വീടിനും വീട്ടുകാർക്കും വേണ്ടി ഹോമിക്കപ്പെട്ടതാണല്ലോ വീട്ടമ്മമാരുടെ ജീവിതം! ഉടുത്തൊരുങ്ങി, പുറത്തിറങ്ങി നടക്കാനൊരു അവസരവും സ്വന്തമായി ഒരു വരുമാനവും തരുന്ന തരത്തിലുള്ള ഒരു തൊഴിലില്ലാത്തവരെയാണല്ലോ നാം പൊതുവേ വീട്ടമ്മമാരെന്നു പറയുന്നത്. വീടെന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്നതാണ് അവരുടെ പകലുകൾ. ഇനി ഭർത്താവ് ഉദ്യോഗസ്ഥനും കൃത്യസമയത്ത് ഓഫീസിലെത്തുന്നവനും ആണെങ്കിൽ വീട്ടമ്മയ്ക്ക് തന്റെ പകലുകൾ നേരത്തേ തുടങ്ങേണ്ടതും ഉണ്ട്. പിന്നീടങ്ങോട്ട് സന്ധ്യ വരെ പകലിനെ തള്ളി നീക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അയൽവാസികൾ അന്യഭാഷക്കാരും ദേശക്കാരുമാണെങ്കിൽ പിന്നത്തെ കാര്യം ഒട്ടും പറയുകയും വേണ്ട. ന്യൂസ്പേപ്പറും സീരിയലുമൊക്കെയായി ഒന്നോ രണ്ടോ മണിക്കൂറൊക്കെ ചെലവാക്കാമെങ്കിലും അതു കൊണ്ടു തീരുന്നതല്ലല്ലോ പകലിന്റെ നീളം. അതുകൊണ്ടൊക്കെയായിരിക്കാം വീടൊന്നു മോടി പിടിപ്പിക്കണമെന്ന് എന്റെ ഭാര്യക്ക് തോന്നിയത്. അങ്ങനെയാകുമ്പോൾ വിരസമായ പകലുകൾ കുറച്ചെങ്കിലും നീങ്ങിക്കിട്ടും എന്നവൾ കരുതിയിരിക്കാം. അങ്ങനെയാണ് കുറച്ച് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിൽ പോകാൻ കൂട്ട് പോകണമെന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞത്. പക്ഷേ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കാൻ നേരം കിട്ടാതെ ഓഫീസ് കാര്യങ്ങൾക്ക് ഓടി നടക്കുന്ന എനിയ്ക്ക് അവളുടെ ആ ആഗ്രഹം നടത്തിക്കൊടുക്കാനൊന്നും ആയില്ല. ഈ ശനിയാഴ്ചയാകട്ടെ, അടുത്ത അവധിദിവസത്തിലാവട്ടെ എന്നെല്ലാം ഓരോ ഒഴികഴിവ് പറഞ്ഞ് വീട് മോടിപ്പെടുത്താനുള്ള അവളുടെ മോഹം ഞാൻ നീട്ടിനീട്ടിക്കൊണ്ടു പോയി. അതിലിടയ്ക്ക് ശൈത്യകാലം തുടങ്ങുകയും കമ്പിളി പുതച്ച് ഭാര്യ വീട്ടിലിരിക്കാൻ തുടങ്ങുകയും ചെയ്തു. ഉത്തരപ്രദേശിലെ തണുപ്പ് ഉത്തരപ്രദേശിൽ താമസിച്ചവർക്കല്ലേ അറിയൂ? അസഹ്യമായ ആ തണുപ്പ് കാരണം അവൾ പിന്നെ പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങാനോ മെനക്കെട്ടില്ല.
തണുപ്പ് മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നതിലിടയ്ക്ക് അവൾ വീണ്ടും അവളുടെ ആഗ്രഹം പുറത്തെടുത്തു. വീട് മോടിയാക്കാനുള്ള സാധനങ്ങൾ വാങ്ങാനായി പിന്നത്തെ ശ്രമം. പക്ഷേ, പുറത്ത് പോകാൻ എന്റെ സഹായം അവൾ അഭ്യർത്ഥിച്ചില്ല; തണുപ്പ് മാറുന്നതിലിടയ്ക്ക് അവൾ കുറച്ച് അയൽവാസികളുമായി സമ്പർക്കം സ്ഥാപിച്ചിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഇനി എന്തെങ്കിലും അത്യാവശ്യത്തിന് അവരുടെ കൂടെ പുറത്ത് പോകാവുന്നതേ ഉള്ളൂ എന്ന് ഞാനവളെ പ്രോത്സാഹിപ്പിച്ചു. തണുപ്പ് പോലെയോ അതിലധികമോ അസഹ്യമാണ് ഇവിടത്തെ ചൂട് എന്നറിയാവുന്ന ഞാൻ, “എങ്കിൽ പിന്നെ പുറം പൊള്ളുന്ന ചൂട് തുടങ്ങുന്നതിനു മുമ്പ് വേണ്ടതൊക്കെ പോയി വാങ്ങിക്കൂടെ” എന്ന് പച്ചക്കൊടി കാട്ടുകയും ചെയ്തു.
ഒരു ദിവസം ഞാൻ ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോൾ കട്ടിലിൽ നിറയെ പുതിയ തുണിയും മറ്റു കുണ്ടാമണ്ടികളും വാരി വലിച്ചിട്ടിരിക്കുന്നത് കണ്ടു. എല്ലാം അവൾ അന്ന് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടു വന്നതാണ്. കട്ടിലിൽ കിടക്കുന്ന സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 'ഞാൻ നാലു പർദ്ദയും വാങ്ങി' എന്നവൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോകുക തന്നെ ചെയ്തു. അവൾ പോയി പർദ്ദ വാങ്ങുമെന്ന് സ്വപ്നേപി പ്രതീക്ഷിച്ചതല്ലെങ്കിലും ഞാൻ അവളോട് മോശമായൊന്നും പറഞ്ഞില്ല. അവൾ ചെയ്തതിനെ ചോദ്യം ചെയ്യുന്നത് അവൾ ഇഷ്ടപ്പെടില്ലെന്നും അപ്രിയമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവളുടെ മൂഡ് ശരിയാകാൻ ഒരാഴ്ചയെങ്കിലും എടുക്കും എന്നും അറിയുന്ന ഞാൻ അവളെ നോക്കി വെറുതെ ഒരു വിഡ്ഡിച്ചിരി ചിരിച്ചതേയുള്ളു. പൊതുജനങ്ങളിൽ നിന്നുള്ള പരാതി കൂടാതെ തൊടാനും പിടിക്കാനും ആകപ്പാടെ ഉള്ള ഒരു പെൺതരിയാണല്ലോ ഇത് എന്ന അറിവ് നിശ്ശബ്ദനായിരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ അമ്മയെ ചുറ്റിയും വലുതായാൽ ഭാര്യയെ ചുറ്റിയും ആണ് പുരുഷന്റെ ജീവിതം എന്നറിയുന്ന ഞാൻ ഭാര്യയെ മുഷിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന കാരണവും അതിനായി കണ്ടെത്തി. കടുത്ത വേനലല്ലേ വരുന്നത്, വെയിൽ കൊണ്ടാൽ ദേഹം കരുവാളിച്ചു പോകില്ലേ? അതുകൊണ്ട് വെയിലിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം അവൾ പർദ്ദ വാങ്ങിയത് എന്ന് ഞാൻ ചിന്തിച്ചു. എന്നാലും നാലു പർദ്ദ വാങ്ങിയതിന്റെ പൊരുൾ എനിയ്ക്കൊട്ടും മനസ്സിലായില്ല. അതെന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. അല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊന്നും പ്രതീക്ഷിച്ച പോലെ നടക്കാറില്ല. രണ്ടെണ്ണം അവൾക്കും ബാക്കി ഓരോന്നും കുട്ടികൾക്കും ആയിരിക്കുമെന്നും ഞാൻ സമാധാനിച്ചു. എന്തായാലും പർദ്ദ എവിടെ എന്നു ചോദിക്കാനോ അതെടുത്തു നോക്കാനോ എന്റെ മനസ്സെന്നെ അനുവദിച്ചില്ല. ഇത്രയും കാലം കുളിച്ച് കുറി തൊട്ട് നടന്നിരുന്ന ഇവൾ ഇനി പർദ്ദ ഇട്ട് നടക്കുന്ന കാര്യം എനിയ്ക്ക് ചിന്തിക്കാനേ ആയില്ല. ഇനി പർദ്ദയിട്ട അവളുടെ കൂടെ നടക്കുമ്പോൾ ഏതോ ഉമ്മച്ചിയേയും കൂട്ടി നടക്കാനാണ് ഇവൻ ഉത്തരേന്ത്യയിൽ കൂടിയിരിക്കുന്നതെന്ന് എന്നെ അറിയുന്നവരാരെങ്കിലും സംശയിക്കില്ലേ എന്ന ചിന്തയും എന്റെ മനസ്സിലുണ്ടായി. പുറത്ത് പോകുമ്പോൾ സാരിക്കൊത്ത ബ്ലൗസും ബ്ലൗസിനൊത്ത മാലയും മാലയ്ക്കൊത്ത കമ്മലും കമ്മലിനൊത്ത ഹെയർപിന്നും ധരിയ്ക്കുന്ന അവൾ ഇനി പർദ്ദ ഇടുമ്പോൾ ഇതൊക്കെ എന്തു ചെയ്യുമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താണ് പിറുപിറുക്കുന്നതെന്ന അവളുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ കുളി മുറിയിലേക്ക് നടന്നു. തല പുകയുമ്പോൾ സ്വസ്ഥമായി ഇരിക്കാവുന്ന ഒരേ ഒരു സ്ഥലമാണത്. സ്വസ്ഥമായി ഇരിക്കാൻ മാത്രമല്ല, പുക വലിക്കുക, കാർക്കിച്ചു തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങി പബ്ലിക്ക് ആയി ചെയ്താൽ പോലീസ് പിടിക്കാവുന്ന പല കാര്യങ്ങളും പിഴ കൂടാതെ ചെയ്യാവുന്ന ഒരു സ്ഥലം കൂടിയാണിത്. ഗാനഗന്ധർവ്വനാണെന്ന ഭാവത്തിൽ എത്ര എത്ര പ്രണയഗാനങ്ങൾ ഞാനീ കുളിമുറിയിലിരുന്ന് പാടിയിട്ടുണ്ടെന്നോ?
പിന്നീടുള്ള ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതും വീട്ടുകാരോട് പർദ്ദ വാങ്ങിയ കാര്യം പറഞ്ഞ് മിനിറ്റുകളോളം സംസാരിക്കുന്നതും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതും എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം എന്റെ കഥയില്ലായ്മയായി കരുതി ഞാൻ മിണ്ടാതെ നടന്നതേയുള്ളു. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് സംസാരിക്കാൻ ഗഹനമായ വിഷയങ്ങളൊന്നും വേണ്ടല്ലോ എന്ന കാര്യം എന്റെ മനസ്സിൽ തേട്ടി വന്നു. പർദ്ദ വാങ്ങിയതിൽ ചിരിക്കാനെന്തിരിക്കുന്നു എന്ന് ഞാൻ സ്വയം പിറുപിറുത്ത് കൊണ്ടിരുന്നപ്പോൾ 'മനുഷ്യാ, വായ അടക്കി വയ്ക്ക്' എന്നുപദേശിക്കാൻ അവളൊട്ട് മറന്നതുമില്ല.
ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലെത്തുമ്പോൾ താമസിക്കുന്ന വാടകവീടിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. പുറത്തു നിന്നു നോക്കുമ്പോഴേ വീടിനൊരു പുതുമോടി ഉള്ളതു പോലെ എനിയ്ക്ക് തോന്നി. സ്വീകരണമുറിയുടെ ജനലുകളെല്ലാം നല്ല ഭംഗിയുള്ള കർട്ടൻ തൂക്കി അവൾ മോടി കൂട്ടിയിരുന്നു. അതാണീ പുതിയ മുഖച്ഛായയ്ക്ക് കാരണം. വീടിന്റെ ചുമരിനും നിലത്തുകിടക്കുന്ന സെറ്റിയ്ക്കും ചേർന്ന കളറും ഡിസൈനും ഉള്ളതായിരുന്നു പുതിയ കർട്ടൻ. സംഗതി കൊള്ളാമല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സെറ്റിയിലിരുന്നു. ഭാര്യ തന്ന ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്നതിനിടയിൽ വാതിലിൽ മുട്ടു കേട്ടു.
വാതിൽ തുറന്നപ്പോൾ കണ്ടത് തൊട്ടു മുന്നിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഛത്തീസ്ഗഡുകാരനെയാണ്. കാര്യമായെന്തെങ്കിലും പറയാനുണ്ടെങ്കിലേ അയാൾ ഇങ്ങനെ വാതിലിൽ മുട്ടാറുള്ളു. അയാൾക്ക് ഇംഗ്ലീഷും എനിയ്ക്ക് ഹിന്ദിയും അറിയില്ലെന്നതു തന്നെ അതിന്റെ കാരണം. ഭാഷ അറിയാതെ എന്തു സംസാരം? വാതിൽ തുറന്ന പാടേ അയാൾ സെറ്റിയിലിരുന്നു. 'അബ് ആപ് കേ ഘർ ബാഹർ സേ സുന്ദർ ലഗ് രഹാ ഹെ' എന്നു പറഞ്ഞാണ് ആഗതൻ സംസാരം തുടങ്ങിയത്. വീട്ടിൽ കർട്ടൻ പിടിപ്പിച്ചതാണ് സംസാരവിഷയം എന്നു മനസ്സിലായ ഞാൻ നോയ്ഡയിലെ ചൂടിനെ കുറിച്ചും കർട്ടനിട്ടാൽ കിട്ടുന്ന ആശ്വാസത്തെ കുറിച്ചുമെല്ലാം ആവും വിധം ഹിന്ദിയിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അയാൾക്ക് പറയാനുണ്ടായിരുന്നത് പർദ്ദയെ കുറിച്ചായിരുന്നു. 'ആപ് കേ പർദ്ദേ ബഹുത് സുന്ദർ ലഗ് രഹാ ഹെ' എന്നയാൾ പറഞ്ഞപ്പോൾ എനിയ്ക്കൊന്നും മനസ്സിലായില്ല. എന്റെ ഭാര്യ പർദ്ദ വാങ്ങിയ കാര്യം ഇയാളെങ്ങനെ അറിഞ്ഞു എന്നായി എന്റെ ഉള്ളിലെ സംശയം. ഇനി ഭാര്യയെങ്ങാൻ പർദ്ദ ഉടുത്താണോ നിൽക്കുന്നതെന്ന് ഒരു വേള ഞാൻ സംശയിച്ചു. പക്ഷേ പതിവു പോലെ സാരിയും ബ്ലൗസും തന്നെയായിരുന്നു അവളുടെ വേഷം. വിഷയം പർദ്ദയാണെന്ന് അറിഞ്ഞ അവൾ താല്പര്യപൂർവ്വം അത് കേൾക്കാൻ എന്റെ അടുത്ത് വന്നിരുന്നു. ഈ പർദ്ദ ആരാണ് സെലക്റ്റ് ചെയ്തതെന്നും അത് ചുമരിനും നിലത്തിനും നല്ല പോലെ മാച്ച് ചെയ്യുന്നുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ "ഈശ്വരാ, ഇയാൾ കർട്ടനെ കുറിച്ചാണല്ലോ സംസാരിക്കുന്നത്" എന്ന് ഞാൻ പിറുപിറുത്തു. ആകെ കൺഫ്യൂഷനിലായ ഞാൻ ഇനി അയാളോട് എന്തു പറയണം എന്നറിയാതെ വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ ഇരിക്കുന്ന എന്നോട് എന്റെ ഭാര്യ “കർട്ടന് ഹിന്ദിയിൽ പർദ്ദ എന്നാണ് പറയുക” എന്ന് പറഞ്ഞപ്പോൾ മുൻ ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ പൊരുൾ എനിയ്ക്ക് നല്ല പോലെ മനസ്സിലായി. പർദ്ദയെക്കുറിച്ച് ഞാൻ മെനഞ്ഞുണ്ടാക്കിയ തെറ്റിദ്ധാരണകളെക്കുറിച്ചോർത്ത ഞാനപ്പോൾ പർദ്ദയും പിടിച്ച് ആ സെറ്റിയിലങ്ങനെ ഇരുന്നു. ശരിക്കുമൊരു പർദ്ദയെടുത്ത് മൂടാനുള്ള ഒരു മൂഡായിരുന്നു എനിയ്ക്കപ്പോൾ.........

2 അഭിപ്രായങ്ങൾ:
പര്‍ദ്ദയെന്ന ഒരു വാക്കുതന്നെ മനുഷ്യ മനസ്സിനെ എത്രമാത്രം വിഹ്വലമാക്കാന്‍ പാകത്തില്‍ നിര്‍വചിച്ച് രൂപപ്പെടുത്താന്‍ ചിലര്‍ക്ക് കഴിഞ്ഞു എന്നതിന്റെ ഒരു നേര്‍ ചിത്രം
ആശംസകള്‍
മൂന്ന് കൊല്ലം ഹിന്ദിപ്രദേശത്ത് താമസിച്ചിട്ടും ഹിന്ദിയുടെ ചുക്കും ചുണ്ണാമ്പും തിരിയാത്തവനാണ് ഞാൻ. കർട്ടൻ എന്ന് ഞങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പറയുന്ന സാധനത്തിന് ഹിന്ദിയിൽ പർദ്ദ എന്നാണ് പറയുക എന്നത് എനിയ്ക്ക് ഒരു പുതിയ അറിവായിരുന്നു. (താങ്കൾക്ക് അത് നേരത്തേ അറിയുമായിരിക്കും.) ആ അറിവ് എന്നെപ്പോലെ പല മലയാളികൾക്കും പുതിയ അറിവായിരിക്കും. അതൊന്ന് ഭംഗ്യന്തരേണ അവതരിപ്പിക്കുക എന്നത് മാത്രമേ എനിയ്ക്ക് ഉദ്ദേശമുണ്ടായിരുന്നുള്ളു. അല്ലാതെ പർദ്ദയോ അതുപോലുള്ള വേഷവിധാനങ്ങളോ ഞാൻ ഗൗനിയ്ക്കുന്ന വിഷയങ്ങളല്ല. എന്തായാലും ഈ എഴുത്ത് താങ്കളെ ഭയവിഹ്വലനാക്കിയെന്നറിയുന്നതിൽ എനിയ്ക്ക് നേരിയതല്ലാത്ത ദു:ഖമുണ്ട്. അതുകൊണ്ട്തന്നെ താങ്കളെ ഭയപ്പെടുത്തിക്കാണാൻ സാദ്ധ്യതയുള്ള വരി ഞാൻ പിൻവലിക്കുന്നു. വേറെ ഏതെല്ലാം വാക്കുകളാണാവോ താങ്കൾക്ക് ഹാനികരമായി തോന്നുന്നതാവോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ