2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പാവം ഡയർ!


ഈയിടെ പഞ്ചാബിലൂടെ ജമ്മുവിലേക്കൊരു കാർ യാത്ര വേണ്ടി വന്നു.
കാർ അമൃത്സറിലൂടെ പോകുമ്പോൾ സുവർണ്ണക്ഷേത്രത്തിലേക്കും ജാലിയൻവാലാബാഗിലേക്കുമുള്ള വഴി കാട്ടിക്കൊണ്ട് റോഡരികിൽ അങ്ങിങ്ങ് ചൂണ്ടുപലകകൾ കണ്ടിട്ടും ഞാനവ ഗൗനിച്ചില്ലെങ്കിലും, കാർ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടെ പോകുകയും "ജാലിയൻവാലാ ബാഗ് മെമോറിയൽ" എന്ന ബോർഡ് അരികിലായി കാണുകയും ചെയ്തപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളൊക്കെ ഒന്നു നേരിട്ട് കണ്ടേക്കാം എന്ന് ഞാൻ തീർച്ചയാക്കി.

സുവർണ്ണക്ഷേത്രത്തിന്റെ ഏതാണ്ട് അടുത്തായി തിരക്കുപിടിച്ച ഇടറോഡിനോട് വളരെ ചേർന്നാണ് മെമോറിയൽ. ആകർഷകമോ വിശാലമോ ആയ പ്രവേശനകവാടമൊന്നും അവിടെയില്ല. ഇടുങ്ങിയ ഒരു ഗെയ്റ്റ്. മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ പ്രവേശനടിക്കറ്റൊന്നുമില്ല. ആർക്കും വെറുതെയങ്ങോട്ട്  നടന്നു കയറാം. ഇടുങ്ങിയ ഒരു ഇടനാഴിയിലൂടേ നടന്നാൽ വിശാലമായ മൈതാനമായി.

മൈതാനമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല; കാരണം സ്മാരകങ്ങളും മറ്റുമായി പല നിർമ്മിതികളും ഇപ്പോഴവിടെയുണ്ട്. ഡൽഹിയിൽ ഗാന്ധിസമാധിയിലെന്ന പോലെ ഇവിടേയും ഒരു കെടാത്ത ദീപശിഖ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചരിത്രസംഭവങ്ങളെല്ലാം വളരെ വിശദമായിത്തന്നെ കല്ലിലും ചുമരിലും മറ്റുമായി എഴുതി വച്ചിട്ടുണ്ട്. വെടി വച്ച സ്ഥലവും വെടി കൊണ്ട പാടുകളും ആളുകൾ മരിച്ചുവീണ സ്ഥലത്തെ സ്മാരകവും ഓടി രക്ഷപ്പെടുന്നതിനിടെ ആളുകൾ കൂട്ടത്തോടെ വീണു മരിച്ച കിണറും എല്ലാം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.   പൂജയുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളായതിനാലാകും, അവിടെ വല്ലാത്ത ജനത്തിരക്കായിരുന്നു.

എന്റെ ഈ ഈ കുറിപ്പുകളൊക്കെ ആളുകൾ നോക്കുകപോലും ചെയ്യാത്തതിനാലും  ഈ സ്മാരകങ്ങളുടെ ഒക്കെ മനോഹരമായ ഫോട്ടോകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നതിനാലും അവയുടെ ചിത്രങ്ങളൊന്നും ഇവിടെ കൊടുത്ത് സ്ഥലം മിനക്കെടുത്തേണ്ട കാര്യമില്ല.  

ഓർമ്മയില്ലേ, ജാലിയൻവാലാബാഗ് കൂട്ടക്കൊല? ആയിരത്തോളം നിരപരാധികളാണ് അന്നാ വെടിവെപ്പിൽ ജീവൻ വെടിഞ്ഞത്.  പരിക്ക് പറ്റിയവർ വേറേയും.  തോക്കിലെ ഉണ്ടകൾ തീരും വരെയായിരുന്നുവത്രെ വെടിവെപ്പ്. ' ങും, വയ്ക്കെടാ വെടി' എന്നത്രേ സായ്പ് സിപ്പായിമാരോട് ആക്രോശിച്ചത്.  ബ്രിട്ടീഷ് ഭരണചരിത്രത്തിൽ ഇതുപോലെ മറ്റൊരു കൂട്ടക്കൊല രേഖപ്പെടുത്തിയിട്ടില്ല.

വെടിവയ്പ്പ് തീരുകയും കാര്യങ്ങൾ നാട്ടുകാരറിയുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണാധികാരികൾ ധീരകൃത്യം ചെയ്തതിന് ജനറൽ ഡയറിനെ പ്രശംസിച്ചത്രെ. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം?  ഇന്ത്യക്കാർ  പാവം ഡയറിന് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് മാത്രമല്ല അതിനു ശേഷവും നമ്മൾ അദ്ദേഹത്തെ തീരെ മറന്നു. ഇന്നേ വരെ നമ്മൾ അദ്ദേഹത്തിനു ഒരു സ്മാരകവും പണിഞ്ഞില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 

ക്ഷേത്രം പൊളിച്ച് പള്ളി പണിത ബാബറിനെ നമ്മൾ ബഹുമാനിച്ചത് ഡൽഹിയിലെ ഒരു റോഡിന് 'ബാബർ റോഡ്' എന്ന് നാമകരണം ചെയ്തു കൊണ്ടാണ്.

മഹാനായ ഔറംഗസേബിനും ഡൽഹിയിൽ സ്മാരകമുണ്ട് - 'ഔറംഗസേബ് റോഡ്'. 

ഷാജഹാൻ റോഡ്, അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഫിറോസ് ഷാ റോഡ് എന്നിങ്ങനെ സ്മരണാർത്ഥമുള്ള റോഡുകൾ വേറേയും ധാരാളമുണ്ട്.

മുഗളന്മാരെ മാത്രമല്ല, നമ്മളെ ചൊല്പടിക്ക് നിർത്തിയ സായിപ്പന്മാരെയും നമ്മൾ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. ഹെയ്ലി റോഡ്, ചെംസ്ഫോർഡ് റോഡ്, മിന്റൊ റോഡ്  എന്നിവയൊക്കെ അതാണ് കാണിക്കുന്നത്.

റോഡുകൾക്ക് മാത്രമല്ല ഇമ്മാതിരി പേരുകൾ. ലേഡി ഹാർഡിങ്ങ് ഹോസ്പിറ്റൽ, റൈസിന ഹിൽസ് എന്നതൊന്നും സ്വാതന്ത്ര്യത്തിന് ജീവൻ വെടിഞ്ഞ ഭാരതീയന്റെ സ്മരണാർത്ഥമുള്ള പേരുകളല്ല. പലപ്പോഴും നമ്മൾ കേന്ദ്രഗവണ്മെന്റിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന റൈസിന ഹിൽസിലെ 'റെസീന' ആരാണെന്നാർക്കറിയാം? 

എന്നാൽ 1000 ഇന്ത്യക്കാരെ ഒറ്റയടിക്ക് വെടിവച്ചു കൊന്ന ജനറൽ ഡയറിനെ നാം മറന്നു. ഡൽഹിയിലെ ഒരു റോഡിനു പോലും 'ജനറൽ ഡയർ മാർഗ്' എന്ന് നാമകരണം ചെയ്തില്ല. എന്തൊരു നന്ദികേട്!  ഇന്ത്യക്കാരനെ നമ്പാൻ കൊള്ളുകയില്ലെന്ന് എന്റെ സുഹൃത്ത് എപ്പോഴും പറയുമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

യു. പി. എ ഭരണത്തിൽ, അഴിമതികൾ ഓരോന്നോരോന്നായി അരങ്ങേറുമ്പോൾ, മുന്നണിഭരണത്തിന്റെ അനിവാര്യതകളിലേക്ക് മൗന്മോഹൻജി വിരൽ ചൂണ്ടുമായിരുന്നു. ഇന്നിപ്പോൾ ഏകകക്ഷി ഭരണമല്ലേ? അതും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുള്ള മോദിയുടെ? ജാലിയൻ വാലാബാഗിലും മറ്റു സമരങ്ങളിലും ജീവൻ വെടിഞ്ഞ നിരപരാധികളുടെ പേരുകൾ ഈ റോഡുകൾക്ക് കൊടുത്തെങ്കിൽ എത്ര നന്നായിരുന്നു! റൈസിന കുന്നുകൾക്ക് ഒരു സ്ത്രീയുടെ പേരു തന്നെ വേണമെങ്കിൽ, കുന്നുകൾക്ക് മറ്റൊരു സ്ത്രീയുടെ പേരു കൊടുക്കാൻ ഭാരതത്തിൽ യോഗ്യരായ സ്ത്രീകൾ മറ്റാരുമില്ലേ, ഇപ്പോഴും?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡൽഹിയിൽ മുഗളന്മാരുടെ എത്രയെത്ര ശവകുടീരങ്ങളാണ് കേന്ദ്രഗവണ്മെന്റ് പണം കൊടുത്ത് ഇപ്പോഴും സംരക്ഷിക്കുന്നത്? സംരക്ഷിത സ്മാരകങ്ങളെന്ന പേരിൽ! അവിടങ്ങളിലെ ശവക്കല്ലറകൾ നീക്കം ചെയ്ത് പരിസരം ശുദ്ധമാക്കി കെട്ടിടങ്ങളെ പല പല മുറികളായി തിരിച്ച് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഡൽഹിയിലെ അവിവാഹിതർക്കും ഒറ്റയാന്മാർക്കും താമസിക്കാൻ ഒരു ഇടമായേനെഗവണ്മെന്റിനൊരു വരുമാനവും.





2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

പരാഗണം


ഒരു കർഷകൻ കൃഷി ചെയ്ത് ഗംഭീരമായ വിളവെടുപ്പ് നടത്തിക്കൊണ്ടിരുന്നു. എല്ലാ വർഷവും അയാൾ തന്റെ ധാന്യം വിപണനമേളകളിൽ പ്രദർശിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു.

ഒരു തവണ, അയാൾ മേളയിൽ സമ്മാനിതനായപ്പോൾ ഒരു പത്രക്കാരൻ അയാളുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി. എങ്ങനെയാണ് അയാൾ ഇങ്ങനെ നിരന്തരം സമ്മാനം വാങ്ങുന്നതെന്നായിരുന്നു പത്രക്കാരനറിയേണ്ടിയിരുന്നത്.

നമ്മുടെ കർഷകശ്രീ അയാളുടെ ധാന്യമണികൾ തന്റെ അയൽക്കാർക്ക് സൗജന്യമായി നൽകുന്നുണ്ടെന്ന് സംഭാഷണമധ്യേ റിപ്പോർട്ടർക്ക് മനസ്സിലായി.

"നിങ്ങളുടെ അയൽക്കാർ അപ്പോൾ ഈ വിപണനമേളകളിൽ അവരുടെ ധാന്യങ്ങൾ മത്സരത്തിനു വയ്ക്കാറില്ലേ?" പത്രക്കാരൻ ചോദിച്ചു.

"ഉണ്ട്!" കർഷകശ്രീയുടെ മറുപടി.

'അവർ നിങ്ങളോട് മത്സരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളുടെ മെച്ചപ്പെട്ട വിത്തുകൾ അവർക്ക് കൊടുക്കാനാകും?" റിപ്പോർട്ടർക്ക് ആകാംക്ഷയായി.

"എന്തുകൊണ്ട് പാടില്ല? നിങ്ങൾ സസ്യങ്ങളിലെ പൂമ്പൊടിയെക്കുറിച്ചും പരാഗണത്തെക്കുറിച്ചും കാറ്റിനെക്കുറിച്ചും ഒന്നും പഠിച്ചിട്ടില്ലെന്നോ?" കർഷകശ്രീ വാചാലനായി. അയാൾ തുടർന്നു.

"പൂവിട്ട സസ്യങ്ങളിലെ പൂമ്പൊടി മറ്റു സസ്യങ്ങളിലേക്കും വയലുകളിൽ നിന്നു വയലുകളിലേക്കും എത്തിക്കുന്നത് കാറ്റല്ലേ? എന്റെ അയൽക്കാരന്റെ ധാന്യം ഗുണനിലവാരം കുറഞ്ഞതും മോശവുമാണെങ്കിൽ തുടർച്ചയായുണ്ടാകുന്ന പരസ്പര പരാഗണം വഴി എന്റെ ധാന്യത്തിന്റെ ഗുണനിലവാരവും മോശപ്പെട്ടുപോകില്ലേ? അപ്പോൾ, എനിയ്ക്ക് നല്ല ധാന്യം ഉത്പാദിപ്പിക്കണമെങ്കിൽ നല്ല ധാന്യം ഉത്പാദിപ്പിക്കാൻ ഞാൻ എന്റെ അയൽക്കാരനെ സഹായിക്കണ്ടേ?"

സസ്യങ്ങളുടെ ബന്ധങ്ങളെക്കുറിച്ച് നമ്മുടെ കർഷകശ്രീ തികച്ചും ബോധവാനാണ്. തന്റെ അയൽക്കാരന്റെ സസ്യങ്ങൾ മെച്ചപ്പെടാതെ തന്റെ സസ്യങ്ങൾ മെച്ചപ്പെടില്ലെന്ന് അയാൾ വിശ്വസിച്ചു.

നമ്മൾ നല്ല ധാന്യം ഉത്പാദിപ്പിക്കണമെങ്കിൽ നമ്മൾ നമ്മുടെ അയൽക്കാരേയും അതിനു സഹായിക്കണം. നമുക്കതിനെ പാരസ്പരികത എന്നു പറയാം. നമുക്കതിനെ വിജയിക്കാനുള്ള തത്വം എന്നു പറയാം. നമുക്കതിനെ ജീവിതനിയമം എന്നു പറയാം.

അതു തന്നെയല്ലേ മനുഷ്യന്റേയും അവസ്ഥ. തന്റെ ജീവിതം വിജയിക്കണമെന്ന്  കരുതുന്നവൻ തന്റെ അയൽക്കാരനേയും വിജയിക്കാൻ സഹായിക്കണ്ടേ?  നമ്മുടെ ജീവിതം അർത്ഥപൂർണമാകണമെങ്കിൽ നമ്മൾ മറ്റുള്ളവരുടെ ജീവിതവും അർത്ഥപൂർണ്ണമാക്കാൻ സഹായിക്കണ്ടേ?  നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ പ്രയത്നിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം ഉണ്ടാകാൻ നമ്മൾ പരിശ്രമിക്കണ്ടേ? 
എല്ലാവരും വിജയിക്കുന്നതുവരെ, സത്യത്തിൽ, നമ്മളിലൊരാളും വിജയിക്കുന്നില്ല.

അവലംബം: സന്ജീവ് ഖന്ന (എക്സ്പ്രസ് ഗാർഡൻ, ഇന്ദിരാപുരം) യുടെ ഇ-മെയിൽ.  അയാൾക്ക് ഇത് എവിടന്ന് കിട്ടിയോ ആവോ?