2013 ജൂൺ 29, ശനിയാഴ്‌ച

മൂഷികസ്ത്രീ

ശനിയാഴ്ചയാണ്, അവധിയാണ്, കാര്യമായിട്ടൊന്നും ചെയ്യാനില്ല; അങ്ങനെയാണ് കമ്പ്യൂട്ടറെടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങിയത്. നോക്കി നോക്കി എത്തിയത് പ്രളയം കശക്കിമറിച്ച കേദാർനാഥ് ക്ഷേത്രഭൂമിയിലാണ്. പ്രളയത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും മറ്റും അനേകമനേകം ചിത്രങ്ങൾ. അല്ലെങ്കിലും ഇന്റെർനെറ്റിലാണോ ചിത്രങ്ങൾക്ക് പഞ്ഞം? ഈ ചിത്രങ്ങളിൽ മൂന്നെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു. മൂന്നും കേദാർനാഥ് ക്ഷേത്രത്തിന്റേതാണ്. ഒന്ന് 1980-കളിലെ ക്ഷേത്രത്തിന്റെ ചിത്രമാണ്. പശ്ചാത്തലത്തിൽ ഹിമാലയമലനിരകൾ. ക്ഷേത്രപരിസരം മുഴുവൻ പുല്ലും ചെറുചെടികളുമാണ്. അവയ്ക്കിടയിൽ ക്ഷേത്രം തലയെടുപ്പോടെ നിൽക്കുന്നു.

 
 ചിത്രം -1: കേദാർനാഥ് ക്ഷേത്രം - 1980-കളിലെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അടുത്ത ചിത്രം ഈ മാസത്തെ പ്രളയത്തിനു മുമ്പെപ്പോഴോ എടുത്തതാണ്. ക്ഷേത്രത്തിനു ചുറ്റും കെട്ടിടങ്ങളുടെ ഒരു കോലാഹലം. ക്ഷേത്രമുറ്റത്തു നിന്നാൽ അത് ഒരു ക്ഷേത്രനഗരമാണെന്നേ തോന്നൂ.  കാടും മലയും നിറഞ്ഞ ക്ഷേത്ര പരിസരത്തിൽ ഒരു കല്ലോ പുല്ലോ കാണാൻ ഒരു മാർഗ്ഗവുമില്ല. 
 
 
ചിത്രം-2: കേദാർനാഥ് ക്ഷേത്രത്തിന്റെ അടുത്ത കാലത്തെ ഒരു ചിത്രം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

മൂന്നാമത്തെ ചിത്രത്തിൽ വീണ്ടും ക്ഷേത്രം മാത്രമേയുള്ളു. ചുറ്റുമുള്ളത് പുല്ലല്ല; പകരം കല്ലാണെന്നു മാത്രം. മലയും മഞ്ഞും ഇനി ആവോളം കാണാം. ആധുനികന്മാർ നിർമ്മിച്ചതൊക്കെ ഒലിച്ചു പോയി. ക്ഷേത്രം മാത്രമുണ്ട് തലയെടുപ്പോടെ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ നിൽക്കുന്നു. 

ചിത്രം-3: കേദാർനാഥ് ക്ഷേത്രം പ്രളയത്തിനുശേഷം. (ചിത്രത്തിന് ഇന്റെർനെറ്റിനോട് കടപ്പാട്)

അങ്ങനെ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെയായി. ഇനി വീണ്ടും ക്ഷേത്രപരിസരം ആകർഷകമാക്കി അണിയിച്ചൊരുക്കാൻ ആയിരിക്കും തൽപ്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുക. ഇനിയൊരു പ്രളയത്തിന് തകർത്തെറിയാൻ പറ്റാത്തവിധം അവരതു നിർമ്മിക്കും, തീർച്ച. അതാണല്ലോ കീശ വീർപ്പിക്കാൻ ഉപകരിക്കുക.

2013 ജൂൺ 25, ചൊവ്വാഴ്ച

എം. എൽ എ, താങ്കൾ രാജി വയ്ക്കേണ്ടതില്ല!!

കേന്ദ്രനിയമമന്ത്രിയായിരുന്ന അശ്വിനികുമാറും കേന്ദ്രറെയിൽമന്ത്രിയായിരുന്ന പവൻകുമാർ ബൻസലും രാജി വയ്ക്കാൻ വേണ്ടി പ്രതിപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. രാജി വയ്ക്കാതിരിക്കാൻ ശ്രമിച്ച് രണ്ടുപേരും കുറേ വിയർപ്പൊഴുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സ്വച്ഛതടങ്ങളിൽ, ഭരണത്തിന്റെ സുഖശീതളിമയിൽ, ദില്ലിയിലെ രമ്യഹർമ്മ്യങ്ങളിൽ, അധികാരജന്യമായ സുഖലോലുപത ആസ്വദിക്കുമ്പോൾ മന്ത്രിസ്ഥാനത്ത് ഒട്ടി നിൽക്കാൻ പച്ചയായ മനുഷ്യൻ പരമാവധി ശ്രമിക്കാതിരിക്കുമോ? ഈ ആനപ്പുറത്ത്ന്ന് ഇറങ്ങിയാൽ ഇനി കയറാൻ പറ്റും എന്ന് എന്താണുറപ്പ്? മന്ത്രിപ്പണി എന്ന ആഗ്രഹത്തിനും സ്ഥാനാരോഹണത്തിനും ഇടയിൽ ജനങ്ങൾ ജയിപ്പിക്കുക, മദാമ്മ കനിയുക എന്നിങ്ങനെ എന്തെല്ലാം കടമ്പകൾ ഉണ്ടെന്ന് ഈ ആനപ്പുറത്തിരിക്കുന്നവർക്കേ അറിയൂ. മന്ത്രിസ്ഥാനം കളയാനുള്ള ഇവരുടെ മടി കാണുമ്പോൾ  അമ്മിഞ്ഞ നുകരുന്ന കൈക്കുഞ്ഞിനെയാണ് എനിക്കോർമ്മ വരുന്നത്. അമ്മയുടെ മുലയീമ്പുന്ന കുഞ്ഞിനെയൊന്നോർത്തു നോക്കു. വയറു നിറഞ്ഞാലും അമ്മിഞ്ഞ വറ്റിയാലും കുഞ്ഞ് അമ്മിഞ്ഞ കടിച്ചു വലിച്ചുകൊണ്ടേ ഇരിക്കും. അമ്മയ്ക്കാണെങ്കിൽ മാതൃത്വത്തിന്റെ സുഖം. അമ്മിഞ്ഞ പോരേ എന്നോ മറ്റോ കുഞ്ഞിനോട് ചോദിച്ചാൽ അതിനൊരു കള്ളച്ചിരിയുണ്ടാകും. കുഞ്ഞിനെ അമ്മിഞ്ഞയിൽ നിന്നുള്ള പിടി വിടുവിക്കാൻ എത്ര ബലം പ്രയോഗിക്കണമെന്ന് മുലയൂട്ടിയ അമ്മമാർക്ക് മാത്രമേ പറയാനാവൂ..  അങ്ങനെ ഇരിക്കേയാണ് കേന്ദ്രമന്ത്രി അജയ് മാക്കൻ പൊടുന്നനെ രാജി വച്ചത്. പുല്ലു പോലെയാണ് മാക്കൻ മന്ത്രിസ്ഥാനം കളഞ്ഞത്. അത് കണ്ടപ്പോഴാണ് അദ്ദേഹം ദാരിദ്ര്യനിർമ്മാർജ്ജനവകുപ്പ് മന്ത്രിയാണല്ലോ എന്ന കാര്യം എന്റെ മനസ്സിൽ ഓടിയെത്തിയത്. അപ്പോൾ തന്നെ അദ്ദേഹം രാജി വയ്ക്കാനുള്ള കാരണവും എന്റെ മനസ്സിൽ ഓടിയെത്തി. മൗനമോഹനമായ ഭരണത്തിൽ നാട്ടിലെ ദാരിദ്ര്യം അപ്പാടെ തുടച്ചു നീക്കപ്പെട്ടിട്ടുണ്ടെന്നും ഇനി ഇപ്പോൾ ദാരിദ്ര്യനിർമ്മാർജ്ജനമന്ത്രിയായി തുടരേണ്ട കാര്യം ഒട്ടുമേ ഇല്ല എന്നും അദ്ദേഹത്തിനു ബോദ്ധ്യമായിട്ടുണ്ടാകും എന്ന് ഈ രാജി എന്നെ ബോദ്ധ്യപ്പെടുത്തി. 2014-ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന സർദാർജിയുടെ പ്രസ്താവന കൂടിയായപ്പോൾ എന്റെ വിശകലനം തെറ്റിയിട്ടില്ല എന്ന് എനിയ്ക്ക് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്തു. കോൺഗ്രസ്സ് എന്ന വാക്കിന് ലൈംഗികബന്ധം എന്ന അർത്ഥം ഉണ്ടെന്ന കാര്യവും ഞാൻ ഓർത്തു. അതൊക്കെ അവിടെ നിൽക്കട്ടെ, അതെല്ലാം കേന്ദ്രത്തിലെ കാര്യം.

ഒരു എം.എൽ.എ. തൽസ്ഥാനം രാജി വയ്ക്കണോ വേണ്ടയോ എന്നതാണ് ഇപ്പോൾ കേരളത്തെ കുഴയ്ക്കുന്ന പ്രശ്നം. അദ്ദേഹത്തെപ്പോലെ ഒരാൾ ഇങ്ങനെ ഒരു ഏടാകൂടത്തിൽ ചെന്നു ചാടുന്ന കാര്യം എന്റെ ചിന്തയ്ക്കതീതമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ചാനലുകൾക്ക് മുന്നിൽ മിഴി നട്ടിരിക്കുമ്പോഴാണ് ലൈംഗികബന്ധത്തിന്റേതെന്ന് പറഞ്ഞ് വീഡിയോ കാണാൻ തുടങ്ങിയതും ചാനലുകളുടെ ഔചിത്യബോധം എനിയ്ക്ക് ബോധ്യമാവാൻ തുടങ്ങിയതും.

സത്യം പറയാമല്ലോ, വീഡിയോയുടെ ആദ്യത്തെ പ്രക്ഷേപണമല്ല ഞാൻ കണ്ടത്. ഏതോ ചാനലിൽ വാർത്ത വന്നു എന്നു പറഞ്ഞുകൊണ്ടോ മറ്റോ മറ്റൊരു ചാനൽ കാണിച്ച പുന:പ്രക്ഷേപണം ആയിരുന്നു ഞാൻ ചെറുതായി കണ്ടത്. പ്രക്ഷേപണത്തിന്റെ ക്രെഡിറ്റ് മുഴുവൻ ആദ്യം വീഡിയോ കാണിച്ച ചാനലിനുള്ളതാണ്. അതേത് ചാനലാണ് എന്ന് എനിയ്ക്കിതുവരെ മനസ്സിലായില്ല. അത് മനസ്സിലാക്കാൻ മാത്രമുള്ള വായനാവൈദഗ്ധ്യമോ ചാനൽ സമ്പർക്കമോ എനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട്; ഈ വീഡിയോ ആദ്യമായി കാണിച്ചത് ഞാൻ ഓർമ്മ വച്ച നാൾ മുതൽ വായിക്കുന്ന പത്രത്തിന്റെ ചാനലാണെന്ന് അറിയുന്ന പക്ഷം അടുത്ത ദിവസം മുതൽ ഈ പത്രത്തെ ഞാൻ ബഹിഷ്കരിക്കും തീർച്ച! ഇത്രയ്ക്ക് അധ:പതിക്കാമോ ഈ ചാനലുകൾ? ഇതൊക്കെയാണോ കുട്ടികളും പ്രായമായവരും ഒന്നിച്ചിരുന്നു കാണുന്ന ചാനലുകളിൽ കാണിക്കേണ്ടത്?

മാംസഭുക്കുകളായ ജന്തുക്കൾ ഇര പിടിക്കുമെന്ന് നമുക്കെല്ലാം അറിയാം. മനുഷ്യൻ മീൻ പിടിക്കാറുണ്ടെങ്കിലും അതിനാരും മനുഷ്യൻ ഇര പിടിക്കുന്നു എന്നു പറയാറില്ല. പക്ഷേ മനുഷ്യൻ ഒരു പാട് പുരോഗമിക്കുകയും അവന്റെ സംസ്കാരം മൃഗങ്ങൾ പോലും ശ്രദ്ധിക്കത്തക്കതാവുകയും ചെയ്തതുകൊണ്ടാണ് ബലാൽസംഗക്കേസുകളിൽ സ്ത്രീകളെ  'ഇര' എന്ന് സമീപകാലത്ത് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഈ പശ്ചാത്തലത്തിൽ ബലാൽസംഗം ചെയ്തു, സ്ത്രീപീഡനം നടന്നു എന്നൊക്കെ പറയുന്നതിനു പകരം 'മനുഷ്യൻ ഇര പിടിച്ചു' എന്നു പറഞ്ഞാൽ പോരേ എന്നാണ് ഇപ്പോൾ എന്റെ ചിന്ത. അങ്ങനെയാകുമ്പോൾ മോശമായ വാക്കുകൾ ഒഴിവാക്കുകയും ആകാം. അതെന്തായാലും എം എൽ എ പിടിച്ച ഇര ഏത് എന്ന് അന്വേഷിച്ചപ്പോഴാണ് ഇര തന്നെയാണ് വീഡിയോയുടെ ചിത്രീകരണം നടത്തിയത് എന്ന് മനസ്സിലായത്.

പിന്നീടാണ് എന്റെ ട്യൂബ് ലൈറ്റ് പതുക്കെ കത്താൻ തുടങ്ങിയത്. അധികാരം, സ്വത്തുസമ്പാദനം, വൈരനിര്യാതനം, വിയർപ്പൊഴുക്കതെയുള്ള സുഖജീവിതം എന്നൊക്കെയുള്ള ലക്ഷ്യം കൈ വരിക്കാൻ വിയർപ്പൊഴുക്കുന്ന മനുഷ്യന് ഇമ്മാതിരി വീഡിയോയോ അതിനുപോൽബലകമായ കാര്യമോ ഒന്നും അത്ര മോശത്തരമല്ലെന്ന് എനിയ്ക്ക് ബോദ്ധ്യമായിത്തുടങ്ങി. ഇമ്മാതിരി വീഡിയോ കൊണ്ട് ആർക്കൊക്കെ എന്തെല്ലാം ഉപകാരങ്ങളും ഉപയോഗങ്ങളുമുണ്ട്? അതെല്ലാം മനസ്സിലാക്കതെയല്ലേ ഞാനിത്രയും എഴുതിയത്? ഒന്നാലോചിച്ചാൽ മനുഷ്യരാശിയുടെ നില നിൽപ്പിനാവശ്യമായ കാര്യമല്ലേ വീഡിയോയിൽ കാണുന്നത്? അതെങ്ങനെ മോശമാകും? ഒരിക്കലുമില്ല. ജനങ്ങൾ അത് കണ്ടാസ്വദിക്കുകയല്ലേ? അങ്ങനെയല്ലേ യൂ-ട്യൂബ് വാർത്തകൾ പറയുന്നത്?

ഇനി മറ്റു തരത്തിലും അതിനെ ന്യായീകരിക്കാം. നോക്കൂ, എത്ര പേരാണ് ടെലിവിഷനിൽ ക്രിക്കറ്റും ഫുട്ബോളും മറ്റും കണ്ടാസ്വദിക്കുന്നത്? ഇനി അഥവാ, കാണികൾക്ക് കളി ഇഷ്ടപ്പെട്ടില്ല എന്നു വച്ച് ഏതെങ്കിലും കളിക്കാരൻ കളിയിൽ നിന്ന് രാജി വച്ചിട്ടുണ്ടോ? ഇല്ല തന്നെ. പിന്നെ ഈ എം. എൽ. എ മാത്രം എന്തിന് രാജി വയ്ക്കണം. ആഫ്റ്റർ ആൾ, എം. എൽ എ ഏർപ്പെട്ടതും ഒരു കളിയിലാണെന്നാർക്കാണറിയാത്തത്? കാണികൾക്ക് ഇഷ്ടപ്പെടും എന്നുറപ്പുള്ളത് കൊണ്ടല്ലേ ചാനലുകാർ അത് പ്രക്ഷേപണം ചെയ്തതും? എല്ലാവരും അതാസ്വദിക്കുകയും ചെയ്തു. അപ്പോൾ എന്ത് രാജി, ഏത് രാജി?????????????

ഇനി അതെല്ലാം പോകട്ടെ, ഒരു പുരുഷൻ തന്നെ 'ഇര പിടിക്കുന്നത്' വീഡിയോയിൽ പിടിച്ച് പോലീസിനെ ഏൽപ്പിക്കാൻ തയ്യാറായ സ്ത്രീയുടെ ഉദ്ദേശ്യശുദ്ധിയും ചാരിത്ര്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അച്ഛനും മകനും കൂടിയാണ് ഇര പിടിച്ചത് എന്നൊക്കെ ഇര തന്നെ പറയുമ്പോൾ പുരുഷനും തന്റെ ധാർമ്മികതയൊക്കെ അട്ടത്ത് കേറ്റി വയ്ക്കാവുന്നതേ ഉള്ളൂ. എങ്ങനെ നോക്കിയാലും എം. എൽ. ഏയുടെ രാജിയുടെ ഒരാവശ്യവും ഈ ആൾരൂപത്തിനുള്ളിൽ തെളിയുന്നില്ല.

വാൽക്കഷ്ണം: മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ട മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു.  മാതൃഭൂമിയെ ബഹിഷ്കരിച്ചുകൊണ്ട് മാതൃഭൂമി വായനക്കാരും പ്രതികരിക്കേണ്ടിയിരിക്കുന്നു. ഓർമ്മ വച്ച നാൾ മുതൽ മാതൃഭൂമി (മാത്രം)വായിക്കുന്ന ഒരു തെക്കേ മലബാറുകാരനാണു ഞാൻ. മാതൃഭൂമി പത്രമേ നിനക്കെന്റെ വിട. ഇതാണോ മാതൃഭൂമീ, കെ.പി. കേശവമേനോൻ തുടങ്ങി വച്ച പത്രധർമ്മം? 


2013 മേയ് 25, ശനിയാഴ്‌ച

ആര്യാടൻ മുഹമ്മദ്

പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ ഒരേ ഒരു ആണേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുമായിരുന്നു. മന്ത്രിമാരെല്ലാം നട്ടെല്ലില്ലാത്തവരും അഭിപ്രായം പ്രകടിപ്പിക്കാൻ കരുത്തില്ലാത്തവരും ഒക്കെ ആയിരുന്നു എന്ന് കാണിക്കാനായിരുന്നു ഇങ്ങനെയൊരു പ്രയോഗം നാട്ടിൽ പ്രചരിച്ചിരുന്നത്. എന്നാലും മന്ത്രിസഭയിലെ ഒരേ ഒരു പുരുഷൻ ആരെന്നറിയാൻ എല്ലാവർക്കും ഔത്സുക്യം ഉണ്ടായിരുന്നു. ആകാംക്ഷയും. വൈ. ബി. ചവ്വാനാണോ ജഗ്ജീവൻറാമാണോ വി.സി. ശുക്ലയാണോ അല്ലെങ്കിൽ മറ്റാരാണീ മന്ത്രിസഭയിൽ പൗരുഷം കാണിക്കാൻ മാത്രം ധൈര്യമുള്ള ആൾ എന്ന കാര്യം അന്വേഷിച്ചു വന്നവർ എത്തിയത് ഇന്ദിരാഗാന്ധിയാണ് ആ പുരുഷൻ എന്ന അറിവിലേക്കാണ്! അതെല്ലാം പണ്ട്; പിന്നീട് അടിയന്തരാവസ്ഥ അറബിക്കടലിലെത്തുകയും ഈ മന്ത്രിമാരെല്ലാം കാലയവനികക്കുള്ളിൽ മറയുകയും ചെയ്തു. അതുകൊണ്ട് നമുക്കതെല്ലാം മറക്കാം. മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ!!!!!!

നമുക്ക് നമ്മുടെ കാലത്തേക്ക് വരാം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭൂരിപക്ഷങ്ങൾ തെരഞ്ഞെടുത്ത ന്യൂനപക്ഷങ്ങളുടെ മന്ത്രിസഭ ഭരിക്കുന്ന കേരളത്തിലേക്ക് വരാം. ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞാൽ എണ്ണത്തിൽ കുറഞ്ഞവരെന്നോ ഭൂരിപക്ഷമെന്നാൽ എണ്ണത്തിൽ കൂടിയവരെന്നോ അർത്ഥമില്ല. അല്ലെങ്കിൽ അങ്ങനെ അർത്ഥം കൊടുക്കരുത്. പച്ചയായി പറഞ്ഞാൽ ന്യൂനപക്ഷങ്ങൾ എന്നത് മുസ്ലിം -ക്രിസ്ത്യൻ ജനതയെന്നും ഭൂരിപക്ഷമെന്നത് ബാക്കിയുള്ളവരെന്നുമേ അർത്ഥമാക്കേണ്ടതുള്ളു. ഭൂരിപക്ഷമെന്നതിന് ഹിന്ദുക്കൾ എന്നും കൂടി സാമാന്യമായി പറയാം.  ജാതി (മതം) തിരിച്ചുള്ള കണക്കെടുത്താലേ ആദ്യത്തെ കൂട്ടർ അക്ഷരാർത്ഥത്തിൽ ന്യൂനപക്ഷമാണോ അതോ ഹൈന്ദവർ ഭൂരിപക്ഷമാണോ എന്ന് പറയനൊക്കൂ. അങ്ങനെ ഒരു കണക്കെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അഥവാ അങ്ങനെ ഒരു കണക്കെടുത്താൽ തന്നെ ഏത് അളവുകോൽ വച്ചാണ് ഹിന്ദുക്കൾ ഭൂരിപക്ഷമാകുന്നത്? അതിന് കേരളത്തിലെ ജനസംഖ്യയാണോ മലപ്പുറത്തെ ജനസംഖ്യയാണോ ലോകജന സംഖ്യയണോ അടിസ്ഥാനമാക്കേണ്ടത്? ലോകജനസംഖ്യയാണെങ്കിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. പക്ഷേ അങ്ങനെ വരുമ്പോൾ പലരുടേയും രാഷ്ട്രീയവും മതപരവുമായ താല്പര്യങ്ങൾ ഹനിക്കപ്പെടും. മാത്രമല്ല സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് ഹിന്ദുമതം എന്നതിന്റെ പേരിൽ പുരാവസ്തുക്കൾക്ക് കൊടുക്കുന്നതുപോലെയുള്ള സംരക്ഷണം (പുരാവസ്തുക്കൾ സംരക്ഷിക്കപ്പെടേണ്ടതാണല്ലോ!) ഈ മതത്തിനും മതസ്ഥർക്കും കൊടുക്കേണ്ടതായും വരും. അപ്പോൾ ന്യൂനപക്ഷം കണക്കാക്കാൻ നല്ലത് ഇന്ത്യയിലെ ജനസംഖ്യ അളവുകോലാക്കുന്നതാണ്. അതാണല്ലോ ഇപ്പോഴത്തെ ഇവിടത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് വളരെ അനുകൂലമായ ഘടകവും.

ധാരാളം രാഷ്ട്രീയക്കാരുള്ള നാടാണ് ഭാരതം. മൻമോഹൻ സിംഹൻ, മധുസൂദൻ മിസ്ത്രി, അഹമ്മദ് പട്ടേൽ, ശശി തരൂർ, എ. രാജാ, സുരേഷ് കല്മാഡി എന്നിവരെല്ലാം ജനനേതാക്കളും രാഷ്ട്രീയക്കാരുമാണ്. ഇതുപോലെ എത്ര എത്ര രാഷ്ട്രീയക്കാരുണ്ട് ഈ ഭൂമിമലയാളം മുതലങ്ങോട്ട് കാശ്മീർ വരെ! അവരുടെ ഒക്കെ പേരെഴുതാനെവിടെ സ്ഥലവും സമയവും? വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്നവർ, രാഷ്ട്രീയപ്രവർത്തനത്തിലൂടെ വന്നവർ, ഉദ്യോഗം മതിയാക്കി വന്നവർ എന്നിങ്ങനെ ഏതെല്ലാം തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടിവിടെ. മതപരമായ പശ്ചാത്തലമുള്ളവരും ഒട്ടും കുറവല്ല,  ക്രിസ്ത്യൻ രാഷ്ട്രീയക്കാർ, മുസ്ലിം രാഷ്ട്രീയക്കാർ, ഹിന്ദു രാഷ്ട്രീയക്കാർ എന്നിങ്ങനെ ഉള്ളവരും ധാരാളം ഇവിടെ ഉണ്ടല്ലോ?  ഇന്ദിരഗാന്ധി മന്ത്രിസഭയിലെ പുരുഷൻ ആരെന്ന് ചോദിച്ചതുപോലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഹിന്ദുവായ മന്ത്രി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? എന്തായാലും ഉമ്മൻചാണ്ടിയോ മാണിയോ കുഞ്ഞാലിക്കുട്ടിയോ അല്ലെന്നുറപ്പ്. 'കു' എന്ന പേരിൽ തുടങ്ങുന്ന മൂന്നുപേരാണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്നത് എന്ന് പറഞ്ഞവരും പറയുന്നവരും ഇവിടെ ഉള്ളപ്പോൾ അവരെക്കുറിച്ച് എന്ത് പറയാനാണ്? പിന്നെ ഹിന്ദുവിന്റെ പേരുള്ളവർ ഹിന്ദുവായ മന്ത്രി ആണെന്ന് പറയാനാവില്ല. അവർ പലരും ന്യൂനപക്ഷതാല്പര്യം സംരക്ഷിക്കാൻ സഹകരിക്കുന്നവരാണ്. ഹിന്ദുവാകുമ്പോൾ ഹിന്ദുവിന്റെകൂടി താല്പര്യം സംരക്ഷിക്കാൻ താല്പര്യം ഉണ്ടാവേണ്ടതല്ലേ? അതൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇപ്പോൾ നായരീഴവ ഐക്യമൊക്കെ അഭൂതപൂർവ്വമായി മുന്നേറിക്കൊണ്ടിരിക്കുന്നത്? അതുകൊണ്ട് ഞാൻ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കുന്നില്ല.
 
ഇത്തരം രാഷ്ട്രീയക്കാർ ഉള്ളിടത്ത് തന്നെയാണ് നമ്മുടെ ആര്യാടൻ മുഹമ്മദും ഉള്ളത്. തനിയ്ക്ക് തോന്നുന്നത് തന്റെതായ ശൈലിയിൽ പറയാൻ ധൈര്യവും തന്റേടവും ഉള്ള ആൾ! സമാനതകളില്ലാത്ത രാഷ്ട്രീയനേതാവ്. അദ്ദേഹത്തെപ്പോലെ മറ്റാരുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ? കേരളത്തിൽ ജനിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ശോഭ മറ്റുള്ളവർ കാണാതിരിക്കാൻ കാരണം. മുസ്ലിം ലീഗുമായുള്ള ഇടപെടലിലായാലും സാമുഹ്യപ്രശ്നങ്ങളിലായാലും അദ്ദേഹത്തിന്റെ അഭിപ്രായം തികച്ചും പക്വമതിയായ രാഷ്ട്രീയനേതാവിന്റേതാണ്. സ്വാർത്ഥതയോ രാഷ്ട്രീയലാഭമോ മതപരമായ താത്പര്യങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല. ദേശീയവാദിയായ മുസ്ലിം എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ദേശീയവാദിയായ മനുഷ്യൻ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. ഏറ്റവും പുതിയതായി  അദ്ദേഹം പറഞ്ഞ അഭിപ്രായം ഹിന്ദുമതത്തെക്കുറിച്ചാണ്. 

അദ്ദേഹം പറഞ്ഞതിന്റെ ന്യൂസ് പേപ്പർ കട്ടിങ്ങ് ഞാനിവിടെ കൊടുക്കുന്നുണ്ട്. ഒരു ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞത് ഹിന്ദുമതത്തോടുള്ള ബഹുമാനം കൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ്. തന്റെ (മറ്റുള്ളവരുടേയും) മുതുമുത്തച്ഛന്മാർ ഹിന്ദുക്കളായിരുന്നുവെന്ന് പറയാനുള്ള ആർജവവും നിഷ്ക്കളങ്കതയും അദ്ദേഹത്തിന്റെ മനസ്സിനു സ്വന്തം. ഹിന്ദുമതം മറ്റുമതങ്ങളെപ്പോലെയായിരുന്നെങ്കിൽ ഇവിടെ മറ്റു മതങ്ങൾ കാണുമായിരുന്നില്ല എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. ശരിയാണ്, ഇനിയൊരു മതം ഉണ്ടാകുന്നില്ല എന്നുറപ്പു വരുത്താൻ കൂടിയല്ലേ അവരെല്ലാം ഏകദൈവവിശ്വാസികളായത്? അതുകൊണ്ടല്ലേ ഇപ്പോൾ അസംതൃപ്തനായ ഏതെങ്കിലും ക്രിസ്ത്യാനിക്കോ മുസല്മാനോ മറ്റൊരു മതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്?  

ഹിന്ദുമതം മതമല്ല എന്നുകൂടി ആര്യാടൻ പറഞ്ഞു.  ഹിന്ദുമഹാസമ്മേളനത്തിൽ പറഞ്ഞതുപോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യവും ആർജ്ജവവും കാണിച്ച ജനാബ് ആര്യാടൻ മുഹമ്മദിന് എന്റെ അകമഴിഞ്ഞ ആശംസകൾ. നേരിനെ നേരായി പറയാൻ അദ്ദേഹത്തിന് അള്ളാഹു ഇനിയും അവസരങ്ങൾ നൽകട്ടെ!!!!!!!!!
 


2012 നവംബർ 28, ബുധനാഴ്‌ച

മനുഷ്യ നിർമ്മാണ കല

കല ആസ്വദിക്കാനുള്ളതാണ്.  ആസ്വാദനക്ഷമമല്ലാതാകുമ്പോഴാണ് കല വിമർശിക്കപ്പെടുന്നത്. അപ്പോഴും അതിനെ പ്രകീർത്തിക്കാനും സ്വീകരിക്കാനും ഒരു കൂട്ടർ കാണും. അല്ലെങ്കിലും അതങ്ങനെയാണ്; അമ്മയെ തല്ലിയാലും രണ്ടുണ്ടഭിപ്രായം എന്നല്ലെ പറയാറ്?

പാട്ടും സംഗീതവുമൊക്കെ കേൾപ്പിച്ചാൽ പശുക്കൾ കൂടുതലായി പാൽ ചുരത്തുമെന്നും ചെടികൾ വേഗത്തിൽ വളരുമെന്നും മറ്റും കേട്ടിട്ടുണ്ടെങ്കിലും വൃക്ഷമൃഗാദികൾ കലാസ്വാദകരൊന്നുമല്ല. അവരിൽ കലാകാരന്മാർ ഇല്ലാത്തതായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം. അതെന്തായാലും കലയ്ക്കും വിദ്യാഭ്യാസത്തിനും ഒക്കെ ഒരു കൂട്ടർ എതിരാണെങ്കിലും മനുഷ്യർ പൊതുവേ കലാസ്വാദകരാണ്.

കലകൾ പലതരമുണ്ട്. അവയിൽ ഏറ്റവും പ്രധാനം ദൃശ്യകല തന്നെയാണ്. ദൃശ്യമായാലും ദൃശ്യേതരമായാലും കല പ്രതിനിധാനം ചെയ്യുന്നത് നമ്മുടേ സംസ്കാരത്തെത്തന്നെയാണ്. ചിരപുരാതനമായ പല കലാരൂപങ്ങളും നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും ഇന്ന് ഏറ്റവും ജനകീയമായ കല സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെയാണല്ലോ സിനിമാതാരങ്ങൾക്കൊക്കെ ജനങ്ങൾക്കിടയിൽ ഇത്ര സ്വീകാര്യത! പക്ഷേ അത് താരതമ്യേന പുതിയതായ കലയാണ്.

ആധുനികമായ മറ്റൊരു കലയാണ് പരസ്യകല. പരസ്യകല ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളുടെ സ്ഥിതി കട്ടപ്പൊകയാകുമായിരുന്നു. ടെലിവിഷനിൽ പല സീരിയലുകളും കാണുമ്പോൾ അതിൽ പരിപാടിയാണോ പരസ്യമാണോ മുന്നിട്ടു നിൽക്കുന്നതെന്ന് പറയുക അസാദ്ധ്യം. ഒരു മിനിറ്റും രണ്ടു മിനിറ്റും മറ്റുമുള്ള പരസ്യങ്ങൾക്ക് അഭിനേതാക്കൾ ലക്ഷങ്ങളും കോടികളുമല്ലേ വാങ്ങുന്നത്? അതു തന്നെയല്ലെ കലയുടെ വില?

കല നമ്മുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെങ്കിലും സിനിമയിലെങ്കിലും അത് എല്ലായ്പ്പോഴും ശരിയാണെന്ന് പറയാനാകില്ല. ഈ സെൻസർ ബോർഡ് ഇടപെടുന്നതിനാൽ സംവിധായകനും അഭിനേതാക്കളും കാണിക്കാനുദ്ദേശിക്കുന്ന പല കലകളും പ്രേക്ഷകനെ കാണിക്കാൻ പലപ്പോഴും അവസരം കിട്ടാതെ പോകുന്നു എന്നത് തന്നെ അതിനു കാരണം.  പക്ഷേ പരസ്യകലയിൽ നിർമ്മാതാവിനും അഭിനേതാവിനും കൂടുതൽ പ്രദർശനസ്വാതന്ത്ര്യമുണ്ട്. എന്നാലല്ലേ പരസ്യത്തിൽ പറയുന്ന പ്രോഡക്റ്റിനുവേണ്ടി കാഴ്ചക്കാരെ വശീകരിക്കാനാവൂ? "കാമസൂത്ര"യുടെ പരസ്യമെല്ലാം അതല്ലേ കാണിക്കുന്നത്? കണ്ണുകൾ മടങ്ങാൻ മടിക്കുന്നതാണീ രംഗങ്ങൾ. അതിൽ ഒരു മലയാളനടി അഭിനയിച്ചതായും കേട്ടിട്ടുണ്ട്.

ഇനി സിനിമയായാലും പരസ്യമായാലും നഗ്നശരീരപ്രദർശനത്തിന് ഒരു പരിധിയൊക്കെയുണ്ട്. നഗ്നമേനി മുഴുവനായി തിരശ്ശീലയിൽ പ്രദർശിപ്പിക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് തോന്നുന്നു. പക്ഷേ അത്തരം രംഗങ്ങൾ മാത്രമേ അഭിനേതാവിനായാലും ശിൽപ്പികൾക്കായാലും വലിയ തോതിലുള്ള ഗുണം ചെയ്യുകയുള്ളൂ . അതിനെന്താണൊരു വഴി?

കളിമൺപാത്ര നിർമ്മാണം ഒരു കലയല്ല. കളിമൺപാത്രമുണ്ടാക്കാൻ കലാഭിരുചി വേണ്ട എന്നതല്ല അതിനു കാരണം. ചേതോഹരങ്ങളായ എന്തെല്ലാം തരം കളിമൺ പാത്രങ്ങൾ നമ്മൾ വിപണിയിൽ കണ്ടിരിക്കുന്നു? പക്ഷേ അതൊരു വ്യവസായമാണ് കണക്കാക്കപ്പെടുന്നത്. പണ്ടൊക്കെ അതൊരു കുടിൽ വ്യവസായമായിരുന്നു. ഇന്ന് ഈ കളിമൺപാത്രവ്യവസായം അന്യം നിന്നു പോയിട്ടുണ്ടാകാനാണ് സാദ്ധ്യത. പലവിധമായ പ്ലാസ്റ്റിക് പാത്രങ്ങളും റഫ്രിജറേറ്ററും മനുഷ്യന്റെ ഉപഭോഗാസക്തിയും കൂടെയാകുമ്പോൾ കളിമൺപാത്രങ്ങൾക്ക് എന്ത് ഡിമാന്റുണ്ടാകാനാണ്?

കളിമൺപാത്ര നിർമ്മാണം കലയല്ലെങ്കിലും മനുഷ്യ നിർമ്മാണം ഒരു കലയാണ്. "മനുഷ്യ നിർമ്മാണ കല" എന്ന് കേട്ടിട്ടില്ലേ? കേട്ടിട്ടല്ല, കണ്ടിട്ടും ഉണ്ടാകാനാണ് സാദ്ധ്യത. ഒന്നുമില്ലെങ്കിലും നമ്മളീ ആധുനിക ലോകത്തിലല്ലേ ജീവിക്കുന്നത്?  "മനുഷ്യ നിർമ്മാണ കല"യ്ക്കായി വെബ്സൈറ്റുകൾ വരെ പ്രചാരത്തിലില്ലേ?

കല പ്രദർശിപ്പിക്കാനുള്ളതാകുകയും മനുഷ്യനിർമ്മാണം ഒരു കല ആകുകയും ചെയ്യുമ്പോൾ നഗ്നമേനീ പ്രദർശനവും വരുമാനവർദ്ധനവും തികച്ചും അയത്നലളിതം. മനുഷ്യനിർമ്മാണം എന്നാൽ മനുഷ്യസൃഷ്ടിയല്ലാതെ മറ്റെന്താണ്? മനുഷ്യനെ സൃഷ്ടിക്കുന്ന ഈ സൃഷ്ടികർമ്മം സത്യത്തിൽ ഒരു കലയാണ്. ബീജസങ്കലനം മുതൽ പ്രസവം വരെയുള്ള ഓരോ ഘട്ടത്തിലും അടങ്ങിയിരിക്കുന്ന കല ബന്ധപ്പെട്ട കലാകാരന്മാർക്കും കലാകാരികൾക്കുമേ അറിയൂ. പക്ഷേ സൃഷ്ടികല എന്നു പറയുമ്പോൾ അതിനൊരു സുഖം പോര. ശ്രേഷ്ഠഭാഷാ പദവിക്കായി കണ്ണും നട്ടിരിക്കുന്ന മലയാളത്തിലെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ഭംഗി പോരാ എന്നു പറയുന്നത് ഒരു കുറച്ചിലല്ലേ? അപ്പോൾ മനുഷ്യസൃഷ്ടിക്കുപയോഗിക്കാവുന്ന നല്ല പേര് മനുഷ്യനിർമ്മാണം എന്നു തന്നെ.

സത്യത്തിൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള കലയാണീ മനുഷ്യനിർമ്മാണകല. മനുഷ്യന്റെ കാലം തൊട്ടേ മനുഷ്യനിർമ്മാണകലയും ഇവിടെയുണ്ട്. മനുഷ്യനിർമ്മാണകലയുടെ ആദ്യഭാഗത്തെ കുറിച്ച് വത്സ്യായനമഹർഷി കാമസൂത്രത്തിൽ എന്തെല്ലാം എഴുതുകയും വരയ്ക്കുകയും ചെയ്തിരിക്കുന്നു?

ഇപ്പോൾ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ സംവാദവും വിവാദവും സൃഷ്ടികർമ്മം  (പ്രസവം) സിനിമയിൽ കാണിക്കുന്നതിനെക്കുറിച്ചാണ്.  സൃഷ്ടികർമ്മം മനുഷ്യനിർമ്മാണം ആയിരിക്കുകയും മനുഷ്യനിർമ്മാണം ഒരു കല ആയിരിക്കുകയും കല പ്രേക്ഷകന് ആസ്വദിക്കാനുള്ളതായിരിക്കുകയും ചെയ്യുമ്പോൾ അത് സിനിമയിൽ കാണിക്കുന്നതിൽ എന്താണപാകത? കഥകളി എന്ന കല സിനിമയിൽ കാണിച്ചാൽ കഥകളി കലയല്ലാതാകുമോ? അപ്പോൾ പിന്നെ മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നതിൽ എന്തിത്ര എതിർപ്പ്? സ്വാമിമാർ വരെ മനുഷ്യനിർമ്മാണകലയെക്കുറിച്ച് പാടി നടക്കുമ്പോൾ ചലച്ചിത്രകാരന്മാർക്ക് മാത്രം എന്തിനീ ഉപരോധം?  മനുഷ്യനിർമ്മാണകല സിനിമയിൽ കാണിക്കുന്നത് ഈ കലയ്ക്ക് ജനങ്ങളിൽ കൂടുതൽ വേരോട്ടം ഉണ്ടാക്കുന്നതിന് സഹായിക്കുകയല്ലേ ഉള്ളൂ?

സത്യത്തിൽ ഇപ്പോൾ സിനിമയിൽ കാണിക്കുന്നത് മനുഷ്യനിർമ്മാണകലയിലെ അവസാനഭാഗം മാത്രമാണ്. അത് ഒരു വമ്പിച്ച വിജയമായാൽ മനുഷ്യനിർമ്മാണകലയിലെ ആദ്യഭാഗവും ഇനിയൊരു സിനിമയിൽ കാണാനവസരം കിട്ടും. ഈ ആദ്യഭാഗം കാണണമെങ്കിൽ വല്ല അശ്ലീലസൈറ്റുകളേയും ആശ്രയിക്കേണ്ട നമ്മുടെ ഇപ്പോഴത്തെ ഗതികേട് മാറിക്കിട്ടുകയും ചെയ്യും.  ഒരു പക്ഷേ ഇതെല്ലാം ഭാവിയിൽ ടിക്കറ്റ് വച്ച് പ്രദർശിപ്പിക്കാനും മതി. പണത്തിനു മേലേ പരുന്തും പറക്കില്ലല്ലോ!

ബെഡ്റൂമിലും ലേബർറൂമിലും മനുഷ്യനിർമ്മാണകലയെ തളച്ചിടാനുള്ള രാഷ്ട്രീയക്കാരുടെ ഗൂഡനീക്കങ്ങളെ എതിർക്കാനും അതിനെ ജനകീയമാക്കാൻ അണിയറശിൽപ്പികൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും പുരോഗമനവാദിയായ മലയാളി മുന്നിൽ നിന്നു പ്രവർത്തിക്കാതിരിക്കുമോ?

(നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ എന്റെ മനസ്സിൽ ഉണ്ടാക്കിയ അനുരണനങ്ങൾ മാത്രമാണിത്. അല്ലാതെ ആരെയെങ്കിലും ലക്ഷ്യം വച്ച് ഞാനൊന്നും എഴുതിയിട്ടില്ല.)