2012, ഏപ്രിൽ 22, ഞായറാഴ്‌ച

പ്രതീക്ഷ

ജീവിതത്തെക്കുറിച്ചു പറയുമ്പോൾ മൂന്നു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുക. ജീവിയ്ക്കാനാവശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അതെന്ന് അബദ്ധവശാൽ ഇതാരെങ്കിലും വായിക്കാനിടയായാൽ ധരിച്ചേക്കും. അതല്ല, ജീവിച്ചിരിക്കാനാവശ്യമായ 3 കാര്യങ്ങളാണ് ഞാൻ ഓർക്കുക. അത് ഇത് മൂന്നുമല്ല. ചെയ്യാനെന്തെങ്കിലും, സ്നേഹിയ്ക്കാനെന്തെങ്കിലും, പ്രതീക്ഷിക്കാനെന്തെങ്കിലും എന്നിവയാണെന്റെ മനസ്സിൽ ഓടിയെത്തുന്ന  ആ 3 കാര്യങ്ങൾ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം. ചെയ്യാൻ ജോലിയൊന്നുമില്ലാത്ത എത്രപേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! സ്നേഹിക്കാനാരുമില്ലാതെ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! പക്ഷേ................. പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ ജീവിച്ചിരിക്കുക അസാദ്ധ്യം. ജീവിതത്തിൽ പ്രതീക്ഷ അറ്റവർ എന്തു ചെയ്യുന്നു എന്നൊന്നും ഞാനിവിടെ എഴുതേണ്ടതില്ല!

"പ്രതീക്ഷ" എന്നു പറയുമ്പോൾ എന്തൊക്കെയാണ് മനസ്സിലോടി എത്തുന്നത്!?

 നെയ്യാറ്റിൻകരയിൽ ഇരുമുന്നണിയ്ക്കും വിജയപ്രതീക്ഷ..................

പഴയ ആ കാലം ഇനി വരില്ലെങ്കിലും "പ്രതീക്ഷ" കൈവിടാതെ ഉള്ള മുന്നോട്ടുള്ള പ്രയാണം............

കർഷകർക്ക് പ്രതീക്ഷ നൽകാത്ത ബജറ്റ് .........

വിപണിയുടെ പ്രതീക്ഷ...........

മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാത്ത മക്കൾ..........

അമിത പ്രതീക്ഷ, ഏക പ്രതീക്ഷ, ഒരു ചെറിയ പ്രതീക്ഷ, വലിയ പ്രതീക്ഷ, അവസാന പ്രതീക്ഷ, . . . . . . . . . . . . . . . . . . . . . . . .

പ്രതീക്ഷകൾ പല വിധത്തിലാണ്, അവ അവസാനിക്കുന്നില്ലേയില്ല.

ചെറുപ്പത്തിൽ എനിയ്ക്കും ഉണ്ടായിരുന്നിരിക്കാം പ്രതീക്ഷകൾ. അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ! പക്ഷേ പണ്ടത്തെ ആ പ്രതീക്ഷകളൊന്നും ഇപ്പോൾ മനസ്സിലില്ല. വലിയ ജോലി........ സുന്ദരിയായ ഭാര്യ....... എയർ കണ്ടീഷൻ ചെയ്ത വലിയ ബംഗ്ലാവ്,........  ചലിക്കുന്ന കൊട്ടാരം പോലത്തെ കാറ്........... ഇതൊക്കെ, ഒരു പക്ഷേ, ഞാനും അന്ന് പ്രതീക്ഷിച്ചിരിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം കൂടാതെ പ്രതീക്ഷിക്കാമെന്നതുകൊണ്ടും പ്രതീക്ഷിക്കാൻ വാറ്റും നികുതിയും ഒന്നും വേണ്ടാത്തതുകൊണ്ടും പ്രതീക്ഷകളുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്.  പകൽക്കിനാവുകളിൽ പ്രതീക്ഷകളെയും പ്രതീക്ഷിച്ചിരിക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും പ്രതീക്ഷ ഫലവത്താകുക എന്നത് എളുപ്പമല്ല എന്നാണ് പക്ഷേ ജീവിതം പഠിപ്പിച്ചത്.  പ്രതീക്ഷിച്ചത് ഓരോന്നും ഫലവത്താകാതെ പോകുന്നത് അറിയുമ്പോഴും പുതിയ പുതിയ പ്രതീക്ഷകൾ മനസ്സിൽ ചേക്കേറുന്നത് കാരണം ജീവിച്ചിരിക്കാനുള്ള ചോദന മനസ്സിലും ജീവിതത്തിലും അനുസ്യൂതം നിലനിന്നു. ഒടുവിൽ ജീവിതം വർഷങ്ങളുടെ അർദ്ധസെഞ്ച്വറി പിന്നിട്ടപ്പോഴാണ് പ്രതീക്ഷകൾ എല്ലാം ചാപിള്ളകൾ ആയിരുന്നെന്നും പ്രതീക്ഷിക്കുന്നതിൽ ഇനി അർത്ഥമില്ലെന്നും പ്രതീക്ഷിക്കാനിനി ഒന്നുമില്ലെന്നും ഉള്ള വലിയ സത്യം മനസ്സിനെ ഗ്രഹിച്ചത്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നിട്ടും ഇതായിപ്പോയല്ലോ എന്റെ ഗതി എന്ന് ഞാൻ വ്യാകുലപ്പെട്ടു. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു മകളുണ്ടായിരുന്നെങ്കിൽ അവൾക്ക് പ്രതീക്ഷ എന്ന് പേരിടാമായിരുന്നെന്നും എങ്കിൽ എപ്പോഴും മനസ്സിലും ജീവിതത്തിലും പ്രതീക്ഷ ഉണ്ടാകുമായിരുന്നെന്നും ഉള്ള ഒരു ആശയം എന്റെ മനസ്സിലുദിച്ചത്. അപ്പോൾ ഇനി ഒരു മകൾക്കുള്ള ബാല്യം എനിക്കില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ആൺകുട്ടികൾക്ക് പ്രതീക്ഷ എന്നു പേരിടാൻ പറ്റാത്തതിലെ അനൗചിത്യം അന്നെന്നെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോഴാണ് ഭാര്യയുടെ പേര് പ്രതീക്ഷ എന്നാക്കിയാലോ എന്ന് ഞാൻ ഗൗരവമായി ചിന്തിച്ചത്. പക്ഷേ മദ്ധ്യവയസ്സ് കഴിഞ്ഞ, ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെ പേര് പ്രതീക്ഷ എന്നാക്കുന്നതിലെ അപാകത ഞാൻ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാൻ ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു മലയാളത്തിൽ ബ്ലോഗുകൾ പ്രചുരപ്രചാരം നേടിയതും മലയാളികളെല്ലാം ബ്ലോഗർമാരായതും. കൊടകരപുരാണങ്ങളെല്ലാം ബൂലോകത്ത് കത്തി നിൽക്കുന്ന കാലം........... ബ്ലോഗിന്റെ രൂപത്തിലാണ് അപ്പോൾ പ്രതീക്ഷ എന്നെ ചുറ്റിപ്പിടിച്ചത്. **ചുള്ളന്മാരെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭരാക്കാമെന്ന നിർദ്ദോഷമായ നിർദ്ദേശം മനസ്സിൽ സ്വയം പൊന്തി വന്നപ്പോൾ അതിലടങ്ങിയ വങ്കത്തം മനസ്സിലാകാതെ ആൾരൂപത്തിന്റെ വേഷം കെട്ടി, അടങ്ങാത്ത പ്രതീക്ഷയോടെ, ബ്ലോഗ് തുടങ്ങിയതും ബൂലോകത്ത് **പട്ടിണി കൂടാതെ കഴിയാനുള്ള ഒരു ദിവസം ഒന്നെന്ന കമന്റ് പോലും കിട്ടാതെ പ്രതീക്ഷ എന്നോട് വിട പറഞ്ഞപ്പോൾ ഞാൻ ബ്ലോഗിനോടും വിട പറഞ്ഞതും ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യത്തിനൊരു ഉത്തരവും കിട്ടാത്തവണ്ണം പ്രതീക്ഷകൾ എന്നെ കൈവിട്ടപ്പോഴാണ് ഒടുവിൽ ഞാൻ കേരളം വിടാനായി ഡൽഹിക്കുള്ള വിമാനവും പ്രതീക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലിരുന്നത്. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയതിനാലാവാം ആ പ്രതീക്ഷ എന്തായാലും സഫലമാവുകയും ഞാൻ ഉത്തരേന്ത്യയിൽ കാലു കുത്തുകയും ചെയ്തു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ഉത്തരപ്രദേശിലെ നോയ്ഡയിലേക്ക് കാറിൽ പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല മരണമില്ലാത്ത പ്രതീക്ഷകളുടെ പറുദീസയിലേക്കാണ് ഞാൻ പോകുന്നതെന്ന്.

അടുത്ത ദിവസം ബസ്സ് കാത്തു നിൽക്കുമ്പോൾ എനിയ്ക്ക് വലിയൊരു കാര്യം മനസ്സിലായി... ഇവിടെ, ഭാരതത്തിന്റെ ഈ ഹൃദയഭൂമിയിൽ, ബസ്സ് കാത്തു നിൽക്കുന്നതു പോലും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നത് ആയിരുന്നു അത്. നോയ്ഡയിലെ പൊള്ളുന്ന വെയിലിൽ ബസ്സ് കാത്ത് മണിക്കൂറുകൾ നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  "യാത്രിയോം, ധ്യാൻ ദേ, ബസ് ഏക് ഖണ്ടേ കീ ദേരീ സെ ചൽ രഹീ ഹെ, കൃപയാ ബസ് കേ ലിയേ പ്രതീക്ഷാ കീജീയേ; ആപ്കീ അസുവിധാ കേലിയേ ഹമേം ഖേദ് ഹെ!" എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നത് ഞാൻ അവിടെ നിന്നുകൊണ്ട് പ്രതീക്ഷാപൂർവ്വം കേട്ടു. എന്റെ പുതിയ ജീവിതത്തെപ്പറ്റി വീട്ടിലേക്കൊരു എഴുത്ത് സ്പീഡ്പോസ്റ്റ് ആയി അയക്കാൻ നോയ്ഡയിലെ പോസ്റ്റ് ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ, ക്യൂ നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതായി എനിയ്ക്ക് സ്വയം ബോദ്ധ്യമാവുകയുണ്ടായി. ഏത് കൗണ്ടറിലാണ് സ്പീഡ്പോസ്റ്റ് എടുക്കുക എന്ന് അവിടത്തെ എൻക്വയറിയിൽ ചോദിച്ചപ്പോൾ 'വോ ലംബീ ലയിൻ കേ പീച്ചേ പ്രതീക്ഷാ കരോ' എന്നാണൊരാൾ എന്നെ ഉപദേശിച്ചത്. പോസ്റ്റൽ ക്ലാർക്ക് വളരെ പതുക്കെ ജോലി ചെയ്തതിനാൽ ക്യൂവിൽ എനിയ്ക്ക് ധാരാളം നേരം പ്രതീക്ഷ കൈ വിടാതെ നിൽക്കാനായി. എന്തിനധികം പറയുന്നു, ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചതു പോലും പ്രതീക്ഷ കൈ വിട്ടില്ല. "ആപ് കീ കോൾ പ്രതീക്ഷാ മേം രഖാ ഹെ' എന്നാണ് ഒരു കിളിമൊഴി എന്റെ ഫോണിലൂടെ മൊഴിഞ്ഞത്. ഫോൺ വിളിയ്ക്ക് പോലും പ്രതീക്ഷയായാലുള്ള സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!!

പ്രതീക്ഷകൾക്ക് വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യ എന്ന് പിന്നീടുള്ള ആഴ്ചകളും മാസങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി.  ചുവപ്പുനാടയിൽ കുടുങ്ങി മലയാളിയെ നിരാശനാക്കുന്ന കാര്യങ്ങൾക്ക് വരെ ഇവിടെ പ്രതീക്ഷ ബാധകമാണെന്ന് ഞാൻ ഓഫീസുകളിൽ നിന്ന് മനസ്സിലാക്കി.  നാട്ടിലേക്ക് പോകാനായി ഒരു റെയിൽവേ ടിക്കറ്റെടുക്കാമെന്ന് കരുതി സ്റ്റേഷനിൽ പോയപ്പോഴല്ലേ അറിയുന്നത് അവിടെ പ്രതീക്ഷിക്കാൻ മാത്രമായി ഒരു ആലയമുണ്ടെന്ന്. അതിന്റെ പേരത്രേ പ്രതീക്ഷാലയം എന്ന്.... എത്ര നേരം വേണമെങ്കിലും അവിടെ പ്രതീക്ഷിച്ചിരിക്കാം എന്നതത്രേ ഈ പ്രതീക്ഷാലയങ്ങളുടെ പ്രത്യേകത. നമ്മുടെ നാട്ടിലൊക്കെ അനാഥാലയം, വൃദ്ധസദനം എന്നൊക്കെയേ ഞാൻ കേട്ടിട്ടുള്ളു. പ്രതീക്ഷാലയങ്ങളിൽ എത്ര നേരം വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം എന്ന അറിവ് എന്നിൽ മറ്റൊരു പ്രതീക്ഷയും ഉണർത്തി. നാട്ടിലെ മക്കൾ നോക്കാത്ത വൃദ്ധനും വൃദ്ധയും വൃദ്ധാലയങ്ങളിൽ പോയി നരകിക്കുന്നതിലും നല്ലതല്ലേ ഉത്തരേന്ത്യയിലെ ഈ പ്രതീക്ഷാലയങ്ങളിൽ വന്ന് പ്രതീക്ഷിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രതീക്ഷ. ഇവിടത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റാൻഡുകളിലും പ്രതീക്ഷാലയമുണ്ടെന്നത് പ്രതീക്ഷയ്ക്ക് തികച്ചും വക നൽകുന്ന ഒന്നാണ്.  ഞാൻ ഈയിടെ നടത്തിയ കാശിയാത്രക്കിടെ വഴിയിൽ കണ്ട ഒരു പ്രതീക്ഷാലയത്തിന്റെ ചിത്രം ഞാനിവിടെ കൊടുത്തിട്ടുണ്ട്.  അതിൽ സൂക്ഷിച്ചു നോക്കിയാൽ പ്രതീക്ഷാലയ് എന്നെഴുതി വച്ചിരിക്കുന്നത് കാണാം.

  ആളും അർത്ഥവും ഇല്ലാതെ അടഞ്ഞു കിടക്കുന്ന ഇതു പോലുള്ള പ്രതീക്ഷാലയങ്ങൾക്ക് ഇത്തിരി ആളും അനക്കവും വേണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണമെന്ന് എനിയ്ക്ക് തോന്നി. സമൂഹത്തിനായി എനിയ്ക്കും നല്ലതെന്തെങ്കിലും ചെയ്യാവുന്നതല്ലേ? അതുകൊണ്ട് കാലനുപോലും വേണ്ടാത്ത വൃദ്ധജനങ്ങളെയെല്ലാം ഇങ്ങോട്ടേയ്ക്ക്, ഇവിടത്തെ പ്രതീക്ഷാലയങ്ങളിലേയ്ക്ക്,  ക്ഷണിച്ചാലോ എന്നാണിപ്പോഴെന്റെ ചിന്ത മുഴുവനും............

                                                            x x x x x x x x x x

** ബൂലോഗത്തു നിന്നും കടമെടുത്ത വാക്കുകളും പ്രയോഗങ്ങളും

1 അഭിപ്രായം:

ആൾരൂപൻ പറഞ്ഞു...

മലയാളികൾ പ്രതീക്ഷ എന്ന വാക്ക് പലപ്പോഴും പ്രത്യാശ എന്ന അർത്ഥം വരുന്ന തരത്തിൽ ഉപയോഗിക്കുമ്പോൾ ഹിന്ദിയിൽ അതിനെ കാത്തിരിപ്പ് എന്ന അർത്ഥം വരുന്ന തരത്തിൽ ഉപയോഗിക്കുന്നു എന്ന് കാണിക്കുക മാത്രമേ ഞാൻ ഈ കുത്തിക്കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നുള്ളു.