH -ലേക്ക് അയക്കുന്നു. തീവണ്ടിയിലായിരിക്കണം അയച്ചത്. അല്ലാതെ ഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്ന് ഭോപ്പാലിലേക്ക് പ്ലെയിൻ സർവ്വീസില്ലല്ലോ! പക്ഷേ ഏത് വണ്ടിയിലാണ് പോയത്, എപ്പോഴാണ് പോയത് എന്നൊന്നും അവർ രേഖപ്പെടുത്തിയിട്ടില്ല.

ഞാനയച്ച സ്പീഡ്പോസ്റ്റിന്റെ നീക്കങ്ങളെല്ലാം ഞാൻ ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കും. അതെന്റെ ഒരു ദുസ്വഭാവമാണ്. അങ്ങനെയാണി വിവരങ്ങൾ അപ്പപ്പോൾ അറിയുന്നത്. സ്പീഡ് പോസ്റ്റ് മാത്രമല്ല, എന്തയച്ചാലും അതിന്റെ പുറകെ അതിനെ ട്രാക്ക് ചെയ്യുക എന്നത് ഈ ഇന്റർനെറ്റ് ലോകത്തിൽ എന്റെ ഒരു ശീലമായിരിക്കയാണ്. ഈയിടെ എന്റെ മകൻ ഇന്തോനേഷ്യയിലെ ബാലിയിൽ പോയി തിരിച്ചു വരുന്നത് വരെ ഞാനവന്റെ പ്ലെയിനിന്റെ യാത്ര ട്രാക് ചെയ്തു. www.flightradar24.com എന്ന വെബ്സൈറ്റിൽ കയറി  www.flightradar24.com/data/flights/tr2638/ എന്നും മറ്റുമുള്ള ലിങ്ക് വഴി പ്ലെയിനിന്റെ യാത്ര നോക്കിയിരിക്കുന്നത് രസകരമാണ് (വേറെ പണിയൊന്നുമില്ലാത്തവർക്ക്).

അവർ സ്പീഡ് പോസ്റ്റ് അയച്ചത് ഭോപ്പാലിലേക്ക് ആണെങ്കിൽ അത് പോയത് 9 മണിക്കുള്ള ഷാൻ-ഇ-ഭോപ്പാൽ എന്നു പേരുള്ള ഭോപ്പാൽ എക്സ്പ്രസ്സിൽ ആയിരിക്കണം. ഞാൻ എത്ര തവണ അതിൽ യാത്ര ചെയ്തിരിക്കുന്നൂ? ഇപ്പോൾ ഇതാ, ഇന്നലേയും അതിലാണ് ഞാൻ യാത്ര ചെയ്തത്. ഭോപ്പാൽ എക്സ്പ്രസ്സ് അടുത്ത ദിവസം രാവിലെ ആറരക്ക് ഭോപ്പാലിലെത്തും. അപ്പോൾ എന്റെ സ്പീഡ്പോസ്റ്റും അവിടെ അപ്പോൾ എത്തണമായിരുന്നു. പക്ഷേ ജൂൺ 14ന് -Speed Post Tracking-ൽ പുതുതായി യാതൊരു വിവരവും ഇല്ലായിരുന്നു. ശുഷ്ക്കാന്തി ഉള്ളവരല്ലേ, ഒരു തെറ്റൊക്കെ പറ്റുമായിരിക്കും; ഒരു തവണ ഞാൻ ക്ഷമിച്ചു.

ജൂൺ 15ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ അല്പം പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? എങ്കിലും ഞാൻ വീണ്ടും ക്ഷമിച്ചു.

ജൂൺ 16ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിളിന്റെ നീക്കം നിലച്ച മട്ടാണ്. എന്റെ ആർട്ടിക്കിളിന്റെ നീക്കംസംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും കാണാനില്ല.  ഞാൻ വീണ്ടും പരിഭ്രാന്തനായി. പ്രധാനപ്പെട്ട രേഖയാണ് കത്തിലുള്ളത്. അതെങ്ങാൻ നഷ്ടപ്പെട്ടാൽ? ഞാൻ വേഗം അവരുടെ വെബ്സൈറ്റിൽ കയറി അവർക്കൊരു പരാതി അയച്ചു. കേരളത്തിലേക്കു പോകേണ്ട ആർട്ടിക്കിൾ ഭോപ്പാലിലേക്കെന്തിനാണ് അയക്കുന്നത് എന്നും ഞാൻ ചോദിച്ചു.

ജൂൺ 17ന് ഞാൻ വീണ്ടും തപാൽ വെബ്സൈറ്റിൽ നോക്കി. നോ. എന്റെ ആർട്ടിക്കിൾ നിശ്ചലമാണ്. അതിനെക്കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ല. ഞാൻ വീണ്ടും അവരുടെ വെബ്സൈറ്റിൽ കയറി പരാതിയെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തി. ഇത്തവണ കാര്യം ഒത്തു. വൈകുന്നേരമായപ്പോൾ വെബ് സൈറ്റിൽ സ്പീഡ്പോസ്റ്റിന്റെ നീക്കം അപ്ഡേറ്റ് ചെയ്യപ്പെട്ടു. 17ന് ഉച്ചക്ക് അത് കണ്ണൂരിലെ NSH-ൽ എത്തിയതായാണ് വിവരം. കേരളത്തിലെ ഒരു വിമാനത്താവളത്തിലോ റയിൽവേ സ്റ്റേഷനിലോ എത്താതെ പെട്ടെന്നതങ്ങോട്ട് അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്തായാലും  എനിയ്ക്ക് സമാധാനമായി. അന്നു വൈകുന്നേരം തന്നെ അതവർ തോട്ടട സബ് പോസ്റ്റോഫീസിലേക്കുള്ള ചാക്കിൽ കയറ്റി കണ്ണൂർ RMS-ലേക്കയച്ചു.  

തപാൽ വകുപ്പിൽ എല്ലാം പടിപടിയായാണ് നടക്കുക. അങ്ങനെയാണ് വേണ്ടതും. എന്നാൽ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന RMS-ൽ എത്താതെ 18-ന് രാവിലെ ആ ബാഗ് തോട്ടട പോസ്റ്റോഫീസിൽ എത്തി.


18നു രാവിലെ 10 മണിക്ക് ഞാൻ വീട്ടിലേക്ക് വിളിച്ചു. ഇന്നു വൈകുന്നേരത്തോടെ സാധനം വീട്ടിലെത്തും എന്നു പറയുകയായിരുന്നു ലക്ഷ്യം. അപ്പോൾ ഞാനറിഞ്ഞത് ആ ആർട്ടിക്കിൾ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു എന്നാണ്. കത്തു കൊടുക്കുമ്പോൾ പോസ്റ്റ്മാൻ ചോദിച്ചുവത്രെ 'പരാതി വല്ലതും കൊടുത്തിരുന്നോ' എന്ന്. ഞാൻ കൊടുത്തിട്ടില്ലെന്നും അയച്ച ആൾ കൊടുത്തതാകുമെന്നും ഭാര്യ അയാളോട് പറഞ്ഞത്രെ. എന്തിനും ഏതിനും പരാതി കൊടുക്കുന്നവനാണ് ഞാനെന്ന് അവൾക്കല്ലാതെ മറ്റാർക്ക് ഇത്ര കൃത്യമായി പറയാൻ കഴിയും? 25 കൊല്ലം എന്റെ കൂടെ കഴിഞ്ഞതല്ലേ?

എന്റെ പരാതി സ്പീഡ്പോസ്റ്റുകാർ കാണുന്നുണ്ടായിരുന്നുവെന്നും നടപടി എടുത്തു എന്നും വേണം അനുമാനിക്കാൻ. കണ്ണൂരിൽ കത്തിനു വിളംബം ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മാൻ ഭാര്യയോട് പറഞ്ഞുവത്രെ. എന്തായാലും ഞാനയച്ച സ്പീഡ്പോസ്റ്റ് കത്ത് ഒരാഴ്ച കൊണ്ട് കണ്ണൂരിലെത്തി. അത് തീവണ്ടിയിലോ വിമാനത്തിലോ പോയത് എന്ന് അവർക്കു മാത്രം അറിയാം. നോക്കണേ  ഒരു സ്പീഡ്പോസ്റ്റിന്റെ ഒരു സ്പീഡ്. " ഹോ, എന്തൊരു സ്പീഡ്" എന്നു പറയാനാണ് തോന്നുന്നത്. അപ്പോൾ ഓർമ്മ വരുന്നത് കൊടിയേറ്റം ഗോപിയേയും....







6 അഭിപ്രായങ്ങൾ:

ജ്യുവൽ പറഞ്ഞു...

സ്പീഡ് പോസ്റ്റിന്റെ പേര് "മേഘദൂത്" എന്നാണല്ലോ.. സാറിന്റെ പോസ്റ്റ് വല്ല മേഘത്തിലും പെട്ട് സ്ഥലം മാറി വീണതായിരിക്കും .. എന്നാലും വല്ലാത്ത വേഗം തന്നെ!

ആൾരൂപൻ പറഞ്ഞു...

ഇപ്പോൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഡൽഹിയിലെ ഹെഡ് ഓഫീസിന്റെ പേരിൽ മാത്രമേ "മേഘദൂത്" ഉള്ളൂ.

ഈ പോസ്റ്റിനൊക്കെ ഒരു കമന്റ് വേണോ?

ബ്ലോഗ് എപ്പോൾ വേണമെങ്കിലും പോസ്റ്റ് ചെയ്യാം. ഒരു കമന്റും അങ്ങനെ തന്നെ...പക്ഷേ കമന്റിനുള്ള മറുപടി അങ്ങനെയല്ല. അത് റിയൽ ടൈമായിത്തന്നെ വേണം. അതിത്തിരി ബുദ്ധിമുട്ടല്ലേ. അതുകൊണ്ട് ഡോക്റ്റർ, എനിയ്ക്ക് കമന്റ് വേണമെന്നില്ല.

എന്നാലും ഈ സർ പ്രയോഗം അങ്ങു നിറുത്തിയേക്കൂ. നമ്മുടെ 'ഭാവനാഫെയ്ം' കേഡി ആണതിന്റെ ഉപജ്ഞാതാവ്. അതിവിടെ വേണ്ട.

വിനോദ് കുട്ടത്ത് പറഞ്ഞു...

സംഗതി അപാര വേഗം തന്നെ...... എന്തിനും ഏതിനും പരാതി കൊടുക്കുന്ന സ്വഭാവം പണ്ടേയുണ്ടല്ലേ..... ശരിയാക്കാം മരുന്നുണ്ട്.... നമ്മുടെ ജ്യുവല്‍ വൈദ്യനാണ് .....ഡോക്ടറാണ് ..... ഭിക്ഷ ഗ്വരനാണ് ..... അഭ്യസിയാണ് .... ചിലപ്പോള്‍ പെറ്റിക്കോട്ട് തീറ്റിക്കുന്ന ആഭാസനാണ്.... ശരിയാക്കാം.....
നല്ലൊരു പ്രയത്നം നടത്തി വേഗ തപാലിന്‍റെ വേഗത മനസ്സിലാക്കി തന്നതിന് അനുമോദനങ്ങള്‍.....

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ശെടാ! സായ്പന്മാർ ഇവിടെ ഉപേക്ഷിച്ചു പോയ പല കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ഈ 'സർ' വിളി. മുതിർന്നവരെ അമ്മാവാ, വല്യച്ചാ എന്നൊക്കെയല്ലാതെ പൊതുവായി വിളിക്കാവുന്ന ഒരു പദം മലയാളത്തിൽ ഉണ്ടോന്നറിയില്ല. അല്ലെങ്കിൽ പിന്നെ, മാഷേ എന്നോ ഭായീ എന്നോ ഒക്കെ വിളിക്കണം. ഇതിനേക്കാൾ ഭേദം 'സർ' ആണെന്ന് തോന്നി. ഞാൻ ആദ്യമായി കമന്റുന്നതിനും എത്രയോ മുമ്പേ എത്രയോ പേർ സാറിനെ സാറേ എന്ന് വിളിച്ചിരിക്കുന്നു. അതുകൊണ്ട് അതിന്റെ പകർപ്പവകാശം ഞാൻ വിനയപൂർവം നിരസിക്കുന്നു.

ആൾരൂപൻ പറഞ്ഞു...

വിനോദേ, ഒരു വൈദ്യൻ വിചാരിച്ചാലും സ്വഭാവം മാറ്റാൻ പറ്റില്ല. അവനവൻ തന്നെ കരുതണം....

അപ്പോൾ പറഞ്ഞല്ലോ, ഇനിയും കമന്റെഴുതിയാൽ ഞാൻ എന്റെ കമന്റ് ബോക്സ് അടച്ചു പൂട്ടുകയോ ഈ പൊട്ടത്തരങ്ങൾ കുത്തിക്കുറിക്കുന്നത് നിർത്തുകയോ (രണ്ടിലൊന്ന്) ചെയ്യും.

കൊച്ചേ, ഇനി കമന്റ് എഴുതാതിരുന്നാൽ മതി. അപ്പോഴല്ലേ ഈ പ്രശ്നമുള്ളൂ. (അടുത്ത കാലം വരെ, എന്റെ ബ്ലോഗിന്റെ തലക്കെട്ടിന്റെ ചുവട്ടിൽ " ഇതു വായിക്കുന്നവനെ ചമ്മട്ടി കൊണ്ടടിക്കണം" എന്നു കൂടി ഞാൻ എഴുതി വച്ചിരുന്നു. അത് മാറ്റിയത് അബദ്ധമായെന്നാണ് ഇപ്പോൾ തോന്നുന്നത്.)

ശ്രീ പറഞ്ഞു...

കൊച്ചു ഗോവിന്ദന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല