2012, മാർച്ച് 4, ഞായറാഴ്‌ച

KSRTCയും Route നമ്പറും

രണ്ടു മൂന്നു മാസം മുമ്പാണ്‌, പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. KSRTC സിറ്റിബസ്സുകള്‍ക്ക്‌ Route നമ്പര്‍ ഏര്‍പ്പെടുത്തുന്നുവെന്ന്. അപ്പോഴേ ഇതെഴുതണമെന്നു കരുതിയതാണ്‌. പക്ഷേ ഞാന്‍ അന്നു ബ്ലോഗെഴുത്തെന്ന എന്റെ ചവറെഴുത്ത്‌ തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ സിറ്റിയില്‍ എല്ലാ ബസ്സുകള്‍ക്കും റൂട്ട്‌ നമ്പറായിക്കഴിഞ്ഞിരിയ്ക്കുന്നു. എല്ലാ ബസ്സുകളുടേയും ബോര്‍ഡില്‍ റൂട്ട്‌ നമ്പര്‍ കാണാം. ആ കാര്യത്തില്‍ KSRTCയ്ക്ക്‌ സന്തോഷിയ്ക്കാം. പക്ഷേ.....

എത്ര ആളുകള്‍ ആ റൂട്ട്‌ നമ്പര്‍ നോക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന് KSRTC ഒന്ന് അന്വേഷിച്ചാല്‍ നന്നായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഉദ്ദേശിച്ച കാര്യം സാധിച്ചുവോ എന്നൊരു പരിശോധന അവര്‍ ചെയ്യേണ്ട സമയമായിരിക്കുന്നു.

മലയാളം മാത്രം അറിയുന്ന ഒരു കേരളീയന്‍ ആദ്യമായി ബോംബേയിലെത്തുന്ന കാര്യമൊന്നു ചിന്തിയ്ക്കു. അല്ലെങ്കില്‍ ബോംബേ വേണ്ട. നമ്മുടെ ചെന്നൈ ആയാലും മതി. അയാള്‍ക്ക്‌ ഹിന്ദിയോ തമിഴോ ഒന്നും അറിയില്ല എന്നു ഞാനാദ്യമേ പറഞ്ഞു. ചെന്നിറങ്ങിയ നഗരത്തിന്റെ ഭൂമിശാസ്ത്രവും അയാള്‍ക്ക്‌ അറിഞ്ഞുകൂടാ. പക്ഷേ അവിടെ ഒരു മലയാളിയെ കണ്ടുമുട്ടുന്ന കാര്യം ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. ചെന്നൈയിലെത്തുന്ന നമ്മുടെ മലയാളി അവിടത്തെ ഒരു മലയാളിയെക്കാണുന്നു. അയാള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും വിവരങ്ങള്‍ തിരക്കുന്നു. പുതിയ ആള്‍ക്ക്‌ അപരന്‍ ഒരു Route നമ്പര്‍ പറഞ്ഞുകൊടുക്കുന്നു. കൂടുതലൊന്നും അവര്‍ ഈ കാര്യത്തെക്കുറിച്ചു സംസാരിയ്ക്കുന്നില്ല. പിന്നീട്‌ അയാള്‍ ഈ റൂട്ട്‌ നമ്പര്‍ എഴുതി വച്ച ബസ്‌സ്റ്റോപ്പ്‌ കണ്ടു പിടിച്ചാല്‍ മതി. അത്‌ കുറച്ചു നടന്നിട്ടായാലും കണ്ടുപിടിയ്ക്കാം. കാരണം റൂട്ട്‌ നമ്പര്‍ എല്ലാ ബസ്‌സ്റ്റോപ്പിലും എഴുതിവച്ചിരിയ്ക്കും. (എല്ലാ ബസ്‌സ്റ്റോപ്പിലും വെയ്റ്റിംഗ്‌ ഷെഡ്‌ ഉണ്ടായിരിയ്ക്കും, അവിടെ റൂട്ട്‌ നമ്പര്‍ എഴുതിയും ഇരിയ്ക്കും)
ഇനി അവിടെ നില്‍ക്കുകയേ വേണ്ടു. അയാള്‍ക്ക്‌ വേണ്ട ബസ്‌ അവിടെ വന്നു നില്‍ക്കും. അപ്പോള്‍ അതിന്മേല്‍ ആ റൂട്ട്‌ നമ്പര്‍ ഇല്ലേ എന്നൊന്ന് ഉറപ്പു വരുത്തണം, പിന്നെ അതില്‍ കേറണം. അയാള്‍ക്ക്‌ എത്തേണ്ട സ്ഥലത്തെത്താം. കാര്യങ്ങളെല്ലാം ഭംഗിയായി. ഇപ്പറഞ്ഞതെല്ലാം മലയാളിയ്ക്ക്‌ മാത്രമല്ല അവിടത്തുകാരനും ബാധകം തന്നെ.
ഇനി ഒരു ഹിന്ദി മാത്രം അറിയുന്ന ഒരാള്‍ തിരുവനന്തപുരത്തെത്തുന്ന കാര്യം നോക്കാം. അയാള്‍ ഒരു ഹിന്ദിക്കാരനെ കാണുന്നു. പോകേണ്ട സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും റൂട്ട്‌ നമ്പര്‍ മനസ്സിലാക്കുന്നു. ഇനിയോ???
അയാള്‍ എവിടെപ്പോയി നില്‍ക്കും? തിരുവനന്തപുരത്ത്‌ ബസ്‌സ്റ്റോപ്പില്‍ പലയിടത്തും വെയ്റ്റിംഗ്‌ ഷെഡില്ല, റൂട്ട്‌ നമ്പര്‍ എഴുതാന്‍ സ്ഥലവുമില്ല. സ്ഥലം ഉള്ളിടത്ത്‌ റൂട്ട്‌ നമ്പര്‍ എഴുതിവച്ചിട്ടുമില്ല. (അങ്ങനെയൊരു സമ്പ്രദായമേ ഈ തിരുവനന്തപുരത്ത്‌ കണ്ടിട്ടില്ല.) അപ്പോള്‍ ഊഹിച്ചുകൂടെ ഈ റൂട്ട്‌ നമ്പര്‍ കൊണ്ട്‌ യാത്രക്കാര്‍ക്ക്‌ എന്തു പ്രയോജനം എന്ന്!! അതുകൊണ്ടു തന്നെ ഒരാളും ഈ റൂട്ട്‌ നമ്പര്‍ നോക്കാറുമില്ല(??). ബസ്‌സ്റ്റോപ്പ്‌ എവിടെ എന്ന് ചോദിച്ചു ചോദിച്ചു പോകാനാണെങ്കില്‍ പിന്നെ ഈ റൂട്ട്‌ നമ്പറെന്തിനാ?
ഇത്‌ ആദ്യമായിട്ടല്ല ഇവിടെ KSRTC ഈ റൂട്ട്‌ നമ്പര്‍ ഇടുന്നത്‌. 80-കളിലും 90-കളിലും ഈ സംരംഭം ഇവിടെ പരാജയപ്പെട്ടതാണ്‌. എന്റെ അറിവില്‍ അതിനുള്ള കാരണവും ഞാന്‍ മേലെ എഴുതി. പക്ഷേ എന്തുകൊണ്ടാണ്‌ അന്നൊക്കെ അത്‌ പരാജയപ്പെട്ടത്‌ എന്ന് KSRTC അന്വേഷിച്ചിരുന്നുവോ എന്തോ? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വീണ്ടും റൂട്ട്‌ നമ്പര്‍ ഏര്‍പ്പെടുത്തിയത്‌ എന്ന കാര്യവും വ്യക്തമല്ല.

ഒന്നുമില്ലെങ്കിലും റൂട്ട്‌ നമ്പറെഴുതാന്‍ കുറച്ചു പെയ്ന്റ്‌ എങ്കിലും വന്‍ നഷ്ടത്തിലോടുന്ന KSRTCയ്ക്ക്‌ ചെലവായിക്കാണും
ഞാനിതെഴുതാന്‍ കാരണം ഞാനും KSRTCയും തമ്മിലുള്ള സാമ്യമാണ്‌. രണ്ടും വന്‍ നഷ്ടത്തിലാണ്‌ ഓടുന്നത്‌. നഷ്ടത്തില്‍ നിന്നു കര കയറാനാണ്‌ രണ്ടും ശ്രമിയ്ക്കുന്നത്‌. രണ്ടിനും ബോധമുണ്ടോ എന്നേ അറിയേണ്ടൂ.

ഇത്രയും എഴുതിയ എനിയ്ക്കാണോ റൂട്ട്‌ നമ്പറെഴുതിയ KSRTCയ്ക്കാണോ ബോധമില്ലാത്ത്‌?.

1 അഭിപ്രായം:

Dr. Prasanth Krishna പറഞ്ഞു...

ആള്‍‌രൂപന്റെ ശരിക്കുള്ള രൂപം ഇപ്പോഴാ മനസ്സിലായത്. കൊള്ളാം. നന്നായിരിക്കുന്നു. പക്ഷേ ഒന്നുണ്ട് ഒരു ഹിന്ദിക്കാരന്‍ തിരുവനന്തപുരത്തു വന്നാല്‍ ഈ മലയാളത്തിലെഴുതിയ ബോര്‍ഡ് മാത്രമേ KSRTC ക്ക് ഉള്ളങ്കിലോ? അങ്ങനെ ആകുമ്പോള്‍ ഈ റൂട്ട് നമ്പര്‍ കൊണ്ട് എന്തങ്കിലും പ്രയോജനം ഉണ്ടാവില്ലേ? ഒന്നും ഇല്ലാത്തതിലും നല്ലത് ഒരു നമ്പര്‍ എങ്കിലും ഉള്ളതല്ലേ? സര്‍ദര്‍ജിക്ക് റൂട്ട് നമ്പര്‍ കിട്ടിയാല്‍ എങ്ങ്നെയങ്കിലും ബസ് കണ്ടുപിടിക്കയങ്കിലും ചെയ്യാലോ. അണ്ണാങ്കുഞ്ഞും തന്നാലായത്.